രാധാമണി
മുഖവുരയില്ലാത്ത യാതനയാണ് ഓട്ടിസം ഉള്‍പ്പടെയുളള ശാരീരിക-മാനസിക വൈകല്യങ്ങള്‍ ബാധിച്ചവരുടെ ജീവിതം. അവരെ പരിരക്ഷിക്കുന്നവരുടെ പ്രത്യേകിച്ച്, അമ്മമാരുടെ ജീവിതം നരകതുല്യവും. സന്തോഷവും സമാധാനവും മാത്രമല്ല, സാമൂഹിക ജീവിതം പോലും അവര്‍ക്ക് ഇല്ലാതാകുന്നു. ഭിന്നശേഷിയുളള ഒരു കുഞ്ഞിന്റെ ജനനം ആദ്യം ഇല്ലാതാക്കുന്നത് അമ്മയുടെ സാമൂഹികജീവിതവും തൊഴിലുമാണ്. ഇവരില്‍ മാനസികനില തകര്‍ന്നുപോയ അമ്മമാരുണ്ട്, ഭിന്നശേഷിയുളള കുഞ്ഞുണ്ടായതിന്റെ പേരില്‍ വിവാഹമോചനത്തില്‍ എത്തിയ ദമ്പതികളുണ്ട്. ജീവിതത്തിലെ അപ്രതീക്ഷിതമായ ഈ സാഹചര്യത്തെ വെല്ലുവിളി പോലെ ഏറ്റെടുത്ത് ജീവിതം മുന്നോട്ടുനയിക്കുന്ന ചുരുക്കം ചില രക്ഷിതാക്കളുമുണ്ട്. ദീര്‍ഘയാത്രക്ക് പോകുമ്പോള്‍ വളര്‍ത്തുമൃഗങ്ങളെ ഏല്‍പ്പിച്ചുപോകാന്‍ പോലും പെറ്റ് കെയര്‍ സെന്ററുകളുളള സാക്ഷര കേരളത്തില്‍ ഈ കുഞ്ഞുങ്ങളെ വിശ്വസിച്ച് ഏല്‍പ്പിച്ചുപോകാന്‍ ഒരു ഇടമില്ലെന്നുളളത് വികസിത സമൂഹമെന്ന നിലയില്‍ കേരളത്തിനുണ്ടാക്കുന്ന നാണക്കേട് വലുതാണ്.
സമൂഹത്തില്‍നിന്നും സ്വന്തം കുടുംബത്തില്‍നിന്നും ഒറ്റപ്പെട്ടുപോകുന്ന ഈ അമ്മമാര്‍ക്കായി അതേ സമൂഹത്തിലെ ഒരംഗമെന്ന നിലയില്‍ നാം ചെയ്യേണ്ട ചിലതുണ്ട്. ഭിന്നശേഷിക്കാരായ കുട്ടികളുടെ അമ്മമാര്‍ക്ക് അവരുടെ സാമൂഹിക ജീവിതം നഷ്ടപ്പെട്ടുപോകില്ലെന്ന് ഉറപ്പുനല്‍കേണ്ടതുണ്ട്. കുട്ടികളെ അനുഭാവപൂര്‍വം പരിചരിക്കാന്‍ കഴിയുന്ന ക്ഷമയും സ്നേഹവും നിറഞ്ഞ ഭിന്നശേഷിസൗഹാര്‍ദമായ ഇടങ്ങള്‍ നാം സൃഷ്ടിക്കേണ്ടതുണ്ട്. ഈ ആവശ്യത്തിലൂന്നിക്കൊണ്ട് പൊതുജനങ്ങളുടെയും സര്‍ക്കാരിന്റെയും ശ്രദ്ധ ക്ഷണിക്കുന്നതിനായി മാതൃഭൂമി ഡോട് കോം മുന്നോട്ടുവെക്കുന്നു ' ഇടം നല്‍കാം മക്കള്‍ക്ക്, അമ്മയ്ക്ക് ജീവിതവും'
'നാലു ചുമരിന്റെ അതിരുകളില്‍ ഞാനെന്റെ ഭൂമിയെ തലകുത്തി നിര്‍ത്തുമ്പോള്‍ അച്ചുതണ്ട് പൂപ്പല്‍ പിടിച്ചതിന്റെ കരിവുമണം..'-എം.ആര്. രാധാമണി എഴുതിയ 'ഉച്ചവെയില്‍ കളങ്ങള്‍' എന്ന കവിതയിലെ ഹൃദയത്തില്‍ തുളച്ചുകയറുന്ന വരികള്‍. മുപ്പത്തിമൂന്നും മുപ്പത്തിയൊന്നും വയസ്സുളള ഓട്ടിസം ബാധിച്ച രണ്ട് ആണ്മക്കളുടെ അമ്മയാണ് രാധാമണി. നാലു ചുവരുകള്‍ക്കുളളില്‍ ഒതുങ്ങിപ്പോയ തന്റെ ജീവിതത്തെ മറ്റെന്ത് വാക്കുകളാലാണ് ആ അമ്മ വരച്ചിടുക? കിതച്ചുപോയിട്ടും വാടിത്തളര്ന്നിട്ടും ഒരു നിമിഷംപോലും ഇരിക്കാനാവാത്ത രാധാമണിയുടെ ഓട്ടത്തിന് മൂത്ത മകന്റെ വയസ്സിനോളം പ്രായമുണ്ട്.
വിശപ്പോ വേദനയോ സന്തോഷമോ സങ്കടമോ അറിയാതെ വളരുന്ന രണ്ടു മക്കള്‍. എന്ത്, എവിടെ, എപ്പോള്‍ ചെയ്യണമെന്നറിയാത്ത അവര്‍ ശുചിമുറിയില്‍ ചെയ്യേണ്ട പ്രാഥമികകര്‍മങ്ങള്‍ ചിലപ്പോള്‍ തീന്മുറിയിലായിരിക്കും ചെയതുവെക്കുക, മുറ്റത്ത് ചെയ്യേണ്ട കാര്യങ്ങള്‍ അടുക്കളയിലും. അതെല്ലാം വൃത്തിയാക്കി ഒന്നു നടുനിവര്ത്തുമ്പോഴായിരിക്കും ഇളയമകന് അപസ്മാരം വന്ന് താഴെ വീണിട്ടുണ്ടാകുക. ആ വീഴ്ചയില്‍ എന്തെങ്കിലും മുറിവ് പറ്റിയിട്ടുണ്ടാകും. അടുത്ത ഓട്ടം മുറിവില്‍ തുന്നലിടാന്‍ ആശുപത്രിയിലേക്ക്. അപ്പോള്‍ മൂത്തമകനെ ആരു നോക്കും?

കോട്ടയം ജില്ലയിലെ കാരാപ്പുഴയില്‍ ജനിച്ച, ചെറുകിട ജലസേചന വകുപ്പില്‍നിന്ന് ജൂനിയര്‍ സൂപ്രണ്ടായി വിരമിച്ച രാധാമണിയുടെ ജീവിതം സങ്കടങ്ങളുടെ തോരാമഴയാണ്. ദുരിതക്കയത്തില്‍ നീന്തിത്തുടിച്ച് കൈകാലുകള്‍ കുഴയുമ്പോഴും രാധാമണി ആഗ്രഹിക്കുന്നത് ഒരിക്കലെങ്കിലും മക്കള്‍ അമ്മേയെന്ന് നീട്ടിവിളിച്ചെങ്കിലെന്നു മാത്രമാണ്. അടുക്കളയില്‍ പാത്രം കഴുകുമ്പോഴോ മുറ്റം അടിച്ചുവാരുമ്പോഴോ അങ്ങനെയൊരു വിളി കേട്ടോ എന്നോര്‍ത്ത് രാധാമണി തിരിഞ്ഞുനോക്കും. പക്ഷേ, ആരും വിളിച്ചിട്ടുണ്ടാകില്ല.

സ്റ്റേറ്റ് ബാങ്കില്‍ തൂപ്പുജോലിക്കാരനായ രാഘവനായിരുന്നു രാധാമണിയുടെ അച്ഛന്. അമ്മ തങ്കമ്മ വീട്ടമ്മയും. അമ്മയേയും അച്ഛനേയും രാധാമണിക്ക് പിണക്കേണ്ടി വന്നു. സ്നേഹിച്ച പുരുഷനൊപ്പം ജീവിക്കാനായിരുന്നു അങ്ങനെയൊരു കടുത്ത തീരുമാനമെടുത്തത്. ആയാംകുടിക്കാരനായ രാജിനെ കുട്ടിക്കാലം മുതല്‍ രാധാമണിക്ക് അറിയാമായിരുന്നു. പിന്നീട് മുതിര്‍ന്നവരായപ്പോള്‍ സൗഹൃദം പ്രണയമായി മാറി. രണ്ടു വീട്ടുകാരും ഒരുപോലെ ആ ബന്ധത്തെ എതിര്‍ത്തു. രാജിനൊപ്പം ജീവിക്കുക എന്ന തീരുമാനത്തില്‍ നിന്ന് രാധാമണി പിന്മാറിയില്ല. കാരാപ്പുഴയില്‍നിന്ന് ആയാംകുടിയിലേക്ക് വണ്ടി കയറി. അക്കാലത്ത് എല്‍.ഡി. ക്ലര്‍ക്ക് ആയിരുന്നു രാജ്. ഒമ്പത് വര്‍ഷങ്ങളുടെ കാത്തിരിപ്പിന് ശേഷം ആദ്യത്തെ കുഞ്ഞുപിറന്നു. ഇരുവര്‍ക്കും ഏറെ ഇഷ്ടമുള്ള കവിയുടെ പേരാണ് കുഞ്ഞിന് നല്‍കിയത്, ഷെല്ലി. വീട്ടില്‍ അവനെ മോനു എന്നു വിളിച്ചു. രണ്ടു വര്‍ഷത്തിനുശേഷം രണ്ടാമത്തെ മകനുമെത്തി. അവന് ഷെറി എന്നു പേരിട്ടു.
'രണ്ടു പേരും സംസാരിക്കാന്‍ അല്പം വൈകി. ഞാനും അനിയന് രേണുവുമെല്ലാം അധികം സംസാരിക്കാത്ത ആളുകളാണ്. അതേ പ്രകൃതമായിരിക്കും മക്കള്‍ക്കും എന്നാണ് കരുതിയത്. മോനുവിന് മൂന്നര വയസ്സുള്ളപ്പോള്‍ കുട്ടികളെ സ്ഥിരമായി കാണിക്കാറുള്ള ഡോക്ടര്‍ ഒരു സംശയം പറഞ്ഞു. അവന് എന്തോ പ്രശ്നമുണ്ടെന്ന്. തിരുവനന്തപുരം ശ്രീചിത്ര മെഡിക്കല്‍ സെന്ററില്‍ കാണിക്കാന്‍ പറഞ്ഞു. അന്ന് രാജിന് അവിടെ പ്ലാനിങ് ബോര്‍ഡ് ഓഫീസിലായിരുന്നു ജോലി. ഞങ്ങള്‍ ശ്രീചിത്രയില്‍ പോയി. അവിടെ അഡ്മിറ്റ് ചെയ്യാന്‍ പറഞ്ഞു. ബെഡ് ഒഴിവില്ലാത്തതിനാല്‍ രണ്ടാഴ്ച്ച ലോഡ്ജില്‍ റൂമെടുത്ത് തിരുവനന്തപുരത്ത് തങ്ങി. ഒഴിവു വന്നപ്പോള്‍ മക്കളെ അഡ്മിറ്റ് ചെയ്തു.
ടെസ്റ്റുകള്‍ക്ക് ശേഷം ഡോക്ടര്‍ രാജിനോട് പറഞ്ഞു. രണ്ടു മക്കളും ഓട്ടിസ്റ്റിക്കാണ്. ഇതോടെ ആകെ തളര്‍ന്നുപോയി. അപ്പുറവും ഇപ്പുറവുമായി രണ്ടു കട്ടിലില്‍ കിടക്കുന്ന അവരുടെ മുഖത്തേക്കു നോക്കുമ്പോള്‍ എന്റെ കണ്ണുകള്‍ നിറഞ്ഞുതുളുമ്പി. ജീവിതകാലം മുഴുവന്‍ എന്റെ തുണയില്ലാതെ അവര്‍ക്ക് ജീവിക്കാനാകില്ല എന്ന സത്യം ഞാന്‍ തിരിച്ചറിഞ്ഞു. പതിയെ ധൈര്യം വീണ്ടെടുത്തു.' രാധാമണി പറയുന്നു.
ഇതിനിടയില്‍ രാധാമണിയുടെ അച്ഛന് മരിച്ചിരുന്നു. കാരാപ്പുഴയിലെ വീട്ടിലേക്ക് രാജിനും മക്കള്‍ക്കുമൊപ്പം രാധാമണി തിരിച്ചെത്തി. രാജും രാധാമണിയും ജോലിക്ക് പോകുമ്പോള്‍ രാധാമണിയുടെ അമ്മയായിരുന്നു മക്കളെ നോക്കിയിരുന്നത്. 'അന്ന് ഞാനൊരു കഷ്ടപ്പാടും അറിഞ്ഞിരുന്നില്ല. ഉച്ച വരെ മക്കളെ സ്പെഷ്യല്‍ സ്കൂളില്‍ പറഞ്ഞയക്കും. അതിനുശേഷം അമ്മ അവര്‍ക്ക് കഴിക്കാനുള്ളതെല്ലാം ഉണ്ടാക്കി കൊടുത്ത് അവരെ പരിചരിച്ചിരിക്കും. എന്നാല്‍, അമ്മ പോയതോടെ ജീവിതത്തിന്റെ താളം തെറ്റി. മക്കളെ നോക്കാന്‍ എത്രത്തോളം കഷ്ടപ്പാടുണ്ടെന്ന് ഞാന്‍ ആ സമയത്ത് തിരിച്ചറിഞ്ഞു. ഒന്നേല്പ്പിച്ചു പോകാന്‍ ആരുമില്ലാതെ ഞാന്‍ വലഞ്ഞു. മൂത്ത മകന് എട്ടും ഇളയവന് ആറും വയസ്സുള്ളപ്പോള്‍ രാജും ഞങ്ങളെ വിട്ടുപോയി. അറ്റാക്ക് ആയിരുന്നു. ആ അപ്രതീക്ഷിത മരണവും എന്നെ കുറേ കാലം വേട്ടയാടി. രാജ് പോയിട്ട് 25 വര്‍ഷം കഴിഞ്ഞു.'
.jpg?$p=8a7b7b1&w=610&q=0.8)
മരണമെന്ന യാഥാര്‍ഥ്യത്തേയും മക്കള്‍ക്ക് തിരിച്ചറിയാനുള്ള കഴിവില്ലെന്ന് രാധാമണി മനസിലാക്കിയത് രാജ് വിടപറയുമ്പോഴാണ്. രാജിന്റെ സഹോദരിയുടെ ആയാംകുടിയിലെ കോളനിയിലെ വീട്ടിലായിരുന്നു ശവസംസ്കാര ചടങ്ങുകള്‍ നടന്നത്. ആള്‍ക്കൂട്ടം കണ്ടാല്‍ ഭയന്നുപോകും എന്ന പേടിയുള്ളതുകൊണ്ട് സ്വന്തം അച്ഛന്റെ മരണാനന്തര ചടങ്ങുകള്‍ക്ക് പോലും മക്കളെ പങ്കെടുപ്പിക്കാനായില്ല. അച്ഛന് മരിച്ചുപോയെന്നോ ഇനി വരില്ലെന്നോ എന്നുപോലും തിരിച്ചറിയാനാകാത്ത മക്കളെ നോക്കി നിസ്സഹായയായ രാധാമണി ആ രാത്രി കരഞ്ഞുതീര്‍ത്തു.
'ഞാന്‍ മരിച്ചുപോയാലും എന്റെ മക്കള്‍ ഒരാഴ്ച്ച കഴിഞ്ഞാല്‍ എന്നെ മറന്നുപോകും. ഞാന്‍ കാണിക്കുന്ന സ്നേഹം തിരിച്ചറിയാന്‍ അവര്‍ക്കാവില്ലെന്ന് എനിക്കറിയാം. പക്ഷേ, ഇപ്പോഴും എന്തെങ്കിലും ആവശ്യത്തിനായി ഞാന്‍ പുറത്തേക്കിറങ്ങിയാല്‍ തിരിച്ചുവരുന്നതും കാത്ത് അവര്‍ ഉമ്മറപ്പടിയില്‍ ഇരിപ്പുണ്ടാകും. എന്തെങ്കിലും കഴിക്കാന്‍ കൊണ്ടുവരും എന്ന പ്രതീക്ഷയിലാണ് ആ ഇരിപ്പ്. മുന്നോട്ടുള്ള ജീവിതത്തിന് ഊര്‍ജമേകാന്‍ എനിക്ക് ആ കാത്തിരിപ്പ് മാത്രം മതി. അതല്ലെങ്കില്‍ ഞാന്‍ എപ്പോഴോ ആത്മഹത്യ ചെയ്തേനെ. ജീവിതം അവസാനിപ്പിക്കാനുള്ള എന്റെ ആലോചനകളെ ഇല്ലാതാക്കുന്നത് എഴുത്തുകളാണ്. എന്റെ കവിതകളിലും കഥകളിലുമെല്ലാം മരണം ഒളിച്ചിരിപ്പുണ്ടെന്ന് പലരും പറയാറുണ്ട്. ഒരൊറ്റ ആഗ്രഹം മാത്രമേ എനിക്കുളളൂ. ഞാന്‍ മരിച്ചുകഴിഞ്ഞാല്‍ എന്റെ മക്കളെ ആരെങ്കിലും ഏറ്റെടുക്കണം. ഇത്തരം അസുഖമുള്ളവരെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ എല്ലാ ജില്ലകളിലും ഓരോ ആതുരാലയമെങ്കിലും തുറക്കണമെന്നാണ് എന്റെ അഭ്യര്‍ഥന. അവര്‍ സുരക്ഷിതരാണെന്ന ഉറപ്പില്‍ എനിക്ക് മനസ്സമാധാനത്തോടെ കണ്ണടയ്ക്കണം.' രാധാമണി ജീവിതം പറഞ്ഞുനിര്‍ത്തുന്നു.
രാധാമണിയുടെ വീട്ടിലേക്ക് വിരുന്നുകാര് വരാറില്ല. മക്കളുടെ ഈ അവസ്ഥ കാണാന്‍ വയ്യെന്ന് പറഞ്ഞ് ആ വീട്ടിലേക്ക് ഉറ്റവര്‍ പോലും വരാന്‍ മടിക്കുന്നു. മക്കളെ ഏല്പിച്ച് സമാധാനത്തോടെ പുറത്തിറങ്ങാന്‍ ഇന്ന് രാധാമണിക്കാരുമില്ല. ലോകം മക്കളിലേക്ക് ചുരുങ്ങിയപ്പോള്‍ രാധാമണിക്ക് നഷ്ടമായത് ബന്ധങ്ങള്‍ മാത്രമല്ല. തനിക്ക് ചുറ്റുമുളള മറ്റൊരു വലിയ ലോകം കൂടിയാണ്. കല്യാണമോ, ഉത്സവമോ, ഒന്നുല്ലസിക്കാനുളള കൊച്ചുകൊച്ചു യാത്രകളോ എല്ലാം ഈ അമ്മയ്ക്ക് അന്യമാണ്. രാധാമണി ഒരാളല്ല കേരളത്തിലെ ഇത്തരത്തില്‍ സാമൂഹിക ജീവിതം നഷ്ടപ്പെട്ട ഒരുപാട് അമ്മമാരുടെ പ്രതിനിധിയാണ്.
സാമൂഹിക സുരക്ഷാമിഷന് ഭിന്നശേഷി സെന്‍സസ് 2015 പ്രകാരം കേരളത്തില്‍ ഭിന്നശേഷിക്കാരായ 10,00,860 പേരാണ് വസിക്കുന്നത്. ഇവരില്‍ ഓട്ടിസം ബാധിതര്‍ 3,135 പേരാണ്. ബുദ്ധിപരമായ വെല്ലുവിളി നേരിടുന്ന 68,934 പേരും സെറിബ്രല്‍ പാള്സിയുളള 6,385 പേരും ബഹുവൈകല്യമുളള 1,37,446 പേരും കേരളത്തിലുണ്ട്. |
നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും അറിയിക്കാം. ഇവിടെ ടൈപ്പ് ചെയ്യുക
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..