പിറന്നാൾ ആഘോഷം കഴിഞ്ഞെത്തിയ മകളെ ആശുപത്രിയിൽ ചെന്നുകണ്ട രക്ഷിതാക്കൾ ഞെട്ടിപ്പോയി


രാജി പുതുക്കുടി

പ്രതീകാത്മക ചിത്രം

ഹരി ഉപയോഗിക്കുന്നതത്രയും പുരുഷൻമാരും കൗമാരക്കാരായ ആൺകുട്ടികളും ആണ് എന്നതായിരുന്നു അടുത്ത കാലം വരെ നമ്മുടെ സമൂഹം വെച്ചു പുലർത്തിയിരുന്ന കാഴ്ചപ്പാട്. എന്നാൽ കഴിഞ്ഞ കുറച്ച് വർഷങ്ങൾകൊണ്ട് കാര്യങ്ങൾമാറി, മറ്റുകാര്യങ്ങളിലെന്ന പോലെ ലഹരി ഉപയോഗത്തിലും സ്ത്രീയും പുരുഷനും സമത്വം കൈവരിക്കുന്നു എന്ന തീർത്തും അപകടകരമായ യാഥാർത്യമാണ് ഇപ്പോൾ നമുക്ക് മുന്നിലുള്ളത്. സോഷ്യൽ ഡ്രിങ്കിങ് സമൂഹിക ജീവിതത്തിന്റെ ഭാഗമായി മാറിയപ്പോഴാണ് സ്ത്രീകളിൽ മദ്യത്തിന്റെ ഉപയോഗം കൂടി വന്നത്. 2010കളിൽ പുറത്തുവന്ന വിവിധ കണക്കുകൾ പറയുന്നത് കേരളത്തിലെ സ്ത്രീകളിൽ നാല് ശതമാനത്തോളം ആളുകൾ മദ്യം ഉപയോഗിക്കുന്നവരാണെന്നായിരുന്നു. പക്ഷേ, ജീവിത സാഹചര്യങ്ങൾ വീണ്ടും മാറി രാസലഹരികളുടെ ലോകത്ത് സ്ത്രീകളും നടന്നടുത്തു. കഴിഞ്ഞ പത്ത് വർഷത്തെ സ്ഥിതിഗതികൾ സൂചിപ്പിക്കുന്നത് രാസലഹരികൾ ഉപയോഗിക്കുന്ന സ്ത്രീകളുടെ എണ്ണത്തിൽ ഓരോ വർഷത്തിലും വർധനവ് ഉണ്ടായി എന്നാണ്. നിലവിൽ ഏകദേശം 40 ശതമാനത്തോളം സ്ത്രീകൾ വിവിധ മദ്യവും സിഗരറ്റും അല്ലാത്ത വിവിധ ന്യൂജെൻ ലഹരികൾ ഉപയോഗിക്കുന്നവരാണ്. കഴിഞ്ഞ അഞ്ച് വർഷങ്ങൾക്കിടെയാണ് ഈ പ്രവണതയിൽ ഗണ്യമായ വർധനവ് ഉണ്ടായത്. ലഹരി ഉപയോഗത്തിൽ പുരുഷൻമാർ തന്നെയാണ് ഇപ്പോഴും മുന്നിലെങ്കിലും രാസലഹരി ഉപയോഗിക്കുന്ന സ്ത്രീകളും പുരുഷൻമാരും തമ്മിലുള്ള അനുപാതം കുറഞ്ഞുവരികയാണ്.

ന്യൂജെൻ ലഹരിക്ക് അടിമപ്പെടുന്നത് കൗമാര പ്രായത്തിലോ യൗവ്വന കാലത്തിന്റെ തുടക്കത്തിലോ നിൽക്കുന്ന പെൺകുട്ടികൾ മാത്രമല്ല. അതിൽ അഭ്യസ്തവിദ്യരായ ഉയർന്ന വരുമാനമുള്ള സമൂഹത്തിന്റെ വിവിധ മേഖലകളിൽ ജോലി ചെയ്യുന്ന സ്ത്രീകളും ഉണ്ട്. 12 വയസ്സുമുതൽ അങ്ങോട്ട് 55 വയസ്സുവരെയുള്ള സ്ത്രീകളെ ന്യൂജെൻ ലഹരിയോടുള്ള ആസക്തിക്ക് ചികിത്സയ്ക്ക് വിധേയരാക്കിയിട്ടുണ്ടെന്നാണ് വിവിധ മാനസികാരോഗ്യ കേന്ദ്രങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം.വെൽക്കം പാർട്ടി മുതൽ ഫ്രണ്ട്ഷിപ്പ് ആനിവേഴ്സറി വരെ കൗമാരക്കാരിലേക്ക് ലഹരി എത്തുന്നത് പലവഴിക്ക്

ചെന്നെയിലെ ആർക്കിടെക്ചറൽ കോളേജിൽ പഠിക്കുന്ന ലക്ഷ്മിയുടെ (പേര് യഥാർത്ഥമല്ല) പിതാവിന് ഒരു ദിവസം രാവിലെ വന്ന ഫോൺകോൾ നിങ്ങളുടെ മകൾ ആശുപത്രിയിലാണെന്നാണെന്നും ഉടൻ അങ്ങോട്ട് എത്തണമെന്നും ആയിരുന്നു. ആശുപത്രിയിൽ എത്തിയ രക്ഷിതാക്കൾ കണ്ടത് പകുതി മയക്കത്തിൽ കിടക്കുന്ന മകളെയാണ്. തലേ ദിവസം ഒരു പിറന്നാൾ ആഘോഷത്തിൽ പങ്കെടുക്കാൻ പോയി എന്ന് മാത്രമായിരുന്നു രക്ഷിതാക്കൾക്ക് ആകെ അറിയാവുന്ന വിവരം. കുട്ടിയെ നാട്ടിലെത്തിച്ച് മാനസികാരോഗ്യ കേന്ദ്രത്തിൽ കൊണ്ടുപോവുകയും അവിടെ വെച്ച് നടത്തിയ പരിശോധനയിൽ പെൺകുട്ടി കൂടിയ അളവിൽ എംഡിഎംഎ ഉപയോഗിച്ചതായും കണ്ടെത്തി. കൂടിയ അളവിൽ എംഡിഎംഎ ഉപയോഗിച്ച് ശ്വാസംമുട്ട് അനുഭവപ്പെട്ടതിന് പിന്നാലെ ബ്ലഡ്പ്രഷർ കൂടി പെൺകുട്ടി തളർന്ന് വീണപ്പോഴാണ് കൂട്ടുകാർ ചേർന്ന് ആശുപത്രിയിൽ എത്തിച്ചതെന്ന് രക്ഷിതാക്കൾ പിന്നീട് അന്വേഷിച്ചപ്പോളാണ് മനസ്സിലായത്. ഇതിന്റെ തുടർച്ചയായി നടത്തിയ അന്വേഷണത്തിൽ രക്ഷിതാക്കൾ അറിഞ്ഞത് കുട്ടി കോളേജിൽ പോയിട്ട് തന്നെ നാളുകളായെന്നാണ്. പല ആവശ്യങ്ങളുടെ പേര് പറഞ്ഞ് രക്ഷിതാക്കളിൽ നിന്ന് വാങ്ങിക്കുന്ന തുക ഉപയോഗിച്ചാണ് എംഡിഎംഎ ഉൾപ്പടെയുള്ള ലഹരി വസ്തുക്കൾ വാങ്ങിക്കുന്നത്. ഏറെക്കാലത്തെ ചികിത്സയ്ക്ക് ശേഷം ലഹരിയുടെ ആസക്തിയിൽ നിന്ന് തിരിച്ചുവന്ന പെൺകുട്ടിയ്ക്ക് പക്ഷേ ആർകിടെക്ട് ആവുക എന്ന സ്വപ്നം സഫലമാക്കാൻ കഴിഞ്ഞില്ല.

കോവിഡ് സമയത്ത് വീട്ടിനുള്ളിൽ കഴിഞ്ഞിരുന്ന അഞ്ജുവിനെ മാനസിക അസ്വാസ്ഥ്യങ്ങൾ പ്രകടിപ്പിച്ച് തുടങ്ങിയപ്പോഴോണ് രക്ഷിതാക്കൾ മാനസികരോഗ വിദഗ്ദന്റെ അടുത്തെത്തിച്ചത്. തുടർച്ചയായി വീടിനുളളിൽ ഇരിക്കുന്നതിൽ ഉണ്ടായ മാനസിക പ്രശ്നമാണെന്നാണ് രക്ഷിതാക്കളും ഡോക്ടറും ആദ്യം കരുതിയത്. പിന്നീട് നടത്തിയ കൗൺസിലിങ്ങിലാണ് രാസലഹരിയുടെ ഉപയോഗമാണെന്ന് തിരിച്ചറിഞ്ഞത്. വീടിന്റെ മുകൾനിലയിലെ മുറിയിൽ കിടന്നിരുന്ന പെൺകുട്ടിയ്ക്ക് തൊട്ടടുത്ത വീട്ടിലെ പയ്യനാണ് രാത്രി ഗേറ്റ് ചാടി വന്ന് ലഹരി എത്തിച്ചുകൊടുത്തത്. ലഹരി ഉപയോഗം കൂടിയപ്പോളാണ് ഉറക്കം നഷ്ടപ്പെട്ട് കുളിക്കാനോ ഭക്ഷണം കഴിക്കാനോ പോലും താൽപര്യം ഇല്ലാത്ത നിലയിലേക്ക് കുട്ടി എത്തിയത്.

ബെംഗളൂരുവിലെ ഒരു കോളേജിൽ പഠിക്കാൻ പോയ ആരതിയെ (പേര് യഥാർത്ഥമല്ല) കോളേജിലെ വെൽക്കം പാർട്ടിയുടെ ഭാഗമായി സീനിയേഴ്സ് കൊണ്ടുപോയത് അരണ്ട വെളിച്ചം ഉള്ള പുകച്ചുരുകൾ നിറഞ്ഞ ഒരു മുറിയിലേക്കാണ്. പിറ്റേന്ന് ഹോസ്റ്റലിൽ എത്തിയ രക്ഷിതാക്കൾ കണ്ടത് വളരെ ആക്രമാസക്തമായി പെരുമാറുന്ന വസ്ത്രം വരെ ഊരി എറിയാൻ ശ്രമിക്കുന്ന മകളെയാണ്. കുട്ടിയെ മാനസികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ച് നടത്തിയ പരിശോധനയിൽ കഞ്ചാവ് ഉപയോഗിച്ചതായി കണ്ടെത്തി. മകൾ നാട്ടിൽ നിന്ന് പോകുന്ന വരെ ഇത്തരം ലഹരിയുടെ വലയിൽപ്പെട്ടിട്ടില്ലെന്ന് മനസിലാക്കിയ രക്ഷിതാക്കൾ കൂടുതൽ അന്വേഷിച്ചപ്പോൾ കഞ്ചാവ് കത്തിച്ച് പുകച്ചാണ് വെൽക്കം പാർട്ടി നടത്തിയ മുറിയിൽ പുകച്ചുരുളുകൾ ഉണ്ടാക്കിയതെന്നും പാർട്ടി കഴിഞ്ഞ് പിന്നീടുള്ള ദിവസങ്ങളിൽ ഇതേ വസ്തു അന്വേഷിച്ച് എത്തുന്നവർക്ക് സീനിയേഴ്സ് സാധനം കൈമാറുമെന്നും അറിയുന്നത്. ഇത്തരത്തിൽ പലപ്പോഴും അറിയാതെയാണ് പെൺകുട്ടികൾ ലഹരിയുടെ കെണിയിൽ വീഴുന്നത്. വീട് വിട്ട് നിൽക്കുന്നതും രക്ഷിതാക്കളുമായി കുട്ടികൾക്കുള്ള അടുപ്പം കുറയുന്നതും സമാനപ്രായത്തിലുള്ളവർ ചെലുത്തുന്ന സ്വാധീനവും പുതിയ തലമുറയ്ക്ക് കൂടുതലായി കിട്ടുന്ന സ്വാതന്ത്ര്യവും പോക്കറ്റ് മണിയും എല്ലാമാണ് കുട്ടികൾക്ക് ലഹരിയുടെ ഉപയോഗം എളുപ്പമാക്കുന്നത്.

ഉന്നത വിദ്യാഭ്യാസവും ജോലിയും ഉള്ള 35കാരിയെ ലഹരിക്കെണിയിൽ പെടുത്തിയത് ആൺ സുഹൃത്താണ്. ജോലി സമ്മർദവും മൂന്ന് വർഷത്തോളമായി ഉള്ള കുടുംബ പ്രശ്നങ്ങളും കാരണം ഏറെ മാനസിക പ്രശ്നങ്ങൾ അനുഭവിച്ചിരുന്നപ്പോളാണ് ദിവ്യയുടെ (പേര് യാഥാർത്ഥമല്ല) ജീവിതത്തിലേക്ക് ഒരു പുതിയ കൂട്ടുകാരൻ എത്തുന്നത്. സുഹൃത്തിന്റെ വിവാഹ ചടങ്ങിൽ വെച്ച് ചെറുപ്പക്കാരനുമായി ദിവ്യ പതുക്കെ അടുത്തു. സൗഹൃദം വളർന്നപ്പോൾ ജീവിതത്തിലെ പ്രശ്നങ്ങളെല്ലാം പുതിയ സുഹൃത്തിനോട് തുറന്ന് പറഞ്ഞു. മാനസിക അസ്വാസ്ഥ്യം കാരണം രാത്രി ഉറങ്ങാൻ പ്രയാസപ്പെട്ടിരുന്ന ദിവ്യയ്ക്ക് സുഹൃത്ത് ഒരു അടിപൊളി മരുന്ന് കൊടുത്തു. എൽഎസ്ഡി. ആദ്യം ഉപയോ​ഗത്തിൽ തന്നെ ദിവ്യയ്ക്ക് മരുന്ന് നന്നേ ബോധിച്ചു. ഉപയോ​ഗം സ്ഥിരമാക്കി, മരുന്ന് സ്ഥിരമായി എത്തിച്ചുകൊടുത്തത് ഈ സുഹൃത്ത് തന്നെ. അവധി ദിവസങ്ങളിൽ സുഹൃത്തിനൊപ്പം ചെലവഴിച്ച സമയങ്ങളിൽ എംഡിഎംഎയുടെ ഉപയോ​ഗവും പതിവായി. വരുമാനത്തിൽ നിന്ന് നല്ല ഒരു തുക ലഹരി വാങ്ങാൻ മാറ്റിവെച്ച് തുടങ്ങി. രാത്രിയിലെ അമിത ലഹരി ഉപയോ​ഗം കാരണം പകൽ കടുത്ത ക്ഷീണം വന്നുതുടങ്ങി, ജോലി ചെയ്യാൻ പറ്റാതായി. ടാർ​ഗറ്റ് അച്ചീവ് ചെയ്യാൻ പറ്റാത്ത മാസങ്ങളുടെ എണ്ണം കൂടി ജോലിയിൽ നിന്ന് പിരിച്ചവിട്ട സാഹചര്യത്തിലാണ് ‍ഡീ അ‍ഡിക്ഷൻ സെന്ററിലേക്ക് എത്തിയത്. ഇങ്ങനെ പുരുഷൻമാരോ ആൺകുട്ടികളോ ലഹരി പരിചയപ്പെടുത്തിക്കൊടുക്കുന്നതിലൂടെ ഇതിലേക്കുന്ന സ്ത്രീകൾ മാത്രമല്ല ഉള്ളത്. സ്ത്രീകൾക്കും പെൺകുട്ടികൾക്കും അതേ ജെൻഡറിൽപ്പെട്ടവർ തന്നെ ഇത്തരം സാധനങ്ങൾ നൽകുന്ന സംഭവങ്ങളും ഉണ്ട്. സുഹൃത്തുക്കൾ, കസിൻസ് തുടങ്ങിയവരിലൂടെയാണ് ‌ന്യൂജെൻ മരുന്നുകൾ എത്തുന്നത്. എൽഎസ്ഡി, എംഡിഎംഎ, നൈട്രോസെപാം പോലുള്ള ​ഗുളികകൾ തുടങ്ങിയവയാണ് കൂടുതലായും സ്ത്രീകൾക്കും പെൺകുട്ടികൾക്കും ഇടയിൽ കാണുന്നത്. കഞ്ചാവ് വലിച്ച് തുടങ്ങിയാൽ പോലും പിന്നീട് ഉപയോ​​ഗിക്കുന്നത് ഇത്തരം മരുന്നുകളോ കാനബീസ് ഓയിലോ ഒക്കെയാണ്. ഉപയോ​ഗിച്ചാൽ മറ്റുള്ളവർ‌ക്ക് എളുപ്പം കണ്ടുപിടിക്കാൻ ആവില്ല എന്നതും, തീരെ ചെറിയ അളവിൽ ഉപയോ​ഗിച്ചാലും നല്ല ലഹരി കിട്ടുമെന്നതും സൂക്ഷിക്കാൻ എളുപ്പം ആണെന്നതും ആണ് ഇതിനുള്ള പ്രധാന കാരണം.

വീട്, ഹോസ്റ്റൽ, റെസ്റ്റോറന്റ്, പാർക്ക്.. എവിടേയും എപ്പോഴും ലഹരി എത്തും

ലഹരി സ്ഥിരമായി ഉപയോ​ഗിക്കുന്ന പുരുഷൻമാർക്ക് സാധനം എത്തിച്ചു കൊടുക്കുന്ന പോലെ തന്നെ സ്ത്രീകൾക്കും ഏത് സമയത്തും ഏത് സ്ഥലത്തും കാരിയർമാർ‌ ലഹരി എത്തിച്ചു നൽകും. മരുന്നിന്റെ വില അക്കൗണ്ട് വഴിയോ നേരിട്ടോ നൽകാം. അഡ്വാൻസ് നൽകി ബുക്ക് ചെയ്താൽ ബാക്കി പണം നേരിട്ട് നൽകുന്നതാണ് രീതി. പ്രൊഫഷണൽ കോളേജുകളിലും മറ്റും പടിക്കുന്ന പെൺകുട്ടികളെ തേടി ലഹരി എത്തുന്നത് പോലെയാണ് ഹൈസ്ക്കൂളിലും ഹയർ സെക്കൻഡറി സ്കൂളിലും പഠിക്കുന്ന കുട്ടികളെ തേടി ലഹരി എത്തുന്നത്. കുട്ടികളെ ആദ്യത്തെ ഒന്നോ രണ്ടോ തവണ സൗജന്യമായി ലഹരി നൽകി ആകർഷിക്കും പിന്നീട് ഇവരെ കാരിയർമാരാക്കി പുരുഷൻമാർക്ക് ഉൾപ്പടെ ലഹരി എത്തിക്കും, പ്രതിഫലമായി ചെറിയ തുകയ്ക്ക് ഇവർക്ക് സാധനം നൽകും. വരുമാനം ഉണ്ടാക്കാനുള്ള മാർ​ഗം എന്നതിലുപരിയായി മരുന്ന് എളുപ്പം കിട്ടാനും ‍‍ഡിസ്ക്കൗണ്ട് റേറ്റിൽ കിട്ടാനും ആണ് പലരും ഇതിന്റെ കാരിയർമാരാകുന്നത്. എളുപ്പം പിടിക്കപ്പെടില്ല എന്നത് ലഹരിക്കടത്തുകാർ സുരക്ഷിതമാർ‌​ഗമായി സ്ത്രീകളേയും കുട്ടികളേയും ഉപയോ​ഗിക്കാനുള്ള കാരണവും ആവുന്നുണ്ട്. ചില സ്കൂളുകളിൽ പെൺകുട്ടികൾ ലഹരി ഉപയോ​ഗിക്കുന്നതായി സംശയം തോന്നിയതിനെ തുടർന്ന് പരിശോധിക്കാൻ എത്തിയ അധ്യാപകരെ പോക്സോ കേസിൽ കുടുക്കുമെന്നും പുറത്ത് പറഞ്ഞാൽ ആത്മഹത്യ ചെയ്യുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തിയ സംഭവം വരെ ഉണ്ടായിട്ടുണ്ട്. വീട്ടിൽ നിന്ന് മറ്റുപല ആവശ്യങ്ങളും പറഞ്ഞ് ഒപ്പിക്കുന്ന പണം കൂട്ടിവെച്ച് പെൺകുട്ടികളും വരുമാനത്തിൽ നിന്നുള്ള ഒരു തുകമാറ്റി വെച്ച് സ്ത്രീകളും ലഹരി സ്വന്തമായി വാങ്ങി ഉപയോ​ഗിക്കുന്നതിലേക്ക് ഇന്ന് സാഹചര്യം മാറി.

കൗമാരക്കാർക്ക് പിയർ​ഗ്രൂപ്പ് ഇൻഫ്ലുവൻസ്, മുതിർന്ന സ്ത്രീകൾക്ക് കുടുംബ പ്രശ്നങ്ങൾ; ലഹരിക്കടിമപ്പെടാൻ കാരണങ്ങൾ ഇങ്ങനെ

കൗമാരക്കാരികളിൽ നല്ലൊരു ശതമാനവും ല​ഹരിയുടെ ലോ​കത്തേക്ക് എത്തുന്നത് പിയർ​ഗ്രൂപ്പ് ഇൻഫ്ലുവൻസിലൂടെയാണെന്നാണ് മാനസിക രോ​ഗ വിദ​ഗ്ദർ പറയുന്നത്. സൗഹൃദത്തിലൂടെ മാത്രമല്ല പ്രണയക്കുരുക്കിലൂടെയും കുട്ടികൾ ലഹരി ഉപയോ​ഗിച്ച് തുടങ്ങും. ​ഗ്രൂപ്പ് സ്റ്റഡി, കംമ്പയിൻ സ്റ്റഡി തുടങ്ങിയ കാരണങ്ങൾ പറഞ്ഞ് ഒത്തുകൂടിയും വൺ ‍‍ഡേ ട്രിപ്പുകളിലൂടെയും മറ്റുമാണ് ലഹരി കൂടുതലായും ഉപയോ​ഗിക്കുന്നത്. ആസക്തി കൂടുമ്പോൾ വീട്ടിലിരുന്ന് തനിച്ച് ഉപയോ​ഗിക്കും. സുഹൃത്തുക്കളൊക്കെ ഇതുപയോ​ഗിക്കുന്നുണ്ട്, നമ്മള് മാത്രം ഉപയോ​ഗിക്കാതിരുന്നാൽ അവർക്കെന്ത് തോന്നും, ഉപയോ​ഗിച്ചില്ലെങ്കിൽ അവർക്കിടയിൽ എന്റെ സ്റ്റാൻഡേർഡ് പോകും, ഇതൊക്കെ ഒരു ട്രെൻഡല്ലേ എന്തിന് മാറി നിൽക്കണം തുടങ്ങി പലകാരണങ്ങളാണ് സമാനപ്രായക്കാരുടെ സ്വാധീനത്തിൽ ലഹരി ഉപയോ​ഗിക്കുന്നവർ പറയുന്നത്. ആൺസുഹൃത്തുമായുള്ള ലൈം​ഗിക ബന്ധത്തിൽ കൂടുതൽ ടൈമിങ് കിട്ടാൻ ലഹരി ഉപയോ​ഗിച്ച് തുടങ്ങിയ പെൺകുട്ടികളും പിന്നീട് ഇതുപയോ​ഗിക്കാതെ സംതൃപ്തി കിട്ടില്ല എന്ന നിലയിലേക്ക് എത്തിയവരും ഇക്കൂട്ടത്തിൽ ഉണ്ട്.

ലഹരിക്ക് അടിമപ്പെടുന്ന സ്ത്രീകൾ ലഹരി ഉപയോ​ഗിച്ച് തുടങ്ങുന്നത് പലതും മറന്ന് സമാധാനം കിട്ടാനാണെന്നാണ് പലരും പറയുന്നത്. നേരത്തെ ഭർത്താവിനൊപ്പം അല്ലെങ്കിൽ ഏതെങ്കിലും പാർ‌ട്ടിയിൽ വെച്ച് ചെറിയ അളവിൽ മദ്യം കഴിച്ച് പിന്നീട് ഇതിന് അടിമകളാവുന്ന സ്ത്രീകളാണ് മാനസികാരോ​ഗ്യ വിദ​ഗ്ദരെ അടുത്ത് എത്തിയിരുന്നത് എങ്കിൽ ഇന്ന് ന്യൂജെൻ ലഹരി ഉപയോ​ഗിച്ച് ജീവിതം താളം തെറ്റിയവരാണ് എത്തുന്നത്.

കുടുംബ പ്രശ്നങ്ങൾ, തൊഴിലിടത്തിലെ സമ്മർദ്ദം തുടങ്ങിയവാണ് പ്രധാനകാരണങ്ങളാകുന്നത്. ഇവിടേയും പക്ഷെ ല​ഹരി കിട്ടി തുടങ്ങുന്നത് കൂടുതലും സുഹൃത്തുക്കൾ ഒന്നിച്ച് കൂടുന്ന പാർട്ടികളിലൂടെയോ യാത്രകളിലൂടേയോ ആണ്. തുടക്കത്തിലെ ഉൻമാദാവസ്ഥ ഇത് തന്നെയാണ് എല്ലാ പ്രശ്നങ്ങളും മറക്കാനുള്ള ഉപാദിയെന്ന് പലരേയും തോന്നിപ്പിക്കും എങ്കിലും പിന്നീട് ഉറക്കമില്ലായ്മയും ലഹരി വസ്തുക്കൾ ഏറേ നേരം കിട്ടാതിരിക്കുമ്പോൾ പ്രകടമാകുന്ന മറ്റ് പലപ്രശ്നങ്ങളും ആണ് സ്ത്രീകളെ ഇത്തരം സെന്ററുകളിലേക്ക് എത്തിക്കുന്നത്. ഇത്തരം അവസ്ഥകളിലേക്ക് എത്തും വരെ വീട്ടുകാർക്കും പോലും ഇവർ ലഹരി ഉപയോ​ഗിക്കുന്നവരാണെന്ന് സംശയം തോന്നില്ല.

ആസക്തിക്ക് പ്രതിരോധം മാത്രമാണ് മരുന്ന്

ഡോ പി.എൻ സുരേഷ് കുമാർ

മെത്ത്, കന്നാബീസ്, എംഡിഎംഎ, എൽഎസ്ഡി തുടങ്ങിയ ലഹരി വസ്തുക്കൾ സൈക്കഡമിക് ഡ്ര​ഗ്സ് എന്ന വിഭാ​ഗത്തിൽപ്പെടുന്നവയാണ്. നേരിട്ട് തലച്ചോറിന് ബാധിച്ച് ന്യൂറോ കെമിക്കൽ ബാലൻസ് തകർക്കുന്നവയാണ് ഇത്തരം മരുന്നുകൾ. തലച്ചോറിൽ ഡോപമിന്റെയും, സിറടോണിന്റേയും അളവ് കൂടും. അതോടെ തലച്ചോറിലെ കോശങ്ങൾ തമ്മിലുള്ള ആശയ വിനിമയം തകരാറിലാവും. അതോടെയാണ് പെരുമാറ്റ പ്രശ്നങ്ങൾ കാണിച്ച് തുടങ്ങുക. ഉറക്കക്കുറവ്, ഭക്ഷണം കഴിക്കാൻ ഉള്ള താത്പര്യം ഇല്ലായ്മ, ശരീരം മെലിയുന്ന അവസ്ഥ, കുളിക്കുക, മുടി ചീകുക, രാവിലെ എഴുന്നേൽക്കുക തുടങ്ങിയ വ്യക്തിപരമായ കാര്യങ്ങളിൽ കുറവ് വരുക, പഠനത്തോട് താത്പര്യം കുറയുക, വീട്ടിൽ എല്ലാവർക്കും ഒപ്പം സമയം ചെലവഴിക്കുന്നതിന് പകരം മുറിയിൽ തനിച്ച് ഇരിക്കാനുളള താത്പര്യം കൂടുക, ടോയ്ലറ്റ് ഉപയോ​ഗിക്കുന്നതിന്റെ സമയം കൂടുക തുടങ്ങിയവയാണ് തുടക്കത്തിൽ കാണിക്കുന്ന പ്രശ്നങ്ങൾ. കുറച്ച് നാളുകൾ കൊണ്ട് തന്നെ ഇത് സൈക്കോസിസ് എന്ന അവസ്ഥയിലേക്ക് പോകും. ഈ അവസ്ഥയിൽ ദേഷ്യം കൂടുകയും, എടുത്തുചാട്ടം കൂടുകയും അക്രമാസക്തമായ രീതിയിൽ പെരുമാറി തുടങ്ങുകയും ചെയ്യും. സാധനങ്ങൾ നശിപ്പിക്കാനുളള പ്രവണതയും കൂടും. സൈക്കോട്ടിക് സ്റ്റേജാണ് അടുത്തത്, ആരോ കൊല്ലാൻ ശ്രമിക്കുന്നു, വിഷം തരാൻ നോക്കുന്നു, ആരോ പിന്തുടരുന്നു, നോക്കി ചിരിക്കുന്നു, കളിയാക്കുന്നു തുടങ്ങിയ സംശയങ്ങളെല്ലാം ഈ ഘട്ടത്തിൽ കൂടും. ഹാല്യൂസിനേഷൻ എന്ന അവസ്ഥയിലേക്കും രോ​ഗി മാറും. ദയ, അനുകമ്പ തുടങ്ങിയ സ്വഭാവ ​ഗുണങ്ങളെല്ലാം നഷ്ടപ്പെട്ട് ആത്മഹത്യയ്ക്കും കൊലപാതകത്തിലേക്കും വരെ എത്തുന്ന രീതിയിലേക്ക് ലഹരിക്കടിമപ്പെടുന്നവരുടെ മാനസികാവസ്ഥ മാറും.

വേണം കരുതൽ

പതിവായി വീട്ടിൽ വൈകി എത്തുക, വരാതിരിക്കുക, അടിക്കടി പണം ചോദിക്കുക, കൂട്ടുകാർക്കൊപ്പം ചെലവഴിക്കുന്ന സമയം കൂടുക തുടങ്ങിയ കാര്യങ്ങൾ കണ്ടുതുടങ്ങിയാൽ നമ്മൾ കുട്ടികളെയും പങ്കാളികളേയും ശ്രദ്ധിക്കണമെന്നാണ് മാനസികാരോ​ഗ്യ വിദ​ഗ്ദർ പറയുന്നത്. ഇവർ അറിയത്ത രീതിയിൽ ഇവരുടെ മുറിയും ബാത്ത്റൂമും കുട്ടികളാണെങ്കിൽ പഠന വസ്തുക്കളും പരിശോധിക്കുന്നത് നല്ലതായിരിക്കുമെന്നും മാനസികാരോ​ഗ്യ വിദ​ഗ്ദനായ ഡോക്ടർ പിഎൻ സുരേഷ് കുമാർ പറയുന്നു. ഇത്തരത്തിൽ എന്തെങ്കിലും സൂചനകൾ കിട്ടിക്കഴിഞ്ഞാൽ അവരോട് ദേഷ്യപ്പെടുന്നതും ഉപദേശിക്കുന്നതും ​ഗുണം ചെയ്യില്ലെന്നും മാനസികാരോ​ഗ്യ വിദ്​ഗരുടെ നേതൃത്വത്തിലുള്ള ചികിത്സ തന്നെ വേണ്ടിവരും. ഇത്തരക്കാരുടെ മാനസികാവസ്ഥയ്ക്ക് അനുസരിച്ച് ആശുപത്രിയിലെ കിടത്തി ചികിത്സയോ, കൗൺസിലിങ് പോലുള്ള ചികിത്സയോ ആണ് വേണ്ടി വരുക. ഇത്തരത്തിൽ ന്യൂജെൻ ലഹരിക്ക് അടിമപ്പെട്ടവരെ ആസക്തിയിൽ നിന്ന് തിരിച്ച് കൊണ്ടുവരാൻ പറ്റുന്ന മരുന്നുകൾ ഒന്നും ഇതുവരെ കണ്ടെത്തപ്പെ‍ട്ടിട്ടില്ല. മദ്യം, ബ്രൗൺ ഷു​ഗർ എന്നിവയുടെ ഉപയോ​ഗത്തിൽ നിന്ന് തിരിച്ചുകൊണ്ടുവരാനുള്ള മരുന്നുകൾ മാത്രമാണ് ഇപ്പോൾ ഉള്ളത്. ഉറക്കക്കുറവ്, ആക്രമാസക്തമായ സ്വഭാവം കുറയ്ക്കുക, സൈക്കോട്ടിക് അവസ്ഥയിൽ നിന്ന് തിരിച്ചുകൊണ്ടുവരുക, വിഷാദം, ടെൻഷൻ തുടങ്ങിയ കുറക്കാൻ ഉള്ള മരുന്നുകൾ കൊടുക്കുക എന്നിവയാണ് തലച്ചോറിന്റെ പ്രവർത്തനം സാധരണ രീതിയിലേക്ക് കൊണ്ടുവരാനായി ചെയ്യുന്നത്. പിന്നീട് ലഹരിയിലേക്ക് എത്താനുള്ള കാരണങ്ങൾ കണ്ടുപിടിച്ച ശേഷം ഇതിന് തടയിടാനുള്ള സൈക്കോ തെറാപിക് ട്രീറ്റ്മെന്റുകളും വേണ്ടി വരും. ഏറെ നാളത്തേക്ക് മരുന്ന് ഉൾപ്പടെയുള്ള തുടർ ചികിത്സ മുടങ്ങാതെ കൊണ്ടുപോവേണ്ടിയും വരും.

പക്ഷേ, ഇതൊന്നും ലഹരി ഉപയോ​ഗിക്കാനുള്ള താത്പര്യത്തിൽ നിന്ന് ആരേയും പിടിച്ചു നിർത്താൻ സഹായകമാവില്ല, ഒരിക്കൽ ലഹരി ഉപയോ​ഗിച്ചാൽ ഏത് സമയത്തും ഇവർ ലഹരി ഉപയോ​ഗത്തിലേക്ക് പോകും. ആസക്തിയിലേക്ക് വീണ്ടും അടിമപ്പെടാൻ ഉള്ള പ്രവണത തലച്ചോർ എപ്പോളും കാണിക്കും. ഡോപമിൻ റിലീസ് ചെയ്യണം എന്ന തോന്നലാണ് ഇതിന്റെ കാരണം. അതുകൊണ്ട് ഇത്തരം ലഹരിയുടെ ലോകത്ത് നിന്ന് തിരിച്ച് കൊണ്ടുവരുന്ന ആളുകളെ അപകടരമല്ലാത്ത മറ്റെന്തെങ്കിലും കാര്യങ്ങളിലേക്ക് വഴിതിരിച്ച് വിടേണ്ടതും പ്രധാനമാണ്. നൃത്തം, സ്പോർട്സ്, സം​ഗീതം തുടങ്ങി അവർക്ക് താത്പര്യം ഉള്ള ഏതെങ്കിലും ഒന്ന് കണ്ടെത്തി അതിലേക്ക് പരമാവധി പ്രോത്സാ​ഹനം നൽകണമെന്നും മാനസികാരോ​​ഗ്യ വിദ​ഗ്ദർ പറയുന്നു.

Content Highlights: Drug consumption in Kerala, valicheriyoo vishalokam


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
FIFA World Cup 2022 Argentina vs Mexico group c match

2 min

മെക്‌സിക്കന്‍ പ്രതിരോധക്കോട്ട തകര്‍ത്തു; ജീവന്‍ തിരികെപിടിച്ച് മെസ്സിയും സംഘവും

Nov 27, 2022


nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022

Most Commented