കോട്ടയം: അനധികൃത സ്വത്തുസമ്പാദനക്കേസിൽ മുൻ ഡി.ജി.പി. ടോമിൻ ജെ. തച്ചങ്കരിക്ക്‌ നാലുവർഷം കഠിനതടവും 30,84,892 രൂപ പിഴയും വിധിച്ച് കോട്ടയം വിജിലൻസ്‌ കോടതി. പിഴയടച്ചില്ലെങ്കിൽ രണ്ടുമാസം അധികതടവുകൂടി അനുഭവിക്കണമെന്ന് കോട്ടയം എൻക്വയറി കമ്മിഷണർ ആൻഡ്‌ സ്‌െപഷ്യൽ ജഡ്‌ജ്‌ (വിജിലൻസ്‌) കെ.വി. രജനീഷ്‌ വിധിച്ചു.

To advertise here,

തച്ചങ്കരിയെ പൂജപ്പുര സെൻട്രൽ ജയിലിലേക്കു മാറ്റി. സംസ്ഥാനത്ത് ആദ്യമായാണ് ഒരു മുൻ ഡി.ജി.പി. അഴിമതിക്കേസിൽ ജയിലിലാകുന്നത്.

ജനങ്ങളുെട ജീവനും സ്വത്തും സംരക്ഷിക്കേണ്ട ഉദ്യോഗസ്ഥൻ അഴിമതിനടത്തിയത് കരുണയർഹിക്കാത്ത കുറ്റമാണെന്ന് കോടതി നിരീക്ഷിച്ചു. ആരോഗ്യപ്രശ്നം മുൻനിർത്തി തച്ചങ്കരി ഇളവ് ആവശ്യപ്പെട്ടെങ്കിലും അർഹിക്കുന്നില്ലെന്ന് കോടതി വിധിച്ചു.

ആലപ്പുഴ എ.എസ്.പി. ആയിരിക്കേ തച്ചങ്കരി, മിത്രക്കരി കരുവേലിത്തറയിൽ ബോബി കുരുവിള ഉൾപ്പെട്ട കേസിൽ അദ്ദേഹത്തെ വേട്ടയാടിയതാണ് കേസിന്റെ തുടക്കം. തച്ചങ്കരിയുടെ ബന്ധുവും ബോബിയുടെ കുടുംബവുമായുള്ള തർക്കത്തിൽ തച്ചങ്കരി ഇടപെട്ട് ഗുരുതരവകുപ്പുകൾ ചേർത്ത് ഉപദ്രവിച്ചുവെന്നായിരുന്നു ആരോപണം.

ബോബിയുടെ പിതാവ് കെ.സി. കുരുവിള തച്ചങ്കരിക്കെതിരേ തുടങ്ങിവെച്ച നിയമപോരാട്ടം പിന്നീട് ബോബി നടത്തുകയായിരുന്നു. 2003 ജനുവരി ഒന്നുമുതൽ 2007 ജൂലായ്‌ നാലുവരെയുള്ള കാലയളവിൽ ഐ.ജി.യായിരിക്കേ തച്ചങ്കരി 64,708,91 രൂപ അനധികൃതമായി സമ്പാദിച്ചെന്നായിരുന്നു വിജിലൻസ്‌ കേസ്‌.

2003 മുതൽ ’07 വരെ അദ്ദേഹത്തിന്റെ ആകെ വരുമാനം 47,649,13 രൂപയായിരുന്നു. എന്നാൽ, ഇക്കാലയളവിൽ 1.02 കോടി രൂപ ചെലവാക്കിയെന്ന്‌ പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. 135 ശതമാനം അധികസ്വത്ത്‌ സമ്പാദിച്ചെന്നായിരുന്നു പ്രോസിക്യൂഷൻ വാദം. പക്ഷേ, 30,84,892 രൂപ അനധികൃതമായി സമ്പാദിച്ചെന്നാണ്‌ കോടതി കണ്ടെത്തിയത്‌.

ഈ സമ്പാദ്യത്തിന്റെ വരവ്‌ ബോധ്യപ്പെടുത്താൻ തച്ചങ്കരിക്ക്‌ കഴിഞ്ഞില്ല. ‌ഈ തുകയാണ്‌ പിഴയായിവിധിച്ചത്. കേസിൽ 96 സാക്ഷികളെ പ്രോസിക്യൂഷൻ വിസ്തരിച്ചു. 271 പ്രമാണങ്ങളും ഹാജരാക്കി. 2025 നവംബർ ഒന്നിനാണ്‌ കോട്ടയം വിജിലൻസ്‌ കോടതിയിൽ വിചാരണ തുടങ്ങിയത്‌. ഒൻപതു മാസംകൊണ്ട്‌ വിചാരണ പൂർത്തിയാക്കി ശിക്ഷവിധിച്ചു.

2007-ലാണ്‌ വിജിലൻസ്‌ എഫ്‌.ഐ.ആർ. ഇട്ടത്‌. 2013-ൽ അന്നത്തെ വിജിലൻസ്‌ എസ്‌.പി. പി. രാധാകൃഷ്ണൻ തൃശ്ശൂർ വിജിലൻസ്‌ കോടതിയിൽ കുറ്റപത്രം നൽകി. പിന്നീട്‌ കേസ്‌ കോട്ടയം, മൂവാറ്റുപുഴ വിജിലൻസ്‌ കോടതികളിലേക്ക്‌ മാറ്റി. പ്രോസിക്യൂഷനുവേണ്ടി വിജിലൻസ്‌ പബ്ലിക്‌ പ്രോസിക്യൂട്ടർ അഡ്വ. കെ.കെ. ശ്രീകാന്ത്‌ ഹാജരായി.

അനധികൃത സ്വത്ത്‌ -പ്രോസിക്യൂഷൻ വാദം ഇങ്ങനെ

* 2003 മുതൽ 2006 വരെ തച്ചങ്കരി തമ്മനത്ത്‌ 18 ആധാരങ്ങൾ പ്രകാരം നാല്‌ ഏക്കർ സ്ഥലം വാങ്ങി. രേഖകളനുസരിച്ച്‌ ഇതിന് 31,040,00 രൂപ ചെലവാക്കി. 3,07,566 രൂപ സ്‌റ്റാമ്പ്‌ ഡ്യൂട്ടിയടച്ചു.

* ഇക്കാലളവിൽ തിരുവനന്തപുരത്ത്‌ ഫ്ലാറ്റ്‌ വാങ്ങി. ഇത്‌ അച്ഛൻ വാങ്ങിയതാണെന്നായിരുന്നു മൊഴി. രജിസ്‌ട്രേഷൻ ഫീസായി 1.75 ലക്ഷം രൂപ അടച്ചത്‌ തച്ചങ്കരിയാണെന്ന്‌ കണ്ടെത്തി.

* 52.50 ലക്ഷം രൂപ ഭാര്യക്ക്‌ ‘ഗിഫ്‌റ്റാ’യി നൽകി.

* 6.75 ലക്ഷം വിദേശയാത്രകൾക്ക്‌ ചെലവഴിച്ചു.

* ഇക്കാലയളവിൽ ആദായനികുതിയായി 1.85 ലക്ഷം രൂപ അടച്ചു.