1915 ഏപ്രിൽ 22. ഒന്നാം ലോക മഹായുദ്ധം പോർ മുഴക്കുന്ന ഒരു സായാഹ്നം. ജർമനിയും ഫ്രാൻസും തമ്മിലുള്ള യുദ്ധകാഹളം മുഴങ്ങി. ജർമനിയുടെ കുതിരപ്പടയെ കാത്തുനിന്ന ഫ്രഞ്ച് സേനയ്ക്കു മുന്നിലേക്ക് ജർമൻ സേന കൂറ്റൻ ഇരുമ്പ് സിലിണ്ടറുകൾ നിരത്തി വെച്ചു. പകച്ചുനിന്ന ഫ്രഞ്ച് സേനയ്ക്കിടയിലേക്ക് ആറായിരത്തിലധികം വരുന്ന സിലിണ്ടറുകൾ ജർമനി ഒന്നിച്ചു തുറന്നു വിട്ടു. നിമിഷങ്ങൾക്കകം പുറത്തു വന്ന ടൺ കണക്കിന് ക്ലോറിൻ വാതകം ഫ്രഞ്ച് സേനയെ ഒന്നടങ്കം വിഴുങ്ങി. ലോകത്തെ ശ്വാസം മുട്ടിച്ച രാസയുദ്ധത്തിനായിരുന്നു അന്ന് തുടക്കം കുറിച്ചത്.

To advertise here,

ഒന്നരലക്ഷത്തിലധികം  ജീവനുകളാണ്  അന്ന് ആ മാരകമായ പുകച്ചുഴലുകൾ ചുഴറ്റിയെറിഞ്ഞത്. ഒന്നാം ലോക മഹായുദ്ധത്തോടെ രാസായുധങ്ങൾ കൂടുതൽ പ്രചാരത്തിൽ എത്തി. ശത്രുക്കളെ തുരത്തിയോടിക്കാൻ കാലാളും കുന്തവും തീതുപ്പിയുമൊന്നും മതിയാവാതെ രാജ്യങ്ങൾ മസ്റ്റാഡ് ഗ്യാസും സരിനും ഹെയ്ൽ ബോംബുകളും പോലെയുള്ള രാസായുധങ്ങൾ മത്സരിച്ച് വാങ്ങി കൂട്ടി. വിഷപ്പുകയിൽ ചോര തുപ്പി ആയിരക്കണക്കിനു പേർ മരിച്ചു വീണു. 

അവസാന രാസശേഖരവും നശിപ്പിച്ച് യു.എസ്.

ഒന്നാം ലോക മഹായുദ്ധകാലത്തെ അവശേഷിക്കുന്ന അവസാന രാസായുധവും നശിപ്പിച്ചതായി കഴിഞ്ഞ ദിവസമാണ് അമേരിക്ക പ്രഖ്യാപിച്ചത്. വർഷങ്ങൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് പുനരുപയോഗിക്കാൻ കഴിയാത്തവിധം രാസായുധശേഖരം മുഴുവനായി നശിപ്പിച്ചത്. കെന്റക്കിയിലെ യു.എസ്. ആയുധസംഭരണകേന്ദ്രമായ ബ്ലൂഗ്രാസ് ആർമി ഡിപ്പോയിൽ ശേഖരിച്ചുവെച്ചിരുന്ന മസ്റ്റാഡ് ഗ്യാസ്, സരിൻ വാതകം, വി.എക്സ്, നേർവ് ഏജന്റുകൾ, ബ്ലിസ്റ്റർ ഏജന്റുകൾ എന്നിവയുൾപ്പെടെയുള്ള 500 ടൺ രാസായുധങ്ങളുടെ നശീകരണമാണ് പൂർത്തിയാക്കിയത്.

1997-ൽ പ്രാബല്യത്തിൽ വന്ന ലോക രാസായുധ കൺവെൻഷൻ പ്രകാരമായിരുന്നു രാസായുധശേഖരത്തിന്റെ നശീകരണം. രാസായുധങ്ങളുടെ ശേഖരണവും നിർമാണവും ഉപയോഗവും നിരോധിച്ചു കൊണ്ടുള്ള ഈ അന്താരാഷ്ട്ര ഉടമ്പടിയിൽ 193 രാജ്യങ്ങളാണ് ഒപ്പുവെച്ചത്. പ്രഖ്യാപിത രാസായുധശേഖരം പൂർണമായി നശിപ്പിച്ചു കളഞ്ഞ എട്ടു രാജ്യങ്ങളിൽ അവസാനത്തേതാണ് അമേരിക്ക. 

placeholder
യു.എസിലെ രാസായുധ ശേഖരം | Photo: twitter.com/ spriterteam

ചരിത്രത്തിൽ രാസായുധങ്ങൾ ഏൽപ്പിച്ച മുറിപ്പാടുകൾ മായ്ക്കാനാകാത്തതാണെങ്കിലും മരണം മണക്കുന്ന ഈ വിപത്തിനെ ആയുധ ശേഖരത്തിൽനിന്ന് തുടച്ചു നീക്കാനായതിൽ ഏറെ സന്തോഷമുണ്ടെന്നായിരുന്ന രാസായുധശേഖരം നശിപ്പിച്ചു എന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു കൊണ്ട് യു.എസിന്റെ പ്രതികരണം. പല ഘട്ടങ്ങളായാണ് രാസായുധങ്ങൾ മുഴുവനായും യു.എസ്. നശിപ്പിച്ചത്.

2019-ൽ തന്നെ കെന്റക്കി ഡിപ്പോയിലെ രാസായുധശേഖരം നശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ചർച്ചകളുണ്ടായെങ്കിലും അവ എങ്ങനെ നശിപ്പിക്കുമെന്നതിനെ ചൊല്ലി തർക്കമായി. അതോടെ നശീകരണ പ്രകിയ നീണ്ടുപോയി. 2021-ൽ ബാക്കിയായ മസ്റ്റാർഡ് ഏജൻ്റുകൾ നശിപ്പിച്ചു. 2022 ഏപ്രിലിൽ വി.എക്‌സ്. ഏജൻറും നിർവീര്യമാക്കി. 500 ടണ്ണോളം വരുന്ന മാരകമായ രാസ ഏജന്റുകളായ വി.എക്സ്., സരിൻ നേർവ് ഏജന്റ്, ബ്ലിസ്റ്റർ ഏജന്റുകൾ, എന്നിവയാണ് ലോകമഹായുദ്ധത്തിന്റെ ശേഷിപ്പായി കൈവശമുണ്ടായിരുന്നത് എന്നാണ് യു.എസ്. വ്യക്തമാക്കിയത്. അവസാനശേഖരവും നശിപ്പിച്ചതോടെ യു.എസ്. രാസായുധമുക്തമായി. 

നാസി ക്യാമ്പുകളിൽ ജൂതരെ കൊന്നു തള്ളിയ നേർവ് ഗ്യാസ്

ഒന്നാം ലോക മഹായുദ്ധത്തിൽ പൊലിഞ്ഞ ജീവനുകളിൽ നല്ലൊരു പങ്കിന്റെയും ഉത്തരവാദി രാസായുധങ്ങളായിരുന്നു. 1.3 മില്യൺ ആളുകളാണ് രാസായുധത്തിനിരയായത്. അന്ന് യൂറോപ്യൻ രാജ്യങ്ങൾക്ക് രാസായുധങ്ങൾ അന്യമായിരുന്നു. എന്നാൽ രണ്ടാം ലോക മഹായുദ്ധമായപ്പോഴേക്കും മിക്ക രാജ്യങ്ങളും രാസായുധങ്ങളുടെ കൂറ്റൻ ശേഖരം തന്നെ സ്വന്തമാക്കി. 1925-ഓടെ തന്നെ യുദ്ധത്തിൽ രാസായുധങ്ങളുപയോഗിക്കുന്നത് നിയമവിരുദ്ധമാക്കിയിരുന്നു. പക്ഷേ അപ്പോഴും പോർമുഖങ്ങളിൽ സർവനാശഹേതുവായ രാസായുധങ്ങൾ ഉപയോഗിക്കുന്നത് രാജ്യങ്ങൾ തുടർന്നു കൊണ്ടേയിരുന്നു.നാസിപ്പടയുടെ കോൺസെൻട്രേഷൻ ക്യാമ്പുകളിൽ ലക്ഷക്കണക്കിന് ജീവനുകളാണ് രാസായുധങ്ങളുടെ വിഷപ്പുകയിൽ വെന്തു തീർന്നത്.

placeholder
നാസി കോൺസെൻ്ട്രേഷൻ ക്യാമ്പിൽ നിന്നുള്ള ദൃശ്യം

ഇന്ന് വരെ കണ്ടുപിടിക്കപ്പെട്ട രാസായുധങ്ങളിൽ ഏറ്റവും അപകടകാരിയെന്ന് വിശേഷിപ്പിക്കുന്ന നേർവ് ഗ്യാസ്  ജർമനിയുടെ സംഭാവനയുമാണ്. നാസി ലാബുകളിലെ രസതന്ത്ര ശാസ്ത്രജ്ഞരിൽ ഒരാളായ ജെറാർഡ് ഷ്രാഡർ കീടനാശിനി വികസിപ്പിക്കുന്നതിനിടെ സംഭവിച്ച ഒരബദ്ധമാണ് പിന്നീട് ലോകമെമ്പാടും ലക്ഷക്കണക്കിന് ജീവനുകൾ വലിച്ചെടുത്ത നേർവ് ഗ്യാസ്. മൃഗങ്ങളിൽ പരീക്ഷിച്ച് ഇവയുടെ കരുത്ത് മനസ്സിലാക്കിയ നാസികൾ പിന്നീട് ഇവ തടവിലാക്കിയ ജൂതന്മാരുടെ മേൽ പരീക്ഷിച്ചു. കണ്ണുന്തി, കൈകാലിട്ടടിച്ച് നിസ്സാഹായരായ ആ മനുഷ്യർ പിടഞ്ഞു തീർന്നപ്പോൾ യുദ്ധവൈരത്തിൽ ശത്രുവിന്റെ സർവനാശം കാണാൻ പുതിയ ആയുധം കണ്ടെത്തിയ ആഹ്ളാദത്തിലായിരുന്നു ജർമനി.

placeholder
ടാബുൺ ഗ്യാസിൻ്റെ രാസഘടന | Photo: Wikipedia

വിലക്കപ്പെട്ടത് എന്ന് അർഥം വരുന്ന ടാബു(taboo) എന്ന വാക്കിൽ നിന്ന് ടാബൂൺ എന്ന് പുതിയ ആയുധത്തിന് പേരുമിട്ടു. സാധാരണയായി ഉപയോഗിച്ച് വന്നിരുന്ന മസ്റ്റാഡ് ഗ്യാസും ഫോസ്ജീനും പോലെയുള്ള രാസായുധങ്ങൾ ജീവനെടുക്കാൻ മണിക്കൂറുകളും ദിവസങ്ങളുമെടുത്തപ്പോൾ ടാബൂണിന് ഒരു മനുഷ്യനെ ശ്വാസംമുട്ടിച്ച് കൊല്ലാൻ കേവലം 20 മിനിറ്റ് തന്നെ ധാരാളമായിരുന്നു. പിന്നീട് 1980കളിൽ നടന്ന ഇറാൻ-ഇറാഖ് യുദ്ധത്തിലും, 1995 ലെ ടോക്യോ സബ്​വേ ആക്രമണത്തിലും ഏറ്റവും ഒടുവിൽ സിറിയൻ ആഭ്യന്തര യുദ്ധത്തിൽ വരെ ലക്ഷക്കണക്കിന് പേരെ കൊന്നു കൂട്ടിയത് ടാബൂണാണ്.

ശീതയുദ്ധകാലത്ത് യു.എസും സോവിയറ്റ് യൂണിയനും രാസായുധശേഖരത്തിൽ ഒന്നാമതെത്താൻ മത്സരിച്ചു. 1990-ഓടെ യു.എസിന്റെ ആയുധശേഖരത്തിൽ മുപ്പതിനായിരം ടണിലധികം കെമിക്കൽ ഏജന്റുകൾ ഇടം പിടിച്ചു. അമേരിക്കയെ കടത്തി വെട്ടി നാൽപ്പതിനായിരം ടൺ രാസായുധശേഖരം കൊണ്ട് റഷ്യ ആയുധപ്പുര നിറച്ചു. രണ്ടാംലോകയുദ്ധത്തിൽ രാസായുധപ്രയോഗമുണ്ടായില്ലെങ്കിലും 1970 മുതൽ അങ്ങിങ്ങായി വീണ്ടും രാസായുധങ്ങൾ  പ്രയോഗിക്കപ്പെട്ടു. അതിൽ ഏറെ സുപ്രധാനമാണ് 1980-ലെ യുദ്ധത്തിൽ ഇറാനുനേരെയുണ്ടായ ഇറാഖിന്റെ രാസായുധപ്രയോഗം. 

1988 വരെ നീണ്ടു നിന്ന ഇറാൻ- ഇറാഖ് യുദ്ധത്തിൽ ഇറാന്റെ അതി‍ർത്തി ​ഗ്രാമങ്ങളിലങ്ങോളമായി 350-ലധികം രാസാക്രമണങ്ങളാണ് ഇറാഖ് നടത്തിയത്. പുറത്തു വന്ന റിപ്പോർട്ടുകൾ പ്രകാരം ഏതാണ്ട് ഒരുലക്ഷത്തിലധികം പേർ അന്നത്തെ  നേർവ് ​ഗ്യാസ് ആക്രമണത്തിൽ തത്ക്ഷണം കൊല്ലപ്പെട്ടു. കണക്കിൽപ്പെടാത്ത മരണങ്ങൾ വേറെ.രാസയുദ്ധം അതിജീവിച്ചവ‍രാകട്ടെ ആശുപത്രി ജീവിതം നരകിച്ചു തീർത്തു. ടാബുൺ, സരിൻ, മസ്റ്റാ‍ഡ് ​ഗ്യാസ് എന്നീ അതിമാരകമായ രാസായുധങ്ങളാണ് ഇറാന് മേൽ ഇറാഖ് പ്രയോ​ഗിച്ചത്.

placeholder
പ്രതീകാത്മചിത്രം | Photo: twitter.com/MilHistNow

 

രാസായുധങ്ങൾക്കെതിരേ ഒന്നിച്ചു നിന്ന് രാജ്യങ്ങൾ

ഒടുവിൽ ഒന്നാം ലോക മഹായുദ്ധത്തിന് ഒന്നര പതിറ്റാണ്ടിനു ശേഷം 1997 ഏപ്രിൽ 29-ന് നെതർലെൻഡ്സിലെ ഹേഗ് ആസ്ഥാനമാക്കി  രാസായുധ നിരോധന സംഘടന (OPCW) രൂപപ്പെട്ടു. ലോകത്ത് രാസായുധ ഭീഷണി ഇല്ലാതാക്കി സമാധാനവും സുരക്ഷയും ഉറപ്പാക്കുകയായിരുന്നു സംഘടനയുടെ സ്ഥാപിതലക്ഷ്യം. 

 ഒ.പി.സി.ഡബ്ല്യുവിൻ്റെ  കീഴിലാണ് ലോക രാസായുധ കൺവൻഷൻ നിലവിൽ വരുന്നത്. ശീതയുദ്ധത്തിന്റെ അവസാനത്തോടെ അതിശക്ത രാഷ്ട്രങ്ങളുൾപ്പടെയുള്ളവർ രാസായുധങ്ങളുടെ നശീകരണത്തിനു വേണ്ടിയുള്ള ചർച്ചകൾക്കായി കൺവെൻഷനിൽ ഒന്നിച്ചു. രാസായുധങ്ങളുടെ വികസനം, ഉത്പാദനം, സംഭരണം, ഉപയോഗം എന്നിവ തടയണമെന്ന ആവശ്യത്തിനു മേൽ 193 രാജ്യങ്ങളാണ് ഉടമ്പടി ഒപ്പിട്ടത്. രാസായുധശേഖരം കൈവശമുള്ള രാജ്യങ്ങൾ രാസായുധങ്ങൾ നശിപ്പിച്ചു കളയണമെന്നും ഉടമ്പടിയിൽ തീരുമാനമെടുത്തു.

1997 ജൂണിലാണ്  പ്രഖ്യാപിത രാസായുധശേഖരം ഇന്ത്യ വെളിപ്പെടുത്തുന്നത്. കൈവശമുണ്ടായിരുന്ന 1044 ടൺ മസ്റ്റാഡ് ഗ്യാസ് ശേഖരത്തിന്റെ 75 ശതമാനവും 2005- ഓടെ ഇന്ത്യ നശിപ്പിച്ചു. 2009 മെയ് 14-ഓടെ മുഴുവൻ രാസായുധശേഖരവും നശിപ്പിച്ചതായി ഇന്ത്യ കൺവൻഷനെ അറിയിച്ചു. അനുവദിച്ച സമയ പരിധിക്കുള്ളിൽ നശീകരണം പൂർത്തിയാക്കിയ ആദ്യ രാജ്യവും ഇന്ത്യയായിരുന്നു. 2017-ലാണ് രാസായുധ ശേഖരത്തിൽ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന റഷ്യ നശീകരണം പൂർത്തിയാക്കിയത്.

അമേരിക്കയ്ക്ക് മേൽ പതിഞ്ഞ ചോരക്കറ

യു.എസ്. നടപടിയെ ചരിത്രപരമായ വിജയമെന്നാണ് ഒ.പി.സി.ഡബ്ല്യു. വിശേഷിപ്പിച്ചത്. എന്നാൽ ചില സംസ്ഥാനങ്ങളില്ലെങ്കിലും യു.എസിന് രഹസ്യ രാസായുധ ശേഖരമുണ്ടെന്നാണ് ചിലരെങ്കിലും വിശ്വസിക്കുന്നത്. ലോകസമാധാനത്തിനാണ് യു.എസ്. മുൻതൂക്കം നൽകുന്നത് എന്ന പ്രഖ്യാപനങ്ങൾക്കിടയിലും  എത്ര കഴുകിയാലും മായ്ക്കാനാകാത്ത ഒരു ചോരക്കറ അമേരിക്കയ്ക്കു മേൽ ഇന്നും പതിഞ്ഞു കിടക്കുന്നുണ്ട്. ആ യുദ്ധഭീകരതയുടെ ഓർമപ്പെടുത്തലായി ഒരു പെൺകുട്ടി ജീവിച്ചിരിക്കുന്നുമുണ്ട്.

placeholder
നിക് ഉട്ട് പകർത്തിയ നാപാം പെൺകുട്ടിയുടെ ചിത്രം | Photo: wikipedia

നിക് ഉട്ടിൻ്റെ ക്യാമറ കണ്ണീരണിഞ്ഞ ആ ബ്ലാക്ക് ആൻ്റ് വൈറ്റ് ചിത്രത്തിന് തങ്ങൾ രാസായുധങ്ങൾക്ക് എക്കാലവും എതിരായിരുന്നു എന്ന അമേരിക്കയുടെ അവകാശവാദത്തെ ഉടച്ചെറിയാനുള്ള കെൽപ്പുമുണ്ട്. ദക്ഷിണ വിയറ്റ്നാം കമ്മ്യൂണിസ്റ്റ് ഭരണത്തിലാകുന്നതായിരുന്നു അമേരിക്കയെ ചൊടിപ്പിച്ചത്. ദക്ഷിണ വിയറ്റനാമും ഉത്തര വിയറ്റ്നാമും തമ്മിലുള്ള ആഭ്യന്തര യുദ്ധത്തിൽ അമേരിക്ക ഇടപെട്ടതിനു പിന്നിലെ ചേതോവികാരവും കമ്മ്യൂണിസ്റ്റ് ഭരണത്തെ തുടച്ചു നീക്കുക എന്നത് തന്നെയായിരുന്നു. രണ്ടാം ലോക മഹായുദ്ധകാലത്ത് അമേരിക്ക വികസിപ്പിച്ച ഗ്യാസോലിന്‍ ജെല്ലി മിശ്രിതമായ നാപാം ബോംബും കളനാശിനിയായി ഉപയോഗിക്കുന്ന ഏജന്റ് ഓറഞ്ച് എന്ന അതിമാരക രാസമിശ്രിതവുമാണ് അമേരിക്ക വിയറ്റ്നാം യുദ്ധത്തില്‍ വര്‍ഷിച്ചത്. 

തുടരുന്ന രാസയുദ്ധങ്ങൾ

രാസായുധങ്ങൾ കൈവശമുണ്ടെങ്കിലും ഉടമ്പടിയിൽ ഒപ്പ് വെയ്ക്കാത്ത ചില രാജ്യങ്ങളുണ്ട്. ഉത്തര കൊറിയ, ദക്ഷിണ സുഡാൻ, ഈജിപ്ത്, ഇസ്രായേൽ എന്നീ രാജ്യങ്ങളിൽ പ്രഖ്യാപിത രാസായുധ ശേഖരമുണ്ടെങ്കിലും അവയുടെ അളവ് വെളിപ്പെടുത്താനോ നശിപ്പിക്കാനോ രാജ്യങ്ങൾ തയ്യാറായിട്ടില്ല. 

placeholder
Photo: AFP

നിരന്തരമായ ബോധവത്കരണത്തിനിടയിലും രാസായുധ ഉപയോഗം തുടരുന്നത് അത്യന്തം ഖേദകരമാണെന്ന് ഒ.പി.സി.ഡബ്ല്യു. സാക്ഷ്യപ്പെടുത്തുന്നു. ഇതിൽ ഏറ്റവും ഒടുവിലത്തേതാണ് സിറിയൻ ആഭ്യന്തരയുദ്ധത്തിൽ ബാഷർ അൽ അസദ് ഭരണകൂടം എതിരാളികൾക്കുനേരെ നടത്തിയ രാസായുധ പ്രയോഗം. സിറിയയ്ക്ക് രാസായുധങ്ങളെത്തിച്ചു നൽകിയത് ഉത്തര കൊറിയയാണെന്ന് പല റിപ്പോർട്ടുകളും പുറത്തു വന്നിരുന്നു. രാജ്യങ്ങൾ തമ്മിലുള്ള രാസായുധ കൈമാറ്റത്തിന് തടയിടുക വഴി രാസയുദ്ധങ്ങൾക്ക് ഒരു പരിധി വരെ അറുതി വരുത്താൻ കഴിഞ്ഞേക്കുമെന്നും ഒ.പി.സി.ഡബ്ല്യു. പറയുന്നു. അധികരോത്സുകത തീരാത്തിടത്തോളം യുദ്ധക്കൊതിയും അടങ്ങുകയില്ലല്ലോ. ഇനിയും മനുഷ്യർ ശ്വാസം കിട്ടാതെ പിടഞ്ഞു തീർന്നേക്കാം.