മാതൃഭൂമി ആഴ്ചപ്പതിപ്പിലെ തന്റെ പംക്തിയായ നാടക ടിക്കറ്റില്‍ അന്തരിച്ച പ്രശസ്ത നാടകകാരന്‍ പ്രശാന്ത് നാരായണന്‍ കുട്ടികളുടെ നാടകവേദിയുമായി ബന്ധപ്പെട്ട് മുതിര്‍ന്നവരോട് പറഞ്ഞ ഒരു സുപ്രധാന വാചകമുണ്ട്.' നിങ്ങളുടെ കുട്ടിക്കാലം കഴിഞ്ഞെന്നു കരുതി ലോകത്തിലെ മുഴുവന്‍ കുട്ടിക്കാലവും അവസാനിച്ചുവെന്ന് കരുതരുത്. എത്ര ചിന്തനീയമാണത്. പുതിയ കാലത്ത് പുതിയ പലതും കുട്ടികളിലേക്ക് വന്നുചേര്‍ന്നിരിക്കുന്നുവെങ്കിലും ഇപ്പോഴും അവര്‍ക്കിടയില്‍ പുഴകളും കാടുകളും പക്ഷികളും മൃഗങ്ങളും ഒക്കെ ജീവിക്കുന്നുണ്ട്.

To advertise here,

ഞാനൊരു ഹൈസ്‌കൂള്‍ അധ്യാപകനാണ്. ഞാന്‍ ചോദിച്ച ക്ലാസിലൊക്കെ ഭൂരിഭാഗം കുട്ടികള്‍ക്കും പ്രിയപ്പെട്ടവരായി അക്വേറിയത്തിലെ മീനുകളോ പ്രാവുകളോ കോഴികളോ നായയോ പൂച്ചയോ മുയലോ ഒക്കെയുണ്ട്. അത്ര ശക്തമാണ് അവരുടെ ജീവിബന്ധം. ഇത്തവണത്തെ എന്റെ 'ഓസ്‌കാര്‍ പുരുഷു' എന്ന നാടകത്തില്‍ രാഗേന്ദുപ്പൂച്ചയായി വേഷമിട്ട പത്താംതരംക്കാരി കീര്‍ത്തനയ്ക്ക് ഒരു കൂടു നിറയെ സ്വന്തം കോഴികള്‍ ഉണ്ട്. കുറുക്കനുമായി വീട്ടുപറമ്പില്‍ അവള്‍ നടത്തുന്ന സംഘട്ടനങ്ങളുടെ കഥ ക്യാമ്പില്‍ പലപ്പോഴും രസത്തോടെ കേട്ടിട്ടുണ്ട്. കുറുക്കനു മാത്രമല്ല മനുഷ്യന്മാര്‍ക്കും അവള്‍ തിന്നാന്‍ കോഴിയെ കൊടുക്കാറില്ല എന്നാണ് അവളുടെ അമ്മ പറയുന്നത്. അതൊരു  കഥയാണ്. കുട്ടിയും ജീവിയും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥ.

തിരശ്ചീനമായ ഒരു വര വരച്ച് അതിനു മുകളില്‍ റ എന്ന് വരയ്ക്കുമ്പോള്‍ അത് മതിലിനപ്പുറത്തുള്ള ആനയാണെന്ന് സങ്കല്‍പ്പിക്കാന്‍ കുട്ടിയായ എനിക്ക് കഴിഞ്ഞിരുന്നു. പക്ഷേ മുതിരുമ്പോള്‍ എനിക്ക് അത് നഷ്ടപ്പെടുന്നു എന്ന് പിക്കാസോ സങ്കടപ്പെടുന്നു. The child is the father of the man' എന്നു പറഞ്ഞത് വേര്‍ഡ്‌സ് വര്‍ത്താണ്.

സബ്​ജില്ലാ കലോത്സവത്തിന്റെ തലേന്ന് എന്റെ മകള്‍ ദല (ഓസ്‌കാര്‍ പുരുഷുവിലെ പുരുഷുപ്പൂച്ച ) പറഞ്ഞു ''എനിക്ക് നാളെ കിന്‍ഡര്‍ ജോയ് വാങ്ങിത്തരണം'' എന്തിനാണ് ഇപ്പം പെട്ടെന്ന് എന്ന് ചോദിച്ചപ്പോള്‍ പറഞ്ഞത് മിസ്റ്റര്‍ രാജപ്പനെ കിട്ടാന്‍ വേണ്ടിയാണെന്നാണ്. ആരാണ് മിസ്റ്റര്‍ രാജപ്പന്‍? കുട്ടികളെ പാട്ടിലാക്കാന്‍ മിഠായിക്കൊപ്പം വയ്ക്കുന്ന ഒരു കുഞ്ഞു എലിക്കുട്ടിയാണ്. കൊച്ചു ടി.വി യിലെ കഥാപാത്രം. റിഹേഴ്സല്‍ ക്യാമ്പില്‍ നടക്കുന്ന എന്തൊക്കെയോ ശേഖരണത്തിന്റെ  ഭാഗമാണെന്ന് തോന്നുന്നു. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് കൊല്ലത്തേക്ക് വണ്ടിയില്‍ പോകുമ്പോള്‍ ശ്രദ്ധിച്ച  മറ്റൊരു കാര്യം ആമയുടെ ഒരു കോട്ടൺ ടോയ് കുപ്പായത്തിനുള്ളില്‍ കുമ്പയാക്കി വന്ന നാടകാംഗം വിശാലിനെയാണ്. വണ്ടിയില്‍ അതും വെച്ച് ഒരു കുഞ്ഞു കുട്ടിയുമായുള്ള കളിയിലായിരുന്നു കുറെ നേരം അവരെല്ലാം.

കുട്ടികളുടെ ഇഷ്ടലോകത്തു നിന്നും കഥ പറയുമ്പോള്‍ കൂടുതല്‍ താല്‍പര്യം കളിക്കുന്ന കുട്ടിയും കാണുന്ന കുട്ടിയും കാണിക്കും എന്ന മനഃശാസ്ത്രം തിയറ്ററിലും നമുക്ക് ഉപയോഗിക്കാം എന്ന ചിന്തയില്‍ നിന്നാണ് പലരും ജീവജാലങ്ങളെ അരങ്ങിലെത്തിക്കുന്നത്. എന്നുവെച്ച് റിയാലിറ്റി പാടില്ല എന്നല്ല ഈ പറഞ്ഞതിനര്‍ഥം. എന്താണ് റിയാലിറ്റി എന്ന ചോദ്യത്തിനാണ് പ്രാധാന്യം. കലയിലെ യാഥാര്‍ഥ്യം കുറച്ചുകൂടി ഭാവനാത്മകവും എവിടുന്നും എവിടേക്കും ഒഴുകാന്‍ സന്നദ്ധവുമാണ്. അത് മനുഷ്യനില്‍, മൃഗങ്ങളില്‍, പുല്ലില്‍, പൂക്കളില്‍.. പ്രപഞ്ചത്തിന്റെ അനന്ത സാധ്യതകളില്‍ ഒഴുകിപ്പടരുന്നു.. എല്ലാ ഒതുക്കലുകള്‍ക്കമപ്പുറം. വലിയൊരു സാധ്യത ജീവലോകം തുറന്നിടുന്നു എന്ന് പറയാതെ വയ്യ. ജീവിച്ചും ചിന്തിച്ചും കത്തിനില്‍ക്കുന്ന മുതിര്‍ന്നവരില്‍  ചിലര്‍ക്ക് ഇത് ഇഷ്ടപ്പെട്ടു എന്ന് വരില്ല. പറഞ്ഞിട്ട് കാര്യമില്ലല്ലോ. കുട്ടികളുടെ നാടകം കുട്ടികളായ കാണികള്‍ക്കും കുട്ടികളായിരിക്കുന്ന മുതിര്‍ന്ന കാണികള്‍ക്കും മാത്രമുള്ളതാണല്ലോ.

വീണ പൂവിലെ പൂവ് ഒരു കഥാപാത്രം മാത്രമായി കുട്ടി കരുതിയാലും ശരി അവന്‍ അവന്റെ അമ്മയുടെ പൊക്കിള്‍ക്കൊടിയില്‍ ഒരു പൂ വിടര്‍ന്ന് നില്‍ക്കുന്ന ചിത്രം എക്കാലത്തേക്കും മനസില്‍ വരച്ചു വയ്ക്കില്ലേ.

വിഖ്യാതനായ ചിത്രകാരന്‍ പിക്കാസോ തന്റെ ജീവിതാവസാനം വരെ പറഞ്ഞുകൊണ്ടിരുന്നത് നാല് വയസ്സ് വരെ ഞാന്‍ എന്താണോ വരച്ചത് ആ കുട്ടിയിലേക്ക് മടങ്ങാന്‍ ഞാന്‍ ആഗ്രഹിക്കുന്നു എന്നാണ്. തിരശ്ചീനമായ ഒരു വര വരച്ച് അതിനു മുകളില്‍ റ എന്ന് വരയ്ക്കുമ്പോള്‍ അത് മതിലിനപ്പുറത്തുള്ള ആനയാണെന്ന് സങ്കല്‍പ്പിക്കാന്‍ കുട്ടിയായ എനിക്ക് കഴിഞ്ഞിരുന്നു. പക്ഷേ മുതിരുമ്പോള്‍ എനിക്ക് അത് നഷ്ടപ്പെടുന്നു എന്നദ്ദേഹം സങ്കടപ്പെടുന്നു. വില്യം വേര്‍ഡ്സ് വര്‍ത്ത് റെയിന്‍ബോ എന്ന കവിതയിലൂടെ ലോകത്തിന് സംഭാവന ചെയ്ത ഒരു വരി വലിയ അര്‍ഥം പേറുന്നുണ്ട് ' The child is the father of the man' എന്ന വരിയില്‍ നമ്മുടെ ഉള്ളിലെ കുട്ടിയെ നഷ്ടപ്പെടുക എന്നാല്‍ നമുക്ക് നമ്മെ തന്നെ നഷ്ടപ്പെടുക എന്നതാണ് എന്നും വ്യാഖ്യാനിക്കാം.

വീണപൂവ് വെറും പൂവിന്റെ കഥയല്ല എന്നും മനുഷ്യ ജീവിതത്തിലേക്കുള്ള യാത്രയാണെന്നും നമുക്കറിയാം. ഇനി പൂവ് എന്ന കഥാപാത്രത്തെ മാത്രമായി  കുട്ടി കരുതിയാലും ശരി അവന്‍ അവന്റെ അമ്മയുടെ പൊക്കിള്‍ക്കൊടിയില്‍ ഒരു പൂ വിടര്‍ന്ന് നില്‍ക്കുന്ന ചിത്രം എക്കാലത്തേക്കും മനസില്‍ വരച്ചു വയ്ക്കില്ലേ. പ്രകൃതിയിലെ ഒരു പൂ ഞാനാണെന്ന സങ്കല്‍പ്പത്തിനപ്പുറം ഒരു കുട്ടിയില്‍ മറ്റെന്ത് വികാരമാണ് നമുക്ക് ഉണ്ടാക്കിയെടുക്കേണ്ടത്!

പ്രീമിയം ആർട്ടിക്കിളുകൾ വായിക്കാൻ വാട്‌സാപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ 

placeholder
പച്ചപ്ലാവിലെ എന്ന നാടകത്തില്‍ നിന്ന്

ഭാഷയിലെ ഫിഗര്‍ ഓഫ് സ്പീച്ചില്‍ ഏറ്റവും മനോഹരമായ ഒന്ന് പേഴ്‌സോണിഫിക്കേഷന്‍ ആണെന്നാണ് എന്റെ അഭിപ്രായം. മാനുഷിക വികാരങ്ങള്‍ മനുഷ്യേതരമായതില്‍ സങ്കല്‍പ്പിക്കുന്നത് ആണല്ലോ അത്. അത്തരം കവിതകളെ പോലെ തന്നെ പ്രധാനമാണ് നാടകങ്ങളും. പേഴ്‌സോണിഫൈഡ്  ആയ ഇത്തരം കഥാപാത്രങ്ങള്‍ അരങ്ങില്‍ വന്നുനില്‍ക്കുമ്പോള്‍ സൗന്ദര്യാത്മകമായ, തിയട്രിക്കലായ പൊളിറ്റിക്കല്‍ ആയ ഒരു നാടക രൂപത്തെ നമുക്ക് കുട്ടികളെ കാണിച്ച് കൊടുക്കാന്‍ പറ്റില്ലേ? അതൊരു സാധ്യതയാണ്. കുട്ടികളില്‍ പുതിയ ലോകം ഉണ്ടാക്കുന്ന Nature deficit disorder (പ്രകൃതിയില്ലാ രോഗം) എന്ന അവസ്ഥയില്‍ നിന്ന് ഒട്ടൊക്കെ അവരെ മോചിപ്പിക്കാന്‍ ജീവലോകത്തിന്റെ സാഹിത്യവും കലകളും സഹായിക്കും എന്നത് ഓര്‍ക്കണം. അരങ്ങിന് അതില്‍ പ്രധാന പങ്ക് വഹിക്കാന്‍ കഴിയും.

ലോകത്തിലെ സിനിമകളില്‍, കഥകളില്‍, കവിതകളില്‍ ഒക്കെ ജീവജാല പ്രധാനമായ എത്ര ക്ലാസിക്കുകള്‍ ഉണ്ട്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഇഷ്ടപ്പെട്ട എത്രയെത്ര? ലയണ്‍ കിങ് എന്ന നാടകം കാണണമെങ്കില്‍ ന്യൂയോര്‍ക്ക് നഗരത്തിലെ നാടകശാലയ്ക്ക് മുന്നില്‍ മണിക്കൂറുകളോളം ക്യൂ നില്‍ക്കേണ്ടി വരും. അവതാര്‍ എന്ന സിനിമ എക്കാലത്തേയും മികച്ച പൊളിറ്റിക്കല്‍ സിനിമയാണ്. മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ഒരുപോലെ ഇഷ്ടപ്പെടുന്നത്. കുട്ടികള്‍ ആര്‍ത്തിയോടെ കാണുന്ന കാര്‍ട്ടൂണ്‍ സിനിമ ഹണി ബണ്ണിയിലെ കഥാപാത്രങ്ങളായ പൂച്ചയെയും നായയെയും തത്തയെയും കുറിച്ച് അവര്‍ വാചാലരാവും. ഓഗി ആന്‍ഡ് ക്രോക്കോച്ച് സിനിമയിലെ പൂച്ചയും കൂറയും എന്തിനേറെ ടോം ആന്‍ഡ് ജെറി കഥാപാത്രങ്ങളും ഏത് പ്രായത്തിലെ കുട്ടികള്‍ക്കും ഹരമാണ്. മാസത്തില്‍ ഒരിക്കല്‍ ഇത്തരം സിനിമകള്‍ കാണുന്നത് മുതിര്‍ന്നവര്‍ക്ക് നല്ല മാനസിക മരുന്നാണ് എന്നതാണ് എന്റെ അഭിപ്രായം. ജുറാസിക് പാര്‍ക്കും ജുറാസിക് വേള്‍ഡും അന്നുമിന്നും കുട്ടികള്‍ ആഘോഷിക്കുന്ന സിനിമകളാണ്.

കുട്ടികളുടെ നാടകവേദി കേരളത്തില്‍ സമ്പന്നമാണ് എന്നതിന് ഏറ്റവും വലിയ തെളിവാണ് സംസ്ഥാന സ്‌കൂള്‍ കലോല്‍സവ അരങ്ങ്. ഒട്ടേറെ പ്രതിഭകളായ നാടകപ്രവര്‍ത്തകരുടെ ഇടപെടലുകള്‍ നാടക വേദിയിലുണ്ട്. ഹൈസ്‌കൂള്‍ നാടകങ്ങളില്‍ ശ്രദ്ധേയമായ നാടകങ്ങള്‍ ചെയ്ത സംവിധായകരായ പ്രിയദര്‍ശന്‍ കാല്‍വരി ഹില്‍സ്, ജിനേഷ് ആമ്പല്ലൂര്‍, ജിനോ ജോസഫ്, ഗിരീഷ്.പി.സി. പാലം, സുനില്‍ തുടങ്ങിയവര്‍ ഉദാഹരണം. ഡയലോഗുകള്‍ അടിച്ച് തെറിപ്പിക്കുന്ന  ബാഡ്മിന്റണ്‍ കോര്‍ട്ടല്ല പുതിയ നാടകങ്ങള്‍. കൂടുതല്‍ തിയട്രിക്കലായി മാറിയിരിക്കുന്നു അരങ്ങ്. നാടകം രാഷ്ട്രീയം വിളിച്ച് പറയുന്ന മൈതാനിയല്ലെന്നും അത് അനന്തമായ രംഗഭാഷയുണ്ടാവുന്ന പെര്‍ഫോമിങ് ആര്‍ട്ട് ആണെന്നും നാടകങ്ങള്‍ നമ്മോട് വിളിച്ച് പറയുന്നു. കൂടുതല്‍ തിയ ട്രിക്കലായി കുട്ടികളിലേക്ക് കയറിച്ചെല്ലാനുള്ള സാധ്യതയും ജീവജാല അരങ്ങുകള്‍ക്കുണ്ട്. 

പൂച്ചയ്ക്ക് ആരു മണികെട്ടുമെന്ന ചോദ്യം  നമ്മള്‍ കാലാകാലങ്ങളായി ചോദിച്ചു കൊണ്ടിരിക്കുന്നു. വീരാന്‍ കുട്ടി മാഷ് മണി കെട്ടിയേടത്ത് നിന്ന് (ഓസ്‌കാര്‍ പുരുഷു) ഒരു പ്രശ്‌നത്തിലേക്ക് കൊണ്ടിട്ടു. അവിടെ നിന്ന്  ഒരു നാടക സാധ്യത തേടുമ്പോള്‍ കഥയുടെ സഞ്ചാരവഴിയും നീളുന്നു.. പഴയ ചൊല്ലുകളില്‍ നിന്ന് പാട്ടുകളില്‍ നിന്ന് കഥകളില്‍ നിന്ന് കവിതകളില്‍ നിന്ന് നാടകം കണ്ടെടുത്ത് ഭാവനാത്മകമായി സഞ്ചരിക്കാന്‍ കുട്ടികള്‍ക്കും പ്രചോദനം ആവാന്‍ ഇത്തരം ജീവജാല അരങ്ങുകള്‍ സഹായകമാകും എന്ന് ഞാന്‍ വിശ്വസിക്കുന്നു. ആ സഞ്ചാരങ്ങള്‍ അരങ്ങിനപ്പുറത്ത് വഴിവെളിച്ചമാവട്ടെ.