ജീവിതത്തെ നോക്കി 'ഇതെന്ത് തേങ്ങ'യാണെന്ന് ആരെങ്കിലും ദേഷ്യത്തോടെ ചോദിച്ചാല്‍ ചിരിയോടെ ആ തേങ്ങ കൂടെ വാങ്ങി വീട്ടില്‍ പോകുന്നയാളാണ് രസ്‌ന ദിനേശെന്ന് പലരും കളിയാക്കാറുണ്ട്. താങ്ങുവില പ്രഖ്യാപിക്കുമ്പോഴും ബജറ്റില്‍ തെങ്ങുകൃഷിക്ക് പണം വകയിരുത്തുമ്പോഴും മാത്രം തേങ്ങയെ സ്‌നേഹിക്കുന്നവരുടെ കൂട്ടത്തില്‍ പെട്ടയാളല്ല രസ്‌നയെന്ന് പറയാം. എവിടെ തേങ്ങ കണ്ടാലും അതൊക്കെ വീട്ടിലെത്തിച്ച് വറുത്തരച്ച് വില്‍ക്കുന്നതാണ് അവരുടെ പതിവ്. 

To advertise here,

അതുകൊണ്ടാണ് കോഴിക്കോട് ബാലുശ്ശേരിയിലെ നാട്ടിന്‍പുറത്തുള്ള രസ്‌നയുടെ അടുക്കളയില്‍നിന്ന് തേങ്ങവിഭവങ്ങള്‍ കടല്‍കയറി മലയാളികളുള്ളിടത്തേക്കെല്ലാം യാത്ര തുടങ്ങിയിരിക്കുന്നത്. എട്ട് മാസം വരെ കേടാകാതെ നില്‍ക്കുന്ന തേങ്ങ വറുത്തരച്ചതും അത്രകാലംതന്നെ ഉപയോഗിക്കാവുന്ന സാമ്പാര്‍കൂട്ടുമൊക്കെയാണ് അവരുടെ കണ്ടെത്തല്‍. നാട്ടില്‍നിന്ന് ദീര്‍ഘകാലം മാറിനില്‍ക്കേണ്ടി വരുന്ന പ്രവാസി മലയാളികളെയാണ് ഈ അടുക്കള ഉത്പന്നങ്ങള്‍ ഏറെ സന്തോഷിപ്പിക്കുന്നത്. അവര്‍ക്ക് നാടിന്റെ രുചി കുറെക്കാലം കൊണ്ടുനടക്കാന്‍ പറ്റുന്നതിന്റെ ആവേശം. രസ്‌നയ്ക്കാവട്ടെ ഒരു തെങ്ങിന്‍തൈ വളര്‍ത്തുന്ന ശ്രദ്ധയോടെ സ്വന്തം ജീവിതത്തിന്റെ സന്തോഷം നട്ടുവളര്‍ത്തുന്നതിന്റെ ത്രില്ലും.

പറമ്പിലെ തേങ്ങ പോലെ ആര്‍ക്കും വേണ്ടാതെ കിടക്കേണ്ടതല്ല സ്ത്രീയുടെ ജീവിതമെന്ന് പറയുന്ന രസ്‌ന ദിനേശിന് ശരിക്കുള്ള തേങ്ങയോട് സ്‌നേഹം തുടങ്ങുന്നത് കൃത്യം ഒരു വര്‍ഷം മുന്നേയാണ്. 'ഇളയമോള്‍ നഴ്‌സറിയില്‍ പോകാന്‍ തുടങ്ങിയതോടെ വീട്ടില്‍ ഒന്നും ചെയ്യാതിരിക്കുകയായിരുന്നു. സ്വന്തമായൊരു ജോലിയും വരുമാനവും വേണമെന്ന് തോന്നുന്നത് അപ്പോഴാണ്. വീടിന് അടുത്തൊരു സ്വകാര്യ സ്ഥാപനത്തില്‍ പതിനായിരം രൂപ ശമ്പളമുള്ള ജോലി കിട്ടിയെങ്കിലും അവിടെ പകല്‍ മുഴുവന്‍ ഇരിക്കേണ്ടി വരും. മോള്‍ സ്‌കൂള്‍ വിട്ട് വരുമ്പോഴേക്കും എനിക്ക് വീട്ടിലെത്താനാവില്ല. അപ്പോഴാണ് സ്വന്തമായൊരു സ്ഥാപനം തുടങ്ങണമെന്ന് തോന്നുന്നത്. അതാവുമ്പോള്‍ എന്റെ ജോലി എനിക്ക് തന്നെ തീരുമാനിക്കാമല്ലോ. പണ്ട് മോള്‍ ജനിച്ച സമയത്ത് അമ്മ കൊണ്ടുവന്ന വറുത്തരച്ച തേങ്ങയുടെ കാര്യം പെട്ടെന്നാണ് ഓര്‍മ വന്നത്. ഞാന്‍ പ്രസവം കഴിഞ്ഞ് വിശ്രമിക്കുന്ന സമയത്ത് വീട്ടില്‍ കറിയുണ്ടാക്കാന്‍ എടുത്തതെല്ലാം ആ തേങ്ങയായിരുന്നു. അന്നത് അഞ്ചാറുമാസം വരെ കേടായിട്ടില്ല. അതൊന്ന് പരീക്ഷിക്കാമെന്ന് തീരുമാനിച്ചു. ഫ്‌ളാറ്റുകളിലൊക്കെ താമസിക്കുന്നവര്‍ക്ക് അതൊരു സഹായമാവുമല്ലോ....' പഴയ ചില ഓര്‍മകള്‍ തട്ടിയെടുത്ത് രസ്‌ന അടുക്കളയില്‍ തേങ്ങ വറുത്തുതുടങ്ങി.

തുടക്കം കരുതലോടെ

ഒരു സംരംഭം തുടങ്ങുമ്പോള്‍ ഏറ്റവുമധികം കരുതലെടുക്കേണ്ട കാര്യങ്ങളൊക്കെ രസ്‌ന ശ്രദ്ധിച്ചിരുന്നു. തുടക്കത്തില്‍ വലിയ മുതല്‍ മുടക്കരുത്. കടം വാങ്ങിയ പണമെടുത്ത് സംരംഭം തുടങ്ങരുത്. ലോണെടുക്കാനും പോകണ്ട. അതുകൊണ്ട് ആദ്യം കൈയിലുള്ള തുകയെടുത്ത് മൂന്ന് വലിയ ഉരുളി വാങ്ങി. പിന്നെ ചെറിയൊരു ഷെഡുമുണ്ടാക്കി. അതായിരുന്നു ഏകനിക്ഷേപം. എല്ലാം കൂടെ രണ്ടരലക്ഷം രൂപയാണ് ചെലവായത്. അത് രസ്‌ന സ്വയം സ്വരുക്കൂട്ടിയെടുത്ത പണമായിരുന്നു.

'ഓര്‍ഡര്‍ വരുന്നതിന് അനുസരിച്ച് മുതല്‍മുടക്കിയാല്‍ മതിയെന്ന് തീരുമാനിച്ചിരുന്നു. ഇരിക്കുംമുന്നേ കാല് നീട്ടരുതല്ലോ. ആളുകളുടെ ഇഷ്ടം അറിഞ്ഞിട്ട് മതി മുന്നോട്ട് പോവാന്‍ എന്ന് ഉറപ്പിച്ചു. ആദ്യംതന്നെ ലോണെടുത്താല്‍ കിട്ടുന്ന പണം അത് തിരിച്ചടയ്ക്കാനല്ലേ തികയൂ.'രസ്‌ന തന്റെ ബിസിനസ് പ്ലാന്‍ വെളിപ്പെടുത്തി.

കൃത്രിമകൂട്ടുകളൊന്നും ചേര്‍ക്കാതെ എട്ടുമാസം വരെ ഉപയോഗിക്കാവുന്ന തേങ്ങ വറുത്തരച്ചതായിരുന്നു ആദ്യത്തെ ഉത്പന്നം. തേങ്ങയില്‍ ചെറിയ ഉള്ളിയും വെളുത്തുള്ളിയും കറിവേപ്പിലയും ചേര്‍ക്കും. അതിന്റെ അളവും അത് ചേര്‍ക്കുന്നതിലുള്ള കൈപുണ്യവുമാണ് ഉത്പന്നത്തിന്റെ സീക്രട്ട്. പിന്നാലെ തേങ്ങയും സാമ്പാര്‍പൊടിയും മിക്‌സ് ചെയ്തുള്ള സാമ്പാര്‍കൂട്ടുമുണ്ടാക്കി. ഇതും കുറെക്കാലം സൂക്ഷിച്ച് വെക്കാം. പതുക്കെ ഉത്പന്നനിര വിപുലീകരിച്ചു. ഇപ്പോള്‍ തേങ്ങ കൊണ്ടുള്ള ഏഴ് ഉത്പന്നങ്ങള്‍ രസ്‌നയുടെ അടുക്കളയില്‍നിന്ന്് അരങ്ങത്തേക്ക് വന്ന് കഴിഞ്ഞു. കുട്ടികള്‍ക്കുള്ള നാടന്‍ അവലോസ് പൊടിയും വെന്ത വെളിച്ചെണ്ണയും മൂന്ന് തരം ചമ്മന്തിപ്പൊടികളുമെല്ലാമുണ്ട് കൂട്ടത്തില്‍.

ഇതൊക്കെ ആരെങ്കിലും വാങ്ങുമോ എന്ന് തുടക്കത്തിലുണ്ടായ ശങ്കയെ തകര്‍ത്തുകളഞ്ഞ സ്വീകരണമാണ് രസ്‌നയ്ക്ക് കിട്ടിയത്. കേരള സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തിന്റെ ഭാഗമായി കോഴിക്കോട് ബീച്ചില്‍ നടന്ന എക്‌സ്‌പോയിലാണ് അവരുടെ ഉത്പന്നങ്ങള്‍ ആദ്യമായി പുറംലോകത്ത് അവതരിച്ചത്.' ഓസ്‌ട്രേലിയയിലേക്ക് പോകുന്ന മലയാളി കുടുംബമായിരുന്നു ആദ്യത്തെ ഉപഭോക്താക്കള്‍. നാടുവിട്ടാലും കുറെക്കാലം ഉപയോഗിക്കാമല്ലോ എന്നുപറഞ്ഞാണ് അവര്‍ സാധനം വാങ്ങിയത്. അപ്പോഴാണ് എനിക്കും ഇതിന്റെ വിപുലമായ സാധ്യത മനസ്സിലാവുന്നത്. കേരളത്തിന് പുറത്ത് ജീവിക്കുന്നവര്‍ക്കാണ് ഇത് ഏറ്റവും ആവശ്യം. അവിടെയാണല്ലോ ഇതൊക്കെ കിട്ടാന്‍ ബുദ്ധിമുട്ട്. അന്താരാഷ്ട്രതലത്തില്‍ തന്നെ അടുക്കളകളില്‍ ഏറ്റവും ആവശ്യമുള്ളതാണ് തേങ്ങയെന്ന് ഇതോടെ എനിക്ക് മനസ്സിലായി.' ആ സാധ്യതകള്‍ തിരിച്ചറിഞ്ഞതോടെ രസ്‌നയുടെ സംരംഭകയാത്രയ്ക്ക് ശുഭാരംഭമായി. നാട്ടില്‍ വെറുതെ കിടന്ന തേങ്ങയൊക്കെ രസ്‌നയുടെ അടുക്കളയിലേക്ക് മാര്‍ച്ച് തുടങ്ങി, തങ്ങള്‍ക്കും വിലയേറുന്നതിന്റെ സന്തോഷത്തില്‍.

placeholder
.
'വൈബ്രന്റ് ഗുജറാത്ത്' എന്ന പേരില്‍ നടന്ന വേള്‍ഡ് ട്രേഡ് ഷോയില്‍ | Photo: Special Arrangement

ആദ്യത്തെ മാസം നൂറു തേങ്ങയുടെ ഉത്പന്നങ്ങളാണുണ്ടാക്കിയത്. ചെലവെല്ലാം കഴിച്ച് മുപ്പതിനായിരം രൂപ വരുമാനം കിട്ടി. സ്വീകാര്യത കൂടിയതോടെ ഉത്പാദനം വര്‍ധിപ്പിച്ചു. ഇപ്പോള്‍ 400 തേങ്ങയുടെ ഉത്പന്നങ്ങളുണ്ടാക്കുന്നുണ്ട്. ഇതിനിടയ്ക്ക് 'വൈബ്രന്റ് ഗുജറാത്ത്' എന്ന പേരില്‍ നടന്ന വേള്‍ഡ് ട്രേഡ് ഷോയിലേക്ക് രസ്‌നയ്ക്കും ക്ഷണം ലഭിച്ചു.

'അവിടെ ഒരു ലക്ഷം അപേക്ഷകരുണ്ടായിരുന്നു. ഇന്നവേറ്റീവ് പ്രൊഡക്ട് വിഭാഗത്തിലാണ് ഞാന്‍ അപേക്ഷിച്ചത്. ഞാനുണ്ടാക്കിയ ചമ്മന്തിപ്പൊടിയും സാമ്പാര്‍പൊടിയുമൊക്കെ അവിടേക്ക് തിരഞ്ഞെടുക്കപ്പെട്ടു. പല രാജ്യങ്ങളില്‍നിന്നുള്ളവര്‍ തേങ്ങ ഉത്പന്നങ്ങളെക്കുറിച്ച് ചോദിച്ചറിഞ്ഞു. ഘാന, ബോട്‌സ്വാന, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിലുള്ളവരൊക്കെ ഇത് അയച്ചുകൊടുക്കാന്‍ പറഞ്ഞിട്ടുണ്ട്. ബംഗ്ലാദേശിലുള്ളവര്‍ക്ക് ഇഷ്ടമായത് വെന്ത വെളിച്ചെണ്ണയാണ്. ആഫ്രിക്കയില്‍ ജീവിക്കുന്ന മലയാളികള്‍ക്ക് വറുത്തരച്ച തേങ്ങ വേണമെന്ന് പറഞ്ഞിട്ടുണ്ട്. അവിടെ വന്നവരുടെയെല്ലാം സംശയം തേങ്ങ വറുത്തരച്ചത് ഇത്ര കാലം കേടാവാതെ നില്‍ക്കുമോ എന്നതായിരുന്നു. ഉള്ളി ഉപയോഗിക്കുന്നതുകൊണ്ടാണ് അങ്ങനെയൊരു പേടി. പക്ഷേ, ഇത് ഒമ്പത് മാസം വരെ ഒരു കുഴപ്പവുമില്ലാതെ ഉപയോഗിക്കാന്‍ പറ്റുമെന്ന് ഞാന്‍ ഗ്യാരണ്ടിയാണ്. ഇപ്പോള്‍ അമ്പത് സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ ഉത്പന്നം കൊടുക്കുന്നുണ്ട്. മറ്റ് സംസ്ഥാനങ്ങളില്‍നിന്നൊക്കെ ആവശ്യക്കാര്‍ വരുന്നുണ്ട്.'

നാട്ടിലെ തേങ്ങ നാടു കടക്കുന്നതിന്റെ സന്തോഷം രസ്‌നയുടെ സംസാരത്തിലുണ്ട് .മോം സ്‌പെഷല്‍ എന്ന പേരിലാണ് അവരുടെ ഉത്പന്നങ്ങള്‍ വിപണിയിലെത്തുന്നത്. അമ്മയില്‍നിന്ന് വന്ന കൈപ്പുണ്യത്തിന് അതിലും നല്ലൊരു പേരില്ല.

തേങ്ങ വെറും തേങ്ങയല്ല

ചെറിയൊരു വരുമാനമാണ് മനസ്സില്‍ കണ്ടതെങ്കിലും ആഗ്രഹിച്ചതിലും വലിയ സ്വപ്‌നങ്ങള്‍ കാണാന്‍ പറ്റുന്ന അവസ്ഥയിലെത്തിയ സന്തോഷത്തിലാണ് രസ്‌ന. അതിലേക്കുള്ള യാത്രയാണ് അവരുടെ വിജയത്തിന്റെ തിളക്കം കൂട്ടുന്നത്...'കുടുംബത്തില്‍ എനിക്കു മാത്രമായൊരു വരുമാനം വേണമെന്നേ ആഗ്രഹിച്ചിട്ടുള്ളൂ. എന്നാലിപ്പോള്‍ ചുറ്റുവട്ടത്തുള്ള മൂന്നു സ്ത്രീകള്‍ക്ക് കൂടെ ജോലി കൊടുക്കാന്‍ പറ്റുന്നുണ്ട്. ഉടന്‍ തന്നെ പത്തുപേര്‍ക്ക് കൂടെ ജോലി കൊടുക്കാന്‍ പറ്റിയേക്കും. ഹോം ഷോപ്പിങ് എന്ന രീതിയില്‍ കൂടുതല്‍ സ്ത്രീകള്‍ക്ക് വരുമാനം കണ്ടെത്താന്‍ സഹായിക്കുന്ന പദ്ധതിയും ആലോചിക്കുന്നുണ്ട്.'

വീട്ടില്‍ വരുമാനമില്ലാതെ കഴിയുന്ന സ്ത്രീകളെ ചേര്‍ത്തുപിടിക്കുന്നൊരു ദിനമാണ് രസ്‌ന സ്വപ്‌നം കാണുന്നത്. വിവാഹം കഴിഞ്ഞ് വീട്ടില്‍ വെറുതെ ഇരുന്ന ഇരുപത് വര്‍ഷങ്ങളാണ് അവരില്‍ അങ്ങനെയൊരു ചിന്തയുണ്ടാക്കിയത്. '2003-ലായിരുന്നു കല്യാണം. ബി.എ. പൊളിറ്റിക്‌സ് രണ്ടാം വര്‍ഷ ക്ലാസിലിരിക്കുമ്പോഴാണ് കല്യാണം തീരുമാനിക്കുന്നത്. എനിക്കന്ന് പതിനെട്ട് വയസ്സ്. വലിയൊരു തറവാട്ടിലേക്കാണ് വിവാഹം കഴിഞ്ഞെത്തിയത്. പശുവും വയലും കൃഷിയുമെല്ലാമായി അവിടെ കുടുംബത്തിന്റെ ലോകത്തുമാത്രമായി ജീവിച്ചു. മക്കളൊക്കെയായി വേറിട്ട് താമസിക്കാന്‍ തുടങ്ങിയപ്പോഴാണ് വീണ്ടും ഞാനെന്റെ സ്വപ്‌നങ്ങളെക്കുറിച്ച് ആലോചിക്കുന്നത്. അങ്ങനെയാണ് ഈയൊരു യാത്ര തുടങ്ങുന്നത്.

ഇപ്പോഴും വിവാഹം കഴിഞ്ഞ് എത്രയോ സ്ത്രീകള്‍ വീട്ടില്‍ വെറുതെ ഇരിക്കുന്നത് കാണുന്നുണ്ട്. ഇവരൊക്കെ എത്ര പണമാണ് നഷ്ടപ്പെടുത്തി കളയുന്നതെന്നാണ് ആലോചിച്ചു പോകുന്നത്. ഭര്‍ത്താവിന്റെ വരുമാനം മാത്രം ആശ്രയിച്ച് എത്രകാലം നിലനില്‍ക്കാനാവും. ഒരിക്കല്‍ ഞാനും അങ്ങനെയായിരുന്നുവല്ലോ. പണം വേണമെങ്കില്‍ ഭര്‍ത്താവിനോട് വാങ്ങുകയല്ലാതെ വേറെ വഴിയില്ല. പക്ഷേ സ്വന്തമായി വരുമാനം വന്ന് തുടങ്ങിയപ്പോഴാണ് ജീവിതത്തില്‍ കൂടുതല്‍ അഭിമാനം തോന്നുന്നത്. ഞങ്ങള്‍ ഗുജറാത്തില്‍ ട്രേഡ് ഫെയറിന് പോയതൊക്കെ എന്റെ കൈയിലെ പണമെടുത്താണ്. കൂടെ ഏട്ടനെയും കൊണ്ടുപോയി. എല്ലാ ചെലവും ഞാന്‍ തന്നെയാണ് എടുത്തത്. അതായിരുന്നു ജീവിതത്തില്‍ ഏറ്റവും സന്തോഷം തോന്നിയ മുഹൂര്‍ത്തം.'രസ്‌ന പറയുന്നു. അഭിമാനത്തിന്റെ ഒരു ചെറുനിലാവ് അവരുടെ മുഖത്ത് ചിരിയായി മിന്നിമാഞ്ഞു.

'ഇപ്പോള്‍ ഞാന്‍ തീരുമാനിക്കുന്നതാണ് എന്റെ ജോലിസമയം. ഒരു സംരംഭകയുടെ ഏറ്റവും വലിയ നേട്ടം അതാണ്. നമുക്ക് നമ്മുടെ സമയം തീരുമാനിക്കാം. നേരത്തെ ഇത് തുടങ്ങിയില്ലല്ലോ എന്നൊരു വിഷമമേയുള്ളൂ. ഭര്‍ത്താവ് ദിനേശേട്ടന്‍ നല്ല പിന്തുണ നല്‍കുന്നുണ്ട്. ഞാനീ ആഗ്രഹം പറഞ്ഞപ്പോള്‍ തന്നെ നമ്മുടെ പ്രൊഡക്ട് വ്യത്യസ്തമായി തോന്നണമെങ്കില്‍ അതിനൊരു ലോഗോ വേണമെന്ന് പറഞ്ഞതും അത് ചെയ്തുതന്നതുമൊക്കെ ഏട്ടനാണ്.'

ഇപ്പോള്‍ നാട്ടുകാരൊക്കെ രസ്‌നയെ കാണുമ്പോള്‍ അഭിനന്ദിക്കാനായി ഓടിയെത്താറുണ്ട്. നാട്ടില്‍ ഒരു വിലയുമില്ലാതെ കിടന്ന തേങ്ങയ്ക്ക് പൊന്നുംവിലയുണ്ടാക്കുന്ന രസ്‌നയോട് അവര്‍ക്കൊരു പ്രത്യേക സ്‌നേഹമുണ്ട്. അവരോടും തേങ്ങയില്‍ ഇനിയുമെത്രയോ സാധ്യതകള്‍ ഒളിഞ്ഞിരിപ്പുണ്ടെന്ന് പറയാനാണ് രസ്‌ന ശ്രമിക്കുന്നത്.

'ഇപ്പോള്‍ ഹോം മെയ്ഡ് ഉത്പന്നങ്ങള്‍ക്കൊക്കെ കൂടുതല്‍ ആവശ്യക്കാരുണ്ട്. അതിനൊക്കെ ഇനിയും സാധ്യതകളുണ്ട്. നാട്ടില്‍ പലയിടത്തും തേങ്ങ വെറുതെ കിടക്കുന്നതുകാണുമ്പോള്‍ എത്ര പണമാണീ കിടക്കുന്നതെന്നാണ് ഞാന്‍ ആലോചിക്കാറ്. ഞാനും അത് തിരിച്ചറിയാന്‍ ഇത്തിരി വൈകിപ്പോയി. പക്ഷേ, ഒടുവില്‍ എനിക്കും മനസ്സിലാക്കാന്‍ പറ്റി,ഇതൊരു മാണിക്യമാണെന്ന്.' ജീവിതത്തിലെ നിധി കണ്ടുപിടിച്ച സന്തോഷത്തില്‍ രസ്‌ന വീണ്ടും ചിരിച്ചു. 'എല്ലാത്തിനും അതിന്റേതായ സമയമുണ്ടല്ലോ ദാസാ' എന്ന ആശ്വാസത്തില്‍ ഇരുന്നിട്ട് ഇനി കാര്യമില്ലെന്ന ഓര്‍മപ്പെടുത്തലോടെ.