അരമണിക്കിലുക്കത്തിലും ചിലമ്പൊലിയിലും ദേശങ്ങളെ കോര്‍ത്തിണക്കിയാണ് കൊടുങ്ങല്ലൂരില്‍ അശ്വതിയും ഭരണിയും പൂക്കുന്നത്. ചെമ്പട്ടുടുത്ത്, പള്ളിവാള്‍കുലുക്കി ആഘോഷം ഒരുമാസം മുമ്പേ ദേശാടനം ആരംഭിക്കും. പലഗ്രാമങ്ങള്‍, പലസമൂഹങ്ങള്‍ ഭരണിയിലെ കണ്ണികളായിതീരും. കുംഭത്തിലെ ഭരണിതൊട്ടു തുടങ്ങുന്ന ആഘോഷത്തിന്റെ ദേശാടനം മീനഭരണിയാകുമ്പോഴേക്കും ആയിരക്കണക്കിന് ഗ്രാമങ്ങളിലേക്ക് പടര്‍ന്നുകയറിയിട്ടുണ്ടാകും. ആഘോഷം പടര്‍ന്ന ദേശങ്ങളിലുള്ളവരെല്ലാം കൊടുങ്ങല്ലൂരിലേക്ക് ഒഴുകുമ്പോള്‍ അതൊരു മഹാസാഗരമായി മാറുന്നു.
ഓരോ വീടുകളെയും കണ്ണിചേര്‍ത്തുകൊണ്ടാണ് രൗദ്രഭക്തിയുടെ ഈ ആഘോഷത്തിന് തുടക്കമിടുന്നത്. ഗ്രാമങ്ങളിലെ തറകളില്‍നിന്നും കാളി ആരാധനാകേന്ദ്രങ്ങളില്‍നിന്നും തുള്ളിപ്പുറപ്പെടുന്ന കോമരം നാട്ടുവഴികളില്‍ ഭരണിയുടെ കിലുക്കം വിതറും. വീടുവീടാന്തരം കയറിയിറങ്ങി വിത്തും മഞ്ഞളും കയ്യേറ്റ് അനുഗ്രഹം ചൊരിഞ്ഞ് ആളുകളെ ഭരണിയിലേക്ക് ആനയിക്കും. ഭരണിയെത്തുംമുമ്പെ ഇത്തരം തറകളിലുമുണ്ടാകും കൂട്ടായ്മയുടെ ആഘോഷങ്ങള്‍. ഇങ്ങനെ ലക്ഷക്കണക്കിന് വീടുകളിലൂടെ ആയിരക്കണക്കിന് തറകളിലൂടെ ഒഴുകിയാണ് കൊടുങ്ങല്ലൂര്‍ ഭരണിയെന്ന കടല്‍ രൂപപ്പെടുന്നത്.
പലദേശക്കാര്‍, പലസമുദായക്കാര്‍ എല്ലാം ഇഴചേര്‍ന്നതാണ് ഭരണിയുടെ ആചാരങ്ങള്‍. അതുകൊണ്ടുതന്നെ മറ്റെല്ലാ ഉത്സവങ്ങളെക്കാളും വളരെ വിപുലമായ ഒരു ദേശം ഭരണിക്ക് സ്വന്തമായുണ്ട്. സമൂഹത്തിന്റെ താഴേതട്ടില്‍കിടന്നിരുന്നവരുടെ സ്വാതന്ത്ര്യപ്രഖ്യാപനം കൂടിയാണ് ഭരണി. എല്ലാ ഉച്ചനീചത്വങ്ങളെയും വലിച്ചെറിഞ്ഞ് ഓരോരുത്തരും ദേവിയായി മാറുന്ന അപൂര്‍വ്വ അവസരം.
ദേശവ്യാപ്തി
ഭരണിയുടെ ദേശങ്ങള്‍ വിപുലമാണ്. കാസര്‍കോട് നിന്നുള്ളവർവരെ ഇതില്‍ കണ്ണിചേര്‍ക്കപ്പെട്ടിരിക്കുന്നു. മംഗലാപുരത്തുനിന്നും ഇവിടേക്ക് സംഘങ്ങള്‍ എത്തുന്നുണ്ട്. പാലക്കാട്, മലപ്പുറം, കോഴിക്കോട് കണ്ണൂര്‍, വയനാട് എന്നിവിടങ്ങളില്‍നിന്നാണ് ഒഴുക്കു കൂടുക. കോട്ടയം, ഇടുക്കി ഭാഗങ്ങളില്‍നിന്നും സംഘങ്ങള്‍ എത്താറുണ്ട്. കമ്പം, തേനി, വാല്‍പ്പാറ തുടങ്ങി സംസ്ഥാനത്തിന് പുറത്തുനിന്ന് ഇവിടേക്ക് സ്ഥിരമായി സംഘങ്ങളെത്തുന്നു.
പ്രകൃതി ആരാധന, കാര്‍ഷികസംസ്‌കൃതി
പ്രകൃതിയുമായും കൃഷിയുമായും തൊട്ടടുത്തുനില്‍ക്കുന്ന ആഘോഷമാണ് കൊടുങ്ങല്ലൂര്‍ ഭരണി. കാടിനെ ഓര്‍മിപ്പിക്കുന്ന കാവുകളില്‍നിന്നാണ് ആഘോഷങ്ങള്‍ പുറപ്പെടുന്നത്. കൂടാതെ ക്ഷേത്രത്തില്‍ സമര്‍പ്പിക്കുന്നത് പലതരം വിത്തുകളാണ്. പ്രധാനമായും നെല്ലാണ് വരുന്നതെങ്കിലും വയനാടന്‍ ഭാഗങ്ങളിലും മറ്റും കോമരങ്ങള്‍ തുള്ളി ശേഖരിക്കുന്നതില്‍ 18 ഇനം വിത്തുകളാണുള്ളത്. നെല്ലിന് പുറമെ പലതരം പയറുകളും മറ്റും ഇതില്‍ വരും. വസൂരിയെപ്രതിരോധിക്കാനാണ് ഈ വിത്ത് സമര്‍പ്പണം എന്നാണ് വിശ്വാസം. മഞ്ഞള്‍, കുരുമുളക്, ഉപ്പ് എന്നിവയും സമര്‍പ്പിക്കും
അവകാശികള്‍ പലദേശങ്ങളില്‍നിന്ന്
കാവുതീണ്ടല്‍ അവസാനിക്കുമ്പോള്‍ ക്ഷേത്രത്തിനുചുറ്റും വിളക്കുതെളിയിക്കുന്ന ശുഭ്രവസ്ത്രധാരികളെ കാണാം. കാസര്‍കോട്ടുനിന്നുള്ള സംഘമാണിത്. ഇവരുടെ അവകാശമാണ് ഈ വിളക്കുതെളിയ്കല്‍. ക്ഷേത്രത്തിനുചുറ്റുമുള്ള കല്‍വിളക്കുകളിലും ദീപസ്തംഭത്തിലുമെല്ലാം ഇവര്‍ തിരിതെളിയിക്കും. ഇത്തരത്തില്‍ കൊടുങ്ങല്ലൂര്‍ ഭരണിക്ക് ദൂരദേശങ്ങളില്‍നിന്ന് അവകാശികള്‍ എത്തുന്നു.
ആദ്യകോഴിയെ സമര്‍പ്പിക്കുന്നത് വടകരയിലെ തച്ചോളി കുടുംബക്കാരാണ്. വയനാട്ടില്‍നിന്നും കുറിച്ച്യര്‍, കുറുമര്‍, നായ്കര്‍ തുടങ്ങി ആദിവാസിവിഭാഗങ്ങളില്‍നിന്നുള്ള സംഘവും ഭരണിക്കെത്തും. പ്രത്യേകതരം പാട്ടോടുകൂടിയാണ് ഇവരുടെ ദേവീ ആരാധന. കോഴിക്കോട്ടുനിന്നുള്‍പ്പെടെ അരയവിഭാഗത്തില്‍പെടുന്നവരുടെ സംഘങ്ങളും ഭരണിക്കെത്തും. ഭരണിദിവസം രാവിലെ താലംചൊരിയല്‍ എന്ന ചടങ്ങും ഇവര്‍നടത്താറുണ്ട്. സത്രീകള്‍ താലമായി നില്‍ക്കുകയും പുരുഷന്‍മാര്‍ വഴിപാട് സമര്‍പ്പിക്കുകയും ചെയ്യുന്നതാണ് ചടങ്ങ്. പട്ടാര്യ സമുദായത്തില്‍പെടുന്നവര്‍ കാവുതീണ്ടലിനുശേഷം വെന്നിക്കൊടിനാട്ടുന്ന ചടങ്ങുമുണ്ട്. ഭരണിദിവസം കുശ്മാണ്ഡ പൂജയും ഇവര്‍ നടത്തും.

പാലക്കാവേലനാണ് ആദ്യം കാവുതീണ്ടുക. അശ്വതി പൂജക്കുശേഷം നിലപാടുതറയില്‍വെച്ച് കൊടുങ്ങല്ലൂര്‍ കോവിലകത്തെ തമ്പുരാന് പാലക്കാവേലന്‍ ഇളനീര്‍ നല്‍കുന്നു. തമ്പുരാന്‍ കാവുതീണ്ടലിന് അനുമതി നല്‍കുന്നതോടെ പാലക്കാവേലന്റെ നേതൃത്വത്തില്‍ കാവുതീണ്ടുകയാണ് ചെയ്യുന്നത്. വസൂരിമാലക്ക് മഞ്ഞള്‍പൊടി ആടാനുള്ള അവകാശം പ്ലാപ്പിള്ളി, തേറോടം എന്നീകുടുംബങ്ങളിലെ സ്ത്രീകള്‍ക്കാണ്. ക്ഷേത്രപാലകന്റെ നടയില്‍ ഉടയ്കുന്ന നാളികേരത്തിന്റെ അവകാശം കുടുംബി സമുദായത്തിനാണ്. ഇങ്ങനെ അവകാശങ്ങളും ദേശങ്ങള്‍പോലെ പടര്‍ന്ന് പന്തലിച്ചു കിടക്കുകയാണ്.
ആതിഥേയരായി കൊടുങ്ങല്ലൂര്‍
ഉത്രട്ടാതി മുതല്‍ നാനാദേശങ്ങളില്‍നിന്നെത്തുന്ന കോമരക്കൂട്ടങ്ങളെ കൊടുങ്ങല്ലൂര്‍ സ്വീകരിക്കും. മുമ്പെല്ലാം സമീപത്തെ വീടുകളാണ് ഇത്തരക്കാര്‍ക്ക് അത്താണിയായിരുന്നത്. ഇതൊരു അനുഗ്രഹമായാണ് ഇവര്‍ കരുതിയിരുന്നത്. ഇത്തരം വീടുകളിലും ദേവീസ്തുതിയോടെയുള്ള പ്രാര്‍ഥനയും ആഘോഷങ്ങളും അരങ്ങേറും. ഗതാഗത സൗകര്യങ്ങളും മറ്റുസൗകര്യങ്ങളും വര്‍ധിച്ചതോടെ പ്രത്യേക ബസ്സുകളില്‍ വരുന്ന വരുടെയും ലോഡ്ജുകളില്‍ താമസിക്കുന്നവരുടെയും എണ്ണം കൂടി.
അവകാശ തറകള്‍
ഓരോവിഭാഗത്തിനും അവകാശപ്പെട്ട തറകളുണ്ട് ഇവിടെ. ക്ഷേത്രത്തിലെത്തിക്കഴിഞ്ഞാല്‍ സ്വന്തം തറകളിലാണ് ഓരോവിഭാഗവും ഇരിക്കുക. തറയില്‍കയറുക എന്നാണിതിന് പറയുക. വാളുംചിലമ്പും സൂക്ഷിക്കലും പ്രാര്‍ഥനയും എല്ലാം ഇവിടെ നടക്കും. അവകാശപ്പെട്ട തറകളിലല്ലാതെ ഇവര്‍ ഇരിക്കില്ല. മറ്റുള്ളവരെ സ്വന്തം തറയില്‍ ഇരിക്കാന്‍ അനുവദിക്കുകയുമില്ല.
പെണ്‍ കോമരങ്ങള്‍
ചെമ്പട്ടുടുത്ത്, വാളുകുലുക്കി, അരമണികിലുക്കി, രൗദ്രത തുളുമ്പുന്ന മുഖവുമായി ഉറഞ്ഞു തുള്ളുന്ന പെണ്‍കോമരങ്ങള്‍ കൊടുങ്ങല്ലൂരിലെ മാത്രം കാഴ്ചയാണ്. ദേവിയുടെ പ്രതിനിധിയായിട്ടാണ് കോമരങ്ങളെ കണക്കാക്കുന്നതെങ്കിലും മറ്റെവിടെയും സ്ത്രീകള്‍ കോമരമാകാറില്ല. വ്രതമെടുക്ക് ദേഹത്തിലേക്ക് ദേവിയെ ആവാഹിച്ചെത്തുന്ന ഈ സ്ത്രീകളും ഇവിടെ ഉറഞ്ഞുതുള്ളും. ഇവര്‍ കല്‍പനനല്‍കുകയും ചെയ്യും.
വെട്ടിത്തെളിയണം
വെട്ടിത്തെളിഞ്ഞവര്‍ക്കാണ് വാളും ചിലമ്പുമേന്താനുള്ള അധികാരമുള്ളൂ. പ്ലാപ്പിള്ളി, തേറോടം തുടങ്ങിയ വീടുകളിലെ പുരുഷന്മാർക്കാണ് കന്നി വെളിച്ചപ്പാടുമാര്‍ക്ക് വാളും ചിലമ്പും നല്‍കാനുള്ള അധികാരം. കോമരമാകാന്‍ പുതുതായി എത്തുന്നവര്‍ക്ക് തീര്‍ഥം നല്‍കും. ചുറ്റുമുള്ളവര്‍ ദേവീസ്തുതികള്‍ പാടും വാദ്യങ്ങളുമുണ്ടാകും. ഇതൊരുലഹരിയായി ഉള്ളില്‍ കയറുമ്പോള്‍ വാളും ചിലമ്പും നല്‍കും. തലയില്‍ വെട്ടിചോരവന്നാല്‍ വെട്ടിത്തെളിഞ്ഞു. തുള്ളല്‍ അവസാനിക്കുമ്പോള്‍ മഞ്ഞളും ഇളനീര്‍വെള്ളവുംചേര്‍ത്തമിശ്രിതം വെട്ടിത്തെളിഞ്ഞ മുറിവില്‍ തേച്ചുകൊടുക്കും.
ഐതീഹ്യങ്ങള്‍
കാളി ദാരിക യുദ്ധത്തിന്റെയും കണ്ണകി സങ്കല്‍പ്പത്തിന്റെയും കഥകള്‍ ഇഴചേര്‍ന്നതാണ് ഇവിടത്തെ ഐതീഹ്യം. ദാരികനുമായുള്ള യുദ്ധത്തില്‍ മുറിവേറ്റും കലിയടങ്ങാതെയും നില്‍ക്കുന്ന കാളിയെ ആശ്വസിപ്പിക്കാനെന്ന സങ്കല്‍പ്പത്തിലാണ് തെറിപ്പാട്ട് പാടുന്നത്. ഭരണിപ്പാട്ടില്‍ തെറിപ്പാട്ടിനൊപ്പം ദേവീ സ്തുതികളുമുണ്ട്. വല്ലച്ചിറയില്‍നിന്നുള്ള സംഘമാണ് ഭരണിപ്പാട്ടിന് തുടക്കമിടുക. പറഞ്ഞാല്‍തീരാത്ത കഥകളും ചരിത്രവും എല്ലാമുറങ്ങുന്ന മണ്ണാണ് കൊടുങ്ങല്ലൂരിലേത്. ഇത്രത്തോളം ദേശങ്ങളെ ഉള്‍ക്കൊള്ളുന്ന, വൈവിധ്യങ്ങള്‍ സൂക്ഷിക്കുന്ന, എന്നിട്ടും ദേവീഭക്തിയെന്ന ഒറ്റബിന്ദുവിലേക്ക് കേന്ദ്രീകരിക്കുന്ന മറ്റൊരാഘോഷം വേറെയുണ്ടാവില്ല. ഭരണിക്കു തുല്യം ഭരണിമാത്രം.
Content Highlights: Experience the vibrant Kodungallur Bharani festival in Kerala
Published: 30 Mar 2025, 02:53 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented