തിരുവനന്തപുരം: കേരളത്തിൽ രാത്രിയിലെ വൈദ്യുതിക്ഷാമം പരിഹരിക്കാൻ അനുയോജ്യമായ പമ്പ്ഡ് സ്റ്റോറേജ് വൈദ്യുതി ഉത്പാദന പദ്ധതികൾ യാഥാർഥ്യമാകാൻ വൈകും. 2022 മുതൽ ചർച്ച തുടങ്ങിയെങ്കിലും രണ്ടു പദ്ധതികളിൽ മാത്രമാണ് ഇതുവരെ നടപടി മുന്നോട്ടുപോയത്.

To advertise here,

6580 മെഗാവാട്ട് ഉത്പാദിപ്പിക്കാവുന്ന 14 പദ്ധതി കെ.എസ്.ഇ.ബി.യും 4950 മെഗവാട്ടിന്റെ 10 പദ്ധതി എനർജി മാനേജ്‌മെന്റ് സെന്ററും കണ്ടെത്തി. ആകെ 11,530 മെഗാവാട്ടിന്റെ പദ്ധതികൾ. എന്നാൽ, ഇവയിൽ ഭൂരിഭാഗവും ഇപ്പോഴും പ്രാഥമിക സാധ്യതാപഠനത്തിന്റെ ഘട്ടത്തിൽ.

കെ.എസ്.ഇ.ബി. കക്കയത്ത് ആയിരം മെഗാവാട്ടിന്റെ പമ്പ്ഡ് സ്റ്റോറേജ് പദ്ധതിയുടെ വിശദപഠന റിപ്പോർട്ട് തയ്യാറാക്കാൻ ടാറ്റാ കൺസൾട്ടൻസി സർവീസുമായി ധാരണാപത്രത്തിൽ ഒപ്പിട്ടത് ജൂണിലാണ്. റിപ്പോർട്ട് തയ്യാറാക്കി അനുമതിവാങ്ങി കരാറുകാരെ കണ്ടെത്താൻ കൺസൾട്ടൻസിക്ക് അനുവദിച്ചിരിക്കുന്നത് മൂന്നുവർഷമാണ്.

അതായത് പദ്ധതിയുടെ നിർമാണം തുടങ്ങാനാവുന്നത് 2029-ൽ മാത്രം. നിർമാണം പൂർത്തിയാകാൻ വേണ്ടത് അഞ്ചുവർഷം. ചെലവ് ഏഴായിരം കോടി.

മുതിരപ്പുഴ (100 മെഗാവാട്ട്), മഞ്ഞപ്പാറ (30 മെഗാവാട്ട്) പദ്ധതികൾക്ക് സർക്കാർ തത്ത്വത്തിൽ അനുമതിനൽകി. എന്നാൽ, മഞ്ഞപ്പാറയിൽ സാധ്യതയില്ലെന്ന വിലയിരുത്തലിലാണ് കെ.എസ്.ഇ.ബി. മുതിരപ്പുഴ പദ്ധതിക്കായി വിശദറിപ്പോർട്ട് കെ.എസ്.ഇ.ബി.യുടെ എൻജിനിയർമാർതന്നെ തയ്യാറാക്കുന്നു.

അണക്കെട്ടുകളിൽനിന്ന് തുറന്നുവിടുന്ന വെള്ളം താഴെ കെട്ടിനിർത്തി പമ്പ് ചെയ്ത് വീണ്ടും അണക്കെട്ടിലെത്തിച്ച് വൈദ്യുതി ഉത്പാദിപ്പിക്കാൻ പ്രയോജനപ്പെടുത്തുന്നതാണ് പമ്പ്ഡ് സ്റ്റോറേജ് പദ്ധതി. കേരളത്തിൽ പകൽ കുറഞ്ഞവിലയ്ക്ക് സോളാർ വൈദ്യുതി ലഭ്യമാകുമെന്നതിനാൽ പകൽ പമ്പുചെയ്ത് വെള്ളം അണക്കെട്ടിൽ എത്തിക്കാം.

രാത്രിയിൽ വൈദ്യുതി ഉത്പാദിപ്പിക്കാം. രാത്രിയിലെ വൈദ്യുതിക്ഷാമം കുറഞ്ഞചെലവിൽ ഒരുപരിധിവരെ ഇത്തരത്തിൽ പരിഹരിക്കാനാവും.

കേരളത്തിൽ കെ.എസ്.ഇ.ബി.യുമായി ചേർന്ന് പമ്പ്ഡ് സ്‌റ്റോറേജ് പദ്ധതി തുടങ്ങാൻ താത്പര്യപ്പെട്ട് 2023-ൽ തെഹ്‌രി ഹൈഡ്രോ പവർ കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് മുന്നോട്ടുവന്നിരുന്നു. എന്നാൽ, നിർദേശങ്ങൾ അപ്രായോഗികമാണെന്ന കെ.എസ്.ഇ.ബി.യുടെ വാദത്തെത്തുടർന്ന് അത് മുന്നോട്ടുപോയില്ല.

2008-ൽത്തന്നെ പമ്പ്ഡ് സ്റ്റോറേജ് പദ്ധതികൾക്കായി രാജ്യത്ത് ശ്രമങ്ങൾ തുടങ്ങിയിരുന്നു. 2022-ലാണ് കേരളത്തിൽ ഇതുസംബന്ധിച്ച ചർച്ചകൾക്ക് ജീവൻവെച്ചത്. തമിഴ്‌നാട്, മഹാരാഷ്ട്ര, ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങൾ ഇതിനകം പമ്പ്ഡ് സ്റ്റോറേജ് പദ്ധതികൾ നടപ്പാക്കിക്കഴിഞ്ഞിരുന്നു.

സർക്കാർ നയംകാത്ത് ഇ.എം.സി.

വൈദ്യുതിവകുപ്പിന്റെ കീഴിലെ എനർജി മാനേജ്‌മെന്റ് സെന്റർ 3120 മെഗാവാട്ടിന്റെ അഞ്ച് പദ്ധതികളുടെ സാധ്യതാപഠനം പൂർത്തിയാക്കി. ഇവ ഏറ്റെടുക്കാൻ തയ്യാറായി നാഷണണൽ തെർമൽ പവർ കോർപ്പറേഷൻ, ഹൈഡ്രോ പവർ കോർപ്പറേഷൻ തുടങ്ങിയ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങൾ രംഗത്തെത്തിയിട്ടുണ്ട്.

എന്നാൽ, പമ്പ്ഡ് സ്‌റ്റോറേജ് പദ്ധതികളിലെ പങ്കാളിത്തംസംബന്ധിച്ച് സർക്കാർനയം ഇതുവരെ തയ്യാറായിട്ടില്ല. കഴിഞ്ഞസർക്കാരിന്റെ അവസാനകാലത്താണ് നയത്തിന്റെ കരട് തയ്യാറായത്.

ഇലവീഴാ പൂഞ്ചിറ (720 മെഗാവാട്ട്), പോത്തുണ്ടി (600 മെഗാവാട്ട്), മാങ്കുളം (500 മെഗവാട്ട്), പരപ്പൻപാറ (500 മെഗവാട്ട്), ചുള്ളിയാർ (800 മെഗവാട്ട്) എന്നിവയുടെ സാധ്യതാപഠനമാണ് പൂർത്തിയായത്.

കെ.എസ്.ഇ.ബി. കണ്ടെത്തിയ പദ്ധതികൾ

കക്കയം (1000 മെഗാവാട്ട്)

അമൃത പമ്പ (1000 മെഗാവാട്ട്)

പൊഴുതന (1000 മെഗാവാട്ട്)

ഇടുക്കി (700 മെഗാവാട്ട്)

പള്ളിവാസൽ (600 മെഗാവാട്ട്)

കരിന്തരുവി-ഉപ്പുകുളം (450 മെഗാവാട്ട്)

പൊരിങ്ങൽകുത്ത് (400 മെഗാവാട്ട്)

മഹാ ലെച്ച്മി (400 മെഗാവാട്ട്)

പാംബ്ല റൈറ്റ് ബാങ്ക് (400 മെഗാവാട്ട്)

അപ്പർ ചാലിയാർ (360 മെഗാവാട്ട്)

ഇടമലയാർ (180 മെഗാവാട്ട്)

മറയൂർ (160 മെഗാവാട്ട്)

മുതിരപ്പുഴ (100 മെഗാവാട്ട്)

മഞ്ഞപ്പാറ (30 മെഗാവാട്ട്)