മോഷണക്കേസ് പ്രതിയെ കീഴ്‌പ്പെടുത്തി

To advertise here,

എകരൂൽ : വീടിന് മുകളിൽക്കയറി ആത്മഹത്യാഭീഷണി മുഴക്കിയ യുവാവിനെ ഫയർഫോഴ്സും പോലീസുംചേർന്ന് താഴെയിറക്കി. എകരൂൽ പൊയിൽപ്പുറായിൽ ചീടിയേടത്ത് പൊയിൽ റഫ്നാദ് (31) ആണ് രാത്രി ഏഴുമണിയോടെ ഇയാളുടെ ഇരുനിലവീടിന് മുകളിൽക്കയറി ആത്മഹത്യാഭീഷണി മുഴക്കിയത്. കൊടുവാൾ, കല്ലുകൾ, പൈപ്പ്, മുളകുപൊടി തുടങ്ങിയവ ഉപയോഗിച്ച് പരാക്രമംകാട്ടി മണിക്കൂറുകളോളം പോലീസിനെയും ഫയർഫോഴ്സ് ഉദ്യോഗസ്ഥരെയും ഇയാൾ വട്ടംചുറ്റിച്ചു. ‌

ഒട്ടേറെ കേസുകളിൽ പ്രതിയായ റഫ്നാദിനെ തേടിയാണ് വയനാട് തൊണ്ടർനാട് സ്റ്റേഷനിലെ പോലീസെത്തിയത്. നാലുമണിക്കൂറോളം പരിശ്രമിച്ചിട്ടും ഇയാൾ താഴെയിറങ്ങാതായതോടെ നരിക്കുനിനിന്നും ഫയർഫോഴ്‌സ് സംഘത്തെയും വിളിച്ചുവരുത്തി. അഗ്നിരക്ഷാസേന വീടിന്റെ രണ്ടുവശങ്ങളിലും ലാഡറുകൾ പിച്ച് ചെയ്ത് കെട്ടിടത്തിൽക്കയറി അതിസാഹസികമായാണ് യുവാവിനെ കീഴ്‌പ്പെടുത്തി താഴെയിറക്കിയത്.

അതിനിടെ കല്ല്, പൈപ്പ്, മുളകുപൊടി എന്നിവയുപയോഗിച്ച് ഉദ്യോഗസ്ഥരെ ആക്രമിക്കുകയും ചെയ്തു. ഞായറാഴ്ച രാത്രി മൂന്നരയോടെയാണ് താഴെയിറക്കാനായത്. നരിക്കുനി ഫയർസ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ പി.കെ. ഭരതൻ, സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ആർ. ബാലുമഹേന്ദ്ര, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ എ.കെ. ബിബുൽ, യു.കെ. അബ്ദുൾ റഹ്‌മാൻ, എ. സന്ദീപ്, കെ. അഭിഷേക്, എം.വി. അരുൺ തുടങ്ങിയവർ ദൗത്യത്തിൽ പങ്കെടുത്തു. മോഷണക്കേസിലെ പ്രതിയായതിനാൽ റഫ്നാദിനെ തൊണ്ടർനാട് പോലീസ് അറസ്റ്റ് ചെയ്ത് അവിടേക്ക് കൊണ്ടുപോയതായി ബാലുശ്ശേരി സി.ഐ. പി. റഫീഖ് പറഞ്ഞു.