പ്രതീകാത്മക ചിത്രം ഇല്ലസ്ട്രേഷൻ: ബാലു
സാമാന്യവത്ക്കരിക്കരുത് ആത്മഹത്യ ചിന്തകളെ
കോവിഡ് കാലത്തിന് തൊട്ടുമുമ്പ് നടന്ന ഒരു സംഭവമുണ്ട്. ക്ലാസില്‍ അധ്യാപിക കൊടുത്ത അസൈന്മെന്റ് മുഴുവന്‍ എഴുതിത്തീര്‍ത്ത് പരിശോധിക്കാന്‍ നല്കി ക്ലാസില്‍നിന്ന് പുറത്തിറങ്ങിയ നിസ നേരെ പോയി ആത്മഹത്യ ചെയ്യുന്നു. കാരണം അജ്ഞാതം. അത്രനേരം ക്ലാസില്‍ അസൈമെന്റില്‍ ശ്രദ്ധിച്ച കുട്ടിയുടെ മനസ്സില്‍ മരണം ഇല്ലായിരുന്നു എന്ന് ഉറപ്പാണ്. പിന്നീട് നേരെ മരണത്തിലേക്ക് ഇറങ്ങിപ്പോയ നിസ എല്ലാവര്ക്കും പിടികിട്ടാത്ത ഉത്തരമായിരുന്നു. ക്ലാസില്‍നിന്ന് ഇറങ്ങുമ്പോള്‍ അവളുടെ കൈയില്‍ ഫോണ്‍ ഉണ്ടായിരുന്നെന്ന് കൂട്ടുകാര്‍ പറഞ്ഞു. അതോടെ മൊബൈല്‍ ഫോണിന്റെ അധിക ഉപയോഗമാണ് നിസയുടെ മരണകാരണമെന്നും വാങ്ങിക്കൊടുത്തത് തന്റെ തെറ്റാണെന്നും പറഞ്ഞ് അച്ഛന് കരയാന്‍ തുടങ്ങി. കേട്ടവരെല്ലാം ഈ വിധി അംഗീകരിച്ചു. ഫോണ്‍ തന്നെയായി അവിടെ വില്ലന്‍.
'ഒരു ആത്മഹത്യ സംഭവിച്ചാല്‍ അതിനെ സാമാന്യവത്കരിക്കുക എന്നതാണ് ആദ്യം നടക്കുന്നത്. അതായത് ആത്മഹത്യനടന്നു എന്ന് കേട്ട ഉടന്‍ തന്നെ ചുറ്റുമുള്ള ചിലര്‍ ചില നിഗമനങ്ങളിലെത്തും. പ്രണയ നൈരാശ്യം, അമ്മ വഴക്ക് പറഞ്ഞത് താങ്ങാന്‍ പറ്റിയില്ല, മാര്‍ക്ക് കുറഞ്ഞു തുടങ്ങി നിരവധി കാരണങ്ങള്‍ പലരും കണ്ടെത്തും. മാധ്യമങ്ങള്‍ ഉള്‍പ്പെടെ അതേ വീക്ഷണകോണില്‍ നിന്ന് വാര്‍ത്തകള്‍ നല്‍കും. എന്നാല്‍ മൂലകാരണം കണ്ടെത്താനോ അത് എന്തുകൊണ്ട് സംഭവിച്ചു എന്ന് നോക്കാനോ ആരും മുതിരില്ല.' കാലിക്കറ്റ് സര്‍വകലാശാലാ സൈക്കോളജി വിഭാഗം പ്രൊഫസറായ ഡോ. ബേബി ശാരി പറയുന്നു.
നിസയുടെ കാര്യത്തില്‍ സംഭവിച്ചതും അതുതന്നെയാണ്. മരണത്തിന് ഫോണ്‍ ഉപയോഗത്തെ കുറ്റപ്പെടുത്തിയെങ്കിലും നിസയുടെ അന്നത്തെ അധ്യാപികയ്ക്ക് അത് അത്ര വിശ്വാസമായിരുന്നില്ല. അവര്‍ നിസയെപ്പറ്റി ഓര്‍ത്തെടുത്തപ്പോഴാണ്, കുറച്ചുകാലം മുമ്പ് റെയില്‍വേ ട്രാക്കിലൂടെ തീവണ്ടി വരുന്ന സമയം നടന്നുപോയിരുന്ന നിസയെ നാട്ടുകാര്‍ പിടിച്ച് സ്കൂളില്‍ എത്തിച്ചിരുന്നത് ഓര്‍മയില്‍ വന്നത്. ബന്ധുവീട്ടിലേക്ക് നടന്നുപോവുകയാണെന്നായിരുന്നു അന്നവള്‍ അതിന് മറുപടിയായി അധ്യാപകരോട് പറഞ്ഞത്. അതോടെ ആ പ്രശ്നം അവിടെ അവസാനിച്ചിരുന്നു. നിസയെ വിശ്വാസത്തിലെടുത്ത് അവളുടെ വീട്ടില്‍പ്പോലും അധ്യാപകര്‍ ഇക്കാര്യം അറിയിച്ചിരുന്നില്ല. പിന്നീട് മരണത്തിനുശേഷം അധ്യാപിക നടത്തിയ അന്വേഷണത്തില്‍ നിസയുമായി അടുപ്പമുണ്ടായിരുന്ന സുഹൃത്ത് ആനന്ദാണ് ഇക്കാര്യത്തിലെ യഥാര്‍ഥ വസ്തുത വെളിപ്പെടുത്തിയത്. നിസ ആനന്ദുമായി പ്രണയത്തിലായിരുന്നു. ആനന്ദ് പ്രണയത്തില്‍നിന്ന് പിന്മാറി. അതോടെ നിരാശയിലായ അവള് ജീവനൊടുക്കാന്‍ തീരുമാനിച്ചു. തീവണ്ടിക്കുമുന്നില്പ്പെടാന് ആഗ്രഹിച്ച ദിവസം അത് നടന്നില്ല. പിന്നീട് മരണചിന്തയില്നിന്നും അവള് പതിയെ പിന്മാറി. കുറച്ചു കാലം കഴിഞ്ഞപ്പോള്‍ അവള് മറ്റൊരാളുമായി സ്നേഹത്തിലായി. അതിനിടയിലാണ് ആനന്ദ് വീണ്ടും തിരിച്ചെത്തിയത്. അതോടെ ദുര്‍ഘട സന്ധിയിലായ കുട്ടി സമ്മര്‍ദ്ദത്തിലായി. ജീവനൊടുക്കുക മാത്രമായിരുന്നു അവള് മുമ്പില്‍ക്കണ്ട പോംവഴി. ഉള്ളില്‍ എന്നും ഒരു ആത്മഹത്യാ പ്രവണത വഹിച്ചിരുന്ന നിസയുടെ മാനസിക പ്രശ്നം ആരും കാണാതെപോയി.
പുറമേ കാണുന്ന ഒരാള്‍ക്ക് പ്രണയത്തിലുണ്ടായ സമ്മര്‍ദ്ദം ആത്മഹത്യയിലേക്ക് നയിച്ചു എന്ന തോന്നലാണ് ഇതുണ്ടാക്കുന്നത്. എന്നാല്‍ ഇവിടെ മരണ കാരണം സത്യത്തില്‍ പ്രണയമോ പ്രതിസന്ധിയോ അല്ല. മറ്റൊരു വീക്ഷണത്തിലൂടെയും ഈ സന്ദര്‍ഭത്തെ വായിച്ചെടുക്കാം. ആത്മഹത്യാ പ്രവണതയുള്ള കുട്ടി തികച്ചും ഒത്തുവന്ന സാഹചര്യത്തില്‍ ആത്മഹത്യ ചെയ്തു. അവളുടെ ഉള്ളിലുള്ള വിഷാദം തിരിച്ചറിയാതെ പോയതാണ് ഈ മരണത്തിന് കാരണം. റെയില്‍വേ പാളത്തില്‍ കണ്ട അന്നേ ദിവസംതന്നെ കാരണം തിരിച്ചറിഞ്ഞ് അവളെ ചികിത്സിച്ചിരുന്നെങ്കില്‍ ആ ജീവിതം പൊലിയാതെ നോക്കാമായിരുന്നുവെന്ന് ഡോ.ശാരി പറയുന്നു.
മരണ കാരണം അജ്ഞാതമാണ്, വഴക്ക് പറഞ്ഞതിനാണ് ആത്മഹത്യ ചെയ്തത്, പരീക്ഷാപ്പേടിയാണ് ആത്മഹത്യാകാരണം എന്നൊക്കെ സാമാന്യവത്കരിക്കുന്നത് നമ്മുടെ സമൂഹത്തിന്റെ നിലവിലുള്ള ശീലമാണ്. എന്നാല്‍ എന്താണ് യഥാര്‍ഥ കാരണമെന്ന് മനസ്സിലാക്കാനോ പ്രശ്നത്തിലേക്ക് ഊളിയിട്ട് നോക്കാനോ ആരും ശ്രമിക്കുന്നില്ല. ഒരു കുട്ടി മരിച്ചുകഴിഞ്ഞാല്‍ ഇത്തരം കാരണം പറഞ്ഞ് കൈയൊഴിയാന്‍ ഒരു രക്ഷിതാവിനും അധ്യാപകര്‍ക്കും അവകാശമില്ല. അവരുംകൂടിയാണ് അത്തരമൊരു സ്ഥിതിയിലേക്ക് കുട്ടികളെ എത്തിക്കുന്നത്. യഥാസമയം കുട്ടികളുടെ പ്രശ്നങ്ങള്‍ തിരിച്ചറിയാത്തതും അവയെ അഭിമുഖീകരിക്കാതെ പോവുന്നതും കുട്ടികളെ മരണത്തിലേക്ക് കൊണ്ടുചെന്ന് എത്തിക്കും.
കുറച്ചുകാലം മുമ്പ് ആത്മഹത്യ ചെയ്ത റോഷന് എന്ന പതിനാലുകാരന്റെ കാര്യമെടുക്കാം. പത്താംക്ലാസുകാരനായ റോഷന്റെ മരണവാര്‍ത്ത ഞെട്ടലോടെയാണ് ബന്ധുക്കളും സുഹൃത്തുക്കളും അറിഞ്ഞത്. നന്നായി പഠിച്ചിരുന്ന മിടുക്കനായ കുട്ടി. രാവിലെ സന്തോഷത്തോടെ വീട്ടില്‍നിന്ന് സ്കൂളിലേക്ക് പോയ റോഷനെ അധികം താമസിയാതെ വീടിനു സമീപം തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. അന്നേദിവസംതന്നെ റോഷന്റെ കൂട്ടുകാരി അനുഷ ആത്മഹത്യക്ക് ശ്രമിച്ചതായും വാര്‍ത്തകള്‍ പരന്നു. അതോടെ പല കോണുകളില്‍നിന്നും പലതരം കഥകള്‍ വരാന്തുടങ്ങി. അടുത്ത കുറച്ചുദിവസത്തേക്ക് ഈ രണ്ടു കുട്ടികളും മറ്റുള്ളവര്‍ക്ക് നിറം പിടിപ്പിച്ച കഥകളായി മാറി.
എന്നാല്‍ ആരും യഥാര്‍ഥ കാരണം തിരഞ്ഞുപോയില്ല. വലിയ മാനസിക സംഘര്ത്തില്പ്പെട്ട അനുഷ കൗണ്‍സിലിങ്ങിനായി മനഃശാസ്ത്രജ്ഞനെ കാണാനെത്തിയപ്പോഴാണ് യഥാര്‍ഥ കാരണം തുറന്നുപറയുന്നത്. പത്താംക്ലാസ് വിദ്യാര്‍ഥികളായിരുന്ന അനുഷയും റോഷനും വളരെ അടുത്ത സുഹൃത്തുക്കളായിരുന്നു. മനസ്സില്‍ പ്രണയമുണ്ടായിരുന്നെങ്കിലും തുറന്നുപറയാതെ ഇരുവരും സുഹൃത്തുക്കളായിത്തന്നെ തുടര്‍ന്നു. ഒന്നിച്ചിരുന്നു, സംസാരിച്ചു, പഠനകാര്യങ്ങള്‍ ചര്‍ച്ച ചെയ്തു. അതിനിടയില്‍ ഒരു ദിവസം ക്ലാസിലേക്ക് നേരത്തെ എത്താമോ എന്ന് റോഷന് അനുഷയോട് ചോദിച്ചു. അതുപ്രകാരം പിറ്റേന്ന്
അനുഷ നേരത്തെ ക്ലാസിലെത്തി. ചുറ്റും നോക്കി. ആരെയും കണ്ടില്ല. പെട്ടന്നാണ് റോഷന് പുറകില്‍നിന്ന് വന്ന് അനുഷയെ കെട്ടിപ്പിടിച്ചത്. അവന് അനുഷയോട് പ്രണയം തുറന്നുപറഞ്ഞു. എന്നാല്‍ അപ്രതീക്ഷിതമായ ആ കെട്ടിപ്പിടുത്തം അനുഷയെ അസ്വസ്ഥയാക്കി. കരഞ്ഞുകൊണ്ട് അവള് വീട്ടിലേക്ക് ഓടി. കുറച്ചു കഴിഞ്ഞപ്പോള്‍ റോഷനും അനുഷയുടെ വീടിന് സമീപത്തേക്ക് ചെന്നു. എന്നാല്‍ കാറില്‍ കയറ്റി ആശുപത്രിയിലേക്ക് കൊണ്ടുപോവുന്ന നിലയിലായിരുന്നു അവള്. അടുത്ത കടക്കാരനോട് സംഭവം ചോദിച്ചപ്പോള്‍ അയാള്‍ പറഞ്ഞത് ആ വീട്ടിലെ കുട്ടി വിഷംകഴിച്ചുവെന്നും മരിച്ചെന്നുമാണ്. അതുകേട്ട റോഷന് ആകെ തളര്‍ന്നു. വീട്ടിലേക്ക് പോയ അവന് കുറ്റബോധത്തില്‍ തൂങ്ങി മരിച്ചു. അനുഷയാവട്ടെ രണ്ടുദിവസത്തെ ആശുപത്രിവാസത്തിന് ശേഷം വീട്ടിലേക്ക് തിരിച്ചെത്തുകയും ചെയ്തു.
എല്ലാവരും പ്രണയനിരാസമെന്നും നിരാശയെന്നും മുദ്രകുത്തി ഒഴിവാക്കിയ ഒരു ആത്മഹത്യയായിരുന്നു അത്. എന്നാല്‍ ഈ ആത്മഹത്യയിലേക്ക് റോഷനെ നയിച്ചത്, പെട്ടന്നുണ്ടായ പ്രകോപനവും താനാണ് അനുഷയുടെ മരണത്തിന് പുറകിലെന്ന കുറ്റബോധവുമാണ്. അത് തുറന്നുപറയാന്‍ അവന് മറ്റൊരു വാതിലില്ല എന്നതാണ് അവനെ സമ്മര്‍ദ്ദത്തിലാക്കിയത്. അനുഷയുടെ ആത്മഹത്യാ ശ്രമമാവട്ടെ തികച്ചും വ്യത്യസ്തമായ മറ്റൊരു കാരണമാണ്. സമൂഹം എന്ന ചട്ടക്കൂടില്‍ ആ പെണ്‍കുട്ടിയെ സദാചാരത്തിന്റെ പാഠങ്ങള്‍ പഠിപ്പിച്ചവരാണ് ഈ ദുരന്തത്തിന്റെ യഥാര്‍ഥ കാരണക്കാര്‍. റോഷന് കെട്ടിപ്പിടിച്ചത് അനുഷയ്ക്ക് ഇഷ്ടമാണോ എന്നതായിരുന്നില്ല അനുഷയുടെ അപ്പോഴത്തെ ചിന്ത. ഇരുവരും പരസ്പരം ഇഷ്ടപ്പെട്ടിരുന്നു എന്നിരിക്കെ സാധാരണഗതിയില്‍ അതൊരു മരണകാരണമായി എടുക്കേണ്ടതില്ല. എന്നാല്‍, ഒരു ആണ്‍കുട്ടി പെണ്‍കുട്ടിയെ കെട്ടിപ്പിടിച്ചാല്‍ അതോടെ താന്‍ മോശപ്പെട്ടവളായി എന്നാണ് അനുഷയെ ചെറുപ്പംമുതല്‍ പറഞ്ഞു പഠിപ്പിച്ചിരിക്കുന്നത്. നശിച്ചുകഴിഞ്ഞ താന്‍ ഇനി ലോകത്തിനുമുമ്പില്‍ നില്ക്കാന് പാടില്ലാത്തവളാണ് എന്ന ചിന്തയില്‍നിന്നാണ് ആത്മഹത്യ ചെയ്യാം എന്ന ആശയത്തിലെത്തില് ആ കുട്ടി എത്തുന്നത്.
ഇനിയും മാറാത്ത സദാചാര ചട്ടക്കൂട്
കുറച്ച് മാസങ്ങള്‍ക്കുമുമ്പ് ഒരു ക്യാമ്പില്‍ നടത്തിയ സംവാദം ഡോ.ശാരി ഓര്‍ക്കുന്നു. ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഉള്ള ഒരു ക്യാമ്പിലെ മനഃശാസ്ത്ര ക്ലാസാണ്. മുമ്പിലിരിക്കുന്ന കുട്ടികളോടായി ഡോക്ടര്‍ ഒരു കാര്യം സങ്കല്പ്പിക്കാന് പറഞ്ഞു. ഒരു ബോട്ട് യാത്രയാണ് രംഗം. ബോട്ടില്‍ ഒരു പെണ്‍കുട്ടിയും കൂടെ പരിചയമില്ലാത്ത ഒരാളും മാത്രം. അയാള്‍ കുട്ടിയെ ഉപദ്രവിക്കാനായി അടുത്തേക്ക് വരുന്നു. അപ്പോള്‍ ആ കുട്ടി എന്തു ചെയ്യണം? അതായിരുന്നു ചോദ്യം.
ഏറിയ പങ്ക് ആണ്‍കുട്ടികളും പെണ്‍കുട്ടികളും പറഞ്ഞത് ആ പെണ്‍കുട്ടിയോട് വെള്ളത്തിലേക്ക് എടുത്ത് ചാടാനാണ്. കൈയില്‍ കിട്ടിയതെടുത്ത് അയാളെ തല്ലിക്കൊല്ലാനാണ് വേറെ ചിലര്‍ പറഞ്ഞത്. ഒന്നുകില്‍ അവള് മരിക്കണം, അല്ലെങ്കില്‍ അയാളെ കൊല്ലണം. ഇതുമാത്രമാണ് ആ കുട്ടികളുടെ മനസ്സില്‍ അപ്പോള്‍ വന്നത്. എന്നാല്‍ ഒരാള്‍പോലും അവന് ഉപദ്രവിച്ചാല്‍ എങ്ങനെ അവള് മരിക്കാതിരിക്കാം എന്ന കാര്യം ഓര്‍ത്തുപോലുമില്ല. അതാണ് ഇന്നത്തെ ലോകം. സമൂഹം അത്രമേല്‍ ജനതയെ പഠിപ്പിച്ചുകഴിഞ്ഞിരിക്കുന്നു. ആരെങ്കിലും ദേഹത്ത് തൊട്ടാല്‍, ബലാത്കാരം ചെയ്താല്‍ അതോടെ എല്ലാം തീര്‍ന്നുവെന്നും അവള് അതോടെ ലോകത്തിനുമുന്നില്‍ അപമാനിതയായി എന്നുമുള്ള ചിന്ത എന്നെന്നേക്കുമായി അവളുടെ നെറ്റിയില്‍ സമൂഹം അടിച്ചുവെക്കുന്നു. ജീവന് രക്ഷിക്കലല്ലേ ആദ്യം നോക്കേണ്ടത് എന്ന ചോദ്യത്തിന് 'അപ്പോള്‍ അവളുടെ മാനത്തിന് വിലയില്ലേ' എന്ന് ചില കുട്ടികള്‍ തിരിച്ചു ചോദിച്ചു. ജീവനേക്കാള്‍ വിലയുള്ള മാനം എന്ന കാഴ്ചപ്പാട് ഒരുപാട് അപകടങ്ങളിലേക്ക് സമൂഹത്തെ ഇതിനകം എത്രയോ തവണ കൊണ്ടെത്തിച്ചിരിക്കുന്നു.
അവിവാഹിതയായ യുവതി ഗര്‍ഭിണിയായി; യുവതിയുടെ അച്ഛന് ആത്മഹത്യ ചെയ്തു, മകള്‍ ഒളിച്ചോടിയ വിഷമത്തില്‍ അമ്മ വിഷം കഴിച്ചു തുടങ്ങിയ വാര്‍ത്തകള്‍ ഇന്നും വായിക്കാന്‍ കാരണമാകുന്നത് ഇത്തരം സാമൂഹ്യ വ്യവസ്ഥിതി തന്നെയാണ്. മകന് മിശ്രവിവാഹം കഴിച്ചാല്‍ സ്വന്തം മതവിഭാഗത്തില്‍നിന്നും ഏല്ക്കേണ്ടിവരുന്ന പഴിചാരലാണ് പലരും മക്കളുടെ സ്നേഹത്തേക്കാള്‍, അവരുടെ ജീവനേക്കാള്‍ വലുതായി രക്ഷിതാക്കളില്‍ ചിലര്‍ കാണുന്നത്. ഇത്തരത്തില്‍ സമൂഹ പിന്തുണയുടെ അഭാവമാണ് പലപ്പോഴും ആത്മഹത്യയിലേക്ക് കാര്യങ്ങള്‍ എത്തിക്കുന്നത്.
തീരുമാനത്തിലേക്ക് എത്തിക്കുന്ന കാരണങ്ങള്‍
കോവിഡ് കാലം കഴിഞ്ഞ് സ്കൂള്‍ തുറന്ന് രണ്ടുമാസത്തിനുള്ളില്‍ പതിനാറ് വയസ്സുകാരന് നവനീത് രണ്ടുതവണയാണ് ആത്മഹത്യക്ക് ശ്രമിച്ചത്. വിഷാദരോഗമാണെങ്കിലും കാരണം കണ്ടെത്താന്‍ നടത്തിയ ആദ്യശ്രമങ്ങളെല്ലാം പാഴായി. ഒ.സി.ഡി. എന്നപേരില്‍ പലര്‍ക്കും പരിചിതമായ ഒബ്സസീവ് കമ്പല്‍സീവ് ഡിസോര്‍ഡര്‍ എന്ന രോഗമാണ് വില്ലന്‍ എന്ന് ഒടുവില്‍ കണ്ടെത്തി. രോഗാണുക്കളെക്കുറിച്ചുള്ള ചിന്തകളില്‍ നിന്നുമുള്ള ഭയമാണ് ഇത്തരക്കാരില്‍ പൊതുവെ കാണപ്പെടുന്നത്. വൃത്തിയില്ല എന്ന തോന്നല്‍ ഇത്തരക്കാരില്‍ അധികമായി കാണാം. കോവിഡ് കാലത്ത് വീട്ടില്‍ വൃത്തിയോടെയിരുന്ന് സ്കൂളില്‍ പോയപ്പോള്‍ അവിടെ പൊരുത്തപ്പെടാനാവാത്ത അവസ്ഥ വന്നു. ഈ രോഗത്തിന്റെ രണ്ടാംഘട്ടമാണ് നവനീതിനെ വിഷാദത്തിലേക്കും ആത്മഹത്യ ചെയ്യാനുള്ള പ്രവണതയിലേക്കും നയിച്ചത്.
വലിയവരിലെ ആത്മഹത്യപോലെത്തന്നെ കുട്ടികളിലെ ആത്മഹത്യയ്ക്കും കാരണങ്ങള്‍ പലതാണ്. പത്തുമുതല്‍ പ്രായമുള്ള കുട്ടികളിലാണ് ആത്മഹത്യാ പ്രവണത കൂടുതല്‍ കാണുന്നത്. പലകാരണങ്ങളാലുണ്ടാവുന്ന വിഷാദരോഗംപോലുള്ള മാനസികരോഗങ്ങളാണ് അതില്‍ പ്രധാനം. വിഷാദം പലരീതിയില്‍ സംഭവിക്കാം. പഠനത്തിലെ പ്രശ്നങ്ങള്‍, ബന്ധങ്ങളിലുണ്ടാവുന്ന പ്രശ്നങ്ങള്‍ തുടങ്ങിയ പല കാരണങ്ങള്‍ കുട്ടികളെ വിഷാദത്തിലേക്ക് എത്തിക്കാം. കുടുംബപ്രശ്നങ്ങളാണ് മറ്റൊരു കാരണം. ശാസ്ത്രീയമായി കണ്ടെത്തിയിട്ടില്ലെങ്കിലും, അടുത്തകാലത്തായി വരുന്ന കേസുകളില്‍, കോവിഡ് വന്നുമാറിയ കുട്ടികളില്‍ ആത്മഹത്യാചിന്തയിലേക്ക് വഴിതിരിച്ചുവിടുന്ന വിഷാദമുള്ളതായി കാണുന്നുണ്ടെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് ആന്റ് ന്യൂറോ സയന്‍സസിലെ ഡോ.രാകേഷ് പറയുന്നു.
രക്ഷിതാക്കളോട് പലതും തുറന്നുപറയാനുള്ള അവസരമില്ലായ്മയുള്ളവരും രക്ഷിതാക്കള്‍ മനസ്സിലാക്കില്ലെന്ന് തോന്നലോ ഉറപ്പോ ഉളള കുട്ടികള്‍ പിന്നീട് ചെന്നെത്തുന്നത് ആത്മഹത്യ എന്ന മാര്‍ഗ്ഗത്തിലേക്കാണ്. പതിനേഴുകാരനായ കുട്ടി ഡോക്ടറെ കാണാനെത്തിയത് ആത്മഹത്യാ ശ്രമത്തില്‍നിന്നും രക്ഷപ്പെട്ട ശേഷമാണ്. വീട്ടിലിരുന്ന മരുന്നുകളെല്ലാം എടുത്ത് കഴിച്ചെങ്കിലും ചികിത്സയ്ക്കൊടുവില്‍ ജീവന് തിരികെ കിട്ടുകയായിരുന്നു. കുറെ ദിവസത്തെ കൗണ്‍സിലിംഗിനുശേഷമാണ് കുട്ടി കാര്യം തുറന്നു പറഞ്ഞത്.
അച്ഛനും പ്രായമായ അകന്ന ബന്ധുവും മാത്രമുള്ള വീട്ടിലാണ് അവന് താമസം. അമ്മ അവന് ജനിച്ച് അധികകാലം ആവുന്നതിനുമുമ്പ് മരിച്ചു. വീട്ടില്‍ ഒരു സെക്യൂരിറ്റി ജീവനക്കാരനുമുണ്ടായിരുന്നു. അച്ഛന് രണ്ടാം വിവാഹം കഴിക്കാനുള്ള ഒരുക്കത്തിലാണ്. എന്നാല്‍ അതൊന്നും അവനെ ബാധിച്ചിരുന്നില്ല. എന്നാല്‍ വീട്ടിലെ ഒരാളെപ്പോലെ കഴിഞ്ഞിരുന്ന സെക്യൂരിറ്റി ജീവനക്കാരന് പലപ്പോഴായി നടത്തിയ ലൈംഗികാതിക്രമമാണ് അവനെ ഇങ്ങനെയൊരു കാര്യത്തിന് പ്രേരിപ്പിച്ചത്. ആദ്യമൊന്നും അവന് കാര്യം മനസ്സിലായില്ല. എന്നാല്‍ അതിക്രമം കൂടിയതോടെ അവന് ആകെ അങ്കലാപ്പിലായി. അച്ഛന് അയാളെ വലിയ വിശ്വാസമായതും കുട്ടിക്ക് പ്രശ്നമായി. വീട്ടില്‍ പറയുമെന്ന് അവന് പറഞ്ഞപ്പോള്‍ അച്ഛന് വിശ്വസിക്കില്ലെന്നും പഠിക്കാതിരിക്കാനുള്ള നിന്റെ അടവായി താന്‍ അത് വ്യാഖ്യാനിക്കുമെന്നും പറഞ്ഞ് അയാള്‍ അവനെ പേടിപ്പിച്ചു. എന്നാല്‍ ഒരു ദിവസം അവന് താങ്ങാനാവാത്ത രീതിയില്‍ ലൈംഗികാതിക്രമത്തിന് നവനീത് ഇരയായി. അതോടെ ആകെ തകര്‍ന്നു. പഠിത്തത്തിലെല്ലാം പിറകോട്ടായി. പഠനത്തില്‍ മോശമായതാണ് ആത്മഹത്യാശ്രമത്തിന് പിന്നിലെന്നാണ് അവന്റെ അച്ഛന് ധരിച്ചിരുന്നത്. എന്നാല്‍ കാരണം ഇതാണെന്ന് ഡോക്ടര്‍ പറഞ്ഞിട്ടും അച്ഛന് ആദ്യം വിശ്വസിക്കാന്‍ തയ്യാറായിരുന്നില്ല എന്നതാണ് സത്യം. തുടര്‍ന്ന് പോലീസില്‍ അറിയിച്ച് പോക്സോ കേസ് എടുത്ത് അയാളെ അറസ്റ്റ് ചെയ്തപ്പോഴാണ് അച്ഛന് വിശ്വാസമായത്.
അമിത മദ്യപാനമുള്ള രക്ഷിതാക്കള്‍, അച്ഛനും അമ്മയ്ക്കുമിടയിലെ പ്രശ്നങ്ങള്‍, രക്ഷിതാക്കളുടെ വിവാഹമോചനം മൂലമുണ്ടാകുന്ന മാനസിക പ്രശ്നങ്ങള്‍, വീട്ടിലെ ഏതെങ്കിലും അംഗങ്ങളില്‍നിന്നുള്ള മാനസികമോ ശാരീരികമോ ആയ പീഡനം തുടങ്ങിയവയൊക്കെ കുട്ടികളിലെ ആത്മഹത്യാശ്രമങ്ങള്‍ക്ക് കാരണങ്ങളായി വരുന്നുണ്ട്. അമ്മയോടും അച്ഛനോടും അല്ലെങ്കില്‍ തന്റെ ഏറ്റവും അടുപ്പമുള്ള രക്ഷിതാവിനോടുള്ള പക തീര്‍ക്കലാണ് അവര്‍ക്ക് ആത്മഹത്യ. പ്രശ്നങ്ങളെ അഭിമുഖീകരിക്കാന്‍ കഴിയാതെ പോവുന്നതാണ് ആത്മഹത്യാ പ്രവണതയുടെ മറ്റൊരു പ്രധാന കാരണം. ചെറുപ്പം മുതല്‍ അധികം പ്രശ്നങ്ങള്‍ കാണാതെ, അവയെ അഭിമുഖീകരിക്കാതെ വളര്‍ന്നുവരുന്ന കുട്ടികള്‍ക്കെല്ലാം ജീവിതത്തിലെ കടമ്പകള്‍ ഏറെ ദുഷ്കരമാവാറുണ്ട്. ചെറിയ പ്രശ്നങ്ങള്‍ പോലും നേരിടാനാവാതെ മരണമെന്ന എളുപ്പവഴിയിലേക്ക് എടുത്തുചാടാനാണ് അവര്‍ ആഗ്രഹിക്കുന്നത്. യുക്തിരഹിതമായാണ് ഇത്തരം കുട്ടികള്‍ പ്രശ്നങ്ങളെ സമീപിക്കുന്നത്.
ഇപ്പോഴത്തെ തലമുറയിലെ സൗഹൃദങ്ങളുടെ ദൃഢതയില്‍ ചില പ്രശ്നങ്ങളുള്ളതായി മിക്ക മനഃശാസ്ത്രജ്ഞരും പറയുന്നു. ഉത്കണ്ഠാ രോഗം, പേടി, പ്രണയം, വിരഹം തുടങ്ങിയവയൊക്കെ പങ്കുവെക്കാന്‍ ഇന്നത്തെ കുട്ടികള്‍ക്ക് നല്ല സുഹൃത്തുക്കളില്ലാത്തതും പോരായ്മ തന്നേയാണ്. അവരെ കേള്‍ക്കാന്‍ ഒരാള്‍ ഉണ്ടാവേണ്ടത് അത്യാവശ്യമാണ്. കുട്ടികള്‍ വീടിന്റെ ചുമരുകള്ക്കുള്ളിലേക്കും വിരലുകള്‍ കീ ബോര്‍ഡുകളിലേക്കും മാത്രമായി ചുരുങ്ങിയതോടെ ആത്മാര്‍ത്ഥ സുഹൃത്ത് എന്ന പദംപോലും ഇല്ലാതായിരിക്കുന്ന കാഴ്ചയാണ് മിക്കയിടത്തും. രക്ഷിതാക്കള്‍ പലപ്പോഴും കൂട്ടുകാരെപ്പോലെയാണെങ്കില്ക്കൂടി എല്ലാം തുറന്നുപറയാന്‍ കഴിഞ്ഞില്ല എന്നും വരാം.
തന്നിലേക്ക് തന്നെ ഉള്‍വലിയുന്ന സ്വഭാവമുള്ള കുട്ടികളില്‍ ആത്മഹത്യാ പ്രവണത കണ്ടുവരാറുണ്ട്. പ്രശ്നങ്ങള്‍ പറയാനോ പങ്കിടാനോ ഒരു കൂട്ടില്ലാത്തത് ഇവരെ പ്രശ്നത്തിലാക്കുന്നു. കോവിഡ് കാലത്ത് ആത്മഹത്യ വര്‍ധിച്ചതിനുള്ള പ്രധാന കാരണം അതുതന്നെയാണ്. ആത്മാഭിമാനം കുറവുള്ള കുട്ടികള്‍ അഥവാ തനിക്ക് അത്ര കഴിവില്ലെന്നും താന്‍ താഴേത്തട്ടിലാണെന്നും താനത്ര പോരാ എന്നുമൊക്കെ തോന്നുന്ന കുട്ടികളും ഈ ഗണത്തില്‍ പെടുന്നു. ജീവിതത്തില്‍ ഒരു പ്രതീക്ഷയുമില്ലാതെ ജീവിക്കുന്നവരാണ് ഈ കൂട്ടര്.
അനുകരിക്കാനുള്ള പ്രവണത വളരെ കൂടുതലുള്ള വിഭാഗമാണ് കുട്ടികള്‍. തനിക്ക് പ്രിയപ്പെട്ടവര്‍, ഇഷ്ടപ്പെട്ട താരങ്ങള്‍ തുടങ്ങിയവരുടെ മരണമോ ആത്മഹത്യയോ ഇവരെ മരണചിന്തയിലേക്ക് നയിക്കാം. മരിക്കാന്‍ ശ്രമിച്ചാല്‍ എങ്ങനെയുണ്ടാവുമെന്ന് പരീക്ഷിച്ചുനോക്കാനും ഈ പ്രായത്തില്‍ സാധ്യതകളുണ്ട്.
(ഇതിലെ സംഭവങ്ങൾ മാത്രമാണ് യഥാർഥം. പേരുകളും സ്ഥലങ്ങളുമൊന്നും യഥാർഥമല്ല)
(തുടരും...,)
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..