തൃശ്ശൂർ: ജീവനുള്ള രണ്ട് ആമകളെ കൈവശം വെച്ചെന്ന കുറ്റത്തിന് വനംവകുപ്പ് കേസെടുത്ത് ആറുമാസം ജയിലിലിട്ട മലവേട സമുദായക്കാരനായ സുരേഷ് (48) കേസ് തീരും മുൻപ്‌ മരിച്ചു.

To advertise here,

വിദ്യാഭ്യാസമോ വരുമാനമോ വീടോ ഇല്ലാത്ത സുരേഷും കുടുംബവും കഴിഞ്ഞിരുന്നത് കുറ്റിക്കാട്ടിലാണ്. സുരേഷ് ജയിലിലായതോടെ അനാഥമായ നാലുമക്കളടങ്ങുന്ന കുടുംബത്തിന്റെ വാർത്ത മാതൃഭൂമിയിലൂടെ അറിഞ്ഞുണ്ടായ സമൂഹ ഇടപെടലിലാണ് ജയിൽ മോചനം സാധ്യമായത്. പിന്നീട് ഇവർക്ക് വാടകവീട് ലഭിച്ചു. ഒരു മാസം മുൻപ്‌ ലൈഫ് മിഷൻ പദ്ധതിയിൽ സ്ഥലവും വീടും ലഭിക്കുന്ന സർട്ടിഫിക്കറ്റും കിട്ടി. സ്വന്തം വീടെന്ന സ്വപ്നം യാഥാർഥ്യമാകാനിരിക്കേയാണ് കൊടുങ്ങല്ലൂരിനടുത്ത പൊക്ലായിയിലെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഏഴു ദിവസം മുൻപ്‌ സുരേഷിനെ കാണാതായിരുന്നു. തുടർന്ന് പോലീസ് അന്വേഷിച്ചു വരവേയാണ് മൃതദേഹം കണ്ടെത്തിയത്.

കേരള സംസ്ഥാന ദളിത് ആദിവാസി ലോയേഴ്സ് ഫോറം പ്രസിഡന്റ് സി.കെ. രാധാകൃഷ്ണനാണ് ഇരിങ്ങാലക്കുട മജിസ്ട്രേട്ട് കോടതിയിൽ ആമക്കേസ് സൗജന്യമായി വാദിക്കുന്നത്. സുരേഷിനോടൊപ്പം പൊക്ലായിയിലെ കുറ്റിക്കാട്ടിൽ മറ്റ് അഞ്ചു മലവേടക്കുടുംബങ്ങളും കഴിഞ്ഞിരുന്നു.

മാതൃഭൂമി വാർത്തയെത്തുടർന്ന് രൂപവത്കരിക്കപ്പെട്ട ജസ്റ്റിസ് ഫോർ മലവേട ക്കുടുംബം എന്ന കൂട്ടായ്മയുടെ ഇടപെടലിലൂടെ ആറു കുടുംബത്തിനും വീടും സ്ഥലവും അനുവദിച്ചുള്ള രേഖ കിട്ടി. കുട്ടികളെ സ്കൂളുകളിൽ അയയ്ക്കാനും സാധിച്ചു. റോജയാണ് സുരേഷിന്റെ ഭാര്യ.