
'ഞാന്‍ എപ്പോഴും ചര്‍ച്ചകള്‍ക്ക് തയ്യാറാണ്. ടിബറ്റന്‍ ജനതയുടെ ആത്മാവ് വളരെ ശക്തമാണെന്ന് ഇപ്പോള്‍ ചൈനയും മനസ്സിലാക്കുന്നു. അതിനാല്‍ ടിബറ്റിന്റെ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യാന്‍, അവര്‍ എന്നെ ബന്ധപ്പെടാന്‍ ആഗ്രഹിക്കുന്നു. ഞാനും തയ്യാറാണ്. ഞങ്ങള്‍ സ്വതന്ത്ര്യം ആവശ്യപ്പെടുന്നില്ല. പീപ്പിള്‍സ് റിപ്പബ്ലിക് ഓഫ് ചൈനയുടെ ഭാഗമായി തുടരാന്‍ ഞങ്ങള്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ തീരുമാനിച്ചിട്ടുണ്ട്. ഇപ്പോള്‍ ചൈന മാറുകയാണ്. ചൈനക്കാര്‍ ഔദ്യോഗികമായോ അനൗദ്യോഗികമായോ എന്നെ ബന്ധപ്പെടാന്‍ ആഗ്രഹിക്കുന്നു.'
അമേരിക്കന്‍ അണ്ടര്‍ സെക്രട്ടറി ഉസ്ര സേയ(Uzra Zeya)യുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുമ്പ് ടിബറ്റന്‍ ആത്മീയാചാര്യന്‍ ദലൈലാമ മാധ്യമപ്രവര്‍ത്തകരോടാണ് ഇക്കാര്യം വ്യക്തമാക്കിയത്. ചൈന മാറുകയാണെന്നും താന്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്നുമുള്ള അദ്ദേഹത്തിന്റെ പരാമര്‍ശത്തിന് ദിവസങ്ങള്‍ക്കുള്ളില്‍ മറുപടിയുമെത്തി. യു.എസ്. അണ്ടര്‍ സെക്രട്ടറിയും ടിബറ്റന്‍ പ്രശ്നങ്ങള്‍ക്കായുള്ള യു.എസ്. സ്‌പെഷ്യല്‍ കോ-ഓര്‍ഡിനേറ്ററുമായ ഉസ്ര സേയുമായുള്ള ദലൈലാമയുടെ കൂടിക്കാഴ്ചയെ 'പ്രകോപനപരം' എന്നാണ് ചൈന വിശേഷിപ്പിച്ചത്. ടിബറ്റിലെ പ്രശ്‌നങ്ങളുടെ മറവില്‍ ചൈനയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാനുള്ള അമേരിക്കയുടെ ശ്രമങ്ങള്‍ അവസാനിപ്പിക്കണമെന്ന് ചൈന ആവശ്യപ്പെട്ടു. ടിബറ്റന്‍ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന അമേരിക്കയുടെ പ്രത്യേക വിഭാഗത്തിന്റെ കോ-ഓര്‍ഡിനേറ്റര്‍ കൂടിയായ സേയ ദലൈലാമയെ കണ്ടതാണ് ചൈനയെ പ്രകോപിപ്പിച്ചത്. ഷീസാങ് (Xizang- ടിബറ്റിനെ ചൈന വിളിക്കുന്നത് ) പ്രശ്‌നം പൂര്‍ണമായും ചൈനയുടെ ആഭ്യന്തര കാര്യമാണെന്നും ഒരു വിദേശശക്തിക്കും അതില്‍ ഇടപെടാന്‍ സാധിക്കില്ലെന്നും ചൈന സ്വരം കടുപ്പിച്ചു.
ടിബറ്റന്‍ പ്രവാസ സര്‍ക്കാരും ദലൈലാമയും അമേരിക്കന്‍ പ്രതിനിധിയുമായി ചര്‍ച്ച നടത്തിയത് തങ്ങളുടെ ആഭ്യന്തര കാര്യങ്ങളിലുള്ള ഇടപെടലായാണ് ചൈന വിലയിരുത്തിയത്. ഷീസാങ്ങിനെ ചൈനയുടെ ഭാഗമായി അംഗീകരിക്കുന്നതിനുള്ള പ്രതിബദ്ധത യു.എസ്. കാണിക്കണമെന്നാണ് ഇന്ത്യയിലെ ചൈനീസ് എംബസി വക്താവ് ആവശ്യപ്പെട്ടത്. 'ടിബറ്റ് വിഷയം ഉയര്‍ത്തിക്കാട്ടി ചൈനയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാനുള്ള അമേരിക്കയുടെ നീക്കം അവസാനിപ്പിക്കണം. ദലൈലാമയുടെ കൂട്ടാളികളുടേയും ചൈനാ വിരുദ്ധ വിഘടനവാദ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കരുത്. ഷീസാങ് വിഷയം പൂര്‍ണമായും ചൈനയുടെ ആഭ്യന്തരകാര്യമാണ്, പുറത്തുനിന്നുള്ള ഒരു ശക്തിക്കും ഇടപെടാന്‍ അവകാശമില്ല. വിദേശ ഉദ്യോഗസ്ഥരും 'ടിബറ്റന്‍ സ്വതന്ത്ര സേന'യും തമ്മിലുള്ള ഏത് തരത്തിലുള്ള ബന്ധവും ചൈന എതിര്‍ക്കും.' ചൈനീസ് എംബസി വക്താവ് പറഞ്ഞു.
പതിനാലാമത് ദലൈലാമ ഒരു മതനേതാവ് മാത്രമല്ല, ദീര്‍ഘകാലമായി ചൈനാ വിരുദ്ധ വിഘടനവാദത്തില്‍ ഏര്‍പ്പെടുകയും ടിബറ്റിനെ ചൈനയില്‍നിന്ന് അടര്‍ത്തിമാറ്റാന്‍ ശ്രമിക്കുകയും ചെയ്യുന്ന ഒരു രാഷ്ട്രീയ അഭയാര്‍ഥിയാണെന്നും ചൈനീസ് വക്താവ് കൂട്ടിച്ചേര്‍ത്തു. ചൈന സ്വരം കടുപ്പിക്കുമ്പോഴും ചൈനയുടെ ഭാഗമായി തുടരാന്‍ വര്‍ഷങ്ങള്‍ക്ക് മുമ്പേ തീരുമാനിച്ചിട്ടുണ്ടെന്നും സ്വാതന്ത്ര്യം ആവശ്യപ്പെടുന്നില്ലെന്നുമാണ് ദലൈലാമ പറയുന്നത്. എന്തായിരിക്കും ഈ നിലപാട് മാറ്റത്തിന് പിന്നില്‍? ചൈനയെ എതിര്‍ത്ത് നില്‍ക്കാനാകില്ലെന്ന തോന്നലിലേക്ക് അദ്ദേഹം എത്തിയോ? അതോ ഒന്നും ശരിയാകില്ലെന്ന ചിന്തയായിരിക്കുമോ?

ടിബറ്റിലെ ചൈനീസ് സ്വാധീനം
ടിബറ്റില്‍ ബുദ്ധമതം പ്രചാരത്തിലാവുന്നത് എ.ഡി. ഏഴാം നൂറ്റാണ്ടിലാണ്. അവിടെ ലാമയുടെ വാഴ്ച ആരംഭിക്കുന്നതാകട്ടെ പതിനാറാം നൂറ്റാണ്ടിലും. 1720-ല്‍, ഏഴാമത്തെ ദലൈലാമയുടെ കാലത്ത് സുംഗാറുകള്‍ (ആദിവാസി സംഘങ്ങള്‍) ടിബറ്റിനെ കീഴടക്കാനെത്തി. ചൈനീസ് ഭരണകൂടമാണ് അവരെ തോല്‍പ്പിക്കാന്‍ സഹായം നല്‍കിയത്. ഇതിന് ശേഷം രണ്ട് ഉദ്യോഗസ്ഥരെ (ആംബന്‍സ്) ചൈന ലാസയില്‍ നിയമിച്ചുതുടങ്ങി. ഒരു ലാമയുടെ മരണശേഷം പുതിയ ലാമ വരുന്നതിനുമുമ്പ് ചെറിയൊരു ഇടവേളയുണ്ടാകാറുണ്ട്. ടിബറ്റന്‍ വിശ്വാസപ്രകാരം ഏറ്റവും പ്രധാനപ്പെട്ട കര്‍മമാണ് ദലൈലാമയുടെ തിരഞ്ഞെടുപ്പ്. ഓരോ ദലൈലാമയും തൊട്ടുമുമ്പത്തെ ദലൈലാമയുടെ പുനര്‍ജന്മമായാണ് വിശ്വസിക്കപ്പെടുന്നത്. അതിനാല്‍ തന്നെ പുനര്‍ജന്മസങ്കല്പവും ലക്ഷണനിരീക്ഷണങ്ങളും നിഗമനങ്ങളും എല്ലാം ചേര്‍ന്ന സങ്കീര്‍ണമായ പ്രക്രിയയാണത്. അതിനാലാണ് ഇക്കാര്യത്തില്‍ ഇടവേളയുണ്ടാകുന്നത്. ഇക്കാലയളവില്‍ ടിബറ്റിന്റെ ഭരണം കൈയാളിയിരുന്നത് ചൈനീസ് ഭരണകൂടത്തിന്റെ പ്രതിനിധികളായിരുന്ന ആംബനുകളും റീജന്റുമാരുമായിരുന്നു.
1895-ല്‍ ചുമതലയേറ്റ പതിമൂന്നാമത് ദലൈലാമ തുംപ്റ്റന്‍ ഗ്യാറ്റ്‌സോ(Thubten Gyatso)യുടെ സ്വതന്ത്രമായ രീതികള്‍ ചൈനയില്‍നിന്നു കടുത്ത പ്രതികരണങ്ങള്‍ക്കിടയാക്കി. 1910-ല്‍ ചൈന ടിബറ്റിനെ കീഴടക്കി. ഇതോടെ, ദലൈലാമ ഇന്ത്യയിലേക്കു പലായനം ചെയ്തുവെങ്കിലും ഒരു വര്‍ഷത്തിന് ശേഷം തിരിച്ചെത്തി ടിബറ്റിന്റെ ഭരണസാരഥ്യം ഏറ്റെടുത്തു. പിന്നാലെ ബ്രിട്ടീഷുകാരുമായി അദ്ദേഹം ധാരണയിലെത്തി. 1913-ലാണ് ഷിംലയില്‍, അതിര്‍ത്തി നിശ്ചയിക്കാന്‍ ചര്‍ച്ചകള്‍ ആരംഭിച്ചത്. ബ്രിട്ടീഷ് ഇന്ത്യ, ടിബറ്റ്, ചൈന എന്നീവരുടെ പ്രതിനിധികളാണ് ചര്‍ച്ചകളില്‍ പങ്കെടുത്തത്. മാസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷമാണ് ചൈനയ്ക്കും ടിബറ്റിനും ഇടയിലും ടിബറ്റിനും ബ്രിട്ടീഷ് ഇന്ത്യയ്ക്കും ഇടയിലുള്ള അതിര്‍ത്തി ബ്രിട്ടീഷ് പ്രതിനിധി സര്‍ ഹെന്റി മക്മഹോണ്‍ (Henry McMahon) നിര്‍ണയിച്ചത്. അവസാന ഘട്ടത്തില്‍ ചര്‍ച്ചകളില്‍നിന്ന് ചൈനീസ് പ്രതിനിധി ഇറങ്ങിപ്പോയി. ഇതോടെ ഹെന്റി മക്മഹോണ്‍ ബ്രിട്ടീഷ് ഇന്ത്യയും ടിബറ്റും തമ്മിലുള്ള അതിര്‍ത്തി നിശ്ചയിക്കുകയും ടിബറ്റന്‍ പ്രതിനിധി അത് അംഗീകരിക്കുകയും ചെയ്തു. ടിബറ്റിനെയും ബ്രിട്ടീഷ് ഇന്ത്യയെയും വിഭജിക്കുന്ന രേഖ, പിന്നീട് മക്മോഹന്‍ രേഖ (McMahon Line) എന്നറിയപ്പെട്ടു. ടിബറ്റ് എല്ലാക്കാലത്തും തങ്ങളുടെ നിയന്ത്രണത്തിലായിരുന്നുവെന്നും അവര്‍ക്ക് സ്വന്തം നിലയില്‍ മറ്റൊരു രാജ്യവുമായി ഉടമ്പടിയിലെത്താന്‍ അവകാശമില്ലെന്നാണ് ചൈന പിന്നീട് അവകാശപ്പെട്ടത്. 1933-ല്‍ പതിമ്മൂന്നാമത് ദലൈലാമ അന്തരിക്കുകയും ചെയ്തു.

ലാമോ തോണ്ടുപില്‍നിന്ന് ടെന്‍സിന്‍ ഗ്യാറ്റ്സോയിലേക്ക്
വടക്കു കിഴക്കന്‍ ടിബറ്റിലെ അമാദോ എന്ന ഗ്രാമത്തിലെ ഒരു ദരിദ്ര കുടുംബത്തില്‍ കര്‍ഷക ദമ്പതിമാരുടെ മകനായി 1935 ജൂലായ് ആറിനാണ് പതിനാലാം ദലൈലാമ ടെന്‍സിന്‍ ഗ്യാറ്റ്സോ (Tenzin Gyatso) ജനിച്ചത്. ലാമോ തോണ്ടുപ് (Lhamo Thondup) എന്നാണ് കുട്ടിയെ വീട്ടുകാര്‍ വിളിച്ചത്. 'ആഗ്രഹം നിറവേറ്റുന്ന ദൈവം' എന്നായിരുന്നു ആ പേരിന്റെ അര്‍ഥം. ബാര്‍ലിയും ഉരുളക്കിഴങ്ങും കൃഷി ചെയ്തും കുതിരയെ വളര്‍ത്തിയും കഴിഞ്ഞിരുന്ന ചെറുകിട കര്‍ഷകരായിരുന്നു ലാമോയുടെ മാതാപിതാക്കള്‍. രണ്ട് സഹോദരിമാരും നാല് സഹോദരന്മാരുമാണ് ലാമോയ്ക്ക് ഉണ്ടായിരുന്നത്. മൂത്ത സഹോദരന്‍ തുപ്‌ടെന്‍ ജിഗ്മ നോര്‍ബു ഉയര്‍ന്ന പദവിയിലുള്ള ലാമയുടെ പുനര്‍ജന്മമായി അംഗീകരിക്കപ്പെട്ടിരുന്നു. ഏറ്റവും ഇളയ സഹോദരന്‍ ടെന്‍സിന്‍ ചിയോഗ്യാലും മറ്റൊരു ഉന്നത ലാമയുടെ പുനര്‍ജന്മമായും അംഗീകരിക്കപ്പെട്ടു. ചെറുപ്പത്തില്‍ ഒരു സാധാരണ കുട്ടി എന്നതില്‍ കവിഞ്ഞ് മറ്റെന്തെങ്കിലും പ്രത്യേകത ലാമോ തോണ്ടുപ്പിനുണ്ടാകുമെന്ന് വീട്ടുകാര്‍ കരുതിയിരുന്നില്ല. ഒരു കുടുംബത്തില്‍ ഒന്നിലധികം പുനര്‍ജന്മങ്ങള്‍ ഉണ്ടാകുമെന്നും അവര്‍ ചിന്തിച്ചിരുന്നില്ല. ലാമോയുടെ ജനനത്തെത്തുടര്‍ന്ന് പിതാവിനുണ്ടായിരുന്ന ഗുരുതരമായ രോഗം ഭേദമായത് ശുഭസൂചനയായിരുന്നുവെങ്കിലും ആ കുടുംബം അത് വലിയ പ്രാധാന്യമുള്ള കാര്യമായി എടുത്തിരുന്നില്ലെന്നാണ് അദ്ദേഹത്തിന്റെ ഔദ്യോഗിക ജീവചരിത്രത്തില്‍ ടിബറ്റന്‍ ഭരണകൂടം പറയുന്നത്.
1933 ഡിസംബര്‍ 13-നാണ് പതിമൂന്നാം ദലൈലാമ തുംപ്റ്റന്‍ ഗ്യാറ്റ്‌സോ അന്തരിക്കുന്നത്. ലാമോ തോണ്ടുപ്പിന് മൂന്ന് വയസുള്ളപ്പോഴാണ് ദലൈലാമയുടെ പുനരവതാരത്തെ കണ്ടെത്താന്‍ ടിബറ്റന്‍ സര്‍ക്കാര്‍ അയച്ച അന്വേഷണസംഘം കുംബും ബുദ്ധവിഹാരത്തില്‍ എത്തുന്നത്. ഏതാനും അടയാളങ്ങളാണ് അവരെ അവിടെ എത്തിച്ചതെന്നാണ് പറയപ്പെടുന്നത്. അടയാളങ്ങള്‍ പിന്തുടര്‍ന്ന് ലാമോ തോണ്ടുപ്പിന് വീട്ടിലെത്തിയ സംഘം സന്ദര്‍ശനത്തിന്റെ ഉദ്ദേശ്യം വെളിപ്പെടുത്താതെ രാത്രി തങ്ങാനുള്ള അനുവാദം ആവശ്യപ്പെട്ടു. അവരുടെ നേതാവ് ക്യുത്സാങ് റിംപോച്ചെ പരിചാരകനെപ്പോലെ പെരുമാറുകയും വീട്ടിലെ ഇളയ കുട്ടിയെ നിരീക്ഷിക്കുകയും ചെയ്തു. കുട്ടി അദ്ദേഹത്തെ തിരിച്ചറിഞ്ഞുവെന്നും ദലൈലാമയുടെ ജീവചരിത്രത്തില്‍ പറയുന്നു.
ഗ്രാമത്തില്‍നിന്ന് മടങ്ങിയ സംഘം കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം വീണ്ടും മടങ്ങിയെത്തി. ഇത്തവണ അവര്‍ പതിമൂന്നാം ദലൈലാമയുടെ നിരവധി സാധനങ്ങള്‍ കൊണ്ടുവന്നു. ഒപ്പം അതിന് സമാനമായ നിരവധി വസ്തുക്കളുമുണ്ടായിരുന്നു. ഇത് എന്റേതാണ് എന്ന് പറഞ്ഞുകൊണ്ട് അവ കൃത്യമായി ബാലന്‍ തിരിച്ചറിഞ്ഞു. തങ്ങള്‍ ദൈലൈലാമയുടെ പുനര്‍ജന്മത്തെ കണ്ടെത്തിയെന്ന് സംഘം ഉറപ്പിച്ചു. ആ ആണ്‍കുട്ടി അധികം താമസിയാതെ പുതിയ ദലൈലാമയായി അംഗീകരിക്കപ്പെട്ടു. 1940-ലെ ശൈത്യകാലത്താണ് ലാമോ തോണ്ടുപ്പ് പൊട്ടാല കൊട്ടാരത്തിലെത്തുന്നത്. അവിടെവെച്ച് അദ്ദേഹത്തെ ടിബറ്റിന്റെ ആത്മീയ നേതാവായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. ലാമോ തോണ്ടുപ്പ് എന്ന് പേര് ഉപേക്ഷിക്കുകയും ടെന്‍സിന്‍ ഗ്യാറ്റ്സോ എന്ന പുതിയ പേര് സ്വീകരിക്കുകയും ചെയ്തു.

ടിബറ്റില്‍ സംഘര്‍ഷങ്ങളുടെ കാലഘട്ടം
1949-ല്‍ 'പീപ്പിള്‍സ് റിപ്പബ്ലിക് ഓഫ് ചൈന' രൂപീകരിച്ച ശേഷം, ടിബറ്റിനെ സ്വതന്ത്രമാക്കുകയാണ് തങ്ങളുടെ ആദ്യലക്ഷ്യങ്ങളിലൊന്നെന്ന് അവര്‍ പ്രഖ്യാപിച്ചു. 1950-ലെ വേനല്‍ക്കാലത്ത് ചൈനീസ് പട്ടാളക്കാര്‍ ടിബറ്റന്‍ പോസ്റ്റില്‍ റെയ്ഡ് നടത്തി. രണ്ട് മാസങ്ങള്‍ക്ക് ശേഷം 80,000-ത്തോളം വരുന്ന ചൈനീസ് സൈനികരുടെ ഒരു സംഘം ടിബറ്റന്‍ അതിര്‍ത്തിയില്‍ പ്രവേശിച്ചു. അധികം വൈകാതെ തന്നെ അവര്‍ ലാസ കീഴടക്കിയേക്കുമെന്ന ഭയം ടിബറ്റന്‍ അധികൃതര്‍ക്കുണ്ടായി. ഇതോടെ ദലൈലാമയ്ക്ക് താത്കാലിക അധികാരം നല്‍കണമെന്ന് വിവിധ കോണുകളില്‍നിന്ന് ആവശ്യം ഉയര്‍ന്നു. കൂടിയാലോചനകള്‍ക്ക് ശേഷം ലാസയില്‍ പരിശീലനത്തിലായിരുന്ന ടെന്‍സിന്‍ ഗ്യാറ്റ്സോയെ പതിനാലാമത് ദലൈലാമയായി അവരോധിച്ചു. 1950 നവംബര്‍ 17-ന് പതിനഞ്ചാമത്തെ വയസ്സില്‍, അദ്ദഹം ടിബറ്റിന്റെ താത്കാലിക നേതാവായി ഔദ്യോഗികമായി സ്ഥാനം ഏറ്റെടുത്തു. ചൈനീസ് അധിനിവേശം വര്‍ധിച്ചതിന് പിന്നാലെ സഹായത്തിനായി ടിബറ്റ് യു.എന്നിനെയും യു.എസ്.എ., ഇന്ത്യ അടക്കമുള്ളവരേയും സമീപിച്ചു. ഫലമുണ്ടായില്ല. വേറെ വഴിയില്ലാതെ വന്നതോടെ ദലൈലാമ പീക്കിങ്ങില്‍ച്ചെന്ന് ചെയര്‍മാന്‍ മാവോ സേ തുങ്ങിനെ കണ്ടു. പിന്നാലെ 1951 മേയില്‍ ചൈനയുമായി പതിനേഴിന നിര്‍ദേശങ്ങളടങ്ങിയ കരാറില്‍ ടിബറ്റ് ഒപ്പുവെച്ചു. ദലൈലാമയുടെ അധികാരങ്ങള്‍ ഉള്‍പ്പെടെ ടിബറ്റിലെ നിലവിലുള്ള ഭരണരീതികളില്‍ ഒരു മാറ്റവും വരുത്തില്ലെന്നതായിരുന്നു കരാറിലെ പ്രധാന വ്യവസ്ഥകളിലൊന്ന്. അതോടെ, ടിബറ്റില്‍ താല്കാലികമായി സമാധാനാന്തരീക്ഷം നിലവില്‍വന്നു.
1956 മുതല്‍ സ്ഥിതിഗതികള്‍ മാറിത്തുടങ്ങി. ടിബറ്റില്‍ ചൈനയ്ക്ക് എതിരായ വികാരം രൂപപ്പെട്ടു. കിഴക്കന്‍ മേഖലയിലെ ജനതയ്ക്കിടയില്‍ (ഖംപകള്‍) ഭൂമി കൂട്ടുടമസ്ഥതയില്‍ കൊണ്ടുവരാന്‍ ആരംഭിച്ചതോടെയാണ് സാഹചര്യം രൂക്ഷമായത്. ആ മേഖല ടിബറ്റിനു പുറത്തായി ചൈന കണക്കാക്കിയിരുന്നതിനാല്‍ ടിബറ്റിനു സമാനമായ പ്രത്യേക പദവി ഈ മേഖലയ്ക്ക് നല്‍കിയിരുന്നില്ല. ഖംപകള്‍ ശക്തമായി പ്രതിഷേധിച്ചു. പിന്നാലെ ഇത് ചൈനയ്‌ക്കെതിരായ ആദ്യ പ്രക്ഷോഭമായി വളര്‍ന്നു. ചൈനീസ് പട്ടാളം പ്രക്ഷോഭത്തെ അടിച്ചമര്‍ത്താനാന്‍ രംഗത്തിറങ്ങി. ഒപ്പം ടിബറ്റിന്റെ ഇതരപ്രദേശങ്ങളിലും സൈനിക വിന്യാസമുണ്ടായി. അവസാനം ലാസയും ചൈനീസ് പട്ടാളത്തിന്റെ പിടിയിലായി. സ്ഥിതിഗതികള്‍ വഷളായതോടെ ചൈനീസ് പട്ടാളം തന്നെ അറസ്റ്റു ചെയ്‌തേക്കുമെന്ന് ദലൈലാമയ്ക്കു മനസ്സിലായി. ഇതിനിടെ രാത്രി നഗരം വിടണമെന്ന് കൊട്ടാരത്തില്‍നിന്ന് തന്നെ ദലൈലാമയ്ക്ക് നിര്‍ദേശം ലഭിച്ചു. പിന്നാലെ ഒരു സാധാരണ സൈനികന്റെ വേഷം ധരിച്ച് അദ്ദേഹം രഹസ്യമായി അവിടെനിന്നു രക്ഷപ്പെട്ടു. 1959-ല്‍ അദ്ദേഹം ഇന്ത്യയിലേക്ക് കടന്നു. ദലൈലാമ രക്ഷപ്പെട്ടെന്നു മനസ്സിലായതോടെ ചൈനീസ് പട്ടാളം ടിബറ്റന്‍ ജനതയ്ക്കുമേല്‍ അഴിഞ്ഞാടി. ടിബറ്റ് അവര്‍ നിയന്ത്രണത്തിലാക്കി.
ദലൈലാമയും പ്രവാസ സര്‍ക്കാരും
ടിബറ്റില്‍നിന്ന് ഇന്ത്യയിലേക്ക് രക്ഷപ്പെടുമ്പോള്‍ ഇരുപത്തിനാല് വയസായിരുന്നു അദ്ദേഹത്തിന് പ്രായം. ലാസയില്‍നിന്ന് പുറപ്പെട്ട് മൂന്നാഴ്ചയ്ക്ക് ശേഷമാണ് ദലൈലാമയും സംഘവും ഇന്ത്യന്‍ അതിര്‍ത്തിയില്‍ എത്തുന്നത്. ഒളിച്ചും പതുങ്ങിയും സിക്കിം വഴി, ചാങ്കു തടാകത്തെ ചുറ്റിയാണ് സംഘം ഇന്ത്യയിലെത്തിയത്. 1959 മാര്‍ച്ച് 31-ന് അദ്ദേഹം ഇന്ത്യന്‍ അതിര്‍ത്തിയിലെത്തി. തുടക്കത്തില്‍ പ്രധാനമന്ത്രി ജവാഹര്‍ലാല്‍ നെഹ്രുവിന് ദലൈലാമയെയും സംഘത്തെയും സ്വീകരിക്കുന്നതില്‍ ആശങ്കയുണ്ടായിരുന്നു. ചൈനയെ പിണക്കാനുള്ള പേടി തന്നെയായിരുന്നു കാരണം. ഒടുവില്‍ പതിനെട്ടു ദിവസം നടന്നുവന്ന സംഘത്തെ ചൈനയെ പിണക്കിക്കൊണ്ട് തന്നെ നെഹ്രു ഇന്ത്യന്‍ മണ്ണിലേക്ക് സ്വീകരിച്ചു. മസൂറിയില്‍വെച്ച് അദ്ദേഹം ഇന്ത്യന്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. ടിബറ്റിന്റെ കാലാവസ്ഥയുമായി ഏകദേശ ഇണക്കമുള്ള ഹിമാചല്‍പ്രദേശിലെ ധര്‍മശാലയിലും കര്‍ണാടകത്തിലെ കുടകിലും അവര്‍ക്ക് ഭൂമി അനുവദിച്ചു. തങ്ങളുടേതായ സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ അനുവാദം നല്‍കി. ഇന്ത്യയിലെത്തിയ ടിബറ്റന്‍ സംഘം 1959 ഏപ്രില്‍ 29-ന് മസൂറിയില്‍ ആദ്യത്തെ പ്രവാസ സര്‍ക്കാര്‍ (Cetnral Tibetan Admintsiration) സ്ഥാപിച്ചു. പിന്നീടത് ധര്‍മശാലയിലെ മക്ലിയോന്‍ ഗഞ്ജിലേക്ക് മാറ്റി.
ദലൈലാമയ്ക്ക് അഭയം നല്‍കിയതോടെ ഇന്ത്യയുമായി ഉരസലിലായിരുന്നു ചൈന. എന്നാല്‍, പ്രശ്നങ്ങള്‍ വഷളായത് 1962-ലാണ്. ആ വര്‍ഷം ഒക്ടോബര്‍ 20-ന് ചൈനീസ് സൈന്യം തവാങ്ങിലേക്ക് കടന്ന് അതിര്‍ത്തിയില്‍ വേണ്ടത്ര സജ്ജരായ ഇന്ത്യന്‍ സൈനികരെ ആക്രമിച്ചു. പിന്നാലെ ഏകപക്ഷീയമായ വെടിനിര്‍ത്തലും പ്രഖ്യാപിച്ചു. അതോടെ സൈന്യത്തെ മക്മോഹന്‍ രേഖയ്ക്ക് പിന്നിലേക്ക് മാറ്റി. തവാങ്ങില്‍നിന്നും ഇന്നത്തെ അരുണാചല്‍ പ്രദേശില്‍നിന്നും ചൈന സ്വമേധയാ പിന്‍വാങ്ങിയെങ്കിലും തന്ത്രപ്രധാനമായ അക്സായി ചിന്‍ അവരുടെ നിയന്ത്രണത്തിലാക്കി. ഇന്ത്യയില്‍ ദലൈലാമയും സംഘവും സ്ഥാപിച്ച പ്രവാസ സര്‍ക്കാരും അവരുടെ നടപടികളുമായി മുന്നോട്ട് പോയി. ആ സര്‍ക്കാരിന് പ്രധാനമന്ത്രിയും പ്രസിഡന്റും ഉണ്ടായി. ലെജിസ്‌ളേറ്റീവും എക്‌സിക്യുട്ടീവും ജുഡീഷ്യറിയുമുണ്ടായി. ദലൈലാമ എല്ലാറ്റിന്റെയും പരമാധികാരിയായി. ഇന്ത്യയില്‍നിന്ന് അദ്ദേഹം ലോകം മുഴുവന്‍ സഞ്ചരിച്ചു. ചൈനയുടെ ടിബറ്റന്‍ അധിനിവേശത്തിന്റെ ക്രൂരതകളും ഒരു ജനതയുടെ നിസ്സഹായതയും ലോകത്തിന് മുന്നിലെത്തിച്ചു. എല്ലാവരുടേയും പിന്തുണ തേടി. ടിബറ്റിനെ ചൈനീസ് അധിനിവേശത്തില്‍നിന്ന് മോചിപ്പിക്കാന്‍ ശ്രമങ്ങളാരംഭിച്ചു. ഇതിനിടയിലും ധര്‍മശാലയിലെ മഗ്ലിയോണ്‍ ഗഞ്ച് ടിബറ്റന്‍ പ്രവാസികളുടെ കേന്ദ്രമായി.

ടിബറ്റിന്റെ ഭാവിയെന്ത്, ദലൈലാമയുടേയും
1959-ല്‍ ചൈനീസ് അധിനിവേശ ടിബറ്റിലെ നോര്‍ബുലിങ് കൊട്ടാരത്തില്‍നിന്ന് ദലൈലാമ രക്ഷപെട്ട് ഓടിയത് മുതല്‍ തുടങ്ങിയ ടിബറ്റന്‍ പ്രവാസികളുടെ അരക്ഷിതാവസ്ഥയ്ക്ക് ഇന്നും മാറ്റമില്ല. എന്നാല്‍, ദലൈലാമയുടെ പലായനത്തിന് ആറു പതിറ്റാണ്ട് പിന്നിടുമ്പോള്‍ ടിബറ്റില്‍ വലിയ മാറ്റങ്ങളാണ് ചൈന കൊണ്ടുവന്നത്. ആരാധനാലയങ്ങളും ബുദ്ധവിഹാരങ്ങളും തകര്‍ക്കപ്പെട്ടു, പലരും തടവിലാക്കപ്പെട്ടു. ഇന്ത്യയുടെ സംരക്ഷണത്തില്‍ കഴിയുന്ന 88 പിന്നിട്ട അദ്ദേഹത്തെ വിഘടനവാദിയായാണ് ചൈന കണക്കാക്കുന്നത്. അദ്ദേഹവുമായി ബന്ധം പുലര്‍ത്തുന്നവര്‍ പോലും ചൈനയുടെ കണ്ണിലെ കരടാണ്. ദലൈലാമയെ ക്ഷണിക്കുന്ന രാജ്യങ്ങളെ ചൈന ഭീഷണിപ്പെടുത്തുന്നു. അവരെ വ്യാപാരവും നയതന്ത്രവും പറഞ്ഞ് ഭീഷണിപ്പെടുത്താനും വരുതിയില്‍ നിര്‍ത്താനും അവര്‍ ശ്രമം തുടരുന്നു. ടിബറ്റന്‍ വിഷയത്തില്‍ ആര് ചര്‍ച്ചകള്‍ നടത്തിയാലും എതിര്‍പ്പുമായി ചൈന രംഗത്തെത്തും. അതിന് ഒടുവിലെ ഉദാഹരണമാണ് ഉസ്ര സേയയുടെ സന്ദര്‍ശനത്തെ എതിര്‍ത്ത് അവര്‍ രംഗത്തെത്തിയത്. ടിബറ്റ് എന്ന പേര് പോലും മായ്ച്ചുകളയാനാണ് ചൈന ആഗ്രഹിക്കുന്നത്. അതുകൊണ്ട് തന്നെയാണ് ഷീസാങ് എന്ന് അവര്‍ ആവര്‍ത്തിക്കുന്നത്.
എന്നാല്‍, ചൈനയോടുള്ള ദലൈലാമയുടെ നിലപാടും മാറുന്നുവെന്നാണ് സമീപകാല സംഭവങ്ങള്‍ കാണിക്കുന്നത്. ചൈനയില്‍നിന്ന് ടിബറ്റിന്റെ സ്വാതന്ത്ര്യം താന്‍ ആഗ്രഹിക്കുന്നില്ലെന്നും ചൈനയുമായി തുറന്ന ചര്‍ച്ചയ്ക്ക് തയ്യാറെണെന്നുമാണ് അദ്ദേഹം ഒടുവില്‍ പറഞ്ഞത്. ചൈന ഇപ്പോള്‍ മാറുകയാണെന്നും ടിബറ്റന്‍ ജനത ശക്തരാണെന്ന് അവര്‍ മനസ്സിലാക്കി കഴിഞ്ഞുവെന്നും അദ്ദേഹത്തിന് പറയേണ്ടിവന്നു. ടിബറ്റന്‍ പ്രശ്നങ്ങള്‍ ചൈനയുമായി ചര്‍ച്ച ചെയ്യാന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞുവെച്ചു. ചൈനയുടെ ഭാഗത്തുനിന്ന് ഇതിന് മറുപടി വന്നിട്ടില്ല. ടിബറ്റിനെ ചൈന പടിച്ചെടുക്കുന്ന കാലത്തുനിന്ന് ചൈനയും ടിബറ്റും ഒരുപാട് മാറി. ചൈന ലോകത്തിലെ തന്നെ പ്രധാനപ്പെട്ട സൈനിക ശക്തിയായി വളര്‍ന്നു. ടിബറ്റും ടിബറ്റന്‍ ജനങ്ങളും ഒടുപാട് മാറി. ഇനിയൊരു ദലൈലാമ ഉണ്ടാകുമോ എന്നത് പോലും വലിയ ചോദ്യമാണ്. ഇനി മുതല്‍ ഈ തിരഞ്ഞെടുപ്പ് തങ്ങള്‍ നടത്തിക്കൊള്ളാമെന്നാണ് ചൈനയും പറയുന്നത്.
തനിക്കു ശേഷം ഒരു ദലൈലാമ ഉണ്ടാവില്ലെന്നും നിലവിലെ സാഹചര്യത്തില്‍ ഒരു കുഞ്ഞിനെ പഴയതുപോലെ കണ്ടെത്തി ദലൈലാമയായി വളര്‍ത്തിയെടുക്കുക അസാധ്യമാണെന്നും ദലൈലാമയും പലപ്പോഴും പറഞ്ഞിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ ചൈനയില്‍നിന്ന് സ്വാന്ത്ര്യം നേടുക അസാധ്യം എന്ന ചിന്തയാകാം അദ്ദേഹത്തെ ഇതിലേക്ക് നയിച്ചത്. അതാവാം ഒരു പക്ഷേ ഈ പിന്നോക്കം പോക്കിന് കാരണം.
Content Highlights: What Is The Conflict Between Tibet and China
Published: 13 Jul 2023, 02:00 pm IST
ABOUT THE AUTHOR
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented