കോഴിക്കോട്: കണ്ണൂര്‍ സര്‍വകലാശാലയില്‍ മലയാള വിഭാഗത്തില്‍ അസോസിയേറ്റ് പ്രൊഫസര്‍ റാങ്ക് പട്ടികയില്‍ പ്രിയാ വര്‍ഗീസിന് താഴെ പട്ടികയില്‍ സ്ഥാനം ലഭിച്ചവര്‍ക്ക് സുപ്രധാന പദവിയില്‍ നിയമനം. പ്രിയ വര്‍ഗീസിന് ഒന്നാം റാങ്ക് നല്‍കിയ ലിസ്റ്റില്‍ മൂന്നാം റാങ്ക് ഉണ്ടായിരുന്ന, മലയാളം സര്‍വകലാശാല അധ്യാപകനായിരുന്ന സി. ഗണേഷിന് മലയാളം സര്‍വകലാശാല പരീക്ഷാ കണ്‍ട്രോളറായാണ് നിയമനം ലഭിച്ചത്. മാര്‍ക്ക് പ്രകാരം നാലാം സ്ഥാനത്ത് വരുന്ന അധ്യാപക സംഘടനാ ഭാരവാഹിയും സര്‍ക്കാര്‍ കോളേജ് അധ്യാപകനമായ പി.പി പ്രകാശന് പി.എസ്.സി അംഗമായും നിയമനം ലഭിച്ചു. 2023 ജൂലായിലാണ് പി.പി. പ്രകാശന് പി.എസ്.സി അംഗമായി നിയനം നൽകിയത്. ഏതാനും മാസങ്ങൾക്ക് മുൻപാണ് സി. ഗണേഷിനെ മലയാളം സർവകലാശാല പരീക്ഷാ കൺട്രോളറായി നിയമിച്ചത്. 

To advertise here,

പ്രിയ വര്‍ഗീസിന് നിയമനം നല്‍കാനായി ഇന്റര്‍വ്യൂവില്‍ ഉയര്‍ന്ന മാര്‍ക്ക് നല്‍കി അന്തിമ റാങ്ക് പട്ടികയില്‍ ഒന്നാം റാങ്ക് ലഭിക്കാന്‍ അവസരമൊരുക്കുകയായിരുന്നു എന്ന ആക്ഷേപം പ്രതിപക്ഷവും ഉന്നയിച്ചിരുന്നു

പ്രിയ വര്‍ഗീസിന്റെ നിയമനത്തിനെതിരേ കോടതിയെ സമീപിച്ച ജോസഫ് സ്‌കറിയയ്ക്ക് രണ്ടാം റാങ്കാണ് ലഭിച്ചിരുന്നത്. ഇദ്ദേഹത്തിന് പിന്നീട് കാലിക്കറ്റ് സര്‍വകലാശാലയില്‍ മലയാളം പ്രൊഫസര്‍ തസ്തികയിലേക്കുള്ള റാങ്ക് പട്ടികയില്‍ ഒന്നാം സ്ഥാനം ലഭിച്ചു. എന്നാൽ പ്രിയാ വർഗീസിനെതിരായ കേസുമായി മുന്നോട്ടുപോയ ജോസഫ് സ്‌കറിയയ്ക്ക് ഈ നിയമനം ലഭിച്ചിട്ടില്ല. അദ്ദേഹം ഇപ്പോള്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജ്ജി ഫയല്‍ ചെയ്തിരിക്കയാണ്.

പ്രിയ വര്‍ഗീസിന് നിയമനം നല്‍കാനായി റാങ്ക് പട്ടികയില്‍ തഴയപ്പെട്ട ഇടതുപക്ഷ സംഘടനാ ഭാരവാഹികളായ ഉദ്യോഗാര്‍ഥികള്‍ക്ക് മറ്റു സ്ഥാനങ്ങള്‍ നല്‍കുകയായിരുന്നെന്ന് സേവ് യൂണിവേഴ്സിറ്റി കാമ്പയിൻ കമ്മിറ്റി ചെയർമാൻ ആർ.എസ്. ശശികുമാർ പറഞ്ഞു. 'ഒന്നാമത്തെ റാങ്കുകാരിക്ക് യൂണിവേഴ്സിറ്റിയിൽ ജോലി കൊടുക്കുന്നു, രണ്ടാമത്തെ റാങ്കുകാരൻ കേസിന് പോയതിനാൽ കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ കൊടുക്കാൻ തീരുമാനിച്ച ജോലി നഷ്ടപ്പെടുന്നു, മൂന്നാമത്തെ റാങ്കുകാരനെ മലയാളം യൂണിവേഴ്സിറ്റിയിൽ പരീക്ഷാ കൺട്രോളറാക്കി, നാലാമത്തെ സ്ഥാനത്ത് വന്ന ആളെ പി.എസ്.സി. മെമ്പറാക്കുകയും ചെയ്തു', അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

placeholder
.
കണ്ണൂർ യൂണിവേഴ്സിറ്റി അസോസിയേറ്റ് നിയമനത്തിന്‍റെ റാങ്ക് പട്ടിക

കണ്ണൂര്‍ സര്‍വകലാശാലയില്‍ അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയില്‍ പ്രിയാ വര്‍ഗീസിന്റെ നിയമനം ശരിവച്ച ഹൈക്കോടതി വിധിക്ക് എതിരായ ഹര്‍ജികള്‍ നിലവില്‍ സുപ്രീം കോടതിയുടെ പരിഗണനയിലാണ്. കേസില്‍ യുജിസി അടക്കം മൂന്ന് ഹര്‍ജിക്കാരാണ് കേസിലുള്ളത്. ഹര്‍ജിയില്‍ സുപ്രീം കോടതി ഉടന്‍ വിധിപറയുമെന്നാണ് റിപ്പോർട്ട്.
 
അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്നതിന് യു.ജി.സി.യുടെ 2018-ലെ റഗുലേഷന്‍ നിഷ്‌കര്‍ഷിക്കുന്ന അധ്യാപന പരിചയം എട്ടുവര്‍ഷമാണ്. എയ്ഡഡ് കോളേജില്‍ ജോലിയില്‍ പ്രവേശിച്ചശേഷം പ്രിയ വര്‍ഗീസ് എഫ്.ഡി.പി (ഫാക്കല്‍റ്റി ഡവലപ്‌മെന്റ് പ്രോഗ്രാം) പ്രകാരം ഡെപ്യൂട്ടേഷനില്‍ മൂന്നുവര്‍ഷത്തെ പിഎച്ച്.ഡി. ഗവേഷണം നടത്തിയ കാലയളവും കണ്ണൂര്‍ സര്‍വകലാശാലയില്‍ സ്റ്റുഡന്റ്സ് ഡീന്‍ (ഡയറക്ടര്‍ ഓഫ് സ്റ്റുഡന്റ് സര്‍വീസസ്) ആയി രണ്ടുവര്‍ഷം ഡെപ്യൂട്ടേഷനില്‍ ജോലിചെയ്ത കാലയളവും ചേര്‍ത്താണ് അധ്യാപനപരിചയം കാണിച്ചിരിക്കുന്നത്. ഗവേഷണ കാലവും സ്റ്റുഡന്റ്സ് ഡീന്‍ ആയി പ്രവര്‍ത്തിച്ച കാലവും അടക്കം അഞ്ചുവര്‍ഷത്തോളമുള്ള കാലം അധ്യാപന കാലമായി പരിഗണിക്കുന്നത് ചട്ടവിരുദ്ധമാണെന്നാണ് യു.ജി.സി.യുടെ നിലപാട്.

placeholder
.
ഇന്റര്‍വ്യൂവില്‍ ഉദ്യോഗാര്‍ഥികള്‍ക്ക് സെലക്ഷന്‍ കമ്മിറ്റി നല്‍കിയ മാര്‍ക്ക്‌