പാനൂര്‍: വടക്കെപൊയിലൂരില്‍ ലഹരിക്കടിമയായ യുവാവ് അമ്മയെ വെട്ടിപ്പരിക്കേല്പിച്ച് വാതില്‍ ഉള്‍പ്പെടെ വീട്ടിലെ സാധനസാമഗ്രികള്‍ നശിപ്പിച്ചു. സ്വന്തം കൈത്തണ്ടയിലെ ഞരമ്പ് മുറിക്കുകയും ചെയ്തു. വടക്കയില്‍ ജാനു (67) വിനെയാണ് മകന്‍ നിഖില്‍ രാജ് (27) ഇരുകൈകളിലും വെട്ടിപ്പരിക്കേല്‍പിച്ചത്. പരിക്ക് സാരമുള്ളതല്ല. വ്യാഴാഴ്ച രാത്രിയാണ് സംഭവം.

To advertise here,

നാട്ടുകാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് സ്ഥലത്തെത്തിയ കൊളവല്ലൂര്‍ പോലീസ് ജാനുവിനെ പാനൂര്‍ ഗവ. ആസ്പത്രിയിലെത്തിച്ചു. വലത് കൈത്തണ്ടയില്‍ നാലു തുന്നലുണ്ട്. വെള്ളിയാഴ്ച രാവിലെ പോലീസ് എത്തിയപ്പോള്‍ യുവാവ് വീണ്ടും അക്രമാസക്തനായി. ഇടത് കൈത്തണ്ടയില്‍ ബ്ലേഡുകൊണ്ട് മുറിവേല്‍പിച്ചു. ഇതിനകം വീട്ടിനകത്തെ വാതിലുള്‍പ്പെടെയുള്ള സാമഗ്രികള്‍ തകര്‍ത്തിരുന്നു. പോലീസ് ഏറെ പണിപ്പെട്ടാണ് യുവാവിനെ കസ്റ്റഡിയിലെടുത്തത്.

കൊളവല്ലൂര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ കെ.സുഭാഷ് ബാബു, എസ്.ഐ. പ്രഷീദ്, സി.പി.ഒ. വിജേഷ്, സ്‌പെഷ്യല്‍ ബ്രാഞ്ച് സി.പി.ഒ. എന്‍.എ.വിജേഷ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം യുവാവിനെ തലശ്ശേരി ജനറല്‍ ആസ്പത്രിയിലെത്തിച്ചു. വ്യാഴാഴ്ച രാത്രി നായക്കുട്ടിയെയുംകൊണ്ടാണ് യുവാവ് വീട്ടിലെത്തിയത്. ഇത് ചോദ്യംചെയ്തപ്പോള്‍ ലഹരിയിലായിരുന്ന യുവാവ് സമീപത്തെ മേശപ്പുറത്തുണ്ടായിരുന്ന കത്തിയെടുത്ത് അമ്മയെ വെട്ടുകയായിരുന്നു. മുന്‍പും മദ്യപിച്ചെത്തി ബഹളമുണ്ടാക്കാറുള്ള മകന്‍ പലപ്പോഴും പണം ചോദിക്കാറുണ്ടായിരുന്നെന്നും അടുത്തിടെയായി ലഹരിവസ്തുക്കള്‍ ഉപയോഗിക്കാന്‍ തുടങ്ങിയതോടെയാണ് അക്രമസ്വഭാവം കാണിക്കാന്‍ തുടങ്ങിയതെന്നും അമ്മ പറഞ്ഞു.

തലശ്ശേരി ജനറല്‍ ആസ്പത്രിയില്‍ യുവാവിന് ചികിത്സ നല്‍കി. അറസ്റ്റ്ചെയ്ത് കോടതിയില്‍ ഹാജരാക്കിയ നിഖില്‍രാജിനെ റിമാന്‍ഡ് ചെയ്തു. നിഖില്‍രാജ് മോഷണമുള്‍പ്പെടെയുള്ള കേസുകളില്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.