പാമ്പും കോണിയും കളി പോലെയാണ് എവറസ്റ്റ് എന്ന മഹാകൊടുമുടി കീഴടക്കല്‍. കോണിപ്പടികള്‍ കയറിപ്പോകുന്നതിനിടയില്‍ എപ്പോള്‍ വേണമെങ്കിലും പാമ്പിന്റെ വായില്‍പെട്ട് താഴേക്ക് പതിക്കാം. ഇങ്ങനെ മരണത്തിനും ജീവിതത്തിനും ഇടയിലെ നൂല്‍പ്പാലത്തിലൂടെ സഞ്ചരിച്ചാണ് പത്തനംതിട്ട ജില്ലയിലെ പന്തളം സ്വദേശിയായ ഷെയ്ഖ് ഹസ്സന്‍ ഖാന്‍ 8848.86 മീറ്റര്‍ ഉയരം കീഴടക്കിയത്.

To advertise here,

2022 മെയ് 15-ന് ഇന്ത്യന്‍ സമയം രാവിലെ 10.30-ന് എവറസ്റ്റിന് മുകളില്‍ ഹസന്‍ ഖാന്‍ ഇന്ത്യന്‍ പതാകയുയര്‍ത്തി. ആ നിമിഷത്തില്‍ സന്തോഷത്താല്‍ കണ്ണുകള്‍ നിറഞ്ഞ ഹസന് മുന്നില്‍ ചുറ്റുമുള്ള പര്‍വതങ്ങള്‍ തലകുനിച്ചു നിന്നു. അവിടെ തൂക്കിയിട്ടിരുന്ന ബുദ്ധമത പ്രാര്‍ഥനാ പതാകകളില്‍ തൊട്ടപ്പോള്‍ ഒരു പക്ഷി  അരികിലൂടെ പറന്നുപോയി.

പന്തളം പൂഴിയക്കാട് മെഡിക്കല്‍ മിഷന്‍ കൂട്ടംവെട്ടിയില്‍ അലി അഹമ്മദ് ഖാന്റേയും ഷാഹിദ ഖാന്റേയും രണ്ടു മക്കളില്‍ മൂത്തയാളായ ഹസന്‍ ചെറുപ്പത്തില്‍ ഒരു സാധാരണ കുട്ടിയായിരുന്നു. മാവില്‍ വലിഞ്ഞു കയറുന്നതു പോലേയുള്ള വികൃതിയുണ്ടെന്നത് ഒഴിച്ചാല്‍ സാഹസികതയോടൊന്നും താത്പര്യമില്ലായിരുന്നു. കുരമ്പാല സെന്റ് തോമസ് സ്‌കൂളിലും പന്തളം എന്‍എസ്എസ് സ്‌കൂളിലുമാണ് പഠിച്ചത്. പിന്നീട് പത്തനംതിട്ട മുസലിയാര്‍ കോളേജില്‍ ബിടെക് ചെയ്തു. ആ സമയത്ത് കൂട്ടുകാരോടൊപ്പം ശബരിമലയില്‍ പോയതാണ് ആകെയുള്ള ചെറിയൊരു സാഹസം.

ബി.ടെകിന് ശേഷം കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി കോളേജില്‍ എം.ടെക്. ചെയ്തു. പത്തനംതിട്ട പോസ്റ്റല്‍ ഡിവിഷനില്‍ പോസ്റ്റല്‍ അസിസ്റ്റന്റായി ജോലിക്ക് കയറി. പിന്നീട് 2015-ല്‍ സെക്രട്ടേറിയറ്റിന്റെ ധനവകുപ്പില്‍ അസിസ്റ്റന്റായി ജോലി ലഭിച്ചു. അതിനിടയില്‍ വിവാഹവും കഴിഞ്ഞു. 

placeholder
.
ഷെയ്ഖ് ഹസ്സന്‍ ഖാന്‍ സംഘാങ്ങള്‍ക്കൊപ്പം എവറസ്റ്റിന് മുകളില്‍| Photo: Special Arrangement

ഇതോടെ കുടുംബജീവിതത്തിലേക്ക് ഒതുങ്ങിയ ഹസന് മുന്നില്‍ എവറസ്റ്റ് എന്ന സ്വപ്നം മുള പൊട്ടുന്നത് 2017-ല്‍ ഡല്‍ഹി കേരള ഹൗസില്‍ ഡെപ്യൂട്ടേഷനില്‍ വന്നപ്പോഴാണ്. പര്‍വതാരോഹണത്തെ കുറിച്ച് കൂടുതല്‍ അറിഞ്ഞ ഹസന് അതു പഠിക്കാന്‍ ചേര്‍ന്നു. സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തില്‍ വ്യത്യസ്തമായി എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹം എവറസ്റ്റ് കൊടുമുടി കീഴടക്കുക എന്ന ലക്ഷ്യത്തിലെത്തി. കോഴ്സിന് ശേഷം ആദ്യം പശ്ചിമ സിക്കീമിലെ ഒരു കൊടുമുടി കയറി. കഴിഞ്ഞ വര്‍ഷം വടക്കു കിഴക്ക് ടാന്‍സാനിയയിലെ കിളിമഞ്ചാരോ കൊടുമുടിയും കീഴടക്കി.

ഇതോടെ എവറസ്റ്റ് കയറാനുള്ള ആത്മവിശ്വാസം ഹസനില്‍ നിറഞ്ഞു. പക്ഷേ, ആദ്യത്തെ വെല്ലുവിളി അതിനുള്ള സാമ്പത്തികം കണ്ടെത്തുക എന്നതായിരുന്നു. 30 ലക്ഷത്തോളം രൂപ ചിലവ് വരും. ഭാര്യ ഖദീജാ റാണിയോട് കാര്യം പറഞ്ഞപ്പോള്‍ വിവാഹത്തിന്റെ ആഭരണങ്ങള്‍ പണയംവെയ്ക്കാന്‍ നല്‍കി. അങ്ങനെ പത്തു ലക്ഷം രൂപ സ്വരൂപിച്ചു. പിന്നീട് കൂട്ടുകാരില്‍ നിന്ന് കടമായി 10 ലക്ഷം സംഘടിപ്പിച്ചു. സെക്രട്ടറിയേറ്റിന്റെ സൊസൈറ്റിയില്‍ നിന്നും കടമെടുത്തു. അങ്ങനെ ഓടിപ്പാഞ്ഞ് പണം ഒപ്പിച്ചെടുത്തു.

placeholder
.
ഷെയ്ഖ് ഹസ്സന്‍ ഖാന്‍ ഭാര്യയോടൊപ്പം | Photo: Special Arrangement 

ലഡാക്കിലെ 7135 മീറ്റര്‍ ഉയരമുള്ള മൗണ്ട് നീണിലെ പരിശീലനത്തിന് ശേഷം 13 അംഗ സംഘത്തിനൊപ്പം 2022 മാര്‍ച്ച് 30-ന് എവറസ്റ്റിലേക്കുള്ള യാത്ര ആരംഭിച്ചു. ഏപ്രില്‍ ഒന്നിന് കാഠ്മണ്ഡുവിലെത്തി. ആദ്യം ബേസ് ക്യാമ്പില്‍ തങ്ങി. പക്ഷേ, കാര്യങ്ങള്‍ ഒട്ടും എളുപ്പമായിരുന്നില്ല. പണം കണ്ടെത്തിയാല്‍ അനായാസം കയറിപ്പോകാം എന്നാണ് താന്‍ കരുതിയിരുന്നതെന്നും എന്നാല്‍ ,മുന്നിലുള്ളത് കല്ലും മുള്ളും നിറഞ്ഞ വഴിയായിരുന്നെന്നും ഹസന്‍ ഓര്‍ക്കുന്നു.

ബേസ് ക്യാമ്പില്‍നിന്ന് ക്യാമ്പ് വണ്ണിലേക്കുള്ള യാത്ര അതികഠിനമായിരുന്നു. കുമ്പു ഐസ് ഫാള്‍ (മഞ്ഞുവീഴ്ച്ച) കടന്നുവേണം അവിടെയെത്താന്‍. 

'പോപ്പ്കോണ്‍ അടുക്കിവെച്ചതുപോലെയുള്ള മഞ്ഞുപാളികളാണ് മുന്നിലുള്ളത്. എപ്പോള്‍ വേണമെങ്കിലും അതിന്റെ ക്രമീകരണം മാറാം. ഇടയ്ക്ക് ഐസ് പാളികള്‍ പൊട്ടുന്ന ശബ്ദം കേള്‍ക്കുമ്പോള്‍ എല്ലു പൊട്ടുകയാണെന്ന് തോന്നും. ആകെ പേടിച്ചുപോകും. അതിനിടയില്‍ ആഴമുള്ള കുഴിയുണ്ടാകും. ചിലത് ചാടിക്കടക്കാനാകില്ല. അതിന് മുകളില്‍ ഏണി വെച്ചിട്ടുണ്ടാകും. അതിലൂടെ കടന്നുപോകണം.  മറ്റൊരു വെല്ലുവിളി രാത്രിയിലെ കടുത്ത തണുപ്പും പകലിലെ കടുത്ത ചൂടും അതിജീവിക്കുക എന്നതാണ്.' ഹസന്‍ അനുഭവം പങ്കുവെയ്ക്കുന്നു.

ബെയ്സ് ക്യാമ്പില്‍നിന്ന് കഴിച്ച ഭക്ഷണത്തിന്റെ ഊര്‍ജ്ജത്തിലാണ് ക്യാമ്പ് വണ്ണിലെത്താന്‍. അവിടെ എത്തിയാല്‍ വിശ്രമത്തിന് ശേഷം അടുത്ത ലക്ഷ്യം ക്യാമ്പ് റ്റുവാണ്. ആറു കിലോ ഭാരമുള്ള ബൂട്ടു ധരിച്ചുള്ള അനന്തമായ നടത്തമാണ് ക്യാമ്പ് റ്റുവിലേക്കുള്ളത്. ഓരോ അടി മുന്നോട്ടുവെയ്ക്കുമ്പോഴും തിരിച്ചുനടക്കാന്‍ തോന്നും. ഗ്രൂപ്പുണ്ടെങ്കിലും ആ സമയത്ത് നമ്മള്‍ ഒറ്റയ്ക്കാണ്. അത്രയും മനസുറപ്പുണ്ടെങ്കില്‍ മാത്രമേ മുന്നോട്ടുള്ള യാത്ര സാധ്യമാകൂ. നാട്ടിലെ 30 ലക്ഷം കടവും ഇന്ത്യന്‍ പതാക എവസ്റ്റിന് മുകളിലെത്തിക്കണമെന്ന ആഗ്രഹവുമായിരുന്നു ഹസന്റെയുള്ളിലെ പ്രതീക്ഷാവെട്ടം.

ക്യാമ്പ് റ്റുവില്‍ ചായയും നൂഡില്‍സും റൈസും ഭക്ഷണമായി ലഭിക്കും. അതാണ് ആകെയുള്ള ആശ്വാസം. എന്നാല്‍, ഹസന് അവിടേയും പരീക്ഷണമായിരുന്നു. എവറസ്റ്റ് പര്‍വതാരോഹകരെ ബാധിക്കുന്ന പ്രത്യേക ചുമ 'കുമ്പു കഫ്' ഹസനേയും ബാധിച്ചു. ചുമച്ചു തുപ്പിയ കഫത്തില്‍ രക്തം കണ്ടു. ന്യൂമോണിയ ആണെന്ന് മനസിലായതോടെ മലയിറങ്ങി. വീണ്ടു ബേസ് ക്യാമ്പിലെത്തി ചികിത്സ തേടി. മരുന്നു കഴിച്ചു. അപ്പോഴേക്കും ക്യാമ്പ് റ്റുവില്‍ നിന്ന് ഹസനൊപ്പമുള്ള സംഘം മുകളിലേക്ക് യാത്ര തിരിച്ചിരുന്നു. ഇതോടെ വീണ്ടും മല കയറിയ ഹസന്‍ മറ്റൊരു സംഘത്തിനൊപ്പം ക്യാമ്പ് റ്റുവില്‍ നിന്ന് യാത്ര തുടര്‍ന്നു.

placeholder
.
സാഹസിക യാത്രക്കിടെ ഷെയ്ഖ് ഹസ്സന്‍ ഖാന്‍ | Photo: Special Arrangement

ദിവസങ്ങള്‍ നീണ്ട നടത്തത്തിനൊടുവില്‍ ക്യാമ്പ് ത്രീയും ഫോറും പിന്നിട്ടു. ഈ സമയത്ത് കൈയില്‍ കരുതിയിരുന്ന ചോക്ലേറ്റില്‍ നിന്നാണ് ഊര്‍ജ്ജം ലഭിച്ചത്. അവിടെ വെള്ളം ചൂടാകാന്‍ തന്നെ 10-40 മിനിറ്റ് വരെ സമയമെടുക്കും. ക്യാമ്പ് ത്രീയില്‍നിന്നുള്ള യാത്ര മുതല്‍ ഓക്സിജന്‍ മാസ്‌ക് നിര്‍ബന്ധമാണ്. അതുകൊണ്ട് ഭക്ഷണത്തെ കുറിച്ച് ചിന്തിക്കുക പോലുമില്ല. എങ്ങനെയെങ്കിലും മുകളിലെത്തുക എന്നതു മാത്രമായിരിക്കും ആ സമയത്ത് മനസിലുണ്ടാകുക.

ക്യാമ്പ് ഫോറില്‍നിന്ന് രാത്രി 8.30ന് എവറസ്റ്റിന് മുകളിലേക്കുള്ള യാത്ര തുടങ്ങി. മണിക്കൂറുകള്‍ നീണ്ട നടത്തം. രാത്രി 1.30 ആയപ്പോള്‍ തന്റെ ഓക്സിജന്‍ മാസ്‌കിന് എന്തോ തകരാര്‍ സംഭവിച്ചതായി ഹസന് മനസിലായി. എന്തു ചെയ്യണമെന്ന് അറിയില്ല. കൂടെയുള്ള ഷെര്‍പ്പ (എവറ്സ്റ്റിലെ ഗൈഡ്) യാണെങ്കില്‍ താഴേയാണ്. 

'ഓക്സിജന്‍ കുറഞ്ഞതോടെ ഞാന്‍ നിലത്ത് കിടന്നു. കൈകാലുകള്‍ മരവിക്കുന്നതെല്ലാം അറിയാം. അതുവഴി കടന്നുപോകുന്നവരോട് ഓക്സിജന്‍ മാസ്‌ക്കുണ്ടോ എന്ന് ഇംഗ്ലീഷിലും ഹിന്ദിയിലും അന്വേഷിച്ചു. പക്ഷേ ആരും അവരുടെ മാസ്‌ക് ഊരി തരില്ലല്ലോ. എല്ലാവര്‍ക്കും സ്വന്തം ജീവനല്ലേ വലുത്. ഒടുവില്‍ മുകളില്‍നിന്ന് മറ്റൊരു ഷെര്‍പ്പ നിലത്തുകിടക്കുന്ന എന്നെ കണ്ടു. അയാള്‍ ഓക്സിജന്‍ മാസ്‌ക് നല്‍കി. അതു ധരിച്ചപ്പോള്‍ ഞാന്‍ എടുത്ത ആദ്യശ്വാസം ഒരിക്കലും മറക്കാനാകില്ല.' മരണം കണ്‍മുന്നില്‍ കണ്ട നിമിഷം ഹസന്‍ ഓര്‍ക്കുന്നു. 

കുറച്ചു നേരത്തെ വിശ്രമത്തിന് ശേഷം വീണ്ടും യാത്ര തുടര്‍ന്നു. അടുത്ത പ്രതിസന്ധി ഹിലാരി സ്റ്റെപ്പില്‍ കാത്തിരിപ്പുണ്ടായിരുന്നു. സമയം രാവിലെ 7.30 ആയിരുന്നു. ഹസന്‍ ഹിലാരി സ്റ്റെപ്പിലെത്തിയിരുന്നു.  മൂന്നു മണിക്കൂര്‍ കൂടി കഴിഞ്ഞാല്‍ മുകളിലെത്താം. ആവേശത്തില്‍ നടക്കുന്നതിനിടെ ലൈംസ്റ്റോണില്‍ (കുമ്മായക്കല്ലില്‍) തെന്നി താഴേക്കുപോയി. അവിടെ വര്‍ഷങ്ങള്‍ പഴക്കമുള്ള ഒരു ശവശരീരം കിടപ്പുണ്ടായിരുന്നു. അതു കണ്ടപ്പോള്‍ പിടുത്തംകിട്ടിയ കയറില്‍ അള്ളിപ്പിടിച്ച് ഹസന്‍ വീണ്ടും മുകളിലേക്ക് കയറി. പക്ഷേ അപ്പോഴേക്കും ഇടത്തേ കാലിലെ ക്രാംപോണ്‍ നഷ്ടപ്പെട്ടിരുന്നു. ആ വെല്ലുവിളിയും അതിജീവിച്ച് ഒടുവില്‍ രാവിലെ 10.30 എവറസ്റ്റിന് ഏറ്റവും മുകളില്‍ ഹസന്‍ കാലു കുത്തി. 30 അടി നീളവും 20 അടി വീതിയുമുള്ള ദേശീയപതാക അവിടെയുയര്‍ത്തി.

placeholder
.
എവറസ്റ്റിന് മുകളില്‍ നിന്ന് ഷെയ്ഖ് ഹസ്സന്‍ ഖാന്‍ പകര്‍ത്തിയ ചിത്രം | Photo: Special Arrangement

ഏഴു ഭൂഖണ്ഡങ്ങളിലേയും പര്‍വതങ്ങള്‍ കീഴടക്കുകയാണ് ഹസന്റെ സ്വപ്നം. അതില്‍ ആഫ്രിക്കയിലെ കിളമഞ്ചാരോയും ഏഷ്യയിലെ എവറസ്റ്റും കയറിക്കഴിഞ്ഞു. ഇനി നോര്‍ത്ത് അമേരിക്കയിലെ മൗണ്ട് ദെനാലി, സൗത്ത് അമേരിക്കയിലെ അക്കന്‍ഗാഗുവ, യൂറോപ്പിലെ മൗണ്ട് എല്‍ബ്രൂസ്, അന്റാര്‍ട്ടിക്കയിലെ മൗണ്ട് വില്‍സണ്‍, ഏഷ്യ-ഒഷ്യാനിയ റീജിയണിലെ പുഞ്ചാക് ജയ എന്നിവയാണ് ഹസന് മുന്നില്‍ തല കുനിക്കാനുള്ളത്. 'വ്യക്തികള്‍ അസാധാരണക്കാരാകാന്‍ തീരുമാനിക്കുന്നില്ല, അവര്‍ അസാധാരണ കാര്യങ്ങള്‍ ചെയ്യുവാന്‍ തീരുമാനമെടുക്കുന്നു' എന്ന എഡ്മണ്ട് ഹിലരിയുടെ വാക്കുകള്‍ നെഞ്ചോട് ചേര്‍ത്ത് ഹസന്‍ മൗണ്ട് ദെനാലിയിലേക്കുള്ള ബാഗ് പാക്ക് ചെയ്യാന്‍ ഒരുങ്ങുകയാണ്. 

ആദ്യമായി എവറസ്റ്റ് കീഴടക്കിയ മലയാളി ആലപ്പുഴക്കാരനായ എസ്. സുരേഷ് കുമാറാണ്. 1992-ല്‍ എവറസ്റ്റിന് മുകളിലെത്തിയ അദ്ദേഹം നാലു വര്‍ഷത്തിന് ശേഷം വീണ്ടും ആ നേട്ടം ആവര്‍ത്തിച്ചു. സൈനിക സേവനത്തില്‍നിന്ന് 2008-ല്‍ സ്വയം വിരമിച്ച അദ്ദേഹം പിന്നീട് ഹോംഗാര്‍ഡായി. ആലപ്പുഴ ആലിശേരിയിലാണ് കുടുംബം. പിന്നീട് 17 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വീണ്ടും ഒരു മലയാളി എവറസ്റ്റ് കീഴടക്കിയത്. കണ്ണൂര്‍ സ്വദേശിയായ ഉണ്ണിക്കണ്ണന്‍ അഴുതന്‍ പൊയില്‍ വീട്ടില്‍. ഇന്ത്യന്‍ ആര്‍മിയില്‍ ഓഫീസറായ അദ്ദേഹം 2016-ലും നേട്ടം ആവര്‍ത്തിച്ചു. പാലക്കാട് നിന്നുള്ള അബ്ദുല്‍ നാസര്‍ അയ്യപ്പന്‍തൊടിയും എവറസ്റ്റിന് മുകളിലെത്തിയിട്ടുണ്ട്. 2019 മെയിലായിരുന്നു ഈ മലകയറ്റം. ഇപ്പോള്‍ 46 വയസ്സുള്ള നാസര്‍ ഖത്തര്‍ പെട്രോളിയത്തില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റാണ്.