'മനുഷ്യരാശിക്കുമേല്‍ ജപ്പാന്‍ വരുത്തുന്ന ഈ മുറിവ് നിരവധി തലമുറകളെ ആഴത്തില്‍ ബാധിക്കും.. അഴുക്കുചാലല്ല ശാന്തസമുദ്രം.. '

അയല്‍രാജ്യങ്ങളുടെ ആവര്‍ത്തിച്ചുള്ള മുന്നറിയിപ്പുകള്‍ അവഗണിച്ച് ജപ്പാന്‍ ഫുക്കുഷിമ ആണവനിലയത്തില്‍ നിന്നുള്ള ജലം സമുദ്രത്തിലേക്ക് ഒഴുക്കിവിടാന്‍ ആരംഭിച്ചതിനോട് ചൈനയുടെ ആദ്യപ്രതികരണം ഇങ്ങനെയായിരുന്നു. യാതൊരു ദോഷഫലങ്ങളുമില്ലാത്ത, ശുദ്ധീകരിച്ച വെള്ളമാണ് പുറന്തള്ളുന്നതെന്ന വാദമാണ് ജപ്പാന്‍ നിരന്തരം ഉന്നയിക്കുന്നതെങ്കിലും ജപ്പാനില്‍ നിന്നുള്ള സമുദ്രോത്പന്നങ്ങളുടെ ഇറക്കുമതിക്ക് നിരോധനം ഏര്‍പ്പെടുത്തിക്കൊണ്ടാണ് ചൈന മറുപടി നല്‍കിയത്. ദക്ഷിണ കൊറിയയും ജപ്പാന്റെ നടപടിയില്‍ അതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍,  ചൈനയുടെ ഉപരോധത്തിന് പിന്നാലെ ജപ്പാന്റെ സമുദ്രോത്പന്ന മേഖല തകര്‍ന്നടിഞ്ഞു. കയറ്റുമതിയില്‍ ഗണ്യമായ ഇടിവ് രേഖപ്പെടുത്തിയതായാണ് കണക്കുകള്‍. ചൈനയുടെ ഉപരോധമുണ്ടാക്കിയ ക്ഷീണത്തെ മറികടക്കാന്‍ പുതിയ വഴികള്‍ തേടുകയാണ് ജപ്പാന്‍. ഒപ്പം ആണവമാലിന്യം കലര്‍ന്ന ജലം സമുദ്രത്തില്‍ കലരുന്നുവെന്ന പ്രചാരണങ്ങളെ പ്രതിരോധിക്കാനും അവര്‍ ഏറെ പാടുപെടുന്നുണ്ട്. എന്താണ് ഫുക്കുഷിമയില്‍ സംഭവിക്കുന്നത്? ആണവമാലിന്യം കലര്‍ന്ന ജലം സമുദ്രത്തില്‍ ഒഴുക്കുന്നതില്‍ ആശങ്ക ഉയര്‍ത്തേണ്ടതില്ലേ? എന്താണ് ജപ്പാന്‍ വിശദീകരിക്കുന്നത്? അയല്‍രാജ്യങ്ങള്‍ പ്രതികരിക്കുന്നതെന്ത്? 

To advertise here,

സുനാമിയില്‍ തകര്‍ന്ന ആണവനിലയം

ജപ്പാന്റെ തലസ്ഥാനമായ ടോക്യോയില്‍നിന്ന് 220 കിലോ മീറ്റര്‍ അകലെ ജപ്പാന്റെ കിഴക്കന്‍ തീരത്തുള്ള ഫുതാബ ജില്ലയിലെ ഒകുമയിലാണ് ഫുകുഷിമ ആണവനിലയം. ടോക്യോ ഇലക്ട്രിക് പവര്‍ കമ്പനിയുടെ (ടെപ്കോ) മേല്‍നോട്ടത്തില്‍ 370 ഏക്കറിലായിരുന്നു പ്ലാന്റ് പ്രവര്‍ത്തിച്ചിരുന്നത്. 1982-ലാണ് പ്ലാന്റ് കമ്മീഷന്‍ ചെയ്തത്. 2011-ല്‍ ജപ്പാനിലുണ്ടായ ഭൂകമ്പവും സുനാമിയുമാണ് ആണവ ദുരന്തത്തിലേക്കും പ്ലാന്റിന്റെ നാശത്തിലേക്കും വഴിതെളിയിച്ചത്. ജപ്പാനില്‍ ഇതുവരെ രേഖപ്പെടുത്തിയതില്‍വച്ച് ഏറ്റവും ശക്തമായ ഭൂകമ്പമായിരുന്നു അന്നുണ്ടായത്. റിക്ടര്‍ സ്‌കെയിലില്‍ 9 രേഖപ്പെടുത്തിയ ഭൂകമ്പം സര്‍വനാശം വിതച്ചു.

സുനാമിയെ തുടര്‍ന്ന് ആണവ നിലയത്തില്‍ വെള്ളം കയറി. വൈദ്യുതി ലൈനുകള്‍ തകരാറിലായതോടെ വൈദ്യുതി നിലച്ചു. പ്ലാന്റിലെ മൂന്ന് വലിയ കോറുകള്‍ ഉരുകിപ്പോയി. റിയാക്ടര്‍ അപകടകരമാംവിധത്തില്‍ ചൂടാവാനാരംഭിച്ചു. മൂന്ന് സ്‌ഫോടനങ്ങളുമുണ്ടായി. എന്നാല്‍ വൈദ്യുതിയില്ലാത്തതിനാല്‍ റിയാക്ടര്‍ തണുപ്പിക്കാന്‍ സംവിധാനമില്ലായിരുന്നു. അടിയന്തര ഘട്ടങ്ങളില്‍ ഉപയോഗിക്കാന്‍ എമര്‍ജന്‍സി റിയാക്ടറുകള്‍ നിലയത്തില്‍ ഉണ്ടായിരുന്നുവെങ്കിലും സുനാമിയെത്തുടര്‍ന്ന് വെള്ളം കയറിയതിനാല്‍ അവ തകരാറായി. റിയാക്ടര്‍ തണുപ്പിക്കാനായി കൂളന്റ് പമ്പ് ചെയ്യാന്‍ കഴിയാതെ വന്നതോടെ കടല്‍വെള്ളം ഉള്ളിലേക്ക് കടത്തിവിട്ട്‌ റിയാക്ടര്‍ തണുപ്പിച്ച് താല്‍ക്കാലികമായി പ്രശ്‌നം പരിഹരിച്ചു. ഏതാണ്ട് അഞ്ച് മാസമെടുത്താണ് റിയാക്ടര്‍ പൂര്‍ണമായും തണുപ്പിച്ച് നിയന്ത്രണവിധേയമാക്കിയത്. പക്ഷെ, കടല്‍വെള്ളം കടത്തിവിട്ടതിനാല്‍ പ്ലാന്റ് പിന്നീട് ഉപയോഗശൂന്യമായി. അകത്തേക്ക് കടത്തിവിട്ട ജലത്തില്‍ ആണവമാലിന്യം കലരുകയും ചെയ്തു. 

റിയാക്ടര്‍ തണുപ്പിക്കാനുള്ള ശ്രമത്തിനിടെ പ്ലാന്റിലെ നിരവധി ജീവനക്കാര്‍ക്ക് മാരകമായി ആണവവികിരണമേറ്റിരുന്നു. ലെവല്‍ 7 വിഭാഗത്തിലാണ് ഫുക്കുഷിമ ആണവദുരന്തത്തെ അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി (ഇന്റര്‍നാഷണല്‍ ന്യൂക്ലിയര്‍ ആന്റ് റേഡിയോളജിക്കല്‍ ഇവന്റ്) ഉള്‍പ്പെടുത്തിയിട്ടുള്ളത്. 1986-ല്‍ ഉണ്ടായ ചെര്‍ണോബില്‍ ആണവ ദുരന്തത്തിന് ശേഷം ലോകം കണ്ട ഏറ്റവും വലിയ ആണവ ദുരന്തമായിരുന്നു ഫുകുഷിമയിലേത്. അപകടം നടന്ന ആദ്യ നാല് ദിവസം ശക്തമായ ആണവവികിരണം ഈ പ്രദേശത്തുണ്ടായി. ആണവ വികിരണത്തിന്റെ പശ്ചാത്തലത്തില്‍ നിലയത്തിന് ചുറ്റും 20 കിലോ മീറ്റര്‍ പരിധിയില്‍ താമസിച്ചിരുന്ന 1.54 ലക്ഷം പേരെയാണ് ഒഴിപ്പിക്കേണ്ടിവന്നത്. ഫുകുഷിമ ദുരന്തത്തെ തുടര്‍ന്ന് ജപ്പാന്‍ ആണവപ്ലാന്റ് അടച്ചുപൂട്ടി. 2011-ലെ ഫുകുഷിമ ആണവദുരന്തത്തിനു ശേഷം സുരക്ഷാ ആശങ്കയെത്തുടര്‍ന്ന് ജപ്പാനിലെ ഭൂരിഭാഗം ആണവനിലയങ്ങളും അടച്ചുപൂട്ടിയിരുന്നു. ഏറെ കാലത്തിനു ശേഷമാണ് രാജ്യത്തെ മറ്റ് ആണവ പ്ലാന്റുകള്‍ തുറന്നുപ്രവര്‍ത്തിച്ചത്. 

placeholder
ആണവമാലിന്യം കലര്‍ന്ന ജലം സംഭരിച്ചിരിക്കുന്ന ടാങ്കുകള്‍ | Photo: AFP

സംഭരിച്ചത് 13 ലക്ഷം ടണ്‍ റോഡിയോ ആക്ടീവ് ജലം

പ്ലാന്റിലേക്ക് കടത്തിവിട്ട വെള്ളത്തില്‍ ആണവ മാലിന്യം കലര്‍ന്നതിനാല്‍ ഇത് പിന്നീട് തിരിച്ച് സമുദ്രത്തിലേക്ക് തുറന്നുവിടാന്‍ പറ്റില്ല. അതിനാല്‍ കാലങ്ങളായി ഈ ജലം ഫുക്കുഷിമ ആണവ പ്ലാന്റിന് സമീപത്ത് ആയിരത്തിലേറെ കൂറ്റന്‍ ടാങ്കുകളിലാക്കി സൂക്ഷിച്ചിരിക്കുകയാണ്. 13 ലക്ഷം ടണ്‍ റേഡിയോ ആക്ടീവ് വെള്ളമാണ് ഈ ടാങ്കുകളിലായുള്ളത്. ഒളിമ്പിക്സ് മത്സരങ്ങള്‍ക്ക് ഉപയോഗിക്കുന്ന വലിപ്പത്തിലുള്ള 500 സ്വിമ്മിങ് പൂളുകളിലേക്ക് ആവശ്യത്തിനുള്ളത്രയും വെള്ളം എന്നാണ് ഈ അളവിനെ വിശേഷിപ്പിച്ചിരിക്കുന്നത്. 1.37 മില്ല്യണ്‍ ടണ്‍ കപ്പാസിറ്റിയുള്ള ടാങ്കിന്റെ 98 ശതമാനവും ഉപയോഗിച്ചു കഴിഞ്ഞു. വെള്ളം ശേഖരിക്കാന്‍ നിലവിലുള്ളതിനേക്കാള്‍ കൂടുതല്‍ ടാങ്കുകള്‍ സ്ഥാപിക്കാന്‍ കഴിയില്ലെന്നാണ് ടെപ്‌കോ കമ്പനി പറയുന്നത്. മാലിന്യമൊഴിവാക്കി പ്ലാന്റ് ഡീകമ്മീഷന്‍ ചെയ്യേണ്ടതിനാല്‍ വെള്ളം ശുദ്ധീകരിച്ച് നേര്‍പ്പിച്ച് സമുദ്രത്തിലേക്ക് ഒഴുക്കാനാണ് തീരുമാനം. വെള്ളം പൂര്‍ണമായും ഒഴുക്കിക്കളഞ്ഞാല്‍ മാത്രമേ പ്ലാന്റ് ഡീകമ്മീഷന്‍ ചെയ്യാനുള്ള നടപടികള്‍ ആരംഭിക്കാന്‍ സാധിക്കുകയുള്ളൂ. ആണവ പ്ലാന്റുകളില്‍ നിന്നുള്ള ജലം ശുദ്ധീകരിച്ച് സമുദ്രത്തിലേക്ക് ഒഴുക്കുന്നത് എല്ലാ രാജ്യങ്ങളും പിന്തുടരുന്ന സ്വാഭാവിക രീതിയാണെന്നും അതില്‍ ആശങ്കപ്പെടേണ്ടതില്ലെന്നുമാണ് ടെപ്‌കോയും ജപ്പാനും വിശദീകരിക്കുന്നത്. 

റേഡിയോ ആക്ടീവ് വെള്ളം പസഫിക് സമുദ്രത്തിലേക്ക് ഒഴുക്കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പേതന്നെ ആരംഭിച്ചിരുന്നു. തുടര്‍ന്ന് ഇന്റര്‍നാഷണല്‍ അറ്റോമിക് അനര്‍ജി അതോറിറ്റി നടത്തിയ രണ്ട് വര്‍ഷത്തോളം നീണ്ട പഠനത്തിനും ഗവേഷണങ്ങള്‍ക്കും അവലോകനങ്ങള്‍ക്കും ശേഷമാണ് വെള്ളമൊഴുക്കാനുള്ള തീരുമാനത്തിലേക്കെത്തിയത്. പതിനൊന്ന് രാജ്യങ്ങളില്‍നിന്നുള്ള അംഗീകൃത അന്താരാഷ്ട്ര  ആണവ സുരക്ഷാ വിദഗ്ധര്‍ അടങ്ങുന്ന ടാസ്‌ക് ഫോഴ്സാണ് പഠനം നടത്തിയത്. നേര്‍പ്പിച്ച ജലം 30 വര്‍ഷംകൊണ്ട് ഒഴുക്കിക്കളയാൻ തീരുമാനിച്ചത് 2021 ഏപ്രിലിലാണ്. 

placeholder
ആണവ പ്ലാന്‍റിനുള്ളില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ | Photo: AP

അപകടമില്ല, ആശങ്ക വേണ്ടെന്ന് ജപ്പാന്‍

ആണവമാലിന്യങ്ങള്‍ കലര്‍ന്ന വെള്ളമാണ് പ്ലാന്റിലെ ടാങ്കുകളില്‍ സംഭരിച്ചിരിക്കുന്നത്. എന്നാല്‍, മാലിന്യം കലര്‍ന്ന വെള്ളം നേരിട്ട് ഒഴുക്കിക്കളയുകയല്ല ചെയ്യുന്നത്. പകരം അവ വിവിധ പ്രക്രിയകളിലൂടെ ഭൂരിഭാഗവും ശുദ്ധീകരിക്കുന്നുണ്ട്. അഡ്വാന്‍സ് ലിക്വിഡ് പ്രോസസിങ് സിസ്റ്റത്തിലൂടെ വെള്ളത്തില്‍ നിന്ന് ട്രിടിയം, കാര്‍ബണ്‍-14 എന്നീ റേഡിയോ ആക്ടീവ് ഘടകങ്ങളൊഴികെ അപകടകരമായ എല്ലാ ഐസോടോപ്പുകളും നീക്കം ചെയ്യും. വെള്ളത്തില്‍നിന്ന് വേര്‍തിരിച്ചെടുക്കാന്‍ വളരെ ബുദ്ധിമുട്ടുള്ള ഹൈഡ്രജന്റേയും കാര്‍ബണിന്റേയും ഐസോടോപ്പുകളാണ് റേഡിയോ ആക്ടീവ് ട്രിടിയം, കാര്‍ബണ്‍-14 എന്നിവ. ഇത് വേര്‍തിരിക്കാനുള്ള സാങ്കേതികത ഇന്ന് നിലവിലില്ല. അതിനാല്‍ ഈ വെള്ളം നേര്‍പ്പിച്ച് ട്രിടിയത്തിന്റെ അളവ് സുരക്ഷാ നിര്‍ദേശങ്ങള്‍ക്കനുസൃതമായി നിയന്ത്രണവിധേയമാക്കിയതിന് ശേഷമാണ് കടലിലേക്കൊഴുക്കുക. പ്രകൃതിയില്‍, മഴയിലും കടലിലും വെള്ളത്തിലും മനുഷ്യശരീരത്തില്‍ പോലും ട്രിടിയത്തിന്റെ സാന്നിധ്യമുണ്ടെന്നും അതിനാല്‍ ഇത് അടങ്ങിയ വെള്ളം ഒഴുക്കിക്കളയുന്നതില്‍ ആശങ്ക വേണ്ടെന്നുമാണ് ടെപ്‌കോ വ്യക്തമാക്കിയിരിക്കുന്നത്. ജപ്പാന്‍ സര്‍ക്കാരും സമാനമായ വിശദീകരണമാണ് നല്‍കിയത്. 

ജപ്പാന്‍ പ്രതിവര്‍ഷം പുറത്തുകളയുന്നത് അയല്‍രാജ്യങ്ങളേക്കാള്‍ കുറവ് ട്രിടിയം ആണ്. ചൈന പ്രതിവര്‍ഷം 112 ടണ്‍ ബെക്വെറെല്‍സ് ട്രിടിയവും ദക്ഷിണ കൊറിയ 49 ടണ്‍ ട്രിടിയവുമാണ് പുറത്തേക്കൊഴുക്കുന്നത്. ഫ്രാന്‍സ് അടക്കമുള്ള നിരനധി രാജ്യങ്ങള്‍ ഇത്തരത്തില്‍ കൂടുതല്‍ അളവില്‍ റേഡിയോ ആക്ടീവ് വെള്ളം കടലിലേക്കൊഴുക്കുന്നുണ്ട്. എന്നാല്‍, പതിറ്റാണ്ടുകളെടുത്ത് 22 ടണ്‍ ബെക്വെറെല്‍സ് ട്രിടിയം മാത്രമാണ് കടലിലേക്കൊഴുക്കാന്‍ ജപ്പാന്‍ ഉദ്ദേശിക്കുന്നതെന്ന് ജപ്പാന്‍ സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ജലം സുരക്ഷിതമാണെന്നും അണുവികിരണമോ പാരിസ്ഥിതികപ്രശ്‌നങ്ങളോ ഉണ്ടാകില്ലെന്നും യു.എന്‍. ആണവോര്‍ജ ഏജന്‍സിയും ഉറപ്പു നല്‍കിയിരുന്നു. ഇതിനു ശേഷമാണ് ജപ്പാന്‍ വെള്ളമൊഴുക്കാനുള്ള നടപടികള്‍ ആരംഭിച്ചത്. 

ട്രിടിയത്തെ വിനാശകാരിയല്ലാത്ത ഘടകം എന്നാണ് പൊതുവേ വിലയിരുത്തുന്നത്. എല്ലാ മനുഷ്യരും ഏതെങ്കിലും തരത്തിലുള്ള ട്രിടിയം സാന്നിധ്യവുമായി നിത്യവും സമ്പര്‍ക്കത്തിലേര്‍പ്പെടുന്നുണ്ട്. എന്നാല്‍, മനുഷ്യന്റെ ചര്‍മത്തിലേക്ക് ആഴ്ന്നിറങ്ങാനുള്ള കഴിവ് ഈ ഐസോടോപ്പുകളില്‍ ഇല്ല. ഏതെങ്കിലും തരത്തില്‍ ഇവ ശരീരത്തിനകത്തെത്തിയാല്‍ മാത്രം അത് അര്‍ബുദമുള്‍പ്പെടെയുള്ള ഗുരുതര രോഗങ്ങള്‍ക്ക് കാരണമായേക്കാമെന്നും മുന്നറിയിപ്പുമുണ്ട്.  

പ്രതിഷേധിച്ച് ചൈന, ഇറക്കുമതിക്ക് നിരോധനം

ഫുക്കുഷിമ ആണവനിലയത്തില്‍ നിന്നുള്ള ജലം സമുദ്രത്തിലേക്ക് ഒഴുക്കിവിടാനുള്ള തീരുമാനം പുറത്തുവന്നതിന് പിന്നാലെ ചൈന, ദക്ഷിണ കൊറിയ അടക്കമുള്ള അയല്‍ രാജ്യങ്ങള്‍ വലിയ പ്രതിഷേധമാണ് ഉയര്‍ത്തിയത്. ജപ്പാനെതിരേ വലിയ പ്രതിഷേധത്തിന് തന്നെ ചൈന സാക്ഷ്യം വഹിച്ചു. ജപ്പാന്റെ മാലിന്യം ഒഴുക്കിവിടാനുള്ള അഴുക്കുചാലല്ല ശാന്തസമുദ്രം എന്നായിരുന്നു തീരുമാനത്തെ കുറിച്ച് ചൈനീസ് നയതന്ത്ര ഉദ്യോഗസ്ഥന്‍ പ്രതികരിച്ചത്. ജപ്പാന്റെ നടപടി നിരുത്തരവാദപരവും ഏകപക്ഷീയവുമാണ്. തലമുറകളെ ബാധിക്കുന്ന വലിയ അപകടമാണിതെന്നും ചൈനീസ് പ്രതിനിധികള്‍ അഭിപ്രായപ്പെട്ടു. പിന്നാലെ ജപ്പാനിലെ പത്ത് പ്രവിശ്യകളില്‍നിന്ന് ഭക്ഷ്യസാധനങ്ങള്‍ ഇറക്കുമതി ചെയ്യുന്നത് ചൈന നിരോധിച്ചു. മറ്റ് മേഖലകളില്‍നിന്ന് ഇറക്കുമതി ചെയ്യുന്ന സാധനങ്ങളില്‍ റേഡിയേഷന്‍ പരിശോധന നടത്താനും നിര്‍ദേശമുണ്ട്. ദക്ഷിണ കൊറിയയും ആശങ്കകളറിയിച്ചിരുന്നു. 

അയല്‍രാജ്യങ്ങള്‍ മാത്രമല്ല, ജപ്പാന്റെ തീരപ്രദേശത്ത് താമസിക്കുന്നവരും കടല്‍ അനുബന്ധ ജോലികളിലേര്‍പ്പെട്ടവരും തീരുമാനത്തില്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു. വെള്ളം തുറന്നുവിടാനുള്ള ചര്‍ച്ചകള്‍ നേരത്തെ ഉയര്‍ന്നപ്പോള്‍ തന്നെ അതിനെതിരേ ഫുകുഷിമയിലെ മത്സ്യത്തൊഴിലാളി യൂണിയനുകള്‍ സര്‍ക്കാരിനെ സമീപിച്ചിരുന്നു. ജപ്പാനിലെ തകര്‍ന്ന മത്സ്യബന്ധനമേഖലയെ കരയറ്റാനുള്ള ശ്രമത്തിലാണ് തങ്ങളുള്ളതെന്നും ആണവ പ്ലാന്റിലെ വെള്ളം ഒഴുക്കുന്നതിലൂടെ ഈ ശ്രമങ്ങളെ ഇല്ലാതാക്കരുതെന്നാണ് യൂണിയന്‍ ആവശ്യപ്പെട്ടത്. എന്നാല്‍, പ്രതിഷേധങ്ങള്‍ക്കിടയിലും വെള്ളമൊഴുക്കാനുള്ള തീരുമാനവുമായി ജപ്പാന്‍ മുന്നോട്ടുപോയി. 

ശുദ്ധീകരിച്ച ആണവജലം ശാന്തസമുദ്രത്തിലേക്ക് 

ജപ്പാനിലെ ഫുകുഷിമ  ദൈച്ചി ആണവനിലയത്തില്‍നിന്ന് ശുദ്ധീകരിച്ച ജലം ഓഗസ്റ്റ് 24 മുതലാണ് ശാന്തസമുദ്രത്തിലേക്ക് ഒഴുക്കിവിടാന്‍ ആരംഭിച്ചത്. ഒഴുക്കിക്കളയേണ്ട 13 ലക്ഷം ടണ്‍ ജലത്തിന്റെ ആദ്യ ബാച്ചാണ് ഒഴുക്കാന്‍ ആരംഭിച്ചത്. വെള്ളം തുറന്നുവിടുന്നതുമായി ബന്ധപ്പെട്ട് കണ്‍ട്രോള്‍ റൂമില്‍നിന്നുള്ള ടെപ്‌കോ തത്സമയം സംപ്രേഷണം ചെയ്യുകയും ചെയ്തു. ശുദ്ധീകരിച്ച വെള്ളം മിക്‌സിങ്ങ് പൂളില്‍നിന്ന് മറ്റൊരു പൂളിലേക്ക് മാറ്റും. ഈ പൂളില്‍ ഈ വെള്ളത്തെ കടല്‍വെള്ളവുമായി ലയിപ്പിക്കും. തുടര്‍ന്ന് ഭൂഗർഭ കുഴലിലൂടെ സമുദ്രത്തിലേക്ക് ഒഴുക്കിവിടുകയാണ് ചെയ്യുന്നത്. ആദ്യഘട്ടത്തില്‍ ഒരു ടണ്‍ വെള്ളം 12,000 ടണ്‍ കടല്‍വെള്ളവുമായി ലയിപ്പിച്ചു. തുടര്‍ന്ന് മൂന്ന് ദിവസം പൂളില്‍ സംഭരിച്ചു. സുരക്ഷ ഉറപ്പാക്കിയതിന് ശേഷമാണ് ജലം സമുദ്രത്തിലേക്ക് ഒഴുക്കിയത്. കഴിഞ്ഞ രണ്ടാഴ്ചയായി തുടരുന്ന ഈ നടപടി മുപ്പതോളം വര്‍ഷമെടുത്താണ് പൂര്‍ത്തിയാവുക. വെള്ളമൊഴുക്കി കളയുന്നതിന്‍റെ എല്ലാ ഉത്തരവാദിത്തവും സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് കിഷിദ പ്രഖ്യാപിച്ചിട്ടുണ്ട്.

രാജ്യത്തിനകത്ത് നിന്നടക്കം എതിര്‍പ്പുകളുയരുന്നുണ്ടെങ്കിലും വെള്ളമൊഴുക്കി കളയാനുള്ള തീരുമാനത്തില്‍നിന്ന് പിന്നോട്ടില്ലെന്ന് ജപ്പാന്‍ പ്രധാനമന്ത്രി ഫുമിയോ കിഷിദോ നേരത്തെ വ്യക്തമാക്കിയിരുന്നു. വെള്ളമൊഴുക്കുന്നതിന് പുറമേ പ്ലാന്റിലെ റിയാക്ടറുകളില്‍ ഉരുകിയ നിലയിലുള്ള ആണവമാലിന്യങ്ങളും മറ്റും റോബോട്ടിന്റെ സഹായത്തോടെ മാറ്റാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ചൈനയുടെ നിരോധനം, തകര്‍ന്നടിഞ്ഞ് ജപ്പാന്‍ മത്സ്യമേഖല

ജപ്പാന്റെ ആകെ കയറ്റുമതിയുടെ ഒരു ശതമാനമാണ് സമുദ്രോത്പന്നങ്ങള്‍. ജപ്പാനില്‍നിന്നുള്ള സമുദ്രോത്പന്നങ്ങളുടെ ഏറ്റവും വലിയ വിപണിയാവട്ടെ ചൈനയും. 2022ല്‍ മാത്രം 600 മില്ല്യണ്‍ ഡോളര്‍ വിലവരുന്ന സമുദ്രോത്പന്നങ്ങളാണ് ജപ്പാന്‍ ചൈനയിലേക്ക് കയറ്റി അയച്ചത്. ഹോങ്കോങ് ആണ് ജപ്പാനില്‍ നിന്നുള്ള ഇറക്കുമതിയില്‍ മുന്നിലുള്ള മറ്റൊരു മേഖല.  എന്നാല്‍, ഫുക്കുഷിമയില്‍ നിന്നുള്ള വെള്ളമൊഴുക്കാനുള്ള തീരുമാനം പുറത്തുവന്നതിന് പിന്നാലെ രാജ്യത്തുനിന്നുള്ള സമുദ്രോത്പന്നങ്ങളുടെ ഇറക്കുമതി ചൈന നിരോധിച്ചു. ഇത് ജപ്പാന്‍റെ സമുദ്രോത്പന്ന വ്യാപാരത്തെ പ്രതിസന്ധിയിലാക്കി. മൂന്ന് വര്‍ഷത്തിനിടെ ആദ്യമായി, 2023 ജൂലായില്‍ ജപ്പാനില്‍ നിന്നും ചൈനയിലേക്കുള്ള കയറ്റുമതിയില്‍ 23 ശതമാനം ഇടിവ് രേഖപ്പെടുത്തി. 52.44 മില്ല്യണ്‍ ഡോളറിന്റെ വ്യാപാരം മാത്രമാണ് ഈ സാമ്പത്തിക വര്‍ഷം ഇതുവരെ നടന്നത് എന്നാണ് സെപ്തംബര്‍ അഞ്ചിന് പുറത്തുവന്ന കണക്കുകള്‍. 

അങ്ങേയറ്റം സ്വാര്‍ഥവും നിരുത്തരവാദിത്വപരവുമായ നടപടിയാണ് ജപ്പാന്‍ സ്വീകരിച്ചതെന്നാണ് ചൈന കുറ്റപ്പെടുത്തുന്നത്. ശുദ്ധീകരിച്ചതെങ്കിലും ആണവമാലിന്യമടങ്ങിയ ജലം സമുദ്രജീവികള്‍ക്ക് ദോഷം ചെയ്യുമെന്നും തലമുറകള്‍ വരുന്ന മനുഷ്യരാശിയെ ബാധിക്കുമെന്നുമാണ് ചൈനയുടെ വാദം. എന്നാല്‍, യു.എന്‍. ആണവോര്‍ജ ഏജന്‍സിയുടെ അനുമതിയോടെയാണ് ജലം പുറന്തള്ളുന്നതെന്നും പാരിസ്ഥിതിക പ്രത്യാഘാതങ്ങളുണ്ടാകില്ലെന്നുമാണ് ജപ്പാന്റെ വിശദീകരണം.

ജലം സമുദ്രത്തിലേക്ക് ഒഴുക്കുന്നതില്‍ യാതൊരു അനന്തരഫലങ്ങളും ഉണ്ടാവില്ലെന്ന് സര്‍ക്കാരും ടെപ്‌കോയും ആവര്‍ത്തിച്ച് വ്യക്തമാക്കുമ്പോഴും ജപ്പാനിലെ ജനങ്ങളും ആശങ്കയിലാണ്. സുനാമിയെതുടര്‍ന്ന് ജപ്പാന്‍ മത്സ്യമേഖല വലിയ തകര്‍ച്ചയാണ് നേരിട്ടത്. പ്രതിസന്ധിയില്‍ നിന്ന് കരകയറി വരുന്നതിനിടെയാണ് ആണവപ്ലാന്റില്‍ നിന്നുള്ള വെള്ളം ഒഴുക്കാനുള്ള തീരുമാനവും നടപ്പിലായത്. അടിസ്ഥാനരഹിതമായ പലതരം വിവരങ്ങള്‍ പ്രചരിച്ചതോടെ ജനങ്ങളും ആശങ്കയിലായിരിക്കുകയാണ്. ജനങ്ങളുടെ ആശങ്ക പരിഹരിക്കാന്‍ പ്രധാനമന്ത്രി നേരിട്ട് മത്സ്യവിപണന കേന്ദ്രങ്ങളിലേക്ക് ഇറങ്ങി. ചൈനയുടെ നിരോധനം ജപ്പാനിലെ മത്സ്യത്തൊഴിലാളികളെ എങ്ങനെ ബാധിച്ചെന്ന് അറിയാനായിരുന്നു പ്രധാനമന്ത്രി ടോക്യോയിലെ ടൊയൊസു മത്സ്യച്ചന്ത സന്ദര്‍ശിച്ചത്. കക്കയിറച്ചി കയറ്റുമതിയില്‍ 90 ശതമാനത്തിന്റെ ഇടിവുണ്ടായെന്നാണ് തൊഴിലാളികള്‍ പ്രതികരിച്ചത്. 

വെള്ളമൊഴുക്കാന്‍ ആരംഭിക്കുന്നതിന് മുന്‍പുതന്നെ ജപ്പാനില്‍നിന്നുള്ള സമുദ്രോത്പന്നങ്ങള്‍ക്ക് ചൈന നിയന്ത്രണമേര്‍പ്പെടുത്താന്‍ ആരംഭിച്ചിരുന്നു. ചൈനയില്‍നിന്ന് ഏറെ ആവശ്യക്കാരുണ്ടായിരുന്ന സ്‌കലോപ്‌സ്, കടല്‍ വെള്ളരി തുടങ്ങിയ ഉത്പന്നങ്ങളുടെ വിലയിടിഞ്ഞു. ഫുക്കുഷിമയില്‍ നിന്ന് ഏറെ അകലെയുള്ള സ്ഥലങ്ങളിലും മത്സ്യവ്യാപാരം താളംതെറ്റി. ഫുകുഷിമയില്‍ മാത്രമല്ല, ജപ്പാന്റെ പലഭാഗത്തും സമുദ്രോത്പന്നങ്ങള്‍ക്ക് വിലയിടിഞ്ഞെന്നും കയറ്റുമതി അവതാളത്തിലായതായാണ് ജപ്പാന്‍ ഫിഷറീസ് മന്ത്രാലയവും പറയുന്നത്. കക്കയിറച്ചിയുടെ കയറ്റുമതിക്ക് യൂറോപ്പിലും യു.എസിലും വിപണി കണ്ടെത്തേണ്ട സ്ഥിതിയാണെന്നും അവര്‍ വ്യക്തമാക്കുന്നു.

ജപ്പാന്റെ മത്സ്യമേഖലയെ സംരക്ഷിക്കുമെന്ന് സര്‍ക്കാര്‍

ജപ്പാനിലെ മത്സ്യച്ചന്തകള്‍ സന്ദര്‍ശിച്ച അന്നേദിവസം നടന്ന വിരുന്നില്‍ കിഷിദ മൂന്നു മന്ത്രിമാര്‍ക്കൊപ്പം ഫുകുഷിമയിലെ കടലില്‍നിന്നുള്ള മത്സ്യം കൊണ്ടുണ്ടാക്കിയ വിഭവമായ സഷിമി വയറുനിറയെ കഴിച്ചു, സുരക്ഷിതമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. കിഷിദ സഷിമി ആസ്വദിച്ചു കഴിക്കുന്ന ദൃശ്യങ്ങള്‍ സാമൂഹികമാധ്യമത്തിലൂടെ അധികൃതര്‍ പുറത്തുവിട്ടു. ജപ്പാന്റെ സമുദ്രോത്പന്ന മേഖലയെ എന്തു വിലകൊടുത്തും സംരക്ഷിക്കുമെന്ന് പറഞ്ഞ കിഷിദ ജപ്പാനിലെ ജനങ്ങള്‍ കൂടുതല്‍ സമുദ്രോത്പന്നങ്ങള്‍ ഉപയോഗിക്കണമെന്നും ആവശ്യപ്പെട്ടു.

ചൈനയ്ക്ക് പുറത്ത് തങ്ങളുടെ ഉത്പന്നങ്ങള്‍ക്ക് ആവശ്യക്കാരെ കണ്ടെത്താനാണ് ജപ്പാന്റെ ശ്രമം. തായ്‌വാന്‍, യുഎസ്‌, യൂറോപ്പ്, മിഡില്‍ ഈസ്റ്റ്, മലേഷ്യ, സിങ്കപ്പൂര്‍ തുടങ്ങിയ ഏഷ്യന്‍ രാജ്യങ്ങളില്‍ വിപണി കണ്ടെത്താനാണ് ശ്രമമെന്നും അദ്ദേഹം വ്യക്തമാക്കി. ചൈനയുടെ ഉപരോധവും ജപ്പാന്റെ മത്സ്യമേഖലാപ്രതിസന്ധിയും ലോകവ്യാപാരസംഘടനയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ചൈനയുടെ തീരുമാനം അംഗീകരിക്കാന്‍ കഴിയുന്നതല്ലെന്നാണ് ജപ്പാന്‍ വിദേശകാര്യമന്ത്രാലയം വക്താവ് പ്രതികരിച്ചത്. 

അതിനിടെ, ചൈനീസ് ഉപരോധത്തിന് പിന്നാലെ തകര്‍ച്ചയിലായ മത്സ്യോത്പന്ന കയറ്റുമതി വ്യാപാരികള്‍ക്ക് സാമ്പത്തിക സഹായം നല്‍കുമെന്ന് കിഷിദ പ്രഖ്യാപിച്ചു. ആദ്യഘട്ടത്തില്‍ 547 മില്ല്യണ്‍ ഡോളര്‍ സഹായവും രണ്ടാം ഘട്ടത്തില്‍ 141 മില്ല്യണ്‍ ഡോളര്‍ സഹായവുമാണ് ജപ്പാന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. 

ഫുക്കുഷിമ നിരീക്ഷണം; ജപ്പാന്റെ ക്ഷണം നിരസിച്ച് ചൈന

ഫുക്കുഷിമ ആണവ പ്ലാന്റില്‍നിന്ന് വെള്ളം പുറത്തുവിടുന്നതിന് മേല്‍നോട്ടം വഹിക്കുന്നത് ജപ്പാന്‍ സര്‍ക്കാരും ടെപ്‌കോയുമാണെങ്കിലും അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയുടെ നിരീക്ഷണത്തിലും നിര്‍ദേശത്തിലുമാണ് പ്രവര്‍ത്തനങ്ങളെല്ലാം നടക്കുന്നത്. നിരവധി രാജ്യങ്ങളുടെ പ്രതിനിധികള്‍ ചേരുന്ന സംഘമാണ് ഫുക്കുഷിമയിലെ വെള്ളമൊഴുക്കല്‍ നിരീക്ഷിക്കുകയും അവലോകനം ചെയ്യുകയും ചെയ്യുന്നത്. ഈ സംഘത്തിലേക്ക് ചേരാന്‍ ക്ഷണിച്ചെങ്കിലും ചൈന അത് നിരസിച്ചു. ആവര്‍ത്തിച്ച് ക്ഷണിച്ചെങ്കിലും ചൈനയുടെ ഭാഗത്തുനിന്ന് അനുകൂല മറുപടിയല്ല ഉണ്ടായതെന്ന് ജാപ്പനീസ് നയതന്ത്രജ്ഞന്‍ പ്രതികരിച്ചിരുന്നു. 

ആണവ വികിരണത്തിന്റെ തോത് അവലോകനം ചെയ്യുന്നതടക്കമുള്ള പ്രവര്‍ത്തനങ്ങളാണ് ഈ കൂട്ടായ്മ നടത്തുന്നത്. സംവിധാനത്തില്‍ സുതാര്യത ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായി ജപ്പാന്‍ ഈ കൂട്ടായ്മയില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കുകയാണ്. യു.എസ്., ഫ്രാന്‍സ്, സ്വിറ്റ്‌സര്‍ലന്റ്, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങളിലെ ഗവേഷണ സ്ഥാപനങ്ങള്‍ കൂട്ടായ്മയില്‍ അംഗങ്ങളാണ്. വെള്ളമൊഴുക്കുന്നതില്‍ യാതൊരു ദോഷവുമില്ലെന്നാണ് ഏജന്‍സി ആവര്‍ത്തിക്കുന്നത്. എന്നാല്‍ വെള്ളമൊഴുക്കലുമായി ബന്ധപ്പെട്ട വസ്തുതകളെ അടിസ്ഥാനപ്പെടുത്തിയുള്ള വിദഗ്ധ ചര്‍ച്ചയ്ക്ക് പോലും ചൈന തയ്യാറായില്ലെന്നാണ് വിവരം. 

ലോകം സാക്ഷ്യം വഹിച്ച അതിഭീകരമായ ആണവ ദുരന്തത്തിന്റെ ബാക്കിപത്രമാണ് ആയിരക്കണക്കിന് ടാങ്കുകളിലാക്കി ഫുക്കുഷിമയില്‍ സംഭരിച്ചിരിക്കുന്നത്. ആണവ മാലിന്യങ്ങളില്ലാതാക്കുക എന്ന ലക്ഷ്യത്തിലേക്കെത്താന്‍ ജപ്പാന് ഇനിയും നിരവധി ദശാബ്ദങ്ങള്‍ താണ്ടേണ്ടതുണ്ട്. ആണവമാലിന്യം കലര്‍ന്ന ജലം ശുദ്ധീകരിച്ച് കടലിലൊഴുക്കുന്നത് നാട്ടുനടപ്പാണെന്നാണ് ജപ്പാന്റെ പക്ഷം. എന്നാല്‍, ഫുക്കുഷിമയുടെ പേരില്‍ ജപ്പാനോട് ഇടഞ്ഞുതന്നെ നില്‍ക്കുകയാണ് ചൈന. ഉത്പന്നങ്ങള്‍ക്ക് ഉപരോധമേര്‍പ്പെടുത്തിക്കൊണ്ടുള്ള ചൈനയുടെ മറുപടി ജപ്പാന്റെ സാമ്പത്തിക വ്യവസ്ഥയ്ക്കും തിരിച്ചടിയാവുമെന്നതില്‍ സംശയമില്ല. ചൈനീസ് നടപടിയെ മറികടക്കാനുള്ള ജപ്പാന്റെ നടപടികളെന്തൊക്കെയാണെന്നാണ് ഇനി അറിയേണ്ടത്.