
ഇന്‍ഡൊനീഷ്യയുടെ ഭാഗമായ പടിഞ്ഞാറന്‍ പപ്പുവയിലെ എന്‍ഡുഗയില്‍നിന്ന് ഈ വര്‍ഷം ഫെബ്രുവരി ഏഴിനാണ് ഒരു ന്യൂസിലാന്‍ഡ് പൈലറ്റിനെ സായുധ സംഘം തട്ടിക്കൊണ്ടുപോകുന്നത്. പടിഞ്ഞാറന്‍ പാപ്പുവയുടെ സ്വാതന്ത്ര്യസമരത്തിന് വേണ്ടി പോരാടുന്ന വെസ്റ്റ് പാപ്പുവ ലിബറേഷന്‍ ആര്‍മിയാണ് പൈലറ്റിനെ തട്ടിക്കൊണ്ടുപോയത്. ടി.പി.എന്‍.പി.ബി. എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ഇവര്‍ പാപ്പുവ ലിബറേഷന്‍ മൂവ്മെന്റിന്റെ (ഒ.പി.എം) സായുധ വിഭാഗമാണ്. ഇന്‍ഡൊനീഷ്യന്‍ വിമാന കമ്പനിയായ സുസി എയറിന്റെ ചെറുവിമാനം പ്രദേശത്ത് ലാന്‍ഡ് ചെയ്തതിന് പിന്നാലെ വിമതര്‍ ആക്രമിക്കുകയും പൈലറ്റിനെ ബന്ദിയാക്കുകയുമായിരുന്നു. സംഭവം നടന്ന് ഏതാണ്ട് രണ്ട് മാസം പിന്നിട്ടിട്ടും ടി.പി.എന്‍.പി.ബി. പൈലറ്റിനെ എവിടെയാണ് ഒളിപ്പിച്ചിരിക്കുന്നതെന്ന് സൈന്യത്തിനും പോലീസിനും ഇപ്പോഴും ഒരു സൂചനയും ലഭിച്ചിട്ടില്ല. എങ്കിലും, സംഘത്തെ തിരഞ്ഞ് ഇന്‍ഡൊനീഷ്യന്‍ സൈന്യം പാപ്പുവന്‍ ഗ്രാമങ്ങളിലേക്ക് ഇരച്ചുകയറി. പല മേഖലകളിലും പേടിച്ചുവിറച്ച ഗ്രാമീണര്‍ വീടുകള്‍ പോലും ഉപേക്ഷിച്ച് പലായനം ചെയ്തു. പിന്നാലെ സുരക്ഷാ സേനയും വിമതരും ഏറ്റുമുട്ടി. കലാപത്തില്‍ ഒട്ടേറെ സാധാരണക്കാര്‍ക്കാണ് ജീവന്‍ നഷ്ടമായത്.
ആറ് പതിറ്റാണ്ടുകളായി സംഘര്‍ഷഭരിതമാണ് ന്യൂ ഗിനിയ ദ്വീപിന്റെ പടിഞ്ഞാറന്‍ പകുതിയും പടിഞ്ഞാറന്‍ പാപ്പുവ എന്ന് സാധാരണയായി അറിയപ്പെടുന്ന ഇന്‍ഡൊനീഷ്യയുടെ ഈ കിഴക്കന്‍ പ്രദേശം. 1969-ല്‍ 'ആക്റ്റ് ഓഫ് ഫ്രീ ചോയ്സ്' എന്ന് വിളിക്കപ്പെട്ട ഹിതപരിശോധനയിലൂടെ ഇന്‍ഡൊനീഷ്യയുടെ ഭാഗമായതിനു ശേഷം പടിഞ്ഞാറന്‍ പാപ്പുവ സ്ഥിരത അനുഭവിച്ചിട്ടില്ല. 1962-ലെ ന്യൂയോര്‍ക്ക് ഉടമ്പടിയും 1969-ലെ 'ആക്റ്റ് ഓഫ് ഫ്രീ ചോയ്സ്' എന്ന് വിളിക്കപ്പെട്ട ഹിതപരിശോധനയും വഴി പടിഞ്ഞാറന്‍ പാപ്പുവയെ തങ്ങളുടെ ഭാഗമാക്കി കൂട്ടിച്ചേര്‍ക്കുകയാണ് ഇന്‍ഡൊനീഷ്യ ചെയ്തത്. പാപ്പുവന്‍ ജനതയുടെ സ്വാതന്ത്ര്യമോഹങ്ങള്‍ക്ക് മേല്‍ ആണിയടിച്ചുകൊണ്ടുള്ള ആ നടപടി വലിയ തോതിലുള്ള അവരുടെ ചെറുത്തുനില്‍പ്പിനാണ് വഴിവെച്ചത്. പിന്നാലെ ഫ്രീ പാപ്പുവ ഓര്‍ഗനൈസേഷന്റെ കീഴില്‍ സ്വാതന്ത്ര്യ പ്രക്ഷോഭങ്ങള്‍ ആരംഭിച്ചു. സ്വാതന്ത്ര്യത്തിന് വേണ്ടി അവര്‍ ആയുധമെടുത്ത് പോരാട്ടത്തിനിറങ്ങിയതോടെ പതിറ്റാണ്ടുകളായി മേഖലയില്‍ സംഘര്‍ഷം പുകയുകയാണ്.
ആദ്യം ഡച്ച് കോളനി, ഇപ്പോള്‍ ഇന്‍ഡൊനീഷ്യയ്ക്ക് കീഴില്‍
ഇന്‍ഡൊനീഷ്യന്‍ സ്വാതന്ത്ര്യസമരത്തോളം പഴക്കമുണ്ട് പാപ്പവയിലെ സംഘര്‍ഷങ്ങള്‍ക്കും. ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് മെലോനേഷ്യന്‍ വംശജര്‍ ആദ്യമായി പാപ്പുവയിലേക്ക് കുടിയേറുന്നത്. 1898-ലാണ് പടിഞ്ഞാറന്‍ പാപ്പുവ നെതര്‍ലന്‍ഡ്‌സിന്റെ കോളനിയാകുന്നത്. അക്കാലത്ത് ഇന്‍ഡൊനീഷ്യന്‍ ദ്വീപുകളും ഡച്ചുകാരുടെ കോളനിയായിരുന്നു. 1945 ഓഗസ്റ്റ് 17-ന് ഇന്‍ഡൊനീഷ്യ നെതര്‍ലന്‍ഡ്‌സില്‍നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചു. എന്നാല്‍ നെതര്‍ലന്‍ഡ്സ് ന്യൂഗിനിയില്‍ (ഇന്നത്തെ പാപ്പുവ) സ്വാധീനം നിലനിര്‍ത്താനും ഈ പ്രദേശത്തെ സ്വയം ഭരണ പ്രദേശമാക്കി മാറ്റാനും ഡച്ച് സര്‍ക്കാര്‍ ആഗ്രഹിച്ചു. ഭൂമിശാസ്ത്രപരമായും വംശീയമായും സാംസ്‌കാരികമായും ഇന്‍ഡൊനീഷ്യയില്‍നിന്ന് വളരെ വ്യത്യസ്തമായിരുന്നു വെസ്റ്റ് പപ്പുവ. ഇന്‍ഡൊനീഷ്യ മുസ്ലീം ഭൂരിപക്ഷമായിരുന്നപ്പോള്‍ പാപ്പുവയില്‍ മെലോനേഷ്യന്‍ വംശജരായ ക്രിസ്ത്യാനികളായിരുന്നു ഭൂരിപക്ഷം. അതിനാല്‍തന്നെ 1950-കളില്‍ വെസ്റ്റ് പാപ്പുവയ്ക്ക് സ്വാതന്ത്ര്യം നല്‍കാനുള്ള തയ്യാറെടുപ്പുകള്‍ ഡച്ച് സര്‍ക്കാര്‍ ആരംഭിച്ചു. അവര്‍ 1961-ല്‍ ന്യൂഗിനിയ കൗണ്‍സില്‍ രൂപീകരിച്ചു. പിന്നാലെ ജനങ്ങള്‍ സ്വാതന്ത്ര്യം പ്രഖ്യാപിക്കുകയും പുതിയ പതാക ഉയര്‍ത്തുകയും ചെയ്തു. ആ വര്‍ഷം ഡിസംബര്‍ ഒന്നിന് ആദ്യമായി മോണിംഗ് സ്റ്റാര്‍ പതാക ഉയര്‍ത്തി. ആ പതാക പിന്നീട് പാപ്പുവന്‍ സ്വാതന്ത്ര്യ സമരത്തിന്റെ പ്രതീകമായി മാറി.
പാപ്പുവന്‍ ജനതയുടെ സ്വാതന്ത്ര്യമോഹത്തിന് മാസങ്ങള്‍ മാത്രമാണ് ആയുസുണ്ടായിരുന്നത്. നെതര്‍ലന്‍ഡിന്റെ നീക്കത്തെ ഇന്‍ഡൊനീഷ്യ എതിര്‍ത്തു. ഏഷ്യ-പസഫിക് മേഖലയിലെ മുന്‍ ഡച്ച് കോളനികളെല്ലാം തങ്ങളുടെ ഭാഗമാകണമെന്നാണ് ഇന്‍ഡൊനീഷ്യന്‍ ഗവണ്‍മെന്റ് ആഗ്രഹിച്ചത്. അധികം വൈകാതെ ഇന്‍ഡൊനീഷ്യന്‍ സൈന്യം പടിഞ്ഞാറന്‍ പാപ്പുവയെ ആക്രമിക്കുകയും ചെയ്തു. പ്രദേശത്തിന്റെ നിയന്ത്രണം സംബന്ധിച്ച് നെതര്‍ലന്‍ഡ്സും ഇന്‍ഡൊനീഷ്യയും തദ്ദേശീയരും തമ്മില്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടു. എന്നാല്‍ കാര്യമായ നേട്ടമുണ്ടാക്കാനാകാതെ വന്നതോടെ ഇന്‍ഡൊനീഷ്യന്‍ സര്‍ക്കാര്‍ സഹായത്തിനായി സോവിയറ്റ് യൂണിയനെ സമീപിച്ചു.
അമേരിക്കയും റഷ്യയും തമ്മില്‍ ശീതയുദ്ധം കൊടുമ്പിരിക്കൊണ്ടിരിക്കുന്ന സമയമായിരുന്നു അത്. ഇന്‍ഡൊനീഷ്യ, സോവിയറ്റ് യൂണിയന്റെ പിന്തുണ തേടിയതോടെ, അവരുടെ ഇടപെടല്‍ തെക്കുകിഴക്കന്‍ ഏഷ്യയിലുണ്ടാകുമെന്നും ഏഷ്യ-പസഫിക് മേഖലയില്‍ അവര്‍ സ്വാധീനം വര്‍ധിപ്പിച്ചേക്കുമെന്നും അമേരിക്ക ഭയന്നു. പിന്നാലെ പടിഞ്ഞാറന്‍ പാപ്പുവയെ ഇന്‍ഡൊനീഷ്യയ്ക്ക് കൈമാറാന്‍ യു.എസ്. സര്‍ക്കാര്‍ ഡച്ച് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. പാപ്പുവ വിഷയത്തില്‍ ഇന്‍ഡൊനീഷ്യയും നെതര്‍ലാന്‍ഡും തമ്മില്‍ ധാരണയിലെത്തിക്കാനും യു.എസ്. സര്‍ക്കാരിന് കഴിഞ്ഞു. അതിന്റെ ഫലമായി 1962-ല്‍ ന്യൂയോര്‍ക്ക് ഉടമ്പടി നിലവില്‍ വന്നു. ഇത് പ്രകാരം പടിഞ്ഞാറന്‍ പാപ്പുവയുടെ നിയന്ത്രണം ഐക്യ രാഷ്ട്രസഭയ്ക്ക് നല്‍കുകയും ഒരു വര്‍ഷത്തിന് ശേഷം നിയന്ത്രണം ഇന്‍ഡൊനീഷ്യയിലേക്ക് മാറ്റുകയും ചെയ്തു. എന്നാല്‍ ഇക്കാര്യങ്ങളിലൊന്നും പാപ്പുവന്‍ ജനതയുടെ അഭിപ്രായം തേടിയില്ലെന്നാണ് അവരുടെ പരാതി. എങ്കിലും കരാറില്‍ അവര്‍ക്ക് സ്വയം നിര്‍ണ്ണയത്തിനുള്ള അവകാശം വാഗ്ദാനം ചെയ്തിരുന്നു.
1969 ആയപ്പോഴേക്കും ഇന്‍ഡൊനീഷ്യന്‍ ഭരണത്തിനെതിരേ പാപ്പുവന്‍ ജനതയില്‍നിന്ന് വ്യാപകമായ ചെറുത്തുനില്‍പ്പുകള്‍ ഉണ്ടായി. പടിഞ്ഞാറന്‍ പാപ്പുവ പിടിച്ചടക്കിയ ഏഴ് വര്‍ഷത്തിനുള്ളില്‍ ഇന്‍ഡൊനീഷ്യന്‍ സൈന്യം ആയിരക്കണക്കിന് തദ്ദേശീയരെ കൊലപ്പെടുത്തുകയും തടവിലാക്കുകയും ചെയ്തു. ഈ കാലഘട്ടത്തിലായിരുന്നു പാപ്പുവയില്‍ ഹിതപരിശോധന നടന്നത്. ഇന്‍ഡൊനീഷ്യയുടെ ഭാഗമായി തുടരുക അല്ലെങ്കില്‍ ഒരു സ്വതന്ത്ര രാഷ്ട്രമാകുക എന്നതായിരുന്നു പാപ്പുവയിലെ ജനങ്ങള്‍ക്ക് തിരഞ്ഞെടുക്കേണ്ടിയിരുന്നത്. പടിഞ്ഞാറന്‍ പാപ്പുവയിലെ ജനങ്ങളുടെ ഹിതപരിശോധനയ്ക്ക് ഐക്യരാഷ്ട്രസഭ മേല്‍നോട്ടം വഹിച്ചു. ഈ പരിശോധന 'ആക്റ്റ് ഓഫ് ഫ്രീ ചോയ്സ്' എന്നാണ് വിളിക്കപ്പെട്ടത്. എന്നാല്‍ പരിശോധന അട്ടിമറിക്കപ്പെട്ടുവെന്ന് പാപ്പുവന്‍ ജനത ആരോപിച്ചു.
സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പിന് മേല്‍നോട്ടം വഹിക്കുന്നതിനുപകരം, ഇന്‍ഡൊനീഷ്യ വോട്ടിങ്ങില്‍ കൃത്രിമം കാണിച്ചപ്പോള്‍ യു.എന്‍. നോക്കിനിന്നുവെന്നാണ് അവരുടെ എക്കാലത്തേയും ആരോപണം. ഇന്‍ഡൊനീഷ്യന്‍ സൈന്യം പത്തു ലക്ഷം വരുന്ന ജനസംഖ്യയില്‍ വെറും 1026 'പ്രതിനിധികളെ' തിരഞ്ഞെടുത്ത് അവര്‍ക്ക് കൈക്കൂലി നല്‍കിയും ഭീഷണിപ്പെടുത്തിയുമാണ് ഹിതപരിശോധനാഫലം അനുകൂലമാക്കിയതെന്നാണ് ആരോപണം. ഇന്‍ഡൊനീഷ്യന്‍ ഭരണത്തിനെതിരേ വ്യാപകമായ എതിര്‍പ്പ് ഉണ്ടായിരുന്നിട്ടും 1,026 പേരും ഇന്‍ഡൊനീഷ്യയുടെ ഭാഗമായി തുടരാന്‍ വോട്ട് ചെയ്തു. പിന്നാലെ തിരഞ്ഞെടുപ്പ് യു.എന്‍. അംഗീകരിക്കുകയും ചെയ്തു. അന്നുമുതല്‍ പടിഞ്ഞാറന്‍ പാപ്പുവ ഇന്‍ഡൊനീഷ്യന്‍ ഭരണകൂടത്തിന്റെ നിയന്ത്രണത്തിലാണ്.

അധിനിവേശത്തിനെതിരേ നിരന്തര പോരാട്ടം
ഇന്‍ഡൊനീഷ്യന്‍ അധിനിവേശത്തിന്റെ ആദ്യ നാളുകള്‍ മുതല്‍ പടിഞ്ഞാറന്‍ പാപ്പുവയിലെ ജനങ്ങളും ഭൂമിയും നിരന്തരമായ ആക്രമണത്തിന് വിധേയമാണ്. പാപ്പുവന്‍ ജനതയെ നിയന്ത്രിക്കാനും മേഖലയില്‍ നിന്നുള്ള വിഭവങ്ങള്‍ പരിധിയില്ലാതെ കൊള്ളയടിക്കാനുമായി ഇന്‍ഡൊനീഷ്യന്‍ സൈന്യം ആസൂത്രിതമായി ആളുകളെ കൊലപ്പെടുത്തുകയും പീഡിപ്പിക്കുകയും ചെയ്യുന്നുവെന്നാണ് ആരോപണം. ഇത് വലിയ തോതിലുള്ള വംശഹത്യയാണെന്നാണ് വിവിധ കോണുകളില്‍നിന്ന് ആരോപണം ഉയര്‍ന്നത്. അമേരിക്കയുടെയും ബ്രിട്ടന്റെയും ഉടമസ്ഥതയിലുള്ള, ലോകത്തിലെ ഏറ്റവും വലിയ സ്വര്‍ണ ഖനിയായ ഫ്രീപോര്‍ട്ട് ഖനിക്ക് വഴിയൊരുക്കാന്‍ ആയിരക്കണക്കിന് ആളുകളെ മാറ്റിപ്പാര്‍പ്പിച്ചിരുന്നു. ഇതിന്റെ ഭാഗമായി നിരവധിപ്പേരെ കൊലപ്പെടുത്തിയെന്നാണ് ആരോപണം. ഇത് പര്‍വതത്തെ ഒരു ഗര്‍ത്തമാക്കി മാറ്റുകയും പ്രദേശത്തെ നദികളെ വിഷലിബ്ദമാക്കുകയും ചെയ്തു. പാപ്പുവന്‍ സംസ്‌കാരത്തെ ഉന്മൂലനം ചെയ്യാനുള്ള തുടര്‍ശ്രമങ്ങളുടെ ഭാഗമായി ഇന്‍ഡൊനീഷ്യയില്‍നിന്ന് പത്ത് ലക്ഷത്തോളം ആളുകളെ പാപ്പുവയിലേയ്ക്ക് മാറ്റി താമസിച്ചിപ്പിച്ചിരുന്നു.
ഇന്‍ഡൊനീഷ്യയ്ക്ക് എതിരായ പാപ്പുവന്‍ ജനതയുടെ ചെറുത്തുനില്‍പ്പ് അധിനിവേശത്തിനു ശേഷമുള്ള ആദ്യ ദിവസങ്ങളില്‍ ആരംഭിച്ചു. പടിഞ്ഞാറന്‍ പാപ്പുവയിലെ കോളനിവല്‍ക്കരണത്തെ ചെറുക്കാന്‍ 1970-ല്‍ ഫ്രീ പാപ്പുവ മൂവ്മെന്റ് എന്ന പേരില്‍ ഒരു സായുധ ഗറില്ലാ ഗ്രൂപ്പ് രൂപീകരിച്ചു. ഹിതപരിശോധന പ്രതികൂലമായ സംഭവത്തില്‍ യു.എന്നിനെ ഒരു പുനര്‍ചിന്തയ്ക്ക് പ്രേരിപ്പിക്കുകയും പാപ്പുവന്‍ ജനതയ്ക്ക് വീണ്ടും ഒരു സ്വയം നിര്‍ണയത്തിനുള്ള അവകാശം ലഭിക്കുകയുമാണ് ഫ്രീ വെസ്റ്റ് പാപ്പുവ ക്യാമ്പയിനിന്റെ പ്രധാന ലക്ഷ്യം. എന്നാല്‍ പാപ്പുവന്‍ ജനതയുടേയും ഫ്രീ പാപ്പുവ മൂവ്മെന്റിന്റേയും എല്ലാ തരത്തിലുമുള്ള സ്വാതന്ത്ര്യപ്പോരാട്ടങ്ങളെയും ഇന്‍ഡൊനീഷ്യ അടിച്ചമര്‍ത്തുകയാണുണ്ടായത്.
പാശ്ചാത്യ പിന്തുണയുള്ള സായുധരായ ഇന്‍ഡൊനീഷ്യന്‍ സൈന്യത്തിന് മുന്നില്‍ അമ്പും വില്ലും കൊണ്ടുള്ള പാപ്പുവന്‍ ജനതതയുടെ പോരാട്ടങ്ങളെവിടെയും എത്തിയില്ല. പലപ്പോഴും കടുത്ത വംശഹത്യയും ക്രൂരമായ മനുഷ്യാവകാശ ലംഘനങ്ങള്‍ അവിടെനിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. സ്വാതന്ത്ര്യം ആവശ്യപ്പെട്ടുള്ള പ്രക്ഷോഭങ്ങള്‍ ആരംഭിച്ച 1960-കള്‍ക്ക് ശേഷം സൈനികര്‍, വിമതര്‍, സാധാരണക്കാര്‍ തുടങ്ങിയവരടക്കം നാലര ലക്ഷത്തോളം പേര്‍ പാപ്പുവയില്‍ കൊല്ലപ്പെട്ടിട്ടുണ്ട് എന്നാണ് കണക്കുകള്‍.

സ്വയംഭരണം, തുടര്‍ പ്രക്ഷോഭങ്ങള്‍
പടിഞ്ഞാറന്‍ പാപ്പുവയിലെ സ്വാതന്ത്ര്യപ്പോരാട്ടം ഇടക്കാലത്ത് സായുധമാര്‍ഗത്തില്‍നിന്ന് മാറി സമാധാന മാര്‍ഗത്തിലേക്ക് തിരിയുന്നത് 1990-കളിലാണ്. 1998-ല്‍ ഇന്‍ഡൊനീഷ്യന്‍ സൈനിക സ്വേച്ഛാധിപതി ജനറല്‍ സുഹാര്‍ത്തോയുടെ പതനത്തെത്തുടര്‍ന്ന് പടിഞ്ഞാറന്‍ പാപ്പുവയില്‍ ഒരു പ്രത്യേക രാഷ്ട്രീയാവസ്ഥ രൂപപ്പെട്ടിരുന്നു. തുടര്‍ന്ന് ഇന്‍ഡൊനീഷ്യയില്‍ ഭരണത്തിലെത്തിയ ബി.ജെ.ഹബീബി പടിഞ്ഞാറന്‍ പാപ്പുവയ്ക്ക് കുറച്ചെങ്കിലും സ്വയംഭരണം ഉള്‍പ്പെടെയുള്ള നടപടികളുമായി മുന്നോട്ട് പോവുകയും ചെയ്തു. 2000-ല്‍ പാപ്പുവയിലുടനീളമുള്ള ഗോത്രങ്ങളില്‍ നിന്നുള്ള നൂറുകണക്കിന് പ്രതിനിധികള്‍ സമ്മേളിക്കുകയും മോണിംഗ് സ്റ്റാര്‍ പതാക വീണ്ടും ഉയര്‍ത്തുകയും ചെയ്തു. 1969-ലെ ഫ്രീ ചോയ്സ് നിയമത്തിന്റെ ഫലം ഈ യോഗം തള്ളിക്കളയുകയും പടിഞ്ഞാറന്‍ പാപ്പുവയെ ഒരു സ്വതന്ത്ര രാഷ്ട്രമായി വീണ്ടും പ്രഖ്യാപിക്കുകയും ചെയ്തു.
പടിഞ്ഞാറന്‍ പാപ്പുവയുടെ സ്വാതന്ത്ര്യത്തിന് ലോകരാജ്യങ്ങളുടെ അംഗീകാരം തേടുന്നതിന് പുതുതായി രൂപീകരിച്ച പാപ്പുവന്‍ പ്രിസീഡിയം കൗണ്‍സിലിന് (പി.ഡി.പി.) യോഗം അധികാരം നല്‍കി. എന്നാല്‍, ഈ പ്രതീക്ഷകള്‍ക്കും അധികം ആയുസുണ്ടായിരുന്നില്ല. പാപ്പുവ വിട്ടുപോയേക്കുമെന്ന് ഭയന്ന ഇന്‍ഡൊനീഷ്യ നടപടി തുടങ്ങി. സ്വാതന്ത്ര്യസമര റാലികളില്‍ പങ്കെടുത്തതിനും പതാകയുയര്‍ത്തിയതിനും നൂറുകണക്കിന് പാപ്പുവക്കാര്‍ അറസ്റ്റ് ചെയ്യപ്പെട്ടു. 2001 നവംബറില്‍, പി.ഡി.പിയുടെ കരിസ്മാറ്റിക് പ്രസിഡന്റ് തെയ്‌സ് എലുവേയെ ഇന്‍ഡൊനീഷ്യന്‍ പട്ടാളക്കാര്‍ കൊലപ്പെടുത്തി.
എന്നാല്‍, പാപ്പുവന്‍ ജനത തങ്ങളുടെ സ്വാതന്ത്ര്യ അഭിലാഷങ്ങള്‍ പരസ്യമാക്കുന്നത് തുടര്‍ന്നുകൊണ്ടിരുന്നു. പോലീസും സൈന്യവും അക്രമത്തിലൂടെയും ഭീഷണിയിലൂടെയും അതിനെ അടിച്ചമര്‍ത്തുകയും ചെയ്തു. പ്രത്യേക സ്വയംഭരണ അവകാശങ്ങള്‍ വാഗ്ദാനം ചെയ്താണ് ഇന്‍ഡൊനീഷ്യന്‍ ഭരണകൂടം ഇതിനേ നേരിടാന്‍ ശ്രമിച്ചത്. 2001-ല്‍ പടിഞ്ഞാറന്‍ പാപ്പുവയ്ക്ക് പ്രത്യേക സ്വയംഭരണാധികാര പദവിയുണ്ട്. പടിഞ്ഞാറന്‍ പാപ്പുവയ്ക്ക് കൂടുതല്‍ സ്വയംഭരണ അധികാരം നല്‍കാനും കൂടുതല്‍ വിഭവങ്ങള്‍ വിതരണം ചെയ്യാനും ഉദ്ദേശിച്ചുള്ളതാണ് ഈ നിയമനിര്‍മാണങ്ങളെന്നാണ് ഇന്‍ഡൊനീഷ്യ പറയുന്നത്. എന്നാല്‍ കൂടുതല്‍ അടിച്ചമര്‍ത്തുകയാണ് ഇന്‍ഡൊനീഷ്യ ചെയ്യുന്നത് എന്നാണ് വിമതര്‍ പറയുന്നത്.
2022-ല്‍ പാപ്പുവ മേഖലയെ അഞ്ചായി വിഭജിച്ച നടപടിയേയും അവര്‍ എതിര്‍ക്കുകയാണ്. താഴേത്തട്ടിലേക്ക് വികസനം എത്തിക്കുന്നതിനാണ് ഈ വിഭജനമെന്നാണ് ഇന്‍ഡൊനീഷ്യന്‍ ഭരണകൂടം അവകാശപ്പെടുന്നത്. എന്നാലിത് വലിയ തിരിച്ചടിയായാണ് വിമതര്‍ വിലരുത്തുന്നത്. തങ്ങളുടെ സ്വാതന്ത്ര്യസമര പോരാട്ടങ്ങളെ ദുര്‍ബലപ്പെടുത്തുന്ന നടപടിയായാണ് അവര്‍ കരുതുന്നത്. ഇതിനിടെ ഇന്‍ഡൊനീഷ്യ ആവിഷ്‌കരിച്ച 'കുടിയേറ്റ പദ്ധതി'യോടും പടിഞ്ഞാറന്‍ പാപ്പുവക്കാര്‍ക്ക് എതിര്‍പ്പുണ്ട്. വിഭവങ്ങള്‍ തുല്യമായി വിതരണം ചെയ്യാനും ദാരിദ്ര്യം നിര്‍മാര്‍ജനം ചെയ്യാനുമുള്ള പരിപാടി എന്നാണ് ഇന്‍ഡൊനീഷ്യ പറയുന്നതെങ്കിലും പാപ്പുവന്‍ ജനത ഇത് വിശ്വാസത്തിലെടുക്കുന്നില്ല.
1970 മുതല്‍ 1990 വരെ ഇന്‍ഡൊനീഷ്യന്‍ സര്‍ക്കാര്‍ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളില്‍നിന്നുള്ള ലക്ഷക്കണക്കിന് ആളുകളെ ട്രാന്‍സ്മിഗ്രേഷന്‍ പ്രോഗ്രാമിലൂടെ പടിഞ്ഞാറന്‍ പാപ്പുവയില്‍ താമസിപ്പിച്ചു. പ്രദേശത്തിന്റെ ജനസംഖ്യാനുപാതത്തേയും സംസ്‌കാരിക ഘടനയേയും നിര്‍ബന്ധിതമായി മാറ്റാനും പ്രദേശത്തെ കൈപ്പിടിയിലൊതുക്കാനും ലക്ഷ്യമിടുന്ന പദ്ധതിക്കെതിരേ തദ്ദേശീയരില്‍ നിന്ന് വലിയ വിമര്‍ശനമാണ് ഉയര്‍ന്നത്. സ്വന്തം ഭൂമിയിലെ തദ്ദേശീയരായ പാപ്പുവന്‍ വംശജരുടെ എണ്ണത്തിലെ കുറവിലേയ്ക്കും വന്‍തോതിലുള്ള കുടിയിറക്കത്തിലേക്കുമാണ് ഇത് വഴിവെച്ചത്.
പിന്നാലെ സമീപ വര്‍ഷങ്ങളില്‍ ഒരു പുതിയ സ്വാതന്ത്ര്യ സംഘടന കെ.എന്‍.പി.ബി (നാഷണല്‍ കമ്മിറ്റി ഫോര്‍ വെസ്റ്റ് പാപ്പുവ) മേഖലയില്‍ ശക്തിപ്പെട്ടു. അവര്‍ക്ക് കീഴില്‍ പടിഞ്ഞാറന്‍ പാപ്പുവയില്‍ ഉടനീളം വലിയ സ്വാതന്ത്ര്യ റാലികള്‍ നടത്തപ്പെട്ടു. സ്വാതന്ത്ര്യത്തിനായുള്ള പടിഞ്ഞാറന്‍ പാപ്പുവന്‍ ജനതയുടെ അഭിലാഷം ഏറ്റവും തീഷ്ണമാകുകയും അവരുടെ ശബ്ദം വലിയ തോതില്‍ പുറത്തേക്കെത്തുകയും ചെയ്തു. തല്‍ഫലമായി, അതിന്റെ അംഗങ്ങളില്‍ പലരും അറസ്റ്റുചെയ്യപ്പെടുകയും പീഡിപ്പിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്തു. 2012-ല്‍, കെഎന്‍പിബി ചെയര്‍മാന്‍ മക്കോ തബുനിയെ ഇന്‍ഡൊനീഷ്യന്‍ പോലീസ് കൊലപ്പെടുത്തി. പടിഞ്ഞാറന്‍ പാപ്പുവയുടെ പതാക ഉയര്‍ത്തിയതിന് മറ്റ് പലര്‍ക്കും പതിനഞ്ച് വര്‍ഷം വരെ നീണ്ട ജയില്‍ശിക്ഷ അനുഭവിക്കേണ്ടിവന്നു.

സ്വാതന്ത്ര്യ പോരാട്ടം ശക്തമാകുന്നു
ഇടക്കാലത്ത് ആറിത്തണുത്തുപോയ പാപ്പുവന്‍ സ്വാതന്ത്ര്യ പ്രക്ഷോഭങ്ങള്‍ 2010-ന് ശേഷമാണ് വീണ്ടും സജീവമാകുന്നത്. 2011 ഒക്ടോബര്‍ 24-ന് പുന്‍കാക് ജയ മേഖലയിലെ മുളിയ വിമാനത്താവളത്തില്‍വെച്ച് പോലീസ് മേധാവിയെ അജ്ഞാതരായ അക്രമികള്‍ വെടിവച്ചു കൊന്നു. ഫ്രീ പാപ്പുവ മൂവ്മെന്റ് ഗ്രൂപ്പിലെ അംഗങ്ങളാണ് ആക്രമണത്തിന് പിന്നിലെന്ന് ഇന്‍ഡൊനീഷ്യന്‍ പോലീസ് ആരോപിച്ചു. തുടര്‍ ആക്രമണങ്ങള്‍ ഉണ്ടായതോടെ മേഖലയില്‍ ഇന്‍ഡൊനീഷ്യ കൂടുതല്‍ സുരക്ഷാ ഉദ്യോഗസ്ഥനെ വിന്യസിച്ചു. 2012 ജനുവരി 21-ന് ഫ്രീ പാപ്പുവ മൂവ്മെന്റ് അംഗങ്ങള്‍ എന്ന് കരുതപ്പെടുന്ന ആയുധധാരികള്‍, റോഡരികില്‍ കിയോസ്‌ക് നടത്തുന്ന ഒരു സാധാരണക്കാരനെ വെടിവെച്ചു കൊന്നു. പടിഞ്ഞാറന്‍ സുമാത്രയില്‍ നിന്നുള്ള കുടിയേറ്റക്കാരനായിരുന്നു അദ്ദേഹം. 2012 ജനുവരി 8-ന് ഒരു ബസിന് നേരെ നടന്ന ആക്രമണത്തില്‍ മൂന്ന് സാധാരണക്കാരും ഇന്‍ഡൊനീഷ്യന്‍ സുരക്ഷാ സേനയിലെ ഒരാളുടെയും കൊല്ലപ്പെട്ടു.
2018 ഡിസംബര്‍ ഒന്നിന്, ഫ്രീ പാപ്പുവ മൂവ്മെന്റുമായി ബന്ധമുള്ള സായുധ സംഘം എന്‍ഡുഗ മേഖലയില്‍നിന്ന് 25 നിര്‍മാണ തൊഴിലാളികളെ തട്ടിക്കൊണ്ടുപോയി. അടുത്ത ദിവസം ഇതില്‍ 19 തൊഴിലാളികളും കൊല്ലപ്പെട്ടു. പാപ്പുവയിലെ വിതൂര സ്ഥലങ്ങളെ തമ്മില്‍ ബന്ധിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള ട്രാന്‍സ് പാപ്പുവ ഹൈവേയുടെ നിര്‍മാണത്തിലേര്‍പ്പെട്ടവരായിരുന്നു ആ തൊഴിലാളികള്‍. ഒരു സംഘം ആളുകള്‍ പാപ്പുവയുടെ മോണിംഗ് സ്റ്റാര്‍ പതാക ഉയര്‍ത്തുന്നത് നിര്‍മാണ തൊഴിലാളികളിലൊരാള്‍ ഫോട്ടോ എടുത്തതായിരുന്നു പ്രകോപനനം. പിന്നാലെ പാപ്പുവയിലെ നിര്‍മാണ പ്രവര്‍ത്തികള്‍ നിര്‍ത്തിവെയ്ക്കണമെന്നും മേഖയുടെ സ്വാതന്ത്ര്യം ആവശ്യപ്പെട്ടും സംഘന ഇന്‍ഡൊനീഷ്യന്‍ പ്രസിഡന്റിന് കത്തയച്ചു. ഈ സംഭവത്തിനു പിന്നാലെ പാപ്പുവ മേഖലയില്‍ വലിയ സൈനിക നടപടിയാണ് ഇന്‍ഡൊനീഷ്യ നടത്തിയത്. എന്നാല്‍ ഇത് ഇന്‍ഡൊനീഷ്യന്‍യില്‍നിന്ന് സ്വാതന്ത്ര്യം ആവശ്യപ്പെട്ടുള്ള പോരാട്ടം ഒ.പി.എം. ശക്തമാക്കാനാണ് വഴിവെച്ചത്.
2019 ഓഗസ്റ്റില്‍ പ്രതിഷേധങ്ങള്‍ വീണ്ടും ശക്തമായി. ഇന്‍ഡൊനീഷ്യന്‍ പതാകയോട് അനാദരവ് കാണിച്ചുവെന്നാരോപിച്ച് കിഴക്കന്‍ ജാവയിലെ സുരബായയില്‍ 43 പാപ്പുവാന്‍ വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്തിരുന്നു. ഇതിനെതിരായ പ്രതിഷേധങ്ങളില്‍ പലതിലും ആയിരക്കണക്കിന് ആളുകള്‍ പങ്കെടുത്തിരുന്നു. പ്രാദേശിക പ്രതിഷേധങ്ങളില്‍ നിന്ന് ഒരു സ്വതന്ത്ര്യ ഹിതപരിശോധന ആവശ്യപ്പെടുന്നതിലേക്ക് പ്രതിഷേധങ്ങളില്‍ പലതും വളര്‍ന്നു. പല സ്ഥലങ്ങളിലും പ്രതിഷേധങ്ങള്‍ കലാപമായി മാറി. പലയിടത്തും സര്‍ക്കാര്‍ കെട്ടിടങ്ങള്‍ നശിപ്പിക്കപ്പെട്ടു. പ്രതിഷേധക്കാരും പോലീസുകാരും തമ്മില്‍ ഏറ്റുമുട്ടി. കലാപത്തിലും സംഘര്‍ഷത്തിലും 31-ല്‍ അധികം ആളുകളാണ് കൊല്ലപ്പെട്ടത്. ഇതിന് മറുപടിയായി ഇന്‍ഡൊനീഷ്യന്‍ സര്‍ക്കാര്‍ മേഖലയില്‍ ഇന്റര്‍നെറ്റ് വിച്ഛേദിച്ചു. പാപ്പുവ സാക്ഷ്യം വഹിച്ച ഏറ്റവും മോശം ദിനങ്ങള്‍ എന്നാണ് വിദേശമാധ്യമങ്ങള്‍ ഈ ദിവസങ്ങളെ വിശേഷിപ്പിച്ചത്. 2022 ജൂലായില്‍ പാപ്പുവയെ അഞ്ച് പ്രവശ്യകളായി വിഭജിച്ചുകൊണ്ടുള്ള ഇന്‍ഡൊനീഷ്യന്‍ന്‍ സര്‍ക്കാരിന്റെ തീരുമാനത്തിനെതിരായ പ്രതിഷേധത്തേത്തുടര്‍ന്നുണ്ടായ വെടിവെപ്പില്‍ അഞ്ച് പേരാണ് കൊല്ലപ്പെട്ടത്.
ന്യൂസീലന്‍ഡ് പൈലറ്റിനെ ബന്ധിയാക്കുന്നു
ന്യൂസീലന്‍ഡ് പൈലറ്റിനെ ബന്ദിയാക്കിയതോടെയാണ് പാപ്പുവന്‍ ജനതയുടെ സ്വാതന്ത്ര്യ പോരാട്ടം വീണ്ടും അന്താരാഷ്ട്ര ശ്രദ്ധയാകര്‍ഷിക്കുന്നത്. ഈ വര്‍ഷം ഫെബ്രുവരിയില്‍ ഫിലിപ്പ് മെഹ്രെതന്‍സ് എന്ന ന്യൂസിലന്‍ഡ് പൈലറ്റിനെ ബന്ദിയാക്കിയ പ്രതിഷേധക്കാര്‍ വിമാനത്തിന് തീവെച്ചു. ഇന്‍ഡൊനീഷ്യന്‍ന്‍ ഏവിയേഷന്‍ കമ്പനിയായ സുസി എയറിന്റെ പൈലറ്റായ ഫിലിപ്പ് പാപ്പുവയിലെ പര്‍വതമേഖലയായ എന്‍ഡുഗയില്‍ ചെറു വിമാനം ഇറക്കിയതിനു പിന്നാലെയാണ് ബന്ദിയാക്കപ്പെട്ടത്. സൂസി എയര്‍ ആണ് പപ്പുവയില്‍ നിന്നും പുറത്തേക്കും വിമാനങ്ങള്‍ സര്‍വീസ് നടത്തുന്നത്. ഇവിടെ ഒരു ആരോഗ്യകേന്ദ്രം സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നിരുന്നു. എന്നാല്‍ പാപ്പുവ വിമതര്‍ ഇതിനെതിരെ രംഗത്തെത്തി. തൊഴിലാളികളെ ഒഴിപ്പിക്കുന്നതിന്റെ ഭാഗമായി മറ്റ് 15 പേര്‍ക്കൊപ്പം എത്തിയതായിരുന്നു ഫിലിപ്പ് എന്നാണ് റിപ്പോര്‍ട്ടുകള്‍. തട്ടിക്കൊണ്ടുപോകലിന്റെയും ആക്രമണത്തിന്റെയും ഉത്തരവാദിത്തം ഫ്രീ പാപ്പുവ മൂവ്മെന്റിന്റെ സായുധ വിഭാഗമായ വെസ്റ്റ് പാപ്പുവ ലിബറേഷന്‍ ആര്‍മ (ടി.പി.എന്‍.പി.ബി.) ഏറ്റെടുത്തു. തങ്ങളുടെ പ്രചാരം ആഗോളതലത്തില്‍ എത്തിക്കുന്നതിന്റെ ഭാഗമായി രാജ്യത്തുള്ള എല്ലാ വിദേശികളെയും ലക്ഷ്യമിടുന്നതായി അവര്‍ പ്രസ്താവിച്ചു.
ഫിലിപ്പിനൊപ്പമുള്ള അഞ്ചു പേരേയും തട്ടിക്കൊണ്ടുപോയെങ്കിലും തദ്ദേശീയരായതിനാല്‍ വിട്ടയച്ചു. ഫിലിപ്പിന് സായുധരായ സായുധ വിമതര്‍ കാവല്‍ നില്‍ക്കുന്ന ചിത്രങ്ങളും പുറത്തുവന്നിരുന്നു. പ്രദേശത്തിന്റെ സ്വാതന്ത്ര്യ പോരാട്ടം അധികാരികള്‍ തിരിച്ചറിയുന്നതുവരെ ഫിലിപ്പിനെ മോചിപ്പിക്കില്ലെന്നാണ് സംഘടന വ്യക്തമാക്കിയത്. പിന്നാലെ ന്യൂസിലന്‍ഡ് പൈലറ്റിനെ രക്ഷിക്കാനായി മേഖലയില്‍ വിന്യസിച്ച ഇന്‍ഡൊനീഷന്‍ സൈനികരെ തോക്കുധാരികളായ വിമതര്‍ ആക്രമിച്ചു. പടിഞ്ഞാറന്‍ പാപ്പുവ ലിബറേഷന്‍ ആര്‍മി നടത്തിയ ആക്രമണത്തില്‍ കുറഞ്ഞത് ആറ് പേര്‍ കൊല്ലപ്പെട്ടു. ഒമ്പത് സൈനികര്‍ വിമതരുടെ പിടിയിലാണെന്നാണ് റിപ്പോര്‍ട്ട്.
ഫിലിപ്പിനായി തിരച്ചില്‍ നടത്തുന്ന സംഘത്തിലെ സൈനികരാണ് വിമതരുടെ പിടിയില്‍ അകപ്പെട്ടതെന്നും എന്നാല്‍ ഒരാള്‍ മാത്രമാണ് മരിച്ചതെന്നുമാണ് ഇന്‍ഡൊനീഷന്‍ സൈനിക വക്താവ് സ്ഥിരീകരിച്ചത്. മുപ്പതോളം സൈനികര്‍ക്കായി അധികൃതര്‍ തിരച്ചില്‍ നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ഇന്‍ഡൊനീഷന്‍ സുരക്ഷാ സേനയുമായുണ്ടായ വെടിവെപ്പില്‍ രണ്ട് വിമതര്‍ കൊല്ലപ്പെട്ടതിന് പ്രതികാരമായാണ് ആക്രമണം നടത്തിയതെന്നാണ് വിമത വക്താവ് പ്രസ്താവനയില്‍ വ്യക്തമാക്കിയത്. പാപ്പുവയിലെ സൈനിക പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കണമെന്നും അദ്ദേഹം ഇന്‍ഡൊനീഷന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

തുടരുന്ന പ്രതിസന്ധി, അവസാനിക്കാത്ത കലാപം
1969-ല്‍ ആക്റ്റ് ഓഫ് ഫ്രീ ചോയ്സ് എന്ന അറിയപ്പെട്ട ഹിതപരിശോധനയിലൂടെ ഇന്‍ഡൊനീഷ്യയുടെ ഭാഗമായതിനു ശേഷം, ന്യൂ ഗിനിയ ദ്വീപിന്റെ പടിഞ്ഞാറന്‍ പകുതിയായ പടിഞ്ഞാറന്‍ പാപ്പുവ സ്ഥിരത അനുഭവിച്ചിട്ടില്ല. 2014-ല്‍ ജോക്കോ വിഡോഡോ ഇന്‍ഡൊനീഷയുടെ പ്രസിഡന്റായപ്പോള്‍, പ്രതിസന്ധിക്ക് പരിഹാരമാകുമെന്ന പ്രതീക്ഷയുണ്ടായിരുന്നു. അദ്ദേഹം ഏതാനും പാപ്പുവന്‍ രാഷ്ട്രീയ തടവുകാരെ മോചിപ്പിച്ചിരുന്നു. ഒപ്പം ഇന്‍ഡൊനീഷന്‍ സൈന്യം നൂറുകണക്കിന് പാപ്പുവാന്‍ പ്രതിഷേധക്കാര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയും നാല് കൗമാരക്കാരെ കൊല്ലുകയും ചെയ്ത 2014-ലെ പാനിയായ് കേസുമായി ബന്ധപ്പെട്ട് അനുകൂല നടപടി സ്വീകരിക്കുകയും ചെയ്തിരുന്നു. പടിഞ്ഞാറന്‍ പാപ്പുവയില്‍ വിദേശ പത്രപ്രവര്‍ത്തകരെ അനുവദിക്കുമെന്ന വാഗ്ദാനവും വിഡോഡോ നല്‍കിയിരുന്നു. പക്ഷേ, സംഘര്‍ഷം പരിഹരിക്കാനുള്ള നടപടികള്‍ എങ്ങുമെത്തിയില്ല. വിഡോഡോയുടെ രണ്ടാം സര്‍ക്കാരിന്റെ സമയത്ത് പാപ്പുവാന്‍ വംശജരുടെ പരാതികള്‍ രൂക്ഷമായി. സംഘര്‍ഷത്തിന്റെ മൂലകാരണങ്ങള്‍ പരിഹരിക്കുന്നതിന് പകരം പടിഞ്ഞാറന്‍ പപ്പുവയിലെ ചില പ്രദേശങ്ങളില്‍ ട്രാന്‍സ് പാപ്പുവ ഹൈവേ, ഫുഡ് എസ്റ്റേറ്റ്, പ്രത്യേക സാമ്പത്തിക മേഖല, തന്ത്രപ്രധാനമായ ടൂറിസം മേഖലകള്‍, പാം ഓയില്‍ ഫാമുകള്‍ എന്നിവ ഉള്‍പ്പെടെയുള്ള അടിസ്ഥാന വികസന പദ്ധതികളിലാണ് സര്‍ക്കാര്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിച്ചത്.
പടിഞ്ഞാറന്‍ പാപ്പുവയില്‍ ഇന്‍ഡൊനീഷ്യൻ സര്‍ക്കാര്‍ നടപ്പിലാക്കിയ വികസന പദ്ധതികളുടെയെല്ലാം പ്രധാന ഗുണഭോക്താക്കള്‍ തീരപ്രദേശങ്ങളിലും നഗരപ്രദേശങ്ങളിലും താമസിക്കുന്ന സ്വദേശികളല്ലാത്തവരാണ് എന്നാണ് വിമതരെ ചൊടിപ്പിച്ചത്. തദ്ദേശീയരായ പാപ്പുവന്‍ ജനത, പ്രത്യേകിച്ച് ഉയര്‍ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവരിലേക്ക് വികസന പദ്ധതികളുടെ ഗുണഫലങ്ങള്‍ വളരെക്കുറച്ച് മാത്രമാണ് എത്തിയത്. ഒപ്പം വര്‍ധിച്ചുവരുന്ന അക്രമങ്ങള്‍ കാരണം നിരന്തരമായ ഭയത്തിലും അരക്ഷിതാവസ്ഥയിലുമാണ് അവര്‍ ജീവിക്കുന്നത്. സുരക്ഷാ സേനയും വിമതപക്ഷവും തമ്മില്‍ സായുധ ഏറ്റുമുട്ടല്‍ ഉണ്ടാകുമ്പോഴെല്ലാം ലക്ഷക്കണക്കിന് സാധാരണക്കാര്‍ അതില്‍ പെട്ടുപോകുകയും പലായനം ചെയ്യപ്പെടുകയും ചെയ്തു. ഒപ്പം കടുത്ത മനുഷ്യാവകാശ ലംഘനങ്ങളും അവര്‍ക്ക് അനുഭവിക്കേണ്ടിവന്നു. പിന്നാലെ ഭരണകൂടത്തിനും സാധാരണക്കാര്‍ക്കുമെതിരായ സായുധ ആക്രമണങ്ങള്‍ തീവ്രമാക്കുന്നതിന് ടി.പി.എന്‍.പി.ബി. അതിന്റെ പോരാട്ടശേഷി വര്‍ധിപ്പിച്ചു. അവര്‍ക്ക് അനുഭാവികളില്‍ നിന്നുള്ള സാമ്പത്തിക പിന്തുണയും ആയുധശേഷിയും വര്‍ധിച്ചു.ത്സംതഘടനാ ഘടന കൂടുതല്‍ ആധുനികവല്‍ക്കരിക്കപ്പെട്ടു. പാപ്പുവന്‍ യുവാക്കള്‍ പ്രധാന സ്ഥാനങ്ങളിലേക്ക് എത്തി. സര്‍ക്കാരിനെ പ്രതിരോധിക്കാന്‍ സോഷ്യല്‍ മീഡിയയുടെ ഉപയോഗം കൂടുതലായി ഉപയോഗപ്പെടുത്തി. ചുരുക്കത്തില്‍ ഇന്‍ഡൊനീഷയുടെ ബന്ധം കൂടുതല്‍ വഷളായി.
ന്യൂസീലന്‍ഡ് പൗരനായ പൈലറ്റിനെ മുന്‍നിര്‍ത്തി വെസ്റ്റ് പാപ്പുവയിലെ വിമതര്‍ വിലപേശുന്നതിന് തുടക്കത്തില്‍ വലിയ അന്താരാഷ്ട്ര ശ്രദ്ധ ലഭിച്ചിരുന്നില്ല. എന്നാല്‍ മാസങ്ങള്‍ പിന്നിട്ടിട്ടും മോചനം നടക്കാതിരിക്കുകയും തുടര്‍ ആക്രമണങ്ങള്‍ ഉണ്ടാകുകയും ചെയ്തതോടെ സ്ഥിതി മാറി. പൈലറ്റിനെ മോചിപ്പിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചെങ്കിലും ഇന്‍ഡൊനീഷ്യ കടുത്ത സൈനിക നടപടിയിലേക്ക് കടന്നിരുന്നില്ല. എന്നാല്‍ ഏത് സമയത്തും അതിനുള്ള സാധ്യതയുണ്ട്. ഇന്‍ഡൊനീഷയുടെ അടുത്ത നടപടി എന്താകുമെന്നതാണ് ലോകം കാത്തിരുക്കുന്നത്. ഒപ്പം അമേരിക്കയും ഹിതപരിശോധനയ്ക്ക് മധ്യസ്ഥത വഹിച്ച ഐക്യരാഷ്ട്ര സംഘടനയും വിഷയത്തില്‍ ഇടപെടുമോ എന്നതും ചോദ്യമാണ്. ഇതെല്ലാമാണെങ്കിലും ആറ് പതിറ്റാണ്ടായി തുടരുന്ന പടിഞ്ഞാറന്‍ പാപ്പുവന്‍ ജനതയുടെ സ്വതന്ത്രരാഷ്ട്രം എന്ന മോഹം സഫലമാകുമോ എന്നത് കാത്തിരുന്ന് തന്നെ കാണണം.
Content Highlights: Why West Papuans are holding violent protests against indonesian government
Published: 29 Apr 2023, 02:45 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented