
മികച്ച നടനുള്ള ദേശീയ അവാര്‍ഡ് നേടിയ അച്ഛന്‍. മലയാള സിനിമയിലെ ശ്രദ്ധേയ വേഷങ്ങളില്‍ മുഖം കാണിച്ച ജ്യേഷ്ഠന്‍. ചെറുപ്പത്തിലേ നാടകത്തിന്റെയും അഭിനയത്തിന്റെയുമൊക്കെ ലോകത്താണ് വളര്‍ന്നതെങ്കിലും 49-ാം വയസ്സിലാണ് സതി പ്രേംജി ആദ്യമായി സിനിമയില്‍ മുഖം കാണിക്കുന്നത്. എന്നാല്‍ ലേറ്റായി വന്നാലും ലേറ്റസ്റ്റ് ആണെന്ന രജനികാന്ത് ഡയലോഗ്പോലെ സതി ഇപ്പോള്‍ മലയാള സിനിമയുടെ കോലായില്‍ സ്വന്തമായൊരു കസേരയിട്ട് ഇരിപ്പുറപ്പിച്ചിരിക്കുന്നു.
ജാനകി ജാനേ, പ്രേതം, സു സു സുധി വാത്മീകം, ഒരു മുത്തശ്ശി ഗദ, വിമാനം, ഇവിടെ, ഗാനഗന്ധര്‍വന്‍, പട്ടാഭിരാമന്‍, കൊറോണ പേപ്പേഴ്‌സ്, വിജയ് സൂപ്പറും പൗര്‍ണമിയും, പിന്നേയും പോലെ നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ച സതി അതുല്യനടന്‍ പ്രേംജിയുടെ മകളാണ്. പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന എം.ടി. കഥകളുടെ വെബ്സീരിസില്‍ വേഷമിട്ട അവര്‍ ഇത്തിരി വൈകി അച്ഛന്റെ സ്വപ്നം തേടി നടന്ന മകളാണ്.
''2004-ല്‍ ഒളിച്ചേ കണ്ടേ എന്ന ഷോര്‍ട്ട്ഫിലിമാണ് ഞാന്‍ ആദ്യം അഭിനയിച്ചത്. എം.ജി. ശശിയായിരുന്നു സംവിധാനം. അന്നെനിക്ക് 49 വയസ്സുണ്ട്. പണ്ട് സ്‌കൂളിലും കോളേജിലുമൊക്കെ നാടകത്തില്‍ അഭിനയിച്ചിരുന്നുവെങ്കിലും അതുകഴിഞ്ഞ് എല്ലാം മറന്ന് ജീവിക്കുകയായിരുന്നു. ഞാന്‍ ജനിച്ചുവളര്‍ന്നപ്പോള്‍ വീടിന്റെ ഒരു ഭാഗമായിരുന്നു നാടകവും. അഭിനയത്തില്‍ എന്റെ ആദ്യത്തെ സര്‍വകലാശാല അച്ഛന്‍ തന്നെയാണ്. പക്ഷേ എനിക്ക് സ്റ്റേജ് കിട്ടിയത് സ്‌കൂളിലും കോളേജിലുമാണെന്ന് മാത്രം. അച്ഛന് നല്ല മോഹമുണ്ടായിരുന്നു എന്നെ സിനിമയില്‍ വിടണമെന്ന്. അടൂര്‍ ഗോപാലകൃഷ്ണന്റെ ആദ്യ സിനിമയായ 'സ്വയംവ'രത്തില്‍ എന്നെയും വേണു നാഗവള്ളിയെയുമാണ് തിരഞ്ഞെടുത്തിരുന്നത്. പക്ഷേ പുതിയ അഭിനേതാക്കളാണെന്നോ മറ്റോ ഉള്ള കാരണത്താല്‍ അത് മാറിപ്പോവുകയായിരുന്നു. അതിനുശേഷം വിവാഹംകഴിഞ്ഞ് വീട്ടിലെ കാര്യങ്ങളൊക്കെയായി മുന്നോട്ട് പോകേണ്ടി വന്നു. കെല്‍ട്രോണില്‍ നല്ല ഒരു ഉദ്യോഗവും ഉണ്ടായിരുന്നു. അതിനിടയിലാണ് 'ഒളിച്ചേ കണ്ടേ' എന്ന ഷോര്‍ട്ട് ഫിലിമിലേക്ക് സാറാ ജോസഫ് വിളിക്കുന്നത്. ടീച്ചറുടെ മരുമകനായ എം.ജി. ശശിയാണ് സംവിധാനം. സതിക്ക് ആ വേഷം ചെയ്തുകൂടെ,കുറെ നാടകമൊക്കെ ചെയ്തതല്ലേ എന്ന് ടീച്ചര്‍ ചോദിച്ചപ്പോള്‍' ഇനി അതൊക്കെ പറ്റുമോ, എന്റെ കൈയില്‍നിന്ന് അതെല്ലാം നഷ്ടമായി പോയെന്നാണ് ഞാന്‍ പറഞ്ഞത്. ജീവിത, ഔദ്യോഗിക തിരക്കിനിടയില്‍ നമ്മുടെ പാഷനൊക്കെ ചിലപ്പോള്‍ ശ്രദ്ധിക്കാന്‍ കഴിയില്ലല്ലോ. എന്നെ വെറുതെ വിടാന്‍ പറഞ്ഞിട്ടും ടീച്ചര്‍ സമ്മതിച്ചില്ല. ഒന്ന് ശ്രമിച്ചുനോക്കാന്‍ നിര്‍ബന്ധിച്ചു. അങ്ങനെയാണ് അതില്‍ അഭിനയിക്കുന്നത്. മകളെ നഷ്ടപ്പെട്ട അമ്മയുടെ വേഷമായിരുന്നു അത്. പ്രധാന കഥാപാത്രമാണ്. അതിലെ അഭിനയം കഴിഞ്ഞപ്പോള്‍ എന്നിലെ പഴയ നടിയെ തിരികെ കിട്ടിയപോലെ തോന്നി. അതിനു ശേഷമാണ് എം.ജി. ശശിയുടെ തന്നെ 'അടയാളങ്ങള്‍' എന്ന സിനിമയില്‍ ഗോവിന്ദ് പത്മസൂര്യയുടെ അമ്മയായിട്ട് അഭിനയിക്കുന്നത്. ആ സിനിമയ്ക്ക് ശേഷം എനിക്ക് ധാരാളം ഓഫറുകള്‍ വന്നു. അടൂര്‍ ഗോപാലകൃഷ്ണന്‍, ശ്യാമപ്രസാദ്, പ്രിയദര്‍ശന്‍, രജ്ഞിത് ശങ്കര്‍, ലാല്‍ ജോസ്, ജൂഡ് ആന്റണി, ഷാജി കൈലാസ് തുടങ്ങിയ നിരവധി സംവിധായകര്‍ക്കൊപ്പം നല്ല കഥാപാത്രങ്ങള്‍ ചെയ്യാനായി."
ആദ്യകാല സിനിമകളില്‍ പേരില്‍ സതിയെന്ന് മാത്രമേയുണ്ടായിരുന്നുള്ളു. പിന്നീട് അച്ഛന്റെ പേര് കൂട്ടിച്ചേര്‍ത്തപ്പോഴാണോ സംവിധായകര്‍ തിരിച്ചറിയുന്നതും അവസരങ്ങള്‍ കൂടിയതും?

മധു കൈതപ്രത്തിന്റെ ഓര്‍മ മാത്രം എന്ന സിനിമയില്‍ നെടുമുടി വേണുച്ചേട്ടന്റെ ഭാര്യയുടെ വേഷമാണ് എനിക്ക്. ആ സിനിമയില്‍ ഞങ്ങളൊരു ജൂതകുടുംബമായിരുന്നു. ആ സിനിമയുടെ സമയത്താണ് വേണുച്ചേട്ടന്‍ ചോദിക്കുന്നത്. നീയെന്താ വെറും സതി എന്ന് പേരുപറയുന്നത്. സതി പ്രേംജി എന്നാക്കിക്കൂടെയെന്ന്. അപ്പോ നിനക്കതിന്റെ വ്യത്യാസം കാണാമെന്നായിരുന്നു ചേട്ടന്റെ ഉപദേശം. അതെനിക്ക് പേടിയായിരുന്നു. അച്ഛനും വല്യേട്ടനു(നടന്‍ കെ.പി.എ.സി. പ്രേമചന്ദ്രന്‍) മൊക്കെ ഉണ്ടാക്കി വെച്ച ഇമേജുണ്ട്. ഞാനായിട്ട് അത് കളയേണ്ടല്ലോ. അങ്ങനെയൊന്നും സംഭവിക്കില്ലെന്നും പറഞ്ഞ് വേണുച്ചേട്ടന്‍ ധൈര്യം തന്നു. അദ്ദേഹത്തിന്റെ നിര്‍ബന്ധത്താലാണ് ആ സിനിമയില്‍ ഞാന്‍ സതി പ്രേംജി ആയത്.
അതിന്റെ വ്യത്യാസം പെട്ടെന്ന് കണ്ടുതുടങ്ങിയോ?
അതുവരെ ഞാന്‍ ഒരു സാധാരണ സഹനടിയായിരുന്നു. പിന്നീട് ലൊക്കേഷനുകളിലേക്ക് ചെല്ലുമ്പോള്‍ ഇതാ പ്രേംജിയുടെ മകള്‍ വരുന്നു എന്ന രീതിയില്‍ വലിയ ബഹുമാനം കിട്ടിത്തുടങ്ങി. അപ്പോഴാണ് അച്ഛന്‍ ഇത്രയധികം ആദരവ് കിട്ടുന്നൊരാളാണെന്ന് എനിക്ക് മനസ്സിലാവുന്നത്. പിന്നെ ഒരുപാട് വട്ടം വേണുച്ചേട്ടനൊപ്പം സിനിമകള്‍ ചെയ്തിട്ടുണ്ട്. അപ്പോഴൊക്കെ ചേട്ടന്‍ പറയും, കണ്ടോ ഇതാണ് കാരണവന്‍മാര്‍ പറയുന്നത് അനുസരിച്ചാലുള്ള ഗുണമെന്ന്. അതോടെ ഏത് സിനിമയിലേക്ക് ഓഫര്‍ വന്നാലും ഞാന്‍ വേണുച്ചേട്ടനെ വിളിക്കും, ഈ സിനിമ ചെയ്യാമോ എന്ന് ചോദിക്കാന്‍. അപ്പോ ചേട്ടന്‍ പറയും ഓ അതെടുത്തോ, കുഴപ്പമില്ല, നല്ല ടീമാണ് എന്ന്. അങ്ങനെ എനിക്കൊരുപാട് ഉപദേശ നിര്‍ദേശങ്ങള്‍ തന്ന വ്യക്തിയായിരുന്നു അദ്ദേഹം.
ഒരിക്കല്‍ മമ്മൂക്കയുടെ കൂടെ 'ഗാനഗന്ധര്‍വന്‍' സിനിമയില്‍ അഭിനയിക്കാനായി സെറ്റിലേക്ക് ചെന്നതാണ് ഞാന്‍. എന്നെ കണ്ടതും മമ്മൂക്ക എല്ലാവരോടും പറഞ്ഞു.'ഇതാരാണെന്ന് നിങ്ങള്‍ക്കറിയുമോ.ഇത് അതുല്യ നടന്‍ പ്രേംജിയുടെ മകളാണ്.' ഞാന്‍ നിരുത്സാഹപ്പെടുത്തിയിട്ടും അതാണ് ആദ്യം പറയേണ്ടതെന്നായിരുന്നു അദ്ദേഹത്തിന്റെ ന്യായം. ഇപ്പോള്‍ എല്ലാ ദിക്കിലും അച്ഛന്റെ പേര് എനിക്കൊരു അനുഗ്രഹമാണ്, ഉത്തരവാദിത്വവും.
ആദ്യ സിനിമയില്‍ അഭിനയിക്കാന്‍ 49 വയസ്സുവരെ കാത്തിരിക്കേണ്ടി വന്നല്ലോ. ശരിക്കും സിനിമ മറന്നു ജീവിക്കേണ്ടി വന്നു കുറച്ച് കാലം..
എനിക്ക് സിനിമയിലേക്ക് വരണമെന്ന് മോഹംണ്ട്. ഓരോ സിനിമ കാണുമ്പോഴും നാടകം കാണുമ്പോഴുമെല്ലാം ആ ആഗ്രഹം ഉള്ളില്‍ മുളപൊട്ടുന്നത് അറിയാം. 23 വര്‍ഷം ഞാന്‍ കെല്‍ട്രോണില്‍ ജോലി ചെയ്തു. അതുവഴി എനിക്ക് ഒരു നല്ല കരിയര്‍ ഉണ്ടാക്കാന്‍ കഴിഞ്ഞു. അവിടെനിന്ന് വിരമിച്ചതിനു ശേഷവും ഒരു പ്രൈവറ്റ് കമ്പനിയില്‍ ഞാന്‍ നല്ല രീതിയില്‍ ജോലി തുടരുന്നു.
ശരിക്കും സിനിമയില്‍ വരാന്‍ വൈകിയോ അതോ വൈകി വന്നത് നന്നായോ?
അങ്ങനെയൊന്നുമില്ല. സംഭവിക്കുന്നതെല്ലാം നല്ലതിനാണെന്ന് വിചാരിക്കുന്നയാളാണ് ഞാന്‍. എല്ലാത്തിനും അതിന്റേതായ സമയമുണ്ടെന്ന് പറയാറില്ലേ. ഒന്നിലും നഷ്ടബോധമില്ല. സന്തോഷമേയുള്ളൂ. ഇപ്പോ ആണെങ്കിലും ഇത്രയെങ്കിലും ചെയ്യാന്‍ പറ്റിയല്ലോ. അച്ഛന്റെ കാര്യം തന്നെ നോക്കൂ, അച്ഛന് എണ്‍പതാമത്തെ വയസ്സിലാണ് ദേശീയ അവാര്‍ഡ് കിട്ടിയത്. എത്രയോ കാലം അച്ഛന്‍ ചെറുതും വലുതുമായ റോളുകള്‍ ചെയ്തു. എന്നിട്ടും അച്ഛനെ അംഗീകരിച്ചത് എത്രയോ കഴിഞ്ഞിട്ടല്ലേ. അതുപോലെ എനിക്കുള്ളത്, ഞാന്‍ അര്‍ഹിക്കുന്നത് എപ്പോഴാണെങ്കിലും കൈയില്‍ വരുമെന്ന് ഉറച്ച വിശ്വാസമുണ്ട്.
'പിറവി'യിലെ അഭിനയത്തിന് അച്ഛന് മികച്ച നടനുള്ള ദേശീയ അവാര്‍ഡ് കിട്ടിയ ദിവസം ഓര്‍മയുണ്ടോ?

ഒരു പത്രലേഖകനാണ് ആദ്യമത് വിളിച്ച് പറയുന്നത്. പക്ഷേ അച്ഛന് അത്ര വലിയ ആഹ്ലാദമൊന്നുമുണ്ടായിരുന്നില്ല. എല്ലാത്തിനെയും നിസ്സംഗതയോടെ കാണുന്ന ഒരാളായിരുന്നു അച്ഛന്‍. അവാര്‍ഡ് വാര്‍ത്ത കേട്ടപ്പോഴും ഉവ്വോ എന്നൊരു മറുചോദ്യമേ ഉണ്ടായിട്ടുള്ളു. അന്ന് അഭിമുഖത്തിനിടയില്‍ ആരോ അച്ഛനോട് ചോദിച്ചു, ദേശീയ അവാര്‍ഡ് കിട്ടിയതറിഞ്ഞപ്പോള്‍ എന്താണ് ആദ്യം തോന്നിയതെന്ന്. അതിന് അച്ഛന്റെ മറുപടി 'എനിക്കോ അവാര്‍ഡ് എന്നേ തോന്നിയുള്ളു. പിന്നെ കുട്ട്യോളുടെ സന്തോഷം കണ്ടപ്പോ എനിക്കും കുറച്ച് സന്തോഷം തോന്നി. ഇപ്പോ എനിക്കാകെ പരിഭ്രമമായിരിക്കുകയാണ്. ഇനിയിപ്പോ പുതിയ കുപ്പായം വാങ്ങണം, ഡല്‍ഹിയില്‍ പോണം, ആ വിദ്വാന്റെ കൈയില്‍നിന്ന് ഇത് വാങ്ങണം' അങ്ങനെയൊക്കെയുള്ള ലളിതമായ ആലോചനകളിലായിരുന്നു അപ്പോഴും അച്ഛന്‍.
അച്ഛനിലെ നടനും നാടകക്കാരനുമൊക്കെ സ്വാധീനിച്ചിട്ടില്ലേ?
അഭിനയത്തിൽ അച്ഛന്റെ ഓരോ ചലനങ്ങളും ഞാന്‍ ശ്രദ്ധാപൂര്‍വം നിരീക്ഷിക്കുമായിരുന്നു. അച്ഛന്‍ ഓരോ കഥാപാത്രമായി മാറാന്‍ എങ്ങനെയൊക്കെയാണ് തയ്യാറെടുക്കുന്നതെന്ന് നോക്കി പഠിച്ചിട്ടുണ്ട്. ഈ ശീലമൊക്കെ എന്റെ വല്യേട്ടനും(കെ.പി.എ.സി. പ്രേമചന്ദ്രന്‍)ഉണ്ടായിരുന്നു. പക്ഷേ അച്ഛനും ഏട്ടനും തമ്മില്‍ അഭിനയത്തിലൊരു വ്യത്യാസമുണ്ട്. എട്ടന്‍ ഇത്തിരി വയലന്റായ ആക്ടറാണ്. അച്ഛന്‍ നേരെ വിപരീതവും. ഈ രണ്ടു ശൈലിയും എന്നെ സ്വാധീനിച്ചിട്ടുണ്ട്.
സങ്കടം അഭിനയിക്കുമ്പോള്‍ അച്ഛന്‍ കൊണ്ടുവരുന്ന ചില ഭാവങ്ങളുണ്ട്. 'പിറവി'യില്‍ അത് കാണാം. വഞ്ചിയില്‍ ഇരുന്നിട്ട് വിദൂരതയിലേക്കുള്ള ആ നോട്ടം കാണുമ്പോള്‍ അറിയാം അച്ഛന്‍ ആ കഥാപാത്രമായി എത്രത്തോളം മാറിയെന്ന്.. 'നമ്മളൊന്ന്' എന്ന നാടകത്തില്‍ അച്ഛന്‍ പി.ജെ. ആന്റണിയുടെ കൂടെ അഭിനയിക്കുമ്പോഴൊരു സംഭവമുണ്ടായിട്ടുണ്ട്. നാടകത്തില്‍ പങ്കന്‍ നായര്‍ എന്ന കഥാപാത്രമാണ് അച്ഛന്റേത്. പിജെ. ആന്റണി അദ്ദേഹത്തിന്റെ മകനും. അച്ഛന്‍ മകനെ അടിക്കുന്നതാണ് സീന്‍.. ശരിക്കും കഥാപാത്രമായി മാറിയ അച്ഛന്‍ പി.ജെ. ആന്റണിയുടെ ചെകിട്ടത്ത് തന്നെ ആഞ്ഞടിച്ചു. വേദന കൊണ്ട് പുളഞ്ഞ പി.ജെ. ആന്റണി ഗ്രീന്‍ റൂമിലെത്തിയപ്പോള്‍ അച്ഛനോട് വഴക്കിട്ടു. എന്ത് പണിയാടോ താനീ കാണിച്ചത്, ഇത് നാടകമാണെന്ന് ഓര്‍മ വേണമെന്ന് അദ്ദേഹത്തിന് ഓര്‍മിപ്പിക്കേണ്ടി വന്നിട്ടുണ്ട്.
വീട്ടിനകത്തേക്കും അച്ഛനീ കഥാപാത്രങ്ങളെ കൊണ്ട് വരുമായിരുന്നോ?
കെ.പി. കേശവമേനോന്റെ മഹാത്മ എന്ന നാടകത്തില്‍ അച്ഛന്‍ മഹാത്മാഗാന്ധിയായാണ് അഭിനയിക്കുന്നത്. അത് അരങ്ങേറുന്നതിന് ഒരു മാസം മുന്നേതന്നെ അച്ഛന്‍ വീട്ടില്‍ മഹാത്മാഗാന്ധിയായി മാറിയിരുന്നു. ഗാന്ധിജിയെപ്പോലെയാണ് നടത്തവും സംസാരവുമൊക്കെ. കാലൊക്കെ മടക്കി വെച്ച് ഗാന്ധിജിയുടെ അതേ രീതിയിലാണ് ഇരിക്കുന്നതും. അന്ന് ഇതുകണ്ടപ്പോള്‍ ഞങ്ങള്‍ക്കെല്ലാം തോന്നിയിട്ടുണ്ട്, ശരിക്കും മഹാത്മാഗാന്ധി ഈ വീട്ടിലുണ്ടല്ലോയെന്ന്. അച്ഛന്‍ കഥാപാത്രമാവാന്‍ ഒരുപാട് ശ്രദ്ധിക്കും. മാസങ്ങളോളം അതിനുവേണ്ടി പരിശ്രമിക്കും. 'പിറവി' സിനിമയുടെ കാര്യത്തിലും ഈ ശ്രമം നടത്തിയിട്ടുണ്ട്. ഷാജി എന്‍. കരുണിനോട് അച്ഛന്‍ ആദ്യമേ തിരക്കഥ ചോദിച്ചുവാങ്ങി. ആ കഥാപാത്രത്തെ നല്ലോണം മനസ്സിലാക്കിയാണ് അച്ഛനത് അവതരിപ്പിച്ചത്.
അന്ന് എഴുത്തുകാരും നാടകക്കാരുമൊക്കെ പതിവായി വരുന്നൊരു വീടുകൂടിയായിരുന്നല്ലോ നിങ്ങളുടേത്?
ചെറുപ്പത്തില്‍ എം.എസ്. ബാബുരാജ്, വയലാര്‍, പരിയാനംപറ്റ തുടങ്ങി എത്രയോ പേരെ കണ്ടതിന്റെ ഓര്‍മകളുണ്ട്. നാടകത്തിനുള്ള പാട്ടുകളൊക്കെ സെറ്റ് ചെയ്യുന്നത് അവിടെയാണല്ലോ. അതിന്റെ ജോലികളിലാവും ബാബുരാജ്. അതിനിടയില്‍ ഞാന്‍ അദ്ദേഹത്തിന്റെ മടിയില്‍ കയറി ഇരിക്കും. എന്നെ മടിയില്‍ ഇരുത്തിയാണ് അദ്ദേഹം ഹാര്‍മോണിയം വായിക്കുന്നത്. എനിക്ക് അഞ്ചു വയസ്സുള്ളപ്പോഴാണ് അച്ഛന്‍ രാമുകാര്യാട്ടിന്റെ മിന്നാമിനുങ്ങുകള്‍ എന്ന സിനിമയില്‍ അഭിനയിക്കുന്നത്. 1960-ലാണെന്ന് തോന്നുന്നു. കേരള കലാവേദി എന്നൊരു നാടക ട്രൂപ്പുണ്ടായിരുന്നു. അതിന്റെയൊക്കെ റിഹേഴ്സല്‍ ഞങ്ങളുടെ വീട്ടില്‍തന്നെയാണ്. ഞാനൊക്കെ രാവിലെ എണീറ്റ് വരുന്നത് തന്നെ നാടകറിഹേഴ്സല്‍ കണി കണ്ടുകൊണ്ടാണ്. കിടക്കാന്‍ പോകുമ്പോഴും അവര്‍ നാടകം പഠിക്കുന്നതു കാണാം. ഇതിനൊക്കെ ഇടയിലൂടെയാണ് ഞങ്ങള്‍ കുട്ടികള്‍ വളരുന്നത്. നാടകം ഏതാണ് ജീവിതം ഏതാണെന്ന് വേറിട്ടറിയാത്തൊരു അവസ്ഥയായിരുന്നു. ഇവര്‍ക്കൊക്കെ ഭക്ഷണമുണ്ടാക്കാന്‍ കഷ്ടപ്പെടുന്ന അമ്മയെയും ഓര്‍മയുണ്ട്. വിറകടുപ്പില്‍ ഊതി അടുപ്പ് കത്തിച്ച് ഭക്ഷണമുണ്ടാക്കാനും അവരുടെ പാത്രങ്ങള്‍ കഴുകുന്നതുമൊക്കെ വലിയ പണി തന്നെയായിരുന്നു. പക്ഷേ അമ്മയ്ക്ക് അതിലൊന്നും ഒരു പരിഭവവുമുണ്ടായിട്ടില്ല. ചെറുകാട് വീട്ടില്‍ സ്ഥിരമായി വരുന്നൊരാളായിരുന്നു. എന്നെ എടുത്തുനടന്നിട്ടുണ്ട് അദ്ദേഹം. കുറെ വര്‍ഷം കഴിഞ്ഞ് ഞാന്‍ കോളേജില്‍ പഠിക്കുന്ന സമയത്ത് അദ്ദേഹം വീട്ടില്‍ വന്നു. എന്നെ കണ്ട ഉടനെ 'നീ വല്ലാതെ ഉയരം വെച്ചുപോയല്ലോ.വലിയ കുട്ടിയായി. ഞാന്‍ ഒന്ന് തൊട്ടോട്ടെ എന്ന്' പറഞ്ഞു. എന്നെ എടുത്ത് നടന്ന ആളാണ് ചോദിക്കുന്നത്, ഞാന്‍ ഒന്ന് തൊട്ടോട്ടെ എന്ന്.
ജ്യേഷ്ഠനായ പ്രേമചന്ദ്രനും സിനിമയില്‍ ഒരുപാട് ആഗ്രഹങ്ങളുണ്ടായിരുന്നു?
ജ്യേഷ്ഠന് സിനിമയില്‍ വേണ്ടത്ര തിളങ്ങാനായില്ല. ഒരേ തരത്തിലുള്ള വേഷങ്ങള്‍ കുറെ വന്നു. എന്തോ അത്ര ഭാഗ്യമുണ്ടായില്ല. അതുകഴിഞ്ഞ് സീരിയലിലേക്ക് മാറി. അവിടേക്ക് എത്തിയാല്‍ പിന്നെ സിനിമയിലേക്ക് തിരികെ വരാന്‍ ഇത്തിരി ബുദ്ധിമുട്ടാണ്. കാരണം സീരിയലിലും കമ്മിറ്റ്മെന്റുണ്ടല്ലോ. അങ്ങനെ സിനിമ വിളിക്കുമ്പോള്‍ ഓടി പോകാനൊന്നും പറ്റില്ല. അവസാനം വരെ സീരിയല്‍ ലോകത്തുതന്നെയായിരുന്നു. പക്ഷേ അദ്ദേഹം ചെയ്തതൊക്കെ നല്ല വേഷങ്ങളായിരുന്നു. 'പരിണയ'ത്തിലൊക്കെ ഇത്തിരി നേരമേയുള്ളൂവെങ്കിലും അദ്ദേഹം അവതരിപ്പിച്ച ആ കഥകളി നടനെയൊന്നും പ്രേക്ഷകര്‍ മറക്കില്ല.
ഇതുവരെ അഭിനയിച്ച സിനിമകളില്‍ ഹൃദയത്തോട് അടുത്തുനില്‍ക്കുന്ന കഥാപാത്രങ്ങള്‍?
'അടയാളങ്ങളി'ലെ കഥാപാത്രമാണ് ഒന്ന്. പിന്നെ രജ്ഞിത് ശങ്കറിന്റെ രണ്ട് സിനിമകള്‍ ഞാന്‍ ചെയ്തിട്ടുണ്ട്. 'പ്രേത'വും 'സു സുധി വാത്മീക'വും. ആ കഥാപാത്രങ്ങളും എനിക്ക് സന്തോഷം തന്നവയാണ്. ജയസൂര്യയുടെ കൂടെയായിരുന്നു അതെല്ലാം. അമ്മയും മകനുമാവുമ്പോള്‍ ഞങ്ങള്‍ക്കിടയിലൊരു കെമിസ്ട്രി ഉണ്ടാവാറുണ്ട്. ജൂഡ് അന്റണിയുടെ 'ഒരു മുത്തശ്ശി ഗദ'യില്‍ എനിക്ക് ഒറ്റ സീനേയുള്ളു. അതും ഏറ്റവും അവസാനം. അതില്‍ സതി എന്ന പേരിലാണ് ഞാന്‍ അഭിനയിക്കുന്നതും. വൃദ്ധസദനത്തിലെ അന്തേവാസിയാണ്. ആ സീനില്‍ ഭാഗ്യലക്ഷ്മിയുടെ കഥാപാത്രം എന്നോട് ചോദിക്കുകയാണ് എന്താ ആഗ്രഹം എന്ന്.എനിക്കെന്റെ മകന്റെ കൂടെയിരുന്ന് ഭക്ഷണം കഴിക്കണമെന്ന് പറഞ്ഞ് ഞാന്‍ കരയും. ആ സീന്‍ എന്നെ വല്ലാതെ സങ്കടപ്പെടുത്തിയിട്ടുണ്ട്. ആ സിനിമ ഷൂട്ട് ചെയ്തതൊരു വൃദ്ധസദനത്തിലായിരുന്നു. അഭിനയിച്ചതില്‍ കുറെപ്പേര്‍ അവിടുത്തെ അന്തേവാസികളും. അവരുടെ ജീവിതം തന്നെയായിരുന്നു ആ കഥാപാത്രങ്ങള്‍. എനിക്ക് കുറച്ച് സമയമെങ്കിലും അവരില്‍ ഒരാള്‍ ആവാന്‍ കഴിഞ്ഞതില്‍ ഇപ്പോഴും സന്തോഷം തോന്നുന്നു
പണ്ടത്തെ സിനിമയില്‍ മോഹന്‍ലാല്‍-കവിയൂര്‍ പൊന്നമ്മ പോലെയൊരു അമ്മ-മകന്‍ ജോഡിയുണ്ടായിരുന്നു. പിന്നീട് സിനിമകള്‍ അമ്മയെതന്നെ മറന്ന മട്ടായി. പക്ഷേ ഇപ്പോള്‍ വീണ്ടും അവര്‍ തിരികെ വന്നുതുടങ്ങിയിട്ടുണ്ട്?

അതെ. ശരിയാണ് കുറച്ചുകാലം അമ്മമാര്‍ ഇല്ലാത്ത സിനിമകള്‍ ആയിരുന്നു. ഇപ്പോള്‍ വീണ്ടും അമ്മമാര്‍ വന്നുതുടങ്ങി എന്ന് തോന്നുന്നു. ഞാന്‍ നേരത്തെ പറഞ്ഞല്ലോ കുറെ സിനിമകളില്‍ ജയസൂര്യയുടെ അമ്മയായി അഭിനയിച്ചപ്പോള്‍ ഞങ്ങള്‍ക്കിടയിലൊരു അമ്മ- മകന്‍ അടുപ്പമുണ്ടായെന്ന്. അവന്‍ ഡയലോഗ് പറയുമ്പോള്‍ ഞാന്‍ തിരികെ എന്താണ് ചെയ്യേണ്ടതെന്ന് എനിക്കറിയാം.അത് നിരന്തരം ഒരുമിച്ച് ജോലി ചെയ്യുമ്പോഴുണ്ടാവുന്നൊരു സംഗതിയാണ്. സിനിമ മാറുന്നതിന് അനുസരിച്ച് എങ്ങനെയൊക്കെ മാറാമെന്നൊന്നും ഞാന്‍ ചിന്തിക്കാറില്ല. നല്ല സംവിധായകനാണോ നല്ല തിരക്കഥയാണോ എന്ന് മാത്രമേ നോക്കാറുള്ളു. എന്നെ കൊണ്ട് പറ്റുന്നതാണോ എന്ന് അറിയണമല്ലോ. ചെറിയ വേഷമായാലും ഒരുവിധം കഥയൊക്കെ സംവിധായകര്‍ പറഞ്ഞുതരും. നല്ല കഥാപാത്രമാണെങ്കിലും സിനിമയുടെ കഥ മൊത്തം ബോറാണെന്ന് തോന്നിയാല്‍ ഞാന്‍ ഒഴിഞ്ഞ് കളയാറുണ്ട്, സമൂഹത്തോട് യാതൊരു ഉത്തരവാദിത്വവുമില്ലാത്ത കഥകളൊക്കെ വന്നാല്‍ അതില്‍ അഭിനയിക്കാറില്ല. വേണ്ടെന്ന് വെക്കും. ഇപ്പോള്‍ കുറെ സിനിമകള്‍ ചെയ്യണമെന്ന ആഗ്രഹമൊന്നുമില്ല. ചെയ്യുന്നത് നന്നായി ചെയ്യണമെന്നേയുള്ളൂ. ഇരുപത് വര്‍ഷമായി സിനിമയിലെത്തിയിട്ട്. തിരിഞ്ഞുനോക്കിയാല്‍ ഞാന്‍ വിചാരിച്ചത്ര എത്താനായിട്ടില്ല. അച്ഛന്‍ 'പിറവി'യില്‍ ചെയ്ത കഥാപാത്രം പോലെ നമ്മുടെ ജീവിതകാലം മൊത്തം ഓര്‍ക്കാനുള്ളൊരു വേഷം ചെയ്യണമെന്ന് ആഗ്രഹമുണ്ട്.തുടക്കത്തില്‍ നല്ല പേടിയോടെ് അഭിനയത്തിലേക്ക് വന്നൊരാളാണ്. വേറെന്തെങ്കിലും പണിക്ക് പോവരുതോ എന്ന് ആളുകള്‍ ചോദിക്കുമോ എന്നായിരുന്നു ഭയം. പക്ഷേ അച്ഛന്റെ പേര് മോശമാക്കി എന്ന് ഇതുവരെ ആരും പറഞ്ഞിട്ടില്ല. അതിനൊപ്പം എത്താനായില്ലെങ്കിലും താഴേക്ക് പോകാതിരിക്കാന്‍ ശ്രദ്ധിക്കുന്നുണ്ട്.
ഒപ്പം ജോലി ചെയ്ത സംവിധായകര്‍?
അതിലൊന്ന് ലാല്‍ ജോസാണ്. വളരെ സൗഹൃദത്തോടെയാണ് ലാല്‍ ജോസ് ഇടപെടുന്നത്. മറ്റൊന്ന് പ്രിയദര്‍ശനാണ്,അധികം സംസാരിക്കുകയൊന്നുമില്ല,വളരെ കുറച്ചേ പറയൂ. ഇന്ന പോലെ അങ്ങ് ചെയ്തൊളൂ എന്ന്. എം.ടിയുടെ കഥകളിലൊന്നില്‍ ചെവി കേള്‍ക്കാത്ത ഒരു അമ്മയാണ് ഞാന്‍. ബിജു മേനോന്റെ വലിയമ്മ. എന്നോട് പ്രിയന്‍ ചോദിച്ചു, ചെവി കേള്‍ക്കാത്തവര്‍ എങ്ങനെയാണ് സംസാരിക്കുക. അവര്‍ മറ്റുള്ളവര്‍ക്ക് ചെവി കേള്‍ക്കാത്ത പോലെ ഉറക്കെ സംസാരിക്കുമെന്ന് ഞാന്‍ പറഞ്ഞു. എന്നാല്‍ അങ്ങനെയങ്ങ് പറഞ്ഞോളൂ എന്നാണ് പ്രിയദര്‍ശന്‍ പറഞ്ഞത് .കുഞ്ഞു കുഞ്ഞു കാര്യങ്ങള്‍ പഠിപ്പിക്കുന്ന ഒരു വലിയ സ്ഥാപനം പോലെയാണ് പ്രിയദര്‍ശന്‍. ജൂഡ് ആന്റണിയുടെ കൂടെ ജോലി ചെയ്യാന്‍ രസമാണ്. നമ്മള്‍ വിചാരിക്കാത്ത ചില എക്സ്പ്രഷന്‍സ് ഒക്കെ പറഞ്ഞുതരും. മകനെ ആലോചിച്ച് കരയുന്ന അമ്മയെ അവതരിപ്പിക്കാന്‍ ചെന്നപ്പോള്‍ ജൂഡ് പറഞ്ഞു, ആദ്യമൊന്ന് കരഞ്ഞോളൂ എന്ന്. സ്‌ക്രീനില്‍ എന്ത് വരുമെന്ന് മുന്നേ കണ്ടിരിക്കുന്ന സംവിധായകനാണ് അടൂര്‍. ഇത്രവരെ മതി. ഇതിനപ്പുറത്ത് പോകേണ്ട എന്ന രീതിയാണ് അദ്ദേഹത്തിന്. എക്സ്പ്രഷനില്‍ പോലും അദ്ദേഹത്തിന് അളവുകോലുണ്ട്. അഭിനയം അതിനകത്ത് നിര്‍ത്തിയാല്‍ മതി.'
അളവുകോലുകള്‍ക്കുള്ളിലുള്ളതും അതിന് പുറത്തുകടക്കുന്നതുമായ വേഷങ്ങളിലൂടെ സതി അഭിനയം തുടരുകയാണ്. അച്ഛനെപ്പോലെ നടനകലയിലൊരു മുദ്രപതിപ്പിക്കുന്ന കാലത്തിലേക്കുള്ള യാത്ര.
Content Highlights: sathi premji interview, premji, nedumudi venu, premachandran, sathi premji filmography
Published: 19 Feb 2024, 12:16 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented