മിഠായി തന്നു മയക്കുന്നവരെല്ലാം മനോവൈകൃതം ഉള്ളവരല്ല | നേരിടാം പിഡോഫീലിയ; സംരക്ഷിക്കാം കുട്ടികളെ 03


By വിഷ്ണു കോട്ടാങ്ങല്‍

5 min read
Read later
Print
Share

പ്രതീകാത്മക ചിത്രം

പിഡോഫീലിയയ്ക്ക്‌ ഏറ്റവും വ്യാപകമായി ഉപയോഗിച്ചു വരുന്ന നിര്‍വചനം അമേരിക്കന്‍ സൈക്യാട്രിക്ക് അസോസിയേഷന്റെ ഡയഗ്നോസ്റ്റിക്ക് & സ്റ്റാറ്റിസ്റ്റിക്കല്‍ മാനുവല്‍ ഓഫ് മെന്റല്‍ ഡിസോര്‍ഡേര്‍സിന്റേതാണ്. 2013-ല്‍ പുതുക്കിയ നിര്‍വചനപ്രകാരം ആവര്‍ത്തിച്ചും തീഷ്ണമായും 13 വയസ്സില്‍ താഴെയുള്ള കുട്ടികളോട് മുതിര്‍ന്ന വ്യക്തിക്ക് തോന്നുന്ന ലൈംഗികാകര്‍ഷണമോ ലൈംഗിക വ്യവഹാരമോ ആണ് പീഡോഫീലിയ.

അസാധാരണമായ വ്യക്തികളോടോ വസ്തുക്കളോടോ സാഹചര്യങ്ങളോടോ തോന്നുന്ന ലൈംഗിക ആകര്‍ഷണങ്ങള്‍ പാരാഫീലിയ എന്ന ലൈംഗിക മനോരോഗത്തില്‍ പെടുന്നു. ഇതിന്റെ ഭാഗമാണ് പിഡോഫീലിയ. അമേരിക്കന്‍ സൈക്യാട്രിക്ക് അസോസിയേഷന്റെ ഡയഗ്നോസ്റ്റിക്ക് & സ്റ്റാറ്റിസ്റ്റിക്കല്‍ മാനുവല്‍ ഓഫ് മെന്റല്‍ ഡിസോര്‍ഡേര്‍സ് ഇതിനെ മാനസിക പ്രശ്നങ്ങള്‍ എന്നു തെളിച്ചുതന്നെ പറഞ്ഞിരിക്കുന്നു. പിഡോഫീലിയ ഒരസുഖമെന്ന നിലയില്‍ (Pedophile disorder) കണക്കാക്കപ്പെടണമെങ്കില്‍ തങ്ങളുടെ വികലമായ ലൈംഗിക താല്പര്യങ്ങള്‍ ഇക്കൂട്ടര്‍ക്ക് മാനസിക സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കാന്‍ തുടങ്ങണം. പ്രധാനമായും സ്ഥിരമായും കുട്ടികളോട് മുതിര്‍ന്നവര്‍ക്കു ലൈംഗികാകര്‍ഷണം തോന്നുന്ന മാനസിക പ്രശ്നമാണ് പിഡോഫീലിയ എന്ന പാരാഫീലിയ. യഥാര്‍ത്ഥ പിഡോഫൈലുകള്‍ പറ്റു പാരാഫൈലുകളെപ്പോലെ തന്നെ സമൂഹത്തിന്റെ തീരെച്ചെറിയൊരു ശതമാനമേ വരുന്നുള്ളൂ.

പിഡോഫീലിയ ഉള്ളവരെല്ലാം കുട്ടികളെ ലൈംഗികമായി ഉപദ്രവിച്ചെന്നു വരില്ല. കുട്ടികളോട് ലൈംഗികാകര്‍ഷണം തോന്നുന്ന ഒരു വ്യക്തി അത് തെറ്റാണെന്ന സ്വന്തം നീതിബോധത്തിലോ സ്വന്തം കുടുംബം അടക്കം സമൂഹം തന്നെ പുറന്തള്ളും എന്ന ഭയത്തിലോ കര്‍ശനമായ നിയമങ്ങള്‍ മൂലം ജീവിതകാലം തടവിലാക്കപ്പെട്ടേക്കാം എന്ന ഭീതിയിലോ ആ ആകര്‍ഷണം പ്രവൃത്തിയിലാക്കാതിരിക്കാം. എന്നാല്‍, പിഡോഫൈലുകള്‍ അല്ലാത്തവരാണ് കുട്ടികളെ ലൈംഗികമായി ഉപദ്രവിക്കുന്നവരില്‍ പകുതിയിലേറെയും. പിഡോഫൈല്‍ ആയാലും അല്ലാതെയുള്ള കുറ്റവാളി ആയാലും കുട്ടികള്‍ക്കു മേല്‍ ലൈംഗികാക്രമണം നടത്തിയാല്‍ ചൈല്‍ഡ് സെക്സ് അബ്യൂസ് എന്ന രീതിയിലാണ് നിയമം കാണുന്നത്. അതിനാല്‍തന്നെ കടുത്ത ശിക്ഷയാണ് നല്‍കുക.

പിഡോഫീലിയ ഒരു സാമൂഹിക പ്രശ്നമാണ്. കുട്ടികളില്‍ അത് സൃഷ്ടിക്കുന്ന മാനസിക സംഘര്‍ഷങ്ങള്‍ കണക്കില്ലാത്തതാണ്. തിരിച്ചറിയുക, കണ്ടെത്തുക, ചികിത്സിക്കുക എന്നതല്ലാതെ ഈ രോഗാവസ്ഥയെ മറികടക്കാന്‍ മറ്റുവഴികളുമില്ല.

പിഡോഫൈല്‍ ആയവരില്‍ അന്‍പതു മുതല്‍ അറുപത് ശതമാനം ആളുകള്‍ അമിതമായി ലഹരിവസ്തുക്കള്‍ ഉപയോഗിക്കുന്നവരാണെന്നും എന്നാല്‍ ലഹരിയിലായിരിക്കുമ്പോഴും സാധാരണ അവസ്ഥയിലും ഇവര്‍ തങ്ങളുടെ ലൈംഗികതാല്‍പ്പര്യം അങ്ങനെതന്നെ പ്രകടിപ്പിക്കുന്നതായും ചില പഠനങ്ങള്‍ പറയുന്നു. അതുപോലെ ഭൂരിഭാഗം പിഡോഫിലുകളും ചെറുപ്പത്തില്‍ മുതിര്‍ന്നവരില്‍ നിന്നുളള ലൈംഗികാതിക്രമത്തിനു വിധേയവരായവരാണെന്നും നിരീക്ഷണങ്ങളുണ്ട്.

എല്ലാ ശിശുപീഡകരും പിഡോഫിലുകളല്ല എന്നു നേരത്തേ പറഞ്ഞല്ലോ, എന്നാല്‍ ശിശുപീഡനം ആവര്‍ത്തിക്കുന്നവരില്‍ നല്ലൊരു ശതമാനം പേരിലും പിഡോഫിലിയ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ചില പഠനങ്ങള്‍ പറയുന്നു. അതായത് ഒരിക്കല്‍ ചെയ്ത കൃത്യം പിടിക്കപ്പെട്ടാലും വീണ്ടും വീണ്ടും ചെയ്യാനുള്ള പ്രവണത തുടരുന്നുവെങ്കില്‍ അവര്‍ പിഡോഫിലിയ എന്ന അവസ്ഥയുള്ളവരാണെന്ന് കരുതേണ്ടി വരും. എന്നാല്‍, ഇത് സ്ഥിരീകരിക്കുക അത്ര എളുപ്പമല്ല. റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുളള കേസുകളില്‍ ഭൂരിഭാഗം പിഡോഫിലുകളും പുരുഷന്മാരാണ്. ഒരു ശതമാനം മാത്രമാണു സ്ത്രീകള്‍. ഇതില്‍ത്തന്നെ പുരുഷ പിഡോഫിലുകളായ ശിശുപീഡകരില്‍ ഭൂരിഭാഗവും കൗമാരപ്രായത്തില്‍ തങ്ങളേക്കാള്‍ നാലോ അഞ്ചോ വയസ്സിനിളയ കുട്ടികളുടെ നേര്‍ക്ക് ലൈംഗികാതിക്രമം നടത്തിയിട്ടുളളവരായിരിക്കുമെന്നും ചില പഠനങ്ങള്‍ പറയുന്നു.

പിഡോഫീലിയ ഒരു ആജീവനാന്ത മാനസിക അവസ്ഥയാണ്. അതിന്റെ ലക്ഷണങ്ങള്‍ക്ക് ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളില്‍ ഏറ്റക്കുറച്ചിലുകള്‍ വരാം. പ്രായമേറും തോറും ഇത്തരം ലൈംഗിക താല്പര്യങ്ങള്‍ കുറഞ്ഞു വരുന്നതായാണ് പൊതുവേ കാണുന്നത്. വലിയൊരു ശതമാനത്തിനും ഒപ്പം മറ്റേതെങ്കിലും മാനസിക രോഗങ്ങള്‍ കൂടി നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. ആന്റിസോഷ്യല്‍ പേഴ്സണാലിറ്റി ഡിസോര്‍ഡര്‍ പോലുള്ള വ്യക്തി വൈകല്യങ്ങളും ഇത്തരക്കാരില്‍ ചിലര്‍ക്കെങ്കിലും ഉണ്ടാകാം. ബാല്യത്തില്‍ ലൈംഗിക പീഡനത്തിന് ഇരയായവരില്‍ ഈയവസ്ഥ കൂടുതലായി കണ്ടുവരുന്നുണ്ട്. അമിതമായ ലൈംഗിക ത്വര, തീവ്രമായ കുറ്റബോധം എന്നിങ്ങനെ ഇത്തരക്കാരില്‍ കണ്ടുവരുന്ന ചില പ്രശ്നങ്ങള്‍ ചിലപ്പോള്‍ മനശാസ്ത്ര ചികിത്സയിലൂടെ മെച്ചപ്പെട്ടേക്കാം.

പീഡനത്തിന്റെ മാനസിക ശാസ്ത്രം

ലോകാരോഗ്യ സംഘടനയുടെ നിര്‍വചനം അനുസരിച്ച് ലൈംഗിക സഹകരണം നേടിയെടുക്കാനുള്ള ബലപ്രയോഗം, അനാവശ്യമായ ലൈംഗിക കമന്റുകള്‍, നിര്‍ബന്ധമായി ഒരു വ്യക്തിയുടെ ലൈംഗികതയെ ലക്ഷ്യമിടുന്ന പ്രവര്‍ത്തികള്‍, ലൈംഗിക ചൂഷണത്തിനായി കടത്തിക്കൊണ്ടുപോകാന്‍ ശ്രമിക്കുക തുടങ്ങിയവ ഏതൊരു പ്രവൃത്തിയും ലൈംഗിക അതിക്രമമായാണ് കണക്കാക്കുന്നത്.

ശാരീരിക ബലപ്രയോഗത്തിലൂടെ ലൈംഗിക ബന്ധം ആരംഭിക്കുന്നത് കൂടാതെ, വിധേയയാകുന്ന വ്യക്തി തന്റെമേല്‍ പ്രയോഗിക്കപ്പെടുന്ന അതിക്രമത്തിന്റെ സ്വഭാവം മനസ്സിലാക്കാന്‍ കഴിയാതിരിക്കുന്നതും, നിരസിക്കാന്‍ കഴിയാതിരിക്കുന്നതും, താല്പര്യക്കുറവ് വ്യക്തമാക്കാന്‍ ഉള്ള കഴിവുകേടും ഒക്കെ ലൈംഗികത പീഡനമായിത്തീരുന്നതിനു കാരണമാകുന്നു. ഇത് പ്രായപൂര്‍ത്തിയാകാത്തതു മൂലമുള്ള പക്വതക്കുറവ്, രോഗം, വൈകല്യം എന്നിവയോ മദ്യം മയക്കുമരുന്ന് തുടങ്ങിയവയുടെ പ്രഭാവം എന്നിവയോ വിരട്ടിലോ സമ്മര്‍ദ്ദം ചെലുത്തലോ മൂലം ആകാം. ഇവയൊക്കെ ബലാത്സംഗത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്താറുമുണ്ട്. അതായത് ശക്തര്‍ ദുര്‍ബലരുടെ മേല്‍ പ്രയോഗിക്കുന്ന അധികാര പ്രകടനം കൂടിയാണിത്.

ഇത് തന്നെയാണ് ബാലപീഡകരുടെ മനോഭാവം. ശക്തര്‍ ദുര്‍ബലരുടെ മേല്‍ പ്രയോഗിക്കുന്ന അധികാര പ്രകടനമായി മാത്രം ഇതിനെ കണ്ടാല്‍ മതി. ഇതിന് ചികിത്സ ശക്തമായ നിയമവും അതിന്റെ കൃത്യമായ നടത്തിപ്പും മാത്രമാണ്.

കുട്ടികളുടെ നിസഹായവസ്ഥയെ മുതലെടുത്ത് തങ്ങള്‍ക്ക് ഉള്ള അധികാരം ഉപയോഗിച്ചു ലൈംഗിക ആവിശ്യങ്ങള്‍ നിറവേറ്റുന്നതിന് കൃത്യമായി തിരിച്ചറിയപ്പെട്ടിട്ടിട്ടുള്ള നിരവധി കാരണങ്ങള്‍ ഉണ്ട്. അതിലൊന്ന് പീഡോഫീലിയ ആണെങ്കില്‍ മറ്റൊന്ന് മുതിര്‍ന്ന സമപ്രായത്തിലുള്ള സ്ത്രികളുമായി ബന്ധത്തിന് ധൈര്യമില്ലാതിരിക്കുയോ അവരുമായി ആശയവിനിമയം നടത്താനുള്ള ദൗര്‍ബല്യമോ ഒരു കാരണമാകാം.

പ്രായത്തിനനുസരിച്ചുള്ള വളര്‍ച്ചയുടെ ഭാഗമായി ലൈംഗിക സ്വത്വം വ്യക്തികളില്‍ രൂപപ്പെടുന്നു. ഇതിനേതുടര്‍ന്നുള്ള ശാരീരിക മാറ്റങ്ങളുടെ ഭാഗമായി ലൈംഗിക ആഗ്രഹനിവര്‍ത്തിക്കായി ചിലര്‍ അവസരങ്ങള്‍ ഉപയോഗിക്കുന്നു. മറ്റ് ചിലര്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നു. എന്നാല്‍ ശാരീരിക വളര്‍ച്ചയ്ക്കനുസരിച്ച് മാനസിക വളര്‍ച്ച സംഭവിക്കാത്തവരില്‍ ചുരുക്കം ചിലര്‍ക്ക് സ്വന്തം ശരീരത്തിന്റെ മാറ്റത്തെ ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞെന്ന് വരില്ല. സമപ്രായക്കാരുമായി ചങ്ങാത്തം കൂടാനുള്ള കഴിവില്ലാത്തത് വലിയ പ്രതിസന്ധിയുണ്ടാക്കുന്നു. എന്നാല്‍ കുട്ടികളുമായി ചങ്ങാത്തം കൂടാന്‍ എളുപ്പം സാധിക്കുകയും ചെയ്യും. അവസരോചിതമായി തങ്ങളുടെ ആഗ്രഹനിവര്‍ത്തീകരണത്തിന് ഈ ചങ്ങാത്തം ഉപയോഗിക്കുകയും ചെയ്യാം.

സംതൃപ്തമല്ലാത്ത ലൈംഗിക ജീവിതം നയിക്കുന്നവര്‍ വഴിയും കുട്ടികള്‍ പീഡനത്തിനിരയാക്കപ്പെടുന്നു. പങ്കാളിയുമായി സുഖകരമല്ലാത്ത, അല്ലെങ്കില്‍ തനിക്ക് പങ്കാളിയെ തൃപ്തിപ്പെടുത്താന്‍ കഴിയില്ല എന്ന മിഥ്യാധാരണയോ കാരണം അസംതൃപ്തമായ മാനസികാവസ്ഥയിലായവര്‍ കുട്ടികളിലേക്ക് തിരിയുമെന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. എല്ലാവരും അങ്ങനെയാണെന്നല്ല.

മിഥ്യാഭിമാനം വളരുകയും അത് സ്വന്തം അസ്തിത്വത്തിനെ ചോദ്യം ചെയ്യുകയും ചെയ്യുന്ന തലത്തിലേക്ക് വളരുമ്പോഴാണ് ഇത്തരക്കാര്‍ കുട്ടികളിലേക്ക് തിരിയുന്നത്. തങ്ങളുടെ കുറവുകള്‍ കുട്ടികള്‍ തിരിച്ചറിയില്ലെന്ന് അവര്‍ കരുതുന്നു. കൂടെ തന്റെ ആവശ്യങ്ങള്‍ കൃത്യമായി നിറവേറുകയും ചെയ്യും. അങ്ങനെ വരുമ്പോള്‍ സ്വന്തം കുടുംബത്തിലെ കുട്ടികളെപ്പോലും ഉപയോഗിക്കുന്നതിന് യാതൊരു മടിയുമില്ലാത്തവരായി ഇവര്‍ മാറുന്നു.സ്വന്തം മകളോ, സഹോദരങ്ങളുടെ മകളോ എന്ന വകഭേദമില്ലാതെ ഏതൊരു കുട്ടിയുടെ നേര്‍ക്കും പ്രയോഗിക്കുന്ന ഈ ലൈംഗികാതിക്രമം തികച്ചും മാനസിക വൈകല്യമായി പരിണമിക്കുകയും ചെയ്യുന്നതോടെ ഒരുവ്യക്തിയുടെ പതനം പൂര്‍ണമാകുന്നു. ഇതിനൊപ്പം നിരവധി കുട്ടികളുടെ ഭാവിയും ഇരുളടയുന്നു.

ഇതിനൊപ്പം അധികാരത്തിന്റെയും സ്വാധീനത്തിന്റെയും സ്ഥാനങ്ങളിലിരിക്കുന്ന പുരോഹിതര്‍, രക്ഷിതാക്കള്‍, അധ്യാപകര്‍, ബന്ധുക്കള്‍ തുടങ്ങിയവരില്‍ നിന്നും പീഡനത്തിന്റെ സമീപനങ്ങളുണ്ടാകുന്നതെന്നത് ശ്രദ്ധേയമാണ്. ഇവിടെ സ്വന്തം സ്വാധീനവും അധികാരവും നിസ്സഹായരായ കുട്ടികളുടെ മേല്‍ പ്രയോഗിക്കുകയാണ് ചെയ്യുന്നത്. പ്രണയം നടിച്ച് കൊച്ചു പെണ്‍കുട്ടികളെ ലൈംഗികമായി ഉപയോഗിക്കുന്ന കേസുകളും ധാരാളം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. അതുകൊണ്ടുതന്നെ പീഡനങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കാനും ഇടവരികയും ചെയ്യുന്നു. പലപ്പോഴും ഒന്നിലധികം തവണ പീഡനം നടന്ന ശേഷമാകാം വിവരങ്ങള്‍ പുറത്തറിയുന്നത് തന്നെ.

പീഡനവിധേയരായവരെ എങ്ങനെ തിരിച്ചറിയാം?

പ്രായത്തിനപ്പുറമുള്ള ലൈംഗിക പരിജ്ഞാനം. സംസാരത്തിലും പെരുമാറ്റത്തിലും വരയ്ക്കുന്ന ചിത്രങ്ങളിലുമെല്ലാം സെക്സിനെക്കുറിച്ചുള്ള സൂചനകള്‍. കളിപ്പാട്ടങ്ങളും മറ്റും കൊണ്ട് ജനനേന്ദ്രിയങ്ങള്‍ കൈകാര്യം ചെയ്യാനുള്ള ശ്രമങ്ങള്‍. മറ്റുകുട്ടികള്‍ക്ക് നേരെ നടത്തുന്ന ലൈംഗിക ചേഷ്ടകളും അനുബന്ധ പ്രവൃത്തികളും. പൊതു ഇടങ്ങളില്‍ സ്വയംഭോഗത്തിന് മുതിരുക. ലൈംഗികാവയവങ്ങളില്‍ വേദന, ചൊറിച്ചില്‍, നിറംമാറ്റം, രക്തസ്രാവം തുടങ്ങിയവ.
വിശപ്പില്ലായ്മ, ഭക്ഷണം വിഴുങ്ങാനുള്ള ബുദ്ധിമുട്ട്, സ്വയം മുറിവുകളേല്‍പ്പിക്കാനും അംഗഭംഗപ്പെടുത്താനുമുള്ള പ്രവണത.

അപ്രതീക്ഷിത ഭാവമാറ്റങ്ങള്‍. ഉദാഹരണത്തിന്‌ ഭയവും പെട്ടെന്നുള്ള ദേഷ്യവും അനിയന്ത്രിതമായ കരച്ചിലും, അക്രമസ്വഭാവവും, ഉള്‍വലിയലും. പ്രത്യക്ഷകാരണങ്ങളൊന്നും കൂടാതെ ചില ആളുകളെയോ സ്ഥലങ്ങളെയോ പ്രവൃത്തികളെയോ ഒഴിവാക്കാനോ അകറ്റിനിര്‍ത്താനോ ശ്രമിക്കുന്നത്. പതിവില്ലാതെ തന്നേക്കാള്‍ പ്രായം കുറഞ്ഞ കുട്ടികളെപ്പോലെ പെരുമാറുന്നത്. കുട്ടിയുടെ കൈവശം എവിടുന്നെന്ന് വ്യക്തമാകാത്ത വിധം പണം കാണപ്പെടുന്നത്.

ഇതിനൊക്കെ പുറമെ ആത്മനിന്ദ, ആത്മവിശ്വാസക്കുറവ്, ആത്മഹത്യാ പ്രവണത, വിഷാദം, ഉത്കണ്ഠ, ലഹരിയുപയോഗം, നിദ്രാരോഗങ്ങള്‍, ഭക്ഷണശീല പ്രശ്നങ്ങള്‍, മനഃക്ലേശം മൂലമുണ്ടാകുന്ന വ്യക്തമായ രോഗകാരണം കണ്ടെത്താനാവാത്ത ശാരീരികാസ്വാസ്ഥ്യങ്ങള്‍ (Psychosomatic Disorders), പഠനത്തില്‍ പുറകോട്ട് പോകല്‍ എന്നിങ്ങനെ കുട്ടികള്‍ക്ക് ഉണ്ടാകാനിടയുള്ള പ്രശ്നങ്ങള്‍ അനവധിയാണ്.

(തുടരും)

Content Highlights: Pedophilia, child abuse, Child Pornography Site

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Pulli Bhagavathi Theyyam

5 min

മനസുകൊണ്ടും ശരീരംകൊണ്ടും തെയ്യത്തിനുവേണ്ടി സജ്ജമാക്കപ്പെടുന്ന നാളുകള്‍ | തെയ്യക്കാലം-02

Nov 30, 2022


anganvadi j philip
SERIES

5 min

എല്ലാവർക്കും സ്മാർട്ടാവണം, അങ്കണവാടികളുടെ തലക്കുറി മാറ്റുമോ ഗ്രേഡിങ്?

Jun 25, 2022

Most Commented