
പ്രമുഖരെ പിന്തള്ളി ബോറിസ് ജോണ്‍സണ്‍ മന്ത്രിസഭയില്‍ രണ്ടാമനായി. അതേ ബോറിസിനെ പ്രതിസന്ധിയിലാക്കി മന്ത്രിസഭയില്‍നിന്ന് ആദ്യം രാജിവെച്ചു. രണ്ടാമനില്‍നിന്ന് ബ്രിട്ടന്റെ ഒന്നാമനാകാനുള്ള ആദ്യ അവസരത്തില്‍ അവസാന ഘട്ടം വരെ പൊരുതി, പക്ഷേ തോറ്റു. നാല്‍പത്തിയഞ്ച് ദിവസത്തെ ഇടവേളയ്ക്കുശേഷം വീണ്ടും ബ്രിട്ടന്‍ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ ഡൗണിങ്‌സ്ട്രീറ്റ് പത്തിലേക്ക് തല ഉയര്‍ത്തി നടന്നു കയറുകയാണ് ഋഷി സുനക്. ഇന്ത്യയിലെ പഞ്ചാബില്‍ വേരുകളുള്ള നാല്‍പ്പത്തിരണ്ടുകാരന്‍. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഗോപൂജ നടത്തുന്ന, കയ്യില്‍ ചരടുകെട്ടുന്ന, ഋഷി ഇന്‍ഫോസിസ് സ്ഥാപകന്‍ നാരായണ മൂര്‍ത്തിയുടെ മരുമകന്‍ കൂടിയാണ്.
മുന്‍പ് പ്രധാനമന്ത്രി സ്ഥാനത്തേക്ക് വിദേശകാര്യമന്ത്രി ലിസ് ട്രസിനോടായിരുന്നു ഋഷി ഏറ്റുമുട്ടിയത്. നേരത്തെ ധനമന്ത്രിസ്ഥാനം വഹിച്ചിരുന്ന ഋഷിക്ക് ആദ്യ റൗണ്ടുകളില്‍ വിജയത്തില്‍ കുറഞ്ഞതൊന്നും പ്രതീക്ഷകളില്‍ പോലും ഉണ്ടായിരുന്നില്ല. എന്നാല്‍, പ്രചാരണം അവസാന റൗണ്ടിലേക്കെത്തിയപ്പോള്‍ ലിസ് ട്രസ് അഭിപ്രായ സര്‍വ്വേകളില്‍ മുന്നിലെത്തി. പരാജയം മുന്നില്‍ കണ്ട ഋഷി അന്ന് ഇങ്ങനെ പറഞ്ഞു, 'ഫലമെന്തായാലും കണ്‍സര്‍വേറ്റീവ് പാര്‍ട്ടി സര്‍ക്കാരിനെ പിന്തുണയ്ക്കും. പാര്‍ലമെന്റ് അംഗമായി തുടരും. യോര്‍ക് ഷെയറിലെ റിച്ച്മൗണ്ടിനെ പാര്‍ലമെന്റില്‍ പ്രതിനിധീകരിക്കാന്‍ കഴിയുന്നത് അഭിമാനകരമാണ്'.
പരാജയശേഷം ആദ്യം നടത്തിയ പ്രതികരണത്തില്‍ കണ്‍സര്‍വേറ്റീവുകള്‍ ഒരു കുടംബമാണെന്ന് ഋഷി പറഞ്ഞു. രാജ്യത്തെ പ്രയാസകരമായ സമയങ്ങളില്‍ നയിക്കുന്ന ലിസ് ട്രസിനു പിന്നില്‍ ഒറ്റക്കെട്ടായി ഉണ്ടാകുമെന്നും അന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തിരുന്നു. പക്ഷേ, അന്നുമുതല്‍ ഋഷി സുനാക് കാത്തിരുന്നു, ഇന്ത്യക്കാരന് മാത്രം സാധ്യമായ 'രാഷ്ട്രീയ ക്ഷമ'യോടെ. സാമ്പത്തികനയത്തിലെ പരാജയം ഏറ്റുപറഞ്ഞ് നാല്‍പത്തിയഞ്ചാം ദിവസം ലിസ് ട്രസ് രാജിവെച്ചപ്പോള്‍, തന്റെ പ്രവചനം യാഥാര്‍ഥ്യമായതിന്റെ ഊറിച്ചിരികൂടി അന്ന് ഋഷിയുടെ ചുണ്ടത്ത് പൊടിഞ്ഞിട്ടുണ്ടാവണം.

നികുതി കുറയ്ക്കരുതെന്ന് അന്നേ പറഞ്ഞു
തിരഞ്ഞെടുപ്പില്‍ തന്റെ എതിരാളി ലിസ് ട്രസിന് മേല്‍ക്കൈ കിട്ടി എന്ന് ഋഷിയും രാഷ്ട്രീയ നിരീക്ഷകരും കരുതുന്ന പ്രധാനപ്പെട്ടൊരു പ്രഖ്യാപനമുണ്ടായിരുന്നു- നികുതിയിളവ്. ഊര്‍ജ്ജത്തിന് ഈടാക്കുന്ന ഹരിത നികുതി നിര്‍ത്തലാക്കുമെന്നും അവര്‍ വാഗ്ദാനംചെയ്തു. ബോറിസ് ജോണ്‍സണ്‍ സര്‍ക്കാരില്‍ ധനമന്ത്രിയും തന്റെ എതിരാളിയുമായിരുന്ന ഋഷി പ്രഖ്യാപിച്ച കോര്‍പ്പറേറ്റ് നികുതി പിന്‍വലിക്കുമെന്നും ലിസ് പറഞ്ഞിരുന്നു.
എന്നാല്‍, രാജ്യത്തിന്റെ നിലവിലെ സാമ്പത്തിക സ്ഥിതിയില്‍ നികുതി കുറയ്ക്കാന്‍ സാധിക്കില്ലെന്ന് ഋഷി ഉറപ്പിച്ചുപറഞ്ഞു. കോവിഡും ബ്രെക്‌സിറ്റും യുക്രൈന്‍- റഷ്യ സംഘര്‍ഷവും മോശം അവസ്ഥയിലെത്തിച്ച ബ്രിട്ടന്റെ സാമ്പത്തിക സ്ഥിതിയെ സംബന്ധിച്ച യാഥാര്‍ഥ്യ ബോധത്തോടെയുള്ള മുന്നറിയിപ്പായിരുന്നു അത്. രാജ്യം നേരിടുന്ന വിലക്കയറ്റം പരിഹരിച്ചതിനു ശേഷമേ നികുതിയിളവിനെക്കുറിച്ച് ആലോചിക്കാന്‍ പോലും സാധിക്കൂവെന്ന് അദ്ദേഹം നിലപാടെടുത്തു. എന്നാല്‍, തിരഞ്ഞെടുപ്പ് കാലത്തെ പ്രസ്താവനയുടെ പേരില്‍ അന്ന് വലിയ വിലയാണ് ഋഷിക്ക് നല്‍കേണ്ടിവന്നത്. അഭിപ്രായ സര്‍വ്വേകളില്‍ പിന്നോട്ടുപോയ ഋഷിക്ക് പറഞ്ഞത് വിഴുങ്ങി ലിസിന്റെ അതേ പ്രഖ്യാപനങ്ങള്‍ നടത്തേണ്ടിവന്നെങ്കിലും സമയം ഏറെ വൈകിയിരുന്നു. പക്ഷേ, സാമ്പത്തിക നയം പാളിയതില്‍ മാപ്പുചോദിച്ച് ലിസ് പടിയിറങ്ങിയപ്പോള്‍ സത്യമായതും സുനാകിന്റെ പ്രവചനം തന്നെ.
പരാജയപ്പെട്ടു, പരിഗണിക്കപ്പെട്ടുമില്ല
തിരഞ്ഞെടുപ്പില്‍ പൊരുതി തോറ്റ സുനാകിനെ മന്ത്രിസഭയിലേക്ക് പോലും ലിസ് ട്രസ് പരിഗണിച്ചില്ല. ബോറിസ് ജോണ്‍സണ്‍ സര്‍ക്കാരില്‍ ധനമന്ത്രിയായിരുന്ന ഋഷിക്ക് പകരം തന്റെ വിശ്വസ്തനായ ക്വാസി ക്വാര്‍ട്ടെങിനെ ട്രഷറിയുടെ ലിസ് ചുമതലയേല്‍പ്പിച്ചു. പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഭാഗ്യപരീക്ഷണത്തിന് ഇറങ്ങിയ മറ്റൊരു ഇന്ത്യന്‍ വംശജ സുവല്ലാ ബ്രേവര്‍മാന് ഹോം സെക്രട്ടറിയുടെ ചുമതല നല്‍കിയപ്പോഴായിരുന്നു ഇത്. മറ്റൊരു ഇന്ത്യന്‍ വംശജ പ്രീതി പട്ടേലിനെ മാറ്റി നിര്‍ത്തിയായിരുന്നു സുവല്ലയെക്ക് സ്ഥാനം നല്‍കിയത്. അടുത്ത കാലത്തായി വിഭാഗീയതയുടെ തുടര്‍ക്കഥകള്‍ പറഞ്ഞുകേള്‍ക്കുന്ന കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയില്‍, ഋഷിയുടെ വിശ്വസ്തരെപ്പോലും ലിസ് മന്ത്രിസഭയില്‍ തഴഞ്ഞുവെന്ന് ആരോപിക്കപ്പെട്ടു.

പാകിസ്താനില്‍ കുടുംബവേരുള്ള സാജിദ് ജാവേദിന്റെ പിന്‍ഗാമിയായാണ് ബോറിസ് ജോണ്‍സണ്‍ ഋഷി സുനാകിനെ ബ്രിട്ടന്റെ ധനമന്ത്രി സ്ഥാനം നല്‍കുന്നത്. 2020 ഫെബ്രുവരിയിലാണ് ഋഷി ധനമന്ത്രിയായി സ്ഥാനമേല്‍ക്കുന്നത്. എന്നാല്‍, ട്രഷറിയിലെ തന്റെ മുന്‍ഗാമിയും അന്നത്തെ ആരോഗ്യമന്ത്രിയുമായ സാജിദ് ജാവേദും കൂടി രാജിവെക്കുന്നതോടെയാണ് ബോറിസിന് മുന്നില്‍ പുറത്തേക്കുള്ള വഴി തുറക്കുന്നത്.
'തിരിച്ചടിച്ച' നികുതി
തിരഞ്ഞെടുപ്പ് സമയത്തുതന്നെ ലിസ് ട്രസിന്റെ നികുതി നയങ്ങള്‍ക്കെതിരെ പരസ്യനിലപാട് എടുത്തിരുന്നെങ്കിലും നികുതിയുമായും സമ്പത്തുമായും ബന്ധപ്പെട്ട ആരോപണങ്ങള്‍ സുനാകിനും കുടുംബത്തിനുമെതിരെ ഉണ്ടായിരുന്നു. തണുപ്പകറ്റാന്‍ സൗകര്യമില്ലാതെ രാജ്യത്തെ ലക്ഷക്കണക്കിന് ആളുകള്‍ പ്രയാസപ്പെടുമ്പോള്‍ പുതിയ നീന്തല്‍ക്കുളത്തിന് ഹീറ്റര്‍ സൗകര്യം ഒരുക്കാന്‍ 12 ലക്ഷം രൂപയോളം ഋഷി ചെലവഴിച്ചുവെന്ന ആരോപണവുമായി ലേബര്‍ പാര്‍ട്ടി എം.പി. റിച്ചാര്‍ഡ് ബര്‍ഗന്‍ രംഗത്തെത്തിയിരുന്നു. സമ്പന്നമായ ഋഷിയുടെ കുടുംബം നികുതി അടയ്ക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കുന്നു എന്ന ആരോപണവും അന്നുണ്ടായിരുന്നു.
ഇന്‍ഫോസിസ് സ്ഥാപകന്‍ നാരായണ മൂര്‍ത്തിയുടേയും എഴുത്തുകാരിയും സാമൂഹിക പ്രവര്‍ത്തകയുമായ സുധാമൂര്‍ത്തിയുടേയും മകളായ അക്ഷതാ മൂര്‍ത്തിയാണ് സുനാകിന്റെ ജീവിതപങ്കാളി. ബ്രിട്ടനില്‍ സ്ഥിരതാമസ പദവിയില്ലാത്ത അക്ഷതയ്ക്ക് രാജ്യത്ത് പുറത്തുനിന്നുള്ള വരുമാനത്തിന് നികുതിയിളവുണ്ടായിരുന്നു. ഇത് ഋഷി മുതലെടുക്കുന്നവെന്ന ആരോപണം തിരഞ്ഞെടുപ്പ് കാലത്ത് സജീവമായതോടെ, വിദേശ വരുമാനത്തിന് ബ്രിട്ടനിലെ നിയമം അനുസരിച്ച് നികുതി അടയ്ക്കുമെന്ന് വ്യക്തമാക്കേണ്ടി വന്നു അക്ഷതയ്ക്ക്. ബോറിസ് സര്‍ക്കാരില്‍ ധനമന്ത്രിസ്ഥാനം രാജിവെച്ച് കുടുംബവീട്ടിലെത്തിയ സുനാകിനെ സന്ദര്‍ശിച്ച മാധ്യമപ്രവര്‍ത്തകര്‍ക്ക് അക്ഷത നല്‍കിയ 'ചായ'യും തിരഞ്ഞെടുപ്പ് കാലത്ത് വിവാദമായി.'എമ്മ ലേസി' എന്ന പ്രമുഖ ബ്രാന്‍ഡിന്റെ കപ്പില്‍ നല്‍കിയ ചായയായിരിന്നു വിവാദങ്ങള്‍ക്ക് ആധാരം. 38 പൗണ്ട് രൂപ വിലവരുന്ന ചായക്കപ്പായിരുന്നു അത്. ബ്രിട്ടനില്‍ ഒരു സാധാരണ കുടുംബത്തിന് വിശപ്പകറ്റാന്‍ 38 പൗണ്ട് മതിയെന്നിരിക്കെ സുനാകിന്റെ കുടുംബത്തിന്റെ ആര്‍ഭാടമായിരുന്നു വിമര്‍ശിക്കപ്പെട്ടത്.
സ്റ്റാറായതും കോവിഡില്‍, പഴി കേട്ടതും കോവിഡില്‍
കോവിഡ് കാലത്തെ ഋഷിയുടെ നയങ്ങള്‍ പ്രശംസ ഏറ്റുവാങ്ങിയിരുന്നു. കോവിഡ് പടര്‍ന്നുപിടിച്ചപ്പോള്‍ ബിസിനസുകാരേയും സാധാരണജോലിക്കാരേയും സഹായിക്കാന്‍ വേണ്ടി പ്രഖ്യാപിച്ച പാക്കേജാണ് ഋഷിയുടെ ജനപ്രീതി വര്‍ധിപ്പിച്ചത്. കോവിഡ് കാലത്ത് ഉണ്ടായേക്കാവുന്ന ജോലിനഷ്ടത്തെ പിടിച്ചുകെട്ടാന്‍ വേണ്ടി നടത്തിയ ശ്രമവും വലിയ വിജയം കണ്ടു. കൂട്ട തൊഴിലില്ലായ്മ സൃഷ്ടിച്ചേക്കാവുന്ന സാഹചര്യം ഇല്ലാതാക്കിയതിന് ഋഷി കയ്യടി നേടി. കുടുംബങ്ങള്‍ക്ക് മതിയായ ജീവിതച്ചെലവ് നല്‍കാന്‍ പദ്ധതികള്‍ ഒന്നും പ്രഖ്യാപിക്കാതിരുന്നത് പക്ഷേ അന്ന് ഏറെ വിമര്‍ശിക്കപ്പെട്ടു എന്നാല്‍, ബോറിസിനെ താഴെയിറക്കിയ പാര്‍ട്ടിഗേറ്റ് വിവാദം ഋഷിയെയും പിടികൂടി. കോവിഡ് നിയമങ്ങള്‍ ലംഘിച്ച് സര്‍ക്കാര്‍ ഓഫീസുകളില്‍ നടത്തിയ പാര്‍ട്ടി മൊത്തം സര്‍ക്കാരിന്റെ പ്രതിച്ഛായക്കൊപ്പം ഋഷിയെയും ബാധിച്ചു. പുകവലിയോ മദ്യപാനമോ ഇല്ലാത്ത വ്യക്തിയെന്ന് അറിയപ്പെടുന്ന ഋഷിക്ക് അന്ന് കോവിഡ് നിയമങ്ങള്‍ ലംഘിച്ച് ഡൗണിങ്‌സ്ട്രീറ്റില്‍ ഒത്തുകൂടിയതിന് പിഴയൊടുക്കേണ്ടിവന്നിട്ടുണ്ട്. പിന്നാലെ, ഋഷി രാജി പ്രഖ്യാപിച്ചതാണ് ബോറിസിനെ സമ്മര്‍ദ്ദത്തിലാക്കിയതും രാജിയല്ലാതെ മറ്റ് വഴിയില്ലെന്ന് ബോധ്യപ്പെടുത്തിയതും.
ഗോപൂജ, വലതുകയ്യിലെ ചരട്, ഇന്ത്യന്‍ വേരുകള്‍
യശ് വീര്‍- ഉഷാ സുനാക് ദമ്പതികളുടെ മകനായി സതാംപ്ടണിലാണ് 1980 മെയ് 12ന് ഋഷി സുനാക് ജനിക്കുന്നത്. ബ്രിട്ടീഷ് ഇന്ത്യയിലെ പഞ്ചാബിലാണ് സുനാകിന്റെ കുടുംബവേര്. 1960-കളിലാണ് സുനാകിന്റെ കുടുംബം ആഫ്രിക്കയിലേക്കും അവിടെ നിന്ന് ബ്രിട്ടനിലേക്കും കുടിയേറിയത്. ഓക്‌സ്‌ഫോര്‍ഡ്, സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലകളിലായിരുന്നു സുനാകിന്റെ പഠനം. സ്വകാര്യ ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കില്‍ അനലിസ്റ്റായും ഹെഡ്ജ് ഫണ്ട് സ്ഥാപനമായ ചില്‍ഡ്രന്‍സ് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് മാനേജ്‌മെന്റിലും ജോലി നോക്കി. പിന്നീട് ഈ സ്ഥാപനത്തിന്റെ പാര്‍ട്ണറുമായി. നാരായണമൂര്‍ത്തിയുടെ ഉടമസ്ഥതയിലുള്ള കറ്റാമരന്‍ വെഞ്ച്വേഴ്‌സില്‍ ഡയറക്ടറുമായിരുന്നു അദ്ദേഹം.
2014-ല്‍ റിച്ച്മണ്ടില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് ഋഷിയുടെ പാര്‍ലമെന്ററി ജീവിതം ആരംഭിക്കുന്നത്. പിന്നീട് തുടര്‍ച്ചയായി ഇവിടെ നിന്നും തിരഞ്ഞെടുക്കപ്പെട്ടു. പാര്‍ലമെന്റിലെ സെലക്ട് കമ്മിറ്റി അംഗമെന്ന നിലയിലും അണ്ടര്‍ സെക്രട്ടറിയായും ട്രെഷറി സെക്രട്ടറിയായും പ്രവര്‍ത്തിച്ചശേഷമാണ് അദ്ദേഹം ബോറിസ് മന്ത്രിസഭയില്‍ ധനമന്ത്രിയാവുന്നത്.

ഇന്ത്യന്‍ വംശജനായ സുനാക് വലതുകയ്യില്‍ ചുവപ്പ്, മഞ്ഞ ചരടുകള്‍ കെട്ടിയാണ് കാണപ്പെടാറുള്ളത്. കഴിഞ്ഞ തിരഞ്ഞെുപ്പ് പ്രചാരണത്തിനിടെ ഭാര്യ അക്ഷതയ്‌ക്കൊപ്പം ഗോപൂജ നടത്തുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ബ്രിട്ടനും ഇന്ത്യയും തമ്മിലുള്ള ബന്ധം ഏകപക്ഷീയമായി മാറാതിരിക്കാന്‍ ശ്രമിക്കുന്നതാണ് തന്റെ ലക്ഷ്യമെന്ന് തിരഞ്ഞെടുപ്പ് കാലത്ത് ഋഷി വ്യക്തമാക്കിയിരുന്നു. ബ്രിട്ടനില്‍നിന്നുള്ള വിദ്യാര്‍ഥികള്‍ക്കും കമ്പനികള്‍ക്കും ഇന്ത്യയിലെത്താനും പഠിക്കാനും പ്രവര്‍ത്തിക്കാനും സംവിധാനങ്ങള്‍ എളുപ്പമാക്കണമെന്നും അദ്ദേഹം അന്ന് അഭിപ്രായപ്പെട്ടിരുന്നു. തിരഞ്ഞെടുപ്പ് കാലത്ത് അദ്ദേഹം ചൈനയ്‌ക്കെതിരേ നടത്തിയ പ്രസ്താവനയും ശ്രദ്ധിക്കപ്പെട്ടിരുന്നു. ആഭ്യന്തരസുരക്ഷയ്ക്കും ആഗോളസുരക്ഷയ്ക്കും ഏറ്റവുമധികം ഭീഷണിയായി നിലകൊള്ളുന്ന രാജ്യമാണ് ചൈനയെന്നായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. തിരഞ്ഞെടുക്കപ്പെട്ടാല്‍ ചൈനക്കെതിരെ കടുത്ത നിലപാട് സ്വീകരിക്കുമെന്നും അന്ന് ഋഷി വ്യക്തമാക്കിയിരുന്നു. ഇത് ഇന്ത്യയിലും ഏറെ ചര്‍ച്ചചെയ്യപ്പെട്ടിരുന്നു.
പഠനത്തിനിടെയാണ് ഋഷി സുനാകും അക്ഷത മൂര്‍ത്തിയും പരിചയപ്പെടുന്നത്. പിന്നീട് പ്രണയമായി. എന്നാല്‍, വീട്ടിലവതരിപ്പിക്കാന്‍ പേടിയായിരുന്നു അക്ഷതയ്ക്ക്. പക്ഷേ, ഋഷിയെ ആദ്യ കാഴ്ചയില്‍ തന്നെ നാരായണ മൂര്‍ത്തിക്ക് ഇഷ്ടമായി. 2009 ഓഗസ്റ്റ് 13-ന് ബെംഗളൂരുവിലെ ലീലാ പാലസ് ഹോട്ടലിലായിരുന്നു വിവാഹം. കൃഷ്ണ, അനൗഷ്‌ക എന്നുപേരുള്ള രണ്ടു പെണ്‍കുട്ടികളാണ് ഇവര്‍ക്ക്.
Content Highlights: rishi sunak to become the prime minister of britan
Published: 24 Oct 2022, 09:31 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented