
ജപ്പാന്‍റെ ആണവമാലിന്യം ഒഴുക്കാനുള്ള അഴുക്കുചാലല്ല പസഫിക്, സമുദ്രം. പസഫിക്കിനെ സംരക്ഷിക്കുക, ഞങ്ങളെ സ്വൈര്യമായി ജീവിക്കാന്‍ അനുവദിക്കുക.
ദക്ഷിണ കൊറിയന്‍ തലസ്ഥാനമായ സോളിലെങ്ങും പ്ലക്കാര്‍ഡുകളേന്തിയ പ്രതിഷേധക്കാരെ കാണാം.. ജപ്പാനിലെ ഫുകുഷിമ ആണവനിലയത്തില്‍നിന്ന് പസഫിക് സമുദ്രത്തിലേക്ക് വെള്ളം ഒഴുക്കിവിടാനുള്ള തീരുമാനത്തിനെതിരേയാണ് ജനങ്ങളും സാമൂഹിക പ്രവര്‍ത്തകരും പ്രതിഷേധവുമായി രംഗത്തിറങ്ങിയത്. ആണവ റിയാക്ടറില്‍നിന്നുള്ള വെള്ളം കടലിലേക്കൊഴുക്കിയാല്‍ വലിയ അപകടമാവും നേരിടേണ്ടി വരികയെന്ന ആശങ്കയിലാണ് ജനങ്ങള്‍. എന്നാല്‍, വെള്ളമൊഴുക്കി വിട്ടാലും സുരക്ഷാപ്രശ്‌നങ്ങളില്ലെന്ന നിലപാടിലാണ് അധികൃതര്‍. ജപ്പാന്‍റെ നടപടിക്കെതിരേ ചൈനയും രംഗത്തെത്തിയിട്ടുണ്ട്. ആണവമാലിന്യം ഒഴുക്കാനുള്ള അഴുക്കുചാലല്ല പസഫിക് എന്നാണ് ചൈനയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പ്രതികരിച്ചത്. ചൈനയും ദക്ഷിണ കൊറിയയും ഉന്നയിക്കുന്ന ഈ ആശങ്കകളില്‍ കഴമ്പുണ്ടോ? റിയാക്ടറില്‍നിന്നുള്ള വെള്ളമൊഴുക്കുന്നത് സമുദ്രസമ്പത്തിനെ ബാധിക്കില്ലേ? എന്താണ് ജപ്പാനെ ഈ തീരുമാനത്തിലേക്കെത്തിച്ചത്.?
ഫുകുഷിമ- സുനാമി തകര്‍ത്ത ആണവനിലയം
ജപ്പാന്റെ തലസ്ഥാനമായ ടോക്യോയില്‍നിന്ന് 220 കിലോ മീറ്റര്‍ അകലെ ജപ്പാന്റെ കിഴക്കന്‍ തീരത്തുള്ള ഫുതാബ ജില്ലയിലെ ഒകുമ ടൗണിലാണ് ഫുകുഷിമ നിലയം. ടോക്യോ ഇലക്ട്രിക് പവര്‍ കമ്പനിയുടെ (ടെപ്‌കോ) മേല്‍നോട്ടത്തില്‍ 370 ഏക്കറിലായിരുന്നു പ്ലാന്റ് പ്രവര്‍ത്തിച്ചിരുന്നത്. 1982-ലാണ് പ്ലാന്റ് കമ്മീഷന്‍ ചെയ്തത്. എന്നാല്‍ 2011-ലെ സുനാമിയെ തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങള്‍ മൂലം 2019-ല്‍ ഫുകുഷിമ ആണവ പ്ലാന്റ് ഡികമ്മിഷന്‍ ചെയ്യാനുള്ള നടപടികള്‍ ആരംഭിച്ചു.
2011-ല്‍ ജപ്പാനിലുണ്ടായ ഭൂകമ്പവും സുനാമിയുമാണ് ആണവ ദുരന്തത്തിലേക്കും പ്ലാന്റിന്റെ നാശത്തിലേക്കും വഴിതെളിയിച്ചത്. ജപ്പാനില്‍ ഇതുവരെ രേഖപ്പെടുത്തപ്പെട്ടതില്‍വച്ച് ഏറ്റവും ശക്തമായ ഭൂകമ്പമായിരുന്നു അന്നുണ്ടായത്. റിക്ടര്‍ സ്‌കെയിലില്‍ 9 രേഖപ്പെടുത്തിയ ഭൂകമ്പം സര്‍വനാശം വിതച്ചു. സുനാമിയെ തുടര്‍ന്ന് ആണവ നിലയത്തില്‍ വെള്ളം കയറി. വൈദ്യുതി ലൈനുകള്‍ തകരാറിലായതോടെ വൈദ്യുതി നിലച്ചു. ഇതാണ് ആണവദുരന്തത്തിന് വഴിതെളിച്ചത്. പ്ലാന്‍റിലെ മൂന്ന് വലിയ കോറുകള്‍ ഉരുകിപ്പോയി. റിയാക്ടര്‍ തണുപ്പിക്കാന്‍ സംവിധാനം ഇല്ലാതെ വന്നു. അടിയന്തര ഘട്ടങ്ങളില്‍ റിയാക്ടര്‍ തണുപ്പിക്കാനായി എമര്‍ജന്‍സി റിയാക്ടറുകള്‍ നിലയത്തില്‍ ഉണ്ടായിരുന്നുവെങ്കിലും സുനാമിയെത്തുടര്‍ന്ന് വെള്ളം കയറി അവ തകരാറായി. റിയാക്ടര്‍ തണുപ്പിക്കുന്ന പ്രവര്‍ത്തനം താത്കാലികമായി നിലയ്ക്കുന്ന അവസ്ഥ വന്നതോടെ റിയാക്ടര്‍ കോര്‍ ഉരുകുകയും മൂന്ന് വമ്പൻ സ്‌ഫോടനങ്ങള്‍ ഉണ്ടാവുകയും ചെയ്തു. റേഡിയോ ആക്ടീവ് വസ്തുക്കള്‍ റിയാക്ടറിന് പുറത്തേക്ക് എത്തുന്ന ദുരന്തത്തിലേക്കാണ് ഇത് നയിച്ചത്.
ഏറെ അപകടം നിറഞ്ഞ ഈ ഘട്ടത്തില്‍ പ്രശ്‌നം പരിഹരിക്കാന്‍ പ്ലാന്റിലെ ജീവനക്കാര്‍ മുന്നിട്ടിറങ്ങുകയായിരുന്നു. ഇതിനിടെ ഒട്ടേറെ ജീവനക്കാര്‍ക്ക് ആണവ വികിരണമേറ്റു. ദിവസങ്ങളോളം നീണ്ട ദൗത്യത്തിന് ശേഷമാണ് റിയാക്ടര്‍ തണുപ്പിക്കാനായത്. റിയാക്ടര്‍ തണുപ്പിക്കാനായി കൂളന്റ് പമ്പ് ചെയ്യാന്‍ കഴിയാതെ വന്നതോടെ കടല്‍വെള്ളം കടത്തിവിട്ട് റിയാക്ടര്‍ തണുപ്പിക്കാന്‍ അന്നത്തെ പ്ലാന്റ് മാനേജറായിരുന്ന മസാവോ യോഷിദ തീരുമാനിച്ചിരുന്നു. എന്നാല്‍, കടല്‍വെള്ളം കയറ്റിവിട്ടാല്‍ പ്ലാന്റ് ഉപയോഗശൂന്യമാവുമെന്ന കാരണത്താല്‍ ഈ നീക്കത്തിനെതിരേ ശക്തമായ എതിര്‍പ്പുയര്‍ന്നിരുന്നു. എതിര്‍പ്പുകളെ അവഗണിച്ച് കടല്‍വെള്ളം ഉപയോഗിച്ചുതന്നെ റിയാക്ടര്‍ തണുപ്പിക്കാനുള്ള ശ്രമം അദ്ദേഹം തുടര്‍ന്നു. അന്ന് യോഷിദയുടെ തീരുമാനമാണ് മറ്റൊരു ദുരന്തത്തില്‍നിന്ന് ലോകത്തെ രക്ഷപ്പെടുത്തിയത്. 2011 മാര്‍ച്ചില്‍ ഉണ്ടായ അപകടത്തിലായ റിയാക്ടര്‍ പൂര്‍ണമായും തണുപ്പിക്കാനായത് ജൂലൈ മാസത്തില്‍ മാത്രമാണ്.
ലെവല്‍ 7 വിഭാഗത്തിലാണ് ഫുക്കുഷിമ ആണവദുരന്തത്തെ അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി (ഇന്‍റര്‍നാഷണല്‍ ന്യൂക്ലിയര്‍ ആന്‍റ് റേഡിയോളജിക്കല്‍ ഇവന്‍റ്) ഉള്‍പ്പെടുത്തിയിട്ടുള്ളത്. ചെര്‍ണോബിലിനു ശേഷം ലോകം സാക്ഷ്യം വഹിച്ച ഏറ്റവും വലിയ ആണവ ദുരന്തമാണത്. അപകടം നടന്ന ആദ്യ നാല് ദിവസം ശക്തമായ ആണവവികിരണം ഈ പ്രദേശത്തുണ്ടായി. ആണവ വികിരിണത്തിന്റെ പശ്ചാത്തലത്തില്‍ നിലയത്തിന് ചുറ്റും 20 കിലോ മീറ്റര്‍ പരിധിയില്‍ താമസിച്ചിരുന്ന 1.54 ലക്ഷം പേരെയാണ് ഒഴിപ്പിക്കേണ്ടിവന്നത്. ഒരുപക്ഷെ അന്ന് ആ ജീവനക്കാര്‍ ജീവന്‍ പണയംവെച്ച് മുന്നിട്ടിറങ്ങിയിരുന്നില്ലെങ്കില്‍ ടോക്യോ നഗരത്തിലെ മുഴുവന്‍ ജനങ്ങളെയും ഒഴിപ്പിക്കേണ്ടി വരുമായിരുന്നു എന്നാണ് പില്‍ക്കാലത്ത് വന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നത്. 1986-ല്‍ ഉണ്ടായ ചെര്‍ണോബില്‍ ആണവദുരന്തത്തിന് ശേഷം ലോകം കണ്ട ഏറ്റവും വലിയ ആണവ ദുരന്തമായിരുന്നു ഫുകുഷിമയിലേത്. ഫുകുഷിമ ദുരന്തത്തെ തുടര്‍ന്ന് ജപ്പാന്‍ ആണവപ്ലാന്റ് അടച്ചുപൂട്ടി. 2011-ലെ ഫുകുഷിമ ആണവദുരന്തത്തിനുശേഷം സുരക്ഷാ ആശങ്കയെത്തുടര്‍ന്ന് ജപ്പാനിലെ ഭൂരിഭാഗം ആണവനിലയങ്ങളും അടച്ചുപൂട്ടിയിരുന്നു. ഏറെ കാലത്തിനു ശേഷമാണ് രാജ്യത്തെ മറ്റ് ആണവ പ്ലാന്റുകള്‍ തുറന്നുപ്രവര്‍ത്തിച്ചത്.

ആണവ മാലിന്യങ്ങള്‍ നീക്കാന്‍ വേണ്ടത് 40 വര്‍ഷം
പ്ലാന്റ് ഡികമ്മിഷന്‍ ചെയ്യുന്നതിന് മുന്നോടിയായി പൂര്‍ണമായും ആണവമാലിന്യ മുക്തമാക്കേണ്ടതുണ്ട്. മാലിന്യങ്ങള്‍ പൂര്‍ണമായും നീക്കംചെയ്യാന്‍ ദശാബ്ദങ്ങള്‍ എടുക്കുമെന്നാണ് കണക്കാക്കുന്നത്. ആണവ ദുരന്തമുണ്ടായതിന് പിന്നാലെ നിലയത്തിനു ചുറ്റും അധികൃതര്‍ പ്രഖ്യാപിച്ച എക്‌സ്‌ക്ലൂഷണ്‍ സോണിന്റെ വ്യാപ്തി പിന്നീട് പലതവണ വര്‍ധിപ്പിച്ചു. 1,50,000-ത്തിലധികം പേരെയാണ് നിലയത്തിന് സമീപത്തുനിന്ന് ഒഴിപ്പിച്ചത്. വര്‍ഷങ്ങള്‍ കഴിഞ്ഞും എക്‌സ്‌ക്ലൂഷന്‍ സോണ്‍ അതേപടി നിലനിന്നു. ഒഴിപ്പിക്കപ്പെട്ട കുടുംബങ്ങളില്‍ പലതും പിന്നീട് നിലയത്തിന് സമീപത്തുള്ള പ്രദേശങ്ങളിലേക്ക് തിരിച്ചെത്തിയില്ല.
ആണവദുരന്തം ദീര്‍ഘകാലം നീണ്ടുനില്‍ക്കുന്ന ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുമോ എന്നകാര്യത്തില്‍ വിദഗ്ധര്‍ക്കിടയില്‍ ഭിന്നാഭിപ്രായമുണ്ട്. ആണവ ദുരന്തത്തെത്തുടര്‍ന്ന് പ്രദേശത്തെ കാന്‍സര്‍ ബാധിതരുടെ എണ്ണം വര്‍ധിക്കുന്നതായി കണ്ടെത്തിയിട്ടില്ലെന്നാണ് ലോകാരോഗ്യ സംഘടന അവകാശപ്പെടുന്നത്. ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് സാധ്യതയില്ലെന്നാണ് ജപ്പാനിലെയും വിദേശത്തെയും ശാസ്ത്രജ്ഞര്‍ പറയുന്നത്. എന്നാല്‍, എക്‌സ്‌ക്ലൂഷന്‍ സോണില്‍നിന്ന് ഒഴിപ്പിച്ച കുടുംബങ്ങളില്‍ പലരും അധികൃതര്‍ പ്രദേശത്തെ നിയന്ത്രണങ്ങള്‍ നീക്കിയശേഷവും അവിടേക്ക് തിരിച്ചുവരാന്‍ തയ്യാറായിട്ടില്ല. നിലയത്തിലെ ജീവനക്കാരില്‍ ഒരാള്‍ ആണവവികിരണം ഏറ്റതിനെത്തുടര്‍ന്ന് മരിച്ചുവെന്നും അദ്ദേഹത്തിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കുമെന്നും 2018-ല്‍ ജപ്പാന്‍ സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.

വെള്ളം തുറന്നുവിടാന്‍ തീരുമാനം
സുനാമിയില്‍ തകര്‍ന്ന ഫുകുഷിമ ആണവ നിലയത്തില്‍ പ്ലാന്‍റ് തണുപ്പിക്കാനും മറ്റുമായി ഉപയോഗിച്ച വെള്ളം വമ്പന്‍ ടാങ്കുകളിലായി ശുദ്ധീകരിച്ച് സംഭരിച്ചിരിക്കുകയാണ്. പ്ലാന്റില്‍ സ്ഥാപിച്ചിരിക്കുന്ന ആയിരത്തിലേറെ ടാങ്കുകളിലായി 13 ലക്ഷം ടണ്‍ റോഡിയോ ആക്ടീവ് വെള്ളമാണ് ശുദ്ധീകരിച്ച് സംഭരിച്ചിരിക്കുന്നത്. ഒളിമ്പിക്‌സ് മത്സരങ്ങള്‍ക്ക് ഉപയോഗിക്കുന്ന വലിപ്പത്തിലുള്ള 500 സ്വിമ്മിങ്ങ് പൂളുകളിലേക്ക് ആവശ്യത്തിനുള്ളത്രയും വെള്ളം എന്നാണ് ഈ അളവിനെ വിശേഷിപ്പിച്ചിരിക്കുന്നത്. ഇത് ശുദ്ധീകരിച്ച് നേര്‍പ്പിച്ച് കടലിനടിയിലൂടെയുള്ള കുഴലുകളിലൂടെ പസഫിക് സമുദ്രത്തിലേക്ക് തുറന്നുവിടാനാണ് പദ്ധതി. കൂടുതല്‍ ടാങ്കുകള്‍ സ്ഥാപിക്കാന്‍ കഴിയില്ലെന്നും വെള്ളം സംഭരിക്കാനുള്ള സൗകര്യം പ്ലാന്റില്‍ നിലവില്‍ ഇല്ലെന്നാണ് ടെപ്‌കോ പറയുന്നത്. പ്ലാന്റ് ഡികമ്മീഷന്‍ ചെയ്യാനുള്ള നടപടികളുടെ ഭാഗമായി സംഭരിച്ചിരിക്കുന്ന വെള്ളം മാറ്റേണ്ടതുണ്ട്. പ്ലാന്റ് അണുവിമുക്തമാക്കുന്നതും പ്ലാന്റ് പൂര്‍ണമായും അടച്ചുപൂട്ടി കെട്ടിടം പൊളിച്ചുമാറ്റുന്നതും ഡികമ്മീഷന്‍ നടപടികളുടെ ഭാഗമാണെന്നും ടെപ്‌കോ വ്യക്തമാക്കി.
റേഡിയോ ആക്ടീവ് വെള്ളം കടലിലേക്ക് ഒഴുക്കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പേ തന്നെ ആരംഭിച്ചിരുന്നു. പ്ലാന്റില്‍ നിന്നുള്ള വെള്ളം പസഫിക് സമുദ്രത്തിലേക്ക് ഒഴുക്കാന്‍ തീരുമാനിച്ചത് 2021 ഏപ്രിലിലാണ്. തുടര്‍ന്ന് തീരുമാനം പരിശോധിക്കാനും അവലോകനം ചെയ്യാനും ജപ്പാന്‍ ഐ.എ.ഇ.എയോട് ആവശ്യപ്പെടുകയായിരുന്നു. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ അഞ്ച് അവലോകനങ്ങളാണ് നടത്തിയത്. വെള്ളമൊഴുക്കാനുള്ള ആസൂത്രണം, പ്രക്രിയ, അവലോകനം, സാംപ്ലിങ് തുടങ്ങി വിവിധഘട്ടങ്ങളിലുളള പഠനമാണ് ഐ.എ.ഇ.എ. നടത്തിയത്. തുടര്‍ന്ന് വെള്ളമൊഴുക്കല്‍ സംബന്ധിച്ച റിപ്പോര്‍ട്ട് ജപ്പാന് കൈമാറി. പതിനൊന്ന് രാജ്യങ്ങളില്‍നിന്നുള്ള അംഗീകൃത അന്താരാഷ്ട്ര ആണവ സുരക്ഷാ വിദഗ്ധര്‍ അടങ്ങുന്ന ടാസ്‌ക് ഫോഴ്‌സിന്റെ രണ്ട് വര്‍ഷത്തെ ഗവേഷണത്തിന്റെ ഫലമാണ് ഈ റിപ്പോര്‍ട്ട്.
ഒഴുക്കുന്നത് ആണവമാലിന്യം കലര്‍ന്ന വെള്ളമോ? അപകടമെന്ത്?
പ്ലാന്റില്‍ സംഭരിച്ചിരിക്കുന്ന വെള്ളത്തില്‍ സ്വാഭാവികമായും ആണവമാലിന്യങ്ങള്‍ കലര്‍ന്നിട്ടുണ്ടാവും. എന്നാല്‍, മാലിന്യം കലര്‍ന്ന വെള്ളം നേരിട്ട് ഒഴുക്കിക്കളയുകയല്ല ചെയ്യുന്നത്. പകരം അവ വിവിധ പ്രക്രിയകളിലൂടെ ഭാഗികമായി ശുദ്ധീകരിക്കപ്പെടുന്നുണ്ട്. ഈ വെള്ളത്തില്‍നിന്ന് ട്രിടിയം ഒഴികെ അപകടകരമായ എല്ലാ ഐസോടോപ്പുകളും നീക്കം ചെയ്യും. വെള്ളത്തില്‍നിന്ന് വേര്‍തിരിച്ചെടുക്കാന്‍ വളരെ ബുദ്ധിമുട്ടുള്ള ഹൈഡ്രജന്‍ ഐസോടോപ്പാണ് റേഡിയോ ആക്ടീവ് ട്രിടിയം, ഇത് വേര്‍തിരിക്കാനുള്ള സാങ്കേതികത ഇന്ന് നിലവിലില്ല. അതിനാല്‍ ഈ വെള്ളം നേര്‍പ്പിച്ച് ട്രിടിയത്തിന്റെ അളവ് സുരക്ഷാ നിര്‍ദേശങ്ങള്‍ക്കനുസൃതമായി നിയന്ത്രണവിധേയമാക്കിയതിന് ശേഷം വര്‍ഷങ്ങളെടുത്താവും കടലിലേക്കൊഴുക്കുകയെന്ന് ടെപ്‌കോയും ജപ്പാന്‍ സര്‍ക്കാരും വ്യക്തമാക്കിയിട്ടുണ്ട്. പ്രകൃതിയില്‍, മഴയിലും കടലിലും വെള്ളത്തിലും മനുഷ്യശരീരത്തില്‍ പോലും ട്രിടിയത്തിന്റെ സാന്നിധ്യമുണ്ടെന്നും അതിനാല്‍ ഇത് അടങ്ങിയ വെള്ളം ഒഴുക്കിക്കളയുന്നത് ആശങ്കയുണര്‍ത്തുന്ന കാര്യമല്ല, ലോകത്തിന്റെ പലഭാഗത്തുള്ള ആണവ പ്ലാന്റുകളില്‍ നിന്നും ട്രിടിയം കലര്‍ന്ന വെള്ളം കടലിലേക്ക് ഒഴുക്കുന്ന രീതി പിന്തുടര്‍ന്നുപോവുന്നുണ്ട്. ഇത് പൂര്‍ത്തിയാവാന്‍ പതിറ്റാണ്ടുകള്‍ വേണ്ടിവരുമെന്നും ടെപ്‌കോ പറയുന്നു.
ജപ്പാന്‍ പ്രതിവര്‍ഷം പുറത്തുകളയുന്നത് അയല്‍രാജ്യങ്ങളേക്കാള്‍ കുറവ് ട്രിടിയം ആണെന്നാണ് ജപ്പാന്‍ വ്യവസായ വകുപ്പ് മന്ത്രി ഴാങ്ജിയാങ് പ്രതികരിച്ചത്. ചൈന പ്രതിവര്‍ഷം 112 ടണ്‍ ബെക്വെറെല്‍സ് ട്രിടിയമാണ് പുറത്തേക്കൊഴുക്കുന്നത്, ദക്ഷിണ കൊറിയ 49 ടണ്‍ ആണ്. എന്നാല്‍, ജപ്പാന്‍ പുറത്തേക്കൊഴുക്കാന്‍ ഉദ്ദേശിക്കുന്നത് 22 ടണ്‍ ബെക്വെറെല്‍സ് ട്രിടിയം മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, ഈ വിഷയത്തില്‍ വിദഗ്ധര്‍ ഭിന്നാഭിപ്രായമാണ് പറയുന്നത്. ട്രിടിയത്തെ വിനാശകാരിയല്ലാത്ത ഘടകം എന്നാണ് പൊതുവേ വിലയിരുത്തുന്നത്. കാരണം മനുഷ്യന്റെ ചര്‍മത്തിലേക്ക് ആഴ്ന്നിറങ്ങാനുള്ള കഴിവ് ഈ ഐസോടോപ്പുകളില്‍ ഇല്ല. ഏതെങ്കിലും തരത്തില്‍ ഇവ ശരീരത്തിനകത്തെത്തിയാല്‍ അത് അര്‍ബുദമുള്‍പ്പെടെയുള്ള ഗുരുതര രോഗങ്ങള്‍ക്ക് കാരണമായേക്കാമെന്നാണ് കനേഡിയന്‍ ന്യൂക്ലിയര്‍ സേഫ്റ്റി കമ്മീഷന്‍ പറയുന്നത്. ആണവവികിരണത്തോടുള്ള ഏത് തോതിലുമുള്ള സമ്പര്‍ക്കം അപകടസാധ്യത തന്നെയാണെന്നാണ് യു.എസ്. ന്യൂക്ലിയര്‍ റെഗുലേറ്ററി കമ്മീഷന്‍ അഭിപ്രായപ്പെടുന്നത്. അതേസമയം, എല്ലാ മനുഷ്യരും ഏതെങ്കിലും തരത്തിലുള്ള ട്രിടിയം സാന്നിധ്യവുമായി നിത്യവും സമ്പര്‍ക്കത്തിലേര്‍പ്പെടുന്നുണ്ടെന്നും കമ്മീഷന്‍ കൂട്ടിച്ചേര്‍ത്തു.
പസഫിക് സമുദ്രത്തിലേക്കുള്ള വെള്ളമൊഴുക്കലിനെ അപകടകരമായ നിര്‍ദേശം എന്നാണ് ഹവായ് സര്‍വ്വകലാശാലയിലെ മറൈന്‍ ലബോറട്ടറിയുടെ ഡയറക്ടര്‍ റോബര്‍ട്ട് എച്ച്.റിച്ച്മണ്ട് വിശേഷിപ്പിച്ചത്. പസഫിക് ഐലന്‍ഡ് ഫോറവുമായി ചേര്‍ന്ന് വെള്ളമൊഴുക്കലിനെ വിലയിരുത്തുന്ന അന്താരാഷ്ട്ര ശാസ്ത്രജ്ഞരുടെ സംഘത്തിലൊരാളാണ് റിച്ച്മണ്ട്.
ആണവ മലിനജലം നേര്‍പ്പിക്കുന്നത് സമുദ്രജീവികള്‍ക്ക് മേലുള്ള ആഘാതം കുറയ്ക്കാന്‍ മതിയാകില്ല. ട്രിട്രിയം പോലെയുള്ള മലിനീകരണ ഘടകങ്ങള്‍ക്ക് ഭക്ഷ്യശൃംഖലയുടെ വിവിധ തലങ്ങളിലൂടെ കടന്നുപോകാന്‍ കഴിയും. അത് സമുദ്ര ആവാസവ്യവസ്ഥയില്‍ കാലങ്ങളോളം നിലനില്‍ക്കുമെന്നും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. ലോകത്തിലെ സമുദ്രങ്ങള്‍ ഇതിനകംതന്നെ കാലാവസ്ഥാ വ്യതിയാനം, അമ്ലവത്കരണം, അമിത മത്സ്യബന്ധനം, മലിനീകരണം തുടങ്ങിയ കാരണങ്ങള്‍ കൊണ്ട് സമ്മര്‍ദത്തിലാണ്. അതിനാല്‍ ആണവ ജലമൊഴുക്കാന്‍ ബദല്‍ മാര്‍ഗങ്ങള്‍ തേടേണ്ടതുണ്ട്. ആ അപകട സാധ്യത ഏഷ്യ-പസഫിക് മേഖലയില്‍ മാത്രമല്ല നിലനില്‍ക്കുന്നത്. ബ്ലുഫിന്‍ ട്യൂണ എന്ന മത്സ്യവിഭാഗത്തിലൂടെ റേഡിയോ ന്യൂക്ലിഡുകള്‍ (ആണവ മാലിനജലത്തിലുള്ളതിന് സമാനമായ റേഡിയോ ആക്ടീവ് ഐസോടോപ്പുകള്‍) കാലിഫോര്‍ണിയന്‍ സമുദ്രമേഖലയില്‍ എത്തിയതായി 2012-ല്‍ പുറത്തുവന്ന പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ആശങ്ക വേണ്ട, വെള്ളമൊഴുക്കല്‍ സുരക്ഷിതമെന്ന് അന്താരാഷ്ട്ര ഏജന്‍സി
അന്താരാഷ്ട്ര സുരക്ഷാ മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി ആണവ പ്ലാന്റില്‍ നിന്നുള്ള ശുദ്ധീകരിച്ച വെള്ളം പുറത്തേക്കൊഴുക്കുന്നത് സുരക്ഷിതമാണെന്നാണ് ഇന്റര്‍നാഷണല്‍ അറ്റോമിക് എനര്‍ജി ഏജന്‍സി പറയുന്നത്. പ്ലാന്റില്‍നിന്നുള്ള ശുദ്ധീകരിച്ച ജലത്തിന്റെ പുറന്തള്ളല്‍ ആളുകള്‍ക്കും പരിസ്ഥിതിക്കും വളരെ നിസാരമായ തോതിലുള്ള റേഡിയോളജിക്കല്‍ ആഘാതം മാത്രമേ ഉണ്ടാക്കുകയുള്ളൂവെന്നും അത് തീര്‍ത്തും ആശങ്കപ്പെടേണ്ടതല്ലെന്നും ഐ.എ.ഇ.എ. ഡയറക്ടര്‍ ജനറല്‍ റാഫേല്‍ മരിയാനോ ഗ്രോസി തങ്ങളുടെ ഔദ്യോഗിക റിപ്പോര്‍ട്ടില്‍ പറഞ്ഞു.
പ്ലാന്റില്‍ സംഭരിച്ചിരിക്കുന്ന ജലം അഡ്വാന്‍സ് ലിക്വിഡ് പ്രോസസിങ് സിസ്റ്റം ഉപയോഗിച്ചാണ് ശുദ്ധീകരിക്കുന്നത്. ഈ പ്രക്രിയയിലൂടെ ട്രിടിയം ഒഴികെ റിയാക്ടര്‍ ജലത്തിലുള്ള ഭൂരിഭാഗം റേഡിയോ ആക്ടീവ് ഘടകങ്ങളും ഒഴിവാക്കപ്പെടും. ഇതുകൂടാതെ ജലം നേര്‍പ്പിക്കുകയും ചെയ്യുമെന്ന് ഐ.എ.ഇ.എ. പ്രസിദ്ധീകരിച്ച ഔദ്യോഗിക റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.

ആശങ്ക, പിന്തുണ, പ്രതിഷേധം
ജപ്പാന്റെ നടപടി സുതാര്യമാണെന്നാണ് അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ടുമെന്റ് പ്രതികരിച്ചത്. ജപ്പാന്‍ സ്വീകരിക്കുന്നത് ആഗോള വ്യാപകമായ രീതിയാണെന്നും ഡിപ്പാര്‍ട്ട്‌മെന്റ് പ്രതികരിച്ചു. ജപ്പാന്റെ നടപടിയില്‍ ആശങ്കയില്ലെന്ന് തായ്‌വാനും പ്രതികരിച്ചു. എന്നാല്‍, ആണവ പ്ലാന്റില്‍ നിന്നുള്ള വെള്ളം പസഫിക് സമുദ്രത്തിലേക്ക് ഒഴുക്കാനുള്ള തീരുമാനം പുറത്തുവന്നതിന് പിന്നാലെ ജപ്പാന്റെ തീരപ്രദേശത്ത് താമസിക്കുന്നവരും കടല്‍ അനുബന്ധ തൊഴിലിലേര്‍പ്പെട്ടവരും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. വെള്ളം തുറന്നുവിടാനുള്ള ചര്‍ച്ചകള്‍ നേരത്തെ ഉയര്‍ന്നപ്പോള്‍ തന്നെ അതിനെതിരേ ഫുകുഷിമയിലെ മത്സ്യത്തൊഴിലാളി യൂണിയനുകള്‍ സര്‍ക്കാരിനെ സമീപിച്ചിരുന്നു. ജപ്പാനിലെ തകര്‍ന്ന മത്സ്യബന്ധനമേഖലയെ കരയറ്റാനുള്ള ശ്രമത്തിലാണ് തങ്ങളുള്ളതെന്നും ആണവ പ്ലാന്റിലെ വെള്ളം ഒഴുക്കുന്നതിലൂടെ ഈ ശ്രമങ്ങളെ ഇല്ലാതാക്കരുതെന്ന് യൂണിയന്‍ ആവശ്യപ്പെട്ടു.
വെള്ളമൊഴുക്കാനുള്ള ജപ്പാന്റെ തീരുമാനത്തില്‍ അയല്‍രാജ്യങ്ങളും ആശങ്ക പ്രകടിപ്പിച്ചു. ജപ്പാന്റെ പദ്ധതി നിരുത്തരവാദപരവും ജനവിരുദ്ധവും ഏകപക്ഷീയവുമാണെന്നാണ് ചൈന അഭിപ്രായപ്പെട്ടത്. മലിനജലം ഒഴുക്കുന്നത് സമുദ്രത്തിലെ പരിസ്ഥിതിക്കും മനുഷ്യന്റെ ആരോഗ്യത്തിനും പ്രവചനാതീതമായ ദോഷം വരുത്തും. പസഫിക് സമുദ്രം ജപ്പാന്റെ ആണവ മലിനജലം പുറന്തള്ളുന്നതിനുള്ള അഴുക്കുചാലല്ലെന്ന് ചൈനീസ് നയതന്ത്ര ഉദ്യോഗസ്ഥന്‍ പ്രതികരിച്ചു. ജപ്പാനിലെ പത്ത് പ്രവിശ്യകളില്‍ നിന്ന് ഭക്ഷ്യസാധനങ്ങള്‍ ഇറക്കുമതി ചെയ്യുന്നത് നിരോധിക്കുമെന്നും മറ്റ് മേഖലകളില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന സാധനങ്ങളില്‍ റേഡിയേഷന്‍ പരിശോധന നടത്തുമെന്നും ചൈനീസ് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.
പസഫിക് ഐലന്‍ഡ്സ് ഫോറത്തിന്റെ സെക്രട്ടറി ജനറലും ജപ്പാന്റെ നടപടിയില്‍ ഗുരുതരമായ ആശങ്കകള്‍ പ്രകടിപ്പിച്ചുകൊണ്ട് ലേഖനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. കുട്ടികളുടേയും പേരക്കുട്ടികളുടേയും ഭാവി സുരക്ഷിതമാണെന്ന് ഉറപ്പാക്കാനുള്ള ഉത്തരവാദിത്തം തങ്ങള്‍ക്കുണ്ടെന്ന് സെക്രട്ടറി ജനറല്‍ പറഞ്ഞു.
ദക്ഷിണ കൊറിയന്‍ പ്രധാനമന്ത്രി ഹാന്‍ ഡക്ക് സൂ വെള്ളമൊഴുക്കാനുള്ള പദ്ധതിയെ അനുകൂലിച്ചാണ് രംഗത്തെത്തിയത്. അന്താരാഷ്ട്ര മാനദണ്ഡം പിന്തുടരുന്ന രീതിയില്‍ മലിനജലം ശുദ്ധീകരിച്ച് പുറത്തുവിട്ടാല്‍ താന്‍ അത് കുടിക്കാമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. എന്നാല്‍ ഈ പ്രസ്താവനയ്‌ക്കെതിരേ രാജ്യത്ത പ്രതിപക്ഷ പാര്‍ട്ടിയും രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍ അന്താരാഷ്ട്ര മാനദണ്ഡങ്ങളെല്ലാം പിന്തുടരുന്നതിനാല്‍ പദ്ധതിയുമായി മുന്നോട്ടുപോവാനാണ് ജപ്പാന്‍റെ തീരുമാനം.
Content Highlights: As Japan prepares to release Fukushima wastewater, anxiety grows across china and South Korea
Published: 09 Jul 2023, 11:09 am IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented