കരിപ്പൂർ: പതിനെട്ട്‌ പവൻ സ്വർണവുമായി വിമാനവേഗത്തിലൊരു കുതിച്ചോട്ടം. കടത്തുസ്വർണം ഏറ്റുവാങ്ങാൻ എത്തിയയാൾ ആ കാഴ്ച കണ്ട് നടുങ്ങിത്തരിച്ചു. സർവശക്തിയുമെടുത്ത് അയാളും ഓടി കാറിനുപിറകേ. എല്ലാം കണ്ടുനിന്ന പോലീസ് നിമിഷനേരം കൊണ്ട് ആക്ഷനിലേക്ക്‌. ജീപ്പിലും ബൈക്കുകളിലുമായി അവർ കാറിനുപിന്നാലെ. പല വഴികളിലൂടെ 12 കിലോമീറ്ററോളം സിനിമയെ വെല്ലുന്ന ചേസിങ്. പൊട്ടിക്കലും തട്ടിപ്പും പൊളിച്ചടുക്കി എല്ലാവരെയും പിടികൂടി പോലീസ് മടങ്ങിയപ്പോഴും പൂർണമായും ചുരുളഴിയാതെ കരിപ്പൂരിലെ സ്വർണക്കടത്തുകഥ.

To advertise here,

കരിപ്പൂരിൽ ബുധനാഴ്ച പകൽ 11.30-നാണ് സംഭവം. കണ്ണൂർ സ്വദേശികളായ ശ്രീലാൽ (28), പ്രിൻസ് (35), സുബിത്ത് (30) എന്നിവരും സ്വർണവുമായെത്തിയ തലശ്ശേരി തിരുവങ്ങാട് സ്വദേശി പ്രിയങ്ക (34), സ്വർണം സ്വീകരിക്കാൻ വിമാനത്താവളത്തിലെത്തിയ മട്ടന്നൂർ ശിവപുരം സ്വദേശി ജാബിർ (38) എന്നിവരുമാണ് ഇപ്പോൾ പോലീസിന്റെ കസ്റ്റഡിയിലുള്ളത്.

പ്രിയങ്കയെ കാറിൽ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതിന് ശ്രീലാൽ, പ്രിൻസ്, സുബിത്ത് എന്നിവരെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. പ്രിയങ്കയേയും ജാബിറിനേയും കൂടുതൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്നാണ് പോലീസ് പറയുന്നത്.

18 പവൻ സ്വർണമാണ് കാറിൽ, പ്രിയങ്കയുടെ ബാഗേജിൽ ഉണ്ടായിരുന്നത്. ഇത് പോലീസ് പിടിച്ചെടുത്തു. കൂടുതൽ സ്വർണം ഉണ്ടായിരിക്കാമെന്ന് പോലീസ് കരുതുന്നു. തട്ടിക്കൊണ്ടുപോകൽ ശ്രമം യുവതിയുടെ കൂടി അറിവോടെയുള്ള നാടകമാണോ എന്നും കടത്തുസ്വർണം അടിച്ചുമാറ്റുകയായിരുന്നോ ലക്ഷ്യമെന്നും പോലീസ് സംശയിക്കുന്നു. ഇക്കാര്യങ്ങളിൽ ഇനിയും വ്യക്തത വരുത്തേണ്ടതുണ്ട്.

ബുധനാഴ്ച രാവിലെ ദുബായ് വിമാനത്തിൽ കരിപ്പൂരിലെത്തുന്ന പ്രിയങ്കയെ സ്വീകരിക്കാൻ ഭർത്താവും രണ്ടു മക്കളും നേരത്തേ വിമാനത്താവളത്തിൽ എത്തിയിരുന്നു. 11.30-ഓടെയാണ് യുവതി പുറത്തെത്തിയത്. പിന്നെ കണ്ടത് പ്രിയങ്കയുമായി ഒരു കാർ അതിവേഗം പോകുന്നതാണ്. ജാബിർ പിന്നാലെ ഓടുന്നതും പോലീസിന്റെ ശ്രദ്ധയിൽപ്പെട്ടു. വിമാനത്താവളത്തിൽ ഉണ്ടായിരുന്ന കരിപ്പൂർ എസ്.ഐ. ശൈലേഷ് കുമാറും സംഘവും ഉടനെ സ്റ്റേഷൻ വാഹനത്തിലും ബൈക്കുകളിലുമായി കാറിനു പിന്നാലെ കുതിച്ചു. പോലീസ് പിന്തുടരുന്നതു കണ്ട സംഘം പല വഴികളിലൂടെ കാർ ഓടിച്ചു. 12 കിലോമീറ്ററോളം അങ്ങനെ യാത്ര. പുളിക്കൽ ആന്തിയൂർകുന്ന് റോഡിലേക്ക് കയറിയ കാർ, പിന്തുടർന്നെത്തിയ പോലീസ് സംഘം തടഞ്ഞിട്ടു. നാട്ടുകാരും പോലീസിനൊപ്പം ഇടപെട്ടു. കാറിലുണ്ടായിരുന്നവരെ പോലീസ് ബലപ്രയോഗത്തിലൂടെ കീഴടക്കി തങ്ങളുടെ വാഹനത്തിൽ കയറ്റി സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു.

ഇതിനിടെ, വിമാനത്താവളത്തിൽ കടത്തുസ്വർണവുമായി എത്തിയ യുവതിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം എന്ന വാർത്ത പ്രചരിക്കുകയും ചെയ്തു.

എ.എസ്.ഐ.മാരായ റീന, കബീർ, സി.പി.ഒ. റിഷാദ് എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു. വിവിധ കവർച്ചക്കേസുകളിൽ മുൻപും പ്രതികളായവരാണ് അറസ്റ്റിലായതെന്ന് പോലീസ് അറിയിച്ചു.

കരിപ്പൂരിൽ കഴിഞ്ഞ ദിവസം മറ്റൊരു സ്വർണം പൊട്ടിക്കൽ കേസും പോലീസ് ഇടപെട്ട് തകർത്തിരുന്നു. ഒരു കോടിയുടെ കടത്തുസ്വർണവുമായെത്തിയ ഇടുക്കി വണ്ടൻമേട് സ്വദേശിനി അഭിരാമിയെ തട്ടിക്കൊണ്ടുപോകാനായിരുന്നു ശ്രമം. അഭിരാമി (27), കടത്തുസ്വർണം ഏറ്റുവാങ്ങാൻ എത്തിയ എറണാകുളം സ്വദേശി ഹർഷൽ (40), സ്വർണം പൊട്ടിക്കലിനെത്തിയ സംഘത്തിലെ നാദാപുരം കല്ലാച്ചി സ്വദേശികളായ സായന്ത് (28), ബബിലേഷ് (40) എന്നിവരാണ് അന്ന് പിടിയിലായത്. അഭിരാമിയുടെ ബാഗേജിലെ എമർജൻസി ലാമ്പിൽ ഒളിപ്പിച്ചനിലയിൽ 817 ഗ്രാം വരുന്ന 14 ഗോൾഡ് പ്ലേറ്റുകൾ കണ്ടെടുക്കുകയും ചെയ്തിരുന്നു.