“It is this sum total of these modern attempts to perpetuate colonialism while at the same time talking about ‘freedom’, which has come to be known as neo-colonialism”- Kwame Nkrumah (Former President of Ghana)

ലോകത്തെവിടെയും കുടിയേറ്റ തൊഴിലാളികൾ നേരിടുന്ന മനുഷ്യാവകാശ ലംഘനങ്ങളുടെ കഥകൾക്ക് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. തങ്ങളുടെ രാജ്യത്ത് ലഭിക്കാത്ത സ്വാതന്ത്ര്യവും സമൃദ്ധിയും തേടി വികസിത രാജ്യങ്ങളിലേക്ക് ചേക്കേറുന്നവരിൽ വലിയൊരു വിഭാഗവും ഇരയാകുന്നത് കടുത്ത വിദ്വേഷത്തിനും വംശീയ അധിക്ഷേപങ്ങൾക്കുമാണ്. ലോക പോലീസ് ചമയുന്നവരും മറ്റ് വികസിത രാജ്യങ്ങളും കുടിയേറ്റത്തിന്മേലുള്ള തങ്ങളുടെ ജനാധിപത്യപരമായ നിലപാട് അറിയിക്കുമെങ്കിലും കൃത്യമായുള്ള ഇടപെടലുകൾ നടത്തുന്നത് വിരളമാണ്. ഇതിന് പിന്നിൽ സ്വാർഥമായ താല്പര്യങ്ങളാകാം. അല്ലെങ്കിൽ പൊതുബോധ്യത്തിനൊപ്പം നീങ്ങാൻ ഭരണാധികാരികൾ നിർബന്ധിതരാകുന്നതായിരിക്കാം.

To advertise here,

ഫ്രാൻസിലെ കുടിയേറ്റവും ന്യൂനപക്ഷങ്ങളോടുമുള്ള സമീപനവുമാണ് നിലവിലെ ചർച്ച. ഗതാഗതനിയമം ലംഘിച്ചെന്നാരോപിച്ച് പതിനേഴുകാരനെ ഫ്രഞ്ച് പോലീസ് വെടിവച്ച് കൊന്നതിന് പിന്നാലെ രാജ്യത്ത് കലാപാന്തരീക്ഷമാണ്. ആഫ്രിക്കൻ രാജ്യങ്ങളിലെ ഫ്രഞ്ച് അധിനിവേശത്തിനും തിരിച്ചുള്ള കുടിയേറ്റങ്ങൾക്കും പതിനേഴാം നൂറ്റാണ്ടു മുതലുള്ള ചരിത്രമുണ്ട്. ഭൂമിശാസ്ത്രപരമായി കടൽമാർഗം എളുപ്പത്തിലെത്താൻ സാധിക്കുന്ന യൂറോപ്യൻ രാജ്യങ്ങളിലൊന്നാണ് ഫ്രാൻസ് എന്നതും ഒരു കാലത്ത് വിവിധ ആഫ്രിക്കൻ രാജ്യങ്ങൾ ഫ്രഞ്ച് കോളനികളായിരുന്നു എന്നതും കുടിയേറ്റത്തിന് ആക്കം കൂട്ടി.

placeholder
ഫ്രഞ്ച്  പോലീസ് ഉദ്യോഗസ്ഥർ കലാപകാരികൾ കത്തിച്ച ചവറ്റുകുട്ടയ്ക്ക് പിന്നിൽ | Photo:AFP

ഫ്രാൻസിലേക്കുള്ള തൊഴിലാളികളുടെ ഒഴുക്ക്

ഫ്രഞ്ച് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്റ്റാറ്റിസ്റ്റിക്സിന്റെ 2021-ലെ കണക്ക് പ്രകാരം രാജ്യത്ത് ഏകദേശം 70 ലക്ഷം കൂടിയേറ്റക്കാരുണ്ടെന്നാണ് വിവരം. ഫ്രാൻസിന്റെ മൊത്തം ജനസംഖ്യയുടെ ഏകദേശം 10.3 ശതമാനമാണിത്. ഇതേ സ്ഥാപനത്തിന്റെ തന്നെ 2018-ലെ കണക്കുകൾ പരിശോധിക്കുമ്പോൾ കുടിയേറ്റത്തിന്റെ കാര്യത്തിൽ ​ഗണ്യമായ കുറവുണ്ടെന്ന് വ്യക്തമാണ്.

രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ഫ്രാൻസിലേക്കുള്ള കുടിയേറ്റത്തിൽ വലിയ വർധനവുണ്ടായി. പുനഃനിർമാണകാലഘട്ടങ്ങളിൽ തൊഴിലാളികളുടെ ആവശ്യം വർധിച്ചതോടെ മറ്റ് രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റക്കാരെ ഫ്രഞ്ച് സർക്കാർ ഏറെ പ്രോത്സാഹിപ്പിച്ചിരുന്നു. ആഫ്രിക്കൻ, ഏഷ്യൻ രാജ്യങ്ങളിൽനിന്നും ബെൽജിയം, പോളണ്ട്, ഇറ്റലി, സ്പെയിൻ തുടങ്ങിയ യൂറോപ്യൻ രാജ്യങ്ങളിൽനിന്നും ഫ്രാൻസ് തൊഴിലാളികളെ എത്തിച്ചു. 

ഫ്രഞ്ച് വിപണിയിൽ തൊഴിൽ മത്സരങ്ങൾ ഉയർന്നത് ചില അക്രമ സംഭവങ്ങൾക്കും അസ്വാരസ്യങ്ങൾക്കും വഴിവച്ചെങ്കിലും രാജ്യം കുടിയേറ്റക്കാരെ സ്വാ​ഗതം ചെയ്യുന്നത് തുടർന്നു. സാമ്പത്തികമായുള്ള ഫ്രഞ്ച് ജനതയുടെ വളർച്ചയ്ക്ക് തൊഴിലാളികളെ ആവശ്യമാണെന്നതാണ് പലവിധ പ്രശ്നങ്ങൾക്കിടയിലും കുടിയേറ്റത്തിനുനേരെ കണ്ണടയ്ക്കാനുള്ള സർക്കാർ തീരുമാനത്തിന് പിന്നിലെ പ്രധാന കാരണം. യൂറോപ്യൻ ഫാസിസം ലോകത്തിന് സൃഷ്ടിച്ച നഷ്ടങ്ങൾ ഇല്ലാതാക്കാനും മനുഷ്യാവകാശങ്ങളെക്കുറിച്ച് യൂറോപ്യൻ ശക്തികൾക്കുണ്ടായ പുനര്‍വിചിന്തനമാണ്‌ കുടിയേറ്റക്കാരെ സ്വാ​ഗതം ചെയ്യാനുള്ള തീരുമാനത്തിന് പിന്നിലെന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്. 

കാര്യങ്ങൾ അനുകൂലമായതോടെ അൾജീരിയ, മൊറോക്കോ, ടുണീഷ്യ തുടങ്ങിയ ആഫ്രിക്കൻ രാജ്യങ്ങളിൽനിന്നും വ്യാപകമായി തൊഴിലാളികൾ ഫ്രാൻസിലെത്തി. ഫ്രാൻസിന്റെ തന്നെ കോളനികളായിരുന്ന വടക്കൻ ആഫ്രിക്കൻ രാജ്യങ്ങളിൽനിന്നുള്ള തൊഴിലാളികളായിരുന്നു രാജ്യത്തേക്കുള്ള കുടിയേറ്റത്തിൽ പ്രധാന പങ്കുവഹിച്ചത്‌. എന്നാൽ, ഇവര്‍ക്ക് തുച്ഛമായ വേതനം മാത്രമായിരുന്നു ലഭിച്ചത്. 1975-ഓടെ ഫ്രാൻസിലെ മൊത്തം വിദേശികളിൽ 25 ശതമാനത്തോളവും ഫ്രാൻസിന്റെ മുൻ ആഫ്രിക്കൻ കോളനികളിൽ നിന്നുമുള്ളവരായിരുന്നു. 

എണ്ണ പ്രതിസന്ധിയും തൊഴിലില്ലായ്മയും

ഒരു പരിധി വരെ കുടിയേറ്റക്കാരെ സ്വീകരിക്കുന്നതിനുള്ള ഫ്രാൻസിന്റെ ലിബറൽ നയങ്ങൾക്ക് മാറ്റം വരുന്നത് രാജ്യത്ത് എണ്ണ പ്രതിസന്ധി രൂക്ഷമാകുന്നതോടെയാണ്. രാജ്യം സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുമെന്ന ഘട്ടം വന്നതോടെ കുടിയേറ്റക്കാരോടുള്ള ഫ്രാൻസിന്റെ നയം ചോദ്യം ചെയ്തുകൊണ്ട് വലതുപക്ഷ ശക്തികൾ രം​ഗത്തെത്തിയിരുന്നു. ഫ്രഞ്ച് സമ്പദ്‌വ്യവസ്ഥയെ മാത്രമല്ലായിരുന്നു എണ്ണ പ്രതിസന്ധി അന്ന് ബാധിച്ചത്. മറിച്ച് ഒട്ടനവധി യൂറോപ്യൻ രാജ്യങ്ങളിലും വിഷയം രൂക്ഷമായി. ഇതോടെ രാജ്യങ്ങളിൽ എണ്ണവില അനിയന്ത്രിതമായി വർധിച്ചു, ഇവിടങ്ങളിൽ തൊഴിലില്ലായ്മയും കുതിച്ചുയർന്നു.

വിഷയം വഷളായതോടെ ഫ്രാൻസ് പതുക്കെ തങ്ങളുടെ കുടിയേറ്റനയത്തിൽനിന്നും വ്യതിചലിക്കാൻ തുടങ്ങി. 1973-ഓടെ കുടിയേറ്റ ജനതയോടുള്ള രാജ്യത്തിന്റെ സമീപനം ദുഷ്കരമായിത്തീർന്നിരുന്നു. എല്ലാ തൊഴിലാളികളെയും ഉൾക്കൊള്ളേണ്ടതില്ലെന്ന നയം ഫ്രാൻസ് സ്വീകരിച്ചു. ഇക്കാലയളവിൽ കുടിയേറ്റക്കാരുടെ മേൽ നിരവധി നിയന്ത്രണങ്ങളും രാജ്യം അടിച്ചേൽപ്പിക്കാൻ ആരംഭിച്ചു. 

1974-ൽ ഫ്രാൻസ് തങ്ങളുടെ മുൻ കോളനികളിൽനിന്നുള്ള കുടിയേറ്റം പൂർണമായും നിയന്ത്രിച്ചു. വടക്കൻ ആഫ്രിക്കൻ, യൂറോപ്യൻ ഇതര വംശജരായ ജനങ്ങളെ ലക്ഷ്യം വച്ചുകൊണ്ടായിരുന്നു നീക്കം. ഇതോടെ 1980-കാലങ്ങളിൽ രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം രാജ്യത്ത് വളർന്നുവന്ന കുടിയേറ്റക്കാരിൽ വലിയൊരു വിഭാ​ഗത്തിനോട് രാജ്യം വിട്ട് പോകാൻ ഫ്രാൻസ് ആവശ്യപ്പെട്ടു. ഇതിന് പുറമെ മുൻ കോളനികളിൽനിന്നും രാജ്യത്തേക്കുള്ള പ്രവേശനവും വിലക്കി. 1993-ൽ രാജ്യം സീറോ ഇമി​ഗ്രേഷൻ നയംകൂടെ അവതരിപ്പിച്ചതോടെ നയം കൂടുതൽ കർശനമായി. 

കുടിയേറ്റ നയങ്ങളിൽ പരിഷ്കാരം

അനിയന്ത്രിത കുടിയേറ്റത്തിൽനിന്നും രാജ്യത്തിന് ആവശ്യമുള്ളവരെ തിരഞ്ഞെടുക്കുന്ന രീതിയിലുള്ള കുടിയേറ്റ സംസ്കാരത്തിലേക്കുള്ള മാറ്റത്തിനാണ് ഇരുപത്തൊന്നാം നൂറ്റാണ്ടിൽ ഫ്രാൻസ് സാക്ഷിയായത്. മുൻ ഫ്രഞ്ച് പ്രസിഡന്റ് നിക്കോളാസ് സർക്കോസിയാണ് നിലവിൽ രാജ്യത്ത് നിലനിൽക്കുന്ന കുടിയേറ്റ വ്യവസ്ഥകൾക്ക് രൂപം നൽകിയത്. ഒരേസമയം അഭയാർഥികൾക്ക് മുന്നിൽ കൊട്ടിയടയ്ക്കപ്പെടുന്ന വാതിൽ  വിദ്യാർഥികൾക്കും പ്രൊഫഷണലുകൾക്കും മുന്നിൽ ഫ്രാൻസ് തുറക്കുന്നു. 

2023 ഫെബ്രുവരി ഒന്നിന്‌ മാക്രോൺ സർക്കാർ പുതിയ കുടിയേറ്റ നയം പരിഷ്കരിച്ചു. 1980-ന് ശേഷം രാജ്യത്ത് നടക്കുന്ന ഇരുപതാമത്‌ കുടിയേറ്റ പരിഷ്കരണമായിരുന്നു ഇത്. കുടിയേറ്റം നിയന്ത്രിക്കാൻ ആവശ്യമായ നടപടികൾ ഉറപ്പ് വരുത്തുന്നത് തന്നെയായിരുന്നു മാക്രോൺ സർക്കാർ മുന്നോട്ട് വച്ച നയം. എന്നിരുന്നാലും കുറ്റകൃത്യങ്ങൾ ചെയ്ത കുടിയേറ്റക്കാർക്ക് ഫ്രാൻസ് വിടുന്നതിനും കൃത്യമായ രേഖകളില്ലാത്തവർക്ക് റെ​ഗുലറെെസേഷൻ പ്രക്രിയ സു​ഗമമാക്കുന്നതിനുമുള്ള അവസരവും പുത്തൻ ബിൽ ഒരുക്കി. കുടിയേറ്റവുമായി ബന്ധപ്പെട്ട വ്യവഹാരങ്ങൾ ലളിതമാക്കുന്നതായിരുന്നു പുതിയ ബിൽ. ഇതിന് പുറമെ രാജ്യത്ത് റസിഡന്റ് പെർമിറ്റ് അനുവദിക്കണമെങ്കിൽ ഫ്രഞ്ച് ഭാഷയിൽ നിലവാരമുണ്ടാകേണ്ട ആവശ്യവും ബില്ലിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. 

placeholder
ഇമ്മാനുവൽ മാക്രോൺ | Photo:AFP

ബില്ലിൽ ചൂണ്ടിക്കാട്ടാവുന്ന നിരവധി വിമർശനങ്ങൾ ഉണ്ടായിരുന്നിട്ടും വിഷയത്തിൽ കൃത്യമായ നിലപാട് വ്യക്തമാക്കുന്നതിൽ നിന്നും രാജ്യത്തെ ഇടത്, വലത് പക്ഷങ്ങൾ അന്ന് വിട്ടുനിന്നിരുന്നതായി ലേ മോണ്ടെ റിപ്പോർട്ട് ചെയ്തു. വർഷങ്ങൾക്ക് ശേഷം തൊഴിൽ വിഷയം കണക്കിലെടുത്ത ബിൽ സ്വാ​ഗതാർഹമാണെന്ന് ചിലർ നിലപാട് അറയിച്ചപ്പോൾ ബിൽ കുടിയേറ്റത്തിന് മേൽ കടുത്ത നിയന്ത്രണം ഏർപ്പെടുത്തുന്നുവെന്ന് കുടിയേറ്റത്തെ അനുകൂലിക്കുന്നവരും വ്യവസ്ഥകൾ വളരെയധികം ഉദാരമായെന്ന് കുടിയേറ്റത്തിന് വിരുദ്ധരായിട്ടുള്ളവരും അറിയിച്ചു.

തങ്ങളുടെ കുടിയേറ്റ നയവുമായി ബന്ധപ്പെട്ട് കൃത്യമായ നയം രൂപീകരിക്കുന്നതിൽ മാറി മാറി വന്ന ഫ്രഞ്ച് സർക്കാർ പരാജയപ്പെട്ടതിന്റെ പ്രതിഫലനമാണ് നിലവിൽ ആ രാജ്യം അനുഭവിക്കുന്നത്. പലപ്പോഴും കുടിയേറ്റക്കാരുടെ അവകാശങ്ങൾ ഉറപ്പ് നൽകുന്നതിനായി ഫ്രാൻസ് നയങ്ങൾ സ്വീകരിക്കുന്നതിൽ ഭരണാധികാരികൾ പരാജയപ്പെട്ടു. തുടർന്ന് അവർ തങ്ങളുടെ രാജ്യത്തേക്കെത്തുന്ന കുടിയേറ്റ സമൂഹത്തെ പലപ്പോഴും അരികവത്കരിക്കുകയും ചെയ്തു. ഇവർ നേരിട്ട വംശീയതയും വിവേചനവും രാജ്യത്ത് വലിയ സംഘർഷങ്ങൾക്ക് വഴിവച്ചു. 

ആവർത്തിക്കുന്ന അറബ്, ആഫ്രിക്കൻ വിവേചനം

ഫ്രഞ്ച് പോലീസിങിലെ വ്യവസ്ഥാപരമായ വംശീയതയുടെ ലക്ഷണമാണ് നഹേലിന്റെ മരണമെന്ന് ഇതിനകം വ്യക്തമാണ്. അറബ്, ആഫ്രിക്കൻ മുഖങ്ങളോടുള്ള വംശീയ വിരോധം ഇത് ആദ്യമായിട്ടല്ല രാജ്യത്ത് അരങ്ങേറുന്നത്. 

placeholder
ഫ്രാന്‍സില്‍നിന്നുള്ള ദൃശ്യം. ജസ്റ്റിസ് ഫോര്‍ നഹേല്‍ എന്ന് ചുമരില്‍ എഴുതിയിരിക്കുന്നതും കാണാം | Photo: AFP

ട്രാഫിക് നിയമം ലംഘിക്കുന്ന പ്രത്യേക സംഭവങ്ങളിൽ നിയമലംഘകരെ വെടിവെക്കാമെന്ന നിയമം ഫ്രാൻസിൽ പ്രാബല്യത്തിൽ വന്നതോടെ ഡ്രെെവർമാർക്കെതിരെയുള്ള പോലീസ് അതിക്രമം അഞ്ചിരട്ടി വർധിച്ചുവെന്നാണ് ആരോപണം. 2017-ലാണ് ഈ കരിനിയമം പ്രാബല്യത്തിൽ വരുന്നത്. ഒരു വാഹനത്തിന്റെ ഡ്രൈവർക്ക് പോലീസ് നൽകുന്ന സ്റ്റോപ്പ് സിഗ്നൽ നിർദേശം അവഗണിക്കുകയോ ഉദ്യോഗസ്ഥന്റെയോ മറ്റ് ആളുകളുടേയോ ജീവനോ ശാരീരിക സുരക്ഷയ്ക്കോ അപകടസാധ്യത ഉയർത്തി വാഹനമോടിക്കുക തുടങ്ങിയവയാണ് തോക്ക് ഉപയോഗിക്കാനുള്ള സാഹചര്യങ്ങൾ.  

2016-ൽ, പാരീസിന് പുറത്തുള്ള ഒരു ഹൗസിംഗ് എസ്റ്റേറ്റിൽ ഒരു കൂട്ടം യുവാക്കൾ പോലീസ് ഉദ്യോഗസ്ഥന്റെ പട്രോളിംഗ് കാറിന് നേരെ പെട്രോൾ ബോംബ് എറിഞ്ഞതാണ് ഇത്തരമൊരു നിയമം പാസാക്കുന്നതിലേക്ക് ഫ്രഞ്ച് സർക്കാരിനെ നയിച്ചത്. അക്രമത്തിൽ ഗുരുതരമായി പരിക്കേറ്റ ഉദ്യോഗസ്ഥൻ കോമ അവസ്ഥയിലായി. ഇതോടെ സംഭവത്തിനെതിരേ പോലീസ് യൂണിയനുകൾ വിഷയത്തിൽ തങ്ങളുടെ കടുത്ത പ്രതിഷേധം രേഖപ്പെടുത്തി. പ്രതിഷേധം രൂക്ഷമായതോടെയാണ് അന്നത്തെ ആഭ്യന്തര മന്ത്രി ബെർണാഡ് കാസെന്യൂവ് പോലീസിന് തോക്ക് ഉപയോഗിക്കാനുള്ള സാഹചര്യങ്ങൾ പരിഷ്‌കരിക്കുമെന്ന് ഉറപ്പുനൽകി. തുടർന്ന് 2017 മാർച്ചിൽ പുതിയ നിയമം പാസാക്കി. 

2022-ൽ മാത്രം ട്രാഫിക് നിയമലംഘനം ചൂണ്ടിക്കാട്ടി 39 കൊലപാതകങ്ങൾ രാജ്യത്ത് അരങ്ങേറി. 2017 മുതൽ ഇത്തരം വെടിവെയ്പ്പിൽ ജീവൻ നഷ്ടപ്പെട്ടവരിൽ ഭൂരിഭാ​ഗവും കറുത്തവരോ അറബ് വംശജരോ ആണെന്നാണ് റോയിട്ടേഴ്‌സ് റിപ്പോർട്ട്. ഇതിന് പുറമെ രാജ്യത്തെ മറ്റ് വിഭാ​ഗക്കാരിലേറെ ഉദ്യോ​ഗസ്ഥരുടെ ഐഡന്റിറ്റി ചെക്കിങിനും വിധേയമാകുന്നത് ഇതേ വിഭാ​ഗമാണ്. 

ഫ്രഞ്ച് അധിനിവേശത്തിന്റെ ചരിത്രം

1642-ൽ മഡ​ഗാസ്കർ പിടിച്ചെടുത്ത് 1659-ൽ സെന്റ് ലൂയിസിൽ ഒരു തുറമുഖം സ്ഥാപിക്കുന്നതോടെയാണ് ആഫ്രിക്കയിലേക്കുള്ള ഫ്രഞ്ച് അധിനിവേശം ആരംഭിക്കുന്നത്. ചരക്കുകടത്തു മുതൽ അടിമക്കച്ചവടം വരെ ഫ്രാൻസിന്റെ താത്പര്യങ്ങളുടെ ആക്കം കൂട്ടി. അടുത്ത പതിറ്റാണ്ടുകളിൽ ഫ്രാൻസ് തങ്ങളുടെ സാമ്രാജ്യം അതിവേ​ഗം വളർത്തിയെങ്കിലും 19-ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ബ്രിട്ടീഷ് പട്ടാളത്തിനോട് ഫ്രഞ്ച് പട പരാജയം ഏറ്റുവാങ്ങി. 

1830-ഓടെ അൾജീരിയൻ കോളനിവത്ക്കരണത്തിലൂടെയാണ് ഫ്രാൻസ് തങ്ങളുടെ രണ്ടാംഘട്ട അധിനിവേശം ആരംഭിക്കുന്നത്. തുടർന്ന് ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യഘട്ടത്തിൽ ഇന്നത്തെ അൾജീരിയ, മൊറോക്കോ, സെനഗൽ അടക്കം വിവിധ രാജ്യങ്ങൾ ഫ്രാൻസ് കെെവശപ്പെടുത്തി. എന്നാൽ രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം നിരവധി കോളനികളിൽ ദേശീയ പ്രസ്ഥാനങ്ങൾ സജീവമാകാൻ തുടങ്ങി. 1954-1962 കാലഘട്ടത്തിലെ അൾജീരിയൻ സ്വാതന്ത്ര്യസമര കാലത്ത് ലക്ഷക്കണക്കിന് അൾജീരിയൻ പൗരന്മാരെയാണ് ഫ്രഞ്ച് പട കൊന്നുതള്ളിയത്. 1961-ൽ പാരീസിൽ സമാധാനപരമായി പ്രതിഷേധിച്ചു കൊണ്ടിരുന്ന നൂറിലധികം അറബ്-ആഫ്രിക്കൻ വംശജരെ കൊലപ്പെടുത്തിയ ചരിത്രവും ഫ്രഞ്ച് പോലീസിനുണ്ട്. തുടർന്നുണ്ടായ രാഷ്ട്രീയ അസ്ഥിരതയ്ക്ക് പിന്നാലെ 1960-കളിൽ ഫ്രാൻസിൽ നിന്നും രാജ്യത്തിന്റെ കോളനികൾ സ്വതന്ത്രമായി. 

placeholder
പാരീസിലെ അൾജീരിയൻ എംബസി | Photo:AFP

നിലവിലെ സാഹചര്യത്തിൽ മുൻ കോളനികളോടുള്ള നിലവിലെ ഫ്രഞ്ച് സമീപനവും ഏറെ ചർച്ചാവിഷയമാകുന്നുണ്ട്. സ്വതന്ത്രരായെങ്കിലും അവികസിത രാജ്യങ്ങളിൽ അടിസ്ഥാന സൗകര്യങ്ങളെത്തിക്കാനുള്ള യൂറോപ്യൻ രാജ്യങ്ങളുടെ ആവേശം പലപ്പോഴും അവസാനിക്കുന്നത് രാഷ്ട്രീയ ഇടപെടലുകളിലാണെന്ന ആരോപണം നിരവധി ഭരണതലവന്മാർ തന്നെ ആരോപിച്ചിട്ടുണ്ട്.