
ന്യൂഡൽഹി: 2021 മുതൽ 2026 ഓഗസ്റ്റ് വരെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശ സന്ദർശനങ്ങൾക്കായി കേന്ദ്രസർക്കാർ 558.01 കോടി രൂപ ചെലവഴിച്ചതായി വിദേശകാര്യ മന്ത്രാലയം. രാജ്യസഭയിൽ ഡോ. വി. ശിവദാസൻ, സഞ്ജയ് സിങ് എന്നിവരുടെ ചോദ്യങ്ങൾക്ക് വിദേശ സഹമന്ത്രി പബിത്ര മാർഗരീറ്റ ആണ് ഇക്കാര്യം അറിയിച്ചത്. 2026-ൽ ഇതുവരെ 74.59 കോടി രൂപയാണ് പ്രധാനമന്ത്രിയുടെ വിദേശ യാത്രകൾക്ക് ചെലവായത്. മലേഷ്യ, ഇസ്രയേൽ, നോർവേ, ന്യൂസിലൻഡ് എന്നിവയുൾപ്പെടെ 13 രാജ്യങ്ങളിലേക്കുള്ള സന്ദർശനങ്ങളാണ് ഈവർഷം നടന്നത്.
2026-ലെ വിദേശ യാത്രകളിൽ ഏറ്റവും ചെലവ് നോർവേയിലേക്കുള്ള യാത്രയായിരുന്നു. ഇതിന് ₹17.47 കോടി ചെലവായി. ഇസ്രയേൽ സന്ദർശനത്തിന് ₹11.92 കോടിയും സീഷെൽസിലേക്കുള്ള സന്ദർശനത്തിന് ₹8.22 കോടിയും ചെലവായി. ഫ്രാൻസ് സന്ദർശനത്തിന്റെ ചെലവ് തയ്യാറാക്കിവരികയാണെന്നും മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഏറ്റവുംകൂടുതൽ പണം വിദേശ യാത്രകൾക്ക് ചെലവഴിച്ചത് 2025-ലാണ്. ആ വർഷം മാത്രം ₹187.83 കോടി ചെലവായി. 2024-ൽ വിദേശ യാത്രകൾക്കായി ₹110.01 കോടി ആണ് ചെലവഴിച്ചത്.
2021 മുതൽ 2026 ഓഗസ്റ്റ് വരെ പ്രധാനമന്ത്രി നരേന്ദ്ര മോദി 79 രാജ്യങ്ങൾ സന്ദർശിച്ചു. 2021-ൽ നാല് രാജ്യങ്ങളും 2022-ൽ 10 രാജ്യങ്ങളും 2023-ൽ 11 രാജ്യങ്ങളും പ്രധാനമന്ത്രി സന്ദർശിച്ചു. 2024-ൽ പ്രധാനമന്ത്രി സന്ദർശിച്ച വിദേശ രാജ്യങ്ങളുടെ എണ്ണം 18 ആയിരുന്നു. 2025-ൽ 23 രാജ്യങ്ങൾ ആണ് പ്രധാനമന്ത്രി സന്ദർശിച്ചത്. 2026-ൽ ഓഗസ്റ്റ് വരെ 13 രാജ്യങ്ങൾ പ്രധാനമന്ത്രി സന്ദർശിച്ചിട്ടുണ്ട്.
പ്രധാനമന്ത്രിയുടെ വിദേശ സന്ദർശനങ്ങളിലൂടെ ഇന്ത്യയുടെ നയതന്ത്ര ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനും വ്യാപാര-നിക്ഷേപ അവസരങ്ങൾ വർധിപ്പിക്കാനും സാധിച്ചതായി വിദേശകാര്യ സഹമന്ത്രി ചൂണ്ടിക്കാട്ടി. 2021 ഏപ്രിൽ മുതൽ 2025 ഡിസംബർ വരെ ഇന്ത്യയ്ക്ക് ലഭിച്ച നേരിട്ടുള്ള വിദേശ നിക്ഷേപം 381.8 ബില്യൺ അമേരിക്കൻ ഡോളറാണെന്നും പ്രധാനമന്ത്രിയുടെ വിദേശ സന്ദർശനങ്ങളിൽ കൈവരിച്ച ധാരണാപത്രങ്ങളും കരാറുകളും ഇതിന് അനുകൂല സാഹചര്യം സൃഷ്ടിച്ചതായും സർക്കാർ അറിയിച്ചു.
Content Highlights: Total expenditure of ₹558.01 crore on PM foreign visits from 2021 to Aug 2026., 2026 travel expenditure stands at ₹74.59 crore across 13 countries., Highest annual spending recorded in 2025 at ₹187.83 crore., Foreign visits helped secure $381.8 billion in FDI between April 2021 and Dec 2025., PM Modi visited 79 countries in the last five years.
Published: 06 Aug 2026, 04:48 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented