1994 ഡിസംബര്‍ ഒന്നാം തീയതി വ്യാഴാഴ്ച. മുഖ്യമന്ത്രി കെ. കരുണാകരന് പതിവുപോലെ ഏറെ തിരക്കുള്ള ദിവസം. വൈകുന്നേരം ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലും ധാരാളം സന്ദര്‍ശകരുണ്ടായിരുന്നു. കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ (ഐ.ബി.) ഉദ്യോഗസ്ഥര്‍ക്ക് കാണണമെന്ന അഭ്യര്‍ഥന വന്നപ്പോള്‍ കരുണാകരന്‍ ഒരു മടിയും കൂടാതെ സമ്മതിച്ചു. 

To advertise here,

ഐ.ബി. തിരുവനന്തപുരം ഓഫീസിലെ ജോയിന്റ് ഡയറക്ടര്‍ മാത്യു ജോണും ഡെപ്യൂട്ടി ഡയറക്ടര്‍ ആര്‍.ബി. ശ്രീകുമാറും എത്തിയ പാടേ ക്ലിഫ് ഹൗസ് ജോലിക്കാര്‍ മുഖ്യമന്ത്രിയുടെ ഓഫീസിലേയ്ക്കാനയിച്ചു. പല മുഖ്യമന്ത്രിമാരുടെയും ഔദ്യോഗിക ചര്‍ച്ചകള്‍ക്കും സുഹൃത്‌സംഭാഷണങ്ങള്‍ക്കും സാക്ഷ്യം വഹിച്ചിട്ടുള്ള ക്ലിഫ് ഹൗസിലെ വിശാലമായ ഓഫീസ് മുറിയില്‍ രണ്ടുപേരും ഭവ്യതയോടെ ഇരുന്നു. ഇരുവരും മുതിര്‍ന്ന ഐ.പി.എസ്. ഉദ്യോഗസ്ഥര്‍.

കേരളത്തെ മാത്രമല്ല. രാജ്യത്തെ തന്നെ നടുക്കിയ ഐ.എസ്.ആര്‍.ഒ. ചാരക്കേസിനെപ്പറ്റി കേരള മുഖ്യമന്ത്രിയോടു സംസാരിക്കാനാണ് അവരുടെ വരവ്. 1994 ഒക്ടോബര്‍ 20-ാം തീയതി വൈകീട്ട് 4.15-ന് മാലിവനിത മറിയം റഷീദയെ കേരള പോലീസിലെ ഒരു ഇന്‍സ്‌പെക്ടര്‍ അറസ്റ്റ് ചെയ്തതുതൊട്ട് ചാരക്കേസായും രാഷ്ട്രീയ സംഭവമായും വലിയ വിവാദമായി വളര്‍ന്ന ഐ.എസ്.ആര്‍.ഒ. ചാരക്കേസിനെപ്പറ്റി  ഉദ്യോഗസ്ഥര്‍ ചുരുക്കത്തില്‍ സംസാരിച്ചു. 

കരുണാകരന്‍ ശ്രദ്ധയോടെ കേട്ടിരുന്നു. സംഭാഷണത്തിന്റെ അവസാനം ചാരക്കേസില്‍ ഐ.ജി. രമണ്‍ ശ്രീവാസ്തവയ്ക്കും പങ്കുണ്ടെന്ന് മാത്യു ജോണ്‍ മുഖ്യമന്ത്രിക്കു മുന്നില്‍ വിശദീകരിച്ചു. രമണ്‍ ശ്രീവാസ്തവയെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നാണ് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടത്. അതിനുവേണ്ട നിര്‍ദേശം ഡി.ജി.പി.ക്കു കൊടുക്കണമെന്ന് മാത്യു ജോണ്‍ ആവശ്യപ്പെട്ടു. അവസാനം വരെ മുഖ്യമന്ത്രി അവര്‍ പറഞ്ഞതെല്ലാം കേട്ടിരുന്നു. പക്ഷെ അദ്ദേഹം മറുപടി ഒന്നും പറഞ്ഞില്ല. മുഖ്യമന്ത്രി എന്തെങ്കിലും മറുപടി പറയുമെന്ന് കരുതി ഉദ്യോഗസ്ഥര്‍ അല്‍പനേരം അദ്ദേഹത്തിന്റെ മുഖത്ത് നോക്കിയിരുന്നു. കരുണാകരന്‍ ഒന്നും മിണ്ടാതെ അവരെയും നോക്കി ഇരുന്നതേയുള്ളൂ. മുഖ്യമന്ത്രിയോടു യാത്ര പറഞ്ഞ് ഉദ്യോഗസ്ഥര്‍ ക്ലിഫ് ഹൗസ് വിട്ടു.

ഐ.ബി. ഉദ്യോഗസ്ഥരുടെ നീക്കത്തില്‍ എന്തോ പന്തികേടുണ്ടെന്ന് കൂര്‍മബുദ്ധിയുള്ള കരുണാകരന് അപ്പോഴേ മനസിലായിരുന്നു. അതിനു പ്രതിവിധിയും അദ്ദേഹം മനസില്‍ കണ്ടു. കരുണാകരന് എക്കാലത്തും പ്രിയപ്പെട്ട ഉദ്യോഗസ്ഥരില്‍ ഒരാളായിരുന്നു രമണ്‍ ശ്രീവാസ്തവ. എന്നും ഒപ്പം നിന്ന ശ്രീവാസ്തവ എന്ന വിശ്വസ്തനായ പോലീസ് ഉദ്യോഗസ്ഥനെ കരുണാകരന് അടുത്തറിയാമായിരുന്നു. ശ്രീവാസ്തവ വഴിവിട്ട എന്തെങ്കിലും ചെയ്യുമെന്ന് കരുണാകരന്‍ ഒരിക്കലും ചിന്തിച്ചിട്ടുണ്ടാവില്ല. 

കുറെ ദിവസമായി തലസ്ഥാന നഗരം കേന്ദ്രമാക്കി ഐ.എസ്.ആര്‍.ഒ. ചാരക്കേസ് സംബന്ധിച്ച വിവാദങ്ങള്‍ ഒന്നൊന്നായി ചുരുള്‍ നിവര്‍ത്തുന്നത് കണ്ടുകൊണ്ടിരിക്കുകയായിരുന്നു മുഖ്യമന്ത്രി കരുണാകരന്‍. സ്വന്തം ഇന്റലിജന്‍സ് ഉദ്യോഗസ്ഥരും അദ്ദേഹത്തിന് ദിവസേന റിപ്പോര്‍ട്ട് നല്‍കിയിരുന്നിരിക്കണം തീര്‍ച്ച. ചാരക്കേസില്‍ ശ്രീവാസ്തവ പ്രതിസ്ഥാനത്തായാല്‍ അതിന്റെ രാഷ്ട്രീയ പ്രത്യാഘാതം വലുതായിരിക്കുമെന്നും രാഷ്ട്രീയമായി അതുതനിക്ക് കനത്ത ദോഷം ചെയ്യുമെന്നും കണക്കുകൂട്ടാന്‍ ഒരു ബുദ്ധിമുട്ടുമില്ലാത്ത നേതാവായിരുന്നു കരുണാകരന്‍. തീരുമാനമെടുക്കാന്‍ കുറച്ചു നേരം മതി അദ്ദേഹത്തിന്. ആരോടും ആലോചിക്കേണ്ടതില്ല. രാഷ്ട്രീയത്തിലും പോലീസിലും. മുഖ്യമന്ത്രിയുടെ കൈ അടുത്തിരുന്ന ടെലിഫോണ്‍ റിസീവറിലേയ്ക്കു നീണ്ടു. ഡല്‍ഹിയില്‍ ആഭ്യന്തരവകുപ്പിലെ പഴ്‌സണല്‍ മന്ത്രാലയത്തിന്റെ ചുമതലയുള്ള മന്ത്രി മാര്‍ഗരറ്റ് ആല്‍വയെ വിളിക്കാന്‍ അദ്ദേഹം നിര്‍ദേശം നല്‍കി. ഒരു നിമിഷം. മന്ത്രി മാര്‍ഗരറ്റ് ആല്‍വ ഫോണില്‍. 'കേരളത്തിലെ ഐ.എസ്.ആര്‍.ഒ. ചാരക്കേസ് അന്വേഷണം ഉടന്‍ തന്നെ സി.ബി.ഐക്കു വിടണം. എത്രയും വേഗം. ചുരുങ്ങിയ വാക്കുകളില്‍ കരുണാകരന്റെ നിര്‍ദേശം.

പിറ്റേന്നു തന്നെ, അതായത് 1994 ഡിസംബര്‍ രണ്ടിന്, ഐ.എസ്.ആര്‍.ഒ. ചാരക്കേസ് സി.ബി.ഐക്ക് വിട്ടുകൊടുത്തുകൊണ്ട് കേന്ദ്ര ആഭ്യന്തരവകുപ്പിന്റെ ഉത്തരവ് പുറത്തുവന്നു. പിന്നെയും രണ്ടു ദിവസത്തിനുശേഷം ഡിസംബര്‍ നാലാം തീയതി, സി.ബി.ഐ. അന്വേഷണസംഘം ഡല്‍ഹിയില്‍നിന്ന് തിരുവനന്തപുരത്തെത്തി. സി.ബി.ഐ. ജോയിന്റ് ഡയറക്ടര്‍ ഐ.ജി. എം.എല്‍. ശര്‍മ, ഡി.ഐ.ജി. പി.എം. നായര്‍ എന്നിവരായിരുന്നു അന്വേഷണസംഘത്തിലെ പ്രധാനികള്‍. കുറെ ദിവസമായി കേരളത്തെയാകെ ഉലച്ചുകൊണ്ടിരുന്ന ഐ.എസ്.ആര്‍.ഒ. ചാരക്കേസിന്റെ ദിശ മാറുകയായിരുന്നു. അന്ന് ഡിസംബര്‍ 4, 1994-ന്. 

പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാര്‍ഥി സിദ്ധാര്‍ത്ഥന്റെ മരണത്തെക്കുറിച്ചുള്ള അന്വേഷണം സി.ബി.ഐയെ ഏല്‍പിക്കാനുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ തീരുമാനം 17 ദിവസം വൈകിയ പശ്ചാത്തലത്തിലാണ് 1994 ഡിസംബര്‍ രണ്ടാം തീയതിയിലെ മറ്റൊരു സി.ബി.ഐ. അന്വേഷണ പ്രഖ്യാപനത്തെക്കുറിച്ച് ഓര്‍മ വന്നത്. സിദ്ധാര്‍ത്ഥന്റെ പിതാവ് ജയപ്രകാശ് സെക്രട്ടറിയേറ്റിലെത്തി മുഖ്യമന്ത്രിയെ നേരില്‍ക്കണ്ട് മകന്റെ മരണത്തെക്കുറിച്ചുള്ള അന്വേഷണം സി.ബി.ഐക്ക് വിട്ടുകൊടുക്കണമെന്ന് അഭ്യര്‍ത്ഥിക്കുകയായിരുന്നു. മുഖ്യമന്ത്രി ഒരു തടസ്സവും പറയാതെ സി.ബി.ഐ. അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു. 

പക്ഷെ ഉത്തരവ് നടപ്പിലാക്കേണ്ട ആഭ്യന്തരവകുപ്പുദ്യോഗസ്ഥര്‍ക്ക് വലിയ വീഴ്ച പറ്റി. ഉത്തരവ് കേന്ദ്ര ആഭ്യന്തര വകുപ്പിലെ പഴ്‌സണല്‍ മന്ത്രാലയത്തിന് അയച്ചു കൊടുക്കേണ്ടതിനു പകരം അവര്‍ അയച്ചുകൊടുത്തത് കൊച്ചിയിലെ സി.ബി.ഐ. ഓഫീസിലേയ്ക്ക്. ഈ മാസം അതായത് മാര്‍ച്ച് ഒമ്പതാം തീയതി തന്നെ സിദ്ധാര്‍ത്ഥന്റെ മരണം സി.ബി.ഐക്ക് വിട്ടുകൊണ്ടുള്ള വിജ്ഞാപനം സര്‍ക്കാര്‍ പുറപ്പെടുവിച്ചതാണ്. കത്തയച്ചത് 16-ാം തീയതി. കൊച്ചി സിബിഐ ഓഫീസിലെത്തിയ കത്ത് ആരുമറിയാതെ അവിടെകിടന്നു. 

കേസിന്റെ എഫ്.ഐ.ആര്‍. ഇംഗ്ലീഷിലേയ്ക്കു തര്‍ജ്ജമ ചെയ്തതിന്റെ പകര്‍പ്പ്, മഹസര്‍, പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടുകള്‍ എന്നിവയും ഒപ്പം വെയ്‌ക്കേണ്ടിയിരുന്നു. ഇതൊന്നുമില്ലാതെയാണ് ആഭ്യന്തരവകുപ്പ് സിബിഐക്ക് കത്തയച്ചത്. ജയപ്രകാശ് പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെ കണ്ട് പരാതി പറഞ്ഞയുടന്‍ തന്നെ മാധ്യമങ്ങളില്‍ വാര്‍ത്ത നിറഞ്ഞു. ആഭ്യന്തരവകുപ്പ് പെട്ടെന്ന് വീഴ്ച തിരുത്തി. കത്ത് ബന്ധപ്പെട്ട രേഖകള്‍ സഹിതം കേന്ദ്ര ആഭ്യന്തര വകുപ്പ് പഴ്‌സണല്‍ മന്ത്രാലയത്തിനു തന്നെ അയച്ചുകൊടുത്തുവീഴ്ച വരുത്തിയതിന് ആഭ്യന്തരവകുപ്പിലെ മൂന്ന് ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്യുകയും ചെയ്തു.

ചാരക്കേസിലേക്കു തിരിച്ചുവരാം. 1991-96 കാലഘട്ടത്തിലെ യു.സി.എഫ്. ഭരണകാലത്ത് അങ്ങേയറ്റം സംഘര്‍ഷഭരിതമായിരുന്നു കോണ്‍ഗ്രസ് രാഷ്ട്രീയം. മുഖ്യമന്ത്രി കരുണാകരനെതിരെ ആന്റണിപക്ഷം ശക്തമായ നീക്കങ്ങള്‍ തുടങ്ങി. ഒപ്പം തിരുത്തല്‍വാദികളുടെ ഉദയം. ആന്റണിപക്ഷം തിരുത്തല്‍വാദികളെയും കൂടി കരുണാകരനെതിരെ സമ്മര്‍ദ്ദം മുറുക്കുമ്പോഴാണ് ഐ.എസ്.ആര്‍.ഒ. ചാരക്കേസ് രാഷ്ട്രീയമാനങ്ങളോടെ ഉയര്‍ന്നുവന്നതും രമണ്‍ ശ്രീവാസ്തവ അതില്‍ പ്രധാന കണ്ണിയാണെന്നു ചിത്രീകരിക്കപ്പെട്ടതും. അതില്‍ ചില കേരള പോലീസ് ഉദ്യോഗസ്ഥര്‍ക്കും ഐ.ബി. ഉദ്യോഗസ്ഥര്‍ക്കും വലിയ പങ്കുണ്ടായിരുന്നു.

placeholder
രമണ്‍ ശ്രീവാസ്തവ | ഫോട്ടോ: മാതൃഭൂമി

ക്ലിഫ് ഹൗസിലെത്തി മുഖ്യമന്ത്രി കരുണാകരനെ കാണുന്നതിനുമുമ്പ് ഐ.ബി. ഉദ്യോഗസ്ഥരായ മാത്യു ജോണും ആര്‍.ബി. ശ്രീകുമാറും പോലീസ് ഹെഡ്ക്വാര്‍ട്ടേഴ്‌സിലെത്തി ഡി.ജി.പി. ടി.വി. മധുസൂദനനെ കണ്ടു സംസാരിച്ചിരുന്നു. മുന്‍കൂട്ടി അറിയിക്കാതെയായിരുന്നു ഉദ്യോഗസ്ഥരുടെ വരവ്. സിബി മാത്യൂസ്, ഡി.വൈ.എസ്.പി. ബാബുരാജ് എന്നിവരുമായി സംസാരിക്കുകയായിരുന്നു മധുസൂദനന്‍.  ഐ.ബി ഉദ്യോഗസ്ഥര്‍ നേരെ കയറിച്ചെന്നു. രമണ്‍ ശ്രീവാസ്തവയെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് അവര്‍ ആവശ്യപ്പെട്ടു.

സിബി മാത്യൂസാണ് ഉത്തരം പറഞ്ഞത്. തെളിവൊന്നുമില്ലാതെ ഒരു ഐ.ജിയെ അറസ്റ്റ് ചെയ്യാനാവില്ലെന്നായിരുന്നു ആ ഉത്തരം. കടുപ്പിച്ച് തന്നെയായിരുന്നു ആ വാക്കുകള്‍. മാത്യു ജോണ്‍ ക്ഷുഭിതനായി. അതൊരു വാക്കേറ്റമായി മാറി. മതി, മതി എന്ന് ഡി.ജി.പി. മധുസൂദനന്‍ ഉറക്കെപ്പറഞ്ഞു. 'ഞാന്‍ ഈ കസേരയിലിരിക്കുമ്പോള്‍ ആരെയും വേണ്ടത്ര തെളിവില്ലാതെ അറസ്റ്റ് ചെയ്യില്ല.' ഉദ്യോഗസ്ഥര്‍ക്കു പോകാം എന്നൊരു സൂചനയും ദൃഢമായ ആ ശബ്ദത്തിലുണ്ടായിരുന്നു. 

മാത്യു ജോണും ശ്രീകുമാറും ദേഷ്യപ്പെട്ട് എഴുന്നേറ്റു. 'ശ്രീവാസ്തവയ്‌ക്കെതിരെ ഒരു തെളിവുമില്ല. ഒരു തെളിവും കിട്ടുകയുമില്ല. എങ്കിലും നിങ്ങള്‍ അയാളെ അറസ്റ്റ് ചെയ്യണം. അല്ലെങ്കില്‍ ദേശരക്ഷാ നിയമപ്രകാരം (നാഷണല്‍ സെക്യൂരിറ്റി ആക്ട്) ഞങ്ങള്‍ അയാളെ അറസ്റ്റ് ചെയ്യും.' ഉച്ചത്തില്‍ ആക്രോശിച്ച് മാത്യു ജോണ്‍ ഇറങ്ങിപ്പോയി. ഒപ്പം ശ്രീകുമാറും. ബൂട്ടിട്ട കാഴ്ചകള്‍ ആഞ്ഞു ചവുട്ടിയായിരുന്നു ഉദ്യോഗസ്ഥരുടെ ഇറങ്ങിപ്പോക്ക്. 

അന്നു വൈകീട്ടാണ് ഐ.ബി. ഉദ്യോഗസ്ഥര്‍ മുഖ്യമന്ത്രി കരുണാകരനെ കണ്ടത്. അതിനും മുമ്പുതന്നെ സിബി മാത്യൂസ് കേസ് സി.ബി.ഐ.ക്ക് വിടണമെന്ന് ശുപാര്‍ശ ചെയ്ത് ഡി.ജി.പി.ക്ക് കത്ത് നല്‍കിയിരുന്നു. ഇന്ത്യാ ടുഡേ ലേഖകനായിരുന്ന ഞാന്‍ അതിനു തൊട്ടുമുമ്പ് സിബി മാത്യൂസിനെ അദ്ദേഹത്തിന്റെ വീട്ടില്‍ ചെന്ന് കണ്ട് വിശദമായി സംസാരിച്ചിരുന്നു. രമണ്‍ ശ്രീവാസ്തവയുടെ പേരു കണ്ടതോടെ തനിക്ക് അന്വേഷണം മുന്നോട്ടുകൊണ്ടുപോകാന്‍ വയ്യാതായി എന്നായിരുന്നു അന്ന് അദ്ദേഹം എന്നോടു പറഞ്ഞത്. കേസ് സി.ബി.ഐക്ക് വിടണമെന്നാണ് തന്റെ അഭിപ്രായമെന്നും എന്നോട് പറഞ്ഞു. പത്രങ്ങള്‍ ഈ കേസിന്റെ വിശദാംശങ്ങളുമായി എന്നും കേരളത്തെ നടുക്കിക്കൊണ്ടിരുന്ന ദിനങ്ങള്‍.

എല്ലാവര്‍ക്കും പോലീസില്‍ നിന്നാണ് വിവരം കിട്ടിക്കൊണ്ടിരുന്നത്. ഐ.എസ്.ആര്‍.ഒയില്‍ പ്രമുഖ ശാസ്ത്രജ്ഞനായ നമ്പി നാരായണന്‍ ആഴ്ചകളോളം പോലീസ് കസ്റ്റഡിയില്‍ കിടന്നു. മാലി വനിതകളായ മറിയം റഷീദ, ഫൗസിയ ഹസന്‍ എന്നിവരും പോലീസ് കസ്റ്റഡിയിലായിരുന്നു. ചോദ്യം ചെയ്യലിനെക്കുറിച്ച് പോലീസ് വൃത്തങ്ങള്‍ എനിക്കും കൃത്യമായി വിവരങ്ങള്‍ തന്നുകൊണ്ടിരുന്നുവെങ്കിലും ഞാന്‍ അതപ്പാടെ വിശ്വസിച്ചില്ല. എന്തോ പന്തികേടുണ്ടെന്ന് ഞാന്‍ സംശയിച്ചു. മാതൃഭൂമിയും ആ ദിവസങ്ങളില്‍ ഇതുസംബന്ധിച്ച് വാര്‍ത്തയൊന്നും കൊടുത്തില്ല. പത്രങ്ങള്‍ ചാരക്കേസ് ആഘോഷിച്ചുകൊണ്ടിരുന്നു, ദിവസേന.

ഡിസംബര്‍ ഒന്നാം തീയതി വൈകീട്ട് മുഖ്യമന്ത്രി കരുണാകരന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി മാര്‍ഗരറ്റ് ആല്‍വയെ ഫോണില്‍ വിളിച്ച് സിബിഐ അന്വേഷണം ആവശ്യപ്പെട്ടതോടെ കാര്യങ്ങളൊക്കെ തിരിഞ്ഞുമറിഞ്ഞു. ചാരക്കേസ് സംബന്ധിച്ച് കേരള പോലീസിന്റെ റിപ്പോര്‍ട്ടും ഐ.ബിയുടെയും കേരള പോലീസിന്റെ റിപ്പോര്‍ട്ടും ഐ.ബിയുടെയും കേരള പോലീസിന്റെയും ഓരോ കുറിപ്പും സി.ബി.ഐക്ക് കൈമാറി. കോണ്‍ഗ്രസില്‍ സംഘര്‍ഷം ഉരുണ്ടുകൂടിക്കൊണ്ടിരുന്നു. രമണ്‍ ശ്രീവാസ്തവയെ സംരക്ഷിക്കുന്ന മുഖ്യമന്ത്രി കരുണാകരനെതിരെ ആന്റണി പക്ഷവും തിരുത്തല്‍വാദികളും നിലപാടു കടുപ്പിച്ചു. ശ്രീവാസ്തവയും കറുത്തിരുണ്ട ദിനരാത്രങ്ങള്‍. ചാരക്കേസിന്റെ പേരില്‍ പത്രങ്ങള്‍ ശ്രീവാസ്തവയെ മുള്‍മുനയില്‍ നിര്‍ത്തി. ഒരു പോലീസുദ്യോഗസ്ഥന്റെ സകല കരുത്തും ശക്തിയും ചോര്‍ന്ന് തികച്ചും നിസ്സഹായനായി രമണ്‍ ശ്രീവാസ്തവ ഐ.പി.എസ്. കേരള പോലീസില്‍ സതേണ്‍ റെയ്ഞ്ച് ഐ.ജി. 

തളര്‍ന്ന് ക്ഷീണിച്ച് ഗാഢമായ നിദ്രയിലായിരുന്ന ശ്രീവാസ്തവയുടെ തിരുവനന്തപുരത്തെ വസതിയോടു ചേര്‍ന്നുള്ള ക്യാമ്പ് ഓഫീസിലേയ്ക്ക് ഒരു ഫോണ്‍ വരുന്നത് രാവിലെ 8.47-ന്. 1994 ഡിസംബര്‍ 17-ാം തീയതിയായിരുന്നു അത്. ധനുമാസം രണ്ടാം തീയതി തലേന്ന് ഗുരുവായൂരമ്പലത്തില്‍ പോയി രാത്രി വൈകിയാണ് വന്നത്. ഫോണില്‍ എം.എന്‍. ശര്‍മ. ചെന്നൈയില്‍ നിന്നാണ്. ഉടന്‍ ചെന്നൈയിലെത്തണമെന്ന് കര്‍ശന നിര്‍ദേശം. വൈകീട്ടത്തെ വാഹനത്തില്‍ തന്നെയെത്തണമെന്നും ഓര്‍മിപ്പിച്ചു. ഇതിനകം ചാരക്കേസ് സംബന്ധിച്ച് വിശദമായി അന്വേഷണം നടത്തിയിരുന്നു എം.എന്‍. ശര്‍മയുടെ നേതൃത്വത്തിലുള്ള സി.ബി.ഐ. സംഘം. എല്ലാം നുണക്കഥകള്‍. ആരൊക്കെയോ കെട്ടിച്ചമച്ച കള്ളക്കഥകള്‍. അന്നുരാത്രി ശര്‍മ്മയോടൊപ്പമായിരുന്നു ശ്രീവാസ്തവയുടെ അത്താഴം. സി.ബി.ഐ. മെസ്സില്‍നിന്ന്.

സി.ബി.ഐയുടെ അന്വേഷണകേന്ദ്രമായ ചെന്നൈയിലെ മല്ലിഹൈ എന്ന മന്ദിരത്തില്‍ കേസിലെ പ്രതികളെല്ലാം ഉണ്ടായിരുന്നു. നമ്പിനാരായണന്‍, മറിയം റഷീദ, ഫൗസിയ ഹസന്‍ എന്നിങ്ങനെ. എല്ലാവരും പ്രതീക്ഷ വീണ്ടെടുത്തിരുന്നു. ഐ.ബിയുടെയും കേരള പോലീസിന്റെയും റിപ്പോര്‍ട്ടുകളെല്ലാം കെട്ടുകഥകളാണെന്ന് സി.ബി.ഐ. സംഘം തെളിയിച്ചു. തെളിവുകളോടെ. ദിവസങ്ങള്‍ക്കുശേഷം എറണാകുളത്ത് ഫോര്‍ട്ട് കൊച്ചിയിലെ ഒരു ഗസ്റ്റ് ഹൗസിലിരുന്ന് എം.ആര്‍. ശര്‍മയും കെ.എം. നായരും എന്നോട് തുറന്നു സംസാരിച്ചു. വെളുക്കുവോളം നീണ്ട കൂടിക്കാഴ്ച. എന്നും അര്‍ദ്ധരാത്രി വരെ നീണ്ട ചോദ്യോത്തരപരിപാടി. എന്റെ എല്ലാ ചോദ്യങ്ങള്‍ക്കും വ്യക്തമായ തെളിവുകളോടെ മറുപടി. വെളുപ്പിനെയാണ് ഞാന്‍ താമസിക്കുന്ന ഹോട്ടലിലേക്ക് മടങ്ങുക. പിറ്റേന്ന് രാത്രി അടുത്തഘട്ടം. ക്ഷീണിക്കുമ്പോള്‍ കെ.എം. നായര്‍ കട്ടന്‍കാപ്പി തരും.

എന്റെ പത്രാധിപര്‍ ശേഖര്‍ ഗുപ്ത പൂര്‍ണപിന്തുണ നല്‍കിക്കൊണ്ടിരുന്നു. എന്നും രാവിലെ അദ്ദേഹം വിളിക്കും. കാര്യങ്ങള്‍ ചര്‍ച്ച ചെയ്യും. അവസാനം ഐ.എസ്.ആര്‍.ഒ. ചാരക്കേസ് കെട്ടുകഥയാണെന്ന് ഇന്ത്യാ ടുഡെയുടെ റിപ്പോര്‍ട്ട്. ശേഖര്‍ ഗുപ്തയും ഞാനും തയ്യാറാക്കിയത്. സി.ബി.ഐയുടെ റിപ്പോര്‍ട്ട് അംഗീകരിച്ചുകൊണ്ട് സുപ്രീം കോടതി വിധി പറഞ്ഞത് വലിയ വഴിത്തിരിവായി. എങ്കിലും ശ്രീവാസ്തവയുടെ പേരിലുള്ള സംഘര്‍ഷം മൂത്ത് കെ. കരുണാകരന്റെ രാജി വരെയെത്തി. 1995 മാര്‍ച്ച് 16 -ാം തീയതി കരുണാകരന്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചു. മാര്‍ച്ച് 22-ാം തീയതി എ.കെ. ആന്റണി മുഖ്യമന്ത്രിയായി സ്ഥാനമേറ്റു.

കരുണാകരന്‍ ചാരക്കേസ് തിരക്കിട്ട് സി.ബി.ഐയെ ഏല്‍പിച്ചതോടെ നമ്പി നാരായണനും മറിയം റഷീദയും ഫൗസിയാ ഹസനുമെല്ലാം രക്ഷപ്പെട്ടു. രമണ്‍ ശ്രീവാസ്തവയ്ക്ക് ഒരു പോറലും ഏറ്റില്ല. പക്ഷെ ഏറ്റവും വലിയ നഷ്ടം മുഖ്യമന്ത്രി കരുണാകരന് തന്നെയായിരുന്നു. അദ്ദേഹത്തിന് നഷ്ടപ്പെട്ടത് മുഖ്യമന്ത്രിക്കസേര. 1967-ല്‍ വെറും ഒമ്പത് അംഗങ്ങളുടെ നേതാവായി കേരള നിയമസഭയുടെ പ്രതിപക്ഷത്തെത്തി, ഐക്യമുന്നണി മുഖ്യമന്ത്രി ഇ.എം.എസ്.നമ്പൂതിരിപ്പാടിനെ നേരിട്ട കണ്ണോത്ത് കരുണാകരന്‍. ഭരണപക്ഷത്തുനിന്ന് സി.പി.ഐയെയും മുസ്‌ലിം ലീഗിനെയും മറ്റും അടര്‍ത്തിമാറ്റി ഐക്യ ജനാധിപത്യ മുന്നണി കെട്ടിപ്പടുത്ത കോണ്‍ഗ്രസ് നേതാവ്. കോണ്‍ഗ്രസുകാര്‍ തന്നെ അദ്ദേഹത്തെ വലിച്ചു താഴെയിട്ടു. 1995 മാര്‍ച്ച് 12-ാം തീയതി രാവിലെ ഒന്നാം നമ്പര്‍ കാറില്‍ രാജ്ഭവനിലെത്തി ഗവര്‍ണറെ കണ്ട് കരുണാകരന്‍ രാജിക്കത്ത് നല്‍കി. മടങ്ങി ക്ലിഫ് ഹൗസിലേക്ക്. പിന്നെ അവിടെനിന്ന് പുറത്തേക്ക്. കുറെ പത്രക്കാരോടൊപ്പം ഞാനും ആ യാത്രയ്ക്ക് സാക്ഷിയായി നിന്നു.

കുറിപ്പ്: ഐ.എസ്.ആര്‍.ഒ. ചാരക്കേസ് സംബന്ധിച്ച് ഇന്ത്യാടുഡേ വിശദമായ റിപ്പോര്‍ട്ടുകള്‍ നല്‍കിയപ്പോള്‍ത്തന്നെ സാവി എന്ന ഇംഗ്ലീഷ് പ്രസിദ്ധീകരണത്തിന്റെ തിരുവനന്തപുരം ലേഖകനും സി.ബി.ഐ. കണ്ടെത്തലുകളെ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ ചെയ്തിരുന്നു. ലേഖകന്‍ ജെ. രാജശേഖരന്‍ നായര്‍ പിന്നീട് ഈ വിഷയത്തെപ്പറ്റി സ്‌പൈസ് ഫ്രം സ്‌പേസ് എന്നൊരു പുസ്തകവും എഴുതി. രാജശേഖരന്‍ നായരുടെ പുസ്തകകത്തില്‍നിന്നുള്ള ചില വിവരങ്ങളും ഈ ലേഖനത്തില്‍ ചേര്‍ത്തിട്ടുണ്ട്. 

(രാഷ്ട്രീയ നിരീക്ഷകനും മാധ്യമപ്രവര്‍ത്തകനുമാണ് ലേഖകന്‍ )