ടോക്കിയോ: റഷ്യയിലുണ്ടായ ഭൂകമ്പത്തിന്‍റെയും സുനാമി മുന്നറിയിപ്പിന്‍റെയും പശ്ചാത്തലത്തിൽ ജപ്പാനിലെ ഫുക്കുഷിമ ആണവനിലയത്തിലെ ജീവനക്കാരെ ഒഴിപ്പിച്ചു. മുഴുവന്‍ ജീവനക്കാരെയും പ്രദേശത്തുനിന്ന് ഒഴിപ്പിച്ചതായും ഇതുവരെ അസ്വാഭാവികമായി ഒന്നും സംഭവിച്ചിട്ടില്ലെന്നും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചതായി വാര്‍ത്താ ഏജന്‍സിയായ എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു.

To advertise here,

2011-ല്‍ ജപ്പാനിലുണ്ടായ ഭൂകമ്പവും സുനാമി ഫുക്കുഷി ഡൈച്ചി ന്യുക്ലിയര്‍ പവര്‍ പ്ലാന്റിന്റെ നാശത്തിന് കാരണമായിരുന്നു. റിക്ടര്‍ സ്‌കെയിലില്‍ ഒന്‍പത് രേഖപ്പെടുത്തിയ ഭൂകമ്പമാണ് അന്നുണ്ടായത്. 1986-ലുണ്ടായ ചെര്‍ണോബില്‍ ആണവ ദുരന്തത്തിന് ശേഷം ലോകംകണ്ട ഏറ്റവുംവലിയ ആണവ ദുരന്തമായിരുന്നു ഫുകുഷിമയിലേത്. ആണവനിലയം ഡീകമ്മീഷന്‍ ചെയ്യാനുള്ള നടപടികള്‍ ആരംഭിച്ചെങ്കിലും ഇതിന് വര്‍ഷങ്ങള്‍ വേണ്ടിവന്നേക്കുമെന്നാണ് സൂചന.

ബുധനാഴ്ചയുണ്ടായ അതിശക്തമായ ഭൂചലനത്തെത്തുടര്‍ന്ന് റഷ്യന്‍ തീരങ്ങളില്‍ സുനാമിത്തിരകള്‍ ആഞ്ഞടിച്ചതായാണ് വിവരം. റിക്ടര്‍ സ്‌കെയിലില്‍ 8.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് റഷ്യയിലുണ്ടായത്. റഷ്യയിലെ കംചട്ക ഉപദ്വീപിലാണ് ഭൂകമ്പമുണ്ടായത്. പസഫിക് സമുദ്രത്തിലെ പെട്രോപാവ്‌ലോവ്‌സ്-കാംചാറ്റ്‌സ്‌കി നഗരത്തിന് തെക്കുകിഴക്കായി 126 കിലോമീറ്റര്‍ അകലത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. ഭൂചലനത്തിന്റെ തീവ്രതയില്‍ ജപ്പാനിലും സുനാമിത്തിരകള്‍ ആഞ്ഞടിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.