ലണ്ടൻ: വടക്കൻ അയർലൻഡിൽ സുഡാൻ സ്വദേശി ഒരാളെ റോഡിലിട്ട് തലയറുക്കാൻ ശ്രമിച്ച വീഡിയോ പുറത്തുവന്നതിനു പിന്നാലെ പരക്കെ സംഘർഷം. ബ്രിട്ടനെ ആകെ ഞെട്ടിച്ച ക്രൂരമായ സംഭവത്തെ തുടർന്ന് വടക്കൻ അയർലൻഡിൽ കുടിയേറ്റവിരുദ്ധ ആക്രമണങ്ങൾ ശക്തമാകുകയാണ്. ബെൽഫാസ്റ്റിൽ മുഖംമൂടി ധരിച്ച അക്രമിസംഘങ്ങൾ വീടുകൾക്ക് തീയിടുകയും വാഹനങ്ങൾ കത്തിക്കുകയും റോഡുകൾ ഉപരോധിക്കുകയും ചെയ്തു.

To advertise here,

സുഡാൻ സ്വദേശിയായ ഒരാൾ റോഡിലിട്ട് ഒരാളുടെ തലയറുക്കാൻ ശ്രമിക്കുന്നതായുള്ള വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് പ്രതിഷേധം അക്രമാസക്തമായത്. വഴിയാത്രക്കാർ ചേർന്നാണ് ഇയാളെ രക്ഷപ്പെടുത്തിയത്. തിങ്കളാഴ്ച രാത്രിയുണ്ടായ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഇയാൾ ആശുപത്രിയിലാണ്. ഇയാളുടെ ഇടതുകണ്ണിന്റെ കാഴ്ച നഷ്ടപ്പെടുകയും വലതുകണ്ണിന് സാരമായി പരിക്കേൽക്കുകയും ചെയ്തു. കൂടാതെ മുഖത്തും പുറത്തും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് പേര് വെളിപ്പെടുത്താത്ത 30-കാരനെ പോലീസ് അറസ്റ്റുചെയ്തു. വധശ്രമം, പൊതുസ്ഥലത്ത് മാരകായുധം കൈവശംവയ്ക്കൽ, കൊലവിളി നടത്തൽ തുടങ്ങിയ കുറ്റങ്ങളാണ് ഇയാൾക്കെതിരേ ചുമത്തിയത്.

ഇതിനു പിന്നാലെയാണ് വടക്കൻ അയർലൻഡിലെ പലയിടങ്ങളിലും ആക്രമണമുണ്ടായത്. ബസുകളും കാറുകളും വീടുകളും തീയിട്ട് നശിപ്പിച്ചു. പോലീസിന് നേരെയും ആക്രമണമുണ്ടായി. കത്തിയമരുന്ന വീടുകളിൽനിന്ന് പോലീസ് കുടുംബങ്ങളെ ഒഴിപ്പിക്കുന്ന ദൃശ്യങ്ങൾ ബ്രിട്ടീഷ് മാധ്യമങ്ങൾ പുറത്തുവിട്ടു. കറുത്ത വർഗക്കാരായ ആളുകളെയാണ് അക്രമികൾ പ്രധാനമായും ലക്ഷ്യമിട്ടത്.

തങ്ങൾ താമസിക്കുന്ന കെട്ടിടത്തിന് സമീപം അക്രമികൾ പെട്രോൾ ബോംബുകൾ എറിഞ്ഞതായും പുക ഉയർന്നതിനെത്തുടർന്ന് അഗ്നിരക്ഷാസേനയെത്തിയാണ് തങ്ങളെ രക്ഷപ്പെടുത്തിയതെന്നും അവിടെ താമസിക്കുന്ന ഇന്ത്യൻ വംശജനായ ഇമ്രാൻ മാധ്യമങ്ങളോട് പറഞ്ഞു.