വേറെ എവിടെയും കാണാനും കേള്‍ക്കാനും കഴിയാത്ത ആചാരങ്ങളുടെ സംഗമഭൂമിയാണ് മലയാളിക്ക് കൊടുങ്ങല്ലൂര്‍. ചോരയുടെയും വിയര്‍പ്പിന്റെയും മഞ്ഞളിന്റെയും രൂക്ഷ ഗന്ധം കലര്‍ന്ന കൊടുങ്ങല്ലൂരെ കാവുതീണ്ടല്‍ നാള്‍.. സ്വയം മറന്ന് ദേവിക്ക് മുന്നില്‍ തുള്ളിയുറയാനുള്ള കോമരത്തിന്റെ കാത്തിരിപ്പിന് വിശ്വാസത്തിന്റെ ഏറ്റവും കടുപ്പമുള്ള മുഖമാണ്. എ.ഡി.19-ാം നൂറ്റാണ്ടിനടുത്ത് സ്ഥാപിതമായ ചേരഭരണകാലത്തില്‍ കേരളത്തില്‍ കാളീഉപാസനാ സങ്കല്‍പം പ്രബലമായിരുന്നു. അക്കാലത്ത് യുദ്ധങ്ങളിലുംമറ്റും പങ്കെടുത്തിരുന്ന നായന്മാര്‍ കാളീപൂജയിലും ശക്തിപൂജയിലുമാണ് വിശ്വസിച്ചിരുന്നത് എന്ന് ചരിത്രകാരന്മാര്‍ പറയുന്നു. അതുകൊണ്ടായിരിക്കാം കൊടുങ്ങല്ലൂരില്‍ കാളിക്ക് പ്രാധാന്യം കൊടുത്തത്.

To advertise here,

മഞ്ഞളിന്റെയും ചോരയുടെ രൂക്ഷഗന്ധം തളംകെട്ടിനില്‍ക്കുന്ന അന്തരീക്ഷം. അമ്മേ ശരണം വിളിക്കൊപ്പം ഉയര്‍ന്നുകേള്‍ക്കുന്ന തെറിപ്പാട്ട്.. തന്നാരം പാട്ടിന്റെ താളത്തില്‍ സ്വയം മറന്ന് ഉറഞ്ഞുതുള്ളുന്ന കോമരങ്ങള്‍. പള്ളിവാളുകൊണ്ട് തലവെട്ടിപ്പൊളിച്ച് അമ്മയ്ക്കുമുന്നില്‍ അവനവനെത്തന്നെ സമര്‍പ്പിക്കുന്ന ഭക്തര്‍... കൊടുങ്ങല്ലൂരെ കോമരങ്ങള്‍ അദ്ഭുതം തന്നെയാണ്.. പാലക്കാട്, കണ്ണൂര്‍, കൊല്ലം ഭാഗങ്ങളില്‍ നിന്നാണ് പ്രധാനമായും കോമരങ്ങള്‍ കൊടുങ്ങല്ലൂരേക്ക് എത്താറ്. ഓരോ കോമരത്തിന്റെ വീട്ടിലും ഭഗവതിയെ കുടിയിരുത്തിയിട്ടുള്ള ചെറിയ കോവിലുകള്‍ ഉണ്ടാവും. ഒരേ പ്രദേശത്തുള്ള ആളുകള്‍ അവിടെ ഒത്തുകൂടി പൂജകളും ഉത്സവവും നടത്തിയാവും കൊടുങ്ങല്ലൂരിലേക്ക് കാവുതീണ്ടലിനായി പുറപ്പെടുക. ഭഗവതിയുടെ കോമരമാകണമെങ്കില്‍ ആ നടയില്‍ പോയി ഉറഞ്ഞുതുള്ളണം.. അമ്മയുടെ പള്ളിവാളുകൊണ്ട് മൂന്ന് തവണ തലയില്‍ വെട്ടണം.. അമ്മയുടെ മുന്നില്‍ ചോരചീന്തി സ്വയം സമര്‍പ്പിക്കണം...

placeholder
ഫയല്‍ ഫോട്ടോ: അരുണ്‍ നിലമ്പൂര്‍

ഇക്കൊല്ലം കാവുതീണ്ടിക്കഴിഞ്ഞ് പോയാല്‍ അടുത്ത വര്‍ഷം കാവുതീണ്ടാനെത്തുന്നതുവരെ നീളും അവരുടെ വ്രതവും പൂജയും ഉപാസനയും. വീട്ടില്‍ ഒരുക്കിയിട്ടുള്ള ചെറിയ തറയില്‍ അവര്‍ ദേവിയെ ഉപാസിക്കും. വ്രതമെടുക്കും. വഴിപാടുകള്‍ ശേഖരിച്ച് ഭണ്ഡാരത്തില്‍ സൂക്ഷിക്കും. ഭക്തി എന്നത് അവരുടെ നിത്യജീവിതവുമായി ബന്ധപ്പെട്ട് കിടക്കുന്നു. ഭഗവതിക്ക് വേണ്ടി ഉഴിഞ്ഞുവെച്ച ജീവിതമാണ് കോമരങ്ങളുടേയത്. അവര്‍ക്ക് കുടുംബജീവിതവും മറ്റെല്ലാതരം ജീവിതവും ഉണ്ടാകും. പക്ഷേ ഭഗവതിയുടെ കോമരമാണ് എന്നതാണ് അവരുടെ സാമൂഹിക ധർമ്മം.  ഗോത്രവിഭാഗങ്ങളുടെ അമ്മ-മുത്തി അല്ലെങ്കില്‍ അമ്മ-ദൈവ ആരാധനയുമായി ബന്ധപ്പെട്ട പുരാസങ്കല്‍പമാണ് കൊടുങ്ങല്ലൂരിലേത്. ചുവന്ന പുട്ടുംചുറ്റി, അരയില്‍ ചിലങ്കയും കാലില്‍ ചിലമ്പും കൈയില്‍ വാളുമേന്തി ചോരയിലും മഞ്ഞളിലും ആറാടിവരുന്ന കോമരങ്ങള്‍.

കുടുംബപരമായുള്ള വിശ്വാസത്തിന്റെ തുടര്‍ച്ചയായി കോമരമാകുന്നവരുണ്ട്. അവര്‍ കല്യാണം കഴിഞ്ഞ് ആ കുടുംബത്തിലേക്ക് എത്തിയശേഷം വെളിച്ചപ്പെട്ടവരാകാം, ആ കുടുംബത്തില്‍ തന്നെയുള്ളവരാകാം, ചെറിയ പ്രായംമുതല്‍ കോമരമാകാന്‍ തയ്യാറെടുക്കുന്നവരുണ്ടാകാം. ഇതൊന്നുമല്ലാതെ വെളിച്ചപ്പെടുന്നവരും ഉണ്ടാകും. ഭഗവതിയുടെ വിളിവരുമ്പോള്‍ അവര്‍ വെളിച്ചപ്പെടുന്നു, കൊടുങ്ങല്ലൂരെത്തി വെട്ടിത്തെളിഞ്ഞ് കോമരമാകുന്നു. കൊടുങ്ങല്ലൂര്‍ ഭരണിയുമായി ബന്ധപ്പെട്ട് അശ്വതിനാളിലാണ് പുതിയ കോമരങ്ങളെ വെട്ടിത്തെളിയാന്‍ കൊണ്ടുപോകാറ്. അവിടെവെച്ച് ദേവിക്കുമുന്നില്‍ ആടിത്തിമിര്‍ത്ത് ഭക്തിയുടെ പാരമ്യത്തില്‍ തലവെട്ടിപ്പൊളിച്ച് രക്തം സമര്‍പ്പിച്ച് അവര്‍ ദേവിയുടെ കോമരങ്ങളായി മാറുന്നു.. സ്വയം ദേവിയായി മാറുന്നു.

പെണ്‍കോമരങ്ങളെ തമ്പാട്ടികളെന്നും ആണ്‍ കോമരങ്ങളെ മൂപ്പന്മാരെന്നും വിളിക്കാറുണ്ട്. വെളിച്ചപ്പാടും കോമരവും രണ്ടും രണ്ടാണ്. രണ്ടുപേരുടെയും വസ്ത്രധാരണത്തില്‍തന്നെ ഈ വ്യത്യാസം പ്രകടമാണ്. വെള്ള മുണ്ടുടുത്താന്‍ വെളിച്ചപ്പാടായി. എന്നാല്‍ സാരി ഞൊറിഞ്ഞുടുക്കുന്ന പോലെ ചുവന്ന പട്ട് ഞൊറിഞ്ഞ് മുണ്ടുടുക്കുന്നതാണ് കോമരത്തിന്റെ രീതി. അതുപോലെ മാറിനുകുറുകെ പട്ട് വരിഞ്ഞ് കെട്ടിയിട്ടുണ്ടാവും. അരയില്‍ ചിലങ്കയണിഞ്ഞ്, കാലില്‍ ചിലമ്പിട്ട്, കൈയില്‍ വാളുമേന്തി തന്നാരം പാട്ടിനൊന്നിച്ച് ചുവടുവെച്ച് വരുന്ന കോമരം.

placeholder
ഫയല്‍ ഫോട്ടോ: അരുണ്‍ നിലമ്പൂര്‍

കൊടുങ്ങല്ലൂര്‍ കാവിനെപ്പറ്റിയുള്ള കഥകള്‍...

അരമണിയും കാല്‍ച്ചിലമ്പുമണിഞ്ഞ്.. പള്ളിവാളേന്തി ചെമ്പട്ടും ചുറ്റി കൊടുങ്ങല്ലൂരമ്മയുടെ സന്നിധിയിലേക്ക് സ്വയം സമര്‍പ്പിക്കാനെത്തുന്ന കോമരങ്ങള്‍ക്ക് മിക്കപ്പോഴും മധുരാപുരി ചുട്ടെരിച്ച കണ്ണകിയുടെ മുഖമാണ്. ഭഗവാന്‍ ശിവന്റെ തൃക്കണ്ണില്‍ നിന്നും ജീവന്‍കൊണ്ട കാളി ദാരികന്റെ തലയരിഞ്ഞ കഥയാണ് കൊടുങ്ങല്ലൂരമ്മയെപറ്റിയുള്ള മറ്റൊരു പ്രധാന കഥ. അശ്വതിക്ക് കാവുതീണ്ടാനെത്തുന്ന കോമരങ്ങള്‍ ഭദ്രകാളിയുടെ സഹായികളായ.. ദേവിയോടൊത്ത് യുദ്ധത്തിനിറങ്ങിയ കാളീ-കൂളികളാണത്രേ. ദേവിയുടെ യുദ്ധവിജയാഘോഷമാണ് കാവുതീണ്ടലെന്നാണ് ഈ കഥ പറയുന്നത്. കാളി-ദാരിക യുദ്ധമാണ് ഈ കഥയുടെ അടിസ്ഥാനം. മഹാദേവന്റെ കൈയില്‍ നിന്നും വരംവാങ്ങിയ ദാരികനെന്ന് അസുരനും ഭദ്രകാളിയും തമ്മിലുള്ള യുദ്ധത്തിന്റെ കഥയാണിത്. സ്ത്രീയില്‍ ജനിക്കാത്ത ഒരു സ്ത്രീമൂലം മാത്രമേ തനിക്ക് മരണം സംഭവിക്കാവൂ എന്നാതായിരുന്നു ദാരികന്‍ ആവശ്യപ്പെട്ട വരം. മഹാദേവനില്‍നിന്നും ആ വരം ലഭിക്കുന്നതോടെ ദാരികള്‍ ഭൂമിയിലും ദേവലോകത്തും പ്രശ്നങ്ങള്‍ ഉണ്ടാക്കിത്തുടങ്ങുന്നു. ദാരികനെക്കൊണ്ട് പൊറുതിമുട്ടിയ ദേവന്മാര്‍ മഹാദേവനെത്തന്നെ ശരണം പ്രാപിക്കുന്നു.

ദാരികന്റെ ചെയ്തികളില്‍ കുപിതനായ മഹാദേവന്‍ തന്റെ തൃക്കണ്ണ് തുറന്ന് ഭദ്രകാളിയെ സൃഷ്ടിക്കുന്നു. യുദ്ധം ചെയ്ത് ദാരികനെ വധിച്ചശേഷം ദേവി കുടികൊള്ളുന്നയിടമാണ് കൊടുങ്ങല്ലൂര്‍ എന്നാണ് ഒരു ഐതീഹ്യം. ആ യുദ്ധത്തിന്റെ സിംബോളിക്കായ രൂപമാണത്രേ ഭരണിയോട് അനുബന്ധിച്ച് കൊടുങ്ങല്ലൂര്‍ കാവില്‍ നടക്കുന്ന അശ്വതി കാവുതീണ്ടല്‍. ടിപ്പുസുല്‍ത്താന്റെ പടയോട്ട കാലവുമായി ബന്ധപ്പെട്ടും ഈ കഥ പറയുന്നുണ്ട്. കേരളത്തിലെ ക്ഷേത്രങ്ങള്‍ നശിപ്പിച്ച് മുന്നേറിയ ടിപ്പു കൊടുങ്ങല്ലൂരും എത്തി. കാവിലെ വിഗ്രഹം നശിപ്പിച്ച് കൊടുങ്ങല്ലൂര്‍ തമ്പുരാനെയും ഇല്ലാതാക്കും എന്ന ഘട്ടമെത്തിയപ്പോള്‍ തമ്പുരാന്‍ ദേവിയുടെ നടയില്‍ സാഷ്ടാംഗം വീണു. ഇതേസമയം, ലോകനാര്‍കാവില്‍ ഉത്സവം കഴിഞ്ഞ് വിശ്രമിക്കുകയായിരുന്ന തച്ചോളി ഒതേനന് ഒരു വെളിപാടുണ്ടാകുന്നു. ഉടന്‍ ഒതേനന്‍ കൊടുങ്ങല്ലൂരേക്ക് പുറപ്പെട്ടു.

placeholder
ഫയല്‍ ഫോട്ടോ: അരുണ്‍ നിലമ്പൂര്‍

സാധാരണ അങ്കത്തിനിറങ്ങുമ്പോള്‍ ലോകനാര്‍കാവില്‍ കോഴിയെ ബലികൊടുക്കുന്ന പതിവുണ്ടായിരുന്നു ഒതേനന്. ആ ആചാരത്തിന്റെ ഭാഗമായി കൊടുങ്ങല്ലൂരും ഒതേനന്‍ ബലിക്കായി കോഴിയെ സമര്‍പ്പിച്ചു. കൊടുങ്ങല്ലൂര്‍ ഭഗവതി വീട്ടിലെ കാരണവര്‍ കോഴിയേയും ഒതേനനേയും സ്വീകരിച്ചു. എന്നിട്ട് അവര്‍ ഒരു പടയായി ടിപ്പുവിനെ എതിര്‍ത്തു. ഇതിന്റെ ഓര്‍മപുതുക്കലാണ് കൊടുങ്ങല്ലൂരിലെ കോഴിബലി. ബലി നിയമപരമായി നിര്‍ത്തലാക്കിയതോടെയാണ് അതിന്റെ പ്രതീകാത്മകമായി കോഴിക്കല്ല് മൂടല്‍ എന്ന ചടങ്ങ് ആരംഭിച്ചതെന്ന് പറയുന്നു, ഭഗവതി വീട്ടിലെ ഇപ്പോഴത്തെ കാരണവര്‍ രാകേഷ് ഭഗവതിവീട്. 'പണ്ട് കോഴിയെ ബലി കൊടുത്തിരുന്ന കല്ലുകള്‍ മണ്ണിട്ടുമൂടി അതിന് മുകളില്‍ ചോര ഒഴുക്കുന്നതിന് പകരമായി ചുവന്ന പട്ട് മൂടുന്നു. തച്ചോളി ഒതേനന്റെ പിന്മുറക്കാര്‍ക്കാണ് ബലിക്കല്ലില്‍ ആദ്യം കോഴിയെ വയ്ക്കാനുള്ള അവകാശം. വൃത്താകൃതിയില്‍ രണ്ട് കുഴികുഴിച്ച്, ബലിക്കല്ലുകള്‍ അതിലേക്ക് മൂടി, അതിന്റെ മുകളില്‍ കുറച്ച് പൊക്കത്തില്‍ മണ്‍തിട്ടയുണ്ടാക്കി, അതിന്റെ മുകളില്‍ ചെമ്പട്ട് വിരിക്കും ഭഗവതി വീട്ടുകാര്‍. തൊട്ടുപിന്നാലെ തച്ചോളിവീട്ടുകാര്‍ കോഴികളെ കൈയിലേന്തി മൂന്നുവട്ടം ഈ തിട്ടയ്ക്ക് വലംവയ്ക്കുന്നു. ഇതുകഴിഞ്ഞാലുടന്‍ ഭഗതിവീട്ടുകാര്‍ - തച്ചോളിവീട്ടുകാരുടെ കോഴി ഹാജരുണ്ടോ - എന്ന് മൂന്നുപ്രാവശ്യം വിളിച്ചുചൊല്ലും. ഹാജര്‍ ഉണ്ടെന്ന് പറഞ്ഞ് അവര്‍ കോഴികളെ ബലിക്കല്ലില്‍ വയ്ക്കും. ഈ കോഴിസമര്‍പ്പണത്തോടെയാണ് ഭരണി തുടങ്ങുന്നത്.' 2003 മുതല്‍ രാകേഷിന്റെ നേതൃത്വത്തിലാണ് കോഴിക്കല്ല് മൂടല്‍ ചടങ്ങ് നടക്കുന്നത്.

ചിലപ്പതികാരത്തിലെ കണ്ണകി-കോവിലന്‍ കഥയെ അടിസ്ഥാനമാക്കിയുള്ളതാണ് മറ്റൊരു ഐതീഹ്യം. കച്ചവടത്തില്‍ നഷ്ടം സംഭവിച്ച കോവിലന്‍ ഭാര്യയായ കണ്ണകിയെയും കൂട്ടി മധുരയിലേക്ക് പോകുന്നു. അവിടെവെച്ച് ചതിയിലകപ്പെട്ട് കോവലന്‍ വധിക്കപ്പെടുന്നു. ഇതില്‍ കോപാകുലയായ കണ്ണകി മധുരാപുരി ചുട്ടെരിച്ച് തന്റെ കൈയില്‍ ശേഷിച്ച ചിലമ്പ് വലിച്ചെറിഞ്ഞ് ചേര രാജ്യത്തുവന്ന് കുടിയിരിക്കുകയും ചെയ്തു എന്നാണ് കഥ. ചിലപ്പതികാരത്തിലെ ഈ കണ്ണകിയെയാണ് ചേരന്‍ ചെങ്കുട്ടുവന്‍ കൊടുങ്ങല്ലൂരില്‍ കുടിയിരുത്തിയത് എന്നാണ് ഒരു വിശ്വാസം.

placeholder
ഫയല്‍ ഫോട്ടോ: അരുണ്‍ നിലമ്പൂര്‍

1956-ല്‍ കിഴക്കേടത്ത് വാസുദേവന്‍ നായര്‍ മാതൃഭൂമി പത്രത്തില്‍ എഴുതിയ ലേഖനത്തില്‍ കൊടുങ്ങല്ലൂര്‍ ദേവിയെക്കുറിച്ചുള്ള മറ്റൊരു കഥ പറയുന്നുണ്ട്... കഥ മാത്രമല്ല, കൊടുങ്ങല്ലൂര്‍ കാവ് ക്ഷേത്രമായി മാറിയതിനെക്കുറിച്ചും ക്ഷേത്രത്തിനുള്ളിലെ പ്രത്യേകതകളെക്കുറിച്ചും അദ്ദേഹം പറയുന്നതിങ്ങനെ:

കേരളത്തിലേക്ക് പെരുമാക്കന്മാരുടെ ആഗമനത്തിന് മുമ്പ്.. ബ്രാഹ്‌മണ നാടുവാഴികളും തളിയാതിരിമാരും നാടുവാണിരുന്ന സമയം. നാടൊട്ടുക്കും സാംക്രമിക രോഗങ്ങള്‍ പടര്‍ന്ന കാലത്ത് ഒരു ശിവരാത്രിനാളില്‍ പരശുരാമന്‍ കൊടുങ്ങല്ലൂരെത്തി. പടിഞ്ഞാറ്റേടത്ത് ഭട്ടതിരിയാണ് അന്ന് കൊടുങ്ങല്ലൂര്‍ ഭരിച്ചിരുന്നത്. തിരുവഞ്ചിക്കുളത്തപ്പനെ ദര്‍ശിച്ച് തെക്കോട്ട് യാത്രതിരിച്ച പരശുരാമനെ സന്ദര്‍ശിച്ച് കാലില്‍വീണ് സങ്കടങ്ങളുണര്‍ത്തിച്ചു. കുറച്ചുനേരം ചിന്തിച്ചശേഷം ഒന്നുപറയാതെ പരശുരാമന്‍ തെക്കോട്ടുവെച്ച കാല്‍ വടക്കോട്ടുവെച്ച് കുറച്ചുദൂരം നടന്നു. അവിടെ ക്രോഡപുരം എന്ന കുറ്റിക്കാടിനടുത്തെത്തി അവിടെ ഒരിടത്തിരുന്ന് ധ്യാനിച്ചു. നാലഞ്ചുദിവസം നീണ്ട ധ്യാനത്തിനൊടുവില്‍ ദേവി പ്രത്യക്ഷപ്പെട്ടു.

തരു എന്ന അസുരനെ വധിച്ചശേഷം മദോന്മത്തയായിനിന്ന ദേവിയെ പരശുരാമന്‍ മധുരവും രുധിരവും നല്‍കി പ്രാര്‍ഥിച്ചു. നാട്ടുകാരുടെ സങ്കടം അറിയിച്ചു. മധുരവും രുധിരവും നല്‍കുന്നിടത്തോളം നാടിനും നാട്ടാര്‍ക്കും കാവലായി അവിടെ തുടരുമെന്ന് ദേവി അനുഗ്രഹം നല്‍കി. ദാരികാസുരന്റെ ഭാര്യയായ വസൂരിമാലയെ ഇടതുകൈകൊണ്ട് തലമുടിക്കുപിടിച്ച് ഒരു സ്ഥാനത്തുറപ്പിച്ചിരുത്തി. ശേഷം അവിടുന്നല്‍പം വലത്തേക്ക് മാറി കാലിന്മേല്‍ കാലേറ്റിവെച്ചുള്ള ഒരു ആസനം സ്വീകരിച്ച് ഒരു കൈയില്‍ വാളും മറുകൈയില്‍ വട്ടകയും ഏന്തി ഉപവിഷ്ടയായി. ഈ രൂപത്തിലാണ് കൊടുങ്ങല്ലൂരിലെ ഭഗവതിയുടെ വലിയ ദാരുബിംബം. പരശുരാമന്‍ ദേവിയെ കണ്ടതും ദേവി ആദ്യമിരുന്നതും ഇപ്പോഴുള്ള അമ്പലത്തിലല്ല. അവിടെനിന്നും അരകിലോമീറ്റര്‍ തെക്കുമാറിയുള്ള ശ്രീകുരുംബ ക്ഷേത്രത്തിലായിരുന്നു. സ്ഥിരമായി ഭക്തരെത്തുകയും കാഴ്ചദ്രവ്യങ്ങളായി മധുരവും രുധിരവും നല്‍കുകയും ചെയ്തതോടെ ദേവിയുടെ ശക്തി നാള്‍ക്കുനാള്‍ വര്‍ധിച്ചു. ഇതുമൂലം എന്തെങ്കിലും അരുതായ്മകള്‍ ഉണ്ടായാലോ എന്ന് ജനങ്ങള്‍ ഭയന്നു.

പരാശക്തിരൂപത്തിലുള്ള ദേവിയെ ശിവസന്നിധിയില്‍ കുടിയിരുത്തുന്നത് ഉത്തമമാണെന്ന് അഭിപ്രായമുണ്ടായി. മംഗളസ്വരൂപിയായ ശിവന്റെ സാന്നിധ്യം ഭഗവതിയുടെ സത്വഗുണം വര്‍ധിപ്പിക്കുകയും രജോഗുണം മന്ദീഭവിപ്പിക്കുകയം ചെയ്യുമെന്നായിരുന്നു വിലയിരുത്തല്‍. പെരുമാള്‍ ഭരണക്കാലമായിരുന്നു അത്, അതായത് കേരളത്തില്‍ ബുദ്ധമതം പ്രചരിച്ചുതുടങ്ങിയ കാലം. ശിവഭക്തനും എന്നാല്‍ ബുദ്ധമത പ്രതിപത്തിയുമുള്ള ചേരന്‍ ചെങ്കുട്ടുവന്റെ നേതൃത്വത്തില്‍ ഭദ്രകാളീ രൂപത്തിലുള്ള ദേവിയെ ക്രോഡപുരത്തുള്ള ശിവക്ഷേത്രത്തിലേക്ക് ആവാഹിച്ചുകൊണ്ടുപോയി അവിടെ പ്രതിഷ്ഠിച്ചു. പിന്നീട് പുതുക്കിപ്പണിത ക്ഷേത്രമാണ് ഇന്നുകാണുന്ന കൊടുങ്ങല്ലൂര്‍ ക്ഷേത്രമെന്നും പറയപ്പെടുന്നു.

എന്നാല്‍ കൊടുങ്ങല്ലൂര്‍ ഉണ്ടായിരുന്ന ബുദ്ധവിഹാരം പൊളിച്ചുണ്ടാക്കിയതാണ് ഇപ്പോഴുള്ള ക്ഷേത്രമെന്നും കഥകളുണ്ട്. ആ കഥ ഇങ്ങനെ.. കേരളത്തില്‍ പെരുമാക്കന്മാരുടെ അന്ത്യത്തോടെ ബുദ്ധമതവും ക്ഷയിച്ചുതുടങ്ങി. എന്നാല്‍ അപ്പോഴേക്കും ബുദ്ധമതതത്വങ്ങളില്‍ സമാദരണീയവും വിശിഷ്ടവുമായ പലതും ഹൈന്ദവ ആചാരങ്ങളുമായും ഇഴചേര്‍ന്നിരുന്നു. ഈ കാലയളവിലാണ് കേരളത്തില്‍ പലയിടത്തും ഉണ്ടായിരുന്ന ബുദ്ധവിഹാരങ്ങള്‍ ശാസ്താക്ഷേത്രങ്ങളായി മാറുകയും ബുദ്ധവിഗ്രഹങ്ങള്‍ ശാസ്താവായി സങ്കല്‍പ്പിക്കപ്പെടുകയും ചെയ്തുതുടങ്ങിയത്. പണ്ടുകാലത്ത് കൊടുങ്ങല്ലൂരിലും തൃക്കണ്ണാമതിലകത്തും വളരെ വലിയ ബുദ്ധവിഹാരങ്ങളുണ്ടായിരുന്നു എന്നത് ചരിത്രത്തില്‍നിന്നും വ്യക്തമാണ്. അതുകൊണ്ടുതന്നെ കൊടുങ്ങല്ലൂര്‍ ക്ഷേത്രം പണ്ട് അവിടെയുണ്ടായിരുന്ന ബുദ്ധവിഹാരം പൊളിച്ച് ഉണ്ടാക്കിയതാണെന്നും ബുദ്ധഭിക്ഷുക്കളെ ഓടിക്കാനായി ഉണ്ടാക്കിയ തെറിപ്പാട്ടുകളാണ് ഇന്നും തുടര്‍ന്നുപോരുന്നതെന്നും കഥകളുണ്ട്. എന്നാലിതിന് ലിഖിതമായ   തെളിവുകളൊന്നുമില്ല

placeholder
ഫയല്‍ ഫോട്ടോ: അരുണ്‍ നിലമ്പൂര്‍

കൊടുങ്ങല്ലൂര്‍ ഭഗവതിക്ക് യഥാര്‍ഥത്ഥില്‍ ബിംബമില്ല. അവിടെ പൂജാദികളും അഭിഷേകങ്ങളും നടത്തുന്നത് ചെറിയ ശിവലിംഗാകൃതിയില്‍ സുവര്‍ണനിര്‍മിതമായ ഒരു തകിടുകൊണ്ട് മൂടപ്പെട്ടതും ആചാര്യസ്വാമികളാല്‍ സ്ഥാപിതമായതുമായ ശ്രീ ചക്രത്തിന്മേലാണ്. ഏതാണ്ട് അതേവിധമുള്ള ഒന്നാണ് മൂകാംബികയിലും ഉള്ളത്. കൊടുങ്ങല്ലൂര്‍ അമ്പലത്തിന്റെ ശ്രീകോവിലിനുള്ളില്‍ കിഴക്കുഭാഗത്തായാണ് ശ്രീചക്രം സ്ഥാപിച്ചിട്ടുള്ളത്. അതുകൊണ്ടാണ് വടക്കോട്ട് അഭിമുഖമായ കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തില്‍ ശാന്തിക്കാരന്‍ കിഴക്കോട്ട് തിരിഞ്ഞിരുന്ന് ആരാധന നടത്തുന്നത്. ഭക്തര്‍ക്ക് ക്ഷേത്രത്തിനുള്ളില്‍ കാണാന്‍ കഴിയുന്നത് വടക്കോട്ട് അഭിമുഖമായി ഇരിക്കുന്ന ദേവിയുടെ ദാരുബിംബമാണ്.

കര്‍ക്കിടക മാസത്തില്‍ ആ ബിംബത്തിന്മേല്‍ ചാന്തുകൊണ്ട് അഭിഷേകം നടത്താറുണ്ട്. മരംകൊണ്ടുള്ള ദാരുബിംബം ദ്രവിച്ചുപോകാതിരിക്കാനാണ് ഇങ്ങനെ ചെയ്യുന്നത എന്നാണ് പറയുന്നത്. ഭഗവതിക്കും ശിവനുംപുറമെ അകത്ത് സപ്തമാതാക്കളും ഗണപതിയും പുറത്ത് ഒരു പടുകൂറ്റന്‍ ക്ഷേത്രപാലകനും പടിഞ്ഞാറുഭാഗത്ത് വസൂരിമാലയും പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നു. ഭഗവതിക്ക് നല്‍കുന്ന അത്രയും പ്രാധാന്യം തന്നെ വസൂരിമാലയ്ക്കും നല്‍കുന്നു. വസൂരിമാലയുടെ മേല്‍പ്പുരയില്ലാത്ത ശ്രീകോവിലില്‍വെച്ചാണ് പണ്ട് കുരുതി അടിയന്തരം നടത്തിയിരുന്നത്. മഞ്ഞപ്പൊടി അടിയ്ക്കലാണ് അവിടുത്തെ പ്രധാന വഴിപാട്. ശ്രീകോവിലിന്റെ അടിയില്‍ ഒരു ഗുഹാമാര്‍ഗമുണ്ടെന്നും.. ശ്രീകോവിലിനുള്ളില്‍ കിഴക്കേ അറ്റത്തായി കരിങ്കല്‍ ഭിത്തികള്‍കൊണ്ട് മൂടപ്പെട്ടുകാണുന്ന ഒരു അന്തര്‍ഗൃഹമുണ്ടെന്നും.. അതുകൊണ്ടുതന്നെ രഹസ്യമായ എന്തൊക്കെയോ ക്ഷേത്രത്തിനുള്ളിലുണ്ട് എന്ന് വിശ്വസിക്കപ്പെടുന്നതായി ഗവേഷകന്മാര്‍ വെളിപ്പെടുത്തിയിട്ടുള്ളതായി വാസുദേവന്‍ നായര്‍ തന്റെ ലേഖനത്തില്‍ പറയുന്നു.

placeholder
ഫയല്‍ ഫോട്ടോ: അരുണ്‍ നിലമ്പൂര്‍

കൊടുങ്ങല്ലൂര്‍ കാവ് ക്ഷേത്രമായതിന് അധികം പഴക്കമില്ല.. ഭദ്രകാളീ സങ്കല്‍പ്പത്തില്‍ കാവ് പാരമ്പര്യത്തിലൂന്നി നിലനിന്നിരുന്ന കേരളത്തിന്റെ വിശ്വാസചരിത്രത്തിന് ക്ഷേത്രപരിവേഷം കൈവരുന്നത് ശ്രീ ശങ്കരാചാര്യരുടെ വരവോടെയാണ്. ശങ്കരാചാര്യരെ പിന്‍പറ്റി കര്‍ണാടകത്തിന്റെ തെക്കന്‍ പ്രദേശങ്ങളില്‍ നിന്നും കേരളത്തിലെ ഭദ്രകാളീ ക്ഷേത്രങ്ങളില്‍ പൂജയ്ക്കെത്തിയവരാണ് അഡിഗമാര്‍. കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തിലും പ്രധാനപൂജാ കര്‍മ്മങ്ങള്‍ നിര്‍വഹിക്കുന്നത്‌ അഡിഗമാരാണ്. കൊടുങ്ങല്ലൂരില്‍ പണ്ട് പൂജ നടത്തിയിരുന്നത്‌. മധ്യമത്തിലായിരുന്നു എന്നാണ് പറയപ്പെടുന്നത്. ഇപ്പോള്‍ എല്ലാ മലയാളമാസം ഒന്നാം തീയതിയില്‍ മാത്രമാണ് കരിക്ക് മൂടുവെട്ടി അഭിഷേകം നടത്താറ്. പഴയകാലത്ത് നിലനിന്നിരുന്ന ചില പൂജാവിധികളെ അനുസ്മരിപ്പിച്ചാണ് ഇത്തരത്തില്‍ പൂജ ചെയ്യുന്നത് എന്നാണ് പറയപ്പെടുന്നത്. അതിന്റെ കഥയിങ്ങനെ.. ഒരു മീനമാസം രേവതിനാളില്‍, അതായത് ഒരു ഭരണിക്കാലത്ത് ആദിശങ്കരന്‍ ദര്‍ശനത്തിനായി കൊടുങ്ങല്ലൂരെത്തി. മധുപാത്രം കൈയിലേന്തി, തെറി പറഞ്ഞ് തുള്ളുന്ന ഭൂതഗണങ്ങള്‍ക്കൊപ്പം ഭദ്രകാളിയെക്കണ്ട ശങ്കരന്‍ വിഷമത്തിലായി.

ശങ്കരനോട് പൂയം കഴിഞ്ഞ് ക്ഷേത്രത്തിലേക്ക് വന്നാല്‍മതിയെന്ന് അരുളിചെയ്തു. പൂയം നാളില്‍ രാജരാജേശ്വരിയായി ദേവി ശങ്കരന് ദര്‍ശനം നല്‍കി. അവിടെവെച്ച് ശങ്കരനും ദേവിയും തമ്മില്‍ തര്‍ക്കത്തിലേര്‍പ്പെടുകയും ഒടുവിലൊരു കരാറിലെത്തുകയും ചെയ്തു. അന്നുമുതലാണേ്രത ക്ഷേത്രത്തില്‍ മധ്യമത്തിലുള്ള പൂജാദികള്‍ വേണ്ടെന്നുവെച്ച് ഉത്തമത്തിലുള്ള പൂജകള്‍ ചെയ്തുതുടങ്ങിയത് എന്നാണ് കഥ. ദേവിയുടെ അനുമതിപ്രകാരം ആദിശങ്കരനാണ് കൊടുങ്ങല്ലൂരിലെ പൂജാവിധികള്‍ക്ക് പുതുരൂപവും ചിട്ടയും നല്‍കിയതെന്നാണ് ഐതീഹ്യം. ഇതിനുപിന്നാലെയാണ് ദേവീപൂജയ്ക്ക് അധികാരികളായി ഉത്തരകേരളത്തില്‍നിന്നും മൂന്ന് മധു ബ്രാഹ്‌മണ കുടുംബക്കാരെ കൊടുങ്ങല്ലൂര്‍ കൊണ്ടുവന്നത്. അവരുടെ ഇടയില്‍ ഏറ്റവും മൂപ്പെത്തിയ ആള്‍ക്ക് ദേവിതന്നെയാണ് തന്നെ പൂജിക്കേണ്ടതിനും അടിയന്തരങ്ങള്‍ നടത്തേണ്ടതിനും വേണ്ട എല്ലാ മൂലമന്ത്രങ്ങളും തന്ത്രങ്ങളും ഓതിക്കൊടുത്തതെന്നും പറയപ്പെടുന്നു.

ഈ മധു ബ്രാഹ്‌മണര്‍ ആണ് അഡിഗകളായി ഇന്നും കൊടുങ്ങല്ലൂരില്‍ പൂജ നടത്തുന്നത്. ദേവി ചൊല്ലിക്കൊടുത്തതൊക്കെയും ഗോപ്യമാക്കി വെച്ചുകൊള്ളാമെന്ന് പ്രതിജ്ഞ ചെയ്തശേഷം മാത്രമേ അഡിഗകള്‍ക്ക് കൊടുങ്ങല്ലൂരില്‍ പൂജ നടത്താന്‍ അധികാരമുള്ളൂ. ഒരുസമയം ഒരു പൂജാരിക്ക് മാത്രമേ ഈ മന്ത്ര-തന്ത്രാദികളൊക്കെയും അറിവുണ്ടാവുകയുള്ളൂ. അയാള്‍ക്ക് പ്രായമായി പൂജ ചെയ്യാന്‍ കഴിയാത്ത അവസരത്തില്‍ മാത്രമേ മറ്റൊരാള്‍ക്ക് മന്ത്രങ്ങള്‍ ഉപദേശിക്കാവൂ എന്നാണ് പ്രമാണം. അതല്ലാതെ മറ്റാരും ഈ മന്ത്രങ്ങളറിയാന്‍ പാടുള്ളതല്ല. പൂജാരിയുടെ അനന്തരവനാണ് മന്ത്രങ്ങള്‍ ഉപദേശിക്കുക. ഈ ബ്രാഹ്‌മണ കുടുംബക്കാരെ ദേവി ആദ്യം ശാക്തേയ കര്‍മ്മികളാക്കിത്തീര്‍ത്തു. പിന്നീട് അവര്‍ക്ക് ബീജാക്ഷരം, ധ്യാനതന്ത്രമന്ത്രങ്ങള്‍ ഇവ ഉപദേശിക്കുകയുമാണ്രേത ഉണ്ടായത്. കൊടുങ്ങല്ലൂര്‍ വലിയ തമ്പുരാനുപോലും അഡികളുടെ കാര്യങ്ങളില്‍ ഇടപെടാന്‍ അധികാരമില്ല. മൂകാംബികയിലും ആദിശങ്കരന്‍ അഡികള്‍ക്ക് പ്രത്യേകമായ അധികാരങ്ങള്‍ കല്‍പ്പിച്ചുകൊടുത്തിട്ടുമുണ്ട്.