
മോസ്‌കോ: അലെക്‌സി നവാൽനിയെ കൊല്ലാൻ ഉപയോഗിച്ചതായി യൂറോപ്യൻ രാജ്യങ്ങൾ ആരോപിച്ച തവള വിഷമായ 'എപിബാറ്റിഡിൻ' മോർഫിനേക്കാൾ ഏകദേശം 100 മടങ്ങ് ശക്തിയേറിയതാണ്. ചർമ്മത്തിൽ വിഷം ഉള്ള തവളകളിൽ, വളരെ വിഷമുള്ളതും നിക്കോട്ടിൻ പോലുള്ളതുമായ ഈ പദാർത്ഥമാണ് എപിബാറ്റിഡിൻ. വടക്കൻ ദക്ഷിണ അമേരിക്കയിൽ നിന്നുള്ള തവളകളിൽ കാണപ്പെടുന്നു. റഷ്യയിൽ സ്വാഭാവികമായി ഇവയെ കാണാറില്ല.
ആർട്ടിക്കിലെ അതിസുരക്ഷാ ജയിലിൽ ഏകാന്ത തടവനുഭവിക്കുകയായിരുന്ന നവാൽനിയെ 2024 ഫെബ്രുവരിയിലാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. റഷ്യൻ പ്രസിഡന്റ് വ്‌ലാദിമിർ പുതിന്റെ കടുത്തവിമർശകനായിരുന്നു അദ്ദേഹം. 'എപിബാറ്റിഡിന്റെ സാന്നിധ്യം നവാൽനിയുടെ ശരീരത്തിലുണ്ടായിരുന്നു. തടവിലായതിനാൽ നവാൽനിക്ക് വിഷം നൽകാൻ എളുപ്പമായിരുന്നു. അതുകൊണ്ട് അന്താരാഷ്ട്ര രാസ-ജൈവായുധ നിയമങ്ങൾ ലംഘിച്ചതിന് റഷ്യയെ ഉത്തരവാദിയാക്കണമെന്ന ആവശ്യം ശക്തമാവുകയാണ്. അതേ സമയം നവാൽനിയുടെ മരണത്തിൽ പങ്കില്ലെന്നാണ് റഷ്യയുടെ വാദം.
വ്യത്യസ്ത ആവാസവ്യവസ്ഥകളിൽ ജീവിക്കുമ്പോൾ ഈ തവളകളിൽ എപിബാറ്റിഡിന്റെ അളവിൽ വ്യത്യാസം ഉണ്ടെന്നാണ് പഠനങ്ങൾ പറയുന്നത്. കൂടുകളിൽ വളർത്തുന്നവയുടെ ചർമ്മത്തിൽ വിഷാംശം ഇല്ലാത്തതിനാൽ തവളകൾ അവയുടെ ഭക്ഷണത്തിലൂടെയാണ് എപിബാറ്റിഡിൻ നേടുന്നതെന്ന് ഗവേഷകർ വിശ്വസിക്കുന്നു. വേദനസംഹാരിയായും ആസ്ത്മ, പൾമോണറി ഫൈബ്രോസിസ് പോലുള്ള കഠിനമായ ശ്വാസകോശ വീക്കങ്ങൾക്ക് ആശ്വാസം നൽകാനും എപ്പിബാറ്റിഡിന് സാധിക്കുമെന്ന് ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്. എങ്കിലും അതിന്റെ വിഷാംശം കാരണം ക്ലിനിക്കലായി ഉപയോഗിക്കുന്നില്ല.
കേന്ദ്ര നാഡീവ്യൂഹത്തിലെ പ്രവർത്തനങ്ങളെ തടയുന്നതിലൂടെയാണ് എപ്പിബാറ്റിഡിൻ പ്രവർത്തിക്കുന്നതെന്ന് ലീഡ്‌സ് യൂണിവേഴ്‌സിറ്റിയിലെ പരിസ്ഥിതി ടോക്‌സിക്കോളജിയിലെ എമെറിറ്റസ് പ്രൊഫസർ അലസ്റ്റർ ഹേ ഗാർഡിയനോട് പറഞ്ഞു. ‘ഇത് അകത്ത് ചെന്നാൽ പക്ഷാഘാതം സംഭവിക്കും. പേശികളെയും ശ്വാസകോശത്തെയും വല്ലാതെ ബാധിക്കും. അതുകൊണ്ട്, വിഷമേറ്റാൽ ശ്വാസം മുട്ടി മരിക്കുന്നു.'
നവാൽനിയെ കൊല്ലാൻ എപിബാറ്റിഡിൻ ഉപയോഗിച്ചെങ്കിൽ, ഇത് 1972 ലെ ബയോളജിക്കൽ ആൻഡ് ടോക്‌സിൻ വെപ്പൺസ് കൺവെൻഷൻ, 1993 ലെ കെമിക്കൽ വെപ്പൺസ് കൺവെൻഷൻ എന്നിവയുടെ ലംഘനമാണ്.
2020ൽ, നവാൽനിയ്ക്ക് വിഷബാധയേറ്റിരുന്നു. ഇതെതുടർന്ന് നാഡീവ്യൂഹങ്ങൾക്ക് തകരാർ സംഭവിച്ചിരുന്നു.കുടുംബവും സഖ്യകക്ഷികളും അദ്ദേഹത്തെ ചികിത്സയ്ക്കും പരിചരണത്തിനും ജർമ്മനിയിലേക്ക് കൊണ്ടുപോയി. അഞ്ച് മാസത്തിന് ശേഷം അദ്ദേഹം റഷ്യയിലേക്ക് മടങ്ങിയെത്തി. തുടർന്ന് അദ്ദേഹത്തെ റഷ്യൻ അധികൃതർ അറസ്റ്റ് ചെയ്യുകയും ജയിലിലടയ്ക്കുകയും ചെയ്തു. ജയിലിൽ കഴിയവേയാണ് ഇദ്ദേഹത്തിന്റെ മരണം സംഭവിക്കുന്നത്.
നവാൽനിയെ റഷ്യ കൊലപ്പെടുത്തിയതാണന്ന ആരോപണവുമായി യൂറോപ്യൻ രാജ്യങ്ങൾ രംഗത്ത് വന്നതിന് പിന്നാലെ പ്രതികരണവുമായി ഭാര്യ ലൂലിയ നവാൽനിവീണ്ടും രംഗത്ത് വന്നിരുന്നു. തന്റെ ഭർത്താവിന് വിഷം കൊടുത്തതാണെന്ന് ആദ്യ ദിവസം മുതൽ തനിക്ക് ഉറപ്പുണ്ടായിരുന്നു, പക്ഷെ ഇപ്പോൾ തെളിവുണ്ട്. രാസായുധം ഉപയോഗിച്ച് പ്രസിഡന്റ് പുതിൻ അലക്‌സിയെ കൊന്നു. പുതിൻ ഒരു കൊലയാളിയാണ്. എല്ലാ കുറ്റങ്ങൾക്കും അയാൾ ഉത്തരം പറയേണ്ടി വരുമെന്ന് ലൂലിയ എക്‌സിൽ കുറിച്ചു.
Content Highlights: Investigate Epibatidine, the potent frog venom allegedly used to kill Alexei Navalny. Discover its extreme toxicity, 100x stronger than morphine, and its implications.
Published: 15 Feb 2026, 07:33 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented