പറയരുകണ്ടി വെട്ടത്ത് ഗംഗാധരന്‍ എന്ന ഇരുപത്തിയാറുകാരന്റെ ജീവിതത്തിലേക്ക് കയറിവരുമ്പോള്‍ ഷെറിന് പതിനാറ് വയസ്സാണ്. ഭാവിയില്‍ ഭര്‍ത്താവ് മലയാളത്തിലെ ഒട്ടേറെ ഹിറ്റ് സിനിമകളുടെ സൃഷ്ടാക്കളിലൊരാളാവുമെന്നോ മലയാളി ഒരുപാട് കാലങ്ങളോളം ഓര്‍മയില്‍ സൂക്ഷിക്കുന്ന നിരവധി സിനിമകളുടെ പിറവിക്ക് താനും സാക്ഷിയാവുമെന്നോ സ്വപ്നംപോലും കാണാത്ത കൗമാരപ്രായം. എങ്കിലും ആ പത്താം ക്ലാസുകാരിയുടെ മനസ്സ് നിറയെ സന്തോഷമായിരുന്നു. പുതുമണവാട്ടിയായി കോഴിക്കോട് ആഴ്ചവട്ടത്തെ ആ വലിയ തറവാട്ടിലേക്ക് കയറിവന്നപ്പോള്‍ ഷെറിനെ പിന്നണി ഗായിക പി.ലീല പാട്ടുംപാടിയാണ് സ്വീകരിച്ചത്.

To advertise here,
placeholder
പി.വി. ഗംഗാധരന്റെയും ഷെറിന്റെയും വിവാഹവേളയില്‍നിന്നുള്ള ചിത്രം
പി.വി. ഗംഗാധരന്റെയും ഷെറിന്റെയും വിവാഹവേളയില്‍നിന്നുള്ള ചിത്രം

1969-ലായിരുന്നു ആ വിവാഹം. കോഴിക്കോട്ടെ പ്രമുഖ വ്യവസായി പി.വി.സാമിയുടെ രണ്ടാമത്തെ മകന്‍ പി.വി.ഗംഗാധരന്റെ വധുവായി മാറിയ ആ ദിവസങ്ങള്‍ ഷെറിന്‍ ഓര്‍ത്തെടുക്കുമ്പോള്‍ ഉള്ളില്‍ അരനൂറ്റാണ്ട് കാലം ഒഴുകുന്നുണ്ട്. അന്ന് കയറിവന്ന അതേ സ്വീകരണ മുറിയിലിരുന്ന് ഷെറിന്‍ ആ ഓര്‍മകളെ താലോലിക്കുമ്പോള്‍ അതില്‍ നിറയുന്നത് പി.വി.ജിയെന്ന പി.വി. ഗംഗാധരന്റെ സ്മരണകള്‍ മാത്രം.

'അദ്ദേഹം ആദ്യമായി ഞങ്ങളുടെ വീട്ടില്‍ വന്ന ദിവസം ഓര്‍മയുണ്ട്. അന്ന് അതൊരു പെണ്ണു കാണലാണെന്നൊന്നും എനിക്കറിയില്ലായിരുന്നു. പലരും വീട്ടില്‍ വരാറുണ്ടല്ലോ. അക്കൂട്ടത്തിലൊരാളെപ്പോലെയാണ് തോന്നിയത്. പത്താംക്ലാസില്‍ പഠിക്കുന്ന ഞാന്‍ വിവാഹത്തെക്കുറിച്ചൊന്നും ചിന്തിക്കുന്ന പ്രായമല്ലല്ലോ. പക്ഷേ, പെണ്ണുകാണല്‍ കഴിഞ്ഞപ്പോള്‍ സ്‌കൂളില്‍നിന്ന് സിസ്റ്റര്‍മാരൊക്കെ ചില സൂചനകള്‍ തന്നിരുന്നു, ഇത് കല്യാണമാവുമെന്ന്. വീട്ടില്‍ ഞങ്ങള്‍ മൂന്ന് പെണ്‍മക്കളാണ്. അതില്‍ മൂത്തയാളാണ് ഞാന്‍. അപ്പോള്‍ വേഗം കല്യാണം കഴിച്ച് അയക്കാമെന്ന ചിന്താഗതിയായിരുന്നു വീട്ടുകാര്‍ക്ക്'. അധികം വൈകാതെ ആ വിവാഹമൊരു ആഘോഷമായി നടന്നു.

അതോടെ സുഹൃത്തുക്കളുടെ ഇടയിലെ സ്നേഹത്തിന്റെ ആ ചുരുക്കപ്പേര് ഷെറിന്റേയും സ്വന്തമായി, പി.വി.ജി. ഭര്‍ത്താവ് സൗഹൃദങ്ങള്‍ക്ക് കൊടുക്കുന്ന പ്രാധാന്യമാണ് ഷെറിനെ ആദ്യംതന്നെ ആകര്‍ഷിച്ചത്. 'ആളുകളോട് പെട്ടെന്ന് ഇടപഴകുന്ന സ്വഭാവക്കാരനായിരുന്നു പി.വി.ജി. നമ്മളൊരാളെ കണ്ടാല്‍ എന്താ പറയേണ്ടതെന്ന് ആലോചിച്ചുവരുമ്പോഴേക്കും മൂപ്പര്‍ കയറി സംസാരിച്ചിരിക്കും. ഒരു തവണ പരിചയപ്പെട്ടാല്‍ അവരുമായി എന്നും ബന്ധം സൂക്ഷിക്കും'.

placeholder
ഷെറിന്‍ ഗംഗാധരന്‍ | ഫോട്ടോ: എന്‍.എം. പ്രദീപ്
ഷെറിന്‍ ഗംഗാധരന്‍ | ഫോട്ടോ: എന്‍.എം. പ്രദീപ് 

കോഴിക്കോട്ട് എന്തു പരിപാടിയുണ്ടെങ്കിലും അതിന്റെ മുന്നിലുണ്ടാവുമായിരുന്നു ഗംഗേട്ടന്‍, അത് നാടകമായാലും നൃത്തമായാലും. ചെറുപ്പത്തില്‍ മദ്രാസില്‍ ഓട്ടോമൊബൈല്‍ എന്‍ജിനീയറിങ് പഠിച്ചതാണ് അദ്ദേഹം. ആ കാലത്ത് ശിവാജി ഗണേശന്റെ നാടകം കാണാന്‍ പോവാറുണ്ട്. ഇടയ്ക്ക് സിനിമാ ഷൂട്ടിങ്ങിനും. അങ്ങനെയൊക്കെയാവും അദ്ദേഹത്തിന് കലാരംഗത്തോട് താത്പര്യമുണ്ടാവുന്നത്. പി.വി.ജി.യുടെ അച്ഛനും ഇതിലൊക്കെ കമ്പമുണ്ടായിരുന്നു. ഫുട്‌ബോളും സിനിമയുമൊക്കെ മൂപ്പര്‍ക്കും ഇഷ്ടമാണ്. സിനിമ കാണുന്നതിനിടയിലൊക്കെ അദ്ദേഹത്തിന്  ഫോണ്‍ വരും. അതോടെ മൂപ്പര്‍ എണീറ്റ് പോകും. ബാക്കി കാണുന്നത് പിറ്റേന്നാവും. എത്ര തിരക്കുണ്ടെങ്കിലും അത് മുടക്കാറില്ല. ഓണത്തിനും വിഷുവിനുമൊക്കെ ഞങ്ങള്‍ കുടുംബമായിട്ട് സിനിമയ്ക്ക് ഒരേവരിയില്‍തന്നെ സീറ്റ് റിസര്‍വ് ചെയ്യും. അച്ഛനത് നിര്‍ബന്ധമായിരുന്നു. അതുപോലെ ഫുട്‌ബോളും രാഷ്ട്രീയവുമൊക്കെ അദ്ദേഹത്തിന്റെ ഇഷ്ടമേഖലകളാണ്. ഈ ഇഷ്ടങ്ങളൊക്കെ തന്നെയാണ് പി.വി.ജി.ക്കും കിട്ടിയത്.'

placeholder
ശിവാജി ഗണേശനൊപ്പം പി.വി.ജി.
ശിവാജി ഗണേശനൊപ്പം പി.വി.ജി.

ആ കാലത്ത് പി.വി.ജിയെ ഒരു പേടി അലട്ടിയിരുന്നു. വിമാനത്തില്‍ കയറാനുള്ള ഭയം.'അദ്ദേഹത്തിന്റെ അച്ഛന്‍ ആദ്യമായി ഡല്‍ഹിയില്‍ ഓഫീസ് തുറക്കുന്ന സമയം. ഞങ്ങളോട് ഉദ്ഘാടനത്തിന് ചെല്ലാന്‍ പറഞ്ഞു. പി.വി.ജിക്ക് വിമാനം പേടിയാണല്ലോ. അങ്ങനെ ഞങ്ങള്‍ കോഴിക്കോട്ടുനിന്ന് കാറിലാണ് ഡല്‍ഹിവരെ പോയത്. പല സ്ഥലത്തും നിര്‍ത്തി നിര്‍ത്തിയായിരുന്നു യാത്ര. പക്ഷേ തിരികെ വരുമ്പോള്‍ അച്ഛനൊരേ നിര്‍ബന്ധം മടക്കയാത്ര വിമാനത്തില്‍ തന്നെ മതി, ഈ പേടിയൊന്ന് മാറ്റിയിട്ട് തന്നെ കാര്യം. അങ്ങനെ അച്ഛന്റെ നിര്‍ബന്ധത്തില്‍ പേടിച്ചുപേടിച്ചാണ് അദ്ദേഹം വിമാനം കയറിയത്. പക്ഷേ,അതോടെ ആ പേടി എന്നെന്നേക്കുമങ്ങ് മാറിപ്പോവുകയും ചെയ്തു. 'ഒരു കാലത്ത് വിമാനയാത്ര ഭയന്ന ഇതേ പി.വി.ജി.തന്നെയാണ് കോഴിക്കോട്ട് ഒരു വിമാനത്താവളം കൊണ്ടുവരാന്‍ മുന്‍നിരയില്‍നിന്നത് എന്നത് പിന്നത്തെ ചരിത്രം. 'വെള്ളത്തിലിറങ്ങാനും നല്ല പേടിയുണ്ടായിരുന്നു. വെള്ളത്തിലിറങ്ങിയാല്‍ ശ്വാസം മുട്ടും എന്ന് പറഞ്ഞ് മാറിനില്‍ക്കും. അത് മാറ്റിയെടുത്തത് മാതൃഭൂമിയുടെ എം.ഡി.യായിരുന്ന എം.പി. വീരേന്ദ്രകുമാറാണ്. ഒരിക്കല്‍ ചാര്‍ധാം യാത്രയിലായിരുന്നു ഞങ്ങള്‍. എം.പി. വീരേന്ദ്രകുമാര്‍ ഓരോയിടത്തും പി.വി.ജി.യെ കൂട്ടി കൊണ്ടുപോയി നിര്‍ബന്ധിച്ച് വെള്ളത്തില്‍ ഇറക്കുമായിരുന്നു... 'ആ ദിനങ്ങളെല്ലാം ഷെറിന്റെ ഉള്ളില്‍ നിറമൊട്ടുംചോരാതെ തുടിച്ചു നില്‍ക്കുന്നുണ്ട്.

രാഷ്ട്രീയം എന്ന ലഹരി

രാഷ്ട്രീയം വലിയ ഇഷ്ടമായിരുന്നു പി.വി.ജിക്ക്. അതുകഴിഞ്ഞേ ബാക്കിയെന്തുമുള്ളൂ എന്നൊരു പ്രകൃതം. അധികം വൈകാതെ ഷെറിനും ആ രഹസ്യം മനസ്സിലാക്കി. 'തിരഞ്ഞെടുപ്പ് കാലത്ത് പലപ്പോഴും പി.വി.ജി. രാത്രി വീട്ടില്‍ എത്തില്ല. ഫുള്‍ടൈം പാര്‍ട്ടി വര്‍ക്കിലാണ്. കല്യാണം കഴിഞ്ഞ ഉടനെ എനിക്കിതൊക്ക കണ്ട് പേടി തോന്നിയിട്ടുണ്ട്. പൊതുവെ എന്റെയുള്ളില്‍ രാഷ്ട്രീയത്തോടൊരു ഭയമുണ്ടായിരുന്നു. തിരഞ്ഞെടുപ്പ് കാലമെത്തിയാല്‍ അദ്ദേഹം പോസ്റ്ററൊട്ടിക്കുന്ന പണി വരെ എടുക്കും. അന്നേരം  ഞാന്‍ എന്ത് പറഞ്ഞാലും അതൊന്നും മൂപ്പര്‍ക്ക് ബാധകമാവില്ല. പലപ്പോഴും ഞാനെന്റെ അനിഷ്ടം പ്രകടിപ്പിച്ചിട്ടുണ്ട്. പക്ഷേ രാഷ്ട്രീയം എന്റെ ചോരയിലുള്ളതാണെന്നായിരുന്നു പി.വി.ജി.യുടെ ന്യായം. ഒരിക്കല്‍ അദ്ദേഹം തിരഞ്ഞെടുപ്പില്‍ മത്സരിക്കുകയും ചെയ്തുവല്ലോ. എനിക്കതിനോടും താത്പര്യമുണ്ടായിരുന്നില്ല. പിന്നെ മൂപ്പരുടെ ആഗ്രഹമല്ലേ എന്നുകരുതി മിണ്ടാതിരുന്നു. അന്ന് വിജയിക്കാത്തതില്‍ അദ്ദേഹത്തിന് വിഷമമൊന്നും തോന്നിയിട്ടില്ല. ഒന്ന് മത്സരിക്കണമെന്നേ ആഗ്രഹമുണ്ടായിരുന്നുള്ളു.'

ഭര്‍ത്താവിനെപ്പോലെത്തന്നെ അദ്ദേഹത്തിന്റെ വീടും രാഷ്ട്രീയം ശ്വസിച്ച് ജീവിച്ച കാലമാണതെന്ന് ഷെറിന്‍ ഓര്‍ക്കുന്നു. അവിടെ എപ്പോഴും അതിഥികളുണ്ടാവും. അവരില്‍ ഭൂരിഭാഗവും രാഷ്ട്രീയക്കാരുമാണ്. 'ഏത് രാത്രിയിലും ഒരുപാട് അതിഥികള്‍ കയറി വരുന്ന വീടായിരുന്നു ഇത്. അദ്ദേഹത്തിന്റെ കൂടെയും ഒരുപാട് ആളുകളുണ്ടാവും. അവര്‍ക്കൊക്കെ ഒരു നേരത്തെ ഭക്ഷണം ഞങ്ങള്‍ കരുതിവെക്കും. എത്രയാളുണ്ടെന്ന് മുന്നേ പറയാനൊക്കില്ലെങ്കിലും ഒരിക്കലും ഭക്ഷണം തികയാതിരുന്നിട്ടില്ല. എപ്പോഴോ വരുന്ന അതിഥികള്‍ക്കുവേണ്ടി ഞങ്ങള്‍ കണക്കുകൂട്ടി കാത്തിരുന്നു. അന്നത്തെ പ്രമുഖ കോണ്‍ഗ്രസ് നേതാവായിരുന്ന കെ. കരുണാകരനൊക്കെ എപ്പോഴും വരുമായിരുന്നു. അന്ന് പി.വി.ജി.യുടെ അച്ഛന്റെ അടുത്തേ ബെന്‍സ് കാര്‍ ഉണ്ടായിരുന്നുള്ളൂ. കരുണാകരന്‍ വന്നാല്‍ കാര്‍ അദ്ദേഹത്തിന് കൊടുക്കും. ഇവിടെയുള്ള ആവശ്യങ്ങള്‍ക്ക് ആ കാറാണ് കരുണാകരന്‍ ഉപയോഗിക്കുന്നത്. അച്ഛനും സജീവ രാഷ്ട്രീയക്കാരനായിരുന്നുവല്ലോ. അദ്ദേഹം എ.ഐ.സി.സി. അംഗമായിരുന്നു. ഡല്‍ഹി വരെ കെ.ടി.സി. കമ്പനിക്ക് സ്വന്തമായി ഓഫീസ് തുറന്നത് അച്ഛന്റെ സ്വന്തം അധ്വാനത്താലാണ്. അച്ഛന്‍ വീട്ടില്‍നിന്ന് ഒരു പോക്ക് പോയാല്‍ പിന്നെ ഒരു മാസത്തേക്ക്  കാണില്ല. അദ്ദേഹം ട്രെയിനിലാണ് പോവുക. അതേ സമയത്ത് തന്നെ ഒരു കാറും ഇവിടെനിന്ന് പുറപ്പെടും. ഒരു സ്ഥലത്ത് ഇറങ്ങുമ്പോഴേക്കും കാര്‍ അവിടെയെത്തും. ആ സ്ഥലത്തെ ആവശ്യങ്ങള്‍ക്കായി കാര്‍ ഉപയോഗിക്കും. എന്നിട്ട് അടുത്ത സ്ഥലത്തേക്ക് പോവും. കാറും പിന്നാലെ യാത്ര തുടങ്ങും. ചെറുപ്പത്തിലേ മക്കളെയും ബിസിനസ് കാര്യങ്ങളൊക്കെ പഠിപ്പിക്കാന്‍ അച്ഛന്‍ ശ്രദ്ധിച്ചിരുന്നു...'

സിനിമയിലേക്ക് വന്ന കാലം

വിവാഹം കഴിഞ്ഞ കാലത്തൊന്നും പി.വി.ജി.യുടെ ചിന്തയില്‍ സിനിമാ പദ്ധതികളുണ്ടായിരുന്നില്ല. അഞ്ചെട്ടു വര്‍ഷത്തിനുശേഷമാണ് അദ്ദേഹത്തില്‍ അങ്ങനെയൊരു നിയോഗം വന്നുചേരുന്നത്. 'റോട്ടറി മെമ്പര്‍മാരെല്ലാം ചേര്‍ന്നാണ് ഒരു സിനിമയെടുക്കാം എന്ന നിര്‍ദേശവുമായി വന്നത്. അതായിരുന്നു തുടക്കം. പിന്നെ അവരൊക്കെ ഒഴിഞ്ഞു. സിനിമ മൂപ്പരുടെ തലയിലായി.'ഇങ്ങനെ ഒട്ടേറെ യാദൃശ്ചികതകളിലൂടെയാണ് പി.വി.ഗംഗാധരന്‍ എന്ന നിര്‍മാതാവ് പിറന്നത്. ആദ്യ സിനിമ- സുജാത. സംവിധാനം ഹരിഹരന്‍. അന്നേ ഐ.വി.ശശിയുമായി വലിയ സൗഹൃദമായിരുന്നു പി.വി.ജിക്ക്. തുടര്‍ന്ന് നിര്‍മിച്ച മൂന്ന് സിനിമകളും സംവിധാനം ചെയ്തത് ഐ.വി.ശശി തന്നെ. മനസ്സാ വാചാ കര്‍മണയും അങ്ങാടിയും അഹിംസയും വിജയങ്ങളായി. അതോടെ മലയാളത്തിലെ ഹിറ്റ് സിനിമകളുടെ നിര്‍മാതാവ് എന്നതിന്റെ മറുപേര് പി.വി.ജി. എന്നായി. അദ്ദേഹത്തിന്റെ വീട് സിനിമാക്കാരുടെ താവളമായി. ധാരാളം കഥകള്‍ ആ വീടിന് ചുറ്റിലും വട്ടമിട്ടു പറന്നു.

'അന്നത്തെ ഒരുപാട് സിനിമകളുടെ ആദ്യ കേള്‍വിക്കാരിലൊരാളായി ഞാനും ഇരുന്നിട്ടുണ്ട്. എനിക്ക് കഥ ഇഷ്ടപ്പെട്ടാലേ പി.വി.ജി. സിനിമ എടുക്കുമായിരുന്നുള്ളൂ. കുറെ കഥകളൊക്കെ എനിക്ക് ഇഷ്ടപ്പെടാതെ വന്നതിനാല്‍ ഒഴിവാക്കേണ്ടി വന്നിട്ടുണ്ട്. ഞാനെപ്പോഴും ഒരു കാഴ്ചക്കാരിയുടെ കണ്ണിലൂടെയേ കഥ കേള്‍ക്കൂ. എല്ലാ കഥയിലും ഒരു ഗുണപാഠം ഉണ്ടാവണമെന്ന് ആഗ്രഹിക്കാറുമുണ്ട്. വെറുതെ എന്തെങ്കിലും കാണിക്കുന്നതാവരുത് സിനിമ. ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സിന്റെ സിനിമകളെല്ലാം അങ്ങനെയൊരു നിര്‍ബന്ധത്തിലുണ്ടാക്കിയതാണ്'.

അതോടെ തിയേറ്ററുകളെ ഇളക്കിമറിച്ച ഹിറ്റുകള്‍ പിറന്നു. ഷെറിന്റെയും പി.വി.ജി.യുടെയും ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സ് മലയാളിയുടെ സിനിമാകാഴ്ചകളിലെ ഇഷ്ടനിര്‍മാതാക്കളായി. ഹരിഹരന്‍ സംവിധാനം ചെയ്ത ഒരു വടക്കന്‍വീരഗാഥ അക്കാലത്ത് തിയേറ്ററുകളെ ഉത്സവപ്പറമ്പാക്കി. 'വടക്കന്‍ വീരഗാഥയുടെ കഥ ഞങ്ങള്‍ ആദ്യം കേട്ടത് കെ.ടി.സിയുടെ ഓഫീസില്‍ വെച്ചാണ്. സംവിധായകന്‍ ഹരിഹരനാണ് ആ കഥ പറയുന്നത്. എം.ടിയുടെ കഥയല്ലേ. എം.ടിയാണെങ്കില്‍ മുഴുവനായൊന്നും പറയില്ല, ഒരു ഔട്ട്‌ലൈന്‍ മാത്രമേ പറയൂ'.

അന്നൊക്കെ ഷൂട്ടിങ്ങിന് പി.വി.ജിക്കൊപ്പം ഞാനും പോവാറുണ്ട്. സെറ്റില്‍ പോയാല്‍ അവിടെയുള്ളവരുടെയൊക്കെ സ്‌ട്രെസ് കളയാന്‍ പി.വി.ജി. പല തമാശകളും പറയും. ഞങ്ങള്‍ രാവിലെയും വൈകുന്നേരവുമേ സെറ്റിലേക്ക് പോവൂ. സിനിമ എടുക്കുന്നവര്‍ സ്‌ട്രെസ് ആയി ഇരിക്കുമ്പോള്‍ അവര്‍ക്ക് കുറച്ച് റിലീഫ് കിട്ടുമല്ലോ എന്ന് പറഞ്ഞാണ് വൈകുന്നേരം പോവുന്നത്. സിനിമാ കാര്യങ്ങളൊക്കെ പി.വി.ജി. അവര്‍ക്ക് വിട്ടുകൊടുത്തിരിക്കുകയാണ്. അവരാണ് നിര്‍മാതാവ് എന്ന മട്ടിലാവും അദ്ദേഹത്തിന്റെ പെരുമാറ്റം. നിങ്ങള്‍ക്ക് എന്താ തോന്നുന്നതെന്ന് വെച്ചാല്‍ ചെയ്‌തോ എന്നാണ് അദ്ദേഹം പറയുക. ആവശ്യങ്ങള്‍ മാത്രം പറഞ്ഞാല്‍ മതി. എന്തു പറഞ്ഞാലും അദ്ദേഹം എത്തിച്ചുകൊടുക്കും. ഇപ്പോള്‍ പ്രൊഡക്ഷന്‍ മാനേജര്‍മാരൊക്കെ ചെയ്യുന്ന പണികള്‍ പണ്ട് നിര്‍മാതാവ് തന്നെയാണ് ചെയ്യുന്നത്.

ഒരു സൈക്കിള്‍ വേണമെങ്കില്‍,ഒരു ബൈക്ക് വേണമെങ്കില്‍ അതൊക്കെ എത്തിച്ചുകൊടുക്കണം. ചിലപ്പോള്‍ ചില പ്രത്യേക ബൈക്ക് വേണമെന്നൊക്കെ പറയും. അങ്ങാടിയില്‍ സീമ ഓടിക്കുന്ന ബൈക്കൊക്കെ അങ്ങനെയുള്ളതാണ്. അങ്ങനെയൊന്ന് കിട്ടാന്‍ അദ്ദേഹം ഒരുപാട് തിരഞ്ഞു. അവസാനം ഏതോ ഒരു സുഹൃത്തിന്റെ ബൈക്ക് എടുത്തുകൊണ്ട് വരികയായിരുന്നു. അത്രയും അടുപ്പമുള്ളവരേ അന്നൊക്കെ വണ്ടികള്‍ ഷൂട്ടിങ്ങിന് വിട്ടു തരൂ. അതുപോലെ വടക്കന്‍ വീരഗാഥയുടെ ഷൂട്ടിങ് സമയത്തും ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. സെറ്റിടാനും പഴയ വിളക്കും വാളുകളുമൊക്കെ സംഘടിപ്പിക്കാനും നല്ല പ്രയാസമായിരുന്നു. ആ സിനിമയില്‍ മമ്മൂട്ടിക്ക് ധരിക്കാന്‍ സ്വര്‍ണത്തിന്റെ ആഭരണങ്ങള്‍ തന്നെ വേണമെന്ന് നിര്‍ബന്ധം. അല്ലാത്തത് അലര്‍ജിയാവുമത്രേ. അവസാനം പി.വി.ജി. ഫാഷന്‍ ജ്വല്ലറിയില്‍നിന്നാണ് സ്വര്‍ണം സംഘടിപ്പിച്ചത്. അന്ന് ഷൂട്ടിങ് കഴിഞ്ഞിട്ടാണ് അത്രയും ആഭരണങ്ങള്‍ അവര്‍ തിരികെ കൊണ്ടുപോയത്. അന്നൊക്കെ  ആളുകള്‍ക്കിടയില്‍ അത്രയും നല്ല ബന്ധവും വിശ്വാസവുമൊക്കെ ഉണ്ടായിരുന്നു.' ഷെറിന്‍ ആ കാലം ഓര്‍ത്തു.

പി.വി.ജി. നിര്‍മിക്കുന്ന സിനിമകളിലേക്ക് ക്ഷണം കിട്ടുന്നത് അന്നത്തെ അഭിനേതാക്കള്‍ക്ക് വലിയ സന്തോഷമായിരുന്നു. അതോടെ ആ ചിത്രങ്ങള്‍ക്ക് താരമൂല്യം വര്‍ധിച്ചു. പി.വി.ജി. ഒരു സിനിമയില്‍ അഭിനയിക്കാന്‍ വിളിച്ചാല്‍ അത് അദ്ദേഹത്തിന്റെ കുടുംബത്തില്‍ അംഗമാവാന്‍ ക്ഷണിക്കുന്നതു പോലെയാണെന്ന് പല താരങ്ങളും ഓര്‍ക്കുന്നുണ്ട്, സംയുക്ത വര്‍മയെപ്പോലെ. 'സംയുക്തയൊക്കെ ചെറിയ കുട്ടികളായിരുന്നപ്പോള്‍ അഭിനയം തുടങ്ങിയതാണല്ലോ. അന്നൊക്കെ ഗംഗേട്ടന്‍ ലൊക്കേഷനിലേക്ക് പോവുന്നത് തന്നെ കുറെ മിഠായികളുമായിട്ടാണ്. എന്നിട്ട് ഇവര്‍ക്കൊക്കെ വിതരണം ചെയ്യും. അദ്ദേഹത്തിന്റെ കൂടെപ്പോവുന്ന ഞാനും പല അഭിനേത്രികളുടെയും ചെറുപ്പകാലം കണ്ടിട്ടുണ്ട്. ഒരിക്കല്‍ സത്യന്‍ (സത്യന്‍ അന്തിക്കാട്) ഇവിടെ വന്നൊരു കഥ പറഞ്ഞു. ആ കഥ കേട്ടപ്പോള്‍ ഗൃഹലക്ഷ്മി മാസികയുടെ കവര്‍പേജില്‍ വന്ന ഒരു പെണ്‍കുട്ടിയെയാണ് എനിക്ക് ഓര്‍മ വന്നത്. ഞാന്‍ ആ ഫോട്ടോയെടുത്ത് സത്യനെ കാണിച്ചു. അങ്ങനെ ഞങ്ങള്‍ അന്വേഷിച്ചു കണ്ടുപിടിച്ചതാണ് സംയുക്ത വര്‍മയെ. വീണ്ടും ചില വീട്ടുകാര്യങ്ങള്‍ എന്ന സിനിമയില്‍ സംയുക്ത നായികയായി.

സത്യനാണ് ഞങ്ങളുടെ കൂടുതല്‍ സിനിമകള്‍ സംവിധാനം ചെയ്തത്. അദ്ദേഹവുമായി കുറച്ച് ഫ്രീയായി ഇടപെടാം. സത്യന്‍ കഥകളൊക്കെ വളരെ രസകരമായാണ് അവതരിപ്പിക്കുക. സത്യന്റെ കഥകള്‍ കൂടുതലും കുടുംബവിഷയങ്ങളാണല്ലോ. എനിക്ക് എന്ത് അഭിപ്രായവും പറയാം. സത്യനും ഐ.വി. ശശിയും ഹരിഹരനുമൊക്കെ എന്റെ അഭിപ്രായങ്ങള്‍ മുഖവിലയ്ക്ക് എടുക്കാറുണ്ട്. ശശിക്ക് ഒരു ശീലമുണ്ട്. ഒരു സീന്‍ തന്നെ പല വട്ടം എടുക്കും.  എന്നിട്ട് അതില്‍നിന്ന് കട്ട് ചെയ്ത് വേണ്ടത് എടുക്കുകയാണ് ചെയ്യുന്നത്. റഷസ് കണ്ടിട്ടാണ് ഏതൊക്കെ വേണമെന്ന് നമ്മള്‍ തീരുമാനിക്കുന്നത്. അതുകൊണ്ടുതന്നെ ശശി സിനിമയെടുക്കുമ്പോള്‍ ഫിലിമിന് വലിയ ചെലവാണ്. പക്ഷേ ഗംഗേട്ടന്‍ അതിനൊന്നും ഒരെതിര്‍പ്പും പറയില്ല. അവര്‍ വിചാരിച്ച പോലെ ആവണമെങ്കില്‍ അവര്‍ക്ക് വിട്ടുകൊടുക്കണമെന്നാണ് ഗംഗേട്ടന്റെ പക്ഷം. അതല്ലെങ്കില്‍ കഥയുടെ ഒഴുക്ക് ഇല്ലാതാവുമെന്ന് പറയും'

സംവിധായകരുടെ പ്രിയനിര്‍മാതാവായി മാറാന്‍ പി.വി.ജി.ക്ക് അധികകാലമൊന്നും വേണ്ടിവന്നിരുന്നില്ല. ഉള്ളുതുറന്ന് ഇടപെടുന്ന ശീലം അദ്ദേഹത്തെ സിനിമാക്കാര്‍ക്കിടയിലും പ്രിയങ്കരനാക്കി മാറ്റി.

ലാലിന്റെ കല്യാണവും മമ്മൂട്ടിയുടെ വരവും

മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയുമൊക്കെ ജീവിതത്തിലെ പല പ്രധാന സംഭവങ്ങള്‍ക്കും തങ്ങളുടെ വീട് സാക്ഷിയായതിന്റെ ഓര്‍മ ഷെറിനുണ്ട്. അതിലൊന്നായിരുന്നു മോഹന്‍ലാലിന്റെ വിവാഹം. 'സുചിത്രയുടെ അമ്മയുടെ സഹോദരി ഞങ്ങളുടെ സുഹൃത്തായിരുന്നു. അവര്‍ മുഖേനയായിരുന്നു വിവാഹ ആലോചന. സുചിത്രയ്ക്ക് മനസ്സിലൊരു ഇഷ്ടമുണ്ടെന്ന കാര്യം ഗംഗേട്ടനാണ് ലാലിനോട് പറഞ്ഞത്. സുചിത്രയെ കാണാന്‍ കോഴിക്കോട്ടേക്ക് വരാന്‍ പറഞ്ഞു. പക്ഷേ ലാല്‍ കുറച്ചു മടിച്ചുനിന്നു. പക്ഷേ ഗംഗേട്ടന്‍ നിര്‍ബന്ധിച്ചപ്പോള്‍ ലാല്‍ വന്നു. അങ്ങനെ ഞങ്ങളുടെ കിടപ്പുമുറിയില്‍ ഇരുന്നാണ് ലാലും സുജിയും ആദ്യമായി സംസാരിക്കുന്നത്.

മമ്മൂട്ടിയും പണ്ടേ ഞങ്ങളുടെ വീട്ടില്‍ വരുമായിരുന്നു. അദ്ദേഹം ഷൂട്ടിങ് കഴിഞ്ഞാല്‍ ഇവിടെ തന്നെ കിടന്ന് ഉറങ്ങും. കുടുംബസമേതമാണ് ഷൂട്ടിങ്ങിന് വരുന്നതെങ്കില്‍ മമ്മൂട്ടി സുല്‍ഫത്തിനെയും മക്കളെയും ഞങ്ങളുടെ അടുത്ത് വിടും. പിന്നെ ഞങ്ങളൊരുമിച്ചാണ് കറക്കം. മക്കള്‍ക്ക് എന്തെങ്കിലും അസുഖം വന്നാല്‍ ഞങ്ങള്‍തന്നെ പി.വി.എസ്. ആശുപത്രിയില്‍ കൊണ്ടുപോവും. ഞങ്ങളെല്ലാം ഒരേ കുടുംബംപോലെ കഴിഞ്ഞ കാലമായിരുന്നു. സിനിമയുടെ ആളുകള്‍ എന്ന നിലയില്‍ ആരും ഞങ്ങളെ കണ്ടിട്ടില്ല. ഞങ്ങളുമതേ,എല്ലാവരെയും ഒരു കുടുംബമായിട്ടേ കണ്ടിട്ടുള്ളൂ. 

കെ.പി.എ.സി. ലളിതയും സുകുമാരിയുമൊക്കെ കോഴിക്കോട്ട് വന്നാല്‍ ഞങ്ങളുടെ വീട്ടില്‍ കയറാതെ പോവില്ല. അവര്‍ക്കൊക്കെ ഗംഗേട്ടന്‍ സഹോദരനെപ്പോലെയാണ്. ഉര്‍വശിയും കല്‍പനയും കലാരഞ്ജിനിയുമൊക്കെ ഞങ്ങളുടെ കൂടെ താമസിച്ചിട്ടുണ്ട്. അവര്‍ സഹോദരിമാര്‍ക്കൊരു പ്രത്യേകതയുണ്ട്. ഒരുമിച്ച് ചേര്‍ന്നാല്‍ മലയാളം തല തിരിച്ചാണ് സംസാരിക്കാറ്.  അതൊക്കെ ഞങ്ങളെയും പഠിപ്പിക്കാന്‍ നോക്കും. ഇതുപോലെയാണ് ജയറാമും സത്യന്‍ അന്തിക്കാടും ഇന്നസെന്റും വന്നാല്‍. പിന്നെ അവരും പി.വി.ജി.യും ചേര്‍ന്ന് തമിഴിലാണ് സംസാരിക്കുക. പറയുന്നതില്‍ പകുതി മലയാളമാവും. കേട്ടാല്‍ അറിയാം പൊട്ടത്തമിഴാണെന്ന്. പക്ഷേ നാലുപേരും അത് സമ്മതിച്ചുതരില്ലെന്ന് മാത്രം.'

കലാകാരന്‍മാരെ കണ്ടെത്തുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുമ്പോഴും ഉള്ളിലൊരു കലാകാരനെ കൊണ്ടുനടന്നിരുന്നു പി.വി.ജി.
'അഭിനയം ഗംഗേട്ടന്റെ കൂടപ്പിറപ്പായിരുന്നു. എല്ലാ വര്‍ഷവും അദ്ദേഹം ഒരു നാടകത്തില്‍ അഭിനയിക്കും. മിക്ക സിനിമകളിലും ഒരു സീന്‍ എങ്കിലും അഭിനയിക്കാന്‍ നോക്കും. ഒന്നുമില്ലെങ്കില്‍ ഒന്ന് ഓടാനെങ്കിലും ചോദിച്ചുവാങ്ങും. കോവിഡിന് മുന്നേ വരെ നാടകത്തില്‍ അഭിനയിച്ചിട്ടുണ്ട്. കൂട്ടിന് മാമുക്കോയയും കെടി.സി. അബ്ദുള്ളയുമൊക്കെയുണ്ടാവും. നാടകത്തിന്റെ റിഹേഴ്സലൊന്നും ഞാന്‍ അറിയാറില്ല. അവസാനം നാളെ നാടകമുണ്ട്, നീ കാണാന്‍ വരണം എന്ന് പറയുമ്പോഴായിരിക്കും ഞാനീക്കാര്യങ്ങളൊക്കെ അറിയുന്നത്.

ഗംഗേട്ടന്‍ കവിതകളെഴുതുമായിരുന്നു. പ്രിയപ്പെട്ടവരുടെ പിറന്നാളൊക്കെയുണ്ടെങ്കില്‍ അദ്ദേഹം കവിതയെഴുതി അത് റെക്കോഡ് ചെയ്യിച്ച് സി.ഡിയിലാക്കിയാണ് സമ്മാനം കൊടുക്കുക.  കാറില്‍ പോവുമ്പോഴൊക്കെ കവിത എഴുതിക്കൊണ്ടിരിക്കും. അങ്ങനെ എനിക്കും കിട്ടിയിട്ടുണ്ട് ഒട്ടേറെ കവിതാസമ്മാനങ്ങള്‍...'ഓര്‍മകളിലെ ആ സായന്തനങ്ങള്‍ ഷെറിനില്‍ സന്തോഷം വിടര്‍ത്തി. ആ കവിതകള്‍ ഇപ്പോഴും അവരില്‍ സൗരഭ്യം പടര്‍ത്തി നില്‍ക്കുന്നുണ്ടെന്ന് തീര്‍ച്ച.

2023 ഒക്ടോബര്‍ 13നാണ് പി.വി.ജി. ഓര്‍മയായത്. പണ്ടത്തെ പോലെ ഷെറിന്‍ ഇപ്പോഴും തിരക്കഥകള്‍ കേള്‍ക്കുന്നുണ്ട്. മക്കളായ ഷെനുഗ,ഷെഗ്‌ന,ഷെര്‍ഗ എന്നിവര്‍ ചേര്‍ന്നുള്ള നിര്‍മാണ കമ്പനിയായ എസ് ക്യൂബ് പ്രൊഡക്ഷന്‍സ് നിര്‍മിക്കുന്ന സിനിമകളുടെ ആദ്യ കേള്‍വിക്കാരിയാണ് ഷെറിന്‍..'പണ്ട് ഒരുപാട് കഥകളൊന്നും കേള്‍ക്കാറില്ല. പ്രധാന എഴുത്തുകാരും സംവിധായകരുമൊക്കെ കഥകളുമായി വന്നാല്‍ നമ്മള്‍ എടുത്തിരിക്കും. നല്ല കഥകളും കൊണ്ടേ അവര്‍ വരാറുള്ളൂ. ഇപ്പോ ഒരു ദിവസം തന്നെ രണ്ടും മൂന്നും കഥകള്‍ കേള്‍ക്കാറുണ്ട്. ഒരു വിധം എല്ലാവരും കഥ എഴുതുന്നുണ്ട്. പലരും വിളിച്ചാല്‍ നോ പറയാനാവില്ല. അവര്‍ക്കൊരു വിഷമമാവുമല്ലോ.

ഇപ്പോ സിനിമയെടുക്കുന്നതിലും കുറച്ച് റിസ്‌ക് ഉണ്ട്. നല്ല ക്ഷമ വേണം. മക്കള്‍ മൂന്നുപേരും കൂടെയാണ് നിര്‍മാണ കാര്യങ്ങള്‍ നോക്കുന്നത്. എല്ലാവരെയും കോര്‍ഡിനേറ്റ് ചെയ്യലാണ് എന്റെ ജോലി.'ചെറുപ്പം മുതലേ സിനിമ പിറക്കുന്നതു കണ്ടാണ് ഷെറിന്റെ മക്കളും വളര്‍ന്നത്. സ്വാഭാവികമായും അച്ഛന്റെ പാത പിന്തുടരാനുള്ള മോഹം അവര്‍ക്കുമുണ്ടായി.' മക്കള്‍ സിനിമാ രംഗത്തേക്ക് വരേണ്ടെന്നായിരുന്നു പി.വി.ജി.യുടെ ചിന്ത. പെണ്‍കുട്ടികളായതിന്റെയൊരു പേടി മൂപ്പര്‍ക്ക് ഉണ്ടായിരുന്നു.  അവര്‍ ഒരു സിനിമ എടുത്തുനോക്കട്ടെ എന്ന് പറഞ്ഞ് ഞാനാണ് സമ്മതിപ്പിച്ചത്. ആദ്യമായി അവരെടുത്ത 'ഉയരെ' വലിയ ഹിറ്റായപ്പോള്‍ പി.വി.ജിക്ക് നല്ല സന്തോഷമായിരുന്നു. മക്കളെ ഓര്‍ത്ത് വലിയ അഭിമാനം തോന്നുന്നു എന്നാണ് അന്ന് അദ്ദേഹം പറഞ്ഞത്. പി.വി.ജി. നോട്ട് ബുക്ക് സിനിമ എടുക്കുന്ന സമയത്ത് ഇളയമോള്‍ കണക്കും കാര്യങ്ങളുമൊക്കെ നോക്കുമായിരുന്നു. അതുകൊണ്ട് അവള്‍ക്ക് സിനിമയുടെ ഏകദേശരൂപം അറിയാം. ആ അനുഭവപരിചയവും അവര്‍ക്കൊരു കരുത്തായി. ഇപ്പോള്‍ അച്ഛന്റെ പേര് കൊണ്ട് അവര്‍ക്ക് എവിടെയും കയറിച്ചെല്ലാം. അദ്ദേഹത്തിന്റെ മനസ്സിലെ നന്‍മയും സ്നേഹവും സൗഹൃദങ്ങളുമൊക്കെ മക്കളെയും അനുഗ്രഹിക്കുന്നുണ്ടെന്ന് വേണം കരുതാന്‍...' ഒരു വലിയ സ്നേഹവൃക്ഷ തണലില്‍ ജീവിച്ചതിന്റെ സൗരഭ്യമുള്ള ഓര്‍മകളില്‍ ഷെറിന്‍ സ്വാസ്ഥ്യം തേടി.