വിവാഹം കഴിഞ്ഞ് മക്കളെയും നോക്കി വീട്ടിലിരിക്കുന്ന നേരത്താണ് റൂട്ട് തെറ്റി കുളമ്പടി മുഴക്കി വന്നൊരു കുതിര അങ്കിതയുടെ ജീവിതത്തിലേക്ക് ഓടിക്കയറിയത്. അതുവരെ കുതിരയെ പോയിട്ട് നേരെചൊവ്വേ ഒരു കഴുതയെപ്പോലും കാണാത്ത അങ്കിത പെട്ടെന്നാണ് നാടിന്റെ കുതിരക്കാരിയായി മാറിയത്. വിവാഹിതയെന്നാല്‍ വീടു പുലര്‍ത്തി മക്കളെപ്പോറ്റി ജീവിക്കണമെന്ന ഉത്തമ കുടുംബശാസ്ത്രം കേട്ടുവളര്‍ന്ന അങ്കിത പക്ഷേ, ഇപ്പോള്‍ വളര്‍ത്തുന്നത് എട്ട് കുതിരകളെയാണ്.
കോയമ്പത്തൂരില്‍നിന്ന് ഇത്തിരി മാറി മണ്ണും പൊടിയും മലമടക്കുകളുമുള്ള സുന്ദകാമത്തൂര്‍ ഗ്രാമത്തിലെത്തിയാല്‍ നാടിനെ കുതിരസവാരി പഠിപ്പിക്കുന്ന അങ്കിത ടീച്ചറെ കാണാം. വെറുമൊരു അധ്യാപിക മാത്രമല്ല അവരിപ്പോള്‍, ഗ്രാമത്തിന്റെ ആസ്ഥാന ഝാന്‍സി റാണിതന്നെ. അതിനൊപ്പം മാസത്തില്‍ ലക്ഷങ്ങളുടെ വരുമാനമുണ്ടാക്കുന്ന കുടുംബിനിയും.
'32 പേര്‍ ഇപ്പോള്‍ കുതിരസവാരി പഠിക്കാനുണ്ട്. പഠിതാക്കളെന്നാല്‍ കൊച്ചുകുട്ടികള്‍ മാത്രമല്ല. മിക്കവരും മുതിര്‍ന്നവരാണ്. മൂന്ന് സ്ത്രീകളും പഠിക്കാനുണ്ട്. ഈയിടെ എണ്‍പതുവയസ്സുള്ള ഒരു പാട്ടിയും വന്നു, ബാക്കിയുള്ളവര്‍ കുതിരപ്പുറത്ത് പറക്കുന്നത് കണ്ടപ്പോള്‍ അവര്‍ക്കുമൊരു മോഹം. ഈ പ്രായത്തിലും കുതിരസവാരി പഠിക്കുന്നതില്‍ തെറ്റില്ല. പക്ഷേ, വല്ല വിധേനയും താഴെ വീണ് എല്ലൊടിഞ്ഞാലോ എന്ന് പേടിച്ചതു കൊണ്ടുമാത്രമാണ് അവരുടെ അഡ്മിഷന്‍ എടുക്കാതിരുന്നത്...' അങ്കിത ടീച്ചര്‍ ക്ലാസിന്റെ ഇടവേളയില്‍നിന്ന് ആ രഹസ്യം പറഞ്ഞുവെച്ചു. തൊട്ടപ്പുറത്തെ ചെമ്മണ്‍മൈതാനത്ത് അവരുടെ പ്രിയപ്പെട്ട കുതിരകള്‍ പഠിതാക്കളെയുംകൊണ്ട് റൈഡ് നടത്തുന്നുണ്ട്.
വീട്ടിലിരുന്ന കാലം
അങ്കിതയുടെ അച്ഛനും അമ്മയും കേരളത്തില്‍നിന്ന് ബാംഗ്ലൂരില്‍ താമസമാക്കിയവരാണ്. അവിടെയാണ് അങ്കിത ജനിക്കുന്നത്. വിദ്യാഭ്യാസത്തേക്കാളും ജോലിയേക്കാളുമൊക്കെ പ്രധാനം കുടുംബമാണെന്ന സങ്കല്‍പം കേട്ടാണ് അവര്‍ വളരുന്നതും. അതുകൊണ്ടുതന്നെ 2013-ല്‍ വിവാഹം കഴിഞ്ഞ് ഭര്‍ത്താവിന്റെ കൂടെ ജീവിക്കാന്‍ തുടങ്ങിയപ്പോഴും അതിനപ്പുറമൊരു സങ്കല്‍പലോകം പോലും അങ്കിതയ്ക്കുണ്ടായിരുന്നില്ല.
'രണ്ടു മക്കളാണ്,അഗസ്ത്യയും അദ്വൈതും. അവരെ നോക്കുന്നതൊക്കെയായി മുഴുവന്‍ സമയവും ഞാന്‍ വീട്ടില്‍ തന്നെയായിരുന്നു. നമ്മുടെ കരിയറിനെക്കാളും കുഞ്ഞുങ്ങളുടെ ഭാവിയാണ് പ്രധാനം എന്നായിരുന്നു ചിന്ത. അവരെ നന്നായി വളര്‍ത്തണം എന്നുള്ള തോന്നലില്‍ മറ്റൊന്നും ഓര്‍ത്തതേയില്ല. കുട്ടികളെ വിട്ടിട്ട് എവിടെ ജോലിക്ക് പോകാന്‍, അവര്‍ തനിച്ചാകുമല്ലോ എന്നായിരുന്നു പേടി.'
ആ കാലത്താണ് അങ്കിതയുടെ ഇളയ കുഞ്ഞായ അദ്വൈതിന്റെ പിറന്നാള്‍ വരുന്നത്. സമ്മാനമായി എന്താണ് വേണ്ടതെന്ന് ചോദിച്ചപ്പോള്‍ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് അവനൊരു ആഗ്രഹം പറഞ്ഞു. 'എനിക്കൊരു കുതിരയെ മതി അമ്മാ' കുഞ്ഞിന്റെ ആഗ്രഹം കുളമ്പടിയൊച്ച മുഴക്കിയത് കേട്ട് ആദ്യം അമ്പരന്നെങ്കിലും അതിനു പിന്നിലൊരു വൈകാരിക അടുപ്പത്തിന്റെ കൂടെ കഥയുണ്ടെന്ന് അമ്മയ്ക്ക് പെട്ടെന്ന് മനസ്സിലായി.
'ഒരു പ്ലേ സ്റ്റേഷന്‍ ഒക്കെ കുട്ടികള്‍ക്ക് സമ്മാനമായി കൊടുക്കാം. അത് കിട്ടിക്കഴിഞ്ഞാല്‍ കുട്ടികള്‍ മിക്കവാറും അതിനകത്തായി പോകും. ഇവനാണെങ്കില്‍ ചെറുതിലേ കുതിരയെ വലിയ ഇഷ്ടമാണെന്ന് തോന്നിയിട്ടുണ്ട്. അവന്‍ ഭാവനയില്‍ കൈയിലൊരു കുതിരയെ ചലിപ്പിക്കുന്നതൊക്കെ കാണാറുണ്ടായിരുന്നു. രണ്ടു വയസ്സുള്ളപ്പോഴേ അവന് അങ്ങനെയൊരു കളിയുണ്ട്. അപ്പോള്‍ ഈ ആഗ്രഹം കൂടെ പറഞ്ഞപ്പോള്‍ അവന്റെ മനസ്സിലൊരു കുതിരമോഹം വളരുന്നുണ്ടെന്ന് എനിക്ക് ഉറപ്പായിത്തുടങ്ങി.' അങ്ങനെ മകനുവേണ്ടി അവര്‍ കുതിരയെ അന്വേഷിക്കാന്‍ തുടങ്ങി. അത് ചെന്നുനിന്നത് സുന്ദരകാമത്തൂരിനപ്പുറത്തുള്ള കോത്തഗിരിയിലാണ്.
അവിടുത്തെ കുന്നും മലയും നിറഞ്ഞ പരിതസ്ഥിതിയില്‍ വാഹനമെന്ന നിലയില്‍ കുതിരകളെ ഉപയോഗിക്കുന്നവരാണ് കൂടുതലും. ശരിക്കുമൊരു കുതിരഗ്രാമം തന്നെ. അങ്ങനെ കോത്തഗിരിയില്‍നിന്ന് അങ്കിതയുടെ മകനുള്ള കുതിര കുതിച്ചുവന്നു. ഒന്നേമുക്കാല്‍ ലക്ഷം രൂപയായിരുന്നു വില. അത്ര വിലയുള്ള പിറന്നാള്‍ സമ്മാനമോ എന്ന് നെറ്റി ചുളിച്ചവരോട് പറയാന്‍ അങ്കിതയ്ക്ക് മറ്റ് ചില കാരണങ്ങളുമുണ്ടായിരുന്നു.
'ഒരു മെഷീന്‍ സമ്മാനമായി കൊടുത്താല്‍ അത് കേടായാല്‍ കുഞ്ഞുങ്ങളൊരു മൂലയ്ക്കിടും. അത്ര വിലയേ അതിന് കൊടുക്കുള്ളൂ. ഇതൊരു വലിയ മൃഗമാണല്ലോ. അങ്ങനെ മൂലയ്ക്കിടാന്‍ പറ്റില്ല. സ്വാഭാവികമായും അവര്‍ക്ക് അതിനോടൊരു വൈകാരിക അടുപ്പമുണ്ടാവും. കുതിരയെ പരിപാലിക്കാനുള്ള ശീലം വരും. ഇപ്പോഴത്തെ കുട്ടികള്‍ക്കാണെങ്കില്‍ സമ്മര്‍ദ്ദം കൂടുതലാണ്. പെട്ടെന്ന് ദേഷ്യം വരുന്ന കൂട്ടരാണ്. പണ്ടത്തെപ്പോലെ ആരോടും വലിയ അടുപ്പമൊന്നും ഈ തലമുറയ്ക്കില്ല. ഒരു മൃഗത്തെ പരിപാലിക്കുന്നതിലൂടെ അവര്‍ക്കത് കിട്ടുന്നുണ്ടെങ്കില്‍ അത് വികസിപ്പിച്ചു കൊണ്ടുവരാം എന്നായിരുന്നു ഞങ്ങളുടെ പ്രതീക്ഷ.' അങ്ങനെ കോത്തഗിരിയിലെ കുതിര അങ്കിതയുടെ വീട്ടിലെ അംഗമായി, അവരുടെ മകന്റെ കൂട്ടുകാരനായി.
സവാരി ഗിരിഗിരി
ഒരു കുതിര വീട്ടുമുറ്റത്ത് വന്നുനിന്നാല്‍ ആര്‍ക്കായാലും അതിനെയൊന്ന് ഓടിച്ചുനടക്കാന്‍ ആഗ്രഹം തോന്നും. പക്ഷേ, അങ്കിത ആ ആഗ്രഹത്തെയും അടക്കി. കുതിരയുടെ ഉടമയായ മകന്‍ തന്നെ അതിനെ ഓടിക്കാനും പഠിക്കട്ടെ എന്നായിരുന്നു അവരുടെ തീരുമാനം. മകനെ ഹോഴ്‌സ് റൈഡിങ് പഠിപ്പിക്കാനായി അവര്‍ ഒരു പരിശീലകനെ വരുത്തി.
' മോനെ പഠിപ്പിക്കുന്നത് നോക്കിനില്‍ക്കുമായിരുന്നു ഞാന്‍. നമുക്കറിയാത്ത കാര്യമായതുകൊണ്ടുതന്നെ ക്ലാസെടുക്കാന്‍ വരുന്ന ജോക്കിമാര്‍ക്കൊക്കെ വലിയ ഗമയാണ്. അങ്ങനെ വിട്ടാല്‍ പറ്റില്ലല്ലോ. എനിക്കും വാശിയായി. ഇതൊന്ന് പഠിച്ചിട്ട് തന്നെ കാര്യം. 'മകനൊപ്പം അങ്കിതയും കുതിരയുടെ മുന്നില്‍ വിദ്യാര്‍ത്ഥിയായി. ഒന്നുരണ്ടു വട്ടം ഉരുണ്ട് വീണിട്ടും വീണ്ടുമെണീറ്റ് അവര്‍ കുതിരയെ മെരുക്കി. അധികം വൈകാതെ ഗ്രാമത്തിലെ ആദ്യത്തെ കുതിരക്കാരിയായി അങ്കിത അഖില്‍. അതോടെ സുന്ദരകാമത്തൂരിലെ പെണ്ണുങ്ങള്‍ക്കൊക്കെ അഭിമാനം. ആണുങ്ങള്‍ക്ക് മുന്നില്‍ ഒന്ന് മേനി നടിക്കാന്‍ അവരെല്ലാം കൂടെ അങ്കിതയുടെ ചെവിയില്‍ വന്ന് ഒരു രഹസ്യാഭ്യര്‍ത്ഥന നടത്തി. ' ഇതൊന്ന് ഞങ്ങളെയും പഠിപ്പിക്കാമോ?' ആളു കൂടിയപ്പോള്‍ ആദ്യം അങ്കിതയൊന്ന് സംശയിച്ചു. തന്നെക്കൊണ്ട് പറ്റുമോ? പക്ഷേ, മകനുണ്ടോ അമ്മയെ വിടുന്നു.
'അദ്വൈതാണ് പറഞ്ഞത്,അമ്മയ്ക്ക് എന്തായാലും ഒരു ജോലി വേണമെന്ന്. അപ്പോള്‍ പിന്നെ എന്തുകൊണ്ട് ഇതൊരു പ്രൊഫഷന്‍ ആക്കി മാറ്റിക്കൂടാ എന്ന അവന്റെ ചോദ്യമാണ് എന്റെ ചിന്താഗതി മാറ്റിയത്. വീട്ടില് തന്നെ കുതിരയുള്ളതുകൊണ്ട് എനിക്കിത് പെട്ടെന്ന് പഠിക്കാന്‍ പറ്റി. പക്ഷേ, പുറത്തുള്ളവര്‍ക്ക് സ്വന്തമായി കുതിരയില്ല. അവര്‍ക്കാണെങ്കില്‍ പഠിക്കാനുള്ള കൊതിയുമുണ്ട്. അവരെ പഠിപ്പിക്കുന്നതൊരു നല്ല കാര്യം കൂടെയാണല്ലോ എന്നോര്‍ത്ത് ഞാനതിന് സമ്മതം മൂളി.' അതു കേട്ടതും കുതിരയേക്കാള്‍ വേഗത്തില്‍ പഠിതാക്കള്‍ കൂട്ടത്തോടെ അങ്കിതയുടെ വീട്ടിലെത്തി. അവര്‍ തൊട്ടടുത്തൊരു ഒന്നര ഏക്കര്‍ സ്ഥലം വാടകയ്‌ക്കെടുത്ത് മൈതാനമൊരുക്കി. കോത്തഗിരിയില്‍നിന്ന് പിന്നെയും വന്നു അഞ്ചാറ് കുതിരകള്‍. കുതിരസവാരി ആ നാട്ടിലൊരു ഭ്രമമായി മാറി.
'ചുറ്റുവട്ടത്തുള്ള സ്ത്രീകള്‍ക്കെല്ലാം ഇതില്‍ നല്ല താല്പര്യമുണ്ടായിരുന്നു. ഇതിനൊരു പ്രായപരിധിയേ ഇല്ല. ആകെ വേണ്ടത് പഠിക്കാനുള്ള മനസ്സ് മാത്രമാണ്. ഇത്തിരി ധൈര്യവും ഒത്തിരി പാഷനുമുണ്ടെങ്കില്‍ വേറൊന്നും നോക്കേണ്ടതില്ല. നമ്മുടെ കൂടെയുള്ള ജീവിയുടെ മൂഡും പെരുമാറ്റവുമൊക്കെ മനസ്സിലാക്കിയാല്‍ കാര്യങ്ങള്‍ എളുപ്പമായി. ' ഇതെല്ലാം അറിഞ്ഞുതന്നെയാണ് നാട്ടിലുള്ളവരെല്ലാം വണ്ടി പിടിച്ച് കുതിരപ്പുറത്ത് കയറാന്‍ വരുന്നതും. ഹോഴ്‌സ് റൈഡിങ് കൊണ്ട് മറ്റു പല ഗുണങ്ങളുമുണ്ടെന്നാണ് അങ്കിതയുടെ പക്ഷം.
' റോഡില്‍ വണ്ടിയോടിക്കുമ്പോള്‍ നമുക്ക് പല കാര്യങ്ങളും ഓര്‍മ്മ വരാം. പക്ഷേ, ഒരു കുതിരയുടെ മുകളില്‍ കയറിയിരുന്നാല്‍ മറ്റൊന്നും ഓര്‍മ്മയുണ്ടാവില്ല. നമ്മുടെ മുഴുവന്‍ ശ്രദ്ധയും അതില്‍ മാത്രമായിരിക്കും. അതുതന്നെ ഒരു പ്രധാനപ്പെട്ട റിലാക്‌സേഷനാണ്. നടുവേദന ഉള്ളവരോട് ഡോക്ടര്‍മാര്‍ കുതിരസവാരി നിര്‍ദേശിക്കുന്നുണ്ട്. നടുവിനൊക്കെ നല്ല കരുത്ത് ഉണ്ടാവുമെന്നാണ് പറയുന്നത്. ഓര്‍മ്മശക്തി നഷ്ടമാകുന്നവര്‍ക്ക് കുതിരയെ ഓടിക്കുന്നത് നല്ലൊരു മാനസിക വ്യായാമമാണ്. സമ്മര്‍ദ്ദത്തെ അകറ്റാനും നല്ലതാണ്. ഓട്ടിസം ഉള്ളവര്‍ക്കും ഇത് നല്ല ഫലം നല്‍കുന്നതായി പറയാറുണ്ട്. അങ്ങനെയുള്ള കുട്ടികളെ പരിശീലിപ്പിക്കാനായി ധാരാളം അന്വേഷണങ്ങള്‍ വരുന്നുണ്ട്. 'താന്‍ തിരഞ്ഞെടുത്ത മേഖലയില്‍ മികച്ച അവസരങ്ങള്‍ വണ്ടി പിടിച്ചുവരുന്നത് അങ്കിത മുന്‍കൂട്ടി കാണുന്നുണ്ട്. അതുകൊണ്ടുതന്നെ ഇനി ആര്‍ച്ചറി പരിശീലനം കൂടെ തുടങ്ങാനുള്ള തയ്യാറെടുപ്പിലാണ് അവര്‍.
ഇതിനിടെ അമ്മയുടെ മനസ്സിലൂടെ കുതിരയെ ഓടിച്ച മകന്‍ അദ്വൈത് മറ്റൊരു പണി കൂടെ ഒപ്പിച്ചുവെച്ചു. കഴിഞ്ഞവര്‍ഷത്തെ ഒളിമ്പ്യാഡ് ഇന്റര്‍നാഷണല്‍ പരീക്ഷ എഴുതിയ മുപ്പതിനായിരം കുട്ടികളില്‍ അവന് കിട്ടിയത് 126-ാം സ്ഥാനവും ഗോള്‍ഡ് മെഡലും. അതുകണ്ട് മനസ്സുനിറഞ്ഞ ഈ അമ്മയുടെ പുഞ്ചിരിക്കുമുണ്ട് അഭിമാനത്തിന്റെ മറ്റൊരു സുവര്‍ണനേട്ടം.
Content Highlights: inspiring life of ankitha she talks column by biju raghavan
Published: 29 Sept 2023, 02:00 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented