അട്ടപ്പാടി ഗവണ്‍മെന്റ് കോളേജിന്റെ ഹോസ്റ്റലില്‍ ഉച്ചഭക്ഷണം മുടങ്ങി. വിദ്യാര്‍ത്ഥികള്‍ എന്ന് അവകാശപ്പെടുന്നവര്‍ പ്രിന്‍സിപ്പലിന്റെ കസേരയ്ക്ക് പിന്നില്‍ വാഴ വച്ചു. ഒപ്പം ഒരു സംഭാഷണവും. വാഴയെങ്കില്‍ കുലയ്ക്കുകയെങ്കിലും ചെയ്യും.

To advertise here,

ഒറ്റവാക്കില്‍ പറയട്ടെ, ശുദ്ധ തോന്ന്യാസമാണ്.

കഴിഞ്ഞ ദിവസം മറ്റൊരു ദൃശ്യം കണ്ടു. കാഴ്ചാപരിമിതനായ അധ്യാപകനെ അവഹേളിക്കുന്നത്. അതിലെ വിവാദം പോലെ തന്നെ ഹൃദയഭേദകമായി കണ്ടത് എല്ലാ കുട്ടികളും ക്ലാസില്‍ ഇരുന്ന് മൊബൈലില്‍ അടയിരിക്കുന്നതാണ്.

അയല്‍രാജ്യങ്ങളിലെ ജനാധിപത്യവിരുദ്ധമായ ഹിംസയിലേക്ക് എത്ര വേഗമാണ് നമ്മളും പോകുന്നത് എന്ന് ബോധ്യപ്പെടുത്തുന്നതാണ് ഈ സംഭവങ്ങള്‍. ഓര്‍മ്മയില്‍ വരുന്ന ചിലതു കൂടി പറയാതെ വയ്യ.

എറണാകുളം മഹാരാജാസില്‍ പ്രിന്‍സിപ്പലിന്റെ കസേര കത്തിച്ചു. പാലക്കാട് വിക്ടോറിയയില്‍ പ്രിന്‍സിപ്പലിന് കുഴിമാടം കുത്തി. കാസര്‍ഗോഡ് സദാചാരവാദിയെന്ന് പറഞ്ഞ് മറ്റൊരു പ്രിന്‍സിപ്പാളെ ഓടിപ്പിച്ചു. ഡോ എം ലീലാവതി ഭാഗ്യവതിയാണ്. പണ്ടേ വിരമിക്കാന്‍ കഴിഞ്ഞല്ലോ. ഇല്ലെങ്കില്‍ ആ പാവം ടീച്ചറെ ആക്രമിക്കാന്‍ നമ്മുടെ കുട്ടികള്‍ മടി കാണിക്കുമായിരുന്നില്ല.

പ്രിന്‍സിപ്പല്‍ ഒന്നും ചെയ്യുന്നില്ല എന്നതല്ല തീര്‍ച്ചയായും അട്ടപ്പാടി കോളേജിലെ പ്രകോപനകാരണം. ലാലി വര്‍ഗ്ഗീസ് എന്ന പ്രിന്‍സിപ്പല്‍ ചിലത് ചെയ്തു എന്നതാണ്. അതിന് ഒരു ചരിത്രമുണ്ട്.

അതിനും മുമ്പേ ഇപ്പോഴത്തെ വിഷയത്തിലേക്ക്. അട്ടപ്പാടി കോളേജിലെ പെണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ ഉച്ചഭക്ഷണം മുടങ്ങി. കാരണം. ജീവനക്കാര്‍ പണിമുടക്കി. ആറുമാസത്തോളമായി ശമ്പളം മുടങ്ങിയതിനാലാണ് പാചകം ചെയ്യാതെ സമരം ചെയ്തത്. കുടുംബശ്രീ വഴിയാണ് പാചക തൊഴിലാളികളെ നിയമിച്ചത്. സാധാരണ ഗതിയില്‍ കുടുംബശ്രീ വഴി നിയോഗിക്കപ്പെടുന്ന തൊഴിലാളികളുടെ ശമ്പളം  നല്‍കേണ്ടത് ഡയറക്ടറേറ്റ് ഓഫ് കോളേജ് എജുക്കേഷനാണ്. പലയിടത്തും ഫണ്ടില്ലാത്ത കാരണം വൈകാറുണ്ട്. ഡിസിഇ ഈ ഫണ്ട് അതത് കുടുംബശ്രീകള്‍ക്കാണ് കൈമാറാറുള്ളത്. അതില്‍ പ്രിന്‍സിപ്പലിന് കാര്യമായ വേഷമൊന്നും കെട്ടാനില്ല.

ഇനി അട്ടപ്പാടി കോളേജില്‍ പ്രതിസന്ധിക്ക് ഉത്തരവാദി ബില്ലു തയ്യാറാകാത്ത  പ്രിന്‍സിപ്പലാണെന്ന് തന്നെ വയ്ക്കുക. എങ്കിലും ഈ സമരത്തിന് ന്യായീകരണമുണ്ടോ ?  ലാലി വര്‍ഗ്ഗീസ് എന്ന അധ്യാപിക ഹിറ്റ് ലിസ്റ്റില്‍ വരുന്നത് കെ. വിദ്യാ കേസുമായി ബന്ധപ്പെട്ടാണ്. വ്യാജസര്‍ട്ടിഫിക്കറ്റ് വിവാദത്തിന് ശേഷം. അന്ന് വിദ്യ വ്യാജ തൊഴില്‍ പരിചയ സര്‍ട്ടിഫിക്കറ്റാണ് ഗസ്റ്റ് ലക്ചറര്‍ നിയമനത്തിന് കാണിച്ചെന്നത് ലാലി വര്‍ഗ്ഗീസ് തുറന്നു പറഞ്ഞു.

സത്യം പറഞ്ഞാല്‍ കേരളം പോലുള്ള ഒരു സംസ്ഥാനത്തെ വിദ്യാര്‍ത്ഥി സമൂഹം ആവേശപൂര്‍വം ഏറ്റെടുക്കേണ്ട ഒന്നായിരുന്നു അത്. എന്തെന്നാല്‍ അര്‍ഹര്‍ക്ക് നിയമനം ഉറപ്പാക്കേണ്ടത് അനിവാര്യതയാണല്ലോ. പ്രത്യേകിച്ചും താഴില്‍കിട്ടാപ്പട വാഴും നാട്ടില്‍.  എന്നാല്‍ കക്ഷിരാഷ്ട്രീയത്തിന്റെ ചുഴലിക്കാറ്റില്‍ ലാലി കുറ്റവാളിയായി. വിദ്യ രക്തസാക്ഷിയും. വേഷങ്ങള്‍ പലരും തരാതരം മാറി.

ലാലി വര്‍ഗ്ഗീസ് എന്ന പ്രിന്‍സിപ്പലിന് വാഴ വയ്ക്കാന്‍ കുട്ടികള്‍ തയ്യാറാവുന്നതിന് പിന്നില്‍ ഈ പകയുണ്ടോ? ബന്ധപ്പെട്ടവര്‍ വ്യക്തമാക്കട്ടെ.

അതിനപ്പുറം മറ്റൊന്നുണ്ട്. വാഴ വയ്ക്കലിന്റെ രാഷ്ട്രീയ സമരം കഴിഞ്ഞ വര്‍ഷം കണ്ടത് വയനാട്ടിലാണ്. രാഹുല്‍ ഗാന്ധിയുടെ ഓഫീസില്‍. എംപിയുടെ സീറ്റില്‍. മരവാഴ എംപി എന്ന് എസ്എഫ്ഐക്കാര്‍ വിളിച്ച രാഹുലിനെ പിന്തുണയക്കാന്‍ സീതാറാം യെച്ചൂരി പാടുപെടുന്നത് പിന്നീട് പലപ്പോഴും നാടു കണ്ടു. കേട്ടു.

അക്രമത്തിന്റെ തിരയിളക്കമാണ് ഈ സമരങ്ങളുടെ അപഹാസ്യത. ആള്‍ക്കൂട്ടഹിംസ മോബോക്രസിയിലേക്കും വയലന്‍സിലേക്കും നീളാന്‍ അധികനേരം വേണ്ട. ഏത് പ്രിന്‍സിപ്പലിനെയാണ് ആ ദുര്‍വിധി കാത്തിരിക്കുന്നതെന്ന് പാഴൂര്‍ പടിപ്പുരയ്ക്കലെ രാശിക്കളങ്ങളെ നോക്കേണ്ടതുമില്ല. ആര്‍ക്കുമാവാം. എപ്പോഴുമാവാം. എവിടേയുമാകാം. പേടിയാവുന്നു.

മാതാപിതാഗുരു ദൈവം എന്ന് പഠിച്ചു വന്നവരാണ് ഞങ്ങള്‍. ഒന്നാം ക്ലാസു തൊട്ട് പഠിപ്പിച്ച അധ്യാപകരെ ഒന്നൊഴിയാതെ ഓര്‍ക്കുന്നവര്‍. അടി കിട്ടിയെങ്കില്‍ സ്വന്തം പിഴവെന്ന് ഓര്‍ത്തവര്‍. ഇന്നും അവരെ നമിക്കുന്നവര്‍. കുട്ടികളേ നിങ്ങള്‍ക്കും ഞങ്ങള്‍ക്കുമിടയില്‍ ഒരു തലമുറയുടെ വിടവുണ്ട്.

അന്നും സമരം ഉണ്ടായിരുന്നു. പലപ്പോഴും നിങ്ങള്‍ക്ക് ഊഹിക്കാന്‍ പോലുമാകാത്തത്. ഒരാള്‍ക്കൂട്ടത്തിന്റേയും പിന്തുണയില്ലാതെ ഒറ്റയ്ക്ക് നടത്തിയത്. ഉള്ളിലെ നീതിയുടെ വെട്ടത്തില്‍ പ്രതിബന്ധങ്ങളെ മറികടന്നത്.

ഭരിക്കുന്നവരുടെ പാര്‍ട്ടി നോക്കി ആയിരുന്നില്ലാ കേരളത്തിന്റെ ആ സമരങ്ങള്‍. ഇന്ദിരാഗാന്ധിയും ഇഎംഎസ്സും ഇവിടെ വിമര്‍ശിക്കപ്പെട്ടു. നിശിതമായി തന്നെ. മുഖ്യമന്ത്രി തെറ്റു ചെയ്താല്‍ അത് തുറന്നു പറയാന്‍ ധൈര്യമുണ്ടായിരുന്നു. പാര്‍ട്ടി നോക്കി മാത്രം വിമര്‍ശിക്കുന്നിടത്താണ് കുട്ടികളേ നിങ്ങള്‍ പരാജയപ്പെടുന്നത്. ആദ്യം സമരത്തിലും പിന്നെ ജീവിതത്തിലും.

അല്ലെങ്കില്‍ അറിയുക. നമ്മുടെ നാട്ടില്‍ 28,000 നെല്‍ കര്‍ഷകര്‍ക്ക് മാസങ്ങളായി സംഭരണ വില കിട്ടിയിട്ടില്ല. 13,400 സ്‌കൂളുകളില്‍ ഉച്ചഭക്ഷണം ഉണ്ടാക്കുന്നവര്‍ക്ക് ശമ്പളം കിട്ടിയിട്ടില്ല. 1671 സുരക്ഷാ പ്രേരകുമാര്‍ മാസങ്ങളായി വേതനമില്ലാത്തവരാണ്. വടക്കേയറ്റത്ത് എന്‍ഡോസള്‍ഫാന്‍ ദുരന്തബാധിതരായി മരിച്ച പോലെ ജീവിക്കുന്ന 6000 എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് പ്രതിമാസസഹായം കിട്ടാറില്ല. ഇതൊന്നും നിങ്ങളെ അലോസരപ്പെടുത്തുന്നില്ലെങ്കിലും  സാരമില്ല. നിങ്ങളുടെ പ്രിന്‍സിപ്പല്‍ മാത്രം നിങ്ങളെ അലോസരപ്പെടുത്തുന്നത് ഒരു പ്രത്യേക തരം രോഗമാണ്.. എന്തെന്നാല്‍ അവര്‍ ശബ്ദമുയര്‍ത്തിയത് നിങ്ങള്‍ക്കു വേണ്ടിക്കൂടിയാണെന്ന് അറിയാന്‍ നിങ്ങള്‍ക്ക് പ്രായമായിട്ടില്ല.

കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ഐതിഹ്യമാലയില്‍ ശ്രീകൃഷ്ണവിലാസ കാവ്യത്തിന്റെ കര്‍ത്താവായ പ്രഭാകരകവിയെ പറ്റി പറയുന്നുണ്ട്. ഗുരുവിനെ കൊല്ലാന്‍ തോന്നിയതിന്റെ പശ്ചാത്താപത്താല്‍ ഉമിത്തീയില്‍ എരിഞ്ഞാണ് അദ്ദേഹം കവിത എഴുതിയത്. ആ കാവ്യം പൂര്‍ത്തീകരിക്കാന്‍ സാക്ഷാല്‍ കാളിദാസന്‍ ഒരുമ്പെട്ടപ്പോള്‍ അശരീരി ഉണ്ടായി. പട്ടുനൂലിനോട് വാഴനാരിനെ കൂട്ടിക്കെട്ടേണ്ട. എഴുതിയതില്‍ ഒരു വരി പോലും എഡിറ്റ് ചെയ്തു മാറ്റാന്‍ കഴിയാത്ത കാളിദാസ വരികളെ വാഴനാരാക്കിയ മഹാപ്രതിഭയുടെ സര്‍ഗ്ഗചൈതന്യത്തിന് പിന്നില്‍ പശ്ചാത്താപമായിരുന്നു.

നിങ്ങള്‍ക്കും ഒന്നു കരയാന്‍ തോന്നുന്നില്ലേ...?