പ്രതീകാത്മക ചിത്രം. ഇല്ലസ്ട്രേഷൻ ബാലു
'ആരോടും അധികം സംസാരിക്കാത്ത ഉള്‍വലിഞ്ഞ സ്വഭാവക്കാരനായിരുന്നു പതിനേഴുകാരന് സനില്‍. അടുപ്പമുള്ളവരോട് നന്നായി ഇടപഴകും. യാത്രകളൊക്കെ ഏറെ ഇഷ്ടമായിരുന്നു അവന്. അന്ന് രാവിലെ സ്കൂളില്‍ പോയപ്പോഴും സ്കൂളില്‍ എത്തിയപ്പോഴും അവന് പ്രശ്നങ്ങളൊന്നും ഉണ്ടായതായി തോന്നിയിട്ടില്ല എന്ന് എല്ലാവരും പറയുന്നു. വൈകീട്ട് സ്കൂളില്‍നിന്ന് വന്ന് അമ്മയോട് സംസാരിച്ച് ചായയും കുടിച്ച് മുറിയിലേക്ക് പോയതാണ്. തുടര്‍ന്ന് അമ്മ ബന്ധുവീട് സന്ദര്‍ശിക്കാന്‍ പോയി. അച്ഛന് ജോലി കഴിഞ്ഞെത്തി കുളിക്കാന്‍ പോയ സമയം. ആരോ പുറത്തുവന്ന് ബെല്ലടിച്ചിട്ടും മകന് വാതില്‍ തുറന്നുകൊടുക്കാത്തതെന്തേ എന്ന് അന്വേഷിച്ച് എത്തിയ അച്ഛന് മകന്റെ മുറി തുറന്നു. ജനലില്‍ മരണത്തോട് മല്ലടിച്ച് നില്ക്കുന്ന മകനെ കണ്ടപ്പോള്‍ തമാശയ്ക്ക് പറ്റിക്കാന്‍ ചെയ്യുന്നതാണെന്നാണ് അച്ഛന് ആദ്യം കരുതിയത്. കാര്യത്തിന്റെ ഗൗരവം തിരിച്ചറിഞ്ഞ് നിമിഷത്തിനുള്ളില്ത്തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും അവിടെയെത്തുന്നതിനു മുമ്പ് അവന് മരിച്ചിരുന്നു. അവന് എന്തിനിതു ചെയ്തു എന്നതിന് ഇപ്പോഴും ഉത്തരമില്ല. അച്ഛനും അമ്മയും സഹോദരിക്കും കൂട്ടുകാരുമെല്ലാം ബന്ധുക്കളുമെല്ലാം ഇപ്പോഴും ഞെട്ടലില്‍ത്തന്നെയാണ്. ' തൃശൂരിൽ ഇയ്യിടെ മരിച്ച പ്ലസ് ടു വിദ്യാര്‍ഥി സനിലിനെ കുറിച്ച് പറയുമ്പോള്‍ ബന്ധുവിനും വാക്കുകള്‍ മുറിയുന്നുണ്ടായിരുന്നു.
കഴിഞ്ഞ ജൂണ്‍ മൂന്നിനാണ് താമരശ്ശേരിയില്‍ പ്ലസ് ടു വിദ്യാര്‍ഥി അനീഷ് വീടിനുള്ളില്‍ ജനലിലെ കുരുക്കില്‍ ജീവനൊടുക്കിയത്. അധ്യാപക ദമ്പതികളുടെ മകനായിരുന്ന ഈ വിദ്യാര്‍ഥിയുടെ മരണകാരണം അജ്ഞാതമാണ്.
ആരവിന്റെ കാര്യവും ഏതാണ്ട് സമാനമായിരുന്നു. പഠിത്തത്തിലും കായികമിടുക്കിലും മുന്പിലായിരുന്നു അവന്. സംസ്ഥാനതലത്തില്‍വരെ നിരവധി സമ്മാനങ്ങള്‍ നേടിയ മിടുക്കന്. സ്കൂള്‍ തുറക്കുംമുമ്പുള്ള അവധിക്കാലം. അന്നൊരു ശനിയാഴ്ചയായിരുന്നു. രാവിലെത്തന്നെ ഇഷ്ടവിഭവങ്ങളുടെ ഒരു ലിസ്റ്റ് അമ്മയ്ക്ക് കൊടുത്ത് അവന് കൂട്ടുകാര്‍ക്കൊപ്പം കളിക്കാനിറങ്ങി. ഉച്ചയ്ക്ക് വീട്ടില്‍ തിരിച്ചെത്തി എല്ലാവര്‍ക്കുമൊപ്പമിരുന്ന് ചിരിച്ചു രസിച്ച് ഭക്ഷണം കഴിച്ച് മുറിയിലേക്ക് വിശ്രമിക്കാനായി പോയി. മൂന്നുമണിക്ക് അമ്മ മുറിയിലേക്ക് വന്നു നോക്കുമ്പോള്‍ ഫാനില്‍ തൂങ്ങിനില്‍ക്കുന്ന മകനെയാണ് കണ്ടത്. കാരണമെന്തെന്ന് ഇന്നും വീട്ടുകാര്‍ക്കോ കൂട്ടുകാര്‍ക്കോ അറിയില്ല.
ജൂണ്‍ 5-ന് തിരുവനന്തപുരത്ത് 16-കാരിയായ ജിഷ മൂന്ന് പേജ് നീണ്ട കത്തെഴുതി വെച്ചാണ് ആത്മഹത്യ ചെയ്തത്. ഡിജിറ്റല്‍ അഡിക്ഷനാണ് കാരണമായി പറയുന്നത്. കൊറിയന്‍ സംഘമായ ബി.ടി.എസ്. ബാന്‍ഡിന് അഡിക്ടായിരുന്നു ആ കുട്ടി. അതിനുവേണ്ടി മൊബൈലില്‍ സമയമേറെ ചെലവിടുമായിരുന്നു. കൂട്ടുകാരാരും തന്നെയുണ്ടായിരുന്നില്ല. പഠനത്തില്‍ പിന്നോട്ടുപോയതും കുറ്റബോധവും വിഷാദരോഗവുമെല്ലാം ചേര്‍ന്നാണ് ഇങ്ങനെയൊരു തീരുമാനത്തിലേക്ക് അവള് എത്തിച്ചേര്‍ന്നത്. അനിയത്തിക്ക് ഫോണ്‍ ഉപയോഗിക്കാന്‍ കൊടുക്കരുതെന്നും ആത്മഹത്യാക്കുറിപ്പിലുണ്ടായിരുന്നു.
പ്രണയനൈരാശ്യം മൂലം തൃശൂര്‍ സ്വദേശിയായ പ്ലസ് ടുക്കാരന് പുഴയില്‍ ചാടി മരിച്ചത് ജൂലായ് 20-നു തന്നെ. അമ്മ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് വിലക്കിയതിനെത്തുടര്‍ന്ന് 14 വയസ്സുകാരി ആത്മഹത്യ ചെയ്തത് കേരളത്തിലെ കരമനയിലാണ്.

കേരളത്തില്‍ കഴിഞ്ഞ കുറച്ചു മാസങ്ങളായി സ്കൂള്‍ വിദ്യാര്‍ഥികളുടെ ആത്മഹത്യാ വാര്‍ത്തകള്‍ തുടര്‍ച്ചയായി വന്നുകൊണ്ടേയിരിക്കുന്നു. മുഖ്യമന്ത്രി നിയമസഭയില്‍ അവതരിപ്പിച്ച കണക്കുകള്‍ പ്രകാരം 2022 ജൂണ്‍ വരെയുള്ള കാലയളവില്‍ 25 കുട്ടികളാണ് ആത്മഹത്യ ചെയ്തത്. ഡിജിറ്റല്‍ ആസക്തി മൂലമുണ്ടായ ആത്മഹത്യകളായിട്ടാണ് ഈ കേസുകള്‍ പോലീസ് ഔദ്യോഗികമായി രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ വിദഗ്ധരുടെ അഭിപ്രായത്തില്‍ ഓരോ കേസിലും ആത്മഹത്യ ചെയ്യാനുള്ള കാരണങ്ങള്‍ വ്യത്യാസപ്പെട്ടിരിക്കുന്നു. കുട്ടികള്‍ വിഷാദരോഗത്തിലേക്ക് വീഴുന്നതാണ് ഒരു പ്രധാന കാരണം. കുട്ടികള്‍ ഗെയിമുകളിലും വീഡിയോകളിലും കാണുന്നത് ജീവിതത്തിലേക്ക് പകര്‍ത്താന്‍ ശ്രമിക്കുന്നതും പ്രണയനൈരാശ്യവുമെല്ലാം കാരണങ്ങളാവുന്നുണ്ട്. സാമ്പത്തിക തട്ടിപ്പില്‍ കുടുങ്ങി കുട്ടികള്‍ ജീവനൊടുക്കിയ സംഭവങ്ങളും ഇതിലുണ്ട്.
ഓരോ വര്‍ഷവും കൂടുന്ന മരണനിരക്ക്
ആത്മഹത്യാനിരക്കില്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഏറെ മുന്നില്‍ നില്ക്കുന്ന കേരളം കുട്ടികളുടെ അസ്വാഭാവിക മരണത്തിലും മുന്നില്‍ത്തന്നെയാണ് എന്നതാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. സംസ്ഥാനത്ത് കഴിഞ്ഞ മൂന്നുവര്‍ഷത്തെ കണക്കെടുക്കുമ്പോള്‍, കുട്ടികളുടെ ആത്മഹത്യാനിരക്ക് ഞെട്ടിക്കുന്നതാണ്. 2019-ല്‍ 230 കുട്ടികളാണ് സംസ്ഥാനത്ത് സ്വയം ജീവന് വെടിഞ്ഞത്. ഇതില്‍ 97 പേര് ആണ്‍കുട്ടികളും, 133 പേര് പെണ്‍കുട്ടികളും ആണ്. 2020ല്‍ 311 കുട്ടികള്‍ ആത്മഹത്യ ചെയ്തു. 142 ആണ് കുട്ടികളും, 169 പെണ്‍കുട്ടികളും ഇതില്‍ ഉള്‍പ്പെടുന്നു. 2021-ല്‍ 345 കുട്ടികളാണ് സംസ്ഥാനത്ത് ആത്മഹത്യ ചെയ്തത്. 168 ആണ്‍കുട്ടികളും, 177 പെണ്‍കുട്ടികളും ഇതില്‍ ഉള്‍പ്പെടുന്നു. ഈ കാലയളവില്‍ കോവിഡ് നല്കിയ കനത്ത മാനസിക സംഘര്‍ഷങ്ങളില്‍ ആത്മഹത്യ ചെയ്തത് 377 കുട്ടികളാണ്.

തിരുവനന്തപുരം, മലപ്പുറം, പാലക്കാട്, തൃശൂര്‍, കൊല്ലം, വയനാട് ജില്ലകളിലാണ് ആത്മഹത്യ കൂടുതലും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 27.8 ശതമാനവും മാനസിക സംഘര്‍ഷത്തിന്റെ ഫലമായാണ് ഇങ്ങനെയൊരു തീരുമാനത്തിലെത്തിയത്. കുടുംബാഗങ്ങളുടെ നിയന്ത്രണം ഇഷ്ടപ്പെടാത്തതും, മാനസിക സംഘര്‍ഷവും മയക്ക്മരുന്നിന്റെ ഉപയോഗവും കുട്ടികളെ ആത്മഹത്യയിലേക്ക് തള്ളിവിടുന്നുവെന്ന് ഇതെക്കുറിച്ചുള്ള പോലീസിന്റെ പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. മൊബൈലിന്റേയും ഇന്റര്‍നെറ്റിന്റേയും ഉപയോഗം രക്ഷിതാക്കള്‍ നിയന്ത്രിക്കുന്നത് ഇഷ്ടപ്പെടാതെ 14 ശതമാനം വിദ്യാര്‍ഥികളാണ് കഴിഞ്ഞ വര്‍ഷം ആത്മഹത്യ ചെയ്തത്. ലഹരി ഉപയോഗം കുട്ടികളുടെ ആത്മഹത്യകള്‍ക്ക് കാരണമാകുന്നുണ്ടെന്ന പോലീസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. കുടുംബജീവിതത്തിലെ താളപ്പിഴകളും പ്രണയ നൈരാശ്യവും പഠനപരാജയവുമെല്ലാം മറ്റുകാരണങ്ങളാണ്. 2022 വര്‍ഷം തുടങ്ങി ജൂലായ് കഴിയുമ്പോഴേക്ക് ആത്മഹത്യ ചെയ്ത കുട്ടികളുടെ എണ്ണം കേരളത്തില്‍ മാത്രം മുപ്പതോളമാണ്.
രാജ്യത്ത് ഒരു ദിവസം ആത്മഹത്യ ചെയ്യുന്നത് 31 കുട്ടികള്‍
നാഷണല്‍ ക്രൈം റെക്കോര്‍ഡ് ബ്യൂറോയുടെ 2020-ലെ കണക്കുകള്‍ പ്രകാരം, ഓരോ 42 മിനിറ്റിലും ഒരു വിദ്യാര്‍ത്ഥി ഇന്ത്യയില്‍ ജീവിതം അവസാനിപ്പിക്കുന്നു. അതായത്, ഓരോ ദിവസവും 34-ലധികം വിദ്യാര്‍ഥികളാണ് ആത്മഹത്യ ചെയ്യുന്നത്. ഇന്ത്യയില്‍ ഓരോ വര്‍ഷവും ആത്മഹത്യ ചെയ്യുന്നവരില്‍ 7% മുതല്‍ 8% വരെ വിദ്യാര്‍ത്ഥികളാണ്. 2020-ല്‍ വിവിധ പ്രായങ്ങളിലുള്ള 12526 വിദ്യാര്‍ഥികള്‍ ആത്മഹത്യ ചെയ്തു. 2019-ലെ 10335 മരണങ്ങളെ അപേക്ഷിച്ച് വിദ്യാര്‍ത്ഥികള്‍ക്കിടയിലെ ആത്മഹത്യയില്‍ 21% വര്‍ധനവാണുണ്ടായത്.
അപകടങ്ങള്‍ക്കും കൊലപാതകങ്ങള്‍ക്കും ശേഷം കൗമാരക്കാര്‍ക്കിടയിലെ മരണത്തിന്റെ മൂന്നാമത്തെ പ്രധാന കാരണം ആത്മഹത്യ തന്നെയെന്ന് ലോകാരോഗ്യ സംഘടനയുടെ കണക്കകളും പറയുന്നു. ലോകത്ത് ഓരോ 11 മിനിട്ടിലും ഒരു കൗമാരക്കാന് ആത്മഹത്യ ചെയ്യുന്നുണ്ട്. ഓരോ 3 സെക്കന്‍ഡിലും ഒരു ആത്മഹത്യാശ്രമം നടക്കുന്നു. കൗമാരക്കാര്‍ക്കിടയിലെ ആത്മഹത്യാശ്രമങ്ങളുടെയും ആത്മഹത്യകളുടെയും അനുപാതം 50:1 മുതല്‍ 100:1 വരെ ആയാണ് കണക്കാക്കപ്പെടുന്നത്. ഇന്ത്യയില്‍, കൗമാരക്കാരുടെ ആത്മഹത്യ മൊത്തം ആത്മഹത്യയുടെ മൂന്നിലൊന്ന് വരും. കഴിഞ്ഞ 10 വര്‍ഷത്തിനിടെ കൗമാരക്കാരുടെ ആത്മഹത്യ 300-400% വര്‍ദ്ധിച്ചുവെന്നും ഐക്യരാഷ്ട്ര സഭയുടെ കണക്കുകള്‍ സൂചിപ്പിക്കുന്നു.
രാജ്യത്ത് ദേശീയ ആത്മഹത്യാ പ്രതിരോധ നയം രൂപീകരിക്കുന്നതിനുള്ള ഒരു കമ്മിറ്റി 2018-ല്‍ രൂപീകരിച്ചെങ്കിലും ഇതിന്റെ പ്രവര്‍ത്തനങ്ങളൊന്നും നടപ്പാക്കിയിട്ടില്ല. നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ അടുത്തിടെ ഇന്ത്യയില്‍ നടന്ന അപകട മരണങ്ങളെയും ആത്മഹത്യകളെയും കുറിച്ച് പ്രതിപാദിച്ചിരുന്നു. 2020-ല്‍ ഇന്ത്യയില്‍ ആകെ 153,052 ആത്മഹത്യാ മരണങ്ങള് രേഖപ്പെടുത്തി. ഇതില്‍ ആത്മഹത്യ ചെയ്ത 18 വയസ്സില്‍ താഴെയുള്ള കുട്ടികളുടെ എണ്ണം 11,396 ആണ്. 6,004 പെണ്‍കുട്ടികളും 5,392 ആണ്‍കുട്ടികളും ഇതിലുള്‍പ്പെടുന്നു. ഇതില്‍ 1423 പേരുടെ മരണകാരണം ഇനിയും വ്യക്തമല്ല. 1337 പേര്‍ക്ക് പ്രണയ നൈരാശ്യമാണ് മരണകാരണമായി കണ്ടെത്തിയത്. 2019 നേക്കാള്‍ 18 ശതമാനം കൂടുതലാണ് 2020-ലെ ആത്മഹത്യാ കണക്കുകള്‍. 2021-ല്‍ അതിലും കൂടുതലാണ് മരണനിരക്ക്. ഇന്ത്യയില്‍ ഒരു ദിവസവും പൊലിയുന്നത് ശരാശരി 31 കുട്ടികളുടെ ജീവനാണെന്ന് കണക്കുകള്‍ പറയുന്നു. തമിഴ്നാട്ടില്‍മാത്രം കഴിഞ്ഞ രണ്ടാഴ്ചയില്‍ അഞ്ചു കുട്ടികളാണ് ആത്മഹത്യ ചെയ്തത്.
(ഇതിലെ സംഭവങ്ങൾ മാത്രമാണ് യഥാർഥം. പേരുകളും സ്ഥലങ്ങളുമൊന്നും യഥാർഥമല്ല)
(തുടരും...,)
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..