നിലമ്പൂര്‍(മലപ്പുറം): ചാലിയാര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് അനുശ്രീ സുരേഷ് എത്തും. ജില്ലയിലെ ആദ്യ ആദിവാസി വനിതാ പ്രസിഡന്റ്, പണിയര്‍ വിഭാഗത്തില്‍നിന്ന് ഇന്ത്യയിലെ ആദ്യ വനിതാ പഞ്ചായത്ത് പ്രസിഡന്റ് എന്നീ സ്ഥാനങ്ങളാണ് അനുശ്രീയെ കാത്തിരിക്കുന്നത്.

To advertise here,

ചാലിയാര്‍ ഗ്രാമപ്പഞ്ചായത്തിന് ഇത് അപൂര്‍വനേട്ടം കൂടിയാണ്. 2020-ല്‍ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം പട്ടിക വര്‍ഗ്ഗ ജനറല്‍ വിഭാഗത്തിനായിരുന്നു. പണിയര്‍ വിഭാഗത്തില്‍ നിന്നുള്ള രാജ്യത്തെ ആദ്യ പ്രസിഡന്റായി സിപിഎമ്മിലെ പി. മനോഹരന്‍ സ്ഥാനമേറ്റു. 2025 -ല്‍ ചാലിയാര്‍ പഞ്ചായത്ത് ജില്ലയില്‍ കൂടുതല്‍ ആദിവാസികളുള്ള പഞ്ചായത്തെന്ന നിലയില്‍ പ്രസിഡന്റ് സ്ഥാനം പട്ടിക വര്‍ഗ വനിതാസംവരണമായി. ഇതോടെയാണ് അനുശ്രീ സുരേഷിന് നറുക്കുവീണത്.

ജില്ലയിലെ 94 ഗ്രാമപ്പഞ്ചായത്തുകളില്‍ പട്ടികവര്‍ഗ വനിതയ്ക്ക് സംവരണ വാര്‍ഡ് നല്‍കിയതും ചാലിയാറിന്. എന്നാല്‍ അനുശ്രീ വിജയിച്ചത് പട്ടിക വര്‍ഗ ജനറല്‍ വിഭാഗത്തിന് സംവരണംചെയ്യപ്പെട്ട നമ്പൂരിപ്പൊട്ടി വാര്‍ഡില്‍ നിന്നാണ്. പട്ടിക വര്‍ഗ വനിതാസംവരണ വാര്‍ഡായ അകമ്പാടത്ത് മുസ്ലിംലീഗിലെ ബിജി സുരേഷാണ് വിജയിച്ചത്. പ്രസിഡന്റ് സ്ഥാനം കോണ്‍ഗ്രസിനായതിനാല്‍ നറുക്ക് അനുശ്രീ സുരേഷിനുതന്നെ. ജനവിശ്വാസത്തിനൊപ്പം പ്രവര്‍ത്തിക്കുമെന്ന് അനുശ്രീ സുരേഷ് പറഞ്ഞു.

പ്ലസ്ടു വിദ്യാഭ്യാസമുള്ള അനുശ്രീ നിലമ്പൂരിലെ പുക പരിശോധനാ കേന്ദ്രത്തിലെ താത്കാലിക ജീവനക്കാരിയാണ്. വന്യമ്യഗശല്യത്തിന് പരിഹാരംകാണാനും ടൂറിസം വികസനത്തിനും മുന്‍ഗണന നല്‍കും.

ആദിവാസി സമൂഹത്തിന്റെ ക്ഷേമത്തിനായും പ്രവര്‍ത്തിക്കുമെന്നും അനുശ്രീ പറയുന്നു. കന്നിയങ്കത്തില്‍ നിലവിലെ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി. മനോഹരനെ 384 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് പരാജയപ്പെടുത്തിയത്. ചാലിയാര്‍ പഞ്ചായത്തിലെ പെരുമ്പത്തൂര്‍ തീക്കടി കൊടിയിരി സുരേഷിന്റെ ഭാര്യയാണ്.