ധർമടം: അടിപ്പാതക്കായുള്ള ധർമടം നിവാസികളുടെ ആവശ്യത്തിന് പിന്തുണയേറുന്നു. വിഷയത്തിൽ വീണ്ടും ഇടപെട്ട് കെ. സുധാകരൻ എം.പി.. വിഷയത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് അദ്ദേഹം മുഖ്യമന്ത്രിക്ക് കത്ത് നൽകി.

To advertise here,

കഴിഞ്ഞ സർക്കാർ അടിപ്പാതയ്ക്കായി ബജറ്റിൽ നീക്കിവെച്ച അഞ്ച് കോടി രൂപ പെട്ടെന്ന് അനുവദിക്കുകയും അടിപ്പാത നിർമിക്കാനാവശ്യമായ ഇടപെടൽ നടത്താൻ ആവശ്യപ്പെട്ടുമാണ് സ്ഥലം എം.പി. മുഖ്യമന്ത്രിക്ക് കത്ത് നൽകിയത്. അടിപ്പാത സമരസമിതി അംഗങ്ങളും ഇതേ ആവശ്യം ഉന്നയിച്ച് മുഖ്യമന്ത്രിക്ക് നിവേദനം നൽകിയിട്ടുണ്ട്.

ധർമടം തുരുത്ത്, ധർമടം ടൂറിസം ഫെസിലിറ്റേഷൻ സെന്റർ എന്നിവിടങ്ങളിലേക്ക് എത്തുന്ന ടൂറിസ്റ്റുകൾക്കും ഉത്തര മലബാറിലെ പ്രധാനപ്പെട്ട കാവുകളിൽ ഒന്നായ അണ്ടല്ലൂർ കാവിലെത്തുന്ന ഭക്തർക്കും അടിപ്പാത നിർമിക്കുന്നതോടെ സുരക്ഷയും സൗകര്യവും വർധിക്കും.

പ്രദേശത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർഥികൾക്കും ജീവനക്കാർക്കും സുരക്ഷയുടെ കാര്യത്തിൽ ആശങ്കപ്പെടേണ്ട കാര്യവും ഉണ്ടാവില്ല. നാട്ടുകാർക്കും ഈ അടിപ്പാത നിർമിക്കുന്നതോടെ തങ്ങളുടെ ദൈനംദിന കാര്യങ്ങൾക്ക് ഏറെ സഹായകമാകും.

പലപ്പോഴും ഹോൺ അടിക്കാതെയാണ് തീവണ്ടികൾ ഇതുവഴി കടന്നുപോകാറ്. പ്രദേശത്തെ പാളത്തിലെ വളവും വില്ലനാണ്. ജീവൻ കൈയിലെടുത്താണ് ഇതുവഴി മറുഭാഗത്തേക്ക് ആളുകൾ പോകുന്നത്.

പാളം മുറിച്ചു കടക്കേണ്ട അവസ്ഥ ഭീതിജനകമാണെന്നാണ് നാട്ടുകാർ പറയുന്നത്. അതിനാൽ എത്രയും വേഗം പദ്ധതി നടത്തിപ്പിനായുള്ള ഇടപെടൽ സർക്കാർ നടത്തണമെന്നും ഇവർ പറയുന്നു.

​

പാളം മുറിച്ചുകടക്കൽ ക്രിമിനൽ കുറ്റം

റെയിൽവേ നിയമപ്രകാരം റെയിൽപാളം മുറിച്ചു കടക്കുന്നത് ക്രിമിനൽ കുറ്റമാണ്. ഇങ്ങനെ പാളം മുറിച്ചു കടക്കുമ്പോൾ തീവണ്ടി തട്ടി അപകടം സംഭവിച്ചാലോ ജീവൻ നഷ്ടപ്പെട്ടാലോ നഷ്ടപരിഹാരമോ മറ്റ് ആനുകൂല്യമോ ലഭിക്കില്ല. മാത്രമല്ല അപകടം സംഭവിച്ച ആൾക്കെതിരെ കേസെടുക്കാനും വകുപ്പുണ്ട്.

പാളത്തിലെ അറ്റകുറ്റപ്പണിക്കോ മറ്റ് പരിശോധനകൾക്കോ അല്ലാതെ ഉദ്യോഗസ്ഥർക്കും പാളത്തിൽ പ്രവേശിക്കാനാവില്ല.

വർക്ക് പെർമിറ്റ് അല്ലെങ്കിൽ വർക്ക് കാർഡ് ഇല്ലാതെ പാളത്തിൽ പ്രവേശിക്കുന്ന ഉദ്യോഗസ്ഥർക്കും ഇതേ നടപടിക്രമങ്ങൾ ബാധകമാണ്.