
കണ്ണൂർ ജില്ലയിൽ കളരിവാതുക്കൽ കലശം കഴിഞ്ഞാൽപ്പിന്നെ തെയ്യം കളിക്കില്ല. ഇടവം 28-നുള്ളിൽ കലശം നടക്കും. മിഥുനം, കർക്കിടകം, ചിങ്ങം, കന്നി, തുലാം. പിന്നെ വരുന്നത് അഞ്ച് മാസമാണ്. ഇടവപ്പാതി കഴിഞ്ഞ് മിഥുനത്തിൽ മഴ തുടങ്ങി കർക്കിടകത്തിൽ മുഴുവൻ ആടിവേടൻ തെയ്യം നടത്തണം. അത് ആഴ്ചകളോളം നീണ്ടുനിൽക്കും.
എല്ലാ വീടുകളിലും പോയി വേടൻ ആടണം. പണ്ട് അതിന്റെ വരുമാനം ഉണ്ടായിരുന്നു. കർക്കിടകത്തിലെ ഈ വേടൻ പാട്ട് കഴിഞ്ഞാൽ ചിങ്ങം വരും. ചിങ്ങത്തിലാണല്ലോ ഓണം വരുന്നത്. ഉത്രാടത്തിനും തിരുവോണത്തിനും ആ നാട്ടിലെ ജന്മാരികളായ വണ്ണാൻ സമുദായക്കാരും മലയസമുദായക്കാരും അവരുടെ വിഭാഗത്തിൽപ്പെടുന്ന എല്ലാ വീടുകളിലും പോകണം. പോയിട്ട് ഓണം, വിഷു അരി വാങ്ങണം എന്നാണ് പറയുക. ഓരോ വീട്ടിൽ നിന്നും വീട്ടുകാർ അരിയും മറ്റുസാധനങ്ങളും ദക്ഷിണയും തരും. കന്നിയും മകരവും കൊയ്ത്തുകാലമാണ്. കന്നിക്കൊയ്ത്തിന് ജന്മിമാരുടെ പാടത്ത് കറ്റ വാങ്ങാൻ പോകണം. കൊയ്ത്തിന് ശേഷം എത്ര കറ്റ കിട്ടുന്നുവോ അതിന്റെ ഒരുവിഹിതം ജന്മാരികൾക്കുള്ളതാണ്. ഇതെല്ലാം പക്ഷേ പണ്ടായിരുന്നെന്ന് മാത്രം. കന്നിയും കഴിഞ്ഞ് തുലാം മാസം ആവുമ്പോഴേക്കും അടുത്ത തെയ്യക്കാലമാവും.

ഇപ്പോൾ ആടിവേടൻ ഇല്ല എന്നതാണ് സത്യം. ഓണത്തിനും വിഷുവിനും അരി വാങ്ങാൻ പോകുന്നതും നിന്നു. ഇതിനെല്ലാം പകരം അവനവന് പറ്റുന്ന ജോലികളിലേക്ക് എല്ലാവരും തിരിയുകയാണുണ്ടായത്. ഒട്ടുമിക്ക തെയ്യക്കാരും അവരുടെ ആടയാഭരണങ്ങളെല്ലാം പുതുക്കുന്ന തിരക്കിലായിരിക്കും. ആഭരണങ്ങൾ നിർമിക്കുക/ അരിഞ്ഞുണ്ടാക്കുക ഈ കാലയളവിലായിരിക്കും.
ഇപ്പോഴത്തെ സാഹചര്യം നോക്കുകയാണെങ്കിൽ തെയ്യം കലാകാരന്മാരുടെ ജീവിതസാഹചര്യങ്ങൾ എത്രയോ മാറിക്കഴിഞ്ഞു. എല്ലാവരും മക്കളെ പഠിപ്പിക്കാൻ തുടങ്ങി. വാഹനങ്ങളായി, പലരും സർക്കാർ ജോലി സമ്പാദിച്ചു. സർക്കാർ ജോലിയുള്ളതുകൊണ്ട് തെയ്യം കെട്ടുന്നതിൽ യാതൊരു പ്രശ്നവുമില്ലെന്ന്കലാകാരനായ മിനീഷ് പറയുന്നു. താനാണ് അതിനുള്ള ഏറ്റവും വലിയ ഉദാഹരണമെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. സർക്കാർ ജോലിക്കാരനെന്നതിലുപരിയായുള്ള ബഹുമാനം ക്ഷേത്രങ്ങളിൽ നിന്ന് തനിക്ക് കിട്ടുന്നുണ്ടെന്നാണ് ഈ കലാകാരൻ പറയുന്നത്.

മക്കത്തായ സമ്പ്രദായമാണ് തെയ്യം കലാകാരന്മാർക്കിടയിൽ അനുവർത്തിച്ച് പോരുന്നത്. അതുകൊണ്ട് വീടുകളിൽ അച്ഛന്മാർ മക്കൾക്കായി ഈ കലാവിദ്യ പകർന്നുകൊടുക്കുന്നു. തെയ്യം കെട്ടുന്ന കാര്യമെടുത്താൽ ഓരോ കുടുംബത്തിനും ആ പ്രദേശത്തെ ഓരോ മേഖല നൽകിയിട്ടുണ്ട്. ഒരു നാട്ടിൽ ഒരു കുടുംബമേ അങ്ങനെയുണ്ടാവൂ. ആ നാടിന്റെ ക്ഷേത്രകാര്യങ്ങളും മറ്റും നടത്താൻ ഈ ഒറ്റ കുടുംബമേ ഉണ്ടാവൂ. ജന്മാധികാരത്തിൽപ്പെട്ട സ്ഥലം എന്നാണ് അവർ അതിനെ വിശേഷിപ്പിക്കുന്നത്.
കാലത്തിനനുസരിച്ച് മാറ്റങ്ങൾ പലതുണ്ടായിട്ടുണ്ടെങ്കിലും വേദികളിൽ തെയ്യക്കോലങ്ങൾ കെട്ടിയാടുന്നതിനോട് പലർക്കും എതിരഭിപ്രായമുണ്ട്. പൈതൃകമായി കിട്ടിയ ഒരു കലയുടെ മൂല്യം എത്രയാണെന്ന് തിട്ടപ്പെടുത്താനാവില്ല. ഒരുകാലത്ത് തങ്ങളുടെ അന്നം ഈ തെയ്യമാണ് എന്നതിനാലാണ് ഈ എതിർപ്പെന്നാണ് ഈ രംഗത്ത് പ്രവർത്തിക്കുന്നവരുടെ വാക്കുകൾ. അടുത്തിടെ വന്ന ഒരു മലയാളസിനിമയിലുൾപ്പെടെ തെയ്യത്തെ ഇത്തരത്തിൽ ഉപയോഗിച്ചിട്ടുണ്ട്. അതിനെ തെയ്യമെന്ന് വിളിക്കാനാവില്ലെന്നാണ് ഇവരുടെ പക്ഷം.

പരമ്പരാഗത കലാകാരന്മാർ തെയ്യം കെട്ടുന്നത് കുറഞ്ഞു. സിനിമയുടേയോ നാടകത്തിന്റെയോ പിന്നണിയിൽ പ്രവർത്തിക്കുന്നവർ വളരെ നന്നായി തെയ്യത്തിന്റെ കോസ്റ്റ്യൂം ചെയ്യും. ഒരു ചിത്രം കണ്ടാൽ മാത്രം മതി. കോലം ഏതെങ്കിലും ഒരാളെക്കൊണ്ട് കെട്ടിച്ചാൽ മതിയെന്ന സാഹചര്യവും നിലവിലുണ്ടെന്ന് ഇവർ പറയുന്നു. അതുകൊണ്ട് പരമ്പരാഗത തെയ്യം കലാകാരന്മാർ ഇത്തരം വേദികളിലേക്ക് പോകാറില്ലെന്നതാണ് യാഥാർത്ഥ്യം.
'കളിയാട്ടം എന്ന ചിത്രത്തിൽ ഒരിക്കലും ചെയ്യാൻ പാടില്ലാത്ത കാര്യങ്ങളൊക്കെയാണ് ചിത്രീകരിച്ചിരിക്കുന്നത്. ഓരോ ജാതിക്കാർക്കും പറഞ്ഞിരിക്കുന്ന കോലങ്ങളുണ്ട്. കോലത്തെ വികൃതമാക്കുകയാണ് ആ ചിത്രത്തിൽ ചെയ്തിരിക്കുന്നത്. ചതിക്കുഴിയിൽ മരിച്ചല്ലോ തീച്ചാമുണ്ഡി എന്ന ഒരു വരിയുണ്ട് ആ സിനിമയിലെ പാട്ടിൽ. ചതിക്കുഴിയിൽ തീച്ചാമുണ്ഡി മരിക്കുക എന്നൊരു സംഭവമില്ല.' മിനീഷ് കൂട്ടിച്ചേർത്തു.
(തുടരും)
മുൻ ഭാഗങ്ങൾ വായിക്കാം
മനസുകൊണ്ടും ശരീരംകൊണ്ടും തെയ്യത്തിനുവേണ്ടി സജ്ജമാക്കപ്പെടുന്ന നാളുകള് | തെയ്യക്കാലം-02
എല്ലാ കലകളുടേയും സങ്കലനം, തലമുറകളിലേക്കിറങ്ങിപ്പടർന്ന ലഹരി | തെയ്യക്കാലം -ഭാഗം 1
Content Highlights: theyyakkalam series part 3, theyyam performers work off season, theyyam in movies
Published: 01 Dec 2022, 01:54 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented