.
കൈപിടിച്ചു നടത്തേണ്ടവര്‍ ഘാതകരാവുമ്പോള്‍ നിസ്സഹായതയില്‍ വീര്‍പ്പുമുട്ടി പകച്ചുനില്‍ക്കുകയാണവര്‍. എല്ലാവരുമുണ്ടായാലും ആരുമില്ലാതായിപ്പോവുന്ന നമ്മുടെ കുഞ്ഞുങ്ങള്‍. അരക്ഷിതരാണവര്‍. കേള്‍ക്കാതെ പോകരുത് ആ നിലവിളികള്‍..
''ഞാനുമെന്റെ വാവച്ചീം ഒന്നിച്ചുജീവിച്ച് ഒന്നിച്ച് മരിക്കണേന്നാ എന്റെ പ്രാര്‍ഥന... കഷ്ടപ്പാട് കുന്നോളമുണ്ട്. പക്ഷേ, സന്തോഷമേയുള്ളൂ അവന്റെ കൂടെയുള്ള ജീവിതം. ഞാന്‍ മാറിക്കഴിഞ്ഞാ അവന്‍ ഏങ്ങത്തില്ലേ എന്റെ അമ്മ എന്നെ ഇട്ടേച്ചുപോയെന്ന്. ഞാനില്ലാതെ അവനുപറ്റത്തില്ല, അവനില്ലാതെ എനിക്കും പറ്റത്തില്ല മോളേ...'' -തൊണ്ട കനംവെച്ചതോടെ പൊടുന്നനെ നിശ്ശബ്ദയായി രാഗിണി.
ആറുവര്‍ഷംമുമ്പ് അച്ഛന്റെയും രണ്ടാനമ്മയുടെയും കൊടിയ മര്‍ദനത്തെത്തുടര്‍ന്ന് മരണത്തിന്റെ വക്കോളമെത്തി ഒടുവില്‍ ജീവിതത്തിലേക്ക് മടങ്ങിയ കുമളിയിലെ അഞ്ചുവയസ്സുകാരന്‍ ഷെഫീക്കിനെ കേരളം മറക്കാനിടയില്ല. 90 ശതമാനം മസ്തിഷ്‌കമരണം സംഭവിച്ച ഷെഫീക്ക് മാസങ്ങളോളമാണ് അബോധാവസ്ഥയില്‍ കഴിഞ്ഞത്. അന്നുമുതല്‍ മരുന്നിനൊപ്പം ഒരു അമ്മയുടെ സ്‌നേഹവും കരുതലുമായി കൂടെയുണ്ട് രാഗിണി. ഇടുക്കി അഴുതയില്‍ അങ്കണവാടി ഹെല്‍പ്പറായിരുന്ന രാഗിണിയെ, ഷെഫീക്കിനെ പരിപാലിക്കാനായി നിയോഗിച്ചത് സാമൂഹികക്ഷേമ വകുപ്പാണ്. എഴുപതുദിവസം പ്രായമുള്ളപ്പോള്‍ ഉപേക്ഷിച്ചുപോയ പെറ്റമ്മയും ക്രൂരതയുടെ പ്രതീകമായിരുന്ന പോറ്റമ്മയും പരാജയപ്പെട്ടിടത്ത് അവിവാഹിതയായ രാഗിണി അവനെ സ്‌നേഹിച്ച്, ശുശ്രൂഷിച്ച് ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവന്നു.
കുട്ടികളോടുള്ള അതിക്രമങ്ങളുടെ ജീവിച്ചിരിക്കുന്ന രക്തസാക്ഷിയാണ് ഷെഫീക്ക്. വര്‍ഷമിത്രകഴിഞ്ഞിട്ടും ആരോഗ്യസ്ഥിതിയില്‍ 20 ശതമാനം പുരോഗതിമാത്രമേ ഉണ്ടായിട്ടുള്ളൂ. ചികിത്സകളും ഫിസിയോ തെറാപ്പിയും ഇപ്പോഴും തുടരുന്നു. ഒമ്പതുവയസ്സായെങ്കിലും പത്തുമാസം പ്രായമുള്ള കുഞ്ഞിനെപ്പോലെയാണ്. ഓടിച്ചാടി കളിച്ചുനടക്കേണ്ട പ്രായത്തില്‍ കിടക്കയിലും വീല്‍ച്ചെയറിലുമായി അവന്റെ ജീവിതം തളച്ചിട്ടത് വേണ്ടപ്പെട്ടവര്‍ ചേര്‍ന്നാണ്. അപരിചിതരല്ല കുട്ടികളെ മുറിവേല്‍പ്പിക്കുന്നതും മര്‍ദിക്കുന്നതും കൊലപ്പെടുത്തുന്നതും ലൈംഗികചൂഷണങ്ങള്‍ക്ക് ഇരയാക്കുന്നതും. മറിച്ച്, പ്രിയപ്പെട്ടവരെന്ന് അവര്‍ വിശ്വസിക്കുന്നവരാണ്.
കുട്ടികളുടെ അവകാശങ്ങള്‍
കെയര്‍ ആന്‍ഡ് പ്രൊട്ടക്ഷന്‍ ഓഫ് ചില്‍ഡ്രന്‍ ആക്ട് പ്രകാരം 18 വയസ്സില്‍ താഴെയുള്ളവരെയാണ് കുട്ടിയെന്ന് നിര്‍വചിക്കുന്നത്. കുട്ടികളുടെ സുരക്ഷിത ബാല്യത്തിനായുള്ള നിയമങ്ങളും വ്യവസ്ഥകളും ഇന്ത്യന്‍ ഭരണഘടനയില്‍ അനുശാസിക്കുന്നുണ്ട്. ഐക്യരാഷ്ട്ര സഭ മുന്നോട്ടുെവച്ച കുട്ടികളുടെ അവകാശ ഉടമ്പടിയില്‍ 1992-ല്‍ ഇന്ത്യ ഒപ്പുവെച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ സുരക്ഷിതമായ ബാല്യം കുട്ടിക്ക് നല്‍കാന്‍ രാജ്യം ബാധ്യസ്ഥമാണ്.
കെയര്‍ ആന്‍ഡ് പ്രൊട്ടക്ഷന്‍ ഓഫ് ചില്‍ഡ്രന്‍ ആക്ട് 2015 പ്രകാരം കുട്ടികളെ ആക്രമിക്കുകയോ അവഗണിക്കുകയോ അതിലൂടെ കുട്ടിക്ക് മാനസികവും ശാരീരികവുമായ സമ്മര്‍ദം ഏല്‍പ്പിക്കുകയോ ചെയ്യുന്നത് മൂന്നുവര്‍ഷംവരെ തടവും ഒരുലക്ഷം രൂപ പിഴയും ലഭിക്കാവുന്ന കുറ്റമാണ്.
തുടര്‍ച്ച നഷ്ടപ്പെടുന്ന പദ്ധതികള്‍
ഇനിയൊരു ഷെഫീക്ക് ഉണ്ടാകരുത് എന്ന ലക്ഷ്യത്തോടെയാണ് കുട്ടികളോടുള്ള അതിക്രമങ്ങള്‍ തടയുന്നതിനായി 2013-ല്‍ മാസ്റ്റര്‍ ഷെഫീക്ക് കമ്മിറ്റി രൂപംകൊണ്ടത്. കുട്ടികളോടുള്ള അതിക്രമം കണ്ടെത്തിയാല്‍ ഉടനടി ചെയ്യേണ്ട നടപടികള്‍, അതിക്രമങ്ങള്‍ തടയാന്‍ സമൂഹത്തില്‍ നടപ്പാക്കേണ്ട കാര്യങ്ങള്‍, സ്‌കൂള്‍തലത്തില്‍ സ്വീകരിക്കേണ്ട നടപടികള്‍ തുടങ്ങി മാസ്റ്റര്‍ ഷെഫീക്ക് കമ്മിറ്റി പഠനറിപ്പോര്‍ട്ട് (2014) ഒട്ടേറെ ശുപാര്‍ശകള്‍ മുന്നോട്ടുവെച്ചിരുന്നു. സര്‍ക്കാര്‍ അത് അംഗീകരിക്കുകയും ചെയ്തു. എന്നിട്ടും ഷെഫീക്ക് ഒടുവിലത്തെയാളായില്ല.
ചോറ്റാനിക്കരയില്‍ അമ്മയും കാമുകന്മാരും ചേര്‍ന്ന് കൊലപ്പെടുത്തി കുഴിച്ചുമൂടിയ നാലുവയസ്സുകാരി, തൊടുപുഴയില്‍ അമ്മയുടെ സുഹൃത്തിന്റെ മര്‍ദനമേറ്റ് മരിച്ച ഏഴുവയസ്സുകാരന്‍, എറണാകുളം ഏലൂരില്‍ അമ്മയുടെ ക്രൂരമര്‍ദനത്തെത്തുടര്‍ന്ന് മരിച്ച മൂന്നരവയസ്സുകാരന്‍ എന്നിങ്ങനെ വര്‍ഷങ്ങള്‍ക്കിപ്പുറവും അവന് തുടര്‍ച്ചകളുണ്ടായി.
ഷെഫീക്ക് കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കുട്ടികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട് കേരളഭരണകൂടം കൈക്കൊണ്ട നടപടികള്‍ ചോദ്യംചെയ്യപ്പെടുന്നത് ഇവിടെയാണ്. മാറിമാറിവരുന്ന സര്‍ക്കാരിന് അനുസരിച്ച് തുടര്‍ച്ച നഷ്ടപ്പെടുന്ന നിരവധി പദ്ധതികളിലൊന്നായി കുട്ടികളുടെ സുരക്ഷയും. ദുരന്തം വീണ്ടുമുണ്ടാകുമ്പോള്‍മാത്രം സടകുടഞ്ഞെണീക്കുകയും കെട്ടടങ്ങുമ്പോള്‍ വിസ്മൃതിയിലേക്ക് ആഴ്ന്നുപോകുന്നതുമായ പതിവുരീതികളില്‍ അതിക്രമങ്ങള്‍ പെരുകി.
കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ (2018 ഏപ്രില്‍മുതല്‍ 2019 മാര്‍ച്ചുവരെ) 2197 കേസുകളാണ് ചൈല്‍ഡ്ലൈനില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ടുചെയ്തത് തിരുവനന്തപുരം ജില്ലയില്‍ 311 കേസുകള്‍. 200, 195, 190 കേസുകളുമായി മലപ്പുറവും കൊല്ലവും തൃശ്ശൂരും യഥാക്രമം തൊട്ടുപിന്നിലുണ്ട്.
റിപ്പോര്‍ട്ടിങ് വര്‍ധിച്ചു
കുട്ടികളോടുള്ള അതിക്രമങ്ങളെക്കുറിച്ചുള്ള വാര്‍ത്തകള്‍ പെരുകുന്നുണ്ടെങ്കിലും അതിക്രമങ്ങളില്‍ അത്തരമൊരു വര്‍ധനയുണ്ടെന്ന് പറയാനാകില്ലെന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം. ''ചൈല്‍ഡ് പ്രൊട്ടക്ഷന്‍ സ്‌കീം എ പദ്ധതി കേരളത്തില്‍ നടപ്പാക്കുന്നത് 2014-ല്‍ ആണ്. കുട്ടികളുടെ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സംവിധാനങ്ങളുടെ എണ്ണവും ഇന്ന് കൂടിയിട്ടുണ്ട്. അതിക്രമങ്ങളെക്കുറിച്ചുള്ള ബോധവത്കരണത്തിനുള്ള ഇടം സംസ്ഥാനത്ത് വര്‍ധിച്ചു. അതിക്രമങ്ങള്‍ നിസ്സാരമാണെങ്കിലും അല്ലെങ്കിലും അത് റിപ്പോര്‍ട്ടുചെയ്യുന്ന രീതിയും കൂടി. ഇതിന്റെ അടിസ്ഥാനത്തില്‍ അതിക്രമങ്ങള്‍ വര്‍ധിച്ചു എന്നുപറയാന്‍ സാധിക്കില്ല. മറിച്ച് റിപ്പോര്‍ട്ടിങ് വര്‍ധിച്ചു എന്നുവേണം മനസ്സിലാക്കാന്‍'' -പന്ത്രണ്ടുവര്‍ഷമായി ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ചൈല്‍ഡ്ലൈന്‍ ഇന്ത്യ ഫൗണ്ടേഷന്‍ വക്താവ് പറയുന്നു.
കഴിഞ്ഞവര്‍ഷം റിപ്പോര്‍ട്ടുചെയ്ത കേസുകളില്‍ 109 എണ്ണത്തില്‍ കുട്ടികളുടെ തലയ്ക്കാണ് പരിക്ക്. 73 കേസില്‍ എല്ലുകള്‍ പൊട്ടിയിട്ടുണ്ട്, 583 കേസില്‍ കുട്ടിയുടെ മുഖത്ത് പരിക്കേറ്റിട്ടുണ്ട്. കൃത്യമായ ഇടപെടല്‍ നടന്നില്ലെങ്കില്‍ കുട്ടിയുടെ ജീവനുതന്നെ ഭീഷണിയായേക്കാവുന്ന പരിക്കുകളാണ് ഇതെല്ലാം. പൊതുജനങ്ങള്‍ക്കിടയിലുണ്ടായ അവബോധത്തെത്തുടര്‍ന്ന് റിപ്പോര്‍ട്ടിങ് കൂടിയതാണെങ്കിലും അല്ലെങ്കിലും കേരളത്തില്‍ ഇത്രത്തോളം കുട്ടികള്‍ ദുരിതമനുഭവിക്കുന്നുണ്ടെന്നത് പ്രശ്‌നത്തിന്റെ ആഴവും ഗൗരവവുമാണ് കാണിക്കുന്നത്. അതിനര്‍ഥം ഇടപെടല്‍ ഇനിയും ശക്തമാക്കാനുണ്ടെന്നും.
അന്തകരാവുന്നത് ഉറ്റവര്‍ തന്നെ
'വൈകുന്നേരമായാല്‍ കുട്ടിയുടെ നിര്‍ത്താതെയുള്ള കരച്ചില്‍ കേള്‍ക്കുന്നു, ശരീരത്തില്‍ പരിക്കേറ്റ പാടുകളുണ്ട്, വീട്ടുകാര്‍ കുട്ടിയെ ഉപദ്രവിക്കുന്നതായി സംശയിക്കുന്നു' എന്നുപറഞ്ഞാണ് ചൈല്‍ഡ്ലൈനിന്റെ 1098 ടോള്‍ഫ്രീ നമ്പറിലേക്ക് രണ്ടുമാസംമുമ്പ് ഒരു ഫോണ്‍കോള്‍ എത്തുന്നത്. വിളിച്ചയാള്‍ തന്ന അഡ്രസുമായി പ്രവര്‍ത്തകര്‍ അന്വേഷണത്തിനിറങ്ങി.
നാലുവര്‍ഷംമുമ്പ് തൊഴില്‍തേടി തമിഴ്നാട്ടില്‍നിന്ന് മലപ്പുറത്തെത്തിയ ഏഴും നാലും വയസ്സുള്ള രണ്ട് ആണ്‍കുട്ടികളും അമ്മയും അടങ്ങുന്ന കുടുംബമായിരുന്നു അത്. ലൈംഗികത്തൊഴിലാളിയാണ് അമ്മ. അയല്‍വാസിയുടെ വീട്ടില്‍നിന്ന് പഴം കഴിച്ചു എന്ന കുറ്റത്തിന് മൂത്തകുട്ടിയെ അമ്മ കത്തിപഴുപ്പിച്ച് തുടയില്‍ പൊള്ളിച്ചിരിക്കയാണ്. തുടയില്‍ കത്തിയുടെ ആകൃതിയില്‍ മാംസം പഴുത്ത് വ്രണമായിരിക്കുന്നു. കൂടുതല്‍ പരിശോധിച്ചപ്പോള്‍ പുറത്തും കാലിലുമായി അടിയേറ്റ പാടുകളും ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ച പാടുകളും കണ്ടെത്തി. സ്‌കൂളില്‍ ചേര്‍ത്തിരുന്നെങ്കിലും അവന്‍ പോകുന്നുണ്ടായിരുന്നില്ല. അമ്മ ജോലിക്കുപോകുമ്പോള്‍ ഇളയകുഞ്ഞിനെ നോക്കുന്നതിനായി പഠിപ്പുമുടക്കിയിരിക്കുകയാണ്. മദ്യപിച്ച് ലക്കുകെട്ട് ആണ്‍സുഹൃത്തിനെയും കൂട്ടിയാണ് മിക്കരാത്രിയിലും അമ്മ തിരികെയെത്തുക. മദ്യലഹരിയില്‍ കുട്ടിയുടെ തെറ്റുകളെ വിചാരണചെയ്ത് അടിച്ചും പൊള്ളിച്ചും ശിക്ഷിക്കുന്നത് രാത്രികളിലെ പതിവാണ്. അമ്മയില്‍നിന്നുള്ള പീഡനത്തിന്റെ കഥകള്‍ ഒന്നൊന്നായി അധികൃതരോട് തുറന്നുപറഞ്ഞ കുട്ടി, തന്നെ പൊള്ളിക്കാന്‍ അമ്മ ഉപയോഗിച്ച കത്തിയും അവര്‍ക്ക് എടുത്തുകൊടുത്തു. ചൈല്‍ഡ്ലൈന്‍ പ്രവര്‍ത്തകര്‍ വിവരം പോലീസില്‍ അറിയിച്ചു. കേസ് രജിസ്റ്റര്‍ചെയ്ത് കുട്ടികളെ ചില്‍ഡ്രന്‍സ് ഹോമിലേക്ക് മാറ്റി.
തണല്‍ - 1517
സംസ്ഥാന ശിശുക്ഷേമസമിതിയുടെ സംരംഭമാണ് തണല്‍. കുട്ടികളുമായി ബന്ധപ്പെട്ട പരാതികള്‍ക്കും അന്വേഷണങ്ങള്‍ക്കും തണലിലേക്ക് വിളിക്കാം. 24 മണിക്കൂറും സേവനം ലഭ്യമായിരിക്കും. ജില്ലാ കോ-ഓര്‍ഡിനേറ്റര്‍മാരുടെ നേതൃത്വത്തില്‍ എല്ലാ ജില്ലയിലും തണല്‍ കമ്മിറ്റികളുണ്ട്. 2017 നവംബര്‍ ഒന്നാണ് തണല്‍ സേവനം ആരംഭിക്കുന്നത്. 2017 നവംബര്‍ ഒന്നുമുതല്‍ 2019 മേയ് 31 വരെ 30,061 ഫോണ്‍കോളുകളാണ് തണലിലേക്കെത്തിയത്.
കുട്ടികളോട് ദാക്ഷിണ്യമില്ലാതെ പെരുമാറുക രണ്ടാനച്ഛനോ രണ്ടാനമ്മയോ ആയിരിക്കുമെന്നത് മൂഢസങ്കല്പമാണെന്ന് തെളിയിക്കുന്ന കണക്കുകളാണ് ചൈല്‍ഡ് ലൈനിന്റെ പക്കലുള്ളത്. കഴിഞ്ഞവര്‍ഷം ചൈല്‍ഡ് ലൈനില്‍ റിപ്പോര്‍ട്ടുചെയ്ത കേസുകളില്‍ 1131 എണ്ണത്തിലും കുറ്റക്കാര്‍ കുടുംബക്കാരായപ്പോള്‍ അതില്‍ 546 കേസില്‍ പ്രതിസ്ഥാനത്ത് അച്ഛനായിരുന്നു; 176-ല്‍ അമ്മയും. 99 കേസിലാണ് രണ്ടാനച്ഛന്‍ കുറ്റക്കാരായിരുന്നത്; രണ്ടാനമ്മ പ്രതിയായത് 51 കേസിലും.
യൂണിസെഫ് തയ്യാറാക്കിയ 2017-ലെ പഠനറിപ്പോര്‍ട്ടില്‍ രണ്ടുമുതല്‍ നാലുവയസ്സുവരെയുള്ള പത്തുകുട്ടികളില്‍ ഏഴുപേരും സ്വന്തം വീട്ടില്‍ അതിക്രമങ്ങള്‍ക്ക് ഇരയാകുന്നതായി പരാമര്‍ശമുണ്ട്. കേരളത്തില്‍ റിപ്പോര്‍ട്ടുചെയ്യപ്പെടുന്ന കേസുകള്‍ പരിശോധിച്ചാല്‍ 45 മുതല്‍ 65 ശതമാനംവരെ കുട്ടികള്‍ അതിക്രമത്തിന് ഇരയാകുന്നത് സ്വന്തം കുടുംബത്തില്‍നിന്നുതന്നെയാണെന്ന് കാണാം. ഭൂരിഭാഗം കേസിലും കുട്ടികളെ ഉപദ്രവിക്കുന്നവര്‍ മദ്യമോ മറ്റുലഹരിയോ ഉപയോഗിക്കുന്നവരാണ്.
ഒത്തുതീര്‍പ്പില്‍ ഒതുങ്ങുമ്പോള്‍
പ്രതികള്‍ രക്ഷിതാക്കളോ, അടുത്ത ബന്ധുക്കളോ ആയതിനാല്‍ത്തന്നെ ഒത്തുതീര്‍പ്പായിപ്പോകുന്ന കേസുകള്‍ ഒട്ടേറെയാണ്. കുടുംബത്തില്‍നിന്നും ബന്ധുക്കളില്‍നിന്നുമുള്ള സമ്മര്‍ദം, കുഞ്ഞിന്റെ ഭാവി തുടങ്ങി മാനുഷികപരിഗണനയുടെ മേലങ്കിയണിഞ്ഞവയാണ് ഒത്തുതീര്‍പ്പിനുള്ള ന്യായീകരണങ്ങള്‍. 1365 കേസുകളാണ് കഴിഞ്ഞവര്‍ഷം ഇത്തരത്തില്‍ ഒത്തുതീര്‍പ്പില്‍ അവസാനിച്ചത്. വൈകീട്ട് മദ്യപിച്ചുവന്ന് കിടപ്പിലായ മകനെ നിരന്തരം ശാരീരികോപദ്രവമേല്‍പ്പിക്കുന്ന ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനെക്കുറിച്ചുള്ള പരാതി റിപ്പോര്‍ട്ടുചെയ്തത് തലസ്ഥാനത്താണ്. മകന്‍ എന്‍ഡോസള്‍ഫാന്‍ ഇരയാണ്. കുട്ടിയെ കാണുമ്പോള്‍ ഉണ്ടാകുന്ന മനോവിഷമത്താലാണ് കുട്ടിയെ ഉപദ്രവിക്കുന്നതെന്നാണ് അച്ഛന്‍ നല്‍കുന്ന വിശദീകരണം. വലിയ സാമ്പത്തികസ്ഥിതിയുള്ള കുടുംബമല്ല. പോലീസില്‍ അറിയിച്ച് അയാളെ അറസ്റ്റുചെയ്യുകയാണ് വേണ്ടത്. നിയമനടപടികളുമായി മുന്നോട്ടുപോയാല്‍ കുടുംബത്തിന്റെ ആകെ വരുമാനമായ അയാളുടെ ജോലിതന്നെ പോയേക്കാം. അതിനാല്‍, കുട്ടിയുടെ അച്ഛനെയും അമ്മയെയും വിളിച്ച് കൗണ്‍സലിങ് നല്‍കി വിടുകയാണ് അധികൃതര്‍ ചെയ്തത്.
വ്യാജപരാതികള്‍ വ്യാപകമല്ല
കുട്ടികളോടുള്ള അതിക്രമങ്ങളുമായി ബന്ധപ്പെട്ട് വ്യാജപരാതികള്‍ വരുന്നുണ്ട്. ഇല്ലെന്ന് പറയാനാകില്ല. കുട്ടിയുടെ സംരക്ഷണം ലഭിക്കുന്നതിനുവേണ്ടി പോക്‌സോ കേസുകള്‍ ആരോപിക്കുന്ന പ്രവണത കൂടിയിട്ടുണ്ടെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടിയത് അടുത്തിടെയാണ്. സ്വത്തുതര്‍ക്കത്തില്‍പ്പോലും കുട്ടിയെ ഉപയോഗിക്കുന്നവരുണ്ട്. എതിര്‍കക്ഷി കുട്ടിയെ ശാരീരികമായി ഉപദ്രവിച്ചെന്ന് പരാതിപ്പെട്ട് ഇവര്‍ കേസുകള്‍ നല്‍കും. എന്നാല്‍, ഇത് വ്യാപകമാണെന്ന് പറയാനാകില്ല. പോക്‌സോ കേസില്‍ ഉള്‍പ്പെടെ കുട്ടിയുടെ ഭാവി ആലോചിച്ചും വീട്ടുകാരുടെ സമ്മര്‍ദത്തെത്തുടര്‍ന്നുമെല്ലാം തീര്‍പ്പാകുന്ന കേസുകളുണ്ട്. അവയെ ഒരിക്കലും വ്യാജ പരാതികളുടെ ഗണത്തില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കില്ല. വ്യാജപരാതി ഇല്ലെന്നുപറയാന്‍ കഴിയില്ല. പക്ഷേ, വളരെ കുറവാണ്.
-അഡ്വ. ശ്രീല മേനോന്‍
ബാലാവകാശകമ്മിഷന്‍ അംഗം
ശാരീരികാതിക്രമങ്ങള്‍ക്ക് ഇരകളാകുന്നത് കൂടുതലും ആണ്‍കുട്ടികളാണ്. കഴിഞ്ഞവര്‍ഷം റിപ്പോര്‍ട്ടുചെയ്ത കേസുകളില്‍ 62 ശതമാനത്തിലും (1372) ആണ്‍കുട്ടികളാണ് ഇരകള്‍; 37 ശതമാനം (825) പെണ്‍കുട്ടികളാണ്. എന്നാല്‍, ലൈംഗികാതിക്രമങ്ങള്‍ക്ക് ഇരയാകുന്നത് കൂടുതലും പെണ്‍കുട്ടികളാണ് (65 മുതല്‍ 70 ശതമാനംവരെ) 2007-ല്‍ കേന്ദ്ര വനിതാ-ശിശു വികസന മന്ത്രാലയം കുട്ടികള്‍ക്കുനേരെയുള്ള അതിക്രമങ്ങളെക്കുറിച്ചുള്ള പഠനറിപ്പോര്‍ട്ട് പുറത്തുവിട്ടിരുന്നു. രാജ്യത്തെ 69 ശതമാനം കുട്ടികളും ഏതെങ്കിലും വിധത്തിലുള്ള ശാരീരികാതിക്രമങ്ങള്‍ക്ക് ഇരയായിട്ടുള്ളതായി പഠനത്തില്‍ കണ്ടെത്തിയിരുന്നു. അവരില്‍ 54.68 ശതമാനം പേര്‍ ആണ്‍കുട്ടികളാണ്. സ്വന്തം വീട്ടില്‍പ്പോലും കിടന്നുറങ്ങാന്‍ ഭയപ്പെടേണ്ട അവസ്ഥയിലാണ് നമ്മുടെ കുഞ്ഞുങ്ങള്‍. ശബ്ദമുയര്‍ത്താനോ സഹായം തേടാനോ കെല്‍പ്പില്ലാത്ത ദുര്‍ബലവിഭാഗമായ കുട്ടികളെ യഥാര്‍ഥത്തില്‍ മുതിര്‍ന്നവര്‍ മുതലെടുക്കുകയാണ്.
********
അച്ഛന്‍ കുട്ടിയെ മുക്കിക്കൊല്ലാന്‍ ശ്രമിച്ചതറിഞ്ഞാണ് തിരുവനന്തപുരം സ്വദേശിനി ഉഷയെയും (യഥാര്‍ഥപേരല്ല) കുട്ടിയെയും തണല്‍ അധികൃതര്‍ വിളിച്ചുവരുത്തുന്നത്. കാര്യങ്ങള്‍ ചോദിച്ചറിയാന്‍ ശ്രമിച്ചപ്പോള്‍ ആ എട്ടുവയസ്സുകാരന്‍ ഭയന്നുവിറച്ചു. ആദ്യം മിണ്ടാന്‍ കൂട്ടാക്കാതിരുന്ന കുട്ടി പിന്നെ കരച്ചിലായി. അമ്മയെന്നെ കൊല്ലുമെന്നുറക്കെ നിലവിളിച്ച് തലമുടി പിച്ചിപ്പറിച്ചു. ഉഷയുമായി ദീര്‍ഘനേരം സംസാരിച്ചപ്പോള്‍ കാര്യങ്ങള്‍ തുറന്നുപറയാന്‍ അവര്‍ തയ്യാറായി. കുട്ടിയെ കൊല്ലാന്‍ ശ്രമിച്ചത് കുട്ടിയുടെ അച്ഛനല്ല, ഉഷയുടെ കാമുകനാണ്. ഭര്‍ത്താവുമായി പിരിഞ്ഞിട്ടു മാസങ്ങളായി. രണ്ടാമത്തെ കുഞ്ഞ് തന്റേതല്ല എന്ന സംശയത്തിന്റെ പുറത്താണ് ഉഷയെ ഭര്‍ത്താവ് ഉപേക്ഷിക്കുന്നത്. ഭര്‍ത്താവിന്റെ സംശയം സത്യമാണെന്നും ഉഷ സമ്മതിച്ചു. കാമുകനുമൊത്തുള്ള സൈ്വരജീവിതത്തിന് മൂത്തകുട്ടി തടസ്സമാകുമെന്ന് തോന്നിയപ്പോഴാണ് കുഞ്ഞിനെ കൊന്നുകളയാന്‍ ഉഷയും കാമുകനും തീരുമാനിക്കുന്നത്. കുട്ടി മുങ്ങിമരിച്ചതാണെന്ന് വരുത്തിത്തീര്‍ക്കാനായിരുന്നു ശ്രമം. അധികൃതര്‍ കുട്ടിയെ അച്ഛനൊപ്പം അയച്ചു. കുട്ടിയെ കൊല്ലാന്‍ ശ്രമിച്ചതിന് ഉഷയുടെ കാമുകനെതിരേ അന്വേഷണം നടക്കുകയാണ്.
ശിഥിലബന്ധങ്ങളുടെ ഇരകള്‍
അച്ഛനും അമ്മയും പിണങ്ങി താമസിക്കുന്ന വീടുകള്‍, മദ്യപനായ അച്ഛനുള്ള വീടുകള്‍, ദമ്പതിമാര്‍ക്കിടയിലെത്തുന്ന മൂന്നാമതൊരാള്‍, അണുകുടുംബങ്ങള്‍ എന്നീ സാഹചര്യങ്ങളിലുള്ള കുട്ടികളാണ് പ്രധാനമായും പ്രശ്‌നങ്ങള്‍ നേരിടുന്നത്. മാതാപിതാക്കള്‍ തമ്മിലുള്ള അസ്വാരസ്യങ്ങളും അഭിപ്രായഭിന്നതകളും അതിര്‍വരമ്പുകള്‍ ഭേദിക്കുമ്പോള്‍ പ്രത്യാഘാതം അനുഭവിക്കേണ്ടിവരുന്നത് കുട്ടികളാണ്. ശിഥിലമായ കുടുംബബന്ധങ്ങള്‍ ഒരു വിഭാഗം കുട്ടികളെ മാനസികമായി തളര്‍ത്തുമ്പോള്‍ മറ്റൊരു വിഭാഗം രക്ഷിതാക്കളുടെ അരിശം തീര്‍ക്കാനുള്ള ഉപകരണമായി അവര്‍ മാറുന്നു.
സാമൂഹികക്ഷേമ വകുപ്പ് നടത്തിയ കുടുംബ സര്‍വേയില്‍ 11,72,433 കുടുംബങ്ങളിലെ കുട്ടികള്‍ സുരക്ഷിതരല്ലെന്ന് കണ്ടെത്തിയ വാര്‍ത്ത പുറത്തുവന്നത് കഴിഞ്ഞമാസമാണ്. ഷെഫീക്ക് കമ്മിറ്റിയുടെ ശുപാര്‍ശ പ്രകാരമാണ് അങ്കണവാടി പ്രവര്‍ത്തകരെ നിയോഗിച്ച് വര്‍ഷാവര്‍ഷം സാമൂഹിക നീതിക്ഷേമവകുപ്പു സര്‍വേ നടത്തിയത്. സിംഗിള്‍ പാരന്റിങ് കുടുംബങ്ങള്‍, ഗാര്‍ഹിക പീഡനക്കേസുകളില്‍ ഉള്‍പ്പെട്ട കുടുംബം, മദ്യപരായ രക്ഷിതാക്കള്‍, കേസില്‍ അകപ്പെട്ട സഹോദരങ്ങള്‍ളുള്ള കുടുംബങ്ങള്‍, സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്ന കുടുംബങ്ങള്‍ തുടങ്ങി പന്ത്രണ്ടോളം മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് ആ സര്‍വേ നടത്തിയത്. എന്നാല്‍, സര്‍വേയ്ക്കുശേഷം തുടര്‍നടപടികളൊന്നും സ്വീകരിച്ചിരുന്നില്ല. തൊടുപുഴയിലും തൊട്ടടുത്ത ദിവസങ്ങളില്‍ ആലുവയിലും രണ്ടുകുട്ടികള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടപ്പോള്‍ മാത്രമാണ് സര്‍വേയുടെ അടിസ്ഥാനത്തില്‍ ഒരു കരുതല്‍ നടപടി വേണമെന്ന് അധികൃതര്‍ക്ക് തോന്നിയതുതന്നെ. കുട്ടികള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ക്ക് പ്രധാന കാരണക്കാര്‍ രക്ഷിതാക്കളാണെന്നാണ് സാമൂഹിക നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നത്. രണ്ടാമതേയുള്ളൂ സമൂഹത്തിനുള്ള പങ്ക്.
സ്വാര്‍ഥതയുടെ നിശ്ശബ്ദ സാക്ഷികള്‍
ആറുമാസം പ്രായമുള്ള കുഞ്ഞ് ഉറക്കത്തില്‍ തുടര്‍ച്ചയായി മോണകൂട്ടിക്കടിക്കുന്നു(പല്ലുകടി)എന്ന പ്രശ്‌നവുമായാണ് ആ മാതാപിതാക്കള്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റായ ഗംഗയെ സമീപിക്കുന്നത്. കുട്ടിയെ സൈക്കോളജിസ്റ്റിനെ കാണിക്കുന്നതിനായി നിര്‍ദേശിച്ചത് പരിശോധിച്ച ഒരു ഡോക്ടറാണ്. കുട്ടിയുടെ മാതാപിതാക്കളോട് സംസാരിക്കവേ അവര്‍ തമ്മിലുള്ള ബന്ധത്തില്‍ ഗൗരവമേറിയ പ്രശ്‌നങ്ങളുള്ളതായി മനസ്സിലായി. കുഞ്ഞിനുമുന്നില്‍ വെച്ച് വഴക്കിടാറുണ്ടോ എന്ന സൈക്കോളജിസ്റ്റിന്റെ ചോദ്യത്തിന് ആറുമാസമായ കുഞ്ഞിന് എന്തുമനസ്സിലാകാനാണ് എന്നായിരുന്നു മാതാപിതാക്കളുടെ മറുപടി. വഴക്കിട്ടോളൂ, എന്നാല്‍, അത് കുഞ്ഞിനുമുന്നില്‍ വെച്ചുവേണ്ടെന്നും രണ്ടാഴ്ച കഴിഞ്ഞുവരാനും നിര്‍ദേശിച്ചു. രണ്ടാഴ്ച കഴിഞ്ഞ് അവര്‍ മടങ്ങിയെത്തിയത് കുഞ്ഞിന്റെ പല്ലുകടി മാറിയെന്ന സന്തോഷവുമായാണ്. ഒന്നുമറിയാത്ത പ്രായമെന്ന് നാം കരുതുന്ന ആദ്യമാസങ്ങളില്‍ അമ്മയും അച്ഛനും തമ്മിലുള്ള പ്രശ്‌നങ്ങള്‍ കുഞ്ഞിലുണ്ടാക്കിയ മാനസികസമ്മര്‍ദത്തിന്റെ ബഹിര്‍സ്ഫുരണമായിരുന്നു പല്ലുകടി.
''വീട്ടുകാര്‍ പരസ്പരം നടത്തുന്ന കാളക്കച്ചവടത്തിന്റെ ഇരകളാകുകയാണ് കുട്ടികള്‍. ഒരു തൂപ്പുകാരിയെ ജോലിക്കെടുക്കുമ്പോള്‍ പോലും രണ്ടാഴ്ച നോക്കും ജോലിചെയ്യാനറിയാമോ എന്ന്. എന്നാല്‍ വിവാഹത്തിനുമുമ്പ് എന്ത് പ്രൊബേഷനാണ് ഉള്ളത്. ഒരു കുഞ്ഞ് വേണമെന്ന ആഗ്രഹത്തോടെയല്ല സ്ത്രീയും പുരുഷനും ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നത്. കുഞ്ഞുങ്ങള്‍ ലൈംഗികബന്ധത്തിന്റെ ഉപോത്പന്നമാണ്. പക്ഷേ, കുട്ടിയെ ഈ ലോകത്തേക്ക് കൊണ്ടുവരുന്ന മാതാപിതാക്കള്‍ക്ക് ഒരുപാട് ഉത്തരവാദിത്വങ്ങളുണ്ട്. സ്വാര്‍ഥ താത്പര്യങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കുമ്പോള്‍ കുട്ടിയെ പരിഗണിക്കാന്‍ മാതാപിതാക്കള്‍ മറക്കുന്നു. രക്ഷിതാക്കളുടെ തെറ്റുകള്‍ ഒരിക്കലും ചോദ്യംചെയ്യപ്പെടാതെ പോകുന്നു. മാതാപിതാക്കള്‍ ദൈവങ്ങളാണ് അവരെ ചോദ്യംചെയ്യുന്നവന്‍ ചോദ്യം ശരിയാണെങ്കില്‍ കൂടി കുടുംബദ്രോഹിയാകുന്നു. ജനാധിപത്യം തൊട്ടുതെറിക്കാത്ത ഇടമാണ് കുടുംബങ്ങള്‍. അവിടെ ഇപ്പോഴും ഫ്യൂഡല്‍ വ്യവസ്ഥിതിയാണ്. അഭിപ്രായംപറയാനുള്ള സ്വാതന്ത്ര്യവും എല്ലാവരെയും ഉള്‍ക്കൊള്ളുകയുമാണ് ജനാധിപത്യത്തിന്റെ അടിത്തറ അത് എത്ര കുടുംബങ്ങളില്‍ ഉണ്ട്. കൗണ്‍സിലറായ ജെ. രാജശേഖരന്‍ നായര്‍(തിരുവനന്തപുരം) ചോദിക്കുന്നു.
വിവാഹം എന്ന സ്ഥാപനത്തിന്റെ പോരായ്മകളിലേക്കാണ് സമീകാലത്തായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന പല പ്രശ്‌നങ്ങളും വിരല്‍ചൂണ്ടുന്നത്. സാമൂഹികനിര്‍മാണത്തില്‍ പുതിയകാലത്തായി ഉണ്ടായിട്ടുള്ള പലമാറ്റങ്ങളുടെയും ഭാഗമായി ബന്ധങ്ങളില്‍ വലിയതോതില്‍ വ്യത്യാസം സംഭവിച്ചിട്ടുണ്ട്. സംസ്ഥാനത്തെ കുടുംബകോടതികളില്‍ 19,693 വിവാഹമോചനക്കേസുകള്‍ നിലവിലുണ്ടെന്ന് 2017-ല്‍ മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചിരുന്നു. നിയമപരമായും അല്ലാതെയും വിവാഹമോചനം കേരളത്തില്‍ വര്‍ധിച്ചുവരുകയാണ്. ഇതിന്റെ ഫലമായി സിംഗിള്‍ പാരന്റിങ്ങും വര്‍ധിക്കുന്നു. ഒറ്റപ്പെട്ടുപോകുന്ന ഈ അവസ്ഥയില്‍ സ്ത്രീയും പുരുഷനും സമ്മര്‍ദത്തിനടിപ്പെടുന്നു. ഇതെല്ലാം ഇറക്കിവെക്കാനുള്ള ഇടമായി പലരും കുട്ടികളെ കാണുന്നു. അച്ഛന്റെയും അമ്മയുടെയും സ്‌നേഹവും പരിഗണനയും കുട്ടി ആഗ്രഹിക്കുന്നുണ്ട്. കുട്ടിക്കത് ലഭിക്കുന്നില്ല, ശാരീരികവും മാനസികവുമായ ഉപദ്രവങ്ങളും ചൂഷണങ്ങളും മാത്രമല്ല കുട്ടിയോടുള്ള അവഗണനയും കുട്ടികള്‍ക്കെതിരേയുള്ള അതിക്രമങ്ങളില്‍ ഉള്‍പ്പെടുന്നുണ്ട്. ചെയ്യുന്ന തെറ്റെന്താണ് എന്ന് മനസ്സിലാക്കാന്‍ രക്ഷിതാക്കള്‍ക്ക് കഴിയുന്നില്ല. സ്വയം തിരിച്ചറിയുന്നില്ലെന്ന് മാത്രമല്ല തെറ്റേത് ശരിയേത് എന്ന് പറഞ്ഞുകൊടുക്കാനും ആരുമില്ല.
എന്നാല്‍, കേരളത്തിലെ വിവാഹമോചനക്കേസുകളില്‍ ഉണ്ടാകുന്ന വര്‍ധനയില്‍ ആശങ്കപ്പെടാനൊന്നുമില്ലെന്നാണ് സാമൂഹിക നിരീക്ഷകരുടെ അഭിപ്രായം. മുന്‍കാലത്തെ അപേക്ഷിച്ച് സ്ത്രീ അഭിപ്രായസ്വാതന്ത്ര്യമുള്ളവളായി മാറുകയും സാമ്പത്തികസ്വാതന്ത്ര്യം നേടുകയും ചെയ്തു. എന്തും സഹിച്ചു ക്ഷമിച്ചുനില്‍ക്കുന്നതിന് പകരം ഞാനെന്തിന് ഇതെല്ലാം സഹിക്കണമെന്ന് അവള്‍ ചോദിച്ചുതുടങ്ങി. ഇത് സാമൂഹികപരിവര്‍ത്തനത്തിന്റെ തുടക്കമായാണ് സാമൂഹികനിരീക്ഷകര്‍ വിലയിരുത്തുന്നത്.
വില്ലനാകുന്ന മൂന്നാമന്‍
വിവാഹേതര ബന്ധങ്ങള്‍ക്ക് കുട്ടി തടസ്സമാകുമ്പോള്‍ കൊന്നുകളഞ്ഞ് ഒഴിവാക്കുക എന്ന രീതിയിലേക്ക് മാതാപിതാക്കള്‍ എത്തിക്കഴിഞ്ഞോ?. 2013 ഒക്ടോബറില്‍ ചോറ്റാനിക്കരയില്‍ എല്‍.കെ.ജി. വിദ്യാര്‍ഥിനിയെ അമ്മയും കാമുകന്മാരും ചേര്‍ന്ന് കൊലപ്പെടുത്തി കുഴിച്ചുമൂടിയെന്ന വാര്‍ത്തയുണ്ടാക്കിയ നടുക്കം ചെറുതായിരുന്നില്ല. കേസില്‍ ഒന്നാംപ്രതി രഞ്ജിത്തിന് വധശിക്ഷയാണ് കോടതി വിധിച്ചത്. അമ്മ റാണിക്കും സുഹൃത്ത് ബേസിലിനും ഇരട്ട ജീവപര്യന്തവും. കുട്ടിയെ കൊലപ്പെടുത്തിയ രഞ്ജിത്തിനുവേണ്ട സഹായങ്ങളെല്ലാം ചെയ്തുകൊടുത്ത് അന്നുരാത്രി പോലും അവനൊപ്പം കിടക്കപങ്കിട്ടു ആ അമ്മ. ''കുറ്റവാളിയായ സ്ത്രീക്ക് ഒരു കൂസലുമുണ്ടായിരുന്നില്ല. കുട്ടിയുടെ മൃതശരീരം വീണ്ടെടുത്തപ്പോള്‍ ഒന്നുകാണാന്‍ പോലും കൂട്ടാക്കിയില്ല അവര്‍. ജാമ്യത്തിലിറങ്ങി പിന്നീട് അവര്‍ സ്റ്റേഷനിലെത്തിയതുകണ്ട് ഞങ്ങള്‍ പോലും അമ്പരന്നു. മുടിയെല്ലാം സ്ട്രെയ്റ്റന്‍ ചെയ്ത് പുതുവസ്ത്രങ്ങളില്‍. ആദ്യമായിട്ടായിരുന്നില്ല ആ കുട്ടിക്ക് നേരെ വധശ്രമം. ഒരിക്കല്‍ ഗോവണിയില്‍ നിന്ന് താഴേക്ക് വലിച്ചെറിഞ്ഞ് ഗുരുതരമായ പരിക്കേറ്റ കുട്ടിയെ കോലഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. നിര്‍ബന്ധപൂര്‍വം അവിടെ നിന്ന് ഡിസ്ച്ചാര്‍ജ് വാങ്ങിപ്പോകുകയായിരുന്നു അവര്‍. രണ്ടുപെണ്‍കുട്ടികളായിരുന്നു അവര്‍ക്ക്, മിടുക്കിക്കുട്ടികള്‍.'' -കേസന്വേഷണ സംഘത്തിലുണ്ടായിരുന്ന ഒരു പോലീസ് ഉദ്യോഗസ്ഥന്‍ ഓര്‍മിക്കുന്നു. രണ്ടാമത്തെ കുട്ടി റാണിയുടെ അച്ഛന്റെ സംരക്ഷണയിലാണ് ഇപ്പോള്‍ കഴിയുന്നത്.
ഇവിടെ ചോദ്യമുയരുന്നത് മഹനീയമെന്ന് വാഴ്ത്തപ്പെട്ട മാതൃത്വത്തിന് നേര്‍ക്കാണ്. ഈ ക്രൂരതകള്‍ക്കെല്ലാം കൂട്ടുനില്‍ക്കാന്‍ ഒരമ്മയ്ക്ക് എങ്ങനെ സാധിക്കുന്നു? ''ഒരു ജീവിതം മുഴുവന്‍ അരക്ഷിതരായ സ്ത്രീകള്‍ തന്നോട് കുറച്ചു സ്‌നേഹം പ്രകടിപ്പിക്കുന്നവരിലേക്കു വീണുപോവുകയാണ്. വിവാഹിതരാണെങ്കില്‍പ്പോലും. സ്ത്രീക്ക് അവള്‍ അര്‍ഹിക്കുന്ന അംഗീകാരം എവിടെനിന്നും ലഭിക്കുന്നില്ല. സാമൂഹികരംഗത്തേക്ക് കടന്നുവരുമ്പോള്‍ അവളെ അംഗീകരിക്കാന്‍ സമൂഹം തയ്യാറാകുന്നില്ല. ഭര്‍ത്താവില്‍നിന്നോ, വീട്ടുകാരില്‍നിന്നോ പോലും പരിഗണന ലഭിക്കുന്നില്ല. മറിച്ച് പരിഹാസം മാത്രമാണ്. അതുകൊണ്ടാണ് അവളുടെ സൗന്ദര്യത്തെക്കുറിച്ചോ, പാചകത്തെക്കുറിച്ചോ, ഫെയ്സ്ബുക്കില്‍ കുറിക്കുന്ന നാലുവരി കവിതകളെക്കുറിച്ചോ ആരെങ്കിലും പ്രശംസിക്കുമ്പോള്‍ അവള്‍ വീണുപോകുന്നത്. അവര്‍ അനാഥരാണ്. ഒരു വീട്ടില്‍ താമസിക്കുമ്പോള്‍ പോലും ഒരു ദ്വീപായി അവള്‍ മാറുന്നത് അതുകൊണ്ടാണ്. ഇതേ സമൂഹത്തില്‍ ജീവിക്കുന്ന എന്റെ അത്രതന്നെ സമൂഹത്തെ മനസ്സിലാക്കുന്ന ഒരാളാണ് അവളെന്ന ബോധം, അംഗീകാരം അവള്‍ക്ക് നല്‍കാന്‍ പുരുഷന് കഴിയണം. അവളെ ഒരു സഹജീവിയായി കാണാന്‍ പുരുഷന്‍ പഠിക്കണം.'' -ജെന്‍ഡര്‍ അഡൈ്വസര്‍ ടി.കെ. ആനന്ദി പറയുന്നു.
അണുകുടുംബങ്ങളും മൊബൈല്‍ഫോണുകളും
അച്ഛനും അമ്മയും വഴക്കുകൂടുമ്പോള്‍ അല്ലെങ്കില്‍ അമ്മയില്‍നിന്നോ അച്ഛനില്‍നിന്നോ വഴക്കു കേള്‍ക്കുമ്പോള്‍ ചേര്‍ത്തുനിര്‍ത്താന്‍ പഴയകാലത്ത് മുത്തച്ഛനോ മുത്തശ്ശിയോ ഉണ്ടായിരുന്നു. ഇന്നാണെങ്കില്‍ അവരെല്ലാം വൃദ്ധസദനങ്ങളിലും. തൊഴിലുമായി ബന്ധപ്പെട്ട് കുടുംബവീട്ടില്‍നിന്ന് നഗരങ്ങളിലേക്ക് ചേക്കേറിയ അണുകുടുംബങ്ങളില്‍ കുട്ടികള്‍ക്ക് നഷ്ടമായത് മുതിര്‍ന്നവരുടെ സ്‌നേഹസ്പര്‍ശമാണ്, സാരോപദേശ കഥകളിലൂടെ ശരിതെറ്റുകള്‍ തിരിച്ചറിയാനുള്ള അവസരമാണ്. ആദ്യകാലത്ത് കുട്ടിയുടെ സാമൂഹ്യവത്കരണം നടന്നിരുന്നത് കൂട്ടുകുടുംബങ്ങളില്‍നിന്നാണ്. അച്ഛനും അമ്മയും രണ്ടുകുട്ടികളും അടങ്ങുന്നതാണ് ഇന്നത്തെ കുടുംബം. ഓഫീസും വീടുമായി ജീവിതത്തിരക്കുകളുടെ സമ്മര്‍ദം പേറിയാണ് ഓരോ രക്ഷിതാവും ജീവിക്കുന്നത്. വീണുകിട്ടുന്ന ഇടവേളകള്‍ മൊബൈല്‍ ഫോണും കവരുന്നു. കുട്ടികളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ നേരമില്ലാതെ സോഷ്യല്‍ മീഡിയയില്‍ രക്ഷിതാക്കള്‍ മുങ്ങിനിവരുമ്പോള്‍ അതേ മൊബൈലിലൂടെ സ്വയം ഉത്തരം കണ്ടെത്താന്‍ ശ്രമിക്കുകയാണ് കുട്ടികള്‍.
കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ പരിശോധിക്കുമ്പോള്‍ പ്രതിസ്ഥാനത്തു നില്‍ക്കുന്നവയില്‍ അണുകുടുംബങ്ങളും മൊബൈല്‍ഫോണുകളുമുണ്ട്. കേരളത്തിലുണ്ടായിട്ടുള്ള 'വെര്‍ട്ടിക്കല്‍ ഗ്രോത്തി'നെ ഫലപ്രദമായി ഉപയോഗിക്കുകയാണ് ഇതിനുള്ള പോംവഴി. കൂട്ടുകുടുംബങ്ങള്‍ക്ക് പകരമാകാന്‍ ഫ്‌ളാറ്റുകള്‍ക്ക് കഴിയണം. ഫ്‌ളാറ്റുകളെ സാമൂഹികകേന്ദ്രങ്ങളാക്കാനുള്ള സാധ്യതകളെ വര്‍ധിപ്പിക്കുകയാണുവേണ്ടത്. രണ്ടുമുറിയുള്ള വീട്ടിലാണ് കഴിയുന്നതെങ്കിലും ആ ഫ്‌ളാറ്റില്‍ കുട്ടിക്ക് ഒട്ടേറെ കൂട്ടുകാരെ കിട്ടും. ഫ്‌ളാറ്റുകളില്‍ കൂട്ടായ്മകള്‍ ഉണ്ടാകുന്നുണ്ട്. ഇത് ഒരു കൂട്ടുകുടുംബത്തിന്റെ ഫലം ഉളവാക്കുന്നുണ്ട്. കേരളത്തിന്റെ സ്ഥലപരിമിതിയും നിബിഡതയും കണക്കിലെടുത്താല്‍ ഇനി അതേ സാധ്യമാകൂ.
*****
മണ്ണെണ്ണ വിളക്ക് മറിഞ്ഞ് വീണതാണെന്ന് പറഞ്ഞാണ് മുഖത്തും ശരീരത്തിലും പൊള്ളലേറ്റ നിലയില്‍ സ്‌കൂള്‍ വിദ്യാര്‍ഥിയായ അരുണിനെ(പേര് യഥാര്‍ഥമല്ല) തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ അമ്മയും ബന്ധുക്കളും കൂടി പ്രവേശിപ്പിക്കുന്നത്. എന്നാല്‍ കുട്ടിയോടുള്ള ഇവരുടെ സമീപനത്തില്‍ പന്തികേടുതോന്നി കുട്ടിയെ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് ആശുപത്രിയിലുണ്ടായിരുന്ന ഒരു വ്യക്തി ചൈല്‍ഡ്‌ലൈനിന്റെ ടോള്‍ ഫ്രീ നമ്പറിലേക്ക് വിളിച്ചു. ആശുപത്രിയിലെത്തി കുട്ടിയെ കണ്ട പ്രവര്‍ത്തകര്‍ക്ക് സംശയം തോന്നി. വിളക്ക് മറിഞ്ഞുവീണതാണെങ്കില്‍ ശരീരത്തിന്റെ ഒരു ഭാഗത്ത് മാത്രമേ പൊള്ളാന്‍ സാധ്യതയുള്ളൂ, എന്നാല്‍ അരുണിന് മുഖത്തടക്കം പൊള്ളലുണ്ട്. തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ മോഷണക്കുറ്റം ആരോപിച്ച് കുട്ടിയെ അമ്മാവന്‍ ശിക്ഷിക്കുകയായിരുന്നു എന്ന് കണ്ടെത്തി. കുട്ടിയുടെ കൈകള്‍ തലയിണയുടെ കവര്‍ കൊണ്ട് കെട്ടി ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് പൊള്ളിക്കുകയായിരുന്നു.
നെയ്യാറ്റിന്‍കരയിലെ ആശുപത്രിയിലാണ് കുട്ടിയെ ആദ്യം കാണിച്ചത് ആശുപത്രി അധികൃതര്‍ക്ക് സംശയം തോന്നിയപ്പോള്‍ അമ്മയും ബന്ധുക്കളും നിര്‍ബന്ധപൂര്‍വം ഡിസ്ചാര്‍ജ് വാങ്ങി കുട്ടിയെ മെഡിക്കല്‍ കോളേജില്‍ എത്തിച്ചു. വിവരം പോലീസില്‍ അറിയിച്ചാല്‍ കൊന്നുകളയുമെന്ന ഭീഷണിയില്‍ ഭയന്നാണ് അമ്മ വിവരമൊളിപ്പിക്കാന്‍ ശ്രമിച്ചത്. പ്രതിയെ കണ്ടെത്തി ശിക്ഷിച്ചു. കുട്ടിക്കാവശ്യമായ ചികിത്സാ സഹായവും കൗണ്‍സിലിങ്ങും നല്‍കി. മുഖത്തെ പൊള്ളിയ പാടുകള്‍ മറയ്ക്കാന്‍ പ്ലാസ്റ്റിക് സര്‍ജറി ചെയ്‌തെങ്കിലും പഴയമുഖം തിരികെ കിട്ടിയില്ല. അതിനേക്കാള്‍ ഗുരുതരമായിരുന്നു അരുണിന്റെ മനസ്സിലേറ്റ പൊള്ളല്‍. പൊളളിയ മുഖവുമായി സ്‌കൂളിലെത്തിയ അവനെ സഹപാഠികള്‍ കളിയാക്കി, അതോടെ പുറത്തേക്കിറങ്ങാന്‍ തന്നെ കുട്ടിക്ക് മടിയായി. ആത്മവിശ്വാസം പൂര്‍ണമായും തകര്‍ന്നു. അരുണ്‍ പത്താംതരത്തിലേക്കായി, പക്ഷേ പഠനത്തില്‍ പഴയ താല്പര്യമില്ല, കൂട്ടുകാരോട് മിണ്ടാട്ടമില്ല. എപ്പോഴും ഒറ്റക്കിരിക്കും.
ഗുരുതരമായ പരിക്കുകള്‍, വൈകല്യം, മരണം തുടങ്ങിയ തത്ക്ഷണ പ്രത്യാഘാതങ്ങള്‍ക്ക് പുറമേ അതിക്രമങ്ങള്‍ കുട്ടികളില്‍ ദീര്‍ഘകാല പ്രത്യാഘാതങ്ങളും ഉണ്ടാക്കുന്നുണ്ട്. മോശമായ അനുഭവത്തെ തുടര്‍ന്നുണ്ടാകുന്ന മന:ക്ലേശം കുട്ടിയുടെ മസ്തിഷക വികസനത്തെ നശിപ്പിച്ചെന്നുതന്നെ വരാം. കൂടാതെ നാഡീവ്യൂഹം, രോഗപ്രതിരോധ സംവിധാനങ്ങള്‍ എന്നിവയെയും ബാധിക്കും. കുട്ടിയുടെ അവബോധ വികസനം(കൊഗ്‌നിറ്റീവ് ഡവലപ്പമെന്റ്) സാവധാനത്തിലാകും. സ്‌കൂളിലെ പ്രകടനത്തെ മോശമായി ബാധിക്കുമെന്ന് മാത്രമല്ല ചിലപ്പോള്‍ സ്‌കൂളില്‍ പോകുന്നത് അവസാനിപ്പിക്കാന്‍ കുട്ടി തയ്യാറാകും. ആത്മഹത്യാപ്രവണത, പുനര്‍വിചിന്തനം, അക്രമങ്ങളെ കുറിച്ചുള്ള ചിന്ത എന്നിവയെല്ലാം കുട്ടിയില്‍ ഉടലെടുത്തെന്നും വരാം. ശാരീരിക- മാനസികാരോഗ്യത്തെയും സ്വഭാവരൂപീകരണത്തെയും ഈ അനുഭവങ്ങള്‍ പ്രതികൂലമായി ബാധിക്കും. നിരന്തരമായ കൗണ്‍സിലിങ്ങിലൂടെ ഒരുപരിധി വരെ തിരിച്ചുകൊണ്ടുവരാന്‍ ശ്രമിച്ചാലും അരുണിനെപ്പോലെ ആത്മവിശ്വാസം നഷ്ടപ്പെട്ട് ഒന്നുമല്ലാതാകുന്നവര്‍ നിരവധി. ലോകമെമ്പാടുമുള്ള മുതിര്‍ന്നവരില്‍ നാലില്‍ ഒരാള്‍ കുട്ടിയായിരിക്കുമ്പോള്‍ ശാരീരിക അതിക്രമത്തിന് ഇരയായിട്ടുണ്ടെന്നാണ് ലോകാരോഗ്യ സംഘടനയുടെ(വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍) കണ്ടെത്തല്‍. അതവരുടെ പിന്നീടുള്ള ജീവിതത്തേയും സാരമായി ബാധിക്കുന്നതായി പറയുന്നുണ്ട്.
അസ്വസ്ഥതകളെ തിരിച്ചറിയുക
കാരണമില്ലാതെയുളള തലവേദന, വയറുവേദന, തലകറക്കം തുടങ്ങിയ ശാരീരിക അസ്വസ്ഥതകളോടെയായിരിക്കും തുടക്കം. പഠനവൈകല്യത്തിന് കാരണമായെന്നും വരാം. പഠനത്തില്‍ ശ്രദ്ധിക്കാതെ വരുമ്പോഴാണ് പല രക്ഷിതാക്കളും കുട്ടിയെ കൊണ്ട് സൈക്കോളജിസ്റ്റിന്റെ അടുത്തെത്തുന്നത്. കാരണം തേടി പോകുമ്പോഴാകും കുട്ടി അനുഭവിക്കുന്ന മാനസിക സംഘര്‍ഷങ്ങള്‍ തിരിച്ചറിയുക. കുട്ടിയെ ശാരീരികമായി ഉപദ്രവിക്കുന്നത് മാത്രമല്ല അതിക്രമം. നിരന്തരമായ അച്ഛന്റെ വഴക്കുപറച്ചില്‍ കാരണം മനസ്സുമടുത്ത് ഡാന്‍സും പാട്ടും പഠനവുമുള്‍പ്പടെ എല്ലാറ്റില്‍ നിന്നും പുറകോട്ട് വലിഞ്ഞ ഒരു ഏഴാംക്ലാസുകാരിയും ഒന്നോ രണ്ടോ മാര്‍ക്ക് കുറഞ്ഞാല്‍ ആഴ്ചകളോളം അച്ഛന്‍ മിണ്ടാതിരിക്കുന്നതില്‍ മാനസിക സമ്മര്‍ദ്ദമേറി പരീക്ഷയെഴുതാന്‍ കഴിയാതെ വന്ന സ്‌കൂള്‍ ടോപ്പറും മാനസികമായി രക്ഷിതാക്കളാല്‍ പീഡിപ്പിക്കപ്പെട്ടവരാണ്. ശാരീരികമായി ഉപദ്രവിക്കുന്ന അച്ഛനോടും അമ്മയോടുമുള്ള അടുപ്പവും വിശ്വാസവും കുട്ടികള്‍ക്ക് പതിയെ നഷ്ടപ്പെടും. എന്തെങ്കിലും പ്രശ്‌നം വന്നുകഴിഞ്ഞാല്‍ അവര്‍ക്കൊരിക്കലും മാതാപിതാക്കളുടെ അടുത്ത് പോകണമെന്ന് തോന്നില്ല. പകരം പുറത്തുള്ള സൗഹൃദങ്ങള്‍ തിരയും. ഒരുപക്ഷേ ആ സൗഹൃദങ്ങള്‍ ചെന്നെത്തുക ലഹരിയിലേക്കും ചൂഷണങ്ങളിലേക്കുമായിരിക്കും.
ചൈല്‍ഡ് ലൈന്‍ - വിളിക്കാം 1098ലേക്ക്
കേന്ദ്രവനിതാശിശുവികസന മന്ത്രാലയത്തിന് കീഴില്‍ സംസ്ഥാന വനിതാശിശുവകുപ്പിന്റെ പിന്തുണയോടെയാണ് ചൈല്‍ഡ് ലൈനിന്റെ പ്രവര്‍ത്തനം. ബാലവേല,കുട്ടികള്‍ക്കെതിരായ അതിക്രമങ്ങളെ കുറിച്ചുള്ള പരാതികള്‍ക്ക് ചൈല്‍ഡ് ലൈന്‍ ഹെല്‍പ്ലൈന്‍ നമ്പറായ 1098ലേക്ക് വിളിക്കാം. 4 റെയില്‍വേ ചൈല്‍ഡ്‌ലൈന്‍ യൂണിറ്റുകള്‍ ഉള്‍പ്പടെ 36 ചൈല്‍ഡ്‌ലൈന്‍ യൂണിറ്റുകള്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 220 ജീവനക്കാരാണ് കേരളത്തില്‍ ഉള്ളത്. ഒരു പരാതി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടാല്‍ ഒരു മണിക്കൂറിനകം ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ ആദ്യ ഇടപെടല്‍(ശിലേൃ്‌ലിശേീി) നടത്തിയിരിക്കണം. അടുത്ത ഇരുപത്തിനാലുമണിക്കൂറിനുള്ളില്‍ അതിന്റെ പുരോഗതി വിലയിരുത്തണം. ഓരോഘട്ടവും കോണ്‍ടാക്ട് സെന്ററിലും, ജില്ലാ യൂണിറ്റിലും രേഖപ്പെടുത്തണം. രണ്ടുമുതല്‍ മൂന്നുദിവസം വരെ ഒരു കേസുമായി ബന്ധപ്പെട്ട് ഇടപെടല്‍ ആവശ്യമായി വന്നേക്കാം. ഒരുമാസം 1000-1010നും ഇടയിലാണ് ചൈല്‍ഡ് ലൈനില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കേസുകളുടെ എണ്ണം. മുന്‍കാലത്തെ അപേക്ഷിച്ച് റിപ്പോര്‍ട്ടിങ് കൂടിയെങ്കിലും അതിനനുസരിച്ച് ജീവനക്കാരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായിട്ടില്ലെന്നതാണ് ചൈല്‍ഡ് ലൈന്‍ ഇന്നുനേരിടുന്ന പ്രതിസന്ധി.
ലഹരിയില്‍ കണ്ടെത്തുന്ന സ്വാസ്ഥ്യം
കൈനിറയെ ബ്ലേഡ് കൊണ്ടുവരഞ്ഞ പാടുകളുമായാണ് ദീപ്തി(യഥാര്‍ഥ പേരല്ല) സൈക്കോളജിസ്റ്റിന്റെ മുന്നിലെത്തുന്നത്. കുട്ടി തുടര്‍ച്ചയായി ആത്മഹത്യക്ക് ശ്രമിക്കുന്നെന്നാണ് രക്ഷിതാക്കള്‍ സൈക്കോളജിസ്റ്റിനോട് പറഞ്ഞത്. എന്നാല്‍ സിറ്റിങ്ങില്‍ കുട്ടി മാസങ്ങളായി മയക്കുമരുന്നിന് അടിമയാണെന്ന് സൈക്കോളജിസ്റ്റ് കണ്ടെത്തി. കൈ വരഞ്ഞ് ആ മുറിവില്‍ മയക്കുമരുന്ന് പുരട്ടി ആനന്ദം കണ്ടെത്തുകയായിരുന്നു ദീപ്തി. ലൈംഗികചൂഷണത്തിനും ഇരയായിരുന്നു ആ പെണ്‍കുട്ടി. കൗണ്‍സിലിങ്ങിലൂടെ കുട്ടിയെ തിരിച്ചുകൊണ്ടുവരാനുള്ള ശ്രമം നടത്തിയെങ്കിലും കഴിഞ്ഞില്ല. ഒരു പകല്‍ അവളെ കാണാതായി. രക്ഷിതാക്കള്‍ക്കിടയിലുള്ള അസ്വാരസ്യങ്ങള്‍ക്കിടയില്‍ തനിച്ചായ ദീപ്തി എപ്പോഴോ മയക്കുമരുന്നില്‍ സ്വാസ്ഥ്യം കണ്ടെത്തുകയായിരുന്നു.
'ലഹരിയിലേക്ക് കുട്ടി പോകുന്നതിന്റെ പിറകില്‍ മൂന്ന് പ്രധാന കാരണങ്ങളാണ് ഉള്ളത്. ഒന്ന്, വൈകാരികമായ ആവശ്യങ്ങള്‍ നിറവേറ്റപ്പെടാതെ വരുമ്പോള്‍ ആ അസ്വാസ്ഥ്യം മറികടക്കാന്‍ ലഹരിയെ കൂട്ടുപിടിക്കുക. മാതാപിതാക്കളില്‍ നിന്ന് ക്രൂരമായ മര്‍ദനമേല്‍ക്കേണ്ടി വരിക, കുട്ടിക്ക് അര്‍ഹമായ സ്നേഹം കൊടുക്കാന്‍ മാതാപിതാക്കള്‍ക്ക് കഴിയാതെ വരിക, അച്ഛനും അമ്മയും തമ്മിലുള്ള ചേര്‍ച്ചക്കുറവ് തുടങ്ങിയ സാഹചര്യങ്ങളിലായിരിക്കും വീടിന് പുറത്തുള്ളവരുടെ സ്നേഹം കുട്ടി ആഗ്രഹിക്കുക. അവന്‍ പറയുന്നത് കേള്‍ക്കാന്‍ തയ്യാറായി വരുന്ന ആ വ്യക്തി ഒരുപക്ഷേ കഞ്ചാവ് വില്‍പനക്കാരനായിരിക്കാം. ഇതേതുടര്‍ന്ന് കുട്ടിയും ലഹരി ഉപയോഗിക്കാന്‍ തുടങ്ങും. പതിയെ കുട്ടിയെ ലഹരി വാഹകരായി ഉപയോഗിക്കാന്‍ തുടങ്ങും.
രണ്ടാമത്തേത് വീട്ടിലെ മുതിര്‍ന്നവരുടെ ലഹരി ഉപയോഗമാണ്. അത് അംഗീകരിക്കപ്പെടുന്ന ഒന്നാണെന്ന് വളരെ ചെറുപ്പത്തില്‍ തന്നെ അവന് തോന്നും. അവനും ഉപയോഗിച്ച് തുടങ്ങും. മൂന്നാമത്തേത്, കൂട്ടുകാരുടെ സമ്മര്‍ദമാണ്. സൗഹൃദം ജനാധിപത്യപരമായിരിക്കണം. നല്ല സുഹൃത്താണെങ്കില്‍ ചില കാര്യങ്ങളില്‍ വിയോജിക്കാന്‍ നമുക്ക് അവകാശമുണ്ട്. വിയോജിപ്പ് അംഗീകരിക്കാന്‍ കഴിയണം. സുഹൃത്തുക്കള്‍ പറയുന്ന കാര്യങ്ങള്‍ ഇഷ്ടമല്ലെങ്കില്‍ സാധ്യമല്ലെന്ന് ബന്ധം നശിക്കാതെ തന്നെ പറയാന്‍ സാധിക്കണം. സ്വഭാവ ദൃഢത ഉണ്ടാകണം.
മാനസികാരോഗ്യം കുറവുള്ള കുട്ടികളും ലഹരിക്ക് വേഗം അടിമപ്പെടാം. അറ്റന്‍ഷന്‍ ഡെഫിസിറ്റ് ഹൈപ്പര്‍ ആക്ടിവിറ്റി ഡിസോര്‍ഡര്‍ (Attention Deficit/Hyperactivity Disorder) ഉള്ള കുട്ടികളില്‍ തലച്ചോറിന്റെ രണ്ടുഭാഗങ്ങള്‍ തമ്മിലുള്ള ഏകോപനം കുറവായിരിക്കും ഇത്തരം കുട്ടികള്‍ക്ക് പരീക്ഷണത്വര കൂടുതലായിരിക്കും. അതിനാല്‍ പുതിയതെന്തും പരീക്ഷിച്ചുനോക്കാന്‍ ഇവര്‍ മടിക്കില്ല.'- ഡോ.അരുണ്‍ ബി നായര്‍(സൈക്യാട്രിസ്റ്റ്, തിരുവന്തപുരം മെഡിക്കല്‍ കോളേജ്) പറയുന്നു.
സഹായത്തിനുവേണ്ടിയുള്ള നിലവിളിയാണ് ആത്മഹത്യ
അതിക്രമങ്ങള്‍ക്കിരയാകുന്നവരില്‍ ആത്മഹത്യ പ്രവണതയും കണ്ടുവരുന്നുണ്ട്. മരിക്കണം എന്ന ലക്ഷ്യത്തേക്കാള്‍ ദേഷ്യം തീര്‍ക്കുന്നതിനായി ആത്മപീഡനമേല്‍പ്പിക്കുന്നവര്‍. നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍(2015) പ്രകാരം 53.8: 46.2 എന്ന അനുപാതത്തിലാണ് രാജ്യത്തെ 14 വയസ്സില്‍ താഴെയുള്ള ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും ആത്മഹത്യ നിരക്കുകള്‍. 2014-ല്‍ ഇത് 52.3: 47.7 ആയിരുന്നു. കുടുംബപ്രശ്‌നങ്ങള്‍, അസുഖം, പരീക്ഷയില്‍ തോല്‍ക്കുമെന്ന ഭീതി എന്നീ കാരണങ്ങളാണ് കുട്ടിയെ ആത്മഹത്യയിലേക്ക് നയിക്കുന്നത്.
ആത്മഹത്യയും കാരണങ്ങളും
കാരണം | എണ്ണം |
കുടുംബപ്രശ്‌നങ്ങള്‍ | 307 |
അസുഖം | 163 |
പരീക്ഷാപ്പേടി | 162 |
പോക്‌സോ കേസുകളില്‍ ഇരകളായി നിര്‍ഭയ ഹോമുകളിലേക്ക് അയക്കപ്പെടുന്ന പെണ്‍കുട്ടികളില്‍ പലരും ആത്മഹത്യ പ്രവണത ഒരു പ്രധാന പ്രശ്‌നമായി കാണാറുണ്ടെന്ന് ഡോ.ടി.വി.അനില്‍കുമാര്‍ (പ്രൊഫസര്‍, സൈക്യാട്രി, തിരുവന്തപുരം)പറയുന്നു. ബോര്‍ഡര്‍ ലൈന്‍ പേഴ്‌സണാലിറ്റിയുളള കുട്ടികളിലായിരിക്കും ഇത് കൂടുതല്‍. അവരെ സഹായിക്കാന്‍ ശ്രമിക്കുന്തോറും വാശിപ്പുറത്ത് അവര്‍ അത് തുടര്‍ന്നുകൊണ്ടേയിരിക്കും. എല്ലാം നഷ്ടപ്പെട്ടു മരിച്ചുകളയാം എന്ന തോന്നല്‍ മാത്രമല്ല, ദേഷ്യം പ്രകടിപ്പിക്കാനുള്ള ഒരു മാര്‍ഗമാണ് അവര്‍ക്കത്.
ശാരീരികവും മാനസികവും സാമൂഹികവുമായിട്ടുള്ള അപകടസാധ്യത ഏറിയ കുടുംബത്തില്‍ അതിക്രമവാസനകളും ആത്മഹത്യ പ്രവണതയും കൂടുതലായിരിക്കും. സമ്മര്‍ദ്ദം സഹിക്കാനാകാതെ വരുമ്പോഴാണ് ആത്മഹത്യ പ്രവണത കുട്ടി കാണിക്കുന്നത്. ശാരീരികാതിക്രമങ്ങളെ തുടര്‍ന്നും ലൈംഗികാതിക്രമങ്ങളെ തുടര്‍ന്നും ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെങ്കിലും കൂടുതലും ലൈംഗികാതിക്രമത്തിന് ഇരകളാകുന്നവരാണ് ആത്മഹത്യ പ്രവണത പ്രകടിപ്പിക്കുന്നത്. സാഹചര്യത്തെ കൈകാര്യം ചെയ്യാന്‍ സാധിക്കാതെ വരുമ്പോള്‍ സഹായത്തിനുവേണ്ടിയുളള നിലവിളി എന്ന രീതിയില്‍.
നിങ്ങളവരെ കുട്ടിക്കുറ്റവാളികളാക്കരുത്
മാതാപിതാക്കളുടെ ശാരീരിക പീഡനം സ്ഥിരമായേല്‍ക്കുന്ന കുട്ടികളില്‍ വിദ്വേഷം വളരാനുള്ള സാധ്യത കൂടുതലാണ്. സമൂഹത്തോടും തന്നോടുതന്നെയും അവന് ദേഷ്യം തോന്നും. ചെറിയ പ്രായത്തില്‍ അടികൊണ്ട് നില്‍ക്കുന്ന ഇവര്‍ പിന്നീട് ഇതില്‍ നിന്ന് രക്ഷനേടാന്‍ തിരിച്ചടിയാണ് മാര്‍ഗമെന്ന് കരുതും. കുറ്റകൃത്യങ്ങളിലേക്ക്് കുട്ടി എത്തിപ്പെടുന്നത് അങ്ങനെയാണ്. കുട്ടി അറിയാതെ അവനില്‍ കുറ്റവാസന ഉണരും. ശാരീരികപീഡനവും വേദനയും കിട്ടി വളരുന്ന കുഞ്ഞുങ്ങള്‍ക്ക് വീട്ടുകാരോടുള്ള അടുപ്പം കുറവായിരിക്കും. സാധാരണകുട്ടികളേക്കാള്‍ ദുര്‍ബലരായ കുട്ടികളില്‍ അത് കൂടുതലായിരിക്കും. ശാരീരികാതിക്രമങ്ങളുടെ ദീര്‍ഘകാല പ്രത്യാഘാതങ്ങളാണ് ഇത്.
പത്തനാപുരത്ത് ഇളയച്ഛന്റെ ആറുമാസം പ്രായമുള്ള കുഞ്ഞിനെ പതിന്നാലുവയസ്സുകാരന്‍ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ വാര്‍ത്ത കേരളത്തെ പിടിച്ചുകുലുക്കിയത് കുറച്ചുവര്‍ഷങ്ങള്‍ക്ക് മുമ്പാണ്. അമിത ഉത്സാഹിയായിരുന്ന അവനെ വീട്ടുകാര്‍ അടിച്ച് പറഞ്ഞതുകേള്‍പ്പിക്കാന്‍ ശ്രമിച്ചിട്ടും ഫലമുണ്ടായില്ല. സ്‌കൂളില്‍ പോകാതെ കറങ്ങി നടന്ന കുട്ടിയെ മിടുക്കനാക്കാന്‍ അച്ഛന്റെ അനിയന്റെ വീട്ടില്‍ കൊണ്ടാക്കുന്നത് അങ്ങനെയാണ്. ഇളയച്ഛന്‍ കുട്ടിയെ സമീപത്തുള്ള സ്‌കൂളില്‍ ചേര്‍ത്തു. ഒരു രാത്രി എല്ലാവരും ഉറങ്ങിക്കിടക്കുമ്പോള്‍ ഇളയമ്മയ്‌ക്കൊപ്പം കിടന്നുറങ്ങിയിരുന്ന ആറുമാസം പ്രായമുളള പെണ്‍കുഞ്ഞിനെ അവനെടുത്ത് പുറത്തേക്കുകൊണ്ടുപോയി പീഡിപ്പിച്ചു. കുഞ്ഞ് മരിച്ചെന്നുറപ്പായപ്പോള്‍ സെപ്റ്റിക് ടാങ്കില്‍ താഴ്ത്തി. അമിതോത്സാഹിയായിരുന്ന ആ കുട്ടിക്ക് വേണ്ടിയിരുന്നത് സൈക്കോളജിസ്റ്റിന്റെ സേവനമായിരുന്നു. പക്ഷേ കുട്ടിയെ അടിച്ചും തൊഴിച്ചും നേര്‍വഴിക്ക് നടത്താനാണ് മാതാപിതാക്കള്‍ ശ്രമിച്ചത്. സാഹചര്യങ്ങളല്ല, രക്ഷിതാക്കളുടെ അറിവില്ലായ്മയാണ് അവനെ നിയമവുമായി പൊരുത്തപ്പെടാത്തവനാക്കി മാറ്റിയത്.
പറഞ്ഞാല്‍ കേള്‍ക്കുന്നില്ല, പഠിക്കുന്നില്ല എന്ന് പറഞ്ഞാണ് അമിത ഉത്സാഹമുള്ള കുട്ടികളുമായി രക്ഷിതാക്കള്‍ എത്തുക. കുട്ടിയുടെ മുന്‍കാലം പരിശോധിക്കുമ്പോള്‍ അമ്മ അടിച്ച പാടും ചട്ടുകം കൊണ്ടും തേപ്പുപെട്ടി കൊണ്ടും പൊള്ളിച്ച പാടുകളും കാണാം. സത്യം പറയാതെ കള്ളത്തരം കാണിക്കുകയും അടുത്ത വീട്ടില്‍ പോയി മോഷ്ടിക്കുകയും ചെയ്യുമ്പോള്‍ അമ്മ ശിക്ഷിക്കുന്നതായിരിക്കും. ഒരിക്കല്‍ മുഖത്ത് സ്റ്റിച്ചുമായി ഒരു കുട്ടി വന്നിരിക്കുന്നു ചോദിച്ചപ്പോള്‍ അമ്മ അടിച്ചതാണ്. ഇതൊന്നും ശാരീരികാതിക്രമ പരാതിയായി വരുന്നതല്ല, പെരുമാറ്റവൈകല്യമോ, പഠനവൈകല്യമോ മറ്റുകാരണങ്ങളോ ആയെത്തുന്ന കേസുകളില്‍ കുട്ടിയുടെ മുന്‍കാല ചരിത്രം പരിശോധിക്കുമ്പോള്‍ കിട്ടുന്നതാണ്. ജെ ജെ ഹോമില്‍ നിന്നുള്ള കുട്ടികളെയും ഇങ്ങോട്ട് വിടാറുണ്ട്. അവരിലെല്ലാം അന്തര്‍ലീനമായി രക്ഷാകര്‍തൃത്വവും ശാരീരികപീഡനങ്ങളുടെ ചരിത്രവും കാണാറുണ്ട്. പകുതി കേസുകളിലും കുട്ടിയുടെ അച്ഛനും ഇതേ ചരിത്രം ഉണ്ടാകും. ഇതേ സാഹചര്യത്തിലൂടെയായിരിക്കും അച്ഛനും വളര്‍ന്നിട്ടുണ്ടാകുക. - ഡോ.ടി.വി.അനില്‍കുമാര്‍ പറയുന്നു.
ഉണരേണ്ടത് പൊതുബോധം
കുട്ടികള്‍ രാഷ്ട്രത്തിന്റെ സ്വത്താണ്. അവരെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം രക്ഷിതാക്കള്‍ക്കുണ്ടെങ്കിലും അവര്‍ പരാജയപ്പെടുമ്പോള്‍ കുട്ടികളെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം പൊതുസമൂഹത്തിനുണ്ട്. പൊതുസമൂഹവും പരാജയപ്പെടുന്നിടത്ത് കുട്ടികളുടെ സംരക്ഷണം സംസ്ഥാനത്തിന്റെയും രാഷ്ട്രത്തിന്റെയും ഉത്തരവാദിത്വമാണ് എന്നതാണ് ബാലാവകാശനിയമത്തിന്റെ അന്ത:സത്ത. ബാലാവകാശ ലംഘനങ്ങള്‍ അന്വേഷിക്കുക, സ്വമേധയാ നടപടി സ്വീകരിക്കുക, നിയമനടപടികള്‍ ശുപാര്‍ശ ചെയ്യുക, പോലീസ്, കോടതി നടപടികള്‍ ശിശുസൗഹാര്‍ദപരമാണോ എന്ന് നിരീക്ഷിക്കുക, പീഡനത്തെ അതിജീവിച്ച കുട്ടികളുടെ പുനരധിവാസം ഉറപ്പാക്കുക, നഷ്ടപരിഹാരം, കൗണ്‍സിലിങ് എന്നിവ ഉറപ്പാക്കുക തുടങ്ങിയവയെല്ലാം ബാലവാകാശകമ്മിഷന്റെ ചുമതലകളാണ്. എന്നിരുന്നാലും കുട്ടികളെ കുറ്റകൃത്യങ്ങളില്‍ നിന്ന് രക്ഷിക്കാന്‍ പൊതുസമൂഹത്തിന്റെ കൂട്ടായ പരിശ്രമമാണ് ഉണ്ടാകേണ്ടത്. - - പി.സുരേഷ് (ബാലാവകാശ കമ്മിഷന്‍ ചെയര്‍പേഴ്സണ്‍)
********
പതിമ്മൂന്നര വയസ്സിലാണ് ഒഡീഷ സ്വദേശിയായ ദീപക്(യഥാര്‍ഥ പേരല്ല) ജോലി തേടി കേരളത്തില്‍ എത്തുന്നത്. അധികമൊന്നും അലയേണ്ടി വന്നില്ല. വടക്കന്‍ ജില്ലയിലെ ഒരു ചായക്കടയില്‍ ദീപക്കിന് ജോലി ലഭിച്ചു. ഇതരസംസ്ഥാനക്കാരന്‍, ദുര്‍ബലന്‍, ചോദിക്കാനും പറയാനും സമീപത്താരുമില്ലാത്തവന്‍.. സാഹചര്യത്തെ ചുറ്റുമുള്ളവര്‍ കൃത്യമായി വിനിയോഗിച്ചു. കടയിലെ മുതിര്‍ന്നവര്‍ അവനെ വൈകുന്നേരങ്ങളില്‍ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കി. ആദ്യമെല്ലാം കരഞ്ഞു ബഹളം വെച്ചു തടയാന്‍ ശ്രമിച്ച ആ കൗമാരക്കാരന്‍ ഇടയിലെപ്പോഴോ ആസ്വദിച്ചുതുടങ്ങി. പതിയെ ചായക്കടയിലെ വരുമാനത്തില്‍ സംതൃപ്തനാകാതെ അധികവരുമാനം കണ്ടെത്തുന്നതിനായി ഈ തൊഴിലുമായി പുറത്തിറങ്ങി. ഇടപാടുകാരെ കിട്ടാന്‍ ബുദ്ധിമുട്ടുണ്ടായില്ല. ഒരിക്കല്‍ അതേ ആവശ്യത്തിനായി ദീപക്കിനെ സമീപിച്ച വ്യക്തിയാണ് സഹതാപം തോന്നി അവനെ അനാഥാശ്രമത്തില്‍ എത്തിക്കുന്നത്. ഒന്നരവര്‍ഷക്കാലം അവന്‍ അവിടെ കഴിഞ്ഞു. ഒരുദിവസം തനിക്കറിയാവുന്ന വിദ്യ അനാഥാലയത്തിലെ മറ്റുകുട്ടികളെ പഠിപ്പിക്കാന്‍ ശ്രമിച്ച ദീപക്കിനെ സ്ഥാപനമേധാവി കൈയോടെ പിടികൂടി. തിരുത്താന്‍ മിനക്കെട്ടില്ല, അവനെ അവിടെയെത്തിച്ച വ്യക്തിയെ വിളിപ്പിച്ച് ഉടന്‍ പറഞ്ഞയച്ചു. ദീപക് വീണ്ടും തെരുവിലെത്തി. ജീവിക്കാനായി അറിയാവുന്ന തൊഴിലും മോഷണവും തുടങ്ങി. ഒടുവില്‍ ഒരു വീട്ടില്‍ സഹായിയായി കയറിക്കൂടി. 24-ാം വയസ്സില്‍ പോലീസ് അവനെ അറസ്റ്റ് ചെയ്യുന്നത് അതേ വീട്ടിലെ ഗര്‍ഭിണിയായ പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായിട്ടാണ്. കേള്‍ക്കുമ്പോള്‍ ഒരു കെട്ടുകഥയെന്ന് തോന്നുംവിധത്തിലുള്ള ദീപക്കിന്റെ ജീവിതം പങ്കുവെച്ചത് ഒരു ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥനാണ്.
ആരാണ് കുറ്റവാളി?
ഇവിടെ ആരാണ് യഥാര്‍ഥ കുറ്റവാളി? പതിമൂന്നര വയസ്സില്‍ ജോലി തേടി കേരളത്തിലെത്തിയ ആ കൗമാരക്കാരനോ? അതോ അവന്‍ തെറ്റുകളില്‍ നിന്ന് തെറ്റുകളിലേക്ക് വഴുതുന്നത് കൈയും കെട്ടി നോക്കി നിന്ന സമൂഹമോ? ഒരു കുറ്റവാളി ഉണ്ടാകുന്നത് എങ്ങനെയെന്ന ചോദ്യത്തിന് വച്ചുനീട്ടാവുന്ന ഒരു ഉദാഹരണമായി അവന്‍ വിയ്യൂര്‍ ജയിലിനകത്തുണ്ട്. ഓര്‍ക്കണം കേരളത്തിലെത്തുമ്പോള്‍ അവന്‍ ഒരു കുറ്റവാളി ആയിരുന്നില്ല. അവനാവശ്യം വിശപ്പടക്കാന്‍ ഒരു തൊഴിലായിരുന്നു. പതിനാലു വയസ്സില്‍ താഴെയുള്ള കുട്ടികളെ കൊണ്ട് തൊഴില്‍ എടുപ്പിക്കുന്നത് കുറ്റകരമാണെന്നറിഞ്ഞിട്ടും കുറഞ്ഞ കൂലിക്ക് ലഭിച്ച തൊഴിലാളിയെ വിട്ടുകളയാന്‍ തൊഴിലുടമയ്ക്ക് തോന്നിയില്ല. സൗജന്യ വിദ്യാഭ്യാസമെന്ന അവന്റെ അവകാശത്തെ നിഷേധിച്ചു, പ്രകൃതിവിരുദ്ധ പീഡനത്തിന് നിര്‍ബന്ധിച്ച് ഇരയാക്കി. അന്തേവാസികളുടെ രക്ഷയെ കരുതി അവസാനമെത്തിയ അനാഥാലയത്തിന്റെ മേധാവി അവനെ പുറത്തുവിടുന്നതിന് പകരം ഒരു കൗണ്‍സലിങ് നല്‍കിയിരുന്നെങ്കിലോ..ഒരുപക്ഷേ അവന്‍ ജീവിതത്തിലേക്ക് തിരിച്ചുവരുമായിരുന്നു.
മാററം വേണ്ടത് എവിടെ?
അരക്ഷിതനായ ഓരോ കുട്ടിയും നാളത്തെ കുറ്റവാളിയാകാനുള്ള സാധ്യത ഏറെയാണ്. ഒരു കുട്ടിയെ രക്ഷിക്കാനായാല്‍ ഒരുപക്ഷേ തടയാനാകുന്നത് ഭാവിയില്‍ സംഭവിച്ചേക്കാവുന്ന പത്തോളം കുറ്റകൃത്യങ്ങളാകും. നമുക്കാവശ്യം കാലോചിതമായ സാമൂഹിക മാറ്റമാണ്. പ്രതികരണശേഷിയുടെ കാര്യത്തില്‍ മറ്റാരേക്കാളും മുന്നിലാണ് മലയാളികള്‍. സദാചാരപോലീസിങ്ങ്, സാമൂഹിക മാധ്യമങ്ങളിലെ പൊങ്കാലയിടലുകള്‍ എന്നിവയിലൂടെ നാമത് തെളിയിച്ചതാണ്. സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള ആത്മരോഷമല്ല, വേണ്ട സമയത്ത് വേണ്ട പോലെ പ്രതികരിക്കാന്‍ കഴിയണം. ചുറ്റുമുള്ളതിനെ കണ്ണ് തുറന്ന് കാണാനും, കേള്‍ക്കാനും ഇടപെടാനും വേണ്ട മനസ്സ് സമൂഹം ഉണ്ടാക്കിയെടുക്കണം. കുട്ടികളുടെ അവകാശങ്ങള്‍ നിഷേധിക്കുന്ന, അവരുടെ ജീവന് ഭീഷണി ഉയര്‍ത്തുന്ന സംഭവങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ ബന്ധപ്പെട്ടവരെ അറിയിക്കണം. അതിനുപുറകേ നടക്കേണ്ടി വരുമല്ലോ എന്ന ഭയമാണ് പലരേയും പുറകോട്ട് വലിക്കുന്നത്. വിവരാവകാശ നിയമപ്രകാരവും ജെജെ ആക്ട് പ്രകാരവും, ചൈല്‍ഡ്‌ലൈന്‍ ടോള്‍ ഫ്രീ ഹെല്‍പ് ലൈനിന്റെ ഉദ്ദേശശുദ്ധി കാത്തുസൂക്ഷിക്കുന്നതിന് വേണ്ടി, വിവരം നല്‍കിയ ആളുടെ വ്യക്തിത്വം വെളിപ്പെടുത്താറില്ല. (ചില പ്രത്യേക കേസുകളില്‍ കോടതി ആവശ്യപ്പെടുകയാണെങ്കില്‍ മാത്രം വിവരം നല്‍കിയ വ്യക്തിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സീല്‍ ചെയ്ത കവറില്‍ സമര്‍പ്പിക്കും.)
മറ്റൊന്ന് സംസ്ഥാനത്ത് കുട്ടികളുടെ അവകാശ സംരക്ഷണത്തിനായി നിലകൊള്ളുന്ന ശിശുക്ഷേമസമിതികളുടെയും, ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡുകളുടേയും ബാലാവകാശകമ്മിഷന്റെയും പ്രവര്‍ത്തനം കുറേക്കൂടി കാര്യക്ഷമമാക്കുക എന്നുള്ളതാണ്. സംസ്ഥാനത്ത് മൂന്നുവര്‍ഷത്തെ കാലാവധി പൂര്‍ത്തിയാക്കിയ ശിശുക്ഷേമ സമിതികളുടെ പുന:സംഘടന പൂര്‍ത്തിയായത് ഒരു മാസം മുമ്പാണ്. 2015-ലെ ജെജെ ആക്ട് പ്രകാരം ശിശുക്ഷേമസമിതി/ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് അംഗങ്ങളുടെ യോഗ്യതയിലുണ്ടായ വ്യത്യാസം മൂലവും, തിരുവന്തപുരം കൊല്ലം പത്തനംതിട്ട കോട്ടയം ആലപ്പുഴ ജില്ലകളിലെ ശിശുക്ഷേമസമിതി അംഗങ്ങളുടെ നിയമനം സംബന്ധിച്ച് അപേക്ഷകര്‍ ഹൈക്കോടതി മുമ്പാകെ അപ്പീല്‍ ഫയല്‍ ചെയ്തതിനെ തുടര്‍ന്ന് തിരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ ഹൈക്കോടതി സ്‌റ്റേ ചെയ്തതുമൂലവും ശിശുക്ഷേമസമിതികളുടെയും ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡുകളുടെയും പുന:സംഘടനയിലുണ്ടായത് രണ്ടുവര്‍ഷത്തെ കാലതാമസമാണ്. കുട്ടികള്‍ക്ക് പ്രഥമപരിഗണന നല്‍കേണ്ട, എത്രയും പെട്ടെന്ന് കുട്ടിക്ക് നീതി ലഭിക്കാന്‍ പ്രവര്‍ത്തിക്കേണ്ടവര്‍ തന്നെ നീതിക്ക് വേണ്ടി കുട്ടികളെ കാത്തിരിക്കാന്‍ നിര്‍ബന്ധിക്കുകയാണ്. കുട്ടികളുടെ അവകാശസംരക്ഷണമേഖലയില്‍ പ്രവര്‍ത്തനപരിചയമുള്ള ചെയര്‍പേഴ്‌സണും 4 അംഗങ്ങളും ചേര്‍ന്നതാണ് ശിശുക്ഷേമ സമിതി. അംഗങ്ങളില്‍ ഒരാളെങ്കിലും വനിതയായിരിക്കണം. കുട്ടികളുടെ അവകാശസംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ പ്രാവീണ്യം തെളിയിച്ചവരായിരിക്കണം മറ്റുള്ള അംഗങ്ങള്‍. എന്നാല്‍ അംഗങ്ങളുടെ തിരഞ്ഞെടുപ്പില്‍ യോഗ്യതകള്‍ക്കുപരി രാഷ്ട്രീയ താല്പര്യങ്ങളുടെ അടിസ്ഥാനത്തിലാണ് നിയമനം നടത്തുന്നതെന്ന് ആരോപണമുണ്ട്.
ശിശുക്ഷേമ സമിതിയുടെ ഉത്തരവാദിത്വങ്ങള്‍
· കുട്ടികളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ സ്വമേധയാ ഏറ്റെടുത്ത് തീര്‍പ്പുകല്‍പിക്കുക
· കുട്ടികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട് വെല്ലുവിളി ഉയരുന്ന സാഹചര്യങ്ങളില്‍ അന്വേഷണം നടത്തുക
· കുട്ടിക്ക് ശ്രദ്ധയും സംരക്ഷണവും അഭയവും ഉറപ്പുവരുത്തുക
· കുട്ടികളുടെ സംരക്ഷണം ഉറപ്പുവരുത്തുന്നതിന് വേണ്ടി സര്‍ക്കാര്‍ വകുപ്പുകളുമായും സ്ഥാപനങ്ങളുമായും യോജിച്ച് പ്രവര്‍ത്തിക്കുക
തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ക്ക് നിരവധി അധികാരങ്ങളുണ്ട്. പ്രത്യേക പദ്ധതികള്‍ നടപ്പിലാക്കാനുള്ള സ്വാതന്ത്ര്യവും അവകാശവും ഉള്ള സ്ഥാപനങ്ങളാണ് അവ. എന്നാല്‍ കേരളത്തിലെ എത്ര പഞ്ചായത്തുകളില്‍ കുട്ടികളുടെ സംരക്ഷണം മുന്നില്‍ കണ്ട് പദ്ധതികള്‍ ആവിഷ്‌കരിക്കുന്നുണ്ട്? കുട്ടികളുടെയും സ്ത്രീകളുടെയും അവകാശ സംരക്ഷണത്തിന് വേണ്ട നൂതന പദ്ധതികള്‍ ആവിഷ്‌ക്കരിക്കാനും നടപ്പിലാക്കാനും പഞ്ചായത്ത് ആര്‍ജവം കാണിക്കണം. ദുര്‍ബലമായ സാഹചര്യങ്ങളില്‍ ഉള്ള കുട്ടികളെ തിരിച്ചറിയുകയും അവരെ കൃത്യമായി നിരീക്ഷിക്കാന്‍ സംവിധാനം ഉണ്ടാക്കുകയും വേണം. കുടുംബശ്രീ പ്രവര്‍ത്തകര്‍ അങ്കണവാടി അധ്യാപകര്‍, ആശാവര്‍ക്കര്‍മാര്‍ എന്നിവരുടെ നിരീക്ഷണം കൃത്യമായ ഇടവേളകളില്‍ ഇത്തരം കുടുംബങ്ങളിലുണ്ടാകണം. അതിനാവശ്യമായ പരിശീലനവും സഹായവും അവര്‍ക്ക് നല്‍കണം. പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി ആവശ്യമെങ്കില്‍ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സാധിക്കണം.
ഉത്തരവാദിത്വപൂര്‍ണമായ രക്ഷാകര്‍തൃത്വം - ഡോ.അരുണ്‍ ബി നായര്‍ (സൈക്യാട്രിസ്റ്റ്, തിരുവനന്തപുരം മെഡിക്കല്‍ കോളേജ്)
യൂണിസെഫും ലോകാരോഗ്യ സംഘടനയും മുന്നോട്ട് വെക്കുന്നത് ഉത്തരവാദിത്വപൂര്‍ണമായ രക്ഷാകര്‍തൃത്വമാണ്. അതില്‍ത്തന്നെ ആധികാരിക രക്ഷാകര്‍തൃത്വം ആണ് ഏറ്റവും നല്ല രക്ഷാകര്‍തൃ രീതിയായി കണക്കാകുന്നത്. മാതാപിതാക്കള്‍ തുല്യമായ പങ്കാളിത്തം ഏറ്റെടുക്കുക എന്നുള്ളതാണ് അതില്‍ ഒന്നാമത്തെ കാര്യം. രണ്ട്, കുട്ടി വളര്‍ന്നുവരുമ്പോള്‍ സാഹചര്യങ്ങള്‍ സ്വന്തമായി കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ സാധിക്കുന്ന വ്യക്തിയായി വളര്‍ത്തുക എന്നുള്ളതാണ്.
ഉത്തരവാദിത്വങ്ങള്‍ പഠിപ്പിക്കൂ
ഘട്ടം ഘട്ടമായി കുട്ടിയെ ഉത്തരവാദിത്വങ്ങള്‍ ഏല്‍പ്പിക്കണം. കാണുന്ന കാര്യങ്ങള്‍ തലച്ചോറില്‍ സൂക്ഷിച്ചുവെക്കുന്ന ദൃശ്യസ്മൃതി എന്നൊരു കഴിവ് കുട്ടിയില്‍ വികസിക്കുന്നത് മൂന്നുവയസ്സുമുതലാണ്. അപ്പോള്‍ മുതല്‍ ഗാര്‍ഹികമായ ഉത്തരവാദിത്വങ്ങള്‍ കുട്ടിയെ ഏല്‍പ്പിക്കണം.വീട്ടില്‍ നടക്കുന്ന കാര്യങ്ങളില്‍ എനിക്കും പങ്കാളിത്തമുണ്ട് എന്ന് തോന്നണം. പത്തുവയസ്സുമുമ്പുതന്നെ അച്ചടത്തെ കുറിച്ച് കുട്ടികളോട് വിനിമയം ചെയ്യേണ്ടതുണ്ട്. അച്ചടക്കം നമ്മുടെ സ്വാതന്ത്ര്യം ഇല്ലാതാക്കാനുള്ള ഒന്നല്ല മറിച്ച് നമ്മുടെ സുരക്ഷിതത്വം വര്‍ധിക്കാനുള്ള ഒന്നാണെന്ന് കുട്ടിയെ ബോധ്യപ്പെടുത്തണം. ഉപദേശരൂപത്തേക്കാള്‍ അനുഭവങ്ങളിലൂടെ വേണം കാര്യങ്ങള്‍ അവതരിപ്പിക്കാന്‍. അച്ഛനും അമ്മയും മാതൃകയാകണം. വീട്ടിലെ നിയമങ്ങള്‍ എല്ലാവരും പാലിക്കണം. ലഹരി ഉപയോഗിച്ച് വീട്ടില്‍ വരാന്‍ പാടില്ലെന്ന് പറഞ്ഞാല്‍ അച്ഛനും അമ്മയും അതും ശീലമാക്കണം മാതാപിതാക്കള്‍ അങ്ങനെ ചെയ്തുകൊണ്ട് കുട്ടിയോട് അങ്ങനെ ചെയ്യരുത് എന്നുപറയുന്നതില്‍ അര്‍ഥമില്ല.
കുട്ടികള്‍ക്ക് സ്വാതന്ത്ര്യം നല്‍കണം, കളിക്കാന്‍ അനുവദിക്കണം. അതുകഴിഞ്ഞാല്‍ ക്വാളിറ്റി ടൈം. മാതാപിതാക്കളും കുട്ടിയും തമ്മില്‍ സംസാരിക്കാനുള്ള സമയമാണ് ഇത്. അന്നു സംഭവിച്ച കാര്യങ്ങള്‍ കുട്ടികളോട് ചോദിച്ച് മനസ്സിലാക്കണം. ഇപ്രകാരം ചെയ്്താല്‍ കുട്ടിയുടെ ജീവിതത്തില്‍ ഉണ്ടാകുന്നതെല്ലാം വളരെ തുടക്കത്തില്‍ മനസ്സിലാക്കാന്‍ സാധിക്കും. ദുരനുഭവം, പീഡനത്തിന്റെ സ്വഭാവമുള്ളത് എന്നിവയെല്ലാം തുടക്കത്തിലേ കണ്ടെത്താം. കുട്ടിയുടെ ആശയവിനിമയ ശേഷി മെച്ചപ്പെടുകയും ചെയ്യും. സെന്‍സിറ്റീവ് വിഷയങ്ങള്‍ പോലും ധൈര്യപൂര്‍വം ചര്‍ച്ച ചെയ്യാനുള്ള വേദിയായിരിക്കണം അത്. പറയാനുളളത് ക്ഷമാപൂര്‍വം കേട്ട് അതിനകത്തെ അനാരോഗ്യകരമായ സംഗതികള്‍ ചൂണ്ടിക്കാണിക്കാന്‍ സാധിക്കണം. ക്ലാസില്‍ ഒരു കുട്ടി മറ്റൊരു കുട്ടിക്ക് ലൗലെറ്റര്‍ കൊടുത്ത കാര്യം പറയുമ്പോഴേക്കും ഒച്ചയിടുകയല്ല, കേള്‍ക്കണം. അടിച്ചമര്‍ത്തുമ്പോള്‍ കൗതുകം ഇല്ലാതാകില്ല മറിച്ച് വീട്ടുകാരോട് പറയുന്നത് അവസാനിപ്പിക്കുകയേയുള്ളൂ.
അച്ഛനും അമ്മയും തമ്മിലുള്ള ആശയവിനിമയം പ്രധാനമാണ്. കേരളത്തിലെ കുടുംബങ്ങളില്‍ അധികാരശ്രേണി നിലനിലക്കുന്നുണ്ട്. അമ്മയ്ക്ക് ജോലി കൂടിയില്ലെങ്കില്‍ അച്ഛന്റെ അപ്രമാദിത്വമായിരിക്കും. അനുസരിച്ചില്ലെങ്കില്‍ ചീത്ത വിളിക്കുന്നതും അടിക്കുന്നതും ചില കുടുംബങ്ങളിലെങ്കിലും സാംസ്‌കാരികമായി അംഗീകരിക്കപ്പെട്ട സംഗതിയാണ്. സംവാദമാകാം. പക്ഷേ അത് തര്‍ക്കത്തിലേക്ക് വഴിമാറരുത്. കുടുംബങ്ങളില്‍ സംവാദത്തിന്റെ അന്തരീക്ഷം ഉണ്ടാകുന്നില്ല. അവിടെ ജയിക്കാനായി വ്യക്തിപരമായി ആക്രമിക്കാനോ പണ്ട് ചെയ്ത എന്തെങ്കിലും കാര്യം ചൂണ്ടിക്കാണിച്ച് കളിയാക്കാനോ ഉള്ള ശ്രമമാണ് കൂടുതലും. ഇതെല്ലാം കുട്ടിയുടെ മാനസിക വളര്‍ച്ചയെ ദോഷകരമായി ബാധിക്കും. വെളിയില്‍ പോയി അതേ രീതിയില്‍ സമപ്രായക്കാരോട് ചെയ്യാനുള്ള പ്രവണതയുണ്ടാകും.
ഓരോ പ്രായത്തിലും ഉത്തരവാദിത്വപൂര്‍ണമായ രക്ഷാകര്‍തൃത്വത്തിന് ഓരോ സാധ്യതയുണ്ട്. ചെറിയ പ്രായത്തില്‍ കുട്ടികളോടൊപ്പം കളിക്കാന്‍ മാതാപിതാക്കള്‍ സമയം ചെലവഴിക്കണം. ചെറിയ പ്രായത്തില്‍ കളിയിലൂടെയാണ് കുട്ടികള്‍ ആശയവിനിമയം നടത്തുക. പത്തുവയസ്സാകുന്നത് മുതല്‍ കൗമാരമെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്. അപ്പോള്‍ പ്രധാനപ്പെട്ട തീരുമാനങ്ങളില്‍ കുട്ടിയെ കൂടി പങ്കാളിയാക്കണം ഉദാഹരണത്തിന് ഒരു വാഹനം വാങ്ങുമ്പോള്‍ കുട്ടിയെ അറിയിക്കുക. അവന്റെ അഭിപ്രായം ചോദിക്കുക, യുക്തിസഹമാകണമെന്നില്ല മറുപടി. എങ്കിലും ചോദിക്കണം. എന്തുകൊണ്ട് യുക്തിസഹമല്ല എന്ന് പറഞ്ഞുമനസ്സിലാക്കണം. ഒരു കൊടുക്കല്‍ വാങ്ങല്‍ രീതിയില്‍ പോയാല്‍ ഇത് എന്റെ കുടുംബമാണ് തകരാതെ നോക്കേണ്ടത് എന്റെ ഉത്തരവാദിത്വമാണ് എന്ന് കുട്ടിക്ക് തോന്നും ആ ഉത്തരവാദിത്വബോധം കുട്ടിയും അച്ഛനുമമ്മയും തമ്മിലുള്ള ഒരു വൈകാരിക ബന്ധത്തിന്റെ ഒരു പാലമാണ്. അതുവന്നുകഴിഞ്ഞാല്‍ വീടിന് പുറത്തുള്ള അനാരോഗ്യകരമായ പ്രവണതകള്‍ കുട്ടിയെ ബാധിക്കില്ല.
ഫോസ്‌ററര്‍ കെയര്‍ മാനേജ്‌മെന്റ് കൊണ്ടുവരണം - മുരളി തുമ്മാരുകുടി
വിദേശരാജ്യങ്ങളില്‍ കുട്ടികളുടെ ക്ഷേമത്തിനാണ് പ്രാധാന്യം നല്‍കുന്നത്. കുട്ടിയുടെ സുരക്ഷിതത്വം സ്റ്റേറ്റിന്റെ ഉത്തരവാദിത്വമാണ് എന്ന ഒരു ശക്തമായ ബോധം ഇവിടെയുള്ളവര്‍ക്ക് ഉണ്ട്. കേസ് റിപ്പോര്‍ട്ട് ചെയ്താല്‍ ഉപദ്രവകരമായ സാഹചര്യങ്ങളില്‍ നിന്ന് കുട്ടിയെ മാറ്റുകയാണ് ആദ്യം ചെയ്യുക. അതിനുശേഷം മാത്രമേ അന്വേഷണമുള്‍പ്പടെയുള്ള നിയമനടപടികളിലേക്ക് കടക്കൂ. കുട്ടിയെ ചില്‍ഡ്രന്‍സ് ഹോമിലേക്ക് മാറ്റുകയല്ല പകരം ഫോസ്റ്റര്‍ പേരന്റിനെ(പോറ്റിവളര്‍ത്തല്‍) ഏല്‍പ്പിക്കും. നമ്മുടെ നാട്ടിലുള്ള പ്രധാന പോരായ്മ രക്ഷിച്ചെടുക്കുന്ന കുട്ടികളെ താമസിപ്പിക്കാന്‍ ഒരിടമില്ല എന്നുള്ളതാണ്. കുട്ടികളെ ഒരുമിച്ച് ചില്‍ഡ്രന്‍സ് ഹോമില്‍ താമസിപ്പിക്കുന്നതിന് പകരം ഫോസ്റ്റര്‍ കെയര്‍ മാനേജ്‌മെന്റാണ് ഇവിടെ കൊണ്ടുവരേണ്ടത്.
എന്താണ് അതിക്രമം എന്ന് തിരിച്ചറിയാന്‍ കുട്ടികള്‍ക്ക് ചെറിയ പ്രായത്തില്‍ തന്നെ അവര്‍ ബോധവല്‍ക്കരണം നല്‍കുന്നുണ്ട്. പരാതികള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ പൊതുവായ ടെലിഫോണ്‍ നമ്പറും ഉണ്ട്. മറ്റൊരു പ്രധാനകാര്യം മുതിര്‍ന്നവര്‍ കുഞ്ഞിനോട് മോശമായി ഇടപഴകുന്നത് ആരുകണ്ടാലും അവര്‍ ഇക്കാര്യം ആ നമ്പറില്‍ വിളിച്ചറിയിക്കും. രക്ഷിതാവ് പ്രതിയാകുന്ന കേസുകളില്‍ കുടുംബം ആണെന്ന് കരുതിയുള്ള യാതൊരു ഒത്തുതീര്‍പ്പും അവിടെ സാധ്യമല്ല. തെറ്റുകാരാണെന്ന് തെളിഞ്ഞാല്‍ കുട്ടികളെ സ്ഥിരമായി രക്ഷിതാക്കളില്‍ നിന്ന് മാറ്റുന്നതിനുള്ള അധികാരം സ്റ്റേറ്റിനുണ്ട്. കുട്ടിയെ തിരിച്ചുകിട്ടണമെങ്കില്‍ നോക്കാന്‍ പ്രാപ്തരാണെന്ന് മാതാപിതാക്കള്‍ സ്വയം തെളിയിക്കണം.
രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ചെയ്യാനുണ്ട്
ലോക്‌സഭ തിരഞ്ഞെടുപ്പാണ് കഴിഞ്ഞത്. ഓരോ പാര്‍ട്ടിയുടെയും പ്രകടനപത്രിക നാം കണ്ടതാണ്. ഇവയില്‍ എത്ര പ്രകടന പത്രികയില്‍ കുട്ടികളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട പ്രഖ്യാപനങ്ങള്‍ ഉണ്ടായിരുന്നു? രാഷ്ട്രീയ പാര്‍ട്ടികളുടെ അജണ്ടയില്‍ വോട്ടവകാശമില്ലാത്ത, കുട്ടികള്‍ എന്ന ദുര്‍ബലവിഭാഗം കടന്നുവരുന്നില്ല. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് (ജവഹര്‍ ബാലവേദി, ബാലസംഘം, ബാലഗോകുലം) കുട്ടികളുടെ സംഘടനകളുണ്ട്. ഈ സംഘങ്ങളെ സമൂഹത്തിന് ഗുണപ്രദമാകുന്ന രീതിയില്‍ പ്രവര്‍ത്തിക്കാന്‍ സജ്ജരാക്കണം. കുട്ടികളുടെ കൂട്ടായ്മകളില്‍ അവകാശങ്ങളെ കുറിച്ചും സുരക്ഷയെ കുറിച്ചും ബോധവല്‍ക്കരണം നടത്തണം. അതിനൊപ്പം കൂട്ടുകാരന് വേദനിക്കുന്ന അനുഭവങ്ങളുണ്ടെങ്കില്‍ അത് ബന്ധപ്പെട്ടവരെ അറിയിക്കാന്‍ ഓരോകുട്ടിയെയും പ്രാപ്തരാക്കണം. അടിച്ചാല്‍ ചോദിക്കാന്‍ ചൈല്‍ഡ് വെല്‍ഫെയര്‍ പോലീസ് ഉണ്ടെന്ന സന്ദേശം കുട്ടികളിലും കുടുംബങ്ങളിലും വരണം.
നാടിന്റെ സ്പന്ദനമായിരുന്നു ഒരുകാലത്ത് യൂത്ത്ക്ലബുകള്‍. സ്‌പോര്‍ട്‌സ് ആര്‍ട്‌സ് പ്രവര്‍ത്തനങ്ങള്‍ക്ക് പുറമേ യുവാക്കള്‍ക്കിടയിലും കുട്ടികള്‍ക്കിടയിലും ഇറങ്ങി പ്രവര്‍ത്തിക്കാന്‍ ഇവര്‍ക്ക് സാധിക്കണം. ഇന്നത്തെ യുവാക്കളാണ് നാളത്തെ രക്ഷിതാക്കള്‍. ലഹരിക്കടത്ത്, മോഷണം, പോക്‌സോ തുടങ്ങിയ കേസുകളില്‍ കുടുങ്ങി നിരവധി ചെറുപ്പക്കാരാണ് ജയിലുകളില്‍ കഴിയുന്നത്. രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയില്‍ തന്റേതായ പങ്ക് രേഖപ്പെടുത്തേണ്ട, സുപ്രധാന കാലഘട്ടമാണ് അവര്‍ ജയിലുള്ളില്‍ പാഴാക്കുന്നത്. ശക്തമായ ബോധവല്‍ക്കരണത്തിലൂടെ വഴിതെറ്റുന്ന യുവാക്കളെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് യൂത്ത് ക്ലബുകള്‍ മുന്‍തൂക്കം നല്‍കണം.
തിരിച്ചറിയേണ്ടത് അധ്യാപകര്‍
ഒരു കുട്ടിയെ സംബന്ധിച്ചിടത്തോളം വീടും സ്‌കൂളുമാണ് ഏറ്റവും പ്രധാനപ്പെട്ട ഇടങ്ങള്‍. കുട്ടികളുടെ പെരുമാറ്റത്തിലുണ്ടാകുന്ന മാറ്റങ്ങള്‍ എളുപ്പത്തില്‍ തിരിച്ചറിയാന്‍ സാധിക്കുന്നത് അധ്യാപകര്‍ക്കും. പിന്‍ബെഞ്ചിലിരിക്കുന്നവരോട് എല്ലാക്കാലത്തും അധ്യാപകര്‍ക്ക് പ്രിയം കുറവാണ്. എന്തുകൊണ്ട് പിന്‍ബെഞ്ചുകാരനായി എന്ന് തിരക്കാനുള്ള ക്ഷമ പല അധ്യാപകരും കാണിക്കാറില്ല. പാഠഭാഗങ്ങള്‍ തീര്‍ക്കാനുള്ള വ്യഗ്രതയില്‍, സമര്‍ഥരെ അഭിനന്ദിക്കാനും ഇവരെ ഇകഴ്ത്താനും ശ്രമിക്കുമ്പോള്‍ സ്‌കൂളിലും പരിഗണന ലഭിക്കാതെ കുട്ടി ഒറ്റപ്പെടുന്നു. സാമൂഹിക നീതിവകുപ്പിന്റെ കീഴില്‍ സര്‍ക്കാര്‍-എയ്ഡഡ് സ്‌കൂളുകളിലായി നിലവില്‍ 666 കൗണ്‍സിലേഴ്‌സ് ആണ് ജോലി ചെയ്യുന്നുന്നത്. (346 പേരെ കൂടി നിയമിക്കാന്‍ ഉത്തരവായിട്ടുണ്ട്). 2011-ലെ സെന്‍സസ് അനുസരിച്ച് കേരളത്തില്‍ 14,479 സ്‌കൂളുകള്‍ ഉണ്ട്. അതിനാല്‍ തന്നെ നിലവിലുള്ള കൗണ്‍സിലേഴ്‌സ് അപര്യാപ്തമാണ്. ഒരു സ്‌കൂളിലെ എല്ലാ കുട്ടികളെയും കൃത്യമായി മോണിറ്റര്‍ ചെയ്യാന്‍ ഇവര്‍ക്ക് കഴിഞ്ഞെന്നുവരില്ല. നാല്‍പത് അമ്പത് കുട്ടികളുള്ള ക്ലാസുകളില്‍ ആകെ ശ്രദ്ധ വേണ്ടത് നാലോ അഞ്ചോ കുട്ടികള്‍ക്ക് മാത്രമായിരിക്കും. അവരെ കണ്ടെത്തി കൗണ്‍സിലറുടെ മുന്നില്‍ എത്തിക്കേണ്ടത് ക്ലാസ് ചുമതലയുള്ള അധ്യാപകരാണ്.
'പരമ്പരാഗത അധ്യാപന ശൈലിയില്‍ നിന്ന് ആധുനിക രീതിയിലേക്ക് അധ്യാപകര്‍ ഇനിയും മാറിയിട്ടില്ല. പ്രശ്നങ്ങള്‍ വലുതാകുമ്പോള്‍ മാത്രമാണ് പലപ്പോഴും നാം അറിയുന്നത്. അതിനെ തുടക്കത്തിലേ തിരിച്ചറിയാന്‍ സാധിക്കണം. സ്‌കൂളുകളില്‍ കൗണ്‍സിലിങ് കൊടുക്കുന്നുണ്ടെങ്കിലും അത് മുഴുവനായും ഫലപ്രദമായിട്ടില്ല. അതായത് നമ്മള്‍ കാണുന്ന പ്രതിവിധികള്‍ക്ക് ഫലം കുറഞ്ഞിട്ടുണ്ട്. ഒരു കൗണ്‍സിലര്‍ വന്നിട്ടുണെങ്കില്‍ അവരുടെ അടുത്ത് കുട്ടികള്‍ക്ക് പോകാം എന്നൊരു ഓപ്പണ്‍ ഫോറം വെച്ചിരിക്കുകയാണ്. ഒരു ഗ്രൂപ്പ് എക്സര്‍സൈസോ ഗ്രൂപ്പ് തെറാപ്പിയോ ഇല്ല. എല്ലാ കാര്യത്തിനും പാഠ്യക്രമം ഉള്ളതുപോലെ കൗണ്‍സിലിങ്ങിലും വ്യക്തമായ പാഠ്യക്രമവും,രൂപരേഖയും വേണം.' ബച്ച്പന്‍ ബച്ചാവോ ആന്ദോളന്‍ സ്റ്റേറ്റ് കോര്‍ഡിനേറ്ററായ പ്രസ്രീന്‍ കുന്നംപള്ളി പറയുന്നു
ചികിത്സാചെലവുകളും വ്യവഹാര ചെലവുകളും വര്‍ധിക്കുകയും ഉല്പാദനക്ഷമത കുറയുകയും ചെയ്യുന്നതിനാല്‍ രാജ്യത്തിന്റെ സാമ്പത്തിക-സാമൂഹിക വളര്‍ച്ചയെപ്പോലും മന്ദഗതിയിലാക്കുന്ന ഒന്നാണ് കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍. ശാരീരിക-മാനസിക-സാമൂഹിക ആരോഗ്യത്തോടെയും മൂല്യങ്ങളോടെയുമാണ് കുട്ടി വളരേണ്ടത്. അതിനുള്ള സാഹചര്യങ്ങള്‍ കുടുംബത്തിലുണ്ടാകണം. ഒരുപ്രശ്‌നം വരുമ്പോള്‍ അതിനെ താല്ക്കാലികമായി നേരിടാനുള്ള പദ്ധതികള്‍ ഉണ്ടാക്കുകയല്ല മറിച്ച് ഏതൊരു പ്രശ്‌നത്തേയും അതിന്റെ വേരില്‍ നിന്ന് തന്നെ ശാസ്ത്രീയമായ രീതിയില്‍ ഉന്മൂലനം ചെയ്യുകയാണ് വേണ്ടത്. ശാരീരികാതിക്രമങ്ങളെ ലഘൂകരിച്ച് കാണാതെ ലൈംഗികാതിക്രമങ്ങള്‍ക്ക് നല്‍കുന്ന അതേ പ്രധാന്യത്തോടെ കൈകാര്യം ചെയ്യണം.
'കുഞ്ഞിനെ തല്ലിച്ചതച്ചിട്ട്, അവനെ മരണത്തിന് വിട്ടുകൊടുത്തിട്ട്..ഇല്ല അങ്ങനെയുള്ളവരല്ല അമ്മ. വഴിയരികില്‍ പെറ്റുകിടക്കുന്ന പട്ടികളെ കണ്ടിട്ടുണ്ടോ, അതിന്റെ കുഞ്ഞുങ്ങളെ നോക്കാന്‍ നമ്മളെ അത് അടുപ്പിക്കത്തില്ല ശ്രദ്ധിച്ചിട്ടുണ്ടോ. മൃഗങ്ങളെ വച്ചുപോലും താരതമ്യപ്പെടുത്താന്‍ പറ്റാത്ത രീതിയിലായി മനുഷ്യര്‍. ഈ തെറ്റുചെയ്തവരെല്ലാം അത്രയും മോശപ്പെട്ടവരാ..എന്റെ വാവാച്ചിയുടേതുള്‍പ്പടെ. പത്തുപേര്‍ക്ക് ശിക്ഷകൊടുത്താല്‍ പതിനൊന്നാമത്തെ ആള് മര്യാദക്കാവും.. ശിക്ഷിക്കണം..' ഷെഫീക്കിനെ ചേര്‍ത്തുപിടിച്ച് വികാരവിക്ഷോഭത്തില്‍ രാഗിണി പറയുമ്പോള്‍ ഒരമ്മയാകാന്‍ പേറ്റുനോവറിയേണ്ടെന്ന് ഒരിക്കല്‍ക്കൂടി ബോധ്യപ്പെടുകയാണ്. നിയമനടപടികള്‍ കുറേക്കൂടി കര്‍ശനമാക്കുകയും സമയബന്ധിതമായി പൂര്‍ത്തിയാക്കുകയും വേണം. ശിക്ഷണത്തിന്റെ ഭാഗമായുള്ള ശാരീരികോപദ്രവങ്ങള്‍ ഇല്ലാതാകണം. ഉത്തരവാദിത്വ രക്ഷാകര്‍തൃത്വത്തെ കുറിച്ച് മാതാപിതാക്കളെ ബോധവല്‍ക്കരിക്കുക, കുടുംബങ്ങളെ കൃത്യമായ ഇടവേളകളില്‍ നിരീക്ഷിക്കുക, എന്നിവയെല്ലാമാണ് കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയാനുള്ള മാര്‍ഗങ്ങള്‍. ഒപ്പം സമൂഹവും ഉണരണം, ജാഗ്രത പുലര്‍ത്തണം. കുടുംബത്തിന്റെയോ, സമൂഹത്തിന്റെയോ, ഭരണകൂടത്തിന്റെയോ സൂക്ഷ്മതക്കുറവില്‍ ഇനിയൊരു കുഞ്ഞിന് ജീവന്‍ നഷ്ടപ്പെട്ടു കൂടാ..
Content Highlights: Child Abuse in Kerala
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..