വിക്കി മീഡിയന്‍ ഓഫ് ദ ഇയര്‍ നേടിയ ആദ്യ മലയാളി; വിക്കിപീഡിയയില്‍ എഴുത്ത് ഹരമാണ് നേതയ്ക്ക്


ബിജു രാഘവന്‍ | bijuraghavan@mpp.co.inഇന്റര്‍നെറ്റിലൊരു കാര്യം തിരഞ്ഞാല്‍ മണിമണി പോലെ ഉത്തരങ്ങള്‍ വിളമ്പുന്ന വിക്കിപീഡിയ പേജുകള്‍ക്ക് പിന്നിലെ മലയാളികളില്‍ ഒരാള്‍. 2021ല്‍ വിക്കിമീഡിയ ഫൗണ്ടേഷന്റെ ഹോണറബിള്‍ മെന്‍ഷന്‍ പുരസ്‌കാരം നേടിയ നേത ഹുസൈന്‍. സ്വീഡനിലെ ഗോഥന്‍ബര്‍ഗ് നഗരത്തിലിരുന്ന് ലോകത്തിന്റെ സ്വതന്ത്ര സര്‍വവിജ്ഞാന കോശ ഉള്ളറകളിലൂടെ ആനന്ദത്തോടെ സഞ്ചരിക്കുന്ന നേതയെ പരിചയപ്പെടാം ഈ സംഭാഷണത്തില്‍

Premium

Photo: commons.wikimedia.org/wiki/Category:Netha_Hussain

മ്മന്തി... ഗൂഗിളില്‍ വെറുതെ ഇങ്ങനെയൊന്ന് പരതി നോക്കിയാല്‍ തന്നെ ചമ്മന്തികള്‍ തരാതരംപോലെ സ്‌ക്രീനിലേക്ക് കയറിവരും. ചമ്മന്തിയാണെ സത്യം, അതിലാദ്യത്തെ ചമ്മന്തിപ്പേജുകളിലൊന്ന് തുറക്കുന്നത് വിക്കിപീഡിയ ആവുമെന്നത് ഉറപ്പാണ്. ലോകത്തെ സര്‍വവിജ്ഞാനങ്ങളും ചമ്മന്തി രൂപത്തില്‍ അരച്ചുവെച്ച് ആവശ്യക്കാര്‍ക്കായി വിളമ്പിത്തരുന്ന വിക്കിപീഡിയ പേജുകള്‍ക്ക് പിന്നിലെ മലയാളികളില്‍ ഒരാള്‍, കോഴിക്കോട് കൂടരഞ്ഞിയില്‍ ജനിച്ച്, അങ്ങ് സ്വീഡനില്‍ ഡോക്ടറായി ജോലി ചെയ്യുന്ന നേത ഹുസൈന്‍. ലോകത്തെ അറിയപ്പെടുന്ന വീക്കിപീഡിയനുകളിലൊരാളാണ് ഈ മലയാളിഡോക്ടര്‍. നേതയ്ക്ക് രോഗികളോളം പ്രിയംതന്നെയാണ് വിജ്ഞാനങ്ങള്‍ തേടിയുള്ള യാത്രയും. പുതിയ പുതിയ വിഷയങ്ങള്‍ കണ്ടെത്തുകയും അത് ലോകത്തിന്റെ വിരല്‍ത്തുമ്പിലേക്ക് പാകത്തിന് വിവരങ്ങള്‍ ചേര്‍ത്ത് രുചിയുള്ള ചമ്മന്തിപോലെ അരച്ചെടുത്ത് വിളമ്പുകയും ചെയ്യുന്നതില്‍ ആവേശം കണ്ടെത്തുകയാണ് ഈ മലയാളി ഡോക്ടര്‍. ഇന്റര്‍നെറ്റിലുള്ള സ്വതന്ത്ര സര്‍വവിജ്ഞാനകോശമായ വിക്കിപീഡിയയുടെ പിന്നിലുള്ള പ്രധാനപ്പെട്ട എഴുത്തുകാരിലൊരാളെന്ന് ലോകം വിളിക്കുന്ന പേരുകാരിലൊരാളാണ് നേത. ഇംഗ്ലീഷിലും മലയാളത്തിലും അവര്‍ ഇതുവരെ എഴുതിയത് നൂറുകണക്കിന് ലേഖനങ്ങളാണ്. ഇപ്പോള്‍ സ്വീഡിഷ് വിക്കിപീഡിയയിലുമുണ്ട് നിത ഹുസൈന് പിടിപാട്.

'സ്വീഡനില്‍ ഡോക്ടറായി ജോലി ചെയ്യാന്‍ സ്വീഡിഷ് ഭാഷ പഠിക്കണം. അങ്ങനെ പഠിച്ചപ്പോഴാണ് സ്വീഡിഷ് വിക്കിപീഡിയയിലും എഴുതാന്‍ തുടങ്ങുന്നത്. വിക്കിപീഡിയ എഴുത്തൊരു ലഹരിയാണ്. ഒരുപാട് കാലമായി അനുഭവിക്കുന്ന ആനന്ദം...' സ്വീഡനിലെ ഗോഥന്‍ബര്‍ഗിലിരുന്ന് ക്രിസ്മസ് ദിനത്തിലെ പ്രഭാതത്തില്‍ നേത സന്തോഷത്തോടെ സംസാരിച്ചു. എഴുന്നുറോളം മലയാളികള്‍ ജോലിചെയ്ത് താമസിക്കുന്ന നഗരമാണ് ഗോഥന്‍ബര്‍ഗ്. വോള്‍വോ കമ്പനിയുടെ ഹെഡ് ക്വാര്‍ട്ടേഴ്സ് സ്ഥിതി ചെയ്യുന്ന പട്ടണം. എന്‍ജിനീയറിങ് ജോലിക്കായി കേരളത്തില്‍നിന്നെത്തിയ പലരും ഈ പട്ടണത്തിലുള്ളതുകൊണ്ടുതന്നെ പുറത്തിറങ്ങിയാല്‍ കേരളത്തിന്റെ ചെറിയൊരു പതിപ്പ് അനുഭവിക്കാമെന്നതാണ് നേതയുടെ ഇപ്പോഴത്തെ സന്തോഷം. അവരുടെ സംസാരം മലയാളിയില്‍നിന്ന് വീണ്ടും വിക്കിപീഡിയയിലേക്ക് കയറിപ്പോയി.

'വിക്കിപീഡിയയില്‍ നമ്മള്‍ എഴുതുന്നത് ലോകത്തിന്റെ പല കോണുകളില്‍നിന്നുള്ള ഒരുപാടാളുകള്‍ വായിക്കുന്നത് തന്നെയാണ് ഇതില്‍നിന്ന് കിട്ടുന്ന ഏറ്റവും വലിയ ആനന്ദം. കോവിഡിനെക്കുറിച്ച് ഞാന്‍ എഴുതിയ ലേഖനം പത്ത് ലക്ഷത്തിലധികമാളുകള്‍ വായിച്ചു. വേറെന്ത് ജോലി ചെയ്താലും ഇത്രയധികം ആളുകളിലേക്ക് എത്താന്‍ പറ്റില്ല. വിക്കിപീഡിയയിലേ എനിക്കീ റീച്ച് കിട്ടൂ. ഈ എഴുത്ത് വായിക്കുന്നതിന്റെ എത്രയോ ഇരട്ടി ആളുകള്‍ ഞാനെഴുതിയത് പലരീതിയില്‍ ഉപയോഗപ്പെടുത്തുന്നുണ്ട്. വീഡിയോ കണ്ടന്റിനുവേണ്ടി, റെഫറന്‍സിനുവേണ്ടി... അങ്ങനെ പലതരത്തില്‍. അലക്സയോട് കോവിഡിനെക്കുറിച്ച് ചോദിച്ചാല്‍ അത് തരുന്ന ഉത്തരത്തിന്റെ ഒരു ഭാഗം ചിലപ്പോള്‍ ഞാനെഴുതിയത് ആയിരിക്കുമെന്നതില്‍ പരമൊരു സന്തോഷം വേറെയുണ്ടോ... ഒരുപാടാളുകള്‍ അവരുടെ ജീവിതത്തിലെ പ്രധാന തീരുമാനങ്ങളെടുക്കുന്നത് നമ്മള്‍ എഴുതിയ വിജ്ഞാനസ്രോതസ്സിലെ വിവരങ്ങള്‍ കൂടെ ഉപയോഗിച്ചുകൊണ്ടാണ്. ജീവിതത്തിലൊരിക്കലും നമ്മള്‍ കാണാന്‍ സാധ്യതയില്ലാത്ത ആളുകള്‍ക്ക് നമ്മുടെ കണ്ടന്റ് കൊണ്ട് ഉപകാരം ഉണ്ടാവുന്നത് അനുഭവിച്ചറിയാന്‍ കഴിയുന്നത് ചെറിയ കാര്യമല്ലല്ലോ.'

ഇങ്ങനെ വിക്കിപീഡിയ നേതയ്ക്ക് ഒരു ഹരമായി മാറുന്നത് എന്നുമുതലാണ്?

2010ലാണ് ആദ്യമായി വിക്കിപീഡിയ എഡിറ്റ് ചെയ്യുന്നത്. അന്ന് ഞാന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വിദ്യാര്‍ത്ഥിയായിരുന്നു. അന്ന് മലയാളം, ഇംഗ്ലീഷ് ബ്ലോഗുകളൊക്കെ വായിക്കുമായിരുന്നെങ്കിലും എഴുതാന്‍ പേടിയായിരുന്നു. ഒരു ദിവസം ഞാന്‍ ചമ്മന്തിയെക്കുറിച്ചൊരു ലേഖനം വിക്കിപീഡിയയില്‍ തിരഞ്ഞു. ഇംഗ്ലീഷില്‍ ചട്നി എന്നൊക്കെ പറഞ്ഞ് ലേഖനങ്ങളുണ്ടെങ്കിലും മലയാളത്തില്‍ യാതൊരു വിവരങ്ങളുമില്ല. അപ്പോള്‍ പിന്നെ പ്രാഥമികമായ കുറച്ച് വിവരങ്ങളെങ്കിലും ചമ്മന്തിയെക്കുറിച്ച് എഴുതിച്ചേര്‍ക്കാമെന്നുതോന്നി. അങ്ങനെ ഒരു പാരഗ്രാഫ് മാത്രമേ അന്ന് എഴുതിയിട്ടുള്ളു. പിന്നീട് മലയാളം വിക്കീപീഡിയയില്‍ തന്നെ വേറെ സന്നദ്ധ സേവകര്‍ വന്നിട്ട് ആ ലേഖനം കുറെക്കൂടി വിപുലീകരിച്ചു. അതില്‍ ചിത്രങ്ങള്‍ ചേര്‍ത്തു. രണ്ടുദിവസം കഴിഞ്ഞ് ഞാന്‍ ആ ലേഖനത്തിലേക്ക് തിരിച്ചുപോയി നോക്കുമ്പോള്‍ ഞാന്‍ അരച്ച ചമ്മന്തിയുടെ രുചികൂടിയിട്ടുണ്ടെന്ന് കണ്ടതോടെ സന്തോഷമേറി. ഒരുപാട് പേര്‍ ചേര്‍ന്നൊരു ലേഖനം എഴുതി അത് നല്ല നിലവാരത്തിലെത്തിക്കുന്നത് പുതിയൊരു അനുഭവമായിരുന്നു.
പിന്നീട് ഞാന്‍ കൂടുതലും ശ്രദ്ധിച്ചത് മെഡിക്കല്‍ സംബന്ധമായ ലേഖനങ്ങള്‍ എഴുതാനായിരുന്നു. മലയാളം വിക്കിപീഡിയയില്‍ പ്രാഥമികമായ അസുഖങ്ങളെക്കുറിച്ചുള്ള ലേഖനങ്ങള്‍ പോലും അന്ന് ലഭ്യമായിരുന്നില്ല. മെഡിക്കല്‍ കോളേജില്‍ അധ്യാപകര്‍ പുതിയൊരു കാര്യം പഠിപ്പിച്ചാല്‍ ഞാന്‍ നേരെ വിക്കിപീഡിയയില്‍ വന്ന് നോക്കും. അവിടെ ഇതേക്കുറിച്ച് വിവരങ്ങള്‍ ഒന്നുമില്ലെങ്കില്‍ അതിനൊരു അവലംബം (സൈറ്റേഷന്‍) വെച്ചിട്ട് എഴുതും. ഇതിലൂടെ എനിക്ക് മെഡിസിന്‍ പഠിക്കാനുമായി. പഠിച്ച കാര്യങ്ങളൊക്കെ വിക്കിപീഡിയയില്‍ ചേര്‍ക്കാനുമായി.

ശരിക്കും ഒരു ചെടി നടുന്നപോലെല്ലേ വിക്കിപീഡിയ എഴുത്ത്. ചിലര്‍ നടുന്നു. മറ്റ് ചിലര്‍ വെള്ളമൊഴിക്കുന്നു, ഇതൊന്നുമല്ലാത്ത ചിലര്‍ വന്ന് വളമിടുന്നു. അങ്ങനെ പലര്‍ ചേര്‍ന്ന് വളര്‍ത്തിയെടുക്കുന്ന അറിവിന്റെ ചെടി...

അതേ. അങ്ങനെ കൂട്ടായ്മയുടെ ഒരു സുഖമുണ്ട്. ചെറിയ രീതിയില്‍ എഴുതിത്തന്നെയാണ് മിക്കവരും വളര്‍ന്നുവരുന്നത്. ഒരാള്‍ എഴുതിത്തുടങ്ങിയ ലേഖനം മറ്റ് വളണ്ടിയര്‍മാര്‍ വന്നിട്ട് വികസിപ്പിക്കും. ഈയൊരു ഒത്തൊരുമയും ഐക്യവും കാണുമ്പോള്‍ നമുക്കിതില്‍ കൂടുതല്‍ സന്തോഷം കൈവരും. ഇംഗ്ലീഷ് വിക്കിപീഡിയയില്‍ ഞാന്‍ 300 ലേഖനങ്ങള്‍ തുടങ്ങി വെച്ചിട്ടുണ്ടാവും. അതിലേറെ ലേഖനങ്ങള്‍ വികസിപ്പിച്ചിട്ടുമുണ്ട്. തുടങ്ങുക എന്നാല്‍ ആദ്യത്തെ കുറച്ച് ഭാഗങ്ങള്‍ എഴുതി ഇടുക എന്നേ ഉദ്ദേശിക്കുന്നുള്ളു. മലയാളത്തിലും 300 ഓളം ലേഖനങ്ങള്‍ തുടങ്ങിയിട്ടുണ്ട്. സ്വീഡിഷ് വിക്കിപീഡിയയിലും ചില ലേഖനങ്ങള്‍ വികസിപ്പിച്ച് എഴുതി.

സ്വീഡനിലെ ജീവിതം വിക്കിപീഡിയ എഴുത്തിനെ എങ്ങനെയൊക്കെ പരിപോഷിപ്പിക്കുന്നുണ്ട്

2016-ലാണ് ഞാന്‍ സ്വീഡനിലേക്ക് വരുന്നത്. ഭര്‍ത്താവ് ഇവിടെയുള്ള യൂണിവേഴ്സിറ്റിയില്‍ ഫൈവ്ജി കമ്യൂണിക്കേഷനെക്കുറിച്ച് പി.എച്ച്.ഡി. ചെയ്യുകയായിരുന്നു. ആ സമയത്ത് ഞാന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഹൗസ് സര്‍ജനായിരുന്നു. അത് കഴിഞ്ഞ ശേഷമാണ് കല്യാണം. എനിക്ക് ഈ രാജ്യത്തേക്ക് വരാന്‍ ഇഷ്ടമായിരുന്നു. അതേസമയം തന്നെ ഇവിടെ എന്തെങ്കിലും ജോലിയും നോക്കണമല്ലോ. ഇവിടുത്തെ ഭാഷ പഠിച്ചെടുത്താലേ ഡോക്ടറായി വര്‍ക്ക് ചെയ്യാന്‍ പറ്റൂ. എനിക്ക് ഗവേഷണത്തോട് നല്ല താത്പര്യമുണ്ട്. പല ലേഖനങ്ങളും പല സ്ഥലത്തുനിന്നും വായിക്കുന്നതും ഗവേഷണ പ്രബന്ധമൊക്കെ ഉണ്ടാക്കുന്നതും താത്പര്യമുള്ള കാര്യമായിരുന്നു. അങ്ങനെയാണ് ഞാനിവിടെ പി.എച്ച്.ഡിക്ക് അപേക്ഷിക്കുന്നത്. ഗോഥന്‍ബര്‍ഗ് യൂണിവേഴ്സിറ്റിയില്‍ ന്യൂറോ സയന്‍സിലായിരുന്നു എന്റെ ഗവേഷണം. 2016 മുതല്‍ 2020 വരെ പി.എച്ച്.ഡി. ചെയ്തു. അതിനുശേഷമാണ് ക്ലിനിക്കില്‍ ചെന്ന് ജോലി തുടങ്ങിയത്. റേഡിയോളജി വിഭാഗത്തില്‍ ഡോക്ടറാണ്. ഇപ്പോള്‍ വര്‍ഷത്തില്‍ മൂന്ന് നാല് മാസം ഗവേഷണം ചെയ്യും. ബാക്കി സമയം ക്ലിനിക്കിലെ ജോലിയും വിക്കിപീഡിയ എഴുത്തും.

മെഡിക്കല്‍ പ്രൊഫഷണില്‍ ജോലി ചെയ്യുന്നവര്‍ വിക്കിപീഡിയയില്‍ അധികമുണ്ടോ?

കുറച്ചുപേരെയുള്ളൂ. അതിനൊരു പ്രധാനകാരണം ഡോക്ടര്‍ ജോലി തന്നെ വളരെ സമ്മര്‍ദമേറിയതാണെന്നതാണ്. ഓവര്‍ടൈം വര്‍ക്ക് കാണും. വൈകുന്നേരത്തെ ഡ്യൂട്ടിയുണ്ടാവും. ഒരുപാട് കാര്യങ്ങള്‍ ജോലിയില്‍നിന്ന് തന്നെ പഠിക്കാനുമുണ്ട്. വളരെ കൃത്യതയോടെ ചെയ്യേണ്ട ജോലിയാണ്. റേഡിയോളജിയൊക്കെ ആവുമ്പോള്‍ എമര്‍ജന്‍സി ഒക്കെയായിട്ടാവും പലതും ചെയ്യാനുണ്ടാവുക. ഈ സമ്മര്‍ദത്തിന്റെയെല്ലാം കൂടെ മറ്റൊരു ഹോബി കൂടെ വികസിപ്പിച്ച് കൊണ്ടുവരാനുള്ള സമയം പല ഡോക്ടര്‍മാര്‍ക്കും കാണാറില്ല. നല്ല രീതിയില്‍ ശമ്പളം കിട്ടുന്ന ജോലിയാണ്. അതുകൊണ്ട് ഒഴിവ് സമയം കിട്ടിയാല്‍ മിക്കവരും ആദ്യം ചിന്തിക്കുക ഓവര്‍ടൈം ചെയ്തിട്ട് കുറച്ചുകൂടെ ശമ്പളം കൂട്ടി വാങ്ങാം, അല്ലെങ്കില്‍ രോഗികളെ സഹായിക്കാം എന്നൊക്കെയാവും. എന്നാലിതൊന്നുമല്ലാതെ കിട്ടുന്ന സമയത്ത് വിക്കിപീഡിയയില്‍ എഴുതുക എന്നതൊരു ഹരമായിട്ട് കൊണ്ടുനടക്കുന്നവര്‍ എന്നേപ്പോലെ കുറച്ചുപേരെയുണ്ടാവുള്ളൂ.

ഫിക്ഷന്‍ എഴുതുന്നതുപോലെയോ യുട്യൂബ്, ഇന്‍സ്റ്റഗ്രാം വീഡിയോ ചെയ്യുന്നതുപോലെയോ ഉള്ളൊരു സന്തോഷം വിക്കിപീഡിയ എഴുത്തില്‍നിന്ന് കിട്ടുന്നുണ്ടോ?

പണ്ട് സ്‌കൂളില്‍ പഠിക്കുമ്പോഴേ ക്രിയേറ്റീവ് റൈറ്റിങ് കോമ്പറ്റീഷേനൊക്കെ പോയിട്ടുണ്ട് ഞാന്‍. കഥ എഴുതും കവിത എഴുതും. പക്ഷേ എന്‍സൈക്ലോപീഡിയ എഴുതുക എന്നതൊരു അവസരമായിട്ടൊന്നും അന്നാരും കണ്ടിട്ടില്ല. ഇപ്പോഴാണെങ്കില്‍ സ്വയം പ്രകാശനത്തിനായി ആളുകള്‍ ഉപയോഗിക്കുന്ന മീഡിയമൊക്കെ മാറി. ഇപ്പോള്‍ ഒരു മെഡിക്കല്‍ സ്റ്റുഡന്റിന് ലോകത്തോട് എന്തെങ്കിലുമൊന്ന് പറയാനുണ്ടെങ്കില്‍ യുടൂബ് ചാനലാവും ആദ്യം തുടങ്ങുന്നത്. അല്ലെങ്കിലൊരു ഇന്‍സ്റ്റഗ്രാം പേജ്. പക്ഷേ ഞാന്‍ തുടങ്ങിയ കാലത്ത് സോഷ്യല്‍മീഡിയ ഉണ്ടെങ്കില്‍ കൂടെ നമുക്ക് കൂടുതല്‍ റീച്ച് കിട്ടണമെങ്കില്‍, നമുക്കറിയാവുന്ന ഒരു കാര്യം മറ്റുളളവര്‍ക്ക് പറഞ്ഞുകൊടുക്കണമെങ്കില്‍ ഏറ്റവും നല്ല മീഡിയം വിക്കിപീഡിയ തന്നെയായിരുന്നു. എനിക്കിതില്‍ ഇത്രയും കാലത്തെ അനുഭവപരിചയം ഉള്ളതുകൊണ്ട് ഇപ്പോള്‍ ലേഖനങ്ങളെഴുതുന്നത് എളുപ്പമായിക്കഴിഞ്ഞു. കോവിഡ് സമയത്ത് ഒരുപാട് ലേഖനങ്ങളെഴുതിയിരുന്നു. ഗര്‍ഭകാലത്ത് കോവിഡ് വന്നാല്‍, കോവിഡ് കാലത്തെ മാനസികാരോഗ്യം എന്നുതുടങ്ങി കോവിഡിനെക്കുറിച്ച് അനുബന്ധമായിട്ടുള്ള ധാരാളം ആര്‍ട്ടിക്കിളുകള്‍ എഴുതാനായി. ആരോഗ്യമേഖലകളില്‍ എന്തൊക്കെ പ്രശ്നങ്ങള്‍ ഉണ്ടാവുന്നു എന്നതിലാണ് ഞാന്‍ ഇപ്പോള്‍ ശ്രദ്ധിക്കുന്നത്. പി.എച്ച്.ഡി. ചെയ്തതിന്റെ അനുഭവപരിചയം കൂടെയുണ്ട്. ആ രീതിയില്‍ ഭാഷയും കുറച്ച് നന്നായി ഉപയോഗിക്കാന്‍ കഴിയുന്നു. റഫറന്‍സ് ഉപയോഗിച്ച് എഴുതുന്നതും ഇപ്പോള്‍ എളുപ്പമാണ്.

വിക്കിപീഡിയ സമൂഹത്തിലുള്ളവര്‍ തമ്മിലുള്ള ബന്ധവും സൗഹൃദവുമൊക്കെ എങ്ങനെയാണ്?

അത് തീര്‍ച്ചയായുമുണ്ട്. വര്‍ഷംതോറും വിക്കി സംഗമോത്സവം എന്ന പേരിലൊരു കൂടിച്ചേരലുണ്ട്. വിക്കിപീഡിയ പരിപാലിക്കുന്ന സംഘടനയാണ് അമേരിക്കയിലുള്ള വിക്കിമീഡിയ ഫൗണ്ടേഷന്‍. അവിടെനിന്ന് ഫണ്ട് കിട്ടും. അതുപയോഗിച്ച് പരിപാടികള്‍ നടത്തുന്നു. ഇങ്ങനെയുള്ള സന്ദര്‍ഭങ്ങളില്‍ ഞങ്ങള്‍ ഒരുമിച്ചിരുന്ന് എഡിറ്റ് ചെയ്യും. സ്വതന്ത്ര വിജ്ഞാന പ്രസ്ഥാനത്തില്‍ താത്പര്യമുള്ളവരൊക്കെയായിരിക്കും ഇതില്‍ പങ്കെടുക്കുന്നത്. വിക്കിമീഡിയ ഫൗണ്ടേഷന് വേണ്ടി ജോലി ചെയ്യുന്നവരും ഇതില്‍ പങ്കെടുക്കാറുണ്ട്. മറ്റുതരത്തിലുള്ള കൂട്ടായ്മകളുമുണ്ട്.

വിക്കിപീഡിയയുടെ അകത്ത് പഞ്ചായത്ത് എന്നൊരു പേജുണ്ട്. വിക്കിപീഡിയയുടെ ഉള്ളില്‍ എന്തെങ്കിലുമൊരു സാങ്കേതിക പ്രശ്നം നേരിടുന്നുണ്ടെങ്കില്‍ നമുക്ക് അവിടെ ചെന്ന് ചര്‍ച്ച ചെയ്യാം. വിക്കിപീഡിയയുടെ ഭാവി നയങ്ങള്‍ എന്തായിരിക്കണമെന്നും നമുക്ക് ചര്‍ച്ച ചെയ്യാവുന്ന സ്ഥലമാണിത്. വിക്കിപീഡിയയില്‍ തോന്നിയ പോലെ എഴുതാന്‍ പറ്റില്ല. അതിനൊരുപാട് നയങ്ങളുണ്ട്. ചിലപ്പോള്‍ പുതിയൊരാളെക്കുറിച്ച് ഒരാള്‍ക്ക് ലേഖനം എഴുതാന്‍ തോന്നും. പക്ഷേ വിക്കിപീഡിയയില്‍ ഒരു ലേഖനം വരാനുള്ള പ്രാധാന്യം ആ വ്യക്തിക്കുണ്ടോ എന്നത് സംശയമായിരിക്കും. അങ്ങനെയൊക്കെ സംശയം വരുമ്പോള്‍ ഈ പഞ്ചായത്തില്‍ചെന്ന് നമ്മള്‍ ചര്‍ച്ച ചെയ്യും. എല്ലാവരും അവരവരുടെ അഭിപ്രായങ്ങള്‍ പറയും. ആ അഭിപ്രായത്തിന് അനുസരിച്ചാണ് തീരുമാനത്തിലെത്തുന്നത്. ഈ ലേഖനം എഴുതണോ വേണ്ടയോ എന്നത് മുഴുവന്‍ കമ്യൂണിറ്റിയും കൂടിയാണ് തീരുമാനമെടുക്കുന്നത്.

മലയാളം വിക്കിപീഡിയക്ക് പിന്നിലുള്ളവരോ?

മലയാളത്തില്‍ വളരെ ഊര്‍ജസ്വലമായ കമ്യൂണിറ്റിയാണുള്ളത്. പുതിയ കാര്യങ്ങള്‍ ചെയ്യണം എന്നൊക്കെ താത്പര്യമുള്ള ഗ്രൂപ്പാണ്. ഞാനിത് താരതമ്യപ്പെടുത്തുന്നത് മറ്റ് ഭാഷകളിലെ വിക്കിപീഡിയകളോടാണ്. ഇന്ത്യയില്‍ തന്നെ മറ്റ് ഭാഷകളില്‍ ഇത്രയും ആക്ടീവായി കോണ്‍ഫറന്‍സ് നടത്തുകയും ഒരുമിച്ച് യാത്ര പോവുകയും ഗ്രൂപ്പുകളിലൊക്കെ ആക്ടീവായി പങ്കെടുക്കുകയും ചെയ്യുന്ന വിക്കിപീഡിയന്‍സ് കുറവാണ്. കേരളത്തില്‍ നമ്മള്‍ യൂണിയനുണ്ടാക്കുന്നു, തമ്മില്‍ കൂടുന്നു, പുതിയ പരിപാടികള്‍ ചര്‍ച്ച ചെയ്യുന്നു. ഇതിലൊക്കെ മലയാളികള്‍ പണ്ടേ മുന്‍പന്തിയിലാണ്. മലയാളത്തില്‍ വളരെ സജീവമായ നൂറോളം വിക്കിപീഡിയന്‍സുണ്ട്. സജീവമായവര്‍ എന്നുപറഞ്ഞാല്‍ കഴിഞ്ഞ മൂന്നുവര്‍ഷങ്ങളില്‍ ചുരുങ്ങിയത് അഞ്ച് തിരുത്തെങ്കിലും വിക്കിപീഡിയയില്‍ വരുത്തിയവരെയാണ് ഉദ്ദേശിക്കുന്നത്.

ആരാണ് ഇതിനൊക്കെ മേല്‍നോട്ടം വഹിക്കുന്നത്?

ആരും മോണിറ്റര്‍ ചെയ്യുന്നില്ല എന്നതാണ് വിക്കിപീഡിയയുടെ ശക്തിയും സൗന്ദര്യവും. വിക്കിപീഡിയയ്ക്ക് കാര്യനിര്‍വാഹകരുണ്ട്. അവരാണ് ലേഖനങ്ങള്‍ ശുദ്ധീകരിക്കുന്നതും ടാഗ് ചെയ്യുന്നതും കാറ്റഗറി ആക്കുന്നതുമെല്ലാം. വിക്കിപീഡിയയെ വൃത്തിയായി സൂക്ഷിക്കുന്നത് അവരുടെ ചുമതലയാണ്. മലയാളം വിക്കിപീഡിയയ്ക്ക് നിലവില്‍ പത്തോളം കാര്യനിര്‍വാഹകരുണ്ട്. പുതിയ ലേഖനങ്ങള്‍ വരുമ്പോള്‍ ഇവര്‍ അതിലൂടെയൊക്കെ ഒന്ന് കടന്നുപോവും. കുറച്ച് മിനുക്കുപണികളൊക്കെ ചെയ്യാനുണ്ടാവും. മലയാളീകരിക്കാനുണ്ടാവും. ഇംഗ്ലീഷിലുള്ളത് അതേപടി എഴുതിവെച്ചതാവും. അത് മലയാളിക്ക് ആവശ്യമുള്ളതാവണമെന്നില്ല. അപ്പോള്‍ ആ ലേഖനങ്ങളൊക്കെ എഡിറ്റ് ചെയ്ത് അതിനെ മോടിപിടിപ്പിക്കും. ലേഖനങ്ങളെ വര്‍ഗീകരിക്കുക, ചില ലേഖനങ്ങളില്‍ ചിത്രങ്ങള്‍ ചേര്‍ക്കുക. മൊത്തത്തില്‍ ലേഖനത്തിന്റെ ഗുണം മെച്ചപ്പെടുത്താനുള്ള വര്‍ക്കൊക്കെ ഇവര്‍ ചെയ്യാറുണ്ട്. മറ്റ് ആര്‍ക്ക് വേണമെങ്കിലും ഇവര്‍ ചെയ്യുന്ന ജോലി ചെയ്യാം എന്നതാണ് അതിന്റെ ഗുണം. ഞാന്‍ കാര്യനിര്‍വാഹകയൊന്നുമല്ല. പക്ഷേ ഞാനും ഏതെങ്കിലും ലേഖനത്തിലൊരു പ്രശ്നം കണ്ടാല്‍ പോയി അത് തിരുത്താറുണ്ട്.

റോന്തുചുറ്റുക എന്നൊരു പരിപാടി വേറെയുണ്ട്. ഏതെങ്കിലും ലേഖനത്തില്‍ ഒരാളൊരു തിരുത്ത് നടത്തിയത് നോക്കി അത് നല്ല രീതിയിലാണ് അവര്‍ ചെയ്തതെങ്കില്‍ ആ തിരുത്തിനെ റോന്ത് ചുറ്റിയതായി പ്രഖ്യാപിക്കാം. അപ്പോള്‍ ബാക്കിയുള്ളവര്‍ക്ക് മനസ്സിലാവും ഇദ്ദേഹം ഈ തിരുത്ത് നടത്തിയത് വളരെ നല്ല രീതിയിലാണെന്ന്. സമീപകാല മാറ്റങ്ങള്‍ എന്നുപറഞ്ഞൊരു ലിസ്റ്റുണ്ട്, അടുത്തിടെ ആളുകള്‍ വരുത്തിയ തിരുത്തുകളെല്ലാം അതില്‍ കാണാം. അതിലേക്ക് വെറുതെയൊന്ന് കടന്നുചെല്ലാം. പുതിയ ആളുകള്‍ അതില്‍ എന്തൊക്കെ തിരുത്തുകളാണ് വരുത്തിയതെന്ന് നോക്കാം. കുഴപ്പമൊന്നുമില്ലെങ്കില്‍ അത് റോന്തുചുറ്റിയതായി പ്രഖ്യാപിക്കും. അത് വിക്കിപീഡീയയില്‍ കുറച്ചുകാലം നിലനില്‍ക്കും. പിന്നീട് വര്‍ഷങ്ങളോ മാസങ്ങളോ കഴിയുമ്പോള്‍ മറ്റാരെങ്കിലും അത് കാണും. അവരത് തിരുത്തി കുറച്ചുകൂടി മികച്ചതാക്കും. അങ്ങനെയാണിതിന്റെ രീതി. അല്ലാതെ എല്ലാ ലേഖനങ്ങളും നോക്കുന്ന വ്യക്തിയോ ജീവനക്കാരോ ഒന്നും വിക്കിപീഡിയയില്‍ ഇല്ല.

നമ്മളൊരു കാര്യത്തെക്കുറിച്ച് ഗൂഗിള്‍ ചെയ്തുനോക്കുമ്പോള്‍ ആദ്യം വരുന്ന സെര്‍ച്ച് റിസല്‍റ്റ് മിക്കവാറും വിക്കിപീഡിയയുടേത് തന്നെയാണ്. ഇതിലെ വിവരങ്ങള്‍ക്ക് എത്രത്തോളം ആധികാരികതയും വിശ്വസനീയതയുമുണ്ട്?

വിശ്വസനീയത പല ഭാഷകളിലും പല രീതിയിലാണ്. മലയാളം വിക്കിപീഡിയയില്‍ അത്യാവശ്യം വിശ്വാസ്യത ഉണ്ടെന്നാണ് എന്റെ അഭിപ്രായം. ഇംഗ്ലീഷില്‍ വിശ്വാസ്യത വളരെയധികം കൂടുതലാണ്. 2015-ലൊരു പഠനം പുറത്തുവന്നിരുന്നു. എന്‍സൈക്ലോപീഡിയ ബ്രിട്ടാനിക്കയിലെയും വിക്കിപീഡിയയിലെയും കുറച്ച് ലേഖനങ്ങള്‍ എടുത്ത് അവയുടെ ആധികാരികത താരതമ്യപ്പെടുത്തി നോക്കി. എന്‍സൈക്ലോപീഡിയ ബ്രിട്ടാനിയേക്കാള്‍ വിക്കിപീഡിയ മികച്ചുനില്‍ക്കുന്നു എന്നാണ് അന്നത്തെ പഠനത്തില്‍ കണ്ടെത്തിയത്. വിക്കിപീഡിയ ഒരുപാട് പേര്‍ വായിക്കുകയും എഴുതുകയും ചെയ്യുന്ന ഒന്നാണ്. അങ്ങനെയാണതിന്റെ ഉള്ളടക്കം മികച്ചതായി മാറിയത്. അല്‍ഷൈമേഴ്സ്, കോവിഡ് തുടങ്ങിയവയെക്കുറിച്ചൊക്കെ സെര്‍ച്ച് ചെയ്തുനോക്കിയാല്‍ ഒരു വ്യക്തിക്ക് മാത്രമായി അത്രയും ഗുണമേന്‍മയോടെ എഴുതാന്‍ കഴിയില്ലെന്ന് മനസ്സിലാവും. ഒരു സമൂഹം വന്ന് എഡിറ്റ് ചെയ്തുകഴിയുമ്പോള്‍ ലേഖനത്തിന്റെ ഗുണമേന്‍മ ഉയരുകയാണ്. ഇതിനെല്ലാം നല്ല ആധികാരികതയുമുണ്ട്. അതേസമയം അത്രയധികം പേര്‍ വായിക്കാത്ത ലേഖനങ്ങളുമുണ്ട്. ഉദാഹരണത്തിന് കേരളത്തിലെ ചില പ്രദേശങ്ങളെക്കുറിച്ചുള്ള ലേഖനങ്ങള്‍. അതൊന്നും ചിലപ്പോള്‍ മൂന്നോ നാലോ വര്‍ഷമായിട്ട് ആരും എഡിറ്റ് ചെയ്തുകാണില്ല. അത് അത്ര വിശ്വസനീയമാകണം എന്നില്ല. കൂടുതല്‍ ആളുകള്‍ വായിക്കുകയും എഡിറ്റ് ചെയ്യുകയുമൊക്കെ ചെയ്യുന്ന ലേഖനത്തിനാണ് ആധികാരികത കൂടുതല്‍ എന്ന് നമുക്ക് ഉറപ്പിക്കാന്‍ പറ്റും.

എന്നാലും തെറ്റിദ്ധാരണ പരത്തുന്ന വിവരങ്ങള്‍ വിക്കിപീഡിയയില്‍ ചേര്‍ക്കുന്നവരുണ്ടാകില്ലേ?

ഇംഗ്ലീഷ് വിക്കിപീഡിയയെ അപേക്ഷിച്ച് മലയാളത്തില്‍ മോശമായ വിവരങ്ങള്‍ ചേര്‍ക്കുന്ന ആളുകള്‍ കുറവാണ്. ഇംഗ്ലീഷില്‍ പലതരം അജണ്ടകളുമായി വരുന്നവരെ കണ്ടിട്ടുണ്ട്. ഉദാഹരണത്തിന് ഫൈവ് ജി കാരണം കാന്‍സറുണ്ടാകും എന്ന് എഴുതുന്നവര്‍. അല്ലെങ്കില്‍ പച്ചില കഴിച്ചാല്‍ കാന്‍സര്‍ മാറും എന്ന് പ്രചരിപ്പിക്കും. ഇങ്ങനെയുള്ള രഹസ്യ അജണ്ടയുള്ളവര്‍ സൂത്രത്തില്‍ വന്ന് ചില ലേഖനങ്ങളുടെ ഇടയില്‍ ഇതൊക്കെ തിരുകി വെക്കും. പക്ഷേ അതു കണ്ടുപിടിക്കാനുള്ള ടെക്നോളജിയും ഇപ്പോഴുണ്ട്. സമീപകാലത്ത് ആളുകള്‍ ചെയ്ത മാറ്റങ്ങളൊക്കെ എല്ലാവര്‍ക്കും കാണാം. ഞാന്‍ ഇടയ്ക്കിടെ സമീപകാല മാറ്റങ്ങള്‍ നോക്കാറുണ്ട്. ചിലതില്‍ അറുന്നൂറ് മാറ്റങ്ങളൊക്കെ വന്നിട്ടുണ്ടാവും. അത് നമുക്ക് ഫില്‍ട്ടര്‍ ചെയ്തിട്ട് പുതിയ ലേഖകര്‍ വരുത്തിയ മാറ്റങ്ങളൊക്കെ കാണാന്‍ പറ്റും. ചിലര്‍ ലേഖനത്തില്‍ മോശം വാക്കുകളുപയോഗിക്കും. അതൊക്കെ സിസ്റ്റം തന്നെ നേരിട്ട് കണ്ടുപിടിക്കും. അപ്പോള്‍ നമുക്ക് അതിലേക്ക് പോയിട്ട് അവര്‍ എഡിറ്റ് ചെയ്ത് വെച്ചിരിക്കുന്നത് പഴയ രൂപത്തിലേക്ക് മാറ്റിയെടുക്കാം. ചിലതൊക്കെ കണ്ടുപിടിക്കാനുള്ള ടൂളുകള്‍ വിക്കിപീഡിയയ്ക്ക് അകത്തുതന്നെ ഉള്ളതുകൊണ്ട് അതൊക്കെ ഉപയോഗിച്ചുകൊണ്ടാണ് കാര്യനിര്‍വാഹകരും മറ്റുള്ള എഡിറ്റര്‍മാരും ലേഖനങ്ങള്‍ക്ക് ഗുണമേന്‍മയുണ്ടെന്ന് ഉറപ്പാക്കുന്നത്. വിക്കിപീഡിയയില്‍ എന്തെഴുതിയാലും അവലംബങ്ങള്‍ വെച്ചിട്ടേ എഴുതാന്‍ പാടുള്ളൂ. ഒരു വിവരത്തെക്കുറിച്ച് നമുക്കെന്തെങ്കിലും സംശയമുണ്ടെങ്കില്‍ അവലംബത്തില്‍ പോയിട്ട് അത് ശരിയാണോ എന്ന് നമ്മള്‍ തന്നെ സ്വയം വെരിഫൈ ചെയ്യേണ്ടതുണ്ട്. എന്തായാലും മലയാളത്തില്‍ മറ്റുള്ളവര്‍ക്ക് ഉപകാരമുണ്ടാവണം എന്ന ഉദ്ദേശത്തോടെ വിവരങ്ങള്‍ എഴുതുന്നവരാണ് കൂടുതലുമുള്ളത്. അതുകൊണ്ടുതന്നെ തെറ്റായ വിവരങ്ങള്‍ മലയാളം വിക്കിപീഡിയയില്‍ വരാന്‍ സാധ്യത കുറവാണ്.

എന്നാലും ഒരു സംശയം ബാക്കിയുണ്ട്...

ആധികാരികത അത്രയ്ക്ക് ഉറപ്പില്ലെങ്കില്‍ നമ്മളെന്തുകൊണ്ട് വിക്കിപീഡിയയെ ആശ്രയിക്കണം എന്നല്ലേ ചോദിക്കാന്‍ പോകുന്നത്. അതേക്കുറിച്ച് പറയാം, ഇപ്പോള്‍ നമുക്ക് ഒരു വിഷയത്തെക്കുറിച്ച് ഒന്നുമറിയില്ലെന്ന് വിചാരിക്ക്. ഉദാഹരണത്തിന് റോക്കറ്റ് സയന്‍സ്. അതെന്താണെന്ന് എനിക്ക് അറിയില്ലെന്ന് വെക്കൂ, അതിനെക്കുറിച്ച് എന്തെങ്കിലും ടെക്സ്റ്റ് ബുക്കുകളോ ശാസ്ത്ര പ്രബന്ധങ്ങളോ ഒന്നും വായിക്കാനുള്ള അറിവ് എനിക്കില്ല, അങ്ങനെയൊരു അവസ്ഥയില്‍ നമുക്ക് വിക്കിപീഡിയയിലേക്ക് പോകാം. അതേക്കുറിച്ചൊരു പ്രാഥമിക വിവരമെങ്കിലും ലഭിക്കുമല്ലോ. കൂടുതല്‍ പഠിക്കണമെങ്കില്‍ ടെക്സ്റ്റ്ബുക്കുകള്‍ എടുത്തുനോക്കാം. അതല്ലെങ്കില്‍ ആധികാരികമായി ഇതേക്കുറിച്ച് അറിയാവുന്ന അധ്യാപകരോടു ചോദിക്കാം.

കേരളീയ ഗ്രാമത്തിലെ ബാല്യവും ജീവിതവുമൊക്കെ ഇഷ്ടങ്ങളും താത്പര്യങ്ങളുമൊക്കെ വളര്‍ത്തിയെടുക്കുന്നതിന് പരിമിതിയായിട്ടുണ്ടോ

ഞാന്‍ കൂടരഞ്ഞിയിലാണ് ജനിച്ചതും വളര്‍ന്നതുമൊക്കെ. പിന്നീട് കുന്ദമംഗലത്തേക്ക് മാറി. അമ്പത് കൊല്ലം മുന്നേയാണ് ഞാനീ ഗ്രാമത്തില്‍ ജീവിച്ചിരുന്നതെങ്കില്‍ അവിടെ നിന്ന് നമുക്ക് സ്വയം കഴിവ് തെളിയിക്കാനുള്ള മീഡിയം കുറവാകുമെന്ന് പറയേണ്ടി വരും. അന്ന് ഇന്റര്‍നെറ്റൊന്നുമില്ലല്ലോ. ഞാന്‍ നന്നായി എഴുതുന്ന ആളാണെങ്കില്‍ പോലും എനിക്ക് എഴുതാനുള്ള അവസരങ്ങള്‍ കിട്ടണമെന്നില്ല. പക്ഷേ ഇപ്പോള്‍ നമ്മള്‍ ലോകത്തിന്റെ ഏത് ഭാഗത്താണെങ്കിലും ഇന്റര്‍നെറ്റിന്റെ സൗകര്യമുള്ളതുകൊണ്ടുതന്നെ ഒരു പ്രത്യേക കാര്യത്തില്‍ കഴിവ് ഉണ്ടെങ്കില്‍ മുന്നോട്ട് കയറി വരാനുള്ള സാധ്യതകള്‍ ഏറെയാണ്. എനിക്ക് ഇന്റര്‍നെറ്റ് കിട്ടുന്നത് പ്ലസ്ടു കഴിഞ്ഞ ശേഷമാണ്. അപ്പോഴാണ് ഒരു ബ്ലോഗ് ഉണ്ടാക്കാം എന്ന് മനസ്സിലാവുന്നതും ബ്ലോഗ് എഴുതുന്നതുമൊക്കെ. വീട്ടില്‍ പൊതുവെ പ്രോത്സാഹനമായിരുന്നു. ഞാനെന്താണ് ചെയ്യുന്നതെന്നൊന്നും അവര്‍ നോക്കാറില്ല. ഞാന്‍ മെഡിക്കല്‍ കോളേജില്‍ പഠിക്കാന്‍ പോവുന്നുണ്ട്, വരുന്നുണ്ട് എന്നത് അവര്‍ക്കറിയാം. വീടിനടുത്തായിരുന്നു മെഡിക്കല്‍ കോളേജ്. ഞാനവിടെ നന്നായി പഠിക്കുന്നു, മാര്‍ക്ക് വാങ്ങിക്കുന്നു എന്നതിലൊക്കെ അവര്‍ ഹാപ്പിയായിരുന്നു. അതില്‍ കൂടുതലൊന്നും അവര്‍ എന്റെ കാര്യത്തില്‍ ഇടപെടാറില്ല. ഇന്റര്‍നെറ്റില്‍ കൂടുതല്‍ സമയം ചെലവഴിക്കുന്നത് കാണുമ്പോള്‍ പഠിക്കാനുള്ള എന്തെങ്കിലും കാര്യങ്ങള്‍ നോക്കുകയാവുമെന്നാവും അവര്‍ ഊഹിച്ചിരിക്കുക.

ഞാന്‍ പഠിക്കുക തന്നെയായിരുന്നു. വിക്കിപീഡിയയില്‍ എഴുതാന്‍. പഠിച്ച കാര്യങ്ങള്‍ തന്നെയാണല്ലോ വിക്കിപീഡിയയിലും എഴുതുന്നത്. 2012-ല്‍ വിക്കി വുമണ്‍ ക്യാമ്പ് എന്നൊരു പരിപാടി വന്നു. വിക്കിപീഡിയയിലേക്ക് കൂടുതല്‍ സ്ത്രീകളെ കൊണ്ടുവരാന്‍ വേണ്ടി എന്തൊക്കെ ചെയ്യാം എന്നതിനെക്കുറിച്ച് ആഗോളതലത്തില്‍ ചര്‍ച്ച ചെയ്യാനുള്ളൊരു കോണ്‍ഫറന്‍സായിരുന്നു അത്. അര്‍ജന്റീനയില്‍ നടക്കുന്ന ആ കോണ്‍ഫറന്‍സിലേക്ക് എനിക്കും ക്ഷണം കിട്ടി. അതോടെ വീട്ടുകാര്‍ക്കെല്ലാം അത്ഭുതമായി. ഞാന്‍ വീട്ടിലെ മുറിയില്‍നിന്ന് എന്തൊക്കെയോ ചെയ്യുന്നുണ്ടെന്ന് അവര്‍ക്ക് തോന്നിത്തുടങ്ങി. അന്ന് ഞാനാദ്യമായാണ് വിദേശത്ത് പോകുന്നത്. 19-ാം വയസ്സില്‍. ഇതോടെ വിദേശത്തൊരു കോണ്‍ഫറന്‍സിന് പോയാല്‍ എന്തൊക്കെ ചെയ്യണമെന്നും ആളുകള്‍ എന്തൊക്കെയാണ് നമ്മളില്‍നിന്ന് പ്രതീക്ഷിക്കുന്നതെന്നുമൊക്കെ മനസ്സിലാക്കാനായി. അതിനുശേഷം ഒരുപാട് സമ്മേളനങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്. യു.എസിലും പല യുറോപ്യന്‍ രാജ്യങ്ങളിലും പോയിട്ടുണ്ട്. 2016-ല്‍ യൂറോപ്പില്‍ വരുന്നതിന് മുന്നേ തന്നെ പല രാജ്യങ്ങളും ഞാന്‍ കണ്ടിട്ടുണ്ട്. ഇപ്പോള്‍ ആറുവര്‍ഷത്തിലേറെയായി യൂറോപ്പില്‍ താമസം തുടങ്ങിയതോടെ പല രാജ്യങ്ങളിലേക്കും എളുപ്പത്തില്‍ സഞ്ചരിക്കാനുമായി.

യാത്രകള്‍ ജീവിതത്തിലുണ്ടാക്കിയ മാറ്റം എന്തൊക്കെയാണ്?

വിക്കിപീഡിയയില്‍ വന്നതോടെയാണ് വിദേശത്തുള്ള കുറെ ആളുകളുമായി സൗഹൃദമുണ്ടാവുന്നത്. വിദേശത്ത് ഒരാളെങ്ങനെ ജീവിക്കുന്നു, അവരുടെ കാഴ്ചപ്പാടുകള്‍ എന്തൊക്കെയാണ്,അവര്‍ ഓരോ കാര്യങ്ങളെക്കുറിച്ചും എന്താണ് ചിന്തിക്കുന്നതെന്നതിനെക്കുറിച്ചൊന്നും അതുവരെ എനിക്ക് യാതൊരു ഐഡിയയും ഇല്ലായിരുന്നു. വിക്കിപീഡിയയില്‍ വന്നതോടെ എന്റെ ആത്മവിശ്വാസം കൂടി. ഞാന്‍ ഓരോ സ്ഥലത്ത് യാത്ര ചെയ്യുമ്പോഴും പുതിയ എന്തെങ്കിലുമൊക്കെ കാണും. കേരളത്തില്‍നിന്ന് വരുമ്പോള്‍ എന്നെപ്പോലെയാവും അവിടുത്തെ ആളുകളും ചിന്തിക്കുന്നുണ്ടാവുക എന്നാണ് ഞാന്‍ പണ്ട് വിചാരിച്ചത്. പക്ഷേ നമുക്ക് അറിയാത്ത രീതി വെച്ച് പല രാജ്യക്കാരും എന്തൊക്കെയോ ചെയ്യുന്നുണ്ട് എന്നത് കണ്ണ് തുറപ്പിക്കുന്ന അനുഭവമായിരുന്നു. കൈയില്‍നിന്ന് പൈസ മുടക്കി ഇത്രയധികം രാജ്യങ്ങള്‍ കാണാന്‍ പറ്റില്ല. ഇടയ്ക്കിടെ കോണ്‍ഫറന്‍സ് വരുന്നത് കൊണ്ട് ഒരുപാട് നഗരങ്ങളും അതിനു ചുറ്റിലുമുള്ള ആകര്‍ഷകമായ സ്ഥലങ്ങളുമൊക്കെ കാണാന്‍ പറ്റി. ധാരാളം അനുഭവങ്ങളുണ്ടാക്കാന്‍ പറ്റി. യാത്ര എന്നിലെ ആത്മവിശ്വാസം കൂട്ടി. കൂടുതല്‍ അറിവുകളുണ്ടായി. എന്റെ സ്വഭാവത്തിലൊരു ഫ്ളക്സിബിലിറ്റി ഉണ്ടായി.

ഇങ്ങനെയുള്ള യാത്രകളിലൊക്കെ ധാരാളം മലയാളികളെ കണ്ടുമുട്ടുന്നുണ്ടാവുമല്ലോ. എന്താണ് വിദേശ മലയാളിയുടെ കരുത്ത്?

മലയാളി എല്ലാത്തിനോടും പെട്ടെന്ന് താദാത്മ്യപ്പെടും. നമ്മളൊരു സ്ഥലത്ത് പോകുന്നു, അവിടെയുള്ളവര്‍ എങ്ങനെ ജീവിക്കുന്നു എന്ന് നോക്കും. എന്നിട്ട് അവരെപ്പോലെ ആവാന്‍ വേണ്ടി പരിശ്രമിക്കുന്നു.ഒരു രാജ്യത്ത് വന്നിട്ട് അവിടുത്തെ രീതികളോട് ഇഴുകിച്ചേര്‍ന്ന് ജീവിക്കാനായി എന്ത് വിട്ടുവീഴ്ച ചെയ്യാനും മലയാളിക്ക് പ്രശ്നമില്ല. രാജഭരണമുള്ള ഇടത്താണെങ്കില്‍ നമുക്കതിനോട് വലിയ പ്രതിപത്തിയൊന്നുമില്ലെങ്കിലും അവിടെ ചെന്നാല്‍ രാജാവിനെ ബഹുമാനിക്കുന്നു, അത് അംഗീകരിച്ച് ഒരു സംഘര്‍ഷമില്ലാതെ അവരുമായി ചേര്‍ന്ന് ജീവിക്കാന്‍ മലയാളികള്‍ക്ക് നല്ല കഴിവുണ്ട്.

മലയാളി പെണ്‍കുട്ടികള്‍ക്ക് വിക്കിപീഡിയയിലെ അവസരങ്ങള്‍ ഉപയോഗപ്പെടുത്താന്‍ എത്രത്തോളം സാധ്യതകളുണ്ട്?

മലയാളം വിക്കിപീഡിയയില്‍ ഇനിയും എത്രയോ ലേഖനങ്ങള്‍ എഴുതാന്‍ ബാക്കിയുണ്ട്. എല്ലാവര്‍ക്കും വിക്കിപീഡിയയില്‍ എഴുതാനുള്ള അവസരം കിട്ടണം. നമുക്ക് കുറച്ചെങ്കിലും ഒരു വിഷയത്തെക്കുറിച്ച് അറിയാമെങ്കില്‍ നമ്മള്‍ വിക്കിപീഡിയയില്‍ പോയി എഴുതണം. യുട്യൂബും ഇന്‍സ്റ്റഗ്രാമുമൊക്കെ നല്ലതാണ്. പക്ഷേ അതിന്റെ കണ്ടന്റ് കുറച്ച് കാലമേ ജീവിക്കൂ. വിക്കിപീഡിയയില്‍ എഴുതിയാല്‍ അത് കാലാകാലം നിലനില്‍ക്കും. ഇതിലൂടെ നമുക്ക് തന്നെ വിജ്ഞാനമുണ്ടാക്കാനുള്ള അവസരമാണ് ഉണ്ടാവുന്നതും.

എങ്ങും വ്യാജവാര്‍ത്തകളുടെ കാലമാണിത്. വിക്കി പീഡിയയില്‍ എഴുതുന്ന വിവിധ ഘട്ടങ്ങളിലൂടെ കടന്നുപോയിട്ടുണ്ടെങ്കില്‍ എന്താണ് വ്യാജമെന്നും എന്താണ് അതല്ലാത്തതെന്നുമൊക്കെ മനസ്സിലാക്കാനുള്ള സാമാന്യധാരണ എല്ലാവര്‍ക്കും കിട്ടും. വിക്കിപീഡിയ എങ്ങനെ എഡിറ്റ് ചെയ്യണമെന്ന് ശരിക്കും സ്‌കൂള്‍ കരിക്കുലത്തില്‍ ഉള്‍പ്പെടുത്തി പഠിപ്പിക്കേണ്ട കാര്യമാണ്. കാരണം കൂടുതല്‍ ആളുകള്‍ എഡിറ്റ് ചെയ്താലേ ലേഖനങ്ങള്‍ക്ക് ഗുണനിലവാരം വരൂ. കൂടുതല്‍ ആളുകള്‍ എഡിറ്റിങ് പഠിക്കുമ്പോള്‍ അവരുടെ സ്‌കില്‍ തന്നെയാണ് വികസിക്കുന്നത്. നമ്മള്‍ ഇതില്‍ വര്‍ക്ക് ചെയ്തുകൊണ്ടിരിക്കുമ്പോള്‍ മറ്റ് കാര്യങ്ങള്‍ അതിന്റെ കൂടെ ബോണസായി വരും. വിക്കിപീഡിയയില്‍ ഞാന്‍ എഴുതിക്കൊണ്ടിരുന്നു. അതിന് ബോണസായി എനിക്ക് പല കാര്യങ്ങളും കിട്ടിയിട്ടുമുണ്ട്....'സ്വതന്ത്ര വിജ്ഞാനലോകത്ത് വ്യാപരിക്കുന്നതിന്റെ ആനന്ദം കാണാം നേതയുടെ വാക്കുകളിലെങ്ങും. ഈയൊരു സന്തോഷത്തിന്റെ പേരില്‍ അവര്‍ക്ക് പല പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്.

'2021ല്‍ വിക്കി മീഡിയന്‍ ഓഫ് ദ ഇയര്‍(ഹോണറബിള്‍ മെന്‍ഷന്‍) അവാര്‍ഡ് ലഭിച്ചു. വര്‍ഷങ്ങളായി വിക്കിപീഡിയക്ക് വേണ്ടി വര്‍ക്ക് ചെയ്യുന്നവര്‍ക്ക് കിട്ടുന്ന പുരസ്‌കാരമാണിത്. കോവിഡിനെക്കുറിച്ചുള്ള എഴുത്തിനായിരുന്നു അംഗീകാരം. നമ്മുടെ നാട്ടില്‍ കവിത എഴുതുന്നവര്‍ക്കും കഥ എഴുതുന്നവര്‍ക്കും അവാര്‍ഡ് കിട്ടും. പക്ഷേ എന്‍സൈക്ലോപീഡിയ എഴുതുന്നവര്‍ക്ക് അവാര്‍ഡ് കൊടുക്കുന്ന പതിവ് ഇല്ലല്ലോ. എന്നാല്‍ ലോകത്ത് അത് അംഗീകരിക്കപ്പെടുന്നുണ്ട്...' ഈ പുരസ്‌കാരനേട്ടത്തിന് ഉടമയാവുന്ന ആദ്യമലയാളിയാണ് നേത ഹുസൈന്‍. നേത വീണ്ടും മുന്നിലെ കമ്പ്യൂട്ടര്‍സ്‌ക്രീനില്‍ മുഖംപൂഴ്ത്തി. വിജ്ഞാന ഉള്ളറകളിലേക്കുള്ള മറ്റൊരു ആനന്ദയാത്രയുടെ തുടക്കമായിരുന്നു അത്.

Content Highlights: Netha Hussain, a doctor and Wikipedian share her thoughts


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
kt jaleel, madani

3 min

മഅദനിയെക്കണ്ടു, കണ്ണുനിറഞ്ഞു; ഈ കൊല്ലാക്കൊല കൊടിയ അനീതിയെന്ന് കെ.ടി. ജലീല്‍ 

Jan 28, 2023


chintha jerome

2 min

വാഴക്കുലയില്‍ കുടുങ്ങിയ ചിന്ത; നന്ദി പിണറായിക്ക്, ഡോക്ടറേറ്റ് റദ്ദാക്കാന്‍ വകുപ്പുണ്ട്

Jan 30, 2023


chintha jerome

1 min

തെറ്റ് ചൂണ്ടിക്കാട്ടിയതിന് നന്ദി, കോപ്പിയടിച്ചതല്ല ആശയം ഉള്‍ക്കൊണ്ടു; വിശദീകരണവുമായി ചിന്ത ജെറോം

Jan 31, 2023

Most Commented