കൊടുവള്ളി (കോഴിക്കോട്): വാച്ച് മോഷ്ടിച്ചുവെന്ന് ആരോപിച്ച് കൊടുവള്ളി ആവിലോറയിൽ 12 കാരനെ പിതാവിന്റെ സഹോദരനും കുടുംബവും ക്രൂരമായി മർദിച്ച സംഭവത്തിൽ മുഖ്യപ്രതി വിദേശത്തേക്ക് കടന്നതായി സൂചന. ഇയാളും ഭാര്യയും മകനുമടക്കം പ്രതിയായ കേസിൽ മറ്റ് രണ്ട് പേർക്കെതിരായ അന്വേഷണം ഊർജിതമാക്കിയതായി പോലീസ് വ്യക്തമാക്കി. നേരത്തെ കേസെടുക്കാൻ മടിച്ചിരുന്ന പോലീസ് സംഭവം വിവാദമായതോടെ കേസെടുത്തെങ്കിലും അതിന് പിറ്റേദിവസം മുഖ്യപ്രതി ദുബായിലേക്ക് കടന്നതായതാണ് സൂചന.

To advertise here,

കഴിഞ്ഞ ആഴ്ചയാണ് വാച്ച് മോഷ്ട്ടിച്ചെന്ന് ആരോപിച്ച് പിതാവിന്റെ സഹോദരൻ കൊടുവള്ളി കിഴക്കോത്ത് താമസിക്കുന്ന കുട്ടിയെ വീട്ടിലേക്ക് കൊണ്ടുപോയി ക്രൂരമായി മർദിച്ചത്. വായിൽ തുണി തിരുകി കമ്പികൊണ്ട് മർദിക്കുകയും മുറിവിൽ നാരങ്ങാ നീരും ഉപ്പും പുരട്ടി, വിരലിൽ ഈർക്കിൽ കയറ്റിയെന്നും കുട്ടിയുടെ സഹോദരൻ പ്രതികരിച്ചിരുന്നു. താനാണ് കുട്ടിയുടെ കാലിൽ കയറ്റിയ ഈർക്കിൾ വലിച്ച് ഊരിയതെന്നും സഹോദരൻ മാതൃഭൂമി ഡോട്ട്‌കോമിനോട് പ്രതികരിച്ചിരുന്നു. കാണാതായെന്ന് പറയുന്ന വാച്ച് പിന്നീട് പള്ളിയിൽ നിന്നും കിട്ടുകയും ചെയ്തിരുന്നു.

കുട്ടിയുടെ വീടും പിതാവിന്റെ സഹോദരന്റെ വീടും തൊട്ട് അടുത്താണ്. കുട്ടി മിക്കപ്പോഴും അവിടെയാണ് ഉണ്ടാവാറുള്ളത്. അങ്ങനെ ഒരു ദിവസമാണ് വാച്ച് കാണാതായത്. ഇതോടെ അവനോട് ചോദിക്കട്ടെ എന്ന് പറഞ്ഞ് പിതാവിന്റെ സഹോദരൻ കുട്ടിയെ കൂട്ടിക്കൊണ്ട് പോവുകയായിരുന്നു. പക്ഷെ കുറെ കഴിഞ്ഞിട്ടും തിരിച്ച് വിട്ടില്ല. അകത്ത് കെട്ടിയിട്ട് മർദിക്കുകയായിരുന്നു.

കുട്ടിയെ തിരിച്ച് വിടാത്തത് ചോദിച്ചപ്പോൾ മോഷണത്തെ കുറിച്ച് അവൻ അടുത്ത ദിവസം പറയാമെന്നാണ് പറഞ്ഞതെന്നും അന്ന് അവിടെ താമസിക്കട്ടെ എന്നും പിതൃസഹോദരൻ പറഞ്ഞു. പക്ഷെ അന്ന് നേരിട്ടത് ക്രൂരമായ മർദനമായിരുന്നു.

അടുത്ത ദിവസവും പറഞ്ഞില്ലെങ്കിൽ ബ്ലേഡ് കൊണ്ട് മുറിക്കുമെന്നും മുറിവിൽ മുളക് പൊടി തേക്കുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തി. ഇതൊക്കെ കേട്ടതോടെ ബോധംകെട്ട് പോയ കുട്ടി എപ്പോഴോ എണീറ്റപ്പോൾ കാലിന്റെ കെട്ട് അയഞ്ഞതോടെ രക്ഷപ്പെടുകയായിരുന്നു. വീടിനോട് ചേർന്നുള്ള കവുങ്ങിലൂടെ ഊർന്നിറങ്ങിയാണ് രക്ഷപ്പെട്ടത്. പിന്നീട് പോലീസ് സ്റ്റേഷനിൽ അഭയം തേടുകയായിരുന്നു.

ഇതിനിടെ പ്രശ്‌നം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് പ്രതികൾ ശ്രമിച്ചിരുന്നു. ഇതിന്റെ ശബ്ദസന്ദേശം പുറത്തുവന്നിട്ടുണ്ട്. എല്ലാം പരിഹരിച്ചുവെന്ന് പറഞ്ഞാൽ അവന് സൈക്കിൾ വാങ്ങിക്കൊടുക്കാം. എന്ത് വേണമെങ്കിലും നൽകാമെന്നും പണം നൽകാമെന്നും സന്ദേശത്തിൽ പറയുന്നുണ്ട്. ഒത്തുതീർപ്പാക്കാൻ പ്രതികളുടെ മൂത്തമകനോട് ആവശ്യപ്പെടുന്ന സന്ദേശമാണ് പുറത്തുവന്നത്.

കാലിന്റെ വിരലിലും കയ്യിന്റെ മൂന്ന് വിരലിലും ഈർക്കിൽ കേറ്റിയിരുന്നു. ശബ്ദംപുറത്ത് കേൾക്കാതിരിക്കാൻ വായിൽ തുണി തിരുകി. അന്ന് രാത്രി കുട്ടി രക്ഷപ്പെട്ട് നേരെ പോലീസ് സ്റ്റേഷനിലേക്കാണ് പോയത്. അവിടെ നിന്ന് അവർ തിരിച്ചയച്ചതാണ്. ഇതിന് ശേഷം വീട്ടിലെത്തിയപ്പോഴാണ് സംഭവങ്ങളെല്ലാം വീട്ടിൽ അറിയുന്നത്.

കണ്ണിൽ മുളക് തേച്ചിട്ടുണ്ട്. ശരീരത്തിലൊക്കെ നല്ല പാടുകളുണ്ട്. കുട്ടി സ്റ്റേഷനിലെത്തിയപ്പോൾ പോലീസ് പിതാവിനെയാണ് വിളിക്കുന്നത്. എന്നാൽ പോലീസ് സ്റ്റേഷനിൽ കൂട്ടാൻപോയത് പിതൃസഹോദരനും ഭാര്യയും മകനുമാണ്. സ്റ്റേഷനിൽ എത്തിയ കുട്ടിയെ അവനെ മർദിച്ച ഇവരൊടൊപ്പം തന്നെയാണ് പോലീസ് പറഞ്ഞുവിട്ടതെന്നും സഹോദരൻ പറഞ്ഞിരുന്നു.