കൊളംബോ: ശ്രീലങ്കൻ ജയിലിൽ നടന്ന ഏറ്റുമുട്ടലിൽ 25 പേർ കൊല്ലപ്പെട്ടു. നാല് ഗാർഡുകളും ഇതിൽ ഉൾപ്പെടുന്നു. അഞ്ചു വർഷത്തിനിടയിൽ രാജ്യത്തുണ്ടായ ഏറ്റവും വലിയ ജയിൽ കലാപത്തിൽ നൂറിലധികം പേർക്ക് പരിക്കേറ്റതായും ശ്രീലങ്കൻ അധികൃതർ പറഞ്ഞു.

To advertise here,

തലസ്ഥാനമായ കൊളംബോയുടെ വടക്കുള്ള നെഗോംബോ ആശുപത്രിയിലേക്കാണ് പരിക്കേറ്റവരെ എത്തിച്ചത്. പ്രദേശത്തെ പ്രധാന ജയിലിൽ രണ്ട് മയക്കുമരുന്ന് സംഘങ്ങളിലെ തടവുകാർ തമ്മിൽ രാത്രി മുഴുവൻ ഏറ്റുമുട്ടുകയായിരുന്നു.

ചിലർ വെടിയേറ്റാണ് കൊല്ലപ്പെട്ടതെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. ഞായറാഴ്ച വൈകുന്നേരമാണ് നെഗോംബോ ജയിലിൽ സംഘർഷം ആരംഭിച്ചത്. ആയിരക്കണക്കിന് തടവുകാരുള്ള ജയിലാണിത്.

ജയിലിൽ സംഘർഷം വ്യാപിച്ചതോടെ സമീപ ഭാഗത്തുള്ള സ്ത്രീ തടവുകാർ ഒരു കെട്ടിടത്തിന്റെ മേൽക്കൂരയിൽ കയറി മോചനം ആവശ്യപ്പെട്ട് പ്രതിഷേധിച്ചു. ഇതിനിടെ മേൽക്കൂരയുടെ ഒരു ഭാഗം തകർന്നുവീണ് ചില സ്ത്രീകൾക്ക് പരിക്കേറ്റതായി പോലീസ് അറിയിച്ചു.

തടവുകാരുടെ ബന്ധുക്കൾ ജയിലിന് പുറത്ത് തടിച്ചുകൂടിയിട്ടുണ്ട്. സൈന്യം ഡ്രോണുകളും ഹെലികോപ്റ്ററുകളും ഉപയോഗിച്ച് പ്രദേശം നിരീക്ഷിച്ചുവരികയാണ്. കലാപം നിയന്ത്രിക്കാൻ ശ്രമിക്കുന്നതിനിടെയാണ് നാലു ഗാർഡുകൾ കൊല്ലപ്പെട്ടത്.

2020 ഡിസംബറിൽ കോവിഡ് കാലത്ത് ശ്രീലങ്കയിലെ മറ്റൊരു ജയിലിൽ നടന്ന കലാപത്തിൽ തടവുകാർ കൊല്ലപ്പെടുകയും 117 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

ഔദ്യോഗിക കണക്കുകൾ പ്രകാരം, ഞായറാഴ്ച ശ്രീലങ്കയിലെ ജയിലുകളിൽ 41,250 തടവുകാരായിരുന്നു ഉണ്ടായിരുന്നത്. ഇത് ജയിലിന് ഉൾക്കൊള്ളാൻ സാധിക്കുന്ന തടവുകാരുടെ എണ്ണത്തിന്റെ ഏകദേശം നാല് ഇരട്ടിയാണ്.