"എന്റെ ഫ്രാന്‍സിനെയോര്‍ത്ത് ഞാന്‍ വേദനിക്കുന്നു. അംഗീകരിക്കാനാകാത്ത കാര്യമാണിത്. വളരെവേഗം നമ്മെ വിട്ടുപിരിഞ്ഞ നഹേലെന്ന കുഞ്ഞുമാലാഖയുടെ സുഹൃത്തുക്കള്‍ക്കും കുടുംബത്തിനുമൊപ്പമാണ് എന്റെ മനസ്സ് ."
-കിലിയന്‍ എംബാപ്പെ, ഫ്രഞ്ച് ഫുട്ബോള്‍ ടീം ക്യാപ്റ്റന്‍

ഗതാഗതനിയമം ലംഘിച്ചെന്നാരോപിച്ച് പതിനേഴുകാരനെ വെടിവെച്ചു കൊന്ന പോലീസ് നടപടിക്കെതിരേ ഫ്രാന്‍സില്‍ നടക്കുന്ന പ്രതിഷേധം അഞ്ച് രാവുകള്‍  പിന്നിടുമ്പോള്‍ രൂപവും ഭാവവും മാറുകയാണ്. പ്രതിഷേധം നിയന്ത്രണാതീതമായി കലാപത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കെ ഭരണകൂടവും സുരക്ഷ ശക്തമാക്കി. രാജ്യം അക്ഷരാര്‍ഥത്തില്‍ കത്തിക്കൊണ്ടിരിക്കുകയാണ്. പലയിടത്തും വ്യാപകമായ ആക്രമണങ്ങള്‍ അരങ്ങേറുന്നുണ്ട്. പ്രതിഷേധക്കാരുമായുണ്ടായ ഏറ്റുമുട്ടലില്‍ നിരവധി പോലീസുകാര്‍ക്ക്  പരിക്കേറ്റു. ആയിരക്കണക്കിന് ആളുകളുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. പ്രതിഷേധസമരം കരുത്താര്‍ജിച്ചതോടെ രാജ്യത്തുടനീളം അരലക്ഷത്തോളം പോലീസുകാരെ കൂടി വിന്യസിച്ചു. 

To advertise here,

ട്രാഫിക് നിയമലംഘനം, കൊലപാതകം, നുണപ്രചരണം

പാരീസിനടുത്ത് നാന്റെറില്‍ നഹേല്‍ എം. എന്ന പതിനേഴുകാരനെ ട്രാഫിക് നിയമം ലംഘിച്ചെന്നാരോപിച്ച് പോലീസ് വെടിവെച്ചു കൊന്നതാണ് പ്രതിഷേധങ്ങള്‍ക്ക് തുടക്കം കുറിച്ചത്. ഫ്രാന്‍സില്‍ കാറോടിക്കാനുള്ള നിയമപരമായ പ്രായം 18 വയസ്സാണ്. ഇത് ലംഘിച്ച അള്‍ജീരിയന്‍ വംശജനായ നഹേലിനെ ചൊവ്വാഴ്ച രാവിലെ പ്രാദേശിക സമയം എട്ടരയ്ക്കാണ് രണ്ടു ട്രാഫിക് പോലീസുകാര്‍ ചേര്‍ന്ന് വെടിവെച്ചത്. പോലീസുകാരനുനേരെ നഹേല്‍ കാറോടിച്ച് കയറ്റാന്‍ ശ്രമിച്ചപ്പോഴാണ് വെടിവെച്ചതെന്നാണ് പോലീസ് ആദ്യം പറഞ്ഞിരുന്നത്. എന്നാല്‍, പോലീസ് വാദം പച്ചക്കള്ളമാണെന്ന് തെളിയിക്കുന്ന ദൃശ്യങ്ങള്‍ പിന്നീട് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചു. സാക്ഷികള്‍ പകര്‍ത്തിയതും സിസിടിവികളില്‍ നിന്നുമുള്ള ദൃശ്യങ്ങള്‍ യഥാര്‍ഥമാണെന്ന് വാര്‍ത്താ ഏജന്‍സിയായ എ.എഫ്.പിയും സ്ഥിരീകരിച്ചു.

നിര്‍ത്തിയ കാറിനടുത്ത് രണ്ടു പോലീസുകാര്‍ നില്‍ക്കുന്നത് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ദൃശ്യങ്ങളില്‍ കാണാം. ഒരാള്‍ ഡ്രൈവര്‍ക്കുനേരെ തോക്കു ചൂണ്ടിയിട്ടുണ്ട്. 'വെടിയുണ്ട നിന്റെ തല തുളയ്ക്കും' എന്നു പറയുന്നതും കേള്‍ക്കാം. കാര്‍ മുന്നോട്ടു നീങ്ങിയപ്പോള്‍ തൊട്ടടുത്തുനിന്ന് പോലീസുകാരന്‍ വെടിയുതിര്‍ത്തു. ഏതാനും മീറ്റര്‍ നീങ്ങിയ കാര്‍ മുന്നിലെ തടസ്സത്തില്‍ ഇടിച്ചുനിന്നു. വൈകാതെ നയേല്‍ മരിച്ചു. നഹേലിനെ കൂടാതെ കാറിലുണ്ടായിരുന്ന രണ്ടു പേരില്‍ ഒരാള്‍ ഓടിക്കളഞ്ഞു. കൗമാരക്കാരനായ മറ്റേയാളെ കസ്റ്റഡിയിലെടുത്ത് വിട്ടയച്ചു. പോയിന്റെ ബ്ലാങ്കിലാണ് പോലീസുകാരന്‍ നഹേലിനെ വെടിവെച്ചത്. 

കഴിഞ്ഞ മൂന്ന് വര്‍ഷമായി നാന്റെറില്‍ ഡെലിവറി വാഹനത്തിന്റെ ഡ്രൈവറായി ജോലി ചെയ്യുകയാണ് നഹേല്‍. നാന്റേര്‍ റഗ്ബി ക്ലബ്ബിലെ സജീവ അംഗം കൂടിയായ നഹേല്‍ അള്‍ജീരിയന്‍ വംശജനാണ്. റഗ്ബിയില്‍ മികച്ച അവസരങ്ങള്‍ അവന് ലഭിച്ചിട്ടുമുണ്ട്.  തന്റെ മകനു നീതികിട്ടുംവരെ പ്രതിഷേധിക്കുമെന്ന് നഹേലിന്റെ അമ്മ മൗനിയ പറഞ്ഞു. ഏകമകനും ബെസ്റ്റ് ഫ്രണ്ടുമാണ് നഹേല്‍. അവനുവേണ്ടിയാണ് ഞാന്‍ ജീവിക്കുന്നത്, ഞങ്ങള്‍ പാവങ്ങളും അറബ് വംശജനായതുകൊണ്ടാണ് പോലീസ് അവനെ വെടിവെച്ചുകൊന്നതെന്നും മൗനിയ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പറഞ്ഞു. 

നഹേലിനെ വധിച്ച കേസില്‍ അറസ്റ്റിലായ 38 വയസ്സുള്ള പോലീസുകാരനെ, കുറ്റം ചെയ്‌തെന്നു തെളിഞ്ഞാല്‍ പുറത്താക്കുമെന്ന് ആഭ്യന്തരമന്ത്രി പറഞ്ഞു. മാപ്പര്‍ഹിക്കാത്ത പ്രവൃത്തിയാണ് പോലീസുകാരന്റേതെന്നാണ് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍ പ്രതികരിച്ചത്. മനഃപൂര്‍വമുള്ള നരഹത്യാക്കുറ്റത്തിനാണ് പോലീസുകാരനെതിരേ അന്വേഷണം നടത്തുക. തോക്കോ മറ്റ് ആയുധങ്ങളോ ഉപയോഗിക്കേണ്ട യാതൊരു സാഹചര്യവും സംഭവസ്ഥലത്തുണ്ടായിരുന്നില്ലെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്. അതേസമയം, സംഭവത്തിലെ പ്രതിയായ ട്രാഫിക് പോലീസുകാരന്‍ കൊല്ലപ്പെട്ട നഹേലിന്റെ കുടുംബത്തോട് മാപ്പു പറഞ്ഞതായി അയാളുടെ അഭിഭാഷകന്‍ അറിയിച്ചു. 

placeholder
നഹേല്‍

പ്രതിഷേധം കനക്കുന്നു

കാര്‍ ഓടിച്ച് കയറ്റാന്‍ ശ്രമിച്ചെന്ന പോലീസ് കള്ളം പൊളിഞ്ഞതോടെയാണ് പ്രതിഷേധങ്ങള്‍ ശക്തിപ്പെട്ടത്. രാജ്യത്ത് പലയിടത്തും ആളുകള്‍ പ്രതിഷേധം ആരംഭിച്ചു. അത് വ്യാപിച്ചു. ബുധനാഴ്ച രാത്രിയും വ്യാഴാഴ്ച പുലര്‍ച്ചെയും നടന്ന പ്രതിഷേധങ്ങള്‍ പലയിടത്തും അക്രമാസക്തമായി. പലയിടങ്ങളിലും ക്രമസമാധാനനില തകര്‍ന്നു. 'ജസ്റ്റിസ് ഫോര്‍ നഹേല്‍' എന്ന മുദ്രാവാക്യം മുഴക്കി, കറുത്ത മുഖംമൂടി ധരിച്ചെത്തിയ പ്രതിഷേധക്കാര്‍ പ്രാദേശിക ഓഫിസുകൾ, സ്‌കൂളുകള്‍, പോലീസ് സ്റ്റേഷനുകള്‍, ബസുകള്‍ തുടങ്ങിയവ അഗ്‌നിക്കിരയാക്കി. ഒബേർവില്ലേ ബസ് ഡിപ്പോയും പാരീസ് നഗരത്തിന്റെ പ്രാന്തപ്രദേശത്തെ  സിറ്റിഹാളും പ്രതിഷേധക്കാര്‍ തീയിട്ടു. ഒട്ടേറെ വാഹനങ്ങളും കത്തിച്ചു. പോലീസ് സ്റ്റേഷനുകള്‍ക്കുനേരെയും ആക്രമണമുണ്ടായി. മാഴ്‌സെയിലും ലിയോയിലും പ്രതിഷേധം അതിരൂക്ഷമാണ്. ലിയോയില്‍ കലാപകാരികള്‍ പൊലീസിന് നേരെ ബോംബെറിഞ്ഞു. പ്രതിഷേധത്തിനിടെ പലയിടത്തും കവര്‍ച്ച റിപ്പോര്‍ട്ടുചെയ്തു. കടകളില്‍ നിന്നടക്കം പ്രതിഷേധക്കാര്‍ തോക്കുകളും ആയുധങ്ങളും മോഷ്ടിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. 

രാജ്യത്തെ രണ്ടാമത്തെ വലിയ തടവറയായ ഫ്രെനിലെ ജയില്‍സമുച്ചയം പ്രതിഷേധക്കാര്‍ ആക്രമിച്ചു. പോലീസ് ബാരിക്കേഡുകളും തകര്‍ത്തു. തിരിച്ച് കണ്ണീര്‍വാതകം പ്രയോഗിച്ചെങ്കിലും പ്രതിഷേധക്കാര്‍ പോലീസിനുനേരെ കുപ്പികളെറിഞ്ഞു. നാന്റെയില്‍ ആരംഭിച്ച പ്രതിഷേധം വടക്കന്‍ നഗരങ്ങളിലേക്കും വ്യാപിച്ചു. നിരവധി വാഹനങ്ങളും കെട്ടിടങ്ങളുമാണ് ഇരു നഗരങ്ങളിലുമായി പ്രതിഷേധക്കാര്‍ കത്തിച്ചത്. പലയിടത്തും പ്രതിഷേധക്കാരും പോലീസും ഏറ്റുമുട്ടി. കാനെയില്‍ ആക്രമണത്തിനിടെ ഒരാള്‍ വെടിയേറ്റു മരിച്ചു. പ്രതിഷേധത്തില്‍ പങ്കെടുത്ത ആയിരക്കണക്കിനാളുകളെ സുരക്ഷാസേന അറസ്റ്റു ചെയ്തതായി ആഭ്യന്തരമന്ത്രി ജെറാള്‍ഡ് ഡര്‍മാനിന്‍ പറഞ്ഞു. 

കലാപത്തിനിടെ 45 പോലീസുകാര്‍ക്ക് പരിക്കേറ്റതായും 577 വാഹനങ്ങള്‍ തകര്‍ക്കപ്പെട്ടതായും 74 കെട്ടിടങ്ങള്‍ക്ക് തീയിട്ടതായും പൊതുസ്ഥലങ്ങളിലും തെരുവുകളിലുമായി 871 തീപ്പിടിത്തങ്ങള്‍ നടന്നതുമായാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കുകള്‍. ശനിയാഴ്ച ഒറ്റരാത്രി കൊണ്ട് ആയിരത്തോളം അറസ്റ്റുകളാണ് നടന്നത്. ശനിയാഴ്ചയും ഞായറാഴ്ചയും പ്രക്ഷോഭത്തിന് അയവുണ്ടായിരുന്നില്ല. ഞായറാഴ്ച 719 പേരെ അറസ്റ്റ് ചെയ്തതായി ഫ്രഞ്ച് പോലീസ് പറഞ്ഞു. 1300-ലധികം പേരെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. തെക്കന്‍ പാരീസിലെ ഒരു പട്ടണത്തിലെ മേയറായ ഴാങ്‌ ബ്രണിന്റെ വീട്ടിലേക്ക് പ്രക്ഷോഭകര്‍ കാറോടിച്ച് കയറ്റി. വീടിന് സമീപം തീകൊളുത്തിയിട്ടുണ്ടെന്നും ഴാങ്‌ ബ്രണ്‍ പറഞ്ഞു. അപകടത്തില്‍ മേയറുടെ ഭാര്യയ്ക്കും കുട്ടിക്കും പരിക്കേറ്റിട്ടുണ്ട്.  സംഭവത്തെ പ്രധാനമന്ത്രി എലിസബത്ത് ബോണ്‍ അപലപിച്ചു. ആക്രമികളെ പിടികൂടാനുള്ള എല്ലാ നടപടികളും സ്വീകരിച്ചതായും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. 

പാരിസ് നഗരത്തില്‍ മാത്രം 5000 പോലീസുകാരെയാണ് വിന്യസിച്ചത്. കലാപം പ്രതിരോധിക്കാനാവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാനാണ് പോലീസിന് ലഭിച്ച നിര്‍ദേശം. പാരിസിലെ വിവിധ മേഖലകളില്‍ കര്‍ഫ്യൂ തുടരുകയാണ്. ബസ്, ട്രാം തുടങ്ങി പൊതുഗതാഗത സംവിധാനങ്ങളെല്ലാം നിര്‍ത്തിവച്ചു. പടക്കങ്ങള്‍, തീപിടിക്കുന്ന ദ്രാവകങ്ങള്‍ തുടങ്ങിയവ വില്‍പന നടത്തുന്ന കടകള്‍ പ്രവര്‍ത്തിക്കാനും നിയന്ത്രണമുണ്ട്. സംഘര്‍ഷങ്ങള്‍ക്ക് അയവുണ്ടെന്നാണ് ആഭ്യന്തരമന്ത്രാലയത്തിന്റെ വാദം. 

അപലപിച്ച് മനുഷ്യാവകാശ സംഘടനകള്‍, നീതിക്ക് ആഹ്വാനം

പോലീസിന്റെ കിരാതനടപടിയെ അപലപിച്ച് മനുഷ്യാവകാശ സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്. സംഭവത്തിനു പിന്നാലെ പാരിസിന്റെ പ്രാന്തപ്രദേശങ്ങളില്‍ ജീവിക്കുന്ന വംശീയ ന്യൂനപക്ഷങ്ങളെയും ദരിദ്രരായ ജനങ്ങളെയും പോലീസ് മോശം രീതിയിലാണ് പരിഗണിക്കുന്നതെന്നാണ് വ്യാപകമായ വിമര്‍ശനം. 

ഫ്രാന്‍സിലെ നിയമസംവിധാനങ്ങള്‍ക്കെതിരേയും ചോദ്യമുയരുന്നുണ്ട്. നിലവിലെ സംവിധാനങ്ങളെല്ലാം പോലീസുകാരെ സംരക്ഷിക്കുന്ന തരത്തിലുള്ളവയാണ്. തെറ്റ് ചെയ്താല്‍ പോലും പോലീസുകാര്‍ ശിക്ഷിക്കപ്പെടാത്ത തരത്തിലുള്ളതാണ് അവയെന്ന് വിമര്‍ശകര്‍ കുറ്റപ്പെടുത്തി. ഭാവിയില്‍ സമാനമായ സംഭവങ്ങള്‍ തടയുന്നതിനുള്ള നിയമവും നീതി ഉറപ്പാക്കാനുള്ള നടപടിയും സുതാര്യതയുമാണ് വേണ്ടതെന്നും അവര്‍ ആവശ്യപ്പെട്ടു.

ആവര്‍ത്തിച്ച് പ്രതിഷേധം, തലവേദനയൊഴിയാതെ മാക്രോണ്‍

പെന്‍ഷന്‍ പ്രായം ഉയര്‍ത്താനുള്ള സര്‍ക്കാര്‍ തീരുമാനത്തില്‍ ഒരു വമ്പന്‍ പ്രതിഷേധത്തെ ജനുവരി മുതല്‍ നേരിടുകയാണ് ഫ്രാന്‍സ്. പെന്‍ഷന്‍ പ്രായം 62-ല്‍നിന്ന് 64 ആക്കുന്നതാണ് മാക്രോണിന്റെ പെന്‍ഷന്‍ പരിഷ്‌കരണ ബില്‍. സര്‍വീസില്‍ 43 വര്‍ഷം പൂര്‍ത്തിയാക്കിയാല്‍ മാത്രം പൂര്‍ണ പെന്‍ഷന്‍ എന്നതടക്കമുള്ള നിര്‍ദേശങ്ങളെ എതിര്‍ത്താണ് വിവിധ തൊഴിലാളി സംഘടനകളും സര്‍ക്കാര്‍ ജീവനക്കാരുമുള്‍പ്പെടെ ലക്ഷക്കണക്കിന് ആളുകളാണ് പ്രക്ഷോഭത്തില്‍ പങ്കുചേര്‍ന്നത്. എന്നാല്‍, പ്രതിഷേധങ്ങളെ വകവെയ്ക്കാതെ ബില്‍ പാസാക്കുന്നതിലേക്കാണ് സര്‍ക്കാര്‍ നടപടി നീങ്ങിയത്. ഇതോടെ പ്രതിഷേധവും തുടര്‍ന്നു. അതിനിടെയാണ് പതിനേഴുകാരന്റെ കൊലപാതകവും കലാപത്തിലേക്ക് നീങ്ങിയിരിക്കുന്നത്. 

2018-ലും സമാനമായൊരു പ്രതിഷേധത്തെ ഫ്രാന്‍സ് നേരിട്ടിരുന്നു. വിലക്കയറ്റം, സാമ്പത്തിക അസമത്വം, ഉയര്‍ന്ന ജീവിതച്ചെലവ് തുടങ്ങിയ പ്രതിസന്ധികള്‍ ജനതയെ വലച്ചുകൊണ്ടിരിക്കെയാണ് സാമ്പത്തിക നീതിക്ക് വേണ്ടി ജനങ്ങള്‍ തെരുവിലിറങ്ങിയത്. പ്രതിഷേധക്കാര്‍ മഞ്ഞ ജാക്കറ്റ് ധരിച്ച് പ്രതിഷേധത്തിനിറങ്ങിയതു കൊണ്ടാണ് പ്രതിഷേധത്തിന് യെല്ലോ വെസ്റ്റ് പ്രൊട്ടസ്റ്റ് എന്ന് പേരുവന്നത്. ഈ പ്രതിഷേധത്തിന് ശേഷം മാക്രോണ്‍ സര്‍ക്കാര്‍ നേരിടുന്ന വലിയ പ്രതിഷേധമാണ് ഇത്. സംഘര്‍ഷങ്ങളെ തുടര്‍ന്ന് മാക്രോണ്‍ ജര്‍മനിയിലേക്കുള്ള സന്ദര്‍ശനവും റദ്ദാക്കി. ബ്രസല്‍സില്‍ യൂറോപ്യന്‍ യൂണിയന്‍ ഉച്ചകോടിയില്‍ പങ്കെടുക്കാനെത്തിയ പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ അടിയന്തരസുരക്ഷായോഗം ചേരുന്നതിനായി വെള്ളിയാഴ്ച പാരീസിലേക്ക് മടങ്ങിയിരുന്നു.  ഗുരുതരസാഹചര്യം കണക്കിലെടുത്ത്  മാക്രോണ്‍ വ്യാഴാഴ്ച രാവിലെ അടിയന്തര മന്ത്രിസഭായോഗം ചേര്‍ന്നു. 

അതേസമയം, കലാപം വ്യാപിക്കുന്നതും രൂക്ഷമാകുന്നതും സമൂഹമാധ്യമങ്ങള്‍ കാരണമാണെന്ന് മക്രോണ്‍ പ്രതികരിച്ചു. നഹേലിന്റെ മരണം ചിലര്‍ ദുരുപയോഗം ചെയ്യുകയാണ്. കലാപകാരികളില്‍ പകുതിയോളം ചെറുപ്പക്കാരോ അതില്‍ ചെറുപ്പമുള്ളവരോ ആണ്. ടിക്‌ടോക്, സ്‌നാപ്ചാറ്റ് തുടങ്ങിയവയിലൂടെ കലാപ ആഹ്വാനം വ്യാപിക്കുകയാണ്. ഇതാണ് യുവാക്കളെ കലാപത്തിലേക്ക് നയിക്കുന്നത്. സംഘര്‍ഷവും ആക്രമണങ്ങളുമായി ബന്ധപ്പെട്ട് സമൂഹമാധ്യങ്ങളില്‍ പോസ്റ്റ് ചെയ്യപ്പെട്ട വീഡിയോകള്‍ നീക്കം ചെയ്യും, വീഡിയോ പോസ്റ്റ് ചെയ്തവരുടെ അക്കൗണ്ട് വിവരങ്ങള്‍ ശേഖരിക്കുമെന്നും മാക്രോണ്‍ കൂട്ടിച്ചേര്‍ത്തു. പ്രക്ഷോഭങ്ങളില്‍ അറസ്റ്റിലായവരില്‍ 30 ശതമാനവും പ്രായപൂര്‍ത്തിയാവാത്തവരാണെന്നും ഇവരുടെ ശരാശരി പ്രായം 17 വയസ്സാണെന്നും നീതിന്യായ വകുപ്പ് മന്ത്രിയും പ്രതികരിച്ചിട്ടുണ്ട്. 

കലാപം അവസാനിപ്പിക്കാന്‍ ആഹ്വാനം ചെയ്ത് ' മുത്തശ്ശി'

നഹേലിന്റെ കൊലപാതകത്തിന് ശേഷം അഞ്ച് ദിവസമായി ഫ്രാന്‍സ് കലാപകലുഷിതമാണ്. രാജ്യത്ത് പ്രക്ഷോഭങ്ങള്‍ ഉണ്ടാക്കാനുള്ള ഒരു കാരണമായി നഹേലിന്റെ മരണത്തെ ചിലര്‍ ദുരുപയോഗം ചെയ്യുന്നുവെന്നും അതിനാല്‍ പ്രക്ഷോഭം അവസാനിപ്പിക്കണമെന്നും നഹേലിന്റെ മുത്തശ്ശി നാദിയ ആഹ്വാനം ചെയ്തു. ' കൂടുതല്‍ നഷ്ടങ്ങള്‍ രാജ്യത്തുണ്ടാക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. സമാധാനമാണ് ഇപ്പോള്‍ ഞങ്ങള്‍ക്കാവശ്യം. ദയവായി സംഘര്‍ഷം അവസാനിപ്പിക്കുക.' നാദിയ ഫ്രഞ്ച് മാധ്യമങ്ങളോട് പ്രതികരിച്ചു. 

"സംഘര്‍ഷത്തിനോ പ്രതിഷേധത്തിനോ ഞങ്ങള്‍ ആരോടും ആവശ്യപ്പെട്ടിട്ടില്ല. നഹേലിന് ആദരാഞ്ജലി അര്‍പ്പിച്ചുകൊണ്ടുള്ള ഒരു സമാധാന മാര്‍ച്ചിന് മാത്രമാണ് ഞങ്ങള്‍ ആഹ്വാനം ചെയ്തത്. മകന് നീതി വേണമെന്നാണ് ഞങ്ങള്‍ ആവശ്യപ്പെട്ടത്. വാഹനങ്ങള്‍ തകര്‍ക്കാനോ തീയിടാനോ ഒന്നും ഞങ്ങള്‍ ആരോടും ആവശ്യപ്പെട്ടിട്ടില്ല. ഇതൊന്നും നഹേലിന് വേണ്ടിയുള്ളതല്ല." നിയമം ലംഘിച്ചാല്‍ വെടിവെച്ചു കൊലപ്പെടുത്താമെന്നുള്ള നിയമം മാറേണ്ടതുണ്ടെന്നും അവര്‍ പറഞ്ഞു. 

കൊല്ലാനുള്ള അവകാശം നല്‍കുന്ന നിയമമെന്ന് വിമര്‍ശനം

ട്രാഫിക് നിയമം ലംഘിക്കുന്ന പ്രത്യേക സംഭവങ്ങളില്‍ നിയമലംഘകരെ വെടിവെക്കാമെന്ന് ഫ്രാന്‍സില്‍ നിയമമുണ്ട്. 2017-ലാണ് ഈ നിയമം പ്രാബല്യത്തില്‍ വന്നത്. ഒരു വാഹനത്തിന്റെ ഡ്രൈവര്‍ക്ക് പോലീസ് നല്‍കുന്ന സ്റ്റോപ്പ് സിഗ്നല്‍ നിര്‍ദേശം അവഗണിക്കുകയോ ഉദ്യോഗസ്ഥന്റെയോ മറ്റ് ആളുകളുടേയോ ജീവനോ ശാരീരിക സുരക്ഷയ്ക്കോ അപകടസാധ്യത ഉയര്‍ത്തി വാഹനമോടിക്കുക തുടങ്ങിയാണ് തോക്ക് ഉപയോഗിക്കാനുള്ള സാഹചര്യങ്ങള്‍.  

2016-ല്‍, പാരീസിന് പുറത്തുള്ള ഒരു ഹൗസിംഗ് എസ്റ്റേറ്റില്‍ ഒരു കൂട്ടം യുവാക്കള്‍ പോലീസ് ഉദ്യോഗസ്ഥന്റെ പട്രോളിംഗ് കാറിന് നേരെ പെട്രോള്‍ ബോംബ് എറിഞ്ഞതിനെത്തുടര്‍ന്ന് ഉദ്യോഗസ്ഥന് പൊള്ളലേറ്റിരുന്നു. ഗുരുതരമായി പരിക്കേറ്റ ഉദ്യോഗസ്ഥന്‍ പിന്നീട് കോമ അവസ്ഥയിലായി. തുടര്‍ന്ന് സംഭവത്തിനെതിരേ പോലീസ് യൂണിയനുകള്‍ പ്രതിഷേധിക്കുകയും സര്‍ക്കാരിന്റെ ശക്തമായ പ്രതികരണം ആവശ്യപ്പെടുകയും ചെയ്തു. പ്രതിഷേധം രൂക്ഷമായതോടെയാണ് അന്നത്തെ ആഭ്യന്തര മന്ത്രി ബെര്‍ണാഡ് കാസെന്യൂവ് പോലീസിന് തോക്ക് ഉപയോഗിക്കാനുള്ള സാഹചര്യങ്ങള്‍ പരിഷ്‌കരിക്കുമെന്ന് ഉറപ്പുനല്‍കി. തുടര്‍ന്ന് 2017 മാര്‍ച്ചില്‍ പുതിയ നിയമം പാസാക്കി. 

എന്നാല്‍, ഈ നിയമങ്ങള്‍ക്കെതിരേ ശക്തമായ വിമര്‍ശനം ഉയര്‍ന്നു. പുതിയ നിയമം പ്രാബല്യത്തില്‍ വന്നതോടെ ഡ്രൈവര്‍മാര്‍ക്കെതിരേയുള്ള പോലീസ് അതിക്രമം അഞ്ചിരട്ടി വര്‍ധിച്ചുവെന്നാണ് വിമര്‍ശകര്‍ പറയുന്നത്. 2022-ല്‍ നടന്ന 32 കൊലപാതകങ്ങളില്‍ 13 എണ്ണവും അനാവശ്യമായിരുന്നുവെന്നും വിമര്‍ശകര്‍ പറഞ്ഞു. സ്റ്റോപ്പ് സിഗ്നല്‍ അവഗണിച്ചതിനെ തുടര്‍ന്നായിരുന്നു പോലീസ് നടപടി. സ്‌റ്റോപ്പ് നിര്‍ദേശം അവഗണിക്കുന്നത് അപകട സാധ്യത ഉണ്ടാക്കുന്നില്ലെങ്കില്‍ കൂടി ഡ്രൈവര്‍മാരെ വെടിവെക്കാനുള്ള അനുമതിയും നിയമപരിരക്ഷയും പോലീസുകാര്‍ക്ക് നല്‍കുന്നുണ്ട്. കൊല്ലാനുള്ള അവകാശമാണ് അത്, ഇത് പുനഃപരിശോധിക്കപ്പെടണമെന്ന് വിമര്‍ശകര്‍ വാദിക്കുന്നു.

ആഫ്രിക്കന്‍-അറബ് വംശീയ ആക്രമണം പതിവ്- ഫ്രാന്‍സിനെതിരേ ആരോപണങ്ങളേറെ

ഈ വർഷം ഫ്രാന്‍സില്‍ ട്രാഫിക് പോലീസ് സ്റ്റോപ്പില്‍ നടക്കുന്ന മൂന്നാമത്തെ കൊലപാതകമാണ് നഹേലിന്റേത്. 2022-ല്‍ മാത്രം ഇത്തരത്തിലുള്ള 39 കൊലപാതകങ്ങളാണ് നടന്നത്. കൊല്ലപ്പെട്ടവരില്‍ ഏറേയും ആഫ്രിക്കന്‍ വംശജരോ അറബ് വംശജരോ ആണെന്നാണ് അന്താരാഷ്ട്ര ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഫ്രാന്‍സിലെ മറ്റ് വംശീയ വിഭാഗങ്ങളെ അടിച്ചമര്‍ത്താനുള്ള നടപടികള്‍ ഭരണകൂടത്തിന്റെ ഭാഗത്തുനിന്നു തന്നെ നടക്കുന്നതായി പൊതുവിമര്‍ശനം നേരത്തെ തന്നെ നിലനില്‍ക്കുന്നുണ്ട്. ഫ്രഞ്ച് പൗരന്മാരാണെങ്കില്‍ പോലും അള്‍ജീരിയന്‍, ആഫ്രിക്കന്‍ വംശജര്‍ക്ക് നേരെ അതിക്രമങ്ങള്‍ അതിരൂക്ഷമായി നടക്കുന്നുവെന്നാണ് മനുഷ്യാവകാശ സംഘടനകളും അഭിപ്രായപ്പെടുന്നത്.

1800-കളുടെ തുടക്കത്തിലാണ് അള്‍ജീരിയയിലെ ഫ്രഞ്ച് കോളനിവല്‍ക്കരണം ആരംഭിക്കുന്നത്. 1954-1962 കാലഘട്ടത്തിലെ അള്‍ജീരിയന്‍ സ്വാതന്ത്ര്യസമര കാലത്ത് ലക്ഷക്കണക്കിന് അള്‍ജീരിയന്‍ പൗരന്മാരെയാണ് ഫ്രഞ്ച് പട കൊന്നുതള്ളിയത്. 1961-ല്‍ പാരീസില്‍ സമാധാനപരമായി പ്രതിഷേധിച്ചു കൊണ്ടിരുന്ന നൂറിലധികം അറബ്-ആഫ്രിക്കന്‍ വംശജരെ കൊലപ്പെടുത്തിയ ചരിത്രവും ഫ്രഞ്ച് പോലീസിനുണ്ട്. രാജ്യത്തെ വംശീയ ന്യൂനപക്ഷങ്ങള്‍ക്കെതിരേയുളള ഫ്രാന്‍സിന്റെ വിദ്വേഷത്തിന് ഈ നൂറ്റാണ്ടിലും അയവില്ലെന്നാണ് നഹേലിന്റെ കൊലപാതകവും തെളിയിക്കുന്നതെന്നാണ് മനുഷ്യാവകാശ സംഘടനകളുടെ വിമര്‍ശനം.