കാസർകോട് രാജപുരം ചാമുണ്ഡിയിൽ എൻഡോസൾഫാൻ ഇരയായ മകളെ കൊലപ്പെടുത്തി അമ്മയുടെ ആത്മഹത്യ. ഇരുപത്തിയെട്ട് വർഷം ഒരുമിച്ച് താണ്ടിയ ദുരിതക്കടൽ ഇനിയും ഏറെക്കാലം താണ്ടാനാവില്ലെന്ന ബോധ്യമാണ് ഈ ക്രൂരകൃത്യം ചെയ്യാൻ വിമലാദേവിയെ പ്രേരിപ്പിച്ചതെന്നത് ഇവരുമായി അടുപ്പമുണ്ടായിരുന്നവരുടെ വാക്കുകളിൽ നിന്ന് വ്യക്തം.

To advertise here,

വിമലാദേവിയ്ക്കും ഭർത്താവ് രഘുനാഥനും മൂന്നാമതായി ജനിച്ച കുഞ്ഞ്. രണ്ട് ആൺകുട്ടികൾക്ക് ശേഷം പിറന്ന പെൺകുഞ്ഞ്.  അവരെ അവൾ മാളു എന്നുവിളിച്ചു രേഷ്മ എന്ന് പേരിട്ടു. കാത്തിരുന്ന് കിട്ടിയ മാളുവിന് മാനസിക വൈകല്യമുണ്ടെന്ന് തിരിച്ചറിഞ്ഞപ്പോൾ മങ്ങിയതാണ് ആ കുടുംബത്തിലെ സന്തോഷം. രേഷ്മ വളരുന്നതിനൊപ്പം വിമലാദേവിയുടേയും രഘുനാഥന്റേയും മനസ്സിലും ആധിയും വളരുന്നുണ്ടായിരുന്നു. ഞങ്ങൾക്ക് ശേഷം മകളുടെ ഭാവി എന്താകുമെന്നുള്ള ആധി.

ചാമുണ്ഡിക്കുന്ന് ​ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിലെ പാചക തൊഴിലാളിയായിരുന്ന വിമലാദേവിയും കൂലിപ്പണിക്കാരനായ രഘുനാഥനും ആൺമക്കളെ സ്കൂളിൽ വിട്ട ശേഷം ഭിന്നശേഷിക്കാരിയായ മകളെ പ്രായമായ അമ്മയെ നോക്കാൻ ഏൽപ്പിച്ചാണ് ജോലിയ്ക്ക് പോയിരുന്നത്. ആൺകുട്ടികൾ വിവാ​ഹശേഷം വേറെ വീടുകളിലേക്ക് താമസം മാറി, മരത്തിൽ നിന്ന് വീണ് പരിക്കേറ്റ രഘുനാഥൻ വർഷങ്ങളോളം കിടപ്പിലായി. പിന്നീട് മരിച്ചു. പ്രായമായ അമ്മയും മരിച്ചു. അതോടെ പ്രതിസന്ധികളുടെ നടുക്കടലിലായി വിമലാദേവിയുടേയും മകളുടേയും ജീവിതം. ആകെയുണ്ടായിരുന്ന വരുമാനമാർ​ഗം സ്കൂളിൽ കഞ്ഞിവെച്ച് കിട്ടുന്ന പൈസയായിരുന്നു, മാനസിക വളർച്ചയില്ലാത്ത മകളെ വീട്ടിൽ തനിച്ചാക്കി ജോലിക്ക് പോകാൻ കഴിയില്ലെന്നായപ്പോൾ അവളുടെ സുരക്ഷിതത്വത്തിനായി പലവഴികൾ തേടി. ഒടുവിൽ ബിരിക്കുളത്തെ സ്വകാര്യ പുനരധിവാസ കേന്ദ്രത്തിൽ മകളെ ഏൽപ്പിച്ചു. അവിടെ മകൾ സുരക്ഷിതയാണെങ്കിലും അത് താൽക്കാലിക ആശ്രയം മാത്രമാണെന്ന് അറിയാമായിരുന്ന വിമലാദേവി മകളുടെ ഭാവിയെക്കുറിച്ച് ഓർത്ത് ഉരുകുകയായിരുന്നു പിന്നീടുളള കാലം. 

അടുപ്പമുള്ളവരോടെല്ലാം തന്റെ സങ്കടം അവർ പങ്കുവെച്ചു. ഞാൻ മരിച്ചാൽ എന്റെ മാളു നരകിക്കുമെന്ന് പറഞ്ഞ് പലരുടേയും കൈ പിടിച്ച് കരഞ്ഞു. അടുത്തിടെ എൻഡോസൾഫാൻ നഷ്ടപരി​ഹാരമായി 5 ലക്ഷം രൂപ കിട്ടിയെങ്കിലും സാമ്പത്തിക പ്രയാസത്തിന് മാത്രമാണ് അതുകൊണ്ട് ആശ്വാസമായത്. പണത്തേക്കാൾ ഉപരി അവർക്ക് വേണ്ടിയിരുന്നതും എന്നും ആ​ഗ്രഹിച്ചിരുന്നിരുന്നതും തനിക്ക് വയ്യാത്ത കാലത്ത് ആർക്കും ബാധ്യതയാവാത്ത രീതിയിൽ മകളെ ഏൽപ്പിക്കാനുളള ഇടമായിരുന്നു.

കോവിഡ് വിമലദേവിയെ കൂടുതൽ വിഷമത്തിലേക്ക് തള്ളിവിട്ടു. കോവിഡ് വ്യാപനത്തെ തുടർന്ന് പുനരധിവാസ കേന്ദ്രം പൂട്ടിയതോടെ മകൾ വീണ്ടും വീട്ടിൽ തിരിച്ചെത്തി. ഇപ്പോൾ സ്ഥാപനം വീണ്ടും തുറന്നെങ്കിലും തിരിച്ച് പോകാൻ കഴിയില്ലെന്ന് മകൾ ശാഠ്യം പിടിച്ചു. മകളെ വീട്ടിൽ തനിച്ചാക്കി ജോലിയ്ക്ക് പോകാൻ കഴിയില്ലെന്നായി, വരുമാനമാർ​ഗം കൂടി നഷ്ടപ്പെടുമെന്നായതോടെ വിമലാദേവി മാനസികമായി തളർന്നു. മകൾ വീട്ടിൽ തനിച്ചായി പോകുന്ന അവസ്ഥ ഉണ്ടാവില്ലെന്നും ഏന്തെങ്കിലും വഴി കണ്ടെത്തുമെന്നും ഏറ്റവും അടുപ്പമുള്ളവരോടൊക്കെ അവർ പറഞ്ഞു, പക്ഷെ കേട്ടവരൊന്നും കരുതിയില്ല കാത്തിരിക്കുന്നത് ഇങ്ങനെ ഒരു ദുരന്തവാർത്തയാണെന്ന്.

ഞായറാഴ്ച രാത്രിയിൽ എപ്പോളോ മാളുവിനെ കഴുത്ത് ഞെരിച്ച് കൊന്നശേഷം വിമലാദേവി ആത്മഹത്യ ചെയ്തു. എൻ‍ഡോസൾഫാൻ വിതച്ച ദുരിതത്തിൽ നിന്ന് ഇതുവരെ അനുഭവിച്ച പ്രതിസന്ധിയിൽ നിന്ന് മകൾക്ക് ആരുമില്ലാതാവുമെന്ന അരക്ഷിതാവസ്ഥയിൽ നിന്ന് മോചനം ലഭിക്കാൻ അവർ കണ്ടെത്തിയ വഴി ഒന്നിച്ചുള്ള മരണമായിരുന്നു. എല്ലാവരോടും സ്നേഹത്തോടെ സൗമ്യമായി മാത്രം പെരുമാറിയിരുന്ന 28 വർഷം മാളുവിനെ താലോലിച്ച് വളർത്തിയ വിമലാദേവിയ്ക്ക്  ഇങ്ങനെയൊരു കടുംകൈ ചെയ്തെന്ന് ഇപ്പോളും ആർക്കും ഉൾക്കൊള്ളാനാവുന്നില്ല. പക്ഷെ മാളുവിനെ കുറിച്ചും അവളുടെ അമ്മയെക്കുറിച്ചും ചോദിച്ചവരൊക്കെ പറയുന്ന ഒന്നുണ്ട്, മകളെ സുരക്ഷിതമായി ഏൽപ്പിക്കാൻ ഒരിടമുണ്ടായിരുന്നെങ്കിൽ അവരിനിയും കുറേക്കാലം ജീവിച്ചേനെയെന്ന്. 

ഭിന്നശേഷിക്കാരുടെ പുനരധിവാസം ഒരു സാമൂഹ്യപ്രശ്നമാണ്. ഇത് ഒരു അമ്മയുടേയോ കുട്ടിയുടേയോ മാത്രം പ്രശ്നമല്ല, ഞങ്ങളുടെ കാലശേഷം ഭിന്നശേഷിക്കാരായ മക്കളുടെ ഭാവി എന്താകുമെന്ന് ആശങ്കപ്പെട്ട് ജീവിതം തളളി നീക്കുന്ന ഒരുപാട് അമ്മമാരിൽ ഒരാൾ മാത്രമാണ് വിമലാദേവി. ഇത്തരം കുട്ടികളെ രക്ഷിതാക്കളുടെ കാലശേഷം സുരക്ഷിതമായി പുനരധിവസിപ്പിക്കാൻ സാധിക്കുന്ന ഒരു സംവിധാനം സർക്കാർ തലത്തിൽ ഇല്ല എന്നത് തന്നെയാണ് നമ്മുടെ സമൂഹത്തിലെ ഏറ്റവും വലിയ പോരായ്മ. അങ്ങനെ ഒരു സംവിധാനം ഉണ്ടായാൽ ഇത്തരം കുഞ്ഞുങ്ങളുടെ ഭാവിയെക്കുിച്ച് ആശങ്കപ്പെടാതെ അവരെ വളർത്താനുള്ള ആത്മവിശ്വാസം രക്ഷിതാക്കൾക്ക് ഉണ്ടാവും. 

പത്മകുമാർ
(ചാമുണ്ഡിക്കുന്ന് ​ഗവ ഹൈസ്ക്കൂൾ അധ്യാപകൻ)


(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)