സംസ്ഥാനത്ത് വൈദ്യുതി വിതരണ രംഗത്ത് സ്മാര്‍ട്ട് മീറ്റര്‍ കൊണ്ടുവരാനുള്ള നടപടികളിലായിരുന്നു കെ.എസ്.ഇ.ബി. മൊബൈല്‍ ഫോണ്‍ സേവനങ്ങള്‍ പോലെ ഉപഭോക്താക്കള്‍ക്ക് സൗകര്യപ്രദമായ രീതിയില്‍ പ്രീപെയ്ഡ്, പോസ്റ്റ് പെയ്ഡ് രീതിയില്‍ വൈദ്യുത വിതരണവും ലഭ്യതയും നടപ്പാക്കാനാകുമായിരുന്ന പദ്ധതി ഇപ്പോള്‍ സര്‍ക്കാര്‍ ഉപേക്ഷിച്ചിരിക്കുകയാണ്. ഇത് നടപ്പാക്കുന്നതിന് സ്മാര്‍ട്ട് മീറ്റര്‍ സ്ഥാപിക്കുന്നതിനുള്ള ചെലവടക്കം കണക്കാക്കി കേന്ദ്രത്തില്‍നിന്ന് കോടികള്‍ ഗ്രാന്റായി കിട്ടുമായിരുന്ന പദ്ധതി സംസ്ഥാനം വേണ്ടെന്ന് വെച്ചത്. അതുകൊണ്ട് ഉപഭോക്താക്കള്‍ക്ക് എന്ത് നേട്ടവും കോട്ടവുമാണ് ഉണ്ടാവുക? വാദങ്ങള്‍ പലതാണ്. സ്മാര്‍ട്ടാകാത്ത മീറ്ററും സ്മാര്‍ട്ടായ മീറ്ററിനും ഇടയിലുള്ള തര്‍ക്കത്തിന് കാരണമെന്താകും?

To advertise here,

എന്താണ് സ്മാര്‍ട്ട് മീറ്റര്‍?

വൈദ്യുതി ഉപഭോഗം രേഖപ്പെടുത്താനായി വീടുകളില്‍ മീറ്ററുകള്‍ സ്ഥാപിച്ചിട്ടുണ്ട്. പണ്ട് അനലോഗ് മീറ്ററുകളായിരുന്നു ഉപയോഗിച്ചിരുന്നത്. കേരളത്തില്‍ ഉപയോഗിച്ചിരുന്ന അനലോഗ് മീറ്ററുകള്‍ ഇന്ന് പക്ഷെ പുതിയ തലമുറയിലുള്ളവര്‍ക്ക് ഓര്‍മയുണ്ടാകില്ല.  ഇലക്ട്രോ മെക്കാനിക്കല്‍ വിഭാഗത്തില്‍പ്പെടുന്ന ഇത്തരം മീറ്ററുകള്‍ പുറത്തെ ലൈനില്‍നിന്ന് വീട്ടിലെ മെയിന്‍ സ്വിച്ചിലേക്ക് വൈദ്യുതി വരുമ്പോഴെല്ലാം അത് എത്ര യൂണിറ്റാണെന്ന് അളന്നുകൊണ്ടിരിക്കും.  കൃത്യത കുറവും ഉപഭോഗം കണക്കുകൂട്ടുന്നതും ശ്രമകരമായ ജോലിയായിരുന്നു. മാത്രമല്ല, തട്ടിപ്പുകള്‍ നടത്തി ഉപഭോഗത്തില്‍ കുറവ് കാണിക്കുന്ന രീതിയും വ്യാപകമായി നടന്നു. കോടികള്‍ ഇത്തരത്തില്‍ നഷ്ടപ്പെടുന്നുവെന്നു മനസ്സിലാക്കിയാണ്‌ കെ.എസ്.ഇ.ബി. ഡിജിറ്റല്‍ വൈദ്യുതി മീറ്റര്‍ അവതരിപ്പിച്ചത്. പഴയ മീറ്ററിന് പകരമായി അത് എല്ലായിടത്തും 10 വര്‍ഷം മുമ്പ് ഡിജിറ്റല്‍ മീറ്റര്‍ സ്ഥാനം പിടിച്ചു.  

അനലോഗ് മീറ്ററില്‍ പുതിയ റീഡിംഗ് മാത്രമാണ് കാണാന്‍ സാധിക്കുക. എത്ര വൈദ്യുതി ഉപയോഗിച്ചെന്ന് മീറ്റര്‍ റീഡര്‍ വന്ന് പഴയ കണക്ക് നോക്കി കൂട്ടിയെടുക്കണമായിരുന്നു. ഡിജിറ്റല്‍ മീറ്റര്‍ വന്നപ്പോള്‍ അത് വേണ്ട. അത്യാവശ്യം ഗ്രാഹ്യമുള്ള ഒരാള്‍ക്ക് സ്വയം വൈദ്യുതി ഉപഭോഗം പരിശോധിക്കാനും സാധിക്കും. മീറ്റര്‍ റീഡിങ് വളരെ എളുപ്പമായി. ഓരോ ദിവസവും എത്ര വൈദ്യുതി ഉപയോഗിച്ചെന്നും അറിയാനാകുന്ന സംവിധാനമായിരുന്നു പുതിയവ.

എന്നാല്‍ സ്മാര്‍ട്ട് മീറ്റര്‍  ഇതൊന്നുമല്ല. മീറ്ററുകളുടെ പ്രധാന പണി വൈദ്യുതി ഉപഭോഗം അളക്കുന്നതാണെങ്കിലും രീതിയിലും നിയന്ത്രണത്തിലും ഡിജിറ്റല്‍ മീറ്റര്‍, ഇലക്ട്രോ മെക്കാനിക്കല്‍ മീറ്റര്‍ എന്നിവയെ അപേക്ഷിച്ച് ഏറെ വ്യത്യാസമുണ്ട്. സാങ്കേതികമായി ബൈ ഡയറക്ഷണല്‍ ഡാറ്റാ കമ്മ്യൂണിക്കേഷന്‍ എബിലിറ്റിയുള്ളവയാണ് സ്മാര്‍ട്ട് മീറ്ററുകള്‍. അതായത് നമ്മുടെ വീട്ടിലെ സ്മാര്‍ട്ട് മീറ്റര്‍ കെ.എസ്.ഇ.ബി.യിലെ ഓഫീസിലെ സെര്‍വറുമായി നെറ്റ് വര്‍ക്കിലൂടെ ബന്ധിപ്പിക്കപ്പെട്ടിരിക്കും. വീട്ടിലെ ഡി.ടി.എച്ച്. സെറ്റ് ടോപ് ബോക്സ് പോലെ. അതുവഴി നമ്മുടെ വീട്ടിലെ വൈദ്യുതി മീറ്ററിനെയും വൈദ്യുതി വിതരണത്തേയും കെ.എസ്.ഇ.ബി. ഓഫീസിലിരുന്ന് നിയന്ത്രിക്കാനാകും.

പ്രീപെയ്ഡ് സംവിധാനത്തിലൂടെ നിശ്ചിത തുകയ്ക്ക് റീ ചാര്‍ജ് ചെയ്യുന്നതുപോലെ അടച്ച പണത്തിന് തുല്യമായ വൈദ്യുതി ഉപയോഗിക്കാൻ പറ്റും. പണം തീരുമ്പോള്‍ വൈദ്യൂതി താനെ വിച്ഛേദിക്കപ്പെടുകയും ചെയ്യും. പ്രീപെയ്ഡ് മൊബൈല്‍ റീചാര്‍ജ് ചെയ്യുന്നതുപോലെ പാക്കേജുകള്‍ അടിസ്ഥാനമാക്കി ചാര്‍ജ് ചെയ്ത് പകല്‍, വൈകുന്നേരം, രാത്രി തുടങ്ങി ടൈം സ്ളോട്ടുകള്‍ അനുസരിച്ച് വൈദ്യുതി ഉപയോഗിക്കാനാകും. വ്യത്യസ്ത നിരക്കുകളുമാകും. അതില്‍ കൂടുതല്‍ വൈദ്യുതി വേണമെന്ന് തോന്നിയാല്‍ കൂടുതല്‍ തുക റീചാര്‍ജ്ജ് ചെയ്യാം. അല്ലെങ്കില്‍ വേണ്ട. 

നിലവില്‍ കേബിള്‍, ഡി.ടി.എച്ച്., ഫോണ്‍ സേവനങ്ങളൊക്കെ ഇത്തരത്തിലേക്ക് മാറിയിട്ടുള്ളതിനാല്‍ ഉപഭോക്താക്കള്‍ക്ക് ഇത്തരത്തിലേക്ക് മാറുന്നതിന് വലിയ തടസമുണ്ടാകില്ലെന്നാണ് ഇതിനെ അനുകൂലിക്കുന്നവര്‍ പറയുന്നത്. എന്നാല്‍, നിലവിലെ ഡിജിറ്റല്‍ മീറ്ററില്‍നിന്ന് സ്മാര്‍ട്ട് മീറ്ററിലേക്ക് മാറുന്നതിന് വലിയ സാമ്പത്തിക ചെലവുണ്ട്. സ്മാര്‍ട്ട് മീറ്ററിന് വില കൂടുതലാണ്. 6000 രൂപയോളം വരും. ഇലക്ട്രോ മെക്കാനിക്കല്‍ മീറ്ററിന് 900 രൂപയായിരുന്നു. ഡിജിറ്റല്‍ മീറ്ററായപ്പോള്‍ 2800 രൂപയായി. നേരത്തെ മീറ്റര്‍ കെ.എസ്.ഇ.ബി.യായിരുന്നു നല്‍കിയിരുന്നത്. അതിന് വാടകയും നല്‍കണമായിരുന്നു. എന്നാല്‍, ഡിജിറ്റല്‍ മീറ്ററായപ്പോള്‍ വില തുല്യഗഡുക്കളായി പ്രതിമാസ ബില്ലില്‍ ഉള്‍പ്പെടുത്തി വാങ്ങുന്ന സ്ഥിതിയായി. 

വൈദ്യുതി മീറ്ററുകള്‍ സ്വകാര്യമേഖലയില്‍ മാത്രമാണുണ്ടാക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ എംപാനല്‍ ചെയ്ത സ്ഥാപനങ്ങളില്‍ നിന്നാണ് വര്‍ഷങ്ങളായി ഇത് വാങ്ങികൊണ്ടിരിക്കുന്നത്. സ്മാര്‍ട്ട് മീറ്ററും അങ്ങനെ തന്നെയാണ് വാങ്ങേണ്ടത്. ഇതിന് സബ്സിഡി തുക കിഴിച്ചുള്ള തുകയാണ് ഉപഭോക്താവ് അടയ്ക്കേണ്ടി വരിക. കരാറെടുത്ത ഏജന്‍സി സ്മാര്‍ട്ട് മീറ്റര്‍ ഉപഭോക്താവിന്റെ വീട്ടില്‍ കൊണ്ടുവന്ന് സ്ഥാപിക്കും. സ്മാര്‍ട്ട് മീറ്ററിന്റെ വിലയും തുല്യഗഡുക്കളായി വാങ്ങുമെന്നൊക്കെയാണ് ആദ്യം കണക്കാക്കിയിരുന്നത്. പദ്ധതി പാടെ ഉപേക്ഷിച്ചതോടെ ഇനി അക്കാര്യത്തില്‍ ചിന്തയുടെ ആവശ്യം പോലും വരുന്നില്ല.

സ്മാര്‍ട്ട് മീറ്ററിന്റെ നേട്ടങ്ങള്‍

നേട്ടങ്ങളില്‍ പ്രധാനം വൈദ്യുതി ഉപയോഗത്തില്‍ ഉപഭോക്താവിന്‌ കൂടുതല്‍ നിയന്ത്രണം വരുന്നുവെന്നതാണ്. സാങ്കേതികമായി വൈദ്യുതി വിച്ഛേദിക്കാനും പുനഃസ്ഥാപിക്കാനും കഴിയും. ബില്ലിംഗ്, കളക്ഷന്‍ തുടങ്ങിയവയുടെ കാര്യക്ഷമത വലിയ തോതില്‍ വര്‍ദ്ധിക്കുമെന്നതും പ്രീപെയ്ഡ് മീറ്റര്‍ സംവിധാനം വ്യാപകമാകുന്നതോടെ കുടിശ്ശിക ഇല്ലാതാകുമെന്നതും സ്മാര്‍ട്ട് മീറ്റര്‍ വ്യാപിപ്പിക്കുന്നതിലൂടെ കെ.എസ്.ഇ.ബിക്ക് ലഭിക്കുന്ന നേട്ടമാണ്. സ്മാര്‍ട്ട് മീറ്റര്‍ വന്നാല്‍ മൊബൈല്‍ ഫോണ്‍ സേവനങ്ങള്‍ക്ക് സമാനമായി പ്രീപെയ്ഡ്, പോസ്റ്റ് പെയ്ഡ് സംവിധാനം നടപ്പിലാക്കാം. ടൈം ഓഫ് ഡേ (ടി.ഒ.ഡി.) മീറ്ററുകളാക്കി മാറ്റുകയും ചെയ്യാം. ടൈം സോണ്‍ റീഡിംഗായാല്‍ പീക്ക് സമയം ഒഴിവാക്കി ഉപയോഗിക്കുന്ന വൈദ്യുതിക്ക് നിരക്കില്‍ ഇളവു നല്‍കാന്‍ സാധിക്കും. നിലവിലെ നിയമപ്രകാരം അത്തരം ഉപഭോഗത്തിന് 25% ഇളവ് നല്‍കാം. നിലവില്‍ പീക്ക് ടൈമില്‍ ഒരാള്‍ എത്ര ഉപയോഗിക്കുന്നുവെന്ന് അറിയാന്‍ നിര്‍വാഹമില്ല. 

നിലവില്‍ ഉപഭോക്താക്കളില്‍ നിന്ന് കെ.എസ്.ഇ.ബി. ഈടാക്കുന്ന മീറ്റര്‍ വാടക, ഇലക്ട്രിസിറ്റി ഡ്യൂട്ടി ചാര്‍ജ്ജ്, സര്‍വീസ് ചാര്‍ജ്ജ്, ഫിക്സഡ് ചാര്‍ജ്ജ്, അഡീഷണല്‍ ബില്‍, അഡീഷണല്‍ ഡെപ്പോസിറ്റ് തുടങ്ങിയ ഇടപാടുകള്‍ സ്മാര്‍ട്ട് മീറ്റര്‍ സംവിധാനത്തിലുണ്ടാകില്ല. വീട്ടില്‍ ആളില്ലെങ്കില്‍ പോലും മിനിമം വൈദ്യുതി ചാര്‍ജ്ജ് ഈടാക്കുന്ന ഏര്‍പ്പാടും ഉണ്ടാകില്ല. ഉപയോഗിക്കുന്ന വൈദ്യുതിക്ക് മാത്രം ചാര്‍ജ്ജ് എന്നതായിരിക്കും രീതി. എത്ര ഉപയോഗിച്ചെന്നും എത്ര രൂപയായെന്നും സ്മാര്‍ട്ട് മീറ്ററില്‍ നോക്കിയാല്‍ മനസിലാകും. അതാണ് ഉപഭോക്താക്കള്‍ക്ക് സ്മാര്‍ട്ട് മീറ്റര്‍ സംവിധാനത്തില്‍ ലഭിക്കുന്ന നേട്ടം. സ്മാര്‍ട്ട്മീറ്റര്‍ കേടായാല്‍ കരാര്‍ ഏറ്റെടുത്തിരിക്കുന്ന ഏജന്‍സി സൗജന്യമായി നന്നാക്കി നല്‍കും. കരാര്‍ പ്രകാരം അത് അവരുടെ ചുമതലയാണ്.

കെ.എസ്.ഇ.ബിക്ക് പദ്ധതി നടപ്പാക്കുന്നത് കൊണ്ട് നേട്ടമേയുള്ളൂവെന്ന് ഇതിനെ അനുകൂലിക്കുന്നവര്‍ വാദിക്കുന്നു. 1.33കോടി ഉപഭോക്താക്കളുടേയും ഡാറ്റാ കൃത്യമായി അവരുടെ സെര്‍വറില്‍ കിട്ടും. അവരുടെ ഉപഭോഗം, രീതി തുടങ്ങിയവയെല്ലാം വിരല്‍തുമ്പിലുണ്ടാവും. പ്രീപെയ്ഡ് ആണെങ്കില്‍ വൈദ്യുതി നല്‍കുന്നതിന് മുമ്പ് പണം പെട്ടിയില്‍വീഴും. അതിന്റെ പലിശ ലാഭം. വായ്പ വാങ്ങാതെ പ്രവര്‍ത്തിക്കാം. ഈ ലാഭത്തില്‍ കണ്ണുവെച്ചാണ് പദ്ധതിയുമായി മുന്നോട്ടുപോകാന്‍ കെ.എസ്.ഇ.ബി. പരിശ്രമിച്ചത്. എന്നാല്‍, യൂണിയനുകളുടെ എതിര്‍പ്പ് ശക്തമായതോടെ അധികം സ്മാര്‍ട്ടാകേണ്ട എന്നാണ് ബോര്‍ഡിന്റെ തീരുമാനം.

എതിര്‍പ്പും അന്ത്യശാസനവും

സ്മാര്‍ട്ട് മീറ്റര്‍ നടപ്പാക്കുന്നത് ഒരു ഏജന്‍സി വഴിയാണ്. ടോട്ടെക്സ് മാതൃകയിലായതിനാല്‍ കെ.എസ്.ഇ.ബി. ഒരു രൂപപോലും ചെലവാക്കേണ്ടതില്ല. എന്നാല്‍ നടത്തിപ്പുകരാര്‍ സ്വകാര്യ പങ്കാളിത്തമുള്ള റൂറല്‍ ഇലക്ട്രിഫിക്കേഷന്‍ കോര്‍പ്പറേഷന് നല്‍കുന്നതിനോട് ഇടതു യൂണിയനുകള്‍ക്ക് എതിര്‍പ്പുണ്ട്.  വിതരണ സംവിധാനത്തിലെ കുത്തക നിയന്ത്രണം കുറയുമെന്നതാണ് ഒരു കോട്ടമായി പറയാവുന്നത്. അതിന് പുറമെ മീറ്റര്‍ റീഡര്‍മാര്‍, ഓഫീസ് നിര്‍വഹണം, സൂപ്പര്‍ വൈസര്‍മാര്‍ തുടങ്ങി ഏകദേശം നാലായിരത്തോളം ജീവനക്കാരെ നേരിട്ട് ബാധിക്കുന്ന തീരുമാനമാണ് സ്മാര്‍ട്ട് മീറ്റര്‍. ഇവരെ ഒറ്റയടിക്ക് മാറ്റാതെ പുനര്‍വിന്യസിക്കുകയോ പുതിയതായി ആളെ എടുക്കാതിരിക്കുകയോ ചെയ്ത് ഈ പ്രതിസന്ധി പരിഹരിക്കാം. സ്മാര്‍ട്ട് മീറ്ററില്‍ കൃത്രിമത്വം കാണിക്കുകയോ വൈദ്യുതി മോഷ്ടിക്കുകയോ ചെയ്താല്‍ ഉടന്‍ സെര്‍വറില്‍ വിവരമെത്തും. ഇതിനുള്ള ടാമ്പര്‍ ഇവന്റ് ഡിറ്റന്‍ഷന്‍ ആന്‍ഡ് റെക്കോഡിംഗ് സംവിധാനം സ്മാര്‍ട്ട് മീറ്ററിലുണ്ട്. അതുകൊണ്ട് ഇലക്ട്രിസിറ്റി ഇന്‍സ്പെക്ഷന്‍ വിഭാഗത്തിലെ അറുന്നൂറിലേറെ ജീവനക്കാരുടെ ജോലി ഫലത്തില്‍ ആവശ്യമില്ലാതാവും. ഇതും യൂണിയനുകള്‍ ഉന്നയിക്കുന്നു.

ജീവനക്കാരെ ഒഴിവാക്കുന്ന സംവിധാനം വരുന്നതിനോടാണ് യൂണിയനുകള്‍ക്ക് വാസ്തവത്തില്‍ എതിര്‍പ്പ്. അതിന്റെ പേരില്‍ നിരവധി പ്രതിഷേധങ്ങളും നടന്നിട്ടുണ്ട്. അതിന്റെയെല്ലാം അന്തിമഫലമാണ്‌ സ്മാര്‍ട്ട് മീറ്റര്‍ പദ്ധതി വേണ്ടെന്ന് വെക്കാനുള്ള തീരുമാനം. സ്വകാര്യവത്കരണവും തൊഴില്‍നഷ്ടവും ആരോപിച്ച് ഇതില്‍നിന്ന് പിന്മാറുമ്പോള്‍ കേരളത്തിനുണ്ടാകുന്ന നഷ്ടം വളരെ വലുതാണ്.  സ്മാര്‍ട്ട് മീറ്റര്‍ നടപ്പാക്കാന്‍ കഴിഞ്ഞ ഡിസംബറില്‍ കേന്ദ്രം അന്ത്യശാസനം നല്‍കിയിരുന്നു. കെ.എസ്.ഇ.ബി. രണ്ടുവട്ടം ടെന്‍ഡര്‍ വിളിച്ചെങ്കിലും ഇടതു യൂണിയനുകളുടെ എതിര്‍പ്പിനെ തുടര്‍ന്ന് നടപടി മുടങ്ങി. പിന്നീട് സര്‍ക്കാര്‍ നയപരമായ തീരുമാനമെടുത്തിട്ട് മതി തീരുമാനമെന്ന നിലയിലേക്ക് കാര്യങ്ങള്‍ പോയി. ഇപ്പോഴിതാ പദ്ധതി തന്നെ ഇല്ലാതായി. വാസ്തവത്തില്‍ സ്മാര്‍ട്ട് മീറ്റര്‍ പദ്ധതിയില്‍ നിന്ന് പിന്മാറുന്നതോടെ 9000 കോടിയുടെ ഗ്രാന്റാണ് കേന്ദ്രത്തില്‍നിന്ന് കേരളത്തിന് നഷടമാകാന്‍ പോകുന്നത്. 

സ്മാര്‍ട്ട് മീറ്റര്‍ പദ്ധതിയുടെ 2600 കോടി രൂപയും വിതരണരംഗം നവീകരിക്കുന്നതിനുള്ള രണ്ടാംഘട്ട പദ്ധതിക്കുള്ള 6600 കോടി രൂപയുടെയും തിരിച്ചടയ്ക്കേണ്ടാത്ത ഗ്രാന്റാണ് ഇത്തരത്തില്‍ നഷ്ടമാകുക. വൈദ്യുതി വിതരണരംഗം നവീകരിച്ച് പ്രസരണനഷ്ടം കുറച്ചില്ലെങ്കില്‍ ഭാവിയില്‍ കേന്ദ്രസഹായം ലഭിക്കാതെ വരുന്ന സാഹചര്യമുണ്ടാകും. പവര്‍ ഫിനാന്‍സ് കോര്‍പ്പറേഷന്റെ കണക്കനുസരിച്ച് കെ.എസ്.ഇ.ബിയുടെ ഒരു വര്‍ഷത്തെ പ്രസരണ- വിതരണ നഷ്ടം 2315 കോടി രൂപയാണ്. ഇത് ഒഴിവാക്കാനായി സ്മാര്‍ട്ട് മീറ്റര്‍ ഏര്‍പ്പെടുത്തണമെന്നാണ് കേന്ദ്ര നിര്‍ദ്ദേശം. നടപ്പ് സാമ്പത്തിക വര്‍ഷം പ്രസരണ- വിതരണ നഷ്ടം ഇനിയും കൂടുമെന്നാണ് കണക്കാക്കുന്നത്. 

കേന്ദ്ര സഹായമില്ലാതെ വന്നാല്‍ സാമ്പത്തിക പ്രതിസന്ധിയിലുള്ള കേരളത്തിന് ഒറ്റയ്ക്ക് വൈദ്യുതി വിതരണ രംഗത്തെ നവീകരണം സാധിക്കാതെ വരും. പ്രസരണ- വിതരണനഷ്ടം കുറയ്ക്കാന്‍ കേന്ദ്ര ഊര്‍ജ മന്ത്രാലയത്തിന്റെ പുനരുദ്ധാരണ പദ്ധതിയാണ് ആര്‍.ഡി.എസ്.എസ് (റീവാംപ്ഡ് ഡിസ്ട്രിബ്യൂഷന്‍ സെക്ടര്‍ സ്‌കീം). ഇതിന്റെ ഭാഗമാണ് സ്മാര്‍ട്ട് മീറ്റര്‍. സ്മാര്‍ട്ട് മീറ്റര്‍ പദ്ധതി നടപ്പിലായില്ലെങ്കില്‍ 2600 കോടി കേരളത്തിന് കിട്ടില്ല. സ്മാര്‍ട്ട് മീറ്റര്‍ പദ്ധതിയില്ലാതെ  റീവാംപ്ഡ് ഡിസ്ട്രിബ്യൂഷന്‍ സെക്ടര്‍ സ്‌കീം പൂര്‍ത്തിയാവുകയുമില്ല. ഫലത്തില്‍  വിതരണരംഗം നവീകരിക്കുന്നതിനുള്ള കേന്ദ്രത്തിന്റെ ഗ്രാന്റും അതിലൂടെ നഷ്ടപ്പെടും.  ഈ നഷ്ടം ഉപഭോക്താക്കളുടെ ചുമലിലേക്കാണ് ഇനി വരാന്‍ പോകുന്നത്. യൂണിറ്റിന് 41 പൈസ കൂട്ടാന്‍ നേരത്തെ തീരുമാനിച്ചിരുന്നു. ഭാവിയില്‍ ഈ തുക വീണ്ടും ഉയരാം.

സ്മാര്‍ട്ട് മീറ്റര്‍ പദ്ധതിക്ക് യുണിയനുകള്‍ എതിരല്ല

'കെ.എസ്.ഇ.ബി. നടപ്പിലാക്കാന്‍ പറയുന്ന സ്മാര്‍ട്ട് മീറ്റര്‍ പദ്ധതിയോടാണ് യൂണിയനുകള്‍ എതിര്‍പ്പറിയിച്ചിട്ടുള്ളത്. 9000 കോടിയുടെ ഗ്രാന്റ് നഷ്ടപ്പെടുമെന്ന് മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ സത്യസന്ധമല്ല. ആകെ കേരളം സമര്‍പ്പിച്ചിട്ടുള്ളത് 12,000 കോടിയുടെ പദ്ധതികളാണ്. ഇത് അംഗീകരിച്ചാല്‍ തന്നെയും പരമാവധി കേന്ദ്രസഹായമായി കേരളത്തിന് കിട്ടുക 3000 കോടി രൂപയായിരിക്കും. അത് തന്നെ കിട്ടണമെന്നുമില്ല. ഈ 3000 കോടി കിട്ടാന്‍ വേണ്ടി കേരളത്തിലെ ജനങ്ങളുടെ താത്പര്യങ്ങള്‍ ലംഘിച്ചുകൊണ്ട് പദ്ധതി അടിച്ചേല്‍പ്പിക്കുന്നത് ശരിയല്ല.  സ്മാര്‍ട്ട് മീറ്റര്‍ പദ്ധതിക്ക് ഒരു മീറ്ററിന് 9400 രൂപയാണ് കേന്ദ്രപദ്ധതി അനുസരിച്ച് നടപ്പിലാക്കിയാല്‍ വരുന്ന ചെലവ്. അതില്‍ 900 രൂപ മാത്രമാണ് കേന്ദ്രസഹായം. ഇതില്‍നിന്ന് ഏജന്‍സിക്ക് 200 രൂപ സര്‍വീസ് ചാര്‍ജായി കൊടുക്കണം. ശേഷം വരുന്ന 700 രൂപയാണ് സഹായമായി കിട്ടുക. അങ്ങനെ നോക്കിയാല്‍ പദ്ധതി നടപ്പാക്കാന്‍ കേന്ദ്രസഹായം കിഴിച്ച് 8700 രൂപയെങ്കിലും കെ.എസ്.ഇ.ബി മുടക്കേണ്ടി വരും.  ഈ തുക ഉപഭോക്താവാണ് നല്‍കേണ്ടി വരിക.

വിപണിയില്‍ 2400 രൂപയ്ക്ക് സ്മാര്‍ട്ട് മീറ്റര്‍ ലഭ്യമാണ്. കേന്ദ്രസഹായമില്ലെങ്കില്‍ പോലും കെ.എസ്.ഇ.ബി. സ്വന്തമായി പദ്ധതി നടപ്പാക്കിയാല്‍ തന്നെ 4700 കോടി മാത്രമാണ് ചെലവ് വരിക. അപ്പോള്‍ 8700 കോടിയാണ് 4700 കോടിയാണോ ലാഭം? ഇക്കാര്യമാണ് സംഘടന മുന്നോട്ടുവെക്കുന്നത്. ഘട്ടം ഘട്ടമായി പദ്ധതി നടപ്പിലാക്കിയാല്‍ മതി. അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതനുസരിച്ച് ഇത് വിപുലീകരിക്കാം. നിലവില്‍ കെ- ഫോണ്‍ ഉള്ള ഇടങ്ങളില്‍ പദ്ധതി നടപ്പിലാക്കിയാല്‍ മതി. അങ്ങനെ വരുമ്പോള്‍ കണക്ടിവിറ്റിക്ക് പ്രശ്നങ്ങളുണ്ടാകില്ല. കെ-ഫോണ്‍ വ്യാപകമാകുന്ന മുറയ്ക്ക് സ്മാര്‍ട്ട് മീറ്റര്‍ പദ്ധതിയും നടപ്പിലാക്കാനാകും. 

ഇത് ശരിക്കും കേന്ദ്രസര്‍ക്കാര്‍ ജനങ്ങളെ കൊള്ളയടിക്കാനായി തയ്യാറാക്കിയ നിര്‍ദ്ദേശമാണ്. ജനങ്ങളെ കൊള്ളയടിക്കുന്ന നിര്‍ദ്ദേശത്തിനെതിരെയാണ് യൂണിയനുകള്‍. അല്ലാതെ സ്മാര്‍ട്ട് മീറ്ററിനോടല്ല. മാധ്യമങ്ങളില്‍ പോലും കേന്ദ്രസഹായം സംബന്ധിച്ച് തെറ്റായ വിവരങ്ങളാണ് പ്രചരിക്കുന്നത്. അതൊക്കെ വ്യക്തിതാത്പര്യങ്ങളുടെ പുറത്താണ്.'

ഡോ. എം.ജി. സുരേഷ് കുമാര്‍, കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷന്‍ പ്രസിഡന്റ്

എന്തുകൊണ്ടും ജനങ്ങള്‍ക്ക് ഉപയോഗപ്രദം- ഡിജോ കാപ്പന്‍, ഉപഭോക്താവ്

'സ്മാര്‍ട്ട് മീറ്റര്‍ പദ്ധതി നടപ്പാക്കാതിരിക്കാന്‍ യൂണിയനുകള്‍ തൊടുന്യായങ്ങള്‍ പറഞ്ഞുകൊണ്ടിരിക്കുകയാണ്. കേരളമൊഴികെ മിക്ക സംസ്ഥാനങ്ങളും പദ്ധതി നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്. കേരളത്തിന് അധികകാലം മാറിനില്‍ക്കാനാകില്ല. ഇതിനുമുമ്പ് വൈദ്യുതി ഉത്പാദനം, വിതരണം ഉള്‍പ്പെടെ മൂന്ന് കമ്പനിയാക്കണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടു. പ്രസരണ നഷ്ടമുള്‍പ്പെടെ കുറയ്ക്കുന്നതിന് വേണ്ടി ആയിരുന്നു. കേരളത്തിലെ യൂണിയനുകള്‍ അതിനെ ശക്തിയുക്തം എതിര്‍ത്തു. എന്നാല്‍, നടപ്പാക്കാന്‍ കേന്ദ്രം ഉദയ് എന്നപേരില്‍ പദ്ധതി പ്രഖ്യാപിച്ചു. അതിന്റെ പ്രയോജനം നിരവധി സംസ്ഥാനങ്ങള്‍ക്ക് ആയിരക്കണക്കിന് കോടികളായി കിട്ടി. നടപ്പാക്കാതെ കേരളം കേന്ദ്രസഹായം നഷ്ടപ്പെടുത്തി. ഒടുവില്‍ കെ.എസ്.ഇ.ബിയെ ഒറ്റക്കമ്പനിയാക്കി മാറ്റി. വാസ്തവത്തില്‍ മീറ്റര്‍ റീഡര്‍മാരും ക്ലറിക്കല്‍ ജോലി ചെയ്യുന്നവരുമായ നല്ലൊരു വിഭാഗത്തിന് ജോലി ഇല്ലാതാകുമെന്നതാണ് യൂണിയനുകളുടെ എതിര്‍പ്പിന് കാരണം. വാസ്തവത്തില്‍ കെ.എസ്.ഇ.ബിയില്‍ ഉദ്യോഗസ്ഥ അനുപാതം കൂടുതലാണ്. അതിന്റെ ഭാരം വഹിക്കുന്നത് ഉപഭോക്താക്കളും. 

4700 കോടിക്ക് പദ്ധതി നടപ്പിലാക്കാമെന്നൊക്കെ യൂണിയനുകള്‍ പറയുന്നത് പുകമറ സൃഷ്ടിക്കലാണ്. കേന്ദ്രപദ്ധതി നടപ്പിലാക്കാന്‍ 8700 കോടി വേണമെന്നാണ് അവര്‍ പറയുന്നത്. അത് മുടക്കാന്‍ ബുദ്ധിമുട്ടുള്ള കെ.എസ്.ഇ.ബി. അഞ്ചുവര്‍ഷം കൊണ്ട് 24,000 കോടി ചെലവഴിച്ച് നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നാണ് പ്രഖ്യാപിച്ചിട്ടുള്ളതെന്നോര്‍ക്കണം. പദ്ധതി എങ്ങനെയും നടപ്പാക്കാതിരിക്കുക എന്നതാണ് യൂണിയനുകളുടെ ആവശ്യം. ഏറെക്കാലം കഴിഞ്ഞ് തെറ്റ് തിരുത്തി വരുമ്പോഴേക്കും ഒരുപാട് നഷ്ടം വന്നിരിക്കും. യൂണിയനുകളുടെ കടുംപിടിത്തം ഇതിനെ മറ്റൊരു കെ.എസ്.ആര്‍.ടി.സി ആക്കി മാറ്റുമെന്ന കാര്യത്തില്‍ ഒരു സംശയവുമില്ല'- ഡിജോ കാപ്പൻ പറയുന്നു.