Photo: mathrubhumi archives
വളരെയധികം സാമൂഹിക സാംസ്‌കാരിക സവിശേഷതകളുള്ള ഒരു ന്യൂനപക്ഷ സമൂഹമാണ് വനങ്ങളെ ആശ്രയിച്ച് ജീവിക്കുന്ന ഗോത്രവര്‍ഗക്കാരായ ആദിവാസികള്‍. ഓരോ വനമേഖലയിലും ആദിവാസി എന്ന് അവകാശപ്പെടാന്‍ കഴിയുന്ന സമൂഹങ്ങള്‍ ഏതൊക്കെയാണെന്നത് തര്‍ക്കവിഷയമാണെങ്കിലും ഐക്യരാഷ്ട്ര സംഘടന നിര്‍ദേശിക്കുന്നത് പോലെ ആദിവാസി എന്നാല്‍ ആരാണെന്ന് നിര്‍വചിക്കുന്നതിനെക്കാള്‍ ഈ ജനതയെ, അവരുടെ പ്രത്യേകതകളെ തിരിച്ചറിയുകയാണ് ഉചിതം.
ലോക ജനസംഖ്യയില്‍ ആദിവാസികളുടെ സാന്നിദ്ധ്യം 8.5 ശതമാനമാണെങ്കില്‍ ഇന്ത്യയില്‍ അത് അഞ്ചും കേരളത്തില്‍ വെറും 1.5 ശതമാനവുമാണ്. ഇവരില്‍ നല്ലൊരു പങ്ക് ഇപ്പോഴും വനയോരജീവിതം നയിക്കുന്നവരാണ്. 2020ലെ കണക്കനുസരിച്ച് കേരളത്തിലെ വനയോരങ്ങളില്‍ ഏകദേശം 1505 ആദിവാസി ഊരുകള്‍ ഉണ്ട്. അതിലെല്ലാമായി 1,64,000 ഓളം ആദിവാസി കുടുംബങ്ങള്‍ ഉണ്ട്. ജനസംഖ്യയില്‍ ഒരു സൂക്ഷ്മ ന്യൂനപക്ഷവും വാസസ്ഥലം കൊണ്ട് ഒറ്റപ്പെട്ടു കഴിയുന്നതും സാമൂഹിക സാംസ്‌കാരിക തലങ്ങളില്‍ അസാധാരണരുമായ ഈ ജനതയെ മുഖ്യധാരാ രാഷ്ട്രീയത്തിനു പോലും കണ്ടില്ലെന്നു നടിക്കാന്‍ എളുപ്പമാണ്.
മുഖ്യധാരാ സമൂഹത്തിന്റെ വികസനസംഹിതകള്‍ ഇവരിലേക്ക് വ്യാപിപ്പിച്ചു കൊണ്ട് ദശാബ്ദങ്ങള്‍ കടന്നുപോയിട്ടും ഇന്ത്യയിലെ ഇതര സംസ്ഥനങ്ങളിലെ പോലെ കേരളത്തിലും ആദിവാസി മേഖലകള്‍ വികസന മാനദണ്ഡങ്ങളില്‍ പിന്നാക്കം നില്‍ക്കുന്നു. അവരുടെയിടയിലെ വിദ്യാഭ്യാസം, ഭക്ഷ്യ സുരക്ഷ, ആരോഗ്യം തുടങ്ങിയ സൂചകങ്ങളുടെ പിന്നാക്കാവസ്ഥയെ ക്കുറിച്ച് ആകുലപ്പെടുമ്പോഴും ആദിവാസികളുടെ സുസ്ഥിര ക്ഷേമത്തെക്കുറിച്ച് ഒരു പുനര്‍ വിചിന്തനം നടക്കുന്നില്ല. വികസനം, പുരോഗതി അല്ലെങ്കില്‍ ക്ഷേമ ജീവിതം എന്നിവയ്ക്ക് ആദിവാസി സമൂഹങ്ങളില്‍ എന്തൊക്കെ മാനങ്ങളുണ്ടെന്ന് മനസ്സിലാക്കാന്‍ നാം മുതിര്‍ന്നിട്ടില്ല.
പല ആദിവാസിസമൂഹങ്ങളിലും നിലനിന്നിരുന്ന സാമത്വാധിഷ്ഠിധമായ സാമൂഹിക-പ്രാകൃതിക മൂല്യങ്ങള്‍ക്കു പകരംവെക്കാന്‍ നമ്മള്‍ വെച്ചുനീട്ടിയ വികസന നഗരീകരണ പദ്ധതികള്‍ക്കായിട്ടില്ല. അങ്ങിനെ ഒരേസമയം ആധുനിക വികസനധാരയില്‍ നിന്നും സ്വതസിദ്ധമായ മൂല്യങ്ങളില്‍ നിന്നും ഇക്കൂട്ടര്‍ വേര്‍പെട്ടുപോകുന്നന്നതായി കാണാം. ആദിവാസികള്‍ക്കായുള്ള വികസന ഇടപെടലുകളില്‍ കാര്‍ഷിക വികസനവും ഉള്‍പ്പെടുന്നു. മറ്റ് മേഖലകളെപ്പോലെ കൃഷിക്കും ആദിവാസിസമൂഹത്തില്‍ പ്രത്യേകിച്ചും വനയോരപ്രദേശങ്ങളില്‍, തനതായ സ്വഭാവമുണ്ട്. ഇതേപ്പറ്റി കേരളമുള്‍പ്പടെയുള്ള ചില സംസ്ഥാനങ്ങളില്‍ നടത്തിയ അന്വേഷണ പഠനങ്ങളില്‍ നിന്നുരുത്തിരിഞ്ഞ വസ്തുതകളാണ് ഈ കുറിപ്പിന് ആധാരം.

വനയോരങ്ങളിലെ കാര്‍ഷിക ആവാസവ്യവസ്ഥ
കാര്‍ഷിക സംസ്‌കാരം പ്രകൃതിയുടെ സങ്കീര്‍ണതയെ ലഘൂകരിച്ചെടുക്കുന്നതാണല്ലോ. നൈസര്‍ഗിക ജൈവവൈവിധ്യത്തെ കമ്പോളത്തിനാവശ്യമായ വിധത്തില്‍ ചുരുക്കിയെടുക്കുകയാണ് മുഖ്യധാരാ കര്‍ഷക സമൂഹങ്ങള്‍. മലകളും കാടും മേച്ചില്‍പ്പുറങ്ങളും കൃഷിയിടങ്ങളും വന്യജീവികളും മനുഷ്യരും വളര്‍ത്തുമൃഗങ്ങളും വളരെയധികം ഇടചേര്‍ന്ന് കിടക്കുന്ന പ്രദേശങ്ങള്‍, തുടര്‍ച്ചയായി കിടക്കുന്ന കൃഷിഭൂമികളും കെട്ടിടങ്ങളും ചേര്‍ന്ന സാധാരണ കാര്‍ഷിക മേഖലകളില്‍ നിന്നു തികച്ചും വ്യത്യസ്തമാണെന്ന് കാണാന്‍ പ്രയാസമില്ല. എന്നിരുന്നാലും ഇത്തരം മേഖലകളില്‍ നിലനില്‍ക്കാവുന്ന കാര്‍ഷികരീതികള്‍ എന്തായിരിക്കണമെന്ന അന്വേഷണങ്ങള്‍ അപൂര്‍വമായേ കാണുന്നുള്ളു.
കര്‍ഷക കുടംബങ്ങളുടെ പോഷക-ആരോഗ്യ സുരക്ഷയും പാരിസ്ഥിതികനൈപുണ്യങ്ങളും ആധുനിക കാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുന്നില്ല. എന്നിരുന്നാലും മുഖ്യധാരാ കര്‍ഷക സമൂഹങ്ങള്‍ക്ക് കര്‍ഷികേതര നൈപുണ്യങ്ങളും വരുമാനമാര്‍ഗങ്ങളും അതിനാല്‍ത്തന്നെ പോഷക-ആരോഗ്യ സുരക്ഷയും അപ്രാപ്യമല്ല. വനയോര ആദിവാസി മേഖലകളില്‍ ഈ അനുമാനം അനുയോജ്യമല്ലെന്ന് കാണുന്നു. കാരണം, സ്വതന്ത്ര ഇന്ത്യക്കും ആദിവാസിമേഖലിയിലെ വികസന ഇടപെടലുകള്‍ക്കും പല ദശാബ്ദങ്ങള്‍ പ്രായമായെങ്കിലും മുന്‍പ് സൂചിപ്പിച്ചത് പോലെ വനയോര ഗോത്ര സമൂഹങ്ങളില്‍ പോഷക-ആരോഗ്യ സുരക്ഷയും സാമൂഹ്യക്ഷേമവും വിദൂരമായിത്തന്നെ കാണപ്പെടുന്നു. അതുകൊണ്ടുതന്നെ വനയോരവാസികള്‍ക്കാവശ്യമായ കാലാനുസൃത കാര്‍ഷിക നൈപുണ്യത്തെപ്പറ്റി കാര്യമായ ചര്‍ച്ചകള്‍ അനിവാര്യമാണ്.
കാട്ടില്‍ നിന്നെത്തുന്ന നീരൊഴുക്കും വളക്കൂറും പരാഗപ്രാണികളടക്കമുള്ള ജൈവവൈവിധ്യത്തെയും ആധാരമാക്കി ഊരുവാസികളുടെ ആവശ്യങ്ങള്‍ക്കനുസരിച്ചു ചിരകാല പരിചയത്തിലൂടെ മെനഞ്ഞെടുക്കുന്നതായിരുന്നു ആദിവാസികളുടെ കാര്‍ഷിക -പാരിസ്ഥിതിക നൈപുണ്യം. ഇവിടങ്ങളില്‍ വേണ്ടത് ഹ്രസ്വകാല നേട്ടങ്ങള്‍ക്കായി ഇത്തരം അനുപമ നൈപുണ്യങ്ങളെ നിസ്സാരവല്‍ക്കരിച്ചു കാര്‍ഷികമേഖലകളെ കടക്കെണിയിലാഴ്ത്തുന്ന 'ഹരിത' വിപ്ലവമല്ല. പാരിസ്ഥിതിക സുരക്ഷയിലാണ് ഇവരുടെ പോഷക-ആരോഗ്യ-ഉപജീവന സുരക്ഷ നിലനില്‍ക്കുന്നത് എന്നു മനസ്സിലാക്കുന്ന തദ്ദേശീയമായി ഉരിത്തിരിയേണ്ടുന്ന ഒരു കാര്‍ഷികശാസ്ത്രവും പ്രസ്ഥാനവുമാണ്. നമ്മുടെ വനയോര ആദിവാസി ഊരുകളിലെ ആരോഗ്യ, കാര്‍ഷിക, സാമൂഹ്യക്ഷേമ പദ്ധതികളുടെ മുഖ്യധാരാ സമീപനത്തിന് വേണ്ടതായ ഈ മാറ്റക്കുറിപ്പിനു ഇനിയും കാലതാമസമരുത്. ഈ ചുവടുമാറ്റം ഒരു ന്യൂനപക്ഷ ക്ഷേമപദ്ധതി മാത്രമായി കാണരുത്. മനുഷ്യവര്‍ഗം നേരിട്ടുകൊണ്ടിരിക്കുന്ന വര്‍ദ്ധിച്ചുവരുന്ന ആഗോള പ്രതിസന്ധികള്‍ (പ്രകൃതിദുരന്തങ്ങള്‍ മുതല്‍ മഹാമാരികള്‍ വരെ) നേരിടാന്‍ അവശ്യം വേണ്ട വിജ്ഞാന സ്രോതസ്സുമായിരിക്കും അത്.
ആദിവാസിമേഖലക്കനുയോജ്യമായ വനയോര കാര്‍ഷിക പദ്ധതി വിഭാവനം ചെയ്യുമ്പോള്‍:
വനയോര- ആദിവാസി കാര്‍ഷിക മേഖലയില്‍ ഒരു ചുവടുമാറ്റത്തിന് അവശ്യം വേണ്ട (താത്വിക, പ്രയോഗിക) സമീപനങ്ങള്‍ എന്തെല്ലാമാണ്?
വനവാസികളുടെ ആവാസവ്യവസ്ഥയും അവരുടെ പോഷക-ആരോഗ്യ-വിജ്ഞാന-ഉപജീവന സുരക്ഷയും തമിലുള്ള സവിശേഷ ബന്ധം മനസ്സിലാക്കുക
ആദിവാസിത്വം വികസന ആനുകൂല്യങ്ങള്‍ക്കായുള്ള തിരിച്ചറിയല്‍ കാര്‍ഡ് മാത്രമല്ലെന്നും മാനവരാശിക്കാകെ മുതല്‍ക്കൂട്ടായുള്ള ഏറെ സവിശേഷതകളുള്ള, അതിവേഗം മാഞ്ഞുകൊണ്ടിരിക്കുന്ന ഒരു അമൂല്യ സമ്പത്താണെന്നും അംഗീകരിക്കുക.
മുഖ്യധാരയിലേക്ക് (വിദ്യാഭ്യാസം, തൊഴില്‍, കൃഷി, മറ്റ് ജോലികള്‍ എന്നിവയിലെല്ലാം തന്നെ) സധൈര്യം കടന്നുവരുവാനുള്ള അവസരങ്ങള്‍ ഒരുക്കുമ്പോള്‍ത്തന്നെ തനതായ സവിശേഷതകളുള്‍ക്കൊണ്ട് വനയോരപ്രദേശങ്ങളില്‍ തുടരാനാഗ്രഹിക്കുന്ന ആദിവാസികള്‍ക്ക് അനുയോജ്യമായ കാര്‍ഷിക വ്യവസ്ഥകള്‍ അവരോടൊപ്പം പഠനങ്ങള്‍ നടത്തി കണ്ടെത്താന്‍ പരിശ്രമിക്കുക ഈ ഉദ്യമത്തില്‍ സുപ്രധാനമാണ് വനയോരങ്ങളിലെ പാരിസ്ഥിതിക-ആഹാര വ്യവസ്ഥയ്ക്കനുയോജ്യമായ സാമൂഹ്യ വ്യവസ്ഥകള്‍ പുനരുജ്ജീവിപ്പിക്കുക എന്നതും അതിലൂടെ വനയോര കൃഷിയിടങ്ങളിലേക്ക് പ്രചരിപ്പിച്ചുവരുന്ന വയ്യക്തീകരണത്തിലൂന്നിയ സാങ്കേതികരീതികളുടെ ചേര്‍ച്ചയില്ലായ്മ നികത്തുക എന്നതും. ഊരുകളിലെ കുടുംബങ്ങള്‍ ഒന്നുചേര്‍ന്ന് എടുത്തിരുന്ന തീരുമാനങ്ങളും നടത്തിയിരുന്ന കൃഷിപ്പണികളും, വിളഞ്ഞത് പങ്ക് വെച്ചു കൊണ്ട് ഉറപ്പ് വരുത്തിയിരുന്ന പോഷക സുരക്ഷയും വിരളമാണെങ്കിലും ഇന്നും കണ്ടുവരുന്നു. വനവാസികളുടെ പോഷക-ആരോഗ്യ സുരക്ഷയ്ക്കടിസ്ഥാനമായ കാര്‍ഷിക വ്യവസ്ഥ വിവിധ വനമേഖലകളില്‍ തനതായ പ്രത്യേകതകളോടെ ഉരുത്തിരിയേണ്ടിയിരിക്കുന്നു. നിത്യഹരിത വനങ്ങള്‍ക്ക് സമീപമുള്ളവര്‍ പോഷക സുരക്ഷക്കായി കിഴങ്ങുകളെയും, ഇലകളെയും, ചെറുമൃഗങ്ങളെയും മീനുകളെയും മറ്റും കൂടുതല്‍ ആശ്രയിച്ചിരുന്നപ്പോള്‍ മഴക്കുറവുള്ള ഇലപൊഴിയുന്ന വനപ്രദേശങ്ങളിലുള്ളവര്‍ക്കു കൂടുതലായും ലഭ്യമായിരിരുന്നത് ജൈവാംശം കുറഞ്ഞ മണ്ണില്‍ വിളഞ്ഞിരുന്ന ചെറു ധാന്യങ്ങളും പയറുവര്‍ഗങ്ങളും അവിടങ്ങളില്‍ സുലഭമായിരുന്ന ചെറുജീവികളുമാണ്.
വന്യജീവജാലങ്ങളുടെ ദൗര്‍ലഭ്യവും അവയുടെ സംരക്ഷണത്തിനായുള്ള നിയമങ്ങളും കണക്കിലെടുത്ത് വേട്ടയാടിപ്പിടിച്ചു ഭക്ഷിച്ചിരുന്ന മൃഗക്കൊഴുപ്പുകള്‍ക്കും മാംസ്യങ്ങള്‍ക്കും പകരം നില്‍ക്കാവുന്ന, ഭൂപ്രകൃതിക്കും ജൈവവൈവിധ്യത്തിനും ഭക്ഷണരീതിക്കും അനുയോജ്യമായ ചെറുകിട പിന്‍മുറ്റ പക്ഷി-മൃഗ പരിപാലനം ആവിഷ്‌ക്കരിക്കണം.
വനയോരങ്ങളിലെ ഇത്തരം പോഷക സ്രോതസ്സുകളുടെ പരിപാലനത്തിനാവശ്യമായ പദ്ധതികള്‍ നടപ്പിലാക്കുമ്പോള്‍ വന്യജീവികളില്‍ നിന്ന് ഇവയെ രക്ഷിക്കാനും അനുയോജ്യമായ വിത്തുകള്‍, മൃഗങ്ങള്‍, വേലികള്‍ മുതലായവ ഊരുകളില്‍തന്നെ ഉണ്ടാക്കിയെടുക്കാനും ശ്രദ്ധിക്കണം. നാശത്തിനിടയായല്‍ അര്‍ഹതപ്പെട്ട ഇന്‍ഷുറന്‍സ് തുക എളുപ്പം കിട്ടേണ്ടതും വളരെ ആവശ്യമാണ്. വനയോരങ്ങളിലെ ആരോഗ്യ-ഉപജീവന-വിജ്ഞാന സുരക്ഷയ്ക്ക് അത്യാവശ്യമായിരിക്കുന്ന ഈ ചുവടുവെപ്പുകള്‍ക്ക് ഇനിയും കാലതാമസമുണ്ടായാല്‍ നഷ്ടപ്പെടുന്ന സവിശേഷതകള്‍ നികത്താനാവാത്തതും മനുഷ്യരാശിയുടെ ഭദ്രതയെ തന്നെ ബാധിക്കാവുന്നതാണെന്നും ഓര്‍ക്കേണ്ടിയിരിക്കുന്നു.
(ബെംഗളൂരു അസിം പ്രേംജി യൂണിവേഴ്‌സിറ്റി പ്രൊഫെസറാണ് ലേഖിക)
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..