ആ ദൗത്യത്തിന് ശേഷം വിശ്വാസങ്ങളെ കുറിച്ചും മനുഷ്യനപ്പുറമുള്ള ശക്തിയെ കുറിച്ചും ഞങ്ങളില്‍ കൂടുതല്‍ ഉള്‍ക്കാഴ്ച്ചയുണ്ടാക്കി. സത്യമുണ്ടെങ്കില്‍ കൊടുംകാട് പോലും നമുക്ക് മുന്നില്‍ സംരക്ഷണ കവചമൊരുക്കി ലക്ഷ്യത്തിലേക്കുള്ള വഴിയൊരുക്കിത്തരുമെന്ന തിരിച്ചറിവ് നല്‍കി. മനുഷ്യന്‍ നേടിയെടുത്ത അതിനൂതന സാങ്കേതികജ്ഞാനത്തിന് പോലും ഒരുവേള മാറി നില്‍ക്കേണ്ടി വന്നപ്പോള്‍ വിശ്വാസങ്ങളും പരമ്പരാഗത അറിവുകളും നേര്‍വഴിക്ക് നടത്തിച്ച ദിവസങ്ങളായിരുന്നു കടന്ന് പോയത്. ദുരിതക്കാട് താണ്ടിയുള്ള ആമസോണിലെ  രക്ഷാദൗത്യത്തെ കുറിച്ച് ഓര്‍ത്തെടുക്കുമ്പോള്‍ അതിന് നേതൃത്വം നല്‍കിയ ജനറല്‍ പെഡ്രോ സാഞ്ചസിന് ഇന്നും വാക്കുകള്‍ മുറിഞ്ഞുപോവുകയാണ്. ഇതിനിടെ രക്ഷപ്പെട്ട നാല് കുട്ടികളും ആശുപത്രിയിൽ ആരോഗ്യം വീണ്ടെടുത്ത് സാധാരണ ജീവിതത്തിലേക്ക് പ്രവേശിക്കാനൊരുങ്ങമ്പോള്‍ ഇനി ഇവര്‍ ആര്‍ക്കൊപ്പമായിരിക്കണമെന്ന കാര്യത്തില്‍ ബന്ധുക്കള്‍ക്കിടയില്‍ വലിയ തര്‍ക്കവും ഉടലെടുത്തിട്ടുണ്ട്.

അച്ഛനെതിരേ ഗാര്‍ഹികാധിക്ഷേപ ആരോപണം

To advertise here,

അതിസാഹസികമായ രക്ഷാപ്രവര്‍ത്തനത്തിലൂടെ നാല് കുട്ടികളും ജീവിതത്തിലേക്ക് തിരിച്ചുവന്നുവെങ്കിലും ഇവരുടെ സംരക്ഷണം ആരെ ഏല്‍പിക്കണമെന്ന തര്‍ക്കം കുടുംബാംഗങ്ങള്‍ക്കിടയില്‍ ഉടലെടുത്തിട്ടുണ്ടെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കുട്ടികളുടെ പിതാവ് മാനുവല്‍ റനോക്കിനെതിരേ ഗാര്‍ഹികാധിക്ഷേപ ആരോപണ കുറ്റം നിലനില്‍ക്കുന്നുണ്ട് എന്നതാണ് പ്രശ്‌നം. രക്ഷപ്പെട്ട കുട്ടികള്‍ ആരോഗ്യസ്ഥിതി വീണ്ടെടുത്തുവെങ്കിലും കുറച്ചു ദിവസം കൂടെ ആശുപത്രിയില്‍ കഴിയേണ്ടി വരും. ഇതിനിടെ കൊളംബിയ ബാലാവകാശ ഏജന്‍സി അംഗങ്ങള്‍ ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തിയ ശേഷമായിരിക്കും തുടര്‍ നടപടികളുണ്ടാവുക. 

placeholder
കുട്ടികളുടെ അച്ഛൻ മാനുവല്‍ റനോക്ക് | ചിത്രം:എ.എഫ്.പി

അമ്മ മഗ്ദലേന മരിച്ചതിനാല്‍ കുട്ടികളെ തങ്ങളെ ഏല്‍പിക്കണമെന്നാണ് മഗ്ദലേനയുടെ വീട്ടുകാര്‍ ആവശ്യപ്പെടുന്നത്. ഇതിന് പിതാവ് റെനോക്ക് ഒരുക്കവുമല്ല. മഗ്ദലേനയുടെ പിതാവ് നാര്‍സിസ്‌കോ മുക്യൂറ്റേ തന്നെ റെനോക്കിനെതിരേ ഗാര്‍ഹികാധിക്ഷേപ ആരോപണവുമായി രംഗത്തെത്തിയിട്ടുമുണ്ട്. അച്ഛനും അമ്മയും തമ്മില്‍ പ്രശ്‌നങ്ങളുണ്ടാവുമ്പോള്‍ പലപ്പോഴും കുട്ടികള്‍ കാട്ടിലേക്ക് ഒളിച്ചുപോവുകയാണ് പതിവെന്നും നാര്‍സിസ്‌കോ മുക്യൂറ്റേ ആരോപിച്ചിരുന്നു. അതുകൊണ്ടു തന്നെ ഇവരുടെ സംരക്ഷണം വീണ്ടും റെനോക്കിനെ ഏല്‍പിക്കരുതെന്നാണ് മുത്തച്ഛന്റെ നിലപാട്. എന്നാല്‍, ചെറിയ പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്നും അത് കുടുംബപ്രശ്‌നം എന്നതിലപ്പുറം മറ്റൊന്നുമല്ലെന്നും റെനോക്കും പ്രതികരിച്ചിട്ടുണ്ട്. മിക്കപ്പോഴും വാക്ക്തര്‍ക്കമുണ്ടാവാറുണ്ടെങ്കിലും ശാരീരികമായി മഗ്ദലേനയെ ഉപദ്രവിച്ചിട്ടില്ലെന്നാണ് റെനോക് വാദിക്കുന്നത്. ഇതോടെയാണ് പ്രശ്‌നത്തില്‍ ഇടപെടാന്‍ ബാലാവാകശ ഏജന്‍സി മുന്നോട്ട് വന്നിരിക്കുന്നത്.

  • വനത്തിന് വഴിപാടായി മൃഗഭക്ഷണം ഒഴിവാക്കി 

ആചാരങ്ങളും വിശ്വാസങ്ങളും മുറുകെ പിടിച്ചിരുന്ന ഏഴ് ഗോത്രവിഭാഗത്തില്‍ പെട്ട 93 പേരാണ് 120 സൈനികരെ സഹായിക്കാനായി ആമസോണ്‍ കാടുകളില്‍ കൊളംബിയന്‍ രക്ഷാപ്രവര്‍ത്തകരുടെ കൂടെ ചേര്‍ന്നത്. പലപ്പോഴും ആത്മവിശ്വാസം നഷ്ടപ്പെട്ടുപോയ സൈനികര്‍ക്ക് മുന്നോട്ടുപോവാനുള്ള ഊര്‍ജം നല്‍കിയത് ഗോത്ര പടയാളികള്‍ നല്‍കിയ മരുന്നുകളായിരുന്നു. വനദൈവങ്ങള്‍ പോലുള്ളവ കെട്ടുകഥകളായും സിനിമാക്കഥകളായും കരുതിയിരുന്ന സൈനികര്‍ക്ക് അങ്ങനെയല്ലെന്ന് തെളിയിക്കുന്നതായിരുന്നു ദൗത്യമെന്നും ജനറല്‍ പെഡ്രോ സാഞ്ചസ് ചൂണ്ടിക്കാട്ടുന്നു. പലരും വനത്തിന് വഴിപാടായി ഈ സമയങ്ങളില്‍ മൃഗഭക്ഷണം ഒഴിവാക്കി. ദൈവികമായ ഉള്‍ക്കാഴ്ച നല്‍കുമെന്ന് ഗോത്രവിഭാഗങ്ങള്‍ കണക്കാക്കി പോരുന്ന അയവാസ്‌ക പോലുള്ള പ്രത്യേക പാനീയങ്ങള്‍ കുടിച്ചു.

placeholder
കുട്ടികളെ കണ്ടെത്തിയപ്പോൾ | ഫോട്ടോ:എ.എഫ്.പി

ആമസോണ്‍ നിവാസികള്‍ ചില ചടങ്ങുകള്‍ക്കും വിശേഷ ദിവസങ്ങളിലുമായി തയ്യാറാക്കുന്ന പാനീയമാണ് അയവാസ്‌ക(Ayahuaasca). കാടുകളില്‍ കിട്ടുന്ന ബനിസ്റ്റരിയോപ്‌സിസ് കാപിവൈന്‍, കാപ്പി വര്‍ഗത്തില്‍ പെടുന്ന സൈക്കോട്രിയ വൃദ്ധീസ് തുടങ്ങിയ സസ്യങ്ങങ്ങളുടെ ഇലയും തണ്ടും ചൂടാക്കിയാണ് അയവാസ്‌ക തയ്യാറാക്കുന്നത്. ഇത് കുടിക്കുന്നതോടെ മനസ്സിനുള്ളിലെ പേടി മാറ്റി ദൈവത്തിന്റെ സാന്നിധ്യം ശരീരത്തിലുണ്ടാക്കുമെന്നാണ് വിശ്വാസം.

ആമസോണ്‍ കാടുകളിലൂടെ സഞ്ചരിക്കാനുള്ള കഴിവ് കൊളംബിയന്‍ സേനയ്ക്കുണ്ടായിരുന്നില്ലെന്ന് ചൂണ്ടിക്കാട്ടുന്നു ഗോത്രസംഘ നേതാവായ ഹെന്‍ട്രി ഗുറേറൊ. അതുകൊണ്ടു തന്നെ എങ്ങനെ കാടിനെ അതിജീവിക്കാമെന്ന് സൈനികരെ പരിശീലിപ്പിക്കുകയായിരുന്നു ആദ്യ ജോലി. പക്ഷെ 25 ദിവസമാവുമ്പോഴേക്കും സൈനികരുടെ ആത്മവിശ്വാസം ചോര്‍ന്ന് പോയിരുന്നു. സാങ്കേതിക മികവുകൊണ്ടുമാത്രം ഇനി മുന്നോട്ടുപോവാനാവില്ലെന്ന തിരിച്ചറിവുണ്ടായതോടെ ആത്മീയതയുടെ സഹായം തേടുകയും ചെയ്തു. ഗോത്രസംഘങ്ങള്‍ നേതൃത്വം നല്‍കിയ ചടങ്ങുകളും പ്രാര്‍ഥനയും മാനസികാരോഗ്യം വീണ്ടെടുക്കുന്നതില്‍ വലിയ പങ്കുവഹിച്ചുവെന്നും രക്ഷാപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു. 

മൂരുരി ഗ്രോതക്കാരുടെ യാഗം

രക്ഷാപ്രവര്‍ത്തകര്‍ക്കൊപ്പമുണ്ടായിരുന്ന വിമാനം തകര്‍ന്ന പ്രദേശത്തെ താമസക്കാരായ മുരൂരി ഗോത്രവിഭാഗത്തില്‍ പെടുന്നവര്‍ നടത്തിയ പ്രത്യേക പ്രാര്‍ഥനയ്ക്കും യാഗത്തിനും ശേഷം ജൂണ്‍ എട്ടിനാണ് കുട്ടികളെ കുറിച്ചുള്ള ആദ്യ നിര്‍ണായക വിവരങ്ങള്‍ ലഭ്യമായതെന്ന് പറയുന്നു സൈന്യം. ഇത് രക്ഷാപ്രവര്‍ത്തകര്‍ക്ക് വലിയ ആത്മവിശ്വാസമാണ് തിരിച്ചുനല്‍കിയത്. ചടങ്ങിനിടെ ചിലര്‍ അനാക്കോണ്ടയെ പോലെ വേഷം കെട്ടി, മറ്റ് ചിലര്‍ കടുവയുടേയും ചിലര്‍ വലിയ പക്ഷിയുടേയും വേഷം കെട്ടി. ഈ യാഗം പൂര്‍ത്തിയാക്കി പിറ്റെ ദിവസമാണ് കുട്ടികളെ കണ്ടെത്തുന്നതെന്നും രക്ഷാപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു. വിമാനം തകര്‍ന്ന സ്ഥലത്ത് നിന്നും നാല് കിലോ മീറ്റർ അപ്പുറത്തായിട്ടായിരുന്നു കാല്‍പാദങ്ങള്‍ മറച്ചുകൊണ്ട് ക്ഷീണിതരായി കുട്ടികളെ കണ്ടെത്തിയത്. കുട്ടികളെ കണ്ടെത്തിയതോടെ പ്രാര്‍ഥന നടത്തിയും മന്ത്രങ്ങള്‍ ഉരുവിട്ടും സന്തോഷത്തില്‍ പുകയില വലിച്ചുമാണ് ഞങ്ങളാ നിമിഷം ആഘോഷിച്ചതെന്ന് ഗോത്രവര്‍ഗക്കാർ പിന്നീട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

placeholder
യാത്രയ്ക്കിടെ തകർന്ന കൊളംബിയൻ വിമാനം | ചിത്രം :എ.എഫ്.പി

സുരക്ഷാ ഉദ്യോഗസ്ഥരുമായി നിരന്തരം സംഘര്‍ഷത്തില്‍ ഏര്‍പ്പെടുന്നവരെന്നായിരുന്നു ഞങ്ങളെ ഇതുവരെ അറിയപ്പെട്ടിരുന്നതെങ്കില്‍  ആമസോണ്‍ ദൗത്യത്തിന് ശേഷം സൈന്യത്തിന് തങ്ങളോടുള്ള ആ കാഴ്ചപ്പാട് മാറിയെന്ന് ചൂണ്ടിക്കാട്ടുന്നു ഗോത്ര നേതൃത്വം. ഗറില്ലാ സംഘം, ഭീകരവാദികള്‍ തുടങ്ങിയ പേരുകളില്‍ അറിയപ്പെട്ടിരുന്നവര്‍ ദൈവപുത്രന്‍മാരായിട്ടാണ് ഇപ്പോള്‍ വാഴ്ത്തപ്പെടുന്നത്. മാതൃരാജ്യത്തിന്റെ ജീവനും സ്വത്തിനും വേണ്ടിയുള്ള സംരക്ഷകര്‍ മാത്രമാണ് ഞങ്ങളെന്നും ആരുമായും സംഘര്‍ഷത്തിലാവുക തങ്ങളുടെ ലക്ഷ്യമല്ലെന്നും ഗോത്ര നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു.

  • രാവിലെ അഞ്ചുമുതല്‍ വൈകീട്ട് അഞ്ചുവരെ തിരച്ചില്‍?

രാവിലെ അഞ്ചു മുതല്‍ വൈകീട്ട് അഞ്ചു വരെയാണ് ഒരു മാസത്തിലേറെയുള്ള തിരച്ചില്‍ ആമസോണ്‍ വനത്തില്‍ നടത്തിയത്. ഗോത്രസംഘത്തിലുള്ളവര്‍ ചിലര്‍ കുന്നിന്‍ മുകളില്‍ താമസിക്കുന്നവരാണ്, മറ്റ് ചിലര്‍ കാട്ടിനുള്ളില്‍ തന്നെ താമസിക്കുന്നവരുമാണ്. പക്ഷെ, കുട്ടികള്‍ക്കായി ഒന്നിക്കുകയായിരുന്നുവെന്നും ഇവര്‍ വ്യക്തമാക്കി. കാട്ടിനുള്ളിലെ വലിയ കുഴികള്‍, ഗുഹകള്‍, പുഴയോരങ്ങള്‍ എന്നിവിടങ്ങളിലെല്ലാം മനുഷ്യജീവന്‍ തേടി തിരച്ചില്‍ നടത്തി. ഇത് ഗോത്രസംഘം കൂടെയുള്ളത് കൊണ്ട് മാത്രമാണ് സാധിച്ചതെന്നും സൈനിക ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു. നാല്‍പത് മീറ്ററിലധികം ഉയരത്തില്‍ വളര്‍ന്ന് പന്തലിച്ചതാണ് ഇവിടെയുള്ള പ്രധാന മരങ്ങള്‍.ഇത് കാഴ്ച വളരെ ചുരുക്കമുള്ളതാക്കി. തുടര്‍ച്ചയായി പെയ്യുന്ന മഴ 80 ശതമാനത്തിലധികവും നല്‍കിയത് ഈര്‍പ്പമുള്ള പ്രദേശങ്ങള്‍. ഇത് ദൗത്യം അതികഠിനമാക്കുകയും ചെയ്തു. 

placeholder
രക്ഷപ്പെട്ട കുട്ടികളിലൊരാൾ | ഫോട്ടോ:എ.എഫ്.പി

കുട്ടികളെ സുരക്ഷിത സ്ഥാനത്തേക്ക് നയിക്കാന്‍ വനത്തിനുള്ളിലുള്ള അദൃശ്യ ശക്തികളോട് പ്രാര്‍ഥിച്ചുകൊണ്ടായിരുന്നു ഓരോ ചുവടും മുന്നോട്ടുവെച്ചത്. രാത്രിയില്‍ വന്യമൃഗങ്ങളുടെ ശബ്ദം കേള്‍ക്കുമ്പോള്‍ കുട്ടികള്‍ പേടിക്കാതിരിക്കാന്‍  പ്രത്യേക പ്രാര്‍ഥന നടത്തി. ആ പ്രാര്‍ഥന തങ്ങള്‍ക്ക് കുട്ടികളിലേക്കെത്തിക്കാനുള്ള വഴി തെളിക്കുമെന്ന ഉറച്ച വിശ്വാസമുണ്ടായിരുന്നുവെന്ന് ഗോത്രനേതാക്കളിലൊരാളായ ലൂയിസ് അക്കോസ്റ്റ വ്യക്തമാക്കുന്നു. സിയോണ, നാസ, ഹ്യുട്ടോട്ടോ, സിക്കുവാനി, മിസാക്, മുരൂരി, കൊറിഗ്വാജി തുടങ്ങി  ഏഴ് ഗോത്രവിഭാഗക്കാരാണ് തിരച്ചിലിനായി സൈന്യത്തിനൊപ്പം ചേര്‍ന്നത്. ഓരോ വിഭാഗത്തിനുമുള്ള വിവിധ പരാമ്പരാഗത അറിവും കഴിവും കുട്ടികളെ എളുപ്പം കണ്ടെത്തുന്നതിന് വഴിവെച്ചുവെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.