
കരിപ്പൂരില്‍ വിമാനം തകര്‍ന്ന് 21 പേരുടെ ജീവന്‍ നഷ്ടപ്പെട്ടിട്ട് ഓഗസ്റ്റ് ഏഴിന് മൂന്ന് വര്‍ഷം പൂര്‍ത്തിയാകുന്നു. അന്ന് രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്ത് 'മലപ്പുറം മോഡല്‍' എന്ന പേരില്‍ ലോകത്തിനുതന്നെ മാതൃക സൃഷ്ടിച്ചവര്‍ ഇന്ന്, പക്ഷേ, കുടിയിറക്കലിന്റെ ആശങ്കയിലും അനിശ്ചിതത്വത്തിലുമാണ് ജീവിക്കുന്നത്. വിമാനദുരന്തത്തിലെ രക്ഷാപ്രവര്‍ത്തനത്തിന്റെ പേരില്‍ ആദരിക്കപ്പെട്ടവര്‍ക്ക് ഇന്ന് അതേ വിമാനത്താവളത്തിന്റെ പേരില്‍ വീടും നാടും നഷ്ടപ്പെടേണ്ടി വരുന്ന അവസ്ഥയാണ് കരിപ്പുരിൽ.
കൊണ്ടോട്ടി നഗരസഭയില്‍ ഉള്‍പ്പെട്ട നെടിയിരുപ്പ് വില്ലേജിലെ 30, 31 വാര്‍ഡുകളില്‍നിന്നും പള്ളിക്കല്‍ പഞ്ചായത്തിലെ 6, 7 വാര്‍ഡുകളുടെ പരിധിയില്‍നിന്നുമാണ് 14.5 ഏക്കര്‍ ഭൂമി ഏറ്റെടുക്കുന്നത്. ദുരന്തത്തിനു ശേഷം 'വിമാനാപകടങ്ങള്‍ എങ്ങനെ കുറയ്ക്കാം' എന്ന് അന്വേഷിച്ച വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ 'റണ്‍വേ എന്‍ഡ് സേഫ്റ്റി ഏരിയ'യുടെ നീളം കൂട്ടാനാണ് ഈ ഭൂമി ഉപയോഗിക്കുന്നത്. 64 വീടുകള്‍ക്കു പുറമെ 28 പ്ലോട്ടുകള്‍, രണ്ട് അങ്കണവാടികള്‍, ഒരു ടര്‍ഫ് അടക്കം 94 വസ്തുവകകളാണ് ഏറ്റെടുക്കാനുള്ളത്. ഇതില്‍ 50 വീടുകള്‍ നെടിയിരുപ്പ് വില്ലേജിലെ പാലക്കാപ്പറമ്പിലാണ് ഉള്‍പ്പെടുന്നത്. ഈ കുടുംബങ്ങളെല്ലാം അന്ന് രക്ഷാപ്രവര്‍ത്തനത്തിനായി ഓടിയെത്തിയവരും ഒന്നിലധികം തവണ കുടിയിറക്കപ്പെടലിന് ഇരയാകേണ്ടി വന്നവരുമാണ്. പുതുതായി സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന പുനരധിവാസ പാക്കേജില്‍ എത്ര പണം ഉള്‍പ്പെടുത്തിയാലും ജനിച്ച വീടും നാടും വിട്ടുപോകാന്‍ തയ്യാറല്ലെന്നാണാണ് ഇവര്‍ പറയുന്നത്.
2020 ഓഗസ്റ്റ് ഏഴിന് രാത്രി 7.41-നാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം റണ്‍വേയും കടന്ന് താഴേക്ക് കൂപ്പുകുത്തിയത്. പൊട്ടിത്തകര്‍ന്ന വിമാനത്തിനുള്ളില്‍ അകപ്പെട്ടവരെ രക്ഷിക്കാനായി ആദ്യം ഓടിയെത്തിയത് തൊട്ടടുത്തെ പാലക്കാപ്പറമ്പിലെ ആളുകളാണ്. അന്ന് ആ പ്രദേശം മുഴുവന്‍ കോവിഡ് വ്യാപനത്തെ തുടര്‍ന്ന് കണ്ടെയ്‌മെന്റ് സോണ്‍ ആയിരുന്നു. മാത്രമല്ല, നാട്ടിലെത്തുന്ന പ്രവാസികളില്‍നിന്ന് അകലം പാലിച്ചിരുന്ന സമയം കൂടിയായിരുന്നു. അതൊന്നും ആലോചിച്ചുനില്‍ക്കാതെ അവര്‍ ദുരന്തസ്ഥലത്തേക്ക് ഓടിയെത്തി കൈയില്‍ കിട്ടിയ വാഹനങ്ങളില്ലാം ആളുകളെ ആശുപത്രിയില്‍ എത്തിച്ചു. ഒരു സംവിധാനം മുഴുവന്‍ നിശ്ചലമായപ്പോള്‍ ബദല്‍ സംവിധാനം പോലെ പ്രവര്‍ത്തിച്ചു. വിമാനത്തിലെ യാത്രക്കാര്‍ക്ക് കോവിഡ് കൂടി സ്ഥിരീകരിച്ചതോടെ അവര്‍ക്ക് ക്വാറന്റെയ്‌നിലും കഴിയേണ്ടി വന്നു. എന്നാലിപ്പോള്‍ മൂന്ന് വര്‍ഷം പിന്നിടുമ്പോള്‍ ആശങ്കയുടെ മുള്‍മുനയിലാണ് ഈ രക്ഷാപ്രവര്‍ത്തകര്‍.
'രക്ഷാപ്രവര്‍ത്തനത്തിന് ശേഷം വിറകുപുരയിലാണ് ഞാന്‍ കഴിഞ്ഞത്'

ദുരന്തമുണ്ടായ സമയത്ത് ആദ്യമായി ഓടിയെത്തിയ വ്യക്തികളില്‍ ഒരാളാണ് പരിസരവാസിയായ സുനില്‍. അന്നത്തെ കാഴ്ച ഇപ്പോഴും ദുഃസ്വപ്‌നമായി വരാറുണ്ടെന്നും രക്ഷാപ്രവര്‍ത്തനത്തിന് ശേഷം 15 ദിവസത്തോളം വിറകുപുരയില്‍ ക്വാറന്റീനിൽ ഇരിക്കേണ്ടി വന്നുവെന്നും സുനില്‍ പറയുന്നു. ഇപ്പോള്‍ വീട് നഷ്ടപ്പെടുമെന്ന ആശങ്കയിലാണുള്ളത്. ശരിക്കൊന്ന് ഉറങ്ങാന്‍ പോലും പറ്റുന്നില്ലെന്നും സുനില്‍ കൂട്ടിച്ചേര്‍ക്കുന്നു.,
"അന്ന് വിമാനം രണ്ടായി പിളര്‍ന്ന് കിടക്കുന്നത് കണ്ടപ്പോള്‍ ആകെ പേടിച്ചുപോയി. സെക്യൂരിറ്റിയോട് ഗേറ്റ് തുറയ്ക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ അയാള്‍ തയ്യാറായില്ല. കല്ലെടുത്ത് ഗേറ്റില്‍ കുത്തുകയും ചവിട്ടുകയും ചെയ്തപ്പോഴാണ് അയാള്‍ ഗേറ്റ് തുറന്നത്. കിട്ടിയ ആളുകളെയൊക്കെ ആശുപത്രിയില്‍ എത്തിച്ചു. ലോകത്തിനുതന്നെ മാതൃകയായ രക്ഷാപ്രവര്‍ത്തനമെന്ന് മാധ്യമങ്ങള്‍ ഉള്‍പ്പെടെ വാഴ്ത്തി. എന്നാല്‍, അതേ ഞങ്ങള്‍ വലിയൊരു പ്രതിസന്ധിയിലാണ് ഇപ്പോള്‍ നില്‍ക്കുന്നത്. ജനിച്ചുവളര്‍ന്ന വീടും സ്ഥലവും വിട്ടുകൊടുക്കേണ്ട അവസ്ഥയിലേക്ക്, ഒരു അനിശ്ചിതത്വത്തിലേക്കാണ് പോയ്‌ക്കൊണ്ടിരിക്കുന്നത്.
"1994-ലെ സ്ഥലം ഏറ്റെടുത്തപ്പോള്‍ വീടും സ്ഥലവും വിട്ടുകൊടുത്തതാണ്. അന്ന് കിട്ടിയ ചെറിയ തുക കൊണ്ട് സ്വന്തമായുണ്ടായിരുന്ന ബാക്കി സ്ഥലത്ത് വീടെടുത്ത് താമസിക്കുകയായിരുന്നു. ഇപ്പോള്‍ വീണ്ടും സ്ഥലവും വിട്ടുകൊടുക്കേണ്ട അവസ്ഥയാണ്. രണ്ടും മൂന്നും ഏക്കര്‍ സ്ഥലം സ്വന്തം പേരിലുണ്ടായിരുന്നവര്‍ അഞ്ചും പത്തും സെന്റിലേക്ക് ഒതുങ്ങി. അന്ന് പൊന്നിന്‍വില കിട്ടുമെന്നും വിദ്യാഭ്യാസ യോഗ്യത അനുസരിച്ച് ജോലി നല്‍കുമെന്നും പറഞ്ഞിരുന്നു. അതെല്ലാം വാക്കുകളില്‍ മാത്രം ഒതുങ്ങി. ഇപ്പോള്‍ സെപ്റ്റംബര്‍ 15-നുള്ളില്‍ ഭൂമി ഏറ്റെടുക്കുമെന്ന് പറയുന്നു. എന്നാല്‍ സര്‍ക്കാര്‍ നിയമിച്ച വിദഗ്ദ സമിതിയുടെ ആളുകള്‍ ഞങ്ങളെ സമീപിക്കുകയോ കാര്യങ്ങള്‍ അന്വേഷിക്കുകയോ ചെയ്തിട്ടില്ല.

"പണം കൊടുത്തു വാങ്ങാന്‍ കഴിയുന്നതല്ല അയല്‍പക്ക ബന്ധങ്ങളും ചുറ്റുപാടുകളും. ജനിച്ചുവളര്‍ന്ന സ്ഥലത്തിന് പ്രത്യേക സെന്റിമെന്റ്‌സ് ഉണ്ടാകും. വൈകാരികമായി പല തരത്തിലുള്ള ബന്ധങ്ങളുമുണ്ടാകും. എന്നാല്‍ ഇത്തരത്തിലുള്ള കാര്യങ്ങളൊന്നും പരിഗണിക്കാതെ, ഞങ്ങളോടൊന്ന് സംസാരിക്കാന്‍ പോലും തുനിയാതെയാണ് ധൃതി പിടിച്ചുള്ള ഭൂമി ഏറ്റെടുക്കല്‍.
"അന്ന് രക്ഷാപ്രവര്‍ത്തനത്തിന് ശേഷം ഇവിടെ ചുറ്റുവട്ടത്തുള്ള ഒരുപാട് ചെറുപ്പക്കാരാണ് ക്വാറന്റീനിൽ പോയത്. ഇവിടെയെല്ലാം കണ്ടയ്ന്‍മെന്റ് സോണ്‍ ആയിരുന്നു. വിമാനത്തിലെ യാത്രക്കാര്‍ക്ക് കൊറോണ കൂടി സ്ഥിരീകരിച്ചതോടെ ക്വാറന്റീൻ നിര്‍ബന്ധമായി. വീട്ടിലെ വിറകുപുരയിലാണ് ഞാന്‍ ക്വാറന്റീൻ ഇരുന്നത്. അന്നത്തെ 15 ദിവസങ്ങള്‍ ഓര്‍ക്കാന്‍ കൂടി വയ്യ. മക്കളെല്ലാം ഒരു അദ്ഭുത ജീവിയപ്പോലെയാണ് എന്നെ നോക്കിയത്. അച്ഛന്‍ ക്വാറന്റീനിൽ ഇരിക്കുകയാണെന്ന് മനസിലാക്കാനുള്ള പ്രായം അവര്‍ക്കായിട്ടില്ല. മറ്റുള്ളവരെ സഹായിച്ചതിന്റെ പേരിലാണ് അന്ന് ഇത്തരത്തിലുള്ള ദുരിതങ്ങള്‍ അനുഭവിച്ചത്. ചില വീടുകളില്‍ ഇതിലും കഷ്ടമായിരുന്നു അവസ്ഥ. വീട്ടിലെ ഏക വരുമാനമാര്‍ഗമായ ചെറുപ്പക്കാര്‍ 15 ദിവസത്തോളം ജോലിയൊന്നും ഇല്ലാതെ ക്വാറന്റീനിൽ പോകേണ്ടി വന്നു. അന്ന് വീട്ടുകാരെല്ലാം കഷ്ടപ്പെട്ടാണ് ഭക്ഷണത്തിനുള്ള വക കണ്ടെത്തിയത്. ആ ഞങ്ങള്‍ക്കാണ് ഇപ്പോള്‍ വീടിനേയും കൂട്ടുകാരേയും അയല്‍ക്കാരെയുമെല്ലാം നഷ്ടപ്പെടാന്‍ പോകുന്നത്.
"ഇതിന് മുമ്പ് ഭൂമി ഏറ്റെടുത്തപ്പോള്‍ വീടും സ്ഥലവും നഷ്ടപ്പെട്ട ആളുകളുടെ ദുരനുഭവവും ഞങ്ങളുടെ മുന്നിലുണ്ട്. ഇവിടെ അടുത്തുള്ള എക്കാപറമ്പ് എന്ന സ്ഥലത്തേക്കാണ് എന്റെ അമ്മാവന്‍ വീടെടുത്ത് താമസം മാറിയത്. അവിടെ സുഹൃത്തുക്കളെയോ അയല്‍ക്കാരെയോ ഉണ്ടാക്കിയെടുക്കുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു. നമ്മള്‍ ജനിച്ചുവളര്‍ന്ന നാട്ടിലെ സൗഹൃദം പോലെയാകില്ല അത്. അമ്മാവന് ഹാര്‍ട്ട് അറ്റാക്ക് വന്ന് ആശുപത്രിയിലെത്തിക്കാന്‍ കുറച്ച് ബുദ്ധിമുട്ടി. ഞങ്ങള്‍ ഇവിടെ നിന്ന് അങ്ങോട്ട് ഓടി എത്തേണ്ടി വന്നു. അപ്പോഴേക്കും അമ്മാവന്‍ മരിച്ചിരുന്നു. കുറച്ച് നേരത്തെ എത്തിക്കാന്‍ പറ്റിയിരുന്നെങ്കില്‍ ജീവന്‍ രക്ഷിക്കാമായിരുന്നു എന്ന് ഡോക്ടര്‍ പറഞ്ഞപ്പോള്‍ സങ്കടവും നിരാശയും തോന്നി." സുനില്‍ പറയുന്നു.
'അന്ന് ഭക്ഷണവും വെള്ളവും നല്‍കി,ഇന്ന് വീടുതന്നെ നഷ്ടപ്പെടുന്ന അവസ്ഥ'

വിമാനദുരന്തത്തിന്റെ സമയത്ത് രക്ഷാപ്രവര്‍ത്തകര്‍ക്കും അപകടത്തില്‍പെട്ടവര്‍ക്കും വെള്ളവും ഭക്ഷണവും എത്തിച്ചുകൊടുത്ത വ്യക്തിയാണ് അപകടം നടന്ന സ്ഥലത്തിന് തൊട്ടടുത്ത് താമസിക്കുന്ന ശാരദ. അറുപത് വയസിന് മുകളില്‍ പ്രായമുണ്ടായിട്ടും, കൊറോണയാണെന്ന് പോലും ആലോചിച്ചുനില്‍ക്കാതെ എല്ലാവരുടേയും ദാഹമകറ്റാനാണ് ശാരദ ശ്രമിച്ചത്. എന്നാലിപ്പോള്‍ മൂന്ന് സെന്റ് ഭൂമിയിലെ കൊച്ചുവീട് നഷ്ടപ്പെടുമെന്ന ആശങ്കയിലാണ് അവര്‍.
"ഇതിന് മുമ്പ് ഒരു ഭൂമി ഏറ്റെടുക്കലിന് ഇരയായ വ്യക്തിയാണ് ഞാന്‍. 29 വര്‍ഷം മുമ്പ് സെന്റിന് ഏഴായിരം രൂപ എന്ന കണക്കിലാണ് ഞങ്ങളുടെ സ്ഥലം എയര്‍പോര്‍ട്ടിന് വിട്ടുകൊടുത്തത്. അന്ന് പ്രായപൂര്‍ത്തിയായ, വിദ്യാഭ്യാസമുള്ള മക്കളുണ്ടെങ്കില്‍ ജോലി തരാമെന്നു പറഞ്ഞിരുന്നു. അതൊന്നും നടന്നില്ല. ജോലിയൊക്കെ വേറെ ആളുകള്‍ക്കാണ് കൊടുത്തത്. അന്ന് കിട്ടിയ തുച്ഛമായ പണംകൊണ്ട് ബാക്കിയുണ്ടായിരുന്ന മൂന്ന് സെന്റില്‍ വീടെടുത്തു. ഇപ്പോള്‍ അതും നഷ്ടപ്പെടുമെന്ന അവസ്ഥയിലാണ്. എന്തുചെയ്യും എന്നറിയില്ല." -ശാരദ ചോദിക്കുന്നു.
'രക്ഷാപ്രവര്‍ത്തനത്തിനിടെ ഷോക്കേറ്റു, ഇപ്പോൾ വീണ്ടും ഷോക്ക്'

നല്ല മഴയും കാറ്റുമുള്ളപ്പോഴാണ് വിമാനദുരന്തം സംഭവിച്ചത്. അന്ന് രക്ഷാപ്രവര്‍ത്തനത്തിനിടെ ഷോക്കേറ്റത് ജിതിന്റെ മനസില്‍ ഇപ്പോഴുമുണ്ട്. അങ്ങനെയുള്ള തങ്ങള്‍ക്ക് ഇപ്പോള്‍ മറ്റൊരു തരത്തിലാണ് ഷോക്കേറ്റിരിക്കുന്നതെന്ന് ജിതിന്‍ പറയുന്നു.
"രക്ഷാപ്രവര്‍ത്തനത്തിനിടയില്‍ ഷോക്കേറ്റ വ്യക്തിയാണ് ഞാന്‍. ഓടിച്ചെന്ന് വിമാനത്തിനുള്ളില്‍ കയറി പിടിച്ചപ്പോഴാണ് ഷോക്കേറ്റത്. വിമാനം തൊടരുതെന്ന് എല്ലാവരോടും വിളിച്ചുപറഞ്ഞു. അങ്ങനെ പറഞ്ഞിരുന്നില്ലെങ്കില്‍ രക്ഷാപ്രവര്‍ത്തര്‍തന്നെ ഷോക്കേറ്റ് നിലത്തുവീഴുമായിരുന്നു. അപകടത്തിന്റെ തീവ്രത കൂടുമായിരുന്നു. അങ്ങനെയുള്ള ഞങ്ങള്‍ക്ക് ഇപ്പോള്‍ മറ്റൊരു തരത്തില്‍ ഷോക്കേറ്റിരിക്കുകയാണ്. അഞ്ചും മൂന്നും സെന്റിലുള്ള വീടാണ് ഇവിടെ ഓരോരുത്തര്‍ക്കും നഷ്ടപ്പെടാന്‍ പോകുന്നത്. കൂലിപ്പണിയെടുത്തും ഗള്‍ഫില്‍ പോയി കഷ്ടപ്പെട്ടുമെല്ലാമാണ് അവര്‍ ഈ വീടുണ്ടാക്കിയത്. അത്തരത്തില്‍ ഒരു വീടുണ്ടാക്കാനുള്ള പണം അവര്‍ തന്നാലും ഞങ്ങളുടെ ചുറ്റുപാടും ജനിച്ച സ്ഥലവും ആത്മസുഹൃത്തുക്കളേയുമാണ് നഷ്ടപ്പെടുക. അത് എങ്ങനെ നികത്താനാകും?"
'സുഖമില്ലാത്ത ഭര്‍ത്താവുമായി ഞാന്‍ എങ്ങോട്ടുപോകാന്‍'

പരിസരവാസിയായ സുബൈദയുടെ ആശങ്ക മുഴുവന്‍ ഹൃദ്‌രോഗം വന്ന ഭര്‍ത്താവിനെ കുറിച്ചാണ്. അദ്ദേഹത്തേയുംകൊണ്ട് കുടിയിറക്കപ്പെടുന്നത് അവര്‍ക്ക് ആലോചിക്കാന്‍കൂടി കഴിയില്ല. അയല്‍വാസികളുടേയും മറ്റും സഹായത്തിലാണ് ഇപ്പോള്‍ ജീവിച്ചുപോകുന്നത്. ഇനി മറ്റൊരു സ്ഥലത്തുപോയാ്ല്‍ ഇതുപോലെ സൗഹൃദം ഉണ്ടാക്കിയെടുക്കാന്‍ വര്‍ഷങ്ങളെടുക്കും. ഇപ്പോഴത്തേ സാഹചര്യത്തില്‍ അത് ആലോചിക്കാന്‍ കൂടി പറ്റില്ലെന്നും സുബൈദ പറയുന്നു.
'ഇതുവരെ ഭൂമി ഏറ്റെടുത്തത് 12 തവണ, ഞങ്ങള്‍ക്കും ജീവിക്കേണ്ടേ?'

'കരിപ്പൂര്‍ വിമാനത്താവളവുമായി ബന്ധപ്പെട്ട് 13-ാമത്തെ തവണയാണ് ഭൂമി ഏറ്റെടുക്കല്‍ നടക്കുന്നത്. ഇത്രയും അധികം തവണ കുടിയൊഴിപ്പിക്കലിന് ഇരയായ ആളുകള്‍ മറ്റൊരു പ്രദേശത്തുണ്ടാകില്ല. കാലാകാലങ്ങളായി വീട് മാറിപ്പോകേണ്ടി വരുന്നതില്‍പരം ദുരവസ്ഥ വേറെയുണ്ടോ? ഞങ്ങളും മനുഷ്യരാണ്. ഞങ്ങള്‍ക്കും ജീവിക്കണം." സമരസമിതി കണ്‍വീനര്‍ ജാസിര്‍ പറയുന്നു.
"ഈ പ്രദേശത്തുള്ള ജനങ്ങളുമായി ഔദ്യോഗികതലത്തില്‍ ആരും സംസാരിച്ചിട്ടില്ല. സാമൂഹിക ആഘാത പഠനത്തില്‍ 80 ശതമാനം ആളുകളും ഭൂമി വിട്ടുകൊടുക്കാന്‍ തയ്യാറല്ലെന്നാണ് അറിയിച്ചത്. എന്നിട്ടും അവരുമായി ചര്‍ച്ച നടത്താന്‍പോലും ആരും തയ്യാറായിട്ടില്ല. ദുരന്തം ഉണ്ടായ സമയത്ത് ഒരു സംവിധാനം മുഴുവന്‍ നിശ്ചലമായപ്പോള്‍ ബദല്‍ സംവിധാനമായി മാലാഖമാരെപ്പോലെ ആ അപകടസ്ഥലത്ത് എത്തിച്ചേര്‍ന്ന രക്ഷാപ്രവര്‍ത്തകരാണ് ഇപ്പോള്‍ ആശങ്കയുടെ മുള്‍മുനയില്‍ നില്‍ക്കുന്നത്.
"കൊറോണയെ ഭയപ്പെട്ടിരുന്ന സമയത്ത്, പ്രവാസികളെ പേടിയോടെ മാത്രം നോക്കിക്കണ്ടിരുന്ന സമയത്താണ് ആ അപകടം ഉണ്ടാകുന്നത്. എന്നാല്‍ ആ സാഹചര്യത്തില്‍ ഒരു മടിയുമില്ലാതെ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയവരാണ് എല്ലാവരും. ആദ്യം അപകടസ്ഥലത്ത് എത്തിച്ചേര്‍ന്നവര്‍. ലോകം വാഴ്ത്തപ്പെട്ട രക്ഷാപ്രവര്‍ത്തകര്‍. ആ പരിഗണനയെങ്കിലും സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകേണ്ടതാണ്. രക്ഷാപ്രവര്‍ത്തകരെ ആദരിക്കുന്നതിന് പകരം അതേ ദുരന്തത്തിന്റെ പേരില്‍ തങ്ങളുടെ ജീവിതം ആശങ്കയിലാകുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്."

"ഈ 14.5 ഏക്കറോട് കൂടി ഭൂമി ഏറ്റെടുക്കല്‍ അവസാനിക്കുമെന്ന് കരുതുന്നില്ല. പുതിയ ടെര്‍മിനലിനായി 137 ഏക്കറും പാര്‍ക്കിങ്ങിനായി 15 ഏക്കറും ഇനിയും വേണമെന്ന് പറയുന്നുണ്ട്. അതുകൊണ്ട് ഇതിന് ഒരു അവസാനം എപ്പോഴാണുണ്ടാകുക എന്ന് ആര്‍ക്കും പറയാനാകില്ല. എല്ലാം അനിശ്ചിതത്വത്തിലാണ്. 2002 മുതല്‍ 2015 വരെ എല്ലാ വിമാനങ്ങളും ഇറങ്ങിയിരുന്നു. ഹജ്ജ് തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ടും വലിയ വിമാനങ്ങള്‍ ഇറങ്ങിയിരുന്നു. 2002-ല്‍ ഹജ്ജ് സര്‍വീസ് നടത്തിയ എയര്‍ ഇന്ത്യയുടെ ജംബോ ജെറ്റാണ് സര്‍വീസ് നടത്തിയ ആദ്യ വലിയ വിമാനം. 2015-ല്‍ റണ്‍വേ റീകാര്‍പറ്റിങ്ങുമായി ബന്ധപ്പെട്ട് വലിയ വിമാനങ്ങള്‍ക്ക് വിലക്കുവന്നു. എട്ടു മാസത്തെ വിലക്ക് പിന്‍വലിച്ചത് മൂന്നര വര്‍ഷത്തിന് ശേഷമാണ്. ഇതോടെ എമിറേറ്റ്‌സ് ഉള്‍പ്പെടെയുള്ള കമ്പനികള്‍ പിന്മാറി. 2018 ഓഗസ്റ്റില്‍ വലിയ വിമാനങ്ങള്‍ക്ക് അനുമതി പുനഃസ്ഥാപിച്ചു. സൗദി എയര്‍ലൈന്‍സാണ് വീണ്ടും സര്‍വീസിന് തുടക്കമിട്ടത്.
"ഇപ്പോള്‍ അപകടത്തിന് പിന്നാലെ വലിയ വിമാനങ്ങള്‍ക്ക് വിലക്കു വന്നു. സേഫ്റ്റി ഏരിയ 90 മീറ്റര്‍ ആയപ്പോഴാണ് ഈ വിമാനങ്ങളെല്ലാം വന്നതെന്ന് ഓര്‍ക്കണം. ഇപ്പോഴത്തെ അപകടത്തിന് കാരണം പൈലറ്റിന്റെ പിഴവാണെന്നാണ് അന്വേഷണ റിപ്പോര്‍ട്ടിലുള്ളത്. എയര്‍ലൈൻ കമ്പനികളുമായി സംസാരിച്ചപ്പോള്‍ അവരാര്‍ക്കും വിമാനസര്‍വീസ് നടത്തുന്നതില്‍ എതിര്‍പ്പുമില്ല. പിന്നെന്തിനാണ് സേഫ്റ്റി ഏരിയ കൂട്ടുന്നതെന്നും അതിനായി ഭൂമി ഏറ്റെടുക്കുന്നതെന്നും മനസിലാകുന്നില്ല." ജാസിര്‍ വ്യക്തമാക്കുന്നു.
'നിര്‍മാണം പാതിവഴിയില്‍ ഉപേക്ഷിച്ച വീടുകള്‍ എന്തുചെയ്യും?'

അനിയന്‍ ഗള്‍ഫില്‍ ജോലിയെടുത്ത് കഷ്ടപ്പെട്ടുണ്ടാക്കിയ വീട് നഷ്ടപ്പെടുമെന്ന ആശങ്കയിലാണ് പരിസരവാസിയായ മുഹമ്മദ് റാഫിയുള്ളത്. നിര്‍മാണം പാതിവഴിയിലായ വീടിന് നമ്പറോ എന്‍.ഒ.സിയോ ലഭിക്കാത്ത അവസ്ഥയാണ് ഇപ്പോഴുള്ളതെന്നും റാഫി പറയുന്നു.
"ഈ ഭൂമി ഏറ്റെടുക്കലില്‍ തറവാട് വീടും പാതിവഴിയിലായ അനിയന്റെ വീടും നഷ്ടപ്പെടും. വീടിന് നമ്പറോ എന്‍.ഒ.സിയോ ലഭിക്കാത്തതിനാലാണ് അനിയന്‍ പണി ഉപേക്ഷിച്ചത്. ഗള്‍ഫില്‍ ജോലിയെടുത്ത് കഷ്ടപ്പെട്ടുണ്ടാക്കിയ വീടാണ്. ഇതുവരെ നിര്‍മാണത്തിനായി ചെലവായ ലക്ഷക്കണക്കിന് രൂപ വെറുതേയായി. ഭൂമി ഏറ്റെടുക്കുമ്പോള്‍ രേഖകളൊന്നുമില്ലാത്ത, പണി പൂര്‍ത്തിയാക്കാത്ത ഈ വീടിന് യാതൊരു പരിഗണനയും ലഭിക്കില്ല. ഇത്തരത്തില്‍ മൂന്ന് വീടുകള്‍ ഈ 31-ാം വാര്‍ഡിലുണ്ട്." റാഫി പറയുന്നു.

ഒരു വിമാനത്താവളം കൊണ്ടുണ്ടാകേണ്ട അനുബന്ധ വികസനങ്ങളൊന്നും തങ്ങളുടെ പ്രദേശത്തിനുണ്ടായിട്ടില്ലെന്നും 30 വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഇവിടം ഒരു സാമ്പത്തിക മേഖലയായിട്ടില്ലെന്നും നിക്ഷേപങ്ങള്‍ ആകര്‍ഷിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും റാഫി കൂട്ടിച്ചേര്‍ക്കുന്നു.
Content Highlights: karipur airport land acquisition story
Published: 04 Aug 2023, 01:30 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented