കൊച്ചി: ഡൽഹിയിൽ നടക്കുന്ന സി.ജെ.പി. പ്രതിഷേധത്തിന് പിന്തുണയുമായി എറണാകുളം മഹാരാജാസ് കോളജിൽ ഐക്യദാർഢ്യ സദസ്സ്. സാഹിത്യം, സിനിമ അടക്കം പൊതുമണ്ഡലത്തിലെ നിരവധി പ്രമുഖർ പരിപാടിയിൽ പങ്കെടുത്തു. എൻ.എസ്. മാധവൻ, കെ.ആർ. മീര, ആഷിഖ് അബു, രഞ്ജിനി ഹരിദാസ്, മഹേഷ് നാരായണൻ, മനു അശോകൻ, ജോജു ജോർജ് തുടങ്ങിയവർ പരിപാടിയുടെ ഭാഗമായി.

To advertise here,

നമ്മുടെ നാട്ടിൽ നടക്കുന്നത് അടിയന്തരാവസ്ഥയാണെന്നും പ്രതികരിച്ച യുവജനങ്ങൾക്ക് കൈയ്യടി നൽ‍കുന്നുവെന്നും ജോജു ജോർജ് പറഞ്ഞു. ഇന്ത്യ കണ്ട ഏറ്റവും വലിയ പ്രതിഷേധമാണ് ഇപ്പോൾ നടക്കുന്നതെന്നും ഒന്നിനോടും പ്രതിബദ്ധതയില്ലെന്ന് പറഞ്ഞ് തള്ളിക്കളഞ്ഞ ജെൻ സി യുവത്വമാണ് ഇനി മുന്നോട്ടുള്ള പ്രേരണയെന്ന് രഞ്ജിനി പറഞ്ഞു. 'നിങ്ങളാണ് ഇന്ത്യയുടെ ഭാവി, ഇന്ത്യയുടെ എഴുപത് ശതമാനവും നിങ്ങളാണ്, നിങ്ങൾക്കാണ് ഇനി ഒരു മാറ്റം കൊണ്ടുവരാനാവുക, ഞങ്ങൾക്ക് വഴി കാണിച്ചു തരൂ, ഞങ്ങൾ കൂടെയുണ്ടാകും. ജന്തർ മന്തറിൽ നേരിട്ട് പോയ ശേഷം ഇവിടെ ഒരു ജനാധിപത്യം ഉണ്ടോയെന്ന് എനിക്ക് ശരിക്കും സംശയമായി, എല്ലാകാര്യത്തിലും താൻ പ്രതികരിക്കാറില്ല, എനിക്കിഷ്ടം നായ്ക്കളെയായിരുന്നു ഇപ്പോഴത് പാറ്റകളെ ആയി...', രഞ്ജിനി പറഞ്ഞു.

ഡൽഹിയിൽ നടക്കുന്ന വിദ്യാർത്ഥി സമരത്തിന് പിന്തുണയുമായി കൊച്ചി പനമ്പള്ളി നഗറിൽ ഗായകൻ വേടൻ്റെ നേതൃത്വത്തിൽ ' ആസാദി' പാട്ടും പ്രതിഷേധ കൂട്ടായ്മയും സംഘടിപ്പിച്ചു.

നീറ്റ് പരീക്ഷ ക്രമക്കേടിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടാണ് കോക്രോച്ച് ജനതാ പാർട്ടി ജന്തർ മന്തറിൽ പ്രതിഷേധം കനപ്പിക്കുന്നത്. ജൂൺ ആറ് മുതൽ ജന്തർ മന്തറിൽ തുടരുന്ന ഈ പ്രതിഷേധത്തിൽ പ്രമുഖ വിദ്യാഭ്യാസ പ്രവർത്തകനും പരിസ്ഥിതി പ്രവർത്തകനുമായ സോനം വാങ്ചുകും പങ്കുചേർന്നിരുന്നു.

അദ്ദേഹം നടത്തിവന്ന അനിശ്ചിതകാല നിരാഹാര സമരത്തെത്തുടർന്ന് ആരോഗ്യം വഷളായതിനെ തുടർന്ന് പോലീസ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്ത് സഫ്‌ദർജങ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. പോലീസ് സമരവേദിയിലെ താൽക്കാലിക സ്റ്റേജും മറ്റും നേരത്തെ നീക്കം ചെയ്തിരുന്നുവെങ്കിലും പ്രതിഷേധക്കാർ വീണ്ടും അവിടെ പന്തൽ കെട്ടി സമരം തുടരുകയാണ്. കേരളത്തിൽനിന്നും മറ്റ് ഭാഷകളിൽനിന്നുമുള്ള താരങ്ങൾ ഉൾപ്പടെയുള്ളവർ സമരപ്പന്തലിലെത്തി പ്രതിഷേധക്കാർക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ചിരുന്നു.