
കാര്‍ഷികവൃത്തി തുടങ്ങിയപ്പോള്‍ മുതലുള്ള മനുഷ്യന്റെ പ്രകൃത്യാരാധനയുടെ ശേഷിപ്പുകളാണ് കൊടുങ്ങല്ലൂര്‍ ഭരണിയെ മറ്റ് ഉത്സവങ്ങളില്‍നിന്നും വ്യത്യസ്തമാക്കുന്നത്. ഉര്‍വരതാ ആരാധനയും കൊയ്ത്ത് ഉത്സവവും വേടരുടെയും വേലരുടെയും അവകാശങ്ങളുമൊക്കെയായി മലയാളിയുടെ വിശ്വാസചരിത്രം ഭരണിയില്‍ അലിഞ്ഞുചേര്‍ന്നിരിക്കുന്നു. ഭദ്രകാളീ ആരാധനയിലൂന്നിയ കേരളത്തിന്റെ കാവുചരിത്രത്തിന്റെ നേരുദാഹരണമാണ് കൊടുങ്ങല്ലൂര്‍ കുരുമ്പക്കാവിലെ ഭരണി ഉത്സവം. പേരില്‍ മാത്രമേ ഇന്ന് കാവ് ഉള്ളൂവെങ്കിലും ചടങ്ങുകളില്‍ ഇന്നും ചരിത്രത്തിന്റെ ശേഷിപ്പുകള്‍ അവശേഷിക്കുന്നു. തെറിപ്പാട്ടും കോഴിവെട്ടും തലവെട്ടിപ്പൊളിക്കുന്ന കോമരങ്ങളുമൊക്കെയായി ഭയത്തിന്റെയും അദ്ഭുതത്തിന്റെയും ലോകമാണ് കൊടുങ്ങല്ലൂര്‍ ഭരണി മലയാളിക്ക് സമ്മാനിക്കുന്നത്.
കേരളത്തിന്റെ വിശ്വാസചരിത്രത്തില്‍ പ്രഥമസ്ഥാനമാണ് കൊടുങ്ങല്ലൂരിനുള്ളത്. കേരളത്തില്‍ ഉണ്ടായിട്ടുള്ളതും നിലനില്‍ക്കുന്നതുമായ എല്ലാ വിശ്വാസങ്ങളും ഉണ്ടായിരുന്നയിടം. സംഘകാലഘട്ടത്തിലെ പ്രധാന തുറമുഖ നഗരമായിരുന്നു കൊടുങ്ങല്ലൂര്‍. നാനാദേശത്തുനിന്നും ആ തുറമുഖ നഗരത്തിലേക്ക് എത്തിയവര്‍ കച്ചവടത്തിനൊപ്പം അവരുടെ വിശ്വാസങ്ങളും കൊടുങ്ങല്ലൂരിലേക്ക് വ്യാപിപ്പിച്ചു. ജൈന, ബുദ്ധ മതങ്ങള്‍ കൊടുങ്ങല്ലൂരില്‍ വലിയതോതില്‍ അവരുടെ വിഹാരങ്ങള്‍ സ്ഥാപിച്ചു. മുസ്‌ലിം, ക്രിസ്ത്യന്‍ മതങ്ങള്‍ ഇന്ത്യയിലേക്ക് എത്തിയതുതന്നെ കൊടുങ്ങല്ലൂര്‍ വഴിയാണ്. അതിനുംമുമ്പേ നിലനിന്നിരുന്നതാണ് കൊടുങ്ങല്ലൂര്‍ കാവ് എന്ന് ചരിത്രകാരന്മാര്‍ സാക്ഷ്യപ്പെടുത്തുന്നു. ലിഖിതരേഖകള്‍ കുറവെങ്കിലും കാവിലെ മിക്ക ആചാരങ്ങള്‍ക്കും ഗോത്രകാലത്തോളം പഴക്കമുള്ളതായി കണക്കാക്കപ്പെടുന്നു. സംഘകാലഘട്ടവുമായി ബന്ധപ്പെട്ടാണ് കൊടുങ്ങല്ലൂര്‍ കാവിന്റെ ചരിത്രം ഏറെ പരാമര്‍ശിക്കപ്പെട്ടിരിക്കുന്നത്.
മധുരാപുരി ചുട്ടെരിച്ചെത്തിയ കണ്ണകിയെ ചേരന്‍ ചെങ്കുട്ടുവന്‍ തന്റെ ആസ്ഥാനമായിരുന്ന കൊടുങ്ങല്ലൂരില്‍ കുടിയിരുത്തി എന്നാണ് കൊടുങ്ങല്ലൂര്‍ കാവിനെപ്പറ്റി ഏറ്റവും പ്രചാരത്തിലുള്ള ഒരു വിശ്വാസം. ഇതിനെപ്പറ്റി ഏതാനും സംഘകാലകൃതികളില്‍ പ്രതിപാദിക്കപ്പെട്ടിട്ടുമുണ്ട്. എന്നാല്‍ കാവിന്റെ ചരിത്രവും കഥകളും കണ്ടെത്തലുകളുമൊന്നും അതിലൊതുങ്ങുന്നില്ല. കേരളത്തിലെ ദേവീക്ഷേത്രങ്ങളില്‍ ഏറ്റവും പുരാതനമെന്ന് വിലയിരുത്തപ്പെടുന്നു കൊടുങ്ങല്ലൂര്‍ ദേവീക്ഷേത്രം. കൊടുങ്ങല്ലൂരിനെപ്പറ്റിയുള്ള ചരിത്രപഠിതാവും കുന്നംകുളം ശ്രീ വിവേകാനന്ദ കോളേജിലെ അസിസ്റ്റന്റ് പ്രൊഫസറുമായ ഡോ. ആദര്‍ശ് സി. പറയുന്നത് - 'കൊടുങ്ങല്ലൂരിന്റെ കാവുപാരമ്പര്യം ചരിത്രത്തില്‍ പൊതുവില്‍ അടയാളപ്പെടുത്തിയിട്ടില്ല. കാവിനെക്കുറിച്ചുള്ള ലിഖിത സൂചനകള്‍ വളരെ കുറവാണ്. വാമൊഴിയിലൂടെയാണ് കാവിന്റെ കഥകള്‍ കൈമാറിവന്നിട്ടുള്ളത്. അതുകൊണ്ടുതന്നെ അതിന്റെ പഴക്കം നിശ്ചയിക്കല്‍ എളുപ്പമല്ല. കൊടുങ്ങല്ലൂര്‍ കാവിനെക്കുറിച്ചുള്ള ഏറ്റവും പഴക്കമുള്ള സൂചന പതിനാലാം നൂറ്റാണ്ടില്‍, 1350-ന് ശേഷം എഴുതപ്പെട്ടിട്ടുള്ള കോകസന്ദേശം എന്ന കൃതിയിലാണ്.

കൊടുങ്ങല്ലൂര്‍ ഭാഗവുമായി ബന്ധപ്പെട്ട ധാരാളം ചരിത്രപരാമര്‍ശങ്ങള്‍ കോകസന്ദേശത്തില്‍ കാണാം. അതിലാണ് കുരുംബക്കാവിനെക്കുറിച്ച് പരാമര്‍ശങ്ങളുള്ളത്. പതിനാലാം നൂറ്റാണ്ടിന് ശേഷമുള്ള ചില തമിഴ് കൃതികളിലും കൊടുങ്ങല്ലൂരുമായി ബന്ധപ്പെട്ട്, കൊടുംകോളൂര്‍ എന്ന വാക്കും മറ്റും പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ നിശ്ചയമായും കൊടുങ്ങല്ലൂര്‍ കാവിന് അതിലും പഴക്കമുള്ള ഒരു ചരിത്രമുണ്ടാവും. കേരളത്തിന്റെ വിശ്വാസചരിത്രത്തിന്റെ കേന്ദ്രസ്ഥാനമാണ് കൊടുങ്ങല്ലൂര്‍. ഭരണി എന്താണ് എന്ന് വിശദീകരിക്കല്‍ എളുപ്പമല്ല. ഭരണി ഒരു ഉത്സവമാണ് എന്നുപോലും നമുക്ക് പറയാന്‍ പറ്റില്ല. ഉത്സവങ്ങളില്‍ താലപ്പൊലിയും ഘോഷയാത്രയും ആനകളുമൊക്കെയായി ആളുകള്‍ക്ക് കാണാൻ ഒരുപാടുണ്ടാവും. അവിടെ ആളുകള്‍ കാഴ്ചക്കാരാണ്. എന്നാല്‍ ഭരണിയെ സംബന്ധിച്ചിടത്തോളം ഭരണിയില്‍ ആരും കാഴ്ചക്കാരല്ല, എല്ലാം പങ്കാളികളാണ്. സ്വയം അതില്‍ ഇഴുകിച്ചേര്‍ന്നാലേ ഭരണി ആസ്വദിക്കാന്‍ കഴിയുള്ളൂ. ഭരണി കാണാന്‍ വേണ്ടി എത്തുന്നവര്‍ വളരെ തുച്ഛമായിരിക്കും. അങ്ങനെ വരുന്നവര്‍ക്കുപോലും കാഴ്ചക്കാരായി മാത്രം നില്‍ക്കാന്‍ കഴിയില്ല. നിങ്ങളുടെ പങ്കാളിത്തം അവിടെ നിര്‍ബന്ധിക്കപ്പെടും.'
വാദ്യങ്ങളോ ഘോഷയാത്രയോ വെടിക്കെട്ടോ ഇല്ലാത്ത ഭരണി ഉത്സവം...
വടക്ക്- മൂകാംബിക, മധ്യത്തില്‍ കൊടുങ്ങല്ലൂര്‍, തെക്ക്- കന്യാകുമാരി.. ഈ മൂന്നുദേവിമാരാണ് കേരളത്തെ കാക്കുന്നത് എന്നുണ്ടൊരു വിശ്വാസം. കേരളത്തിന്റെ ഏതാണ്ട് മധ്യ ഭാഗത്തായാണ് കൊടുങ്ങല്ലൂര്‍ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കേരളത്തിലെന്നല്ല, ഇന്ത്യയിലെ തന്നെ മറ്റൊരു ക്ഷേത്രത്തിലുമില്ലാത്ത വിശേഷ രംഗങ്ങളാണ് ഭരണക്കാലത്ത് കൊടുങ്ങല്ലൂരില്‍ കാണുക. 34 ദിവസം നീണ്ടുനില്‍ക്കുന്ന ഉത്സവമാണ്. കുംഭമാസത്തിലെ ഭരണിനാളിലാണ് കൊടുങ്ങല്ലൂര്‍ കാവില്‍ കൊടിയേറുക. കേരളത്തിലെ മറ്റ് ക്ഷേത്രങ്ങളിലെല്ലാം മന്ത്ര-തന്ത്രാദികളോടെ ബ്രാഹ്‌മണരായ തന്ത്രിമാര്‍ കൊടിയേറ്റ് നിര്‍വഹിക്കുമ്പോള്‍ കൊടുങ്ങല്ലൂരില്‍ അവിടെ തുടങ്ങുന്നു പ്രത്യേകതകളും വ്യത്യസ്തതകളും.
'മലയരയന്മാര്‍ക്ക് ആധിപത്യമുണ്ടായിരുന്ന ക്ഷേത്രമാണ് കൊടുങ്ങല്ലൂര്‍ എന്നാണ് ഒരു സങ്കല്‍പം. ഭരണിസമയത്ത് സുഹാസിനിപൂജയടക്കമുള്ള പൂജകള്‍ മലയരയന്മാര്‍ ക്ഷേത്രത്തിലെത്തി നടത്താറുണ്ട്. ക്ഷേത്രത്തിന് പുറത്താണ് ഈ പൂജകള്‍ നിര്‍വഹിക്കുക. ക്ഷേത്രപ്രവേശനം വരുന്നതിന് മുമ്പുതന്നെ കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തില്‍ എല്ലാ വിഭാഗം ജനങ്ങള്‍ക്കും പ്രവേശനമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ സവര്‍ണരായ മറ്റുചില വിഭാഗക്കാര്‍ പൊതുവെ കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തെ അവഗണിക്കാറുണ്ട്' - കൊടുങ്ങല്ലൂര്‍ ക്ഷേത്ര തന്ത്രി സത്യധര്‍മന്‍ അഡിഗ പറയുന്നു.
കൊടിയേറ്റ് ദിവസം രാവിലെയുള്ള ക്ഷേത്രപൂജകള്‍ കഴിഞ്ഞ് എല്ലാവരും പുറത്തുവന്ന് നില്‍ക്കും. അപ്പോള്‍ പഴയ തീണ്ടല്‍ ജാതിക്കാരായ മലയന്‍ തട്ടാന്‍ കൊടിയുമായി വന്ന് ക്ഷേത്രം വലംവെച്ച് വടക്കെ നടയിലെ പാലമരത്തിന്മേല്‍ കൊടിതൂക്കി പോകും. അതുമുതലാണ് കൊടുങ്ങല്ലൂരിലെ ഉത്സവം തുടങ്ങുക. അന്നുമുതല്‍ 34-ാം ദിവസം വരുന്ന നടതുറപ്പുവരെ ക്ഷേത്രത്തില്‍ കുരുതി നടത്തില്ല.

ശരിക്കും പറഞ്ഞാല്‍ വാദ്യങ്ങളോ ഘോഷയാത്രയോ വെടിക്കെട്ടോ ഒന്നുമില്ലാത്ത അനാര്‍ഭാടമായ ഒരുത്സവമാണ് ഭരണി. വര്‍ണാഭമായ താലപ്പൊലി ഉത്സവം കണ്ടിട്ടുള്ള ഒരാള്‍ക്ക് രണ്ടുമാസത്തിനിപ്പുറം ഭരണി ഉത്സവം കാണുമ്പോള്‍ രണ്ടും ഒരു ദേവിയുടെ ഉത്സവം തന്നെയോ എന്ന് സംശയം തോന്നും. എന്നാലും ഭരണിയുടെ അവസാനത്തെ നാലഞ്ചുദിവസങ്ങളില്‍ വലിയതോതില്‍ ഇവിടേക്ക് ഭക്തരെത്തും. മീനമാസത്തിലെ മൂലം നക്ഷത്രം മുതല്‍ കേരളത്തിന്റെ നാനാഭാഗങ്ങളില്‍നിന്നും ഭക്തര്‍ ക്ഷേത്രത്തിലേക്ക് വന്നുതുടങ്ങും.
അശ്വതി കാവുതീണ്ടലുമായി ബന്ധപ്പെട്ട് ഭഗവതിക്ക് നടത്തുന്ന പൂജകളില്‍ ഏറ്റവും ഉല്‍കൃഷ്ടവും എന്നാല്‍ ഗോപ്യവുമായ പൂജയാണ് തൃച്ചന്ദനച്ചാര്‍ത്ത്. കാളീ-ദാരിക യുദ്ധമാണ് ഈ പൂജയുടെയും അടിസ്ഥാനം. ദാരികനുമായുള്ള യുദ്ധം കഴിഞ്ഞ് മുറിവേറ്റ് ക്ഷീണിതയായി ഇരിക്കുന്ന ദേവിക്ക് ചികിത്സ വിധിക്കാന്‍ നിയോഗിക്കപ്പെട്ടിട്ടുള്ളയാളാണ് പാലയ്ക്കാ വേലന്‍. പണ്ടുകാലത്ത് വൈദ്യസമുദയത്തില്‍പെട്ടവരാണ് വേലന്മാര്‍. പാലയ്ക്കാവേലന്‍ നിര്‍ദേശിക്കുന്ന മരുന്നുകള്‍ ഉപയോഗിച്ചാണ് ദേവിയെ ചികിത്സിച്ച് ഭേദപ്പെടുത്തുന്നത്. മഞ്ഞള്‍പ്പൊടിയും കരിക്കിന്‍വെള്ളവും പ്രധാനചേരുവയാക്കി ഉണ്ടാക്കുന്ന തൃച്ചന്ദനപ്പൊടിയാണ് ഈ മരുന്ന്. രേവതിനാളില്‍ ക്ഷേത്രപൂജാരികളായ അഡികള്‍ ഇത് ദേവിയുടെ ദാഹമാസകലം പുരട്ടും. ഇതിനാണ് തൃച്ചന്ദനച്ചാര്‍ത്ത് എന്നുപറയുന്നത്.

അശ്വതിനാളില്‍ മധ്യാഹ്നത്തിന് മുമ്പായി ദീപാരാധന, അത്താഴപൂജ എന്നിവ കഴിച്ച് ഉടന്‍തന്നെ വടക്കെ നടയും പടിഞ്ഞാറെ നടയും അടയ്ക്കും. തൊട്ടുപിന്നാലെ ക്ഷേത്രത്തിനുള്ളില്‍ നിന്നും തമ്പുരാക്കന്മാര്‍, നാട്ടുപ്രമാണിമാര്‍, ക്ഷേത്രസംബന്ധികള്‍ എന്നിവരല്ലാതെയുള്ള എല്ലാവരേയും പുറത്താക്കും. ഇതിനുശേഷമാണ് തൃച്ചന്ദനച്ചാര്‍ത്ത് ആരംഭിക്കുക. ഒരു യാമം അഥവാ മൂന്നുമണിക്കൂര്‍ നേരമാണ് ഈ പൂജ നീളുക. ഈ പൂജ നടക്കുന്ന സമയത്ത് യാതൊരുവിധ വാദ്യഘോഷങ്ങളും ഉണ്ടാവുകയില്ല. അന്നുരാവിലെ എട്ടുമണിയോടെ വലിയ തമ്പുരാന്‍ ക്ഷേത്രത്തിലേക്കെത്തും. അമ്പലത്തിനകത്തെ ബലിക്കല്‍പ്പുരയില്‍ വന്നിരിക്കും. പത്തുമണിയാകുന്നതോടെ പാലയ്ക്കാവേലന്‍ അമ്പലത്തിലെത്തി പടിഞ്ഞാറേ നടയില്‍ ഇരിക്കും. 12 മണിയോടെ എല്ലാ നടകളും അടച്ച് എല്ലാവരേയും പുറത്താക്കും. അത്രയും നാള്‍ പൂജിച്ചിരുന്ന എല്ലാ പാത്രങ്ങളും പൂജാദ്രവ്യങ്ങളും പുറത്തേക്ക് മാറ്റും. എന്നിട്ട് അമ്പലം കഴുകി വൃത്തിയാക്കും.
തൃച്ചന്ദനച്ചാര്‍ത്ത് കഴിഞ്ഞാല്‍ വലിയ തമ്പുരാനും പരിവാരങ്ങളും ഓരോ പന്തീരാന്‍ വടിയുമായി അമ്പലത്തിനുപുറത്ത് കടന്നശേഷം തമ്പുരാന്‍ കിഴക്കേനട പൂട്ടി കിഴക്കേ ആല്‍ത്തറയില്‍ പരിവാരസമേതം എഴുന്നള്ളിയിരിക്കും. അമ്പലത്തിന്റെ കിഴക്ക് ദര്‍ശനമായി നില്‍ക്കുന്ന മഹാദേവന്റെ മുന്നിലായുള്ള ആല്‍ത്തറയാണ് നിലപാട് തറ. ഇവിടെയിരുന്നാണ് തമ്പുരാന്‍ അശ്വതി കാവുതീണ്ടലിനുള്ള അനുവാദം നല്‍കുന്നത്. തമ്പുരാന്റെ മീതേ കോയ്മ പട്ടുകുട നിവര്‍ത്തിപ്പിടിച്ച ഉടനെ കാവുതീണ്ടാന്‍ പ്രധാന അവകാശിയായ പാലയ്ക്കാവേലന്‍ പടിഞ്ഞാറേ നടയില്‍നിന്നും പെരുമ്പറകൊട്ടി ഇവിടെയെത്തി തമ്പുരാനോട് കാവുതീണ്ടാനുള്ള അവകാശം ചോദിക്കും.
പാലയ്ക്കാവേലന്‍ കാവുതീണ്ടാന്‍ ഇറങ്ങിയാലുടന്‍ പിന്നാലെ വടക്കേനടയില്‍നിന്നും കൂരിക്കുഴി മുക്കുവരും എണ്ണിയാല്‍ ഒടുങ്ങാത്തത്ര വെളിച്ചപ്പാടുകളും കാവുതീണ്ടാന്‍ തുടങ്ങും. മൂന്നുതവണ ഇവര്‍ അമ്പലത്തിന് ചുറ്റും ഓടി വലംവയ്ക്കും. ഓടുന്നതിനിടയില്‍ ഇവര്‍ അമ്പലത്തിന്റെ ചെമ്പുപലകകളും അടിച്ചുതകര്‍ക്കും. പണ്ട് കോഴിവെട്ട് ഉണ്ടായിരുന്ന സമയത്ത്, പള്ളിവാളുകളുമായി ഓടി വലംവയ്ക്കുന്ന വെളിച്ചപ്പാടുകളും അവര്‍ അമ്പലത്തിന്റെ ചെമ്പുപലകകള്‍ അടിച്ചുതകര്‍ക്കുന്നതും കോഴിവെട്ടിന്റെ ചോരയും എല്ലാംകൂടി വലിയൊരു പടക്കളത്തിന്റെ പ്രതീതി ഉണ്ടാക്കിയിരുന്നു. കാളീ-ദാരിക യുദ്ധത്തില്‍ ദേവിയുടെ പടിയാളികളായി എത്തിയ കാളീ-കൂളികളുടെ പ്രതീകമാണ് കാവുതീണ്ടാനെത്തുന്ന കോമരങ്ങള്‍ എന്നാണ് വിശ്വാസം. യുദ്ധം കഴിഞ്ഞ് തൃച്ചന്ദനച്ചാര്‍ത്തോടെ ദേവി വിശ്രമത്തിനൊരുങ്ങുമ്പോള്‍ കാവു തീണ്ടി യുദ്ധം അവസാനിപ്പിച്ച് കോമരങ്ങളും മടങ്ങുന്നു എന്നാണ് സങ്കല്‍പം. കാവുതീണ്ടിക്കഴിഞ്ഞ് വൈകുന്നേരത്തോടെ കാവ് വിജനമാകും.
പിറ്റേന്ന്, ഭരണിനാളില്‍ സൂര്യോദയത്തിന് മുമ്പ് പുണ്യാഹം തളിച്ച് വരിയരിപ്പായസം വെച്ച് ഭഗവതിക്ക് നിവേദിക്കും. ഇതൊരുതരം ഔഷധക്കഞ്ഞിയാണ്. വര്‍ഷത്തില്‍ ഈ ദിവസം മാത്രമാണ് വരിയരിപ്പായസം ഉണ്ടാക്കുക. വരിയരിപ്പായസം നേദിച്ചശേഷം നിലപാട് തറയുടെ വടക്കുഭാഗത്തായി പള്ളിമാടം എന്ന് വിളിക്കുന്നയിടത്ത് ഒരു വിളക്ക് കത്തിച്ചുവെച്ച് ദേവിയെ സങ്കല്‍പ്പിച്ചിരുത്തും. ഏഴുദിവസം ദേവി അവിടെ വിശ്രമത്തിലായിരിക്കും. ഇതിനു പിന്നാലെ ക്ഷേത്രം അടച്ചുപൂട്ടും. അന്നുതൊട്ട് ഏഴുദിവസത്തേക്ക് ഭക്തജനങ്ങള്‍ക്ക് ക്ഷേത്രത്തിലേക്ക് പ്രവേശനമുണ്ടായിരിക്കില്ല. ദേവി മുറിവുണങ്ങാനുള്ള വിശ്രമത്തിലാണെന്നും ശല്യപ്പെടുത്തരുതെന്നുമാണ് സങ്കല്‍പം. ഭരണിനാളില്‍ ക്ഷേത്രം പൂട്ടുന്നതിന് മുമ്പായി അവകാശിയായ ഒരാശാരി വടക്കേനടയില്‍ കവുങ്ങുകൊണ്ടുള്ള ഒരു വലിയ കൊടിമരം നാട്ടി അതിന്മേല്‍ കൊടി തൂക്കും.

പിന്നെ ഏഴാംദിവസംവരെ നടകളൊന്നും തുറക്കാതെ ഒരു നേരത്തില്‍ നിവേദ്യം കഴിക്കും. ക്ഷേത്രത്തിലെ പ്രധാനവഴിപാടായ വെടിവഴിപാടും ഏഴു ദിവസത്തേക്ക് ഉണ്ടാവില്ല. ദേവിയെ വീണ്ടും യഥാസ്ഥാനത്ത് കൊണ്ടുവന്ന ശേഷം ഏഴാംദിവസം നടതുറക്കും. അന്നുമുതല്‍ വീണ്ടും പഴയപടി പൂജകള്‍ നടക്കും. അശ്വതിക്ക് അടച്ച നട പുണ്യാഹശുദ്ധിക്ക് ശേഷമാണ് വീണ്ടും തുറന്ന് പൂജ ആരംഭിക്കുക. പക്ഷേ ശരിക്കും ഇത് വേറെ ഒരു തരത്തിലും വ്യാഖ്യാനിക്കപ്പെടുന്നുണ്ട്. തീണ്ടല്‍ നീങ്ങിക്കഴിഞ്ഞ ഈ പുണ്യഭൂമിയില്‍ നിങ്ങള്‍ക്കിവിടെ അയിത്തവും അശുദ്ധിയുംതന്നെ ബാക്കിയാകും എന്ന് പറയാതെ പറയുന്നതുപോലെ തോന്നും. എന്നാല്‍ കൊടുങ്ങല്ലൂരില്‍ ഓരോ ജാതിക്കാരനും പ്രാധാന്യമുണ്ട് എന്ന വാദവും പ്രബലമാണ്.
തറവാട്ടിലേക്ക് എന്ന പോലെയാണ് ഓരോ സമുദായക്കാര്‍ക്കും കൊടുങ്ങല്ലൂര്‍ കാവിലേക്ക് എത്തുന്നത്. അവര്‍ക്ക് അനുവദിച്ചുകൊടുത്തിട്ടുള്ള തറകളുണ്ട് കാവില്‍. വര്‍ഷത്തില്‍ ഒരു ദിവസം, കാവുതീണ്ടാന്‍ കോമരങ്ങളെല്ലാം എത്തുന്ന അശ്വതിനാളില്‍ ആ തറ അവര്‍ക്ക് അവകാശപ്പെട്ടതാണ്. കൊടുങ്ങല്ലൂര്‍ കാവിലെത്തുന്ന എല്ലാവര്‍ക്കും സാധ്യതയുള്ള ഏതെങ്കിലും ഒരു ഘടകം അവിടെയുണ്ടാകും. അമ്മയോ മുത്തശ്ശിയോ വല്യമ്മയോ അങ്ങനെ സമൂഹത്തിലെ ഓരോ വിഭാഗക്കാര്‍ക്കും അവരവര്‍ ആഗ്രഹിക്കുന്ന രീതിയിലുള്ള ഒരു ആളായി കൊടുങ്ങല്ലൂരമ്മ കൊടുങ്ങല്ലൂരിന്റെ സാമൂഹിക മനസില്‍ നിലനില്‍ക്കുന്നു. അതാണ് കൊടുങ്ങല്ലൂരിന്റെ പ്രത്യേകത.
തല തന്നെ പോയാലും തെറി തന്നെ പാടണം, അതുകൊണ്ട് ദേവിക്ക് കോപമില്ല...
ചരിത്രവും ഐതീഹ്യവും മിത്തും ഇഴചേര്‍ന്നുകിടക്കുന്ന ഒന്നാണ് കോമരങ്ങളുടെ ഭരണിപ്പാട്ട് അഥവാ തന്നാരം പാട്ട്. മീനത്തിലെ തിരുവോണം നാളില്‍ കോഴിക്കല്ല് മൂടുന്ന നേരം മുതല്‍ അശ്വതി നാളില്‍ കാവുതീണ്ടുവോളം കൊടുങ്ങല്ലൂരില്‍ ഭരണിപ്പാട്ടുണ്ടാവും. കൊടുങ്ങല്ലൂരമ്മയുമായും അമ്പലവുമായും ബന്ധപ്പെട്ട ചരിത്രവും ഐതീഹ്യങ്ങളും മിത്തുകളുമെല്ലാം ഭരണിപ്പാട്ടിന്റെ രൂപത്തില്‍ കോമരങ്ങളും പരിവാരങ്ങളും പാടാറുണ്ട്. ദേവിയെ പ്രസാദിപ്പിക്കാനുള്ള പഞ്ചമകാര പൂജയുടെ ഭാഗമാണ് ഭരണിപ്പാട്ടുകള്‍ എന്ന് പറയാറുണ്ട്. പലര്‍ക്കും തെറിപ്പാട്ടുകള്‍ മാത്രമാണ് ഭരണിപ്പാട്ട്. എന്നാല്‍ ഇതിലൊക്കെ ഉപരി, ഭരണിപ്പാട്ടിലെ അശ്ലീലച്ചുവയുള്ള ഈരടികള്‍ക്ക് മനുഷ്യന്റെ കാര്‍ഷികജീവിതത്തോളം പഴക്കമുണ്ടെന്ന് ചരിത്രകാരന്മാര്‍ പറയുന്നു. ശരിക്കും തെറിപ്പാട്ടുകള്‍ വിരല്‍ചൂണ്ടുന്നത് ഗോത്രാരാധനാ കാലത്തെ ഉര്‍വരതാ ആരാധന അഥവാ ഫെര്‍ട്ടിലിറ്റി വര്‍ഷിപ്പിലേക്കാണ് എന്ന് പറയുന്നു ഡോ. ആദര്‍ശ്.

'തെറി പാടുക എന്നതിനെ അശ്ലീലമായാണ് നമ്മള്‍ സാമാന്യബോധത്തില്‍ വിചാരിക്കുന്നത്. ചരിത്രത്തെക്കുറിച്ച് അത്ര ഗ്രാഹ്യമില്ലാത്തവരും പരന്ന പഠനമില്ലാത്തവരും ഇതിനെ പിന്താങ്ങുന്നു. എന്നാല്‍ ലോകമെമ്പാടും പരിശോധിച്ചാല്‍ രതിയോ രതിയുമായി ബന്ധപ്പെട്ട കാര്യങ്ങളോ ആചാരങ്ങളോ ആചാരങ്ങളുടെ ഭാഗമാക്കാത്ത ഒരു സംസ്‌കാരങ്ങളുമില്ല. ഉര്‍വരതാ ആരാധനയുമായി ബന്ധപ്പെട്ട രതി ഉത്സവങ്ങളാണത്. ഇതിനെ ഫെര്‍ട്ടിലിറ്റി വര്‍ഷിപ്പ് എന്നാണ് പറയുന്നത്. പല ഗോത്രവിഭാഗങ്ങള്‍ക്കിടയിലും നല്ല വിളവുണ്ടാകാനായി സ്ത്രീ-പുരുഷന്മാര്‍ നല്ല രീതിയില്‍ രതിയിലേര്‍പ്പെട്ടാല്‍ മതി എന്ന രീതി നിലനിന്നിരുന്നു. പാടത്ത് വിത്ത് വിതയ്ക്കുന്നതിന് മുമ്പായി പാടത്തുപോയി ലൈംഗികതയില്‍ ഏര്‍പ്പെടുന്ന സമൂഹങ്ങളുണ്ട്. പ്രത്യക്ഷ ലൈംഗിക പ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോഴാണ് വിളവ് കൂടുതല്‍ കിട്ടുക എന്നായിരുന്നു അവരുടെ വിശ്വാസം.
ഫ്രേസറിനെപ്പോലെയുള്ള ആന്ത്രപ്പോളജിസ്റ്റുകള്‍ അതിനെക്കുറിച്ച് പറയുന്നുണ്ട്. അനുകരണ മന്ത്രവാദം എന്നാണ് ഫ്രേസര്‍ ഇതിനെപ്പറ്റി പറയുന്നത്. നമ്മളിന്ന പലയിടത്തും കാണാറുണ്ട് കുട്ടികളില്ലാത്തവര്‍, കുട്ടിയുള്ളതായി അനുകരിച്ച് ക്ഷേത്രത്തില്‍ തൊട്ടില്‍ കെട്ടുന്നു. അങ്ങനെ ചെയ്താല്‍ വീട്ടിലും തൊട്ടില്‍ കെട്ടാനുള്ള അവസരം ഉണ്ടാകും എന്ന വിശ്വാസത്തിന്റെ അടിസ്ഥാനം ഈ അനുകരണ മന്ത്രവാദമാണ്. ഖജുരാഹോയിലും മറ്റും കാണുന്ന രതിശില്‍പങ്ങള്‍, ശിവലിംഗാരാധന, കൊറിയയിലും മറ്റും ഇന്നും ആചരിച്ചുവരുന്ന ഫാല്ലസ് വര്‍ഷിപ്പ് ഒക്കെ ഉര്‍വരതാ ആരാധനയുടെ ഭാഗമാണ്. ഒരു ഘട്ടം കഴിയുമ്പോള്‍ പ്രത്യക്ഷ രതി ഒഴിവാക്കി പരോക്ഷമാക്കുന്നു, അതിന്റെ ഭാഗമായിരുന്നു ബിംബവത്കരണം. മറ്റൊരു വിശ്വാസപ്രകാരം നമ്മളത് ചെയ്യണ്ട പകരം അതിനെക്കുറിച്ച് പറഞ്ഞാല്‍ മതി. അതാണ് ശരിക്കും കൊടുങ്ങല്ലൂരിലെ തെറിപ്പാട്ട്. രതിയുമായി ബന്ധപ്പെട്ട കഥകള്‍ പാടുകയാണിവിടെ ചെയ്യുന്നത്. അതിലൂടെ കിട്ടുന്ന വിളവിന്റെ ഒരുപങ്ക് അവര്‍ ദേവിക്ക് സമര്‍പ്പിക്കുന്നു.
ഭരണിക്ക് കാവിലെത്തുന്നവര്‍ ദേവിക്ക് സമര്‍പ്പിക്കുന്ന പ്രധാന വഴിപാട് കുരുമുളകും മഞ്ഞളുമാണ്. നമ്മുടെ ഏറ്റവും വലിയ കയറ്റുമതി ഉത്പന്നങ്ങളായിരുന്നില്ലെ ഇതൊക്കെ. അപ്പൊൾ ഈ വഴിപാടിനുതന്നെ ഏകദേശം രണ്ടായിരം വര്‍ഷത്തോളം പഴക്കമുണ്ടാകും എന്നാണ് നമ്മള്‍ മനസിലാക്കേണ്ടത്. എന്നാലിന്ന് നമുക്കത് അശ്ലീലമായി മാറുന്നു, നമ്മുടെ സംസ്‌കാരത്തിന് യോജിച്ചതല്ല എന്ന് തോന്നുന്നു. സംസ്‌കാര ചരിത്രം പഠിക്കുകയാണെങ്കില്‍ തെറി പാടുക എന്നത് പഴയ കാലഘട്ടത്തിലെ ഒരു വിശ്വാസത്തിന്റെ ഭാഗമാണെന്ന് മനസിലാകും. അത് ഇന്നും ഇവിടെ തുടരുന്നു എന്നത് കാണിക്കുന്നത് കൊടുങ്ങല്ലൂര്‍ കാവിന്റെയും തെറിപ്പാട്ടിന്റൈയും പഴക്കത്തെയാണ്, വേരുകളെയാണ് കാണിക്കുന്നത്. തല തന്നെ പോയാലും തെറി തന്നെ പാടണം, അതുകൊണ്ട് ദേവിക്ക് കോപമില്ല.. എന്നാണ് പാട്ടില്‍ പറയുന്നത്.'
(തുടരും....)
Content Highlights: kodungallur bharani an exceptional festival of kerala
Published: 09 Apr 2024, 12:00 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented