
രണ്ടു പനി മരണങ്ങള്‍ സംഭവിച്ചതോടെ വീണ്ടും കോഴിക്കോടും കേരളവും പകര്‍ച്ചവ്യാധി ഭീഷണിയില്‍ ആഴ്ന്നിരിക്കുകയാണ്. അഞ്ചു പേര്‍ക്ക് നിപ ഇതിനകം സ്ഥിരീകരിക്കപ്പെട്ടു കഴിഞ്ഞു. 789 പേരുടെ സമ്പര്‍ക്കപ്പട്ടികയും പുറത്തുവന്നു. നിപയെന്ന അതിമാരകമായ വൈറസ് രോഗത്തെ നേരിടുന്നതിന് ആരോഗ്യ പ്രവര്‍ത്തകര്‍ ആത്മാര്‍ഥമായി സ്വന്തം ജീവന്‍ പണയപ്പെടുത്തിക്കൊണ്ട് പോരാടുന്ന സന്ദര്‍ഭമാണിത്.
നിപയ്ക്ക് ശേഷം കേരളത്തിലും ലോകത്താകെയും ജനജീവിതത്തെ പിടിച്ചുകുലുക്കിയ കോവിഡ് മഹാമാരിയുടെ മരണനിരക്ക് ഒന്നോ രണ്ടോ ശതമാനമായിരുന്നുവെങ്കില്‍ രോഗം വന്നവരില്‍ 70% പേരും മരിക്കാന്‍ സാധ്യതയുള്ള രോഗമാണ് നിപ വൈറസ്. ഇത്തരത്തിലുള്ള രോഗങ്ങള്‍ വീണ്ടും വീണ്ടും നമ്മുടെ നാട്ടില്‍ ആവര്‍ത്തിച്ച് വരുമ്പോള്‍ എവിടെനിന്ന് തുടങ്ങണം എന്നതിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ അനിവാര്യമായി തീര്‍ന്നിരിക്കുന്നു. ഡെങ്കിപ്പനിയുടെ ആക്രമണം കഴിഞ്ഞ മാസങ്ങളിലും ഉണ്ടായി.
സെപ്റ്റബംര്‍ 23 വരെ ഈ വര്‍ഷം 55 പേര്‍ ഡെങ്കിപ്പനി വന്ന മരിച്ചുവെന്നാണ് ഔദ്യോഗിക കണക്ക്. എലിപ്പനിയും രംഗത്തുണ്ട്. ഡെങ്കിപ്പനി ഒരു കൊതുകുജന്യ രോഗമാണ്. എലിപ്പനി അതിന്റെ പേരില്‍നിന്ന് വ്യക്തമാകുന്നത് പോലെ എലിയുടെ വിസര്‍ജ്യങ്ങള്‍ വെള്ളവുമായി കലരുമ്പോഴുണ്ടാകുന്ന പ്രക്രിയയില്‍ നിന്നാണ് ആരംഭിക്കുന്നത്. നിപ വൈറസ് ആകട്ടെ വവ്വാലുകളുടെ സംഭാവനയാണ്. വവ്വാലുകളുടെ വായില്‍ എല്ലായ്‌പ്പോഴും നിപ വൈറസിന്റെ അംശങ്ങളുണ്ടായേക്കാം. പക്ഷേ, ചില ഘട്ടങ്ങളില്‍ അത് കോടാനുകോടിയായി പെരുകുന്നു. വവ്വാലുകള്‍ ഭക്ഷിച്ച പഴങ്ങള്‍ നാം കഴിക്കുമ്പോഴാണ് മനുഷ്യരിലേക്ക് നിപ വൈറസ് പകരുന്നത് എന്നാണ് ശാസ്ത്രനിഗമനം. ഇത്തരമെല്ലാ രോഗങ്ങളെ ചേര്‍ത്ത് ജന്തുജന്യ രോഗങ്ങള്‍ എന്ന് വിളിക്കാവുന്നതാണ്. ജന്തുജന്യ രോഗങ്ങളെ നിയന്ത്രിക്കാമെങ്കില്‍ സ്വാഭാവികമായും മനുഷ്യനും ജന്തുക്കളും തമ്മില്‍ ഇടകലരുന്നതിന്റെയും എങ്ങനെ മനുഷ്യനും ഇതര മൃഗങ്ങളും തമ്മില്‍ വേര്‍തിരിവ് പാലിക്കണം എന്നതിന്റെയും വ്യക്തമായ നിലപാടുകളിലേക്ക് വിരല്‍ ചൂണ്ടുന്നവയാണ്.
ജന്തുജന്യ രോഗങ്ങള്‍ വര്‍ധിച്ചു വരുന്ന ഈ സാഹചര്യത്തില്‍ മനുഷ്യരെ മാത്രം ചികിത്സിച്ചതുകൊണ്ട് രോഗപ്രതിരോധം ഉണ്ടാക്കാന്‍ സാധിക്കുകയില്ലെന്ന ഡോ. ബി.പത്മകുമാറിനെ പോലുള്ള വിദഗ്ധന്മാര്‍ എഴുതിയത് വളരെ ശരിയാണ്. ലോകാരോഗ്യ സംഘടന ഉയര്‍ത്തിക്കാട്ടിയ വണ്‍ ഹെല്‍ത്ത് എന്ന ആരോഗ്യ സമീപനത്തിന്റെ പ്രസക്തിയിലേക്കും അദ്ദേഹം വിശദമായി പ്രവേശിക്കുന്നുണ്ട്. മൃഗങ്ങള്‍, സസ്യജാലങ്ങള്‍, മനുഷ്യര്‍ എന്നിങ്ങനെയുള്ള പ്രകൃതിയുടെ എല്ലാ അംശങ്ങളിലും ആരോഗ്യകരമായ അംശം ഉണ്ടായാല്‍ മാത്രമേ മനുഷ്യരാശിക്ക് മുന്നോട്ടുവരാന്‍ സാധിക്കൂ.
800 കോടിയിലധികം വരുന്ന മനുഷ്യര്‍ ഇന്ന് ലോകത്തിന്റെ എല്ലാ കോണുകളിലും നിറഞ്ഞിരിക്കുകയാണ്. രോഗം ബാധിച്ച ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് പാലായനം ചെയ്യുക എന്നുള്ളത് ഇനി സാധ്യമല്ല. തൊഴില്‍ തേടിയ യാത്രകളും വിനോദയാത്രകളും വിനോദയാത്ര വ്യവസായവും മനുഷ്യരുടെ നീക്കങ്ങളെ വല്ലാതെ ഇളക്കിമറിച്ചിട്ടുണ്ട്. അതുകൊണ്ട് എന്നെ തൊടരുത് അഥവാ ടച്ച് മി നോട്ട് എന്ന സമീപനം പലപ്പോഴും എടുക്കുക എളുപ്പമല്ല. ഒരു ഭൂപ്രദേശത്തുനിന്ന് ഒഴിവാകുവാനും മറ്റൊരു ഭൂപ്രദേശത്ത് കുടിയേറാനുമുള്ള സാധ്യതകള്‍ ഇന്ന് കുറഞ്ഞുകുറഞ്ഞ് വരികയാണെന്ന് എല്ലാവര്‍ക്കും അറിയാം.
ഈ സന്ദര്‍ഭത്തില്‍ വനവല്ക്കരണത്തിന്റെയും നഗരവത്ക്കരണത്തിന്റെയും പ്രശ്‌നങ്ങളെ കുറിച്ച് വിശദമായും വ്യക്തമായും ചര്‍ച്ച ചെയ്യേണ്ടതുണ്ടെന്ന് ഈ ലേഖകന്‍ കരുതുന്നു. പലരും കരുതുന്നതുപോലെ കേരളത്തിലെ നഗരവത്ക്കരണം വലിയ തോതില്‍ മുന്നോട്ടു കുതിക്കുന്നുണ്ടെങ്കിലും വനനശീകരണം കുറഞ്ഞുവരികയാണ്. കേരളത്തിന്റെ ഭൂവിസ്തൃതിയുടെ ഏതാണ്ട് മൂന്നിലൊന്ന് വനങ്ങള്‍ കയ്യടക്കി കഴിഞ്ഞു. ഈ കോളത്തില്‍ നേരത്തേ എഴുതിയതുപോലെ റബ്ബര്‍ പോലുള്ള വാണിജ്യവിളകള്‍ക്ക് വില കുറഞ്ഞതോടെ നമ്മുടെ വനാതിര്‍ത്തിയോട് ചേര്‍ന്നുകിടക്കുന്ന റബ്ബര്‍ തോട്ടങ്ങള്‍ പതുക്കെ പതുക്കെ വനാസ്ഥയിലേക്ക് നീങ്ങുന്നുമുണ്ട്.
ആരും കടന്നുചെല്ലാത്ത വനാവസ്ഥയിലുള്ള പ്രദേശങ്ങളിലേക്ക് കടന്നുവരാന്‍ മൃഗങ്ങള്‍ക്ക് സ്വതസിദ്ധമായ അവകാശമുണ്ട്. അതവരുടെ പ്രകൃതവുമാണ്. വനംവകുപ്പ് ജണ്ടയിട്ട് തിരിച്ചില്ലെങ്കിലും വന്യമൃഗങ്ങളും ചെറുവന്യമൃഗങ്ങളും അതവരുടെ ആവാസവ്യവസ്ഥയായി കണക്കിലെടുക്കുന്ന സാഹചര്യവും ഇന്ന് കേരളത്തിലുണ്ട്. വനനശീകരണം കൊണ്ടാണ് മൃഗങ്ങള്‍ ഇന്ന് കേരളത്തിലെ ഗ്രാമപ്രദേശങ്ങളിലേക്കും ആവാസകേന്ദ്രങ്ങളിലേക്കും കടന്നുവരുന്നത് എന്നത് പൂര്‍ണമായും ശരിയായ ഒരു നിഗമനമല്ല.
വനങ്ങളിലെ ചൂടു കൂടുകയാണ്. ഈ വര്‍ഷത്തെ കാര്യമെടുക്കാം. ജനുവരി പകുതി മുതല്‍ സൂര്യന്‍ ഉത്തരായനത്തിലേക്ക് കടക്കുന്നു. പിന്നീട് ഭൂമിയുടെ ഉത്തരഗോളത്തില്‍ ചൂടുകാലത്തേക്കുള്ള നടത്തം ആരംഭിക്കുകയാണ്. പക്ഷേ, അതിന്റെ മൂര്‍ധന്യഘട്ടത്തിലേക്ക് എത്തുമ്പോള്‍ കേരളത്തില്‍ തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം കടന്നുവരുന്നു. ജൂണ്‍-ജൂലായ് ഓഗസ്റ്റ് മാസത്തില്‍ പെരുമഴ പെയ്യുന്നു. കേരളം തണുക്കുന്നതോടൊപ്പം വനങ്ങളും തണുത്ത് കുതിരുന്നു. പക്ഷേ ഈ വര്‍ഷം അതുണ്ടായോ?
കര്‍ക്കിടകത്തില്‍ പത്തുവെയില്‍ എന്നതാണ് പഴമൊഴി. പക്ഷേ, ഈ വര്‍ഷം കര്‍ക്കിടക മാസത്തില്‍ പത്തുമഴ പോലും ഉണ്ടായില്ല. കഠിനമായ ചൂടാണ് ജൂലായ്, ഓഗസ്റ്റ് മാസങ്ങളില്‍ വരുന്ന കര്‍ക്കിടക മാസത്തില്‍ ഈ വര്‍ഷം ഉണ്ടായത്. നമ്മുടെ തിരുവാതിര ഞാറ്റുവേല പോലു അതീവ ദുര്‍ബലമായിരുന്നു. ചൂടുളള മഴക്കാലമെന്ന് ഈ വര്‍ഷത്തെ മണ്‍സൂണ്‍ കാലത്തെ വിളിക്കാം. ഇടയ്ക്കിടെ മഴ പെയ്തതുകൊണ്ട് വനങ്ങള്‍ക്ക് തീപിടിച്ചില്ല എങ്കിലും വനത്തിലെ താപനില എത്രയാണ് എന്ന് കൃത്യമായി നാം കണക്കാക്കുന്നുമില്ല. വനങ്ങളില്‍ ക്യാമറ വെക്കുന്നതോടൊപ്പം വനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള താപനില അളക്കുന്നതിന് വേണ്ട സംവിധാനങ്ങള്‍ ഒരുക്കേണ്ടത് ഇന്ന് അത്യാവശ്യമായി തീര്‍ന്നിരിക്കുകയാണ്. വര്‍ധിച്ചുവന്ന വനത്തില്‍ വെള്ളത്തിന് ബുദ്ധിമുട്ടുണ്ടാകുമ്പോള്‍ പുതിയ വനാവസ്ഥയിലേക്ക് വന്ന പ്രദേശങ്ങളിലേക്കും നാട്ടിന്‍പുറത്തേക്കും മൃഗങ്ങള്‍ കടന്നുവരുന്നുവെന്നതും നേരാണ്.
അവിടംകൊണ്ടു മാത്രം പ്രശ്‌നം തീരുന്നില്ല. മനുഷ്യരുടെ വനത്തിലേക്കുളള പോക്കും ഒരു പ്രധാനപ്പെട്ട ചര്‍ച്ചാവിഷയമാകേണ്ടതുണ്ട്. നഗരവത്ക്കരണത്തിന്റെ വീര്‍പ്പുമുട്ടലില്‍നിന്ന്, ഭ്രാന്ത് പിടിക്കുന്ന ജനക്കൂട്ടങ്ങളില്‍നിന്ന് (far from the madding crowd) ആളുകള്‍ വനാവസ്ഥ നിലനില്‍ക്കുന്ന പരപ്രദേശങ്ങളിലേക്ക് യാത്ര ചെയ്യുന്നു. കാല്‍നടയായും സാഹസികമായും യാത്ര ചെയ്യുന്നവരും അതില്‍ ഉള്‍പ്പെടുന്നുണ്ട്, പക്ഷേ, വനാന്തരങ്ങളിലേക്ക് വാഹനങ്ങളില്‍ കടന്നുചെല്ലുന്നവര്‍ രണ്ടു കാര്യങ്ങളാണ് ചെയ്യുന്നത്. ഒന്ന്, വനത്തിന് പുറത്തുള്ള മാലിന്യങ്ങള്‍ അവിടെയെത്തിക്കുന്നു. നമ്മുടെ കൈവശമുള്ള രോഗാണുക്കളെ അവിടെ വിതരണം ചെയ്യുന്നു. അതിലുമുപരി തിരിച്ചുവരുമ്പോള്‍ അവിടെ നിന്നുളള വൈറസുകളെ വനത്തിന് പുറത്തേക്ക് കടത്തുന്നു. ഇത്തരമൊരു ചിന്ത വനസഞ്ചാരികള്‍ക്കോ അതിനെ പ്രോത്സാഹിപ്പിക്കുന്ന വന നിയമപാലകര്‍ക്കോ ഇല്ലെന്നുള്ളതാണ് യാഥാര്‍ഥ്യം.
വനങ്ങളുമായി അവിടെ താമസിക്കുന്ന ആദിവാസി ഗോത്രങ്ങളും കാലാകാലമായി കൃഷി ചെയ്തു ജീവിക്കുന്ന കര്‍ഷകരും ഒഴികെയുള്ളവര്‍ ബന്ധപ്പെടുമ്പോള്‍ കൃത്യമായ കൈയകലം പാലിക്കേണ്ടതായിട്ടുണ്ട്. ആര്‍ക്കും എപ്പോഴും ഓടിച്ചെന്നു കയറാവുന്ന സ്ഥലങ്ങളാകരുത് വനങ്ങള്‍. നിപ വൈറസ് ആദ്യം കണ്ടെത്തിയ പേരാമ്പ്രയും ഇപ്പോള്‍ വന്ന മരുതോങ്കരയും കോഴിക്കോട്ടെ വനമേഖലയില്‍ വളരെ അടുത്തുകിടക്കുന്ന പ്രദേശങ്ങളാണ് എന്ന് നമുക്കറിയാം. എങ്ങനെയാണ് ഈ വനയോരമേഖലകളില്‍ നിപ വൈറസ് വന്നത് എന്നതിനെ കുറിച്ച് വ്യക്തമായ അറിവുകള്‍ ഇപ്പോഴും കിട്ടുന്നില്ലെങ്കില്‍ പോലും വനങ്ങളിലേക്ക് യഥേഷ്ടം കടന്നുചെന്ന് തിരിച്ചുവരുന്ന ആളുകളില്‍നിന്ന് തന്നെയാകാം അത് നമുക്ക് ലഭിച്ചത്. അതല്ലെങ്കില്‍ വനത്തിലെ പാരിസ്ഥിതിക സമ്മര്‍ദം കൊണ്ട് പ്രത്യേകിച്ചും വര്‍ധിച്ച ചൂടുകൊണ്ട് വനാവസ്ഥയിലുള്ള നാട്ടിന്‍പുറങ്ങളിലേക്ക് കടന്നുവന്ന വവ്വാലുകള്‍ കൊണ്ടുവന്നവയും ആകാം ഈ വൈറസുകള്‍.
എന്തായാലും വിദഗ്ധന്മാര്‍ ചൂണ്ടിക്കാണിക്കുന്നത് പോലെ മൃഗജന്യരോഗങ്ങള്‍ കേരളത്തിലെ ആവാസവ്യവസ്ഥയെ പിടിച്ചുലച്ചിരിക്കുകയാണ്. 2007-ല്‍ പൊട്ടിപുറപ്പെട്ട ചിക്കുന്‍ഗുനിയക്ക് മുമ്പ്, ഏതാണ്ട് അതേകാലത്ത് നാം പരിചയപ്പെട്ട ഡെങ്കിപ്പനിക്ക് മുമ്പ് പനി മരണം എന്നത് കേരളത്തില്‍ അത്യപൂര്‍വമായിരുന്നു. ആരോഗ്യ വിദഗ്ധരാകട്ടേ, ഇനി പകര്‍ച്ചവ്യാധികൾ ഉണ്ടാകുകയില്ല മറിച്ച് പകര്‍ച്ചവ്യാധി ഇതരമാണ് (നോണ്‍ കണ്ടേജിയസ് ഡിസീസ്) കേരളം നേരിടുന്ന മുഖ്യപ്രശ്‌നമെന്നും വിലയിരുത്തി. ക്യാന്‍സര്‍, കരള്‍ രോഗങ്ങള്‍ തുടങ്ങിയ രോഗങ്ങളിലാകണം നമ്മുടെ ശ്രദ്ധയെന്നും പകര്‍ച്ചവ്യാധികളെ നാം ഉന്മൂലനം ചെയ്തുവെന്നും അതിന്റെ ഗൗരവം അറിഞ്ഞോ അറിയാതെയോ നാം വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തു.
പക്ഷേ, പതിനഞ്ചു വര്‍ഷക്കാലമായി ആഗോളതലത്തില്‍ വന്ന, കോവിഡിന് പുറമേയുള്ള നിരവധി രോഗങ്ങള്‍ പനി മരണങ്ങള്‍ എന്ന നിലയ്ക്കുതന്നെ കേരളത്തിന്റെ പ്രസിദ്ധമായ ആരോഗ്യ മോഡലിനെ വെല്ലുവിളിച്ചിരിക്കുന്നു. ആത്മാര്‍ഥതയുള്ള ഡോക്ടര്‍മാരും നഴ്‌സുമാരും ആരോഗ്യപ്രവര്‍ത്തകരും നമ്മുടെ കൈമുതലാണ്. നിപ വന്ന സന്ദര്ഡഭത്തില്‍ നമ്മുടെ ആരോഗ്യമന്ത്രിമാര്‍ അവിടെ ഓടിയെത്തിയതും തീര്‍ച്ചയായും ശ്ലാഘനീയം തന്നെ പക്ഷേ, അത്തരം പ്രവര്‍ത്തനങ്ങള്‍ കൊണ്ടുമാത്രം പകര്‍ച്ചവ്യാധികളെ നേരിടാം എന്നുകരുതരുത്. പ്രതിരോധമാണ് ചികിത്സയേക്കാള്‍ പ്രധാനം എന്ന പ്രസിദ്ധമായ ആപ്തവാക്യം ഇക്കാര്യത്തില്‍ ഏറെ പ്രസക്തമാണ്. വനംവകുപ്പും ആരോഗ്യവകുപ്പും മൃഗസംരക്ഷണ വകുപ്പും ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കണമെന്ന് നാം പറയാറുണ്ടെങ്കിലും അടിയന്തരഘട്ടം കഴിയുമ്പോള്‍ അവരെല്ലാം പ്രത്യേക പ്രത്യേക കള്ളികളിലേക്ക് മടങ്ങിപ്പോകാറാണ് പതിവ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ഈ മൂന്നു വകുപ്പുകളെയും ഏകോപിപ്പിക്കാന്‍ കഴിയുന്നതാണ്.
വനംവകുപ്പിന് പുറത്ത് തദ്ദേശസ്ഥാപനങ്ങള്‍ക്ക് അധികാരങ്ങള്‍ കുറവാണെങ്കിലും ആരോഗ്യകാര്യങ്ങളില്‍ അവരെ സംയോജിപ്പിക്കാനുള്ള പ്രത്യേക അവകാശങ്ങള്‍ പഞ്ചായത്തുകള്‍ക്ക് നല്‍കേണ്ടതാണെന്ന് ഈ ലേഖകന്‍ കരുതുന്നു. വനാതിര്‍ത്തിയോട് ചേര്‍ന്നുകിടക്കുന്ന പഞ്ചായത്തുകളിലെ ആരോഗ്യ പ്രവര്‍ത്തകരും മൃഗാരോഗ്യ പ്രവര്‍ത്തകരും വനംവകുപ്പിലെ ഉദ്യോഗസ്ഥന്മാരും വനപാലകരും അതത് പ്രദേശത്ത് ഒരുമിച്ചിരുന്നേ മതിയാകൂ. അങ്ങനെ ഒരുമിച്ചിരിക്കണം എന്ന തീരുമാനം കേന്ദ്ര-സംസ്ഥാന തലത്തില്‍ എടുക്കുകയും അവര്‍ക്കുവേണ്ട നയപരമായ നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്താല്‍ ഇവരുടെ സംയോജനം എളുപ്പത്തില്‍ നടക്കും. ഓരോ ഗ്രാമപഞ്ചായത്തുകളും ഇത്തരത്തിലുള്ള പൊതുജനാരോഗ്യ- പ്രത്യേകിച്ചും ജന്തുജന്യ രോഗ പ്രതിരോധ- സംവിധാനങ്ങള്‍ ജനകീയമായിതന്നെ ഉരുത്തിരിച്ചെടുക്കാന്‍ കേരളത്തിന് കഴിയണം. തീര്‍ച്ചയായും കേരളത്തിന് അത് സാധിക്കും.
ഇവിടെ രാഷ്ട്രീയ പാര്‍ട്ടികളും സമുദായ സംഘടനകളും എന്നു മാത്രമല്ല, എല്ലാത്തരത്തിലുമുള്ള സംഘടനാ സംവിധാനങ്ങളെയും ഉപയോഗിക്കാവുന്നതാണ്. പക്ഷേ, ചിലപൊതു നിഗമനങ്ങളിലേക്ക്, പൊതുതീരുമാനങ്ങളിലേക്ക് നാം എത്തേണ്ടതായിട്ടുണ്ട്. കാട്ടുപോത്തുകള്‍ വീട്ടുമുറ്റത്തുവന്ന് മനുഷ്യനെ ഇടിച്ചുകൊല്ലുന്ന സംഭവങ്ങള്‍ ഏതാനും മാസങ്ങള്‍ക്ക് മുമ്പുണ്ടായി. റബ്ബര്‍ വെട്ടാന്‍ വന്ന തൊഴിലാളിയെ കണ്ണിറുക്കി കാണിച്ചുപോയ കടുവയുടെ കഥയും നമുക്കറിയാം. എങ്ങനെ ഇത്തരം പ്രദേശങ്ങളില്‍ ജീവിക്കണംഎന്നത് വലിയ പ്രശ്‌നമായി നില്‍ക്കുമ്പോള്‍ അവിടെനിന്ന് ഉത്ഭവിക്കുന്ന രോഗങ്ങള്‍ കൊണ്ട് എങ്ങനെ മരിക്കാതിരിക്കണം എന്നു ചിന്തിക്കുന്ന അവസ്ഥയാണ് നിലവിൽ കേരളത്തിലുള്ളത്.
നിപ വൈറസ് വന്ന് മരിച്ചവര്‍ക്ക് വലിയ നഷ്ടപരിഹാരം നല്‍കേണ്ടതായിട്ടുണ്ട്. അത് ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും പ്രതിഫലം എന്ന നിലയില്‍ അല്ലെങ്കിലും ഒരു അംഗീകാരമെന്ന നിലയില്‍ ഗുഡ് സര്‍ട്ടിഫിക്കറ്റ് എന്‍ട്രി മുതല്‍ പ്രത്യേക സമ്മാനങ്ങള്‍ വരെ നല്‍കണം. എന്തായാലും നിപ കേരളത്തില്‍ ഒരിക്കല്‍ മാത്രം വരുന്ന അപകടകാരിയായ വിരുന്നകാരനല്ല എന്ന് വ്യക്തമായിക്കഴിഞ്ഞു. കോവിഡിന് വാക്‌സിന്‍ ഉണ്ടായതുകൊണ്ട് നമുക്ക് അല്പം ആശ്വാസമുണ്ട്. അക്കാര്യത്തില്‍ നിപയ്ക്കും അതുപോലുള്ള അപായകരമായ രോഗങ്ങള്‍ക്കും വാക്‌സിന്‍ ഉണ്ടാക്കേണ്ടത് നമ്മുടെ ശാസ്ത്രലോകത്തെ വെല്ലുവിളിയാണ്. കോവിഡ് ലോകത്തെമ്പാടും ഉണ്ടായതുകൊണ്ട് ലോകം വേഗത്തില്‍ വാക്‌സിനിലേക്ക് തിരിഞ്ഞു.
ലോകത്തിന്റെ വാക്‌സിന്‍ ഫാക്ടറിയാണ് ഇന്ത്യ. നമ്മുടെ ശാസ്ത്രജ്ഞന്മാരുടെ ശ്രദ്ധയും അവരെ നയിക്കുന്ന സര്‍ക്കാരിന്റെ നിര്‍ദേശങ്ങളും നിപയ്ക്ക് കൂടി ഒരു വാക്‌സിന്‍ കണ്ടെത്തുന്നതിലേക്ക് തിരിയേണ്ടതുണ്ട്. നമുക്ക് ഒന്നിച്ചുനില്‍ക്കാം ഒന്നിച്ചു ചെറുക്കാം. ഏതപായത്തേയും നേരിടാന്‍ മനുഷ്യനും മനുഷ്യചിന്തയുടെ ഉല്പന്നമായ ശാസ്ത്രത്തിനും സാധിക്കുമെന്ന് പ്രതീക്ഷിക്കാം.
Content Highlights: nipah outbreak 2023, Prathibhashanam, CP John Column, Kerala Model
Published: 14 Sept 2023, 02:30 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented