
ഗുജറാത്ത് വംശഹത്യയുടെ നീറുന്ന ഓര്‍മകള്‍ നരോദ ഗാമിലെ തെരുവുകളില്‍നിന്ന് ഇന്നും വിട്ടുപോയിട്ടില്ല. പ്രേത നഗരമെന്നോണം ചിന്നിച്ചിതറിയ കെട്ടിടങ്ങളിലും തെരുവുകളിലും കലാപത്തിന്റെ അടയാളങ്ങള്‍ ഇപ്പോഴുമുണ്ട്. ആ ദിവസത്തെ ഓര്‍ത്തെടുക്കുന്നത് പോലും ഭയപ്പെട്ടിരുന്ന ഇരകളില്‍ പലരും നരോദ ഗാമില്‍ നിന്ന് എങ്ങോട്ടേക്കോ രക്ഷപ്പെട്ടു. കാരണം അത്രമാത്രം ഭീകരമായിരുന്നു മതഭ്രാന്ത് മൂത്ത ഒരുകൂട്ടം കലാപകാരികളുടെ അഴിഞ്ഞാടല്‍. നഷ്ടമായത് 11 ജീവനുകള്‍.
ഗോധ്ര തീവണ്ടി ദുരന്തത്തിനു പിന്നാലെ വിശ്വഹിന്ദു പരിഷത്ത് പ്രഖ്യാപിച്ച ബന്ദായിരുന്നു അന്ന്; 2002 ഫെബ്രുവരി 28ന്. ബന്ദിന്റെ നിശ്ചലതയ്ക്കിടെ കൈയില്‍ വാളും ആയുധങ്ങളുമേന്തി ആക്രോശിച്ചെത്തിയ കലാപകാരികള്‍ വീടുകള്‍ ചുട്ടെരിച്ചു. മുസ്ലിം വിഭാഗത്തിലെ 11 പേരാണ് അന്ന് കൊല്ലപ്പെട്ടത്. പ്രതികളില്‍ 18 പേര്‍ ഇതിനകം മരിച്ചു. പ്രോസിക്യൂഷന്‍ 187-ഉം പ്രതിഭാഗം 57-ഉം സാക്ഷികളെ വിസ്തരിച്ചു. 11 പേര്‍ കൂട്ടക്കൊല ചെയ്യപ്പെട്ടതിന് പുറമെ കലാപകാരികള്‍ കണ്ണില്‍ കണ്ടതൊക്കെ നശിപ്പിച്ചു. സ്ത്രീകള്‍ക്ക് നേരെ അതിക്രൂരമായ അക്രമങ്ങള്‍ അഴിച്ചുവിട്ടു. പ്രതിസ്ഥാനത്തുണ്ടായിരുന്നത് മുന്‍ ഗുജറാത്ത് മന്ത്രിയായിരുന്ന മായബെൻ കോട്നാനിയും ബജ്റംഗ് ദള്‍ നേതാവ് ബാബു ബജ്റംഗിയും ഉള്‍പ്പെടെ 86 പേര്‍. സംഭവം നടന്ന് 21 വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ പ്രതികളെയെല്ലാം വെറുതെവിട്ട കോടതി വിധിയാണുണ്ടായിരിക്കുന്നത്.

ഇന്നത്തെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ 2017-ല്‍ കോട്നാനിക്കുവേണ്ടി സാക്ഷിപറയാനുമെത്തിയിരുന്നു. 2010-ല്‍ വിചാരണ തുടങ്ങിയെങ്കിലും ആറുജഡ്ജിമാര്‍ മാറിമാറി വന്നത് നടപടികള്‍ വൈകിപ്പിച്ചു. പത്രപ്രവര്‍ത്തകന്‍ ആഷിഷ് കേതന്റെ ഒളിക്യാമറ റിപ്പോര്‍ട്ടുകളും കോട്നാനിയുടെ ഫോണ്‍ സംഭാഷണങ്ങളും തെളിവായി പ്രോസിക്യൂഷന്‍ ഹാജരാക്കി. വിചാരണക്കാലയളവിനിടെ പലരും മരിച്ചുപോയെങ്കിലും ബാക്കിയായ 68 പ്രതികളെയാണ് അഹമ്മദാബാദ് പ്രത്യേക കോടതി വെറുതെ വിട്ടിരിക്കുന്നത്. ഇതോടെ ബാക്കിയാവുന്നത് ഗുജറാത്ത് കലാപത്തിന്റെ ഭാഗമായിട്ടുള്ള നരോദ ഗാമിലെ നടുക്കുന്ന ഓര്‍മകള്‍ മാത്രമാണ്.
ഗുജാറത്ത് കലാപവുമായി ബന്ധപ്പെട്ട ഒമ്പത് പ്രധാന കാലാപങ്ങളിലൊന്നായിരുന്നു നരോദ ഗാമിലേത്. സുപ്രീംകോടതിയുടെ മേല്‍നോട്ടത്തില്‍ നടന്ന ഒരേയൊരു വിചാരണയും ഇതായിരുന്നു. എന്നിട്ടും കേസ് വര്‍ഷങ്ങളോളം നീണ്ടുപോയി. നരോദ ഗാമിനു സമീപം നരോദ പാട്യയില്‍ 97 പേരെ കൂട്ടക്കൊല നടത്തിയ കേസിലും മായ കോട്നാനിയെ 28 വര്‍ഷം തടവിന് വിചാരണക്കോടതി ശിക്ഷിച്ചിരുന്നു. എന്നാല്‍, ഹൈക്കോടതി വെറുതേ വിട്ടു. ബാബു ബജ്റംഗിയുടെ ശിക്ഷ ശരിവെക്കുകയും ചെയ്തു.

കണ്‍മുന്നില്‍ കണ്ടത് വിശ്വസിക്കാനാവാതെ
രാജ്യംകണ്ട ഏറ്റവും വലിയ കലാപങ്ങളിലൊന്നായ ഗുജറാത്ത് കലാപത്തിന്റെ നടുക്കുന്ന ഓര്‍മകളായിരുന്നു പലര്‍ക്കും നരോദ ഗാം. കണ്‍മുന്നില്‍ കണ്ടത് കോടതിയില്‍ പറഞ്ഞിട്ടും നീതി ലഭിക്കാതായതോടെ പ്രതീക്ഷിച്ചതെന്തോ അത് സംഭവിച്ചുവെന്ന മട്ടിലാണ് വിധി പ്രസ്താവത്തിന് ശേഷം ഇരകളായവര്‍. 17 പേരെ താന്‍ തിരിച്ചറിഞ്ഞിരുന്നുവെന്നും അത് കോടതിയില്‍ പറഞ്ഞിരുന്നുവെന്നും ചൂണ്ടിക്കാട്ടുന്നു ഇംതിയാസ് അഹമ്മദ് ഹുസൈന്‍ ഖുറേഷിയെന്ന സാക്ഷി. പ്രതിപട്ടികയിലുണ്ടായിരുന്ന മുന്‍ വി.എച്ച്.പി നേതാവ് ജയ്ദീപ് പാട്ടീല്‍, പ്രത്യുമാന്‍ പാട്ടീല്‍ എന്നിവര്‍ മസ്ജിദിന് തീയിടാന്‍ കലാപകരികള്‍ക്ക് സിഗ്നല്‍ നല്‍കുന്നത് കണ്ടതാണ്. അഞ്ചുപേര്‍ എന്റെ കണ്‍ മുന്നില്‍ വെച്ചാണ് വെന്തുമരിച്ചത്. അവരെ ഞാന്‍ തിരിച്ചറിയുകയും ചെയ്തു. ഇംതിയാസ് അഹമ്മദ് ഹുസൈന്‍ ഖുറേഷി വിധിക്ക് ശേഷം മാധ്യമങ്ങളോട് പറഞ്ഞു.
പ്രതികള്‍ ശിക്ഷിക്കപ്പെടണം. അല്ലാത്തപക്ഷം ഈ വെറുതെ വിടല്‍ തങ്ങളെ പോലുള്ളവര്‍ക്ക് കോടതിയോടുള്ള വിശ്വാസ്യത ഇല്ലാതാക്കും. ഇരകളെ സംബന്ധിച്ച് കറുത്ത ദിനമാണിന്ന്. മരിച്ചവര്‍ സ്വയം തീക്കൊളുത്തി ആത്മഹത്യ ചെയ്തവരല്ല. കരുതിക്കൂട്ടി ചുട്ടുകൊന്നതാണ്. 21 വര്‍ഷമാണ് നീതിക്ക് വേണ്ടി പോരാടിയത്. ഇപ്പോഴത്തെ വിധിയെ ഗുജറാത്ത് ഹൈക്കോടതിയില്‍ ചോദ്യം ചെയ്യും. ഖുറേഷി ചൂണ്ടിക്കാട്ടുന്നു. കണ്ടതെല്ലാം ഈ വിധിപ്രസ്താവം കൊണ്ട് മാത്രം മറക്കാനാവുന്നതല്ല. കലാപം നടന്ന കുംഭര്‍വാസില്‍ അന്ന് ഒരു നവ വധു ഉണ്ടായിരുന്നു.വിവാഹം കഴിഞ്ഞിട്ട് 15 ദിവസം പോലുമായിരുന്നില്ല. ആ പെണ്‍കുട്ടിയെ കലാപകാരികള്‍ കുത്തുന്നത് എന്റെ കണ്‍ മുന്നില്‍ വെച്ചാണ് കണ്ടത്. അവളുടെ കുടുംബം ഒന്നാകെ കൊല്ലപ്പെട്ടു. ഇതെല്ലാം മറക്കണമെന്നാണോ പറയുന്നത്. വിധിക്ക് ശേഷം ഖുറേഷി ചോദിക്കുന്നു.

നാനാവതി കമ്മീഷന്റെ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത് നേരത്തെ പറഞ്ഞ നവവധുവിന്റെ കുടുംബത്തെ ഒന്നാകെ മണ്ണെണ്ണ ഒഴിച്ച് ചൂട്ടുകൊല്ലുകയായിരുന്നുവെന്നാണ്. പെണ്‍കുട്ടിയുടെ ഭര്‍ത്താവ്, ഭര്‍ത്താവിന്റെ അമ്മ, സഹോദരങ്ങള്‍ എന്നിവരെല്ലാം വെന്തുമരിച്ചു. ഇക്കാര്യങ്ങളൊക്കെ തെളിവ് സഹിതം കോടതിയില്‍ വ്യക്തമാക്കിയിരുന്നുവെങ്കിലും പ്രതികളെ വെറുതെ വിടുകയായിരുന്നു
കൊലപാതകം, കൊലപാതക ശ്രമം, അനധികൃത കൂടിച്ചേരല്‍, കലാപ ശ്രമം, മരണത്തിന് കാരണമായേക്കാവുന്ന ആയുധങ്ങള്‍ ഉപയോഗിച്ചുള്ള കലാപം, ക്രിമിനല്‍ ഗൂഢാലോചന, അക്രമത്തിന് പ്രേരിപ്പിക്കല്‍ എന്നീ വകുപ്പുകളും പ്രതികള്‍ക്കെതിരേ ചുമത്തിയിരുന്നു. വധശിക്ഷവരെ കിട്ടാവുന്ന വകുപ്പുകളായിട്ടും പ്രതികള്‍ രക്ഷപ്പെട്ടതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും ഇരകളായവര്‍ പറയുന്നു.

നരോദ ഗാമും നരോദ പാട്യയും
നരോദ ഗാമില്‍ നിന്ന് ഒരു കിലോമീറ്റര്‍ അപ്പുറത്തുള്ള നരോദ പാട്യയിലായിരുന്നു ഗുജറാത്ത് കലാപത്തിനോടനുബന്ധിച്ച് നടന്ന ഏറ്റവും വലിയ കൂട്ടക്കൊല നടന്നത്. മുസ്ലീം വിഭാഗത്തില്‍ പെട്ട 97 പേരെയാണ് കലാപകാരികള്‍ കൂട്ടക്കൊല ചെയ്തത്. അയ്യായിരത്തോളം വരുന്ന അക്രമികള്‍ നരോദ പാട്യയിലെത്തുകയും പേക്കൂത്ത് നടത്തുകയുമായിരുന്നു. ഗോധ്ര തീവണ്ടി ദുരന്തത്തിന് ശേഷം നടന്ന ബന്ദിനിടെ നടന്ന കലാപം 10 മണിക്കൂറോളമാണ് നീണ്ടു നിന്നത്. സ്ത്രീകളെ കൂട്ട ബലാത്സംഗം ചെയ്തു, മാനഭംഗപ്പെടുത്തി, ആളുകളെ ഒറ്റയ്ക്കായും കൂട്ടമായും തീവെച്ചു കൊന്നു, കടകളും, വീടുകളും സ്ഥാപനങ്ങളും അഗ്നിക്കിരയാക്കുകയും കവര്‍ച്ച ചെയ്യപ്പെടുകയും ചെയ്തു. കര്‍ഫ്യൂ ഏര്‍പ്പെടുത്തി അക്രമം നേരിടാന്‍ കേന്ദ്ര സേനവരെ എത്തിയെങ്കിലും വലിയ ദുരന്തമാണ് ബാക്കി വെച്ചത്. ഈ കേസിലും ഗുജറാത്ത് മുന്‍ മന്ത്രിയായിരുന്ന മായ കോട്നാനിയടക്കമുള്ളവരായിരുന്നു പ്രതികള്‍.
കലാപത്തില്‍ നിന്ന് രക്ഷപ്പെട്ടവരില്‍ പലരും വലിയ അരക്ഷിതാവസ്ഥയിലേക്കാണ് തള്ളിവിടപ്പെട്ടത്. സാമൂഹിക-സാമ്പത്തിക പ്രശ്‌നങ്ങള്‍ കൊണ്ട് പലരും ചിന്നഭിന്നമായി പോയി. പലരും ഭവന രഹിതമായി അനാഥരക്കപ്പെട്ട് ക്യാംപുകളിലേക്ക് തള്ളിവിട്ടു. നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ഗുജറാത്ത് സര്‍ക്കാരും, പോലീസും അക്രമത്തിന് ഒത്താശ ചെയ്തു കൊടുത്തു എന്ന് ആരോപണമുയര്‍ന്നു. അക്രമികള്‍ കലാപമഴിച്ചുവിടുമ്പോൾ പോലീസ് നിഷ്‌ക്രിയരായി നോക്കി നില്‍ക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷി മൊഴികളും പറയുന്നു. 46 പേര്‍ക്കെതിരെ കുറ്റപത്രം ചുമത്തിക്കൊണ്ട് ഗുജറാത്ത് പോലീസ് കേസെടുത്തുവെങ്കിലും, ഇവരാരും അല്ല യഥാര്‍ഥ കുറ്റവാളികളെന്നു പറഞ്ഞ് ഇവരെ വെറുതെ വിടുകയാണുണ്ടായത്.
സംഭവത്തെക്കുറിച്ചന്വേഷിക്കാന്‍ ഒരു പ്രത്യേകാന്വേഷണ കമ്മീഷനെ സുപ്രീംകോടതി നിയോഗിച്ചു. ഈ അന്വേഷണ കമ്മീഷനാണ് മായാ കോട്നാനി ഉള്‍പ്പെടെ, 61 പേര്‍ക്കെതിരേ കുറ്റപത്രം ചുമത്തിയത്. 2012 ഓഗസ്റ്റ് 29 ന് പ്രത്യേക കോടതിയുടെ വിധി പ്രകാരം 61 പേരില്‍ 32 പേര്‍ കുറ്റക്കാരെന്നു കണ്ടെത്തിയെങ്കിലും 29 പേരെ തെളിവുകളുടെ അഭാവത്തില്‍ വെറുതെ വിടുകയും ചെയ്തു. മായാ കോട്നാനിക്ക് 28 വര്‍ഷം ജയില്‍വാസവും, ബജ്രംഗദള്‍ നേതാവ് ബാബു ബംജ്രഗിക്ക് ജീവപര്യന്തവും ശിക്ഷ ലഭിച്ചുവെങ്കിലും 2018-ല്‍ മായ കോട്നാനിയും ജയില്‍ മോചിതയായി. ഈ കേസില്‍ ശിക്ഷിക്കപ്പെട്ട ഏറ്റവും ഉയര്‍ന്ന വ്യക്തികളില്‍ ഒരാളായിരുന്നു കോട്നാനി, കൂടാതെ പ്രതികളില്‍ ഏക സ്ത്രീയും.

മായ കോട്‌നാനിയുടെ പങ്ക്
കുറ്റകൃത്യങ്ങള്‍ നടക്കുമ്പോള്‍ കോട്‌നാനി സ്ഥലത്തുണ്ടായിരുന്നുവെന്നും കലാപകാരികള്‍ക്ക് ആയുധങ്ങള്‍ നല്‍കുകയും ആക്രമിക്കാന്‍ അവരെ ഉദ്ബോധിപ്പിക്കുകയും ചെയ്തുവെന്നുമായിരുന്നു സാക്ഷിമൊഴികള്‍. കലാപാഹ്വാനം നടത്തി കോട്‌നാനി ദിവസം മുഴുവന്‍ നരോദയില്‍ ചുറ്റിക്കറങ്ങിയെന്നും സാക്ഷികള്‍ ചൂണ്ടിക്കാട്ടി. മൊബൈല്‍ ഫോണ്‍ രേഖകളും മറ്റും ഇതിന് തെളിവാവുകയും ചെയ്തു. മൊബൈല്‍ ഫോണ്‍ രേഖകള്‍ പിന്നീട് പോലീസ് കുഴിച്ചുമൂടുന്ന സംഭവങ്ങള്‍വരെയുണ്ടായി. ഇത് 2004-അന്വേഷണ കമ്മീഷന്‍ വെളിച്ചത്തുകൊണ്ടുവരികയും ചെയ്തിരുന്നു. പിന്നീട് 2008-ല്‍ സുപ്രീംകോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) കേസ് അന്വേഷിച്ചു. തുടര്‍ന്നാണ് 2009 മാര്‍ച്ച് 27-ന് ഗുജറാത്ത് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യ ഹര്‍ജി റദ്ദാക്കിയതിനെ തുടര്‍ന്ന് ഇവരുടെ അറസ്റ്റിലേക്ക് നയിച്ചത്. 2012 ആഗസ്ത് 31 ന് ആയിരുന്നു മായ കോട്‌നാനിയുടെ വിചാരണ ആരംഭിച്ചത്. കോടതി 28 വര്‍ഷത്തെ ജയില്‍ ശിക്ഷ വിധിക്കുകയും ചെയ്തു. നരോദ കലാപത്തിന്റെ കിങ്പിന്‍ എന്നാണ് കേസ് പരിഗണിക്കുന്നതിനിടെ അഡീഷണല്‍ പ്രിന്‍സിപ്പള്‍ ജഡ്ജ് ജോത്സ്ന യാഗ്നി അന്ന് കോട്‌നാനിയെ വിളിച്ചത്.
മായ കോട്നാനിക്ക് അനുകൂലമായി ആഭ്യന്തരമന്ത്രി അമിത് ഷായും മൊഴി നല്‍കിയിരുന്നു. സംഭവസ്ഥലത്ത് മായ ഉണ്ടായിരുന്നില്ലെന്ന് സ്ഥാപിക്കാനാണ് ഷായെ പ്രതിഭാഗം സാക്ഷിയാക്കിയത്. ബി.ജെ.പി. ദേശീയ അധ്യക്ഷനായിരിക്കുമ്പോഴാണ് അമിത് ഷാ 2017 സെപ്റ്റംബറില്‍ വിചാരണക്കോടതിയില്‍ ഹാജരായത്. കോട്നാനിയെ സംഭവദിവസമായ 2002 ഫെബ്രുവരി 28-ന് രാവിലെ നിയമസഭയിലും പിന്നീട് സിവില്‍ ആശുപത്രിയിലും താന്‍ കണ്ടതായി ഷാ ഏകദേശം സമയമടക്കം കോടതിയില്‍ പറഞ്ഞു. ഇരുവരും അന്ന് ബി.ജെ.പി. എം.എല്‍.എ.മാരുമായിരുന്നു. സ്വന്തം മണ്ഡലമായ നരോദയില്‍ കാറില്‍ ചുറ്റിക്കറങ്ങി കലാപകാരികള്‍ക്ക് ആവേശം പകര്‍ന്നു നല്‍കിയത് മായയാണെന്ന ആരോപണമാണ് പ്രോസിക്യൂഷന്‍ ഉന്നയിച്ചത്.

2002, 2007 വര്‍ഷങ്ങളില്‍ ഒരു ലക്ഷത്തിലേറെ വോട്ടുകള്‍ക്ക് വിജയിച്ച മായ, നരേന്ദ്രമോദിയുടെ മന്ത്രിസഭയില്‍ വനിതാ ശിശുക്ഷേമ മന്ത്രിയായിരിക്കെയാണ് അറസ്റ്റിലായത്. പക്ഷെ കേസില്‍ ഹൈക്കോടതി കുറ്റവിമുക്തയാക്കിയതോടെ വീണ്ടും പൊതുരംഗത്ത് ഇടപെട്ടു തുടങ്ങി. എങ്കിലും നരോദ ഗാവ് കേസിന്റെ നിഴല്‍ കിടക്കുന്നതിനാല്‍ പാര്‍ട്ടി ഉത്തരവാദിത്വങ്ങള്‍ ഏല്‍പ്പിച്ചിരുന്നില്ല. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ നരോദയിലെ ബി.ജെ.പി. സ്ഥാനാര്‍ഥിയായ പായല്‍ കുക്രാനിക്കു വേണ്ടി മായ കോട്നാനി സജീവമായി രംഗത്തുണ്ടായിരുന്നു. നരോദപാട്യ കേസില്‍ ശിക്ഷിക്കപ്പെട്ട മനോജി കുക്രാനിയുടെ മകളാണ് പായല്‍. വിഭജനകാലത്ത് ഇന്ത്യയിലേക്ക് രക്ഷപ്പെട്ട സിന്ധി കുടുംബത്തില്‍ പിറന്ന മായ ഡോക്ടറാണ്. ആര്‍.എസ്.എസിന്റെ രാഷ്ട്ര സേവികാ സമിതിയിലൂടെയാണ് പൊതുരംഗത്തു വന്നത്.
ഗുജറാത്ത് സര്‍ക്കാരിന്റെ ഔദ്യോഗിക കണക്കുകള്‍ പ്രകാരം, ഗുജറാത്ത് കലാപത്തില്‍ 1044 പേരാണ് കൊല്ലപ്പെട്ടത്. ഇതില്‍ 790 പേര്‍ മുസ്ലിം സമുദായത്തില്‍ പെട്ടവരും, 254 പേര്‍ ഹൈന്ദവ സമുദായത്തില്‍പ്പെട്ടവരുമായിരുന്നു. 223 പേരെ കാണാതായതായി കണക്കുകള്‍ പറയുന്നു. 2548 പേര്‍ കലാപത്തില്‍ മുറിവേറ്റവരായുണ്ട്, 919 സ്ത്രീകള്‍ വിധവകളായപ്പോള്‍, 600 ഓളം കുട്ടികള്‍ അനാഥരായി മാറി. കലാപം നടന്ന് ഏഴുകൊല്ലങ്ങള്‍ക്കു ശേഷം, കാണാതായവരെ മരിച്ചതായി പ്രഖ്യാപിച്ചു, അങ്ങനെ മരണസംഖ്യ 1044 ല്‍ നിന്നും 1267 ആയി മാറി. എന്നാല്‍ മരണസംഖ്യ 2000 ഓളം വരുമെന്ന് അനൗദ്യോഗിക കണക്കുകള്‍ പറയുന്നു.
Content Highlights: Gujarat riot verdict naroda gam massacre
Published: 21 Apr 2023, 02:35 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented